Monday, November 3, 2014

ബസ്‌ നമ്പര്‍ ത്രീ

മഞ്ഞുകാലമെത്തി എന്നതിനുള്ള മുന്നറിയിപ്പുമായി രണ്ട് ദിവസമായിട്ട് നല്ല കാറ്റും തണുപ്പുമുണ്ട്‌. ഇനി രാവിലെ ബസ്സിന് കാത്ത് നില്‍ക്കുമ്പോഴുള്ള വായനയൊന്നും നടക്കില്ല. അതിരാവിലെ സുപ്രഭാതം പൊട്ടി വിടരാന്‍ എട്ട്മണിയെങ്കിലും കഴിയും. വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങള്‍ ചിന്തിച്ച് കൂട്ടി മറ്റുള്ളവരെ വട്ടാക്കാനും സ്വയം വട്ടാകാനും പറ്റിയ സമയം. സ്കൂളില്‍ അസംബ്ലിക്ക് “ഇന്നത്തെ ചിന്താവിഷയം” എന്ന് പറഞ്ഞ് കുട്ടികളെ കൊണ്ട് ടീച്ചര്‍മാര്‍ വായിപ്പിച്ചിരുന്നു. ഞാനും പലപ്രാവശ്യം വായിച്ചിട്ടുണ്ട്. വായിച്ച എനിക്കോ അത് കേട്ട് നിന്നവര്‍ക്കോ എന്തെങ്കിലും ഒരു മാറ്റം വന്നതായി എന്‍റെയറിവില്ലില്ല.

Image courtesy - Google  
വളവ് തിരിഞ്ഞ് ബസ് വരുന്നത് കണ്ടപ്പോഴാണ് വായിക്കാനുള്ള ബുക്ക് പരതിയത്. ഇരുട്ടില്‍ ബുക്ക് തപ്പിയെടുക്കുമ്പോഴാണ് “ചിന്താവിഷയം” മനസ്സില്‍ എത്തിയത്. “മിസ്സിസ്സാഗ ട്രാന്‍സിറ്റി”നെ ഒരു വായനാബസ്സാക്കി അതില്‍ കയറിയൊരു യാത്ര പോയാല്‍ എങ്ങിനെയിരിക്കും? ഒന്ന് പോയി നോക്കാല്ലേ. ഡ്രൈവിംഗ് വശമില്ലാത്തത് കൊണ്ട് അപകടം ഒന്നും സംഭവിക്കൂലാ എന്ന്‍ പ്രതീക്ഷിക്കാം. പരിചയമുള്ളവരും അല്ലാത്തവരുമായി ഒരുപാട് പേര്‍ തിക്കിയും തിരക്കിയും കയറിയ ഈ ബസ്സില്‍ കയറാന്‍ എന്നെ പ്രാപ്തയാക്കിയവരെ ഓര്‍ത്തു കൊണ്ട് ബസ്സ്‌ ഞാന്‍ സ്റ്റാര്‍ട്ട്‌ ആക്കി...

വായനയുടെ തെരുവിലൂടെ എന്‍റെ ബസ് പോകുമ്പോള്‍ കണ്ടതും കേട്ടതുമാണിവിടെ. ഒന്ന് പൊടി തട്ടാന്‍ പോലും ബുക്ക് തൊടാത്ത ബിലാത്തിയിലുള്ള എന്‍റെ കുഞ്ഞനുജത്തിക്ക് അവളുടെ പത്ത് വയസ്സുള്ള മകന്‍ സമ്മാനമായി നല്‍കിയത് ഒരു ബുക്കായിരുന്നു. സമ്മാനം കണ്ടതും അവള്‍ വിയര്‍ത്തു. വാട്ട്സ്ആപ്പില്‍ തലങ്ങും വിലങ്ങും മെസ്സേജുകള്‍ പാഞ്ഞു വരുന്നത് കണ്ട് ഞാനും പേടിച്ചു. കുഞ്ഞിനെ മുടങ്ങാതെ ലൈബ്രറിയിലേക്ക് കൊണ്ട് പോയി “കുട്ടികളൊക്കെ വായിച്ച് വളരണം” എന്ന് ഉപദേശിക്കല്‍ അവളുടെ ഹോബിയായിരുന്നെങ്കിലും വായന ഇപ്പോഴുമൊരു പേടിസ്വപ്നമാണ്. അങ്ങിനെത്തെ ആള്‍ക്കാണ് “ഉമ്മ ഒന്നും വായിക്കാറില്ലല്ലോ” എന്നും പറഞ്ഞ് കുഞ്ഞ് യോഹാന്‍ ഡേവിഡ്‌ വിസ്സിന്റെ “ദി സ്വിസ് ഫാമിലി റോബിന്‍സണ്‍ (The Swiss Family Robinson, Johann David Wyss)” കൊണ്ട് കൊടുത്തിരിക്കുന്നത്. ബുക്ക് ഇതുവരെ വായിച്ചോ എന്നതിനു കലര്‍പ്പില്ലാതെ ഉത്തരം പറയാം. ഇല്ല... പക്ഷെ പുറംചട്ട വായിച്ച് കഥ എനിക്ക് പറഞ്ഞ് തന്നു. മിടുക്കി! വാലായി ഒരു ഉപദേശവും, നല്ല ബുക്കാണ് നീ വായിക്കണം.....” ഇംഗ്ലണ്ടിലെ വായനാ വിശേഷങ്ങള്‍ തീരില്ല, തല്‍ക്കാലം ഇവിടെന്ന് മുങ്ങിയില്ലെങ്കില്‍ തടി കേടാകും...
Image Courtesy - Google 
രാവിലെ ഓഫീസിലെത്താന്‍ ഇത്തിരി താമസിച്ചാലും വൈകീട്ട് കൃത്യ സമയത്ത് തന്നെ ഇറങ്ങാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. വേറെയൊന്നും കൊണ്ടല്ല ബുക്ക് വായിക്കാന്‍ തന്നെ. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് വായന. ബുക്കില്‍ ലയിച്ചിരുന്നു സ്റ്റോപ്പുകള്‍ മാറി ഇറങ്ങുന്നത് സ്ഥിരമായിരിക്കുന്നു. ഒരിക്കല്‍ എം.ടിയുടെ രണ്ടാമൂഴമാണ് വായിക്കുന്നത്. വായന എത്രാമത്തെ ഊഴമാണെന്ന് എനിക്ക് തന്നെ നിശ്ചയം പോരാ. ഇടയ്ക്കു “Excuse me” എന്ന് കേട്ടപ്പോഴാണ് തലയുയര്‍ത്തി നോക്കിയത്. അടുത്തിരിക്കുന്ന ഒരു കോളേജു കുമാരിയാണ്. എന്ത് ഹലാക്കാണെങ്കിലും വേണ്ടില്ല ആദ്യം തന്നെ “സോറി” പറഞ്ഞ് പ്രശ്നമൊതുക്കിയിട്ടാണ് ഞാന്‍ “യെസ്” എന്ന് പറഞ്ഞത്. “നിങ്ങള്‍ വായിക്കുന്നത് തെലുങ്ക്‌ ബുക്കാണോ? എന്‍റെ പാരെന്റ്സും ഗ്രാന്‍ഡ്‌ പാരെന്റ്സും ഇത് പോലെയുള്ള ബുക്കുകള്‍ വായിക്കുന്നത് കണ്ടിട്ടുണ്ട്...” “ഗോഡ്സ് ഓണ്‍ കണ്‍ട്രി”യുടെ സ്വന്തമായ  മലയാളമാണ് ഞാന്‍ വായിക്കുന്നത് എന്ന് ആ കുട്ടിയോട് പറഞ്ഞ് കൊടുത്തു. വീട്ടില്‍ സംസാരിക്കുന്നത് കൊണ്ട് കുട്ടിക്ക് മാതൃഭാഷ സംസാരിക്കാനറിയാം. മലയാളം കണ്ടപ്പോള്‍ തെലുങ്കാണെന്ന് കരുതി കണ്‍ഫ്യുഷനായതാണ്. സ്വന്തം ഭാഷയും ക്രമേണയായി വേരുകളും നഷ്ടപ്പെടുന്ന എന്‍റെ മക്കള്‍ ഉള്‍പ്പെടുന്ന കുടിയേറ്റക്കാരുടെ പുത്തന്‍ തലമുറയുടെ പ്രതീകം. മനസ്സ് അസ്വസ്ഥമായെന്നു കരുതി യാത്ര പാതിയില്‍ നിര്‍ത്താന്‍ പറ്റില്ലല്ലോ അതിനാല്‍ വായന മതിയാക്കി ഇറങ്ങുന്നത് വരെ ഞങ്ങള്‍ രണ്ടു പേരും സംസാരിച്ചിരുന്നു. ബസ്സിലിരുന്ന് വായിക്കാന്‍ മലയാളം ബുക്കെടുത്താല്‍ ഇപ്പോഴും ഓര്‍മ്മയിലെത്തുന്ന ആ മുഖം പിന്നീടു ഞാന്‍ കണ്ടിട്ടില്ല.
Image Courtesy - Google 
കുറച്ചുകാലം കാത്തിരുന്ന് ലൈബ്രറിയില്‍ നിന്ന് കിട്ടിയതായിരുന്നു അലക്സ്‌ ഹാലെയുടെ റൂട്ട്സ്. വായിക്കാന്‍ തുടങ്ങിയാല്‍ പിന്നെ യാതൊരു സ്ഥലകാലബോധവും ഉണ്ടാവില്ല. അങ്ങിനെ വായനയില്‍ മുഴുകിയ ഒരു യാത്രയില്‍ ഞാന്‍ പോലും ശ്രദ്ധിക്കുന്നതിന് മുന്നേ വായിക്കുന്ന ബുക്കിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയൊരു സഹയാത്രികന്‍... എവിടുന്ന് കയറി, എപ്പോഴാണ് അടുത്ത് വന്നിരുന്നത് എന്നൊന്നും ഞാനറിഞ്ഞില്ല. പക്ഷേ അയാളാണ് “ദി ആഫ്രിക്കന്‍” എന്ന ബുക്കുമായി റൂട്ട്സിന് സാമ്യമേറെയുണ്ടെന്നു പറഞ്ഞ് തന്നത്. ഇത് വായിച്ച് കഴിഞ്ഞാല്‍ അതും കൂടെ വായിക്കണമെന്നും, രണ്ടും പുസ്തകങ്ങളും ഇന്നത്തെ നമ്മുടെ സാമൂഹിക സാംസ്കാരിക ചുറ്റുപാടിലും പ്രസക്തമാണെന്നും തുടങ്ങി പലതും കുത്തും കോമയും ഇടാതെ ഞാനിറങ്ങുന്നത് വരെ കട്ട കട്ട ഇംഗ്ലീഷില്‍ പറഞ്ഞ് എന്നെ ബേജാറാക്കിയത്. പുള്ളി നല്ല ആവേശത്തിലായിരുന്നു. എനിക്കൊന്നും പറയാന്‍ പറ്റിയില്ല, അല്ല അതിനു മൂപ്പര് സമ്മതിച്ചിട്ട് വേണ്ടേ! എന്തായാലും പിന്നീട് രണ്ട് മൂന്ന് ദിവസത്തേക്ക് തല നിറച്ച് അയാളുടെ സംസാരം തന്നെയായിരുന്നു. ആഫ്റ്റര്‍ ഷോക്ക്‌!!

ഓഫീസിലെ എന്‍റെ സുഹൃത്തിന് ഇന്ത്യന്‍ ഭക്ഷണം മാത്രമല്ല ഇന്ത്യന്‍ പുസ്തകങ്ങളും ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. ലഞ്ച് ബ്രേക്കിലെ എന്‍റെ പുത്തക വായനക്കിടയില്‍ കഥ പറഞ്ഞ് തരണമെന്ന ആവശ്യം കൂടുതലായപ്പോഴാണ് “ടു സ്റ്റേറ്റ്സും(Two States, Chetan Bhagath)”,  ജയശ്രീ മിശ്ര(Ancient Promises)യുടെ ബുക്കും വായിക്കാന്‍ കൊടുത്തത്. വായിച്ച് കഴിഞ്ഞ്, "ഇപ്പോള്‍ എനിക്ക് നിങ്ങളെ കൂടുതല്‍ മനസ്സിലാവുന്നു... പലതും ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കഥകള്‍ ഇഷ്ടമായി" എന്നും പറഞ്ഞാണ് ഈസ്റ്റ്‌ യുറോപ്പിയനായ സുഹൃത്ത്‌ തിരിച്ച് തന്നത്. നന്ദിതാ ബോസിന്‍റെ “ദി പെര്‍ഫ്യും ഓഫ് പ്രോമിസ്” വായിച്ച് കരഞ്ഞുകൊണ്ട്‌ വൈകുന്നേരം എന്നെ വിളിച്ചു. ബസ്സിറങ്ങി അവര്‍ വീട്ടിലേക്ക് നടുക്കുന്നതിനിടയിലാണ് കരഞ്ഞും മൂക്ക് പിഴിഞ്ഞുമുള്ള വിളി.. പടച്ചോനെ...പണി പാളിയോന്ന് കരുതി. ബുക്ക് വായിച്ച് സങ്കടം സഹിക്കാന്‍ വയ്യാതെ വിളിച്ചതാണത്രേ. ഇപ്പോള്‍ കൊടുത്തിരിക്കുന്നത്‌ “ഗോഡ് ഓഫ് സ്മാള്‍ തിംഗ്സാണ്” എന്താവും എന്നറിയില്ല... വരുന്നിടത്ത് വെച്ച് കാണാം...

“എനിക്കൊരു പുസ്തകം വേണം”മെന്ന അരുണിന്റെ മെസ്സേജ് കണ്ടപ്പോള്‍ സന്തോഷിച്ചു. പുസ്തകം തരാം പക്ഷെ ഒറ്റ നിബന്ധന മാത്രം തിരിച്ച് തരണമെന്ന് തിരിച്ച് മറുപടി അയച്ചപ്പോള്‍ ഒരു സ്മൈലിയിലൂടെ സമ്മതം അറിയിച്ചു. ഓ. വി. വിജയന്‍റെ “ഖസാക്കിന്‍റെ ഇതിഹാസ”മാണ് അവന് വേണ്ടത്. വായിച്ചിട്ട് തിരികെ തരാമെന്ന് ഉറപ്പും പറഞ്ഞ് പിറ്റേന്ന് അരുണ്‍ ബുക്കും കൊണ്ട് പോയി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ബുക്കിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് മലയാളം കഷ്ടിച്ച് മാത്രം വായിക്കാനറിയുന്ന കൂട്ടുകാരിക്ക് വേണ്ടിയാണ് ബുക്ക് ചോദിച്ചത് എന്ന് പറഞ്ഞത്. ഖസാക്കിന്‍റെ ഇതിഹാസം വായിക്കണം എന്നുള്ളത് അവരുടെ ഒരാഗ്രഹമായിരുന്നത്രേ. കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും അവരത് മുഴുവന്‍ വായിച്ചു. ബുക്ക് തിരികെയെത്തിയപ്പോള്‍ അതിലെനിക്കൊരു കുറിപ്പും ഉണ്ടായിരുന്നു. മനസ്സിലെ സന്തോഷം പകര്‍ത്തിയ ആ രണ്ടു വരി കുറിപ്പ് ഇപ്പോഴും പുസ്തകത്തിനുള്ളില്‍ തന്നെ ഞാന്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്. 

കാനഡയില്‍ എത്തിയ പുതുക്കത്തിലാണ് ഞാന്‍ ആ ഉമ്മയെ കാണുന്നത്. ഉമ്മയുടെ മകള്‍ അവരുടെ വീട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിച്ചതായിരുന്നു ഞങ്ങളെ. പുതിയ സ്ഥലം പുതിയ മുഖങ്ങള്‍ അത് കൊണ്ട് തന്നെ കൂടുതല്‍ വിശേഷങ്ങള്‍ ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല. കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ ഉമ്മ തിരിച്ച് നാട്ടിലേക്ക് പോയി എന്നറിഞ്ഞു. കമ്മ്യൂണിറ്റി പരിപാടികള്‍ക്ക് വല്ലപ്പോഴും ഞങ്ങള്‍ തമ്മില്‍ കാണും. കുറഞ്ഞ വാക്കുകളില്‍ ഞങ്ങളുടെ വിശേഷം പറച്ചിലും തീരും. കഴിഞ്ഞ മാസമാണ് അന്ന് കണ്ട ഉമ്മ വീണ്ടും ഇവിടെ എത്തിയിട്ടുണ്ടെന്ന് കേട്ടത്. വാരാന്ത്യ കറക്കം കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോള്‍ അടുത്താഴ്ച നമുക്ക് ആ ഉമ്മയെ പോയി കാണണം എന്ന് ഹുസ്സൈനോട് പറയാനും മറന്നില്ല. പിറ്റേന്ന് പതിവില്ലാതെ സുഹൃത്തിന്‍റെ വിളിയെത്തി. അത്ഭുതമായിരുന്നു. കാരണം അങ്ങിനെയൊരു പതിവ് ഞങ്ങള്‍ തമ്മിലുണ്ടായിരുന്നില്ല. വിളിച്ച കാര്യം കേട്ടപ്പോള്‍ അത്ഭുതം ഇരട്ടിച്ചു. “ഉമ്മാക്ക് വായിക്കാന്‍ ബുക്കുകള്‍ വേണം... നാട്ടില്‍ ലൈബ്രറിയില്‍ നിന്ന് ബുക്കെടുത്ത്‌ വായിക്കുന്ന ഉമ്മയാണ്. ഇവിടെ വായിക്കാന്‍ ഒന്നുമില്ലാതെ വിഷമിക്കുന്നു മുബി..” ഞാനിപ്പോള്‍ തന്നെ വരാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.
     
പ്രായമായ ഉമ്മയുടെ വായനയുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നും അറിയില്ല. ചോദിച്ചപ്പോള്‍ എന്തായാലും കുഴപ്പമില്ല എന്നാണ് പറഞ്ഞതും. വേവലാതിയോടെ കുറച്ച് ബുക്കുകള്‍ എടുത്തു വെച്ച കൂട്ടത്തില്‍ നിര്‍മല ചേച്ചിയുടെ പാമ്പും കോണിയുംമുണ്ടായിരുന്നു. നാലഞ്ചു ബുക്കുകളുമായി ഞങ്ങള്‍ അവരുടെ വീട്ടിലേക്ക് ചെന്നു. ബുക്കുകള്‍ കൊടുത്ത് ഉമ്മയോട് കുറച്ച് വര്‍ത്തമാനം തൊട്ടും തൊടാതെയും പറഞ്ഞ് തിരിച്ച് പോന്നു. എന്തായാലും ഉമ്മ ബുക്ക് വായിക്കട്ടെ, പിന്നീട് ഒഴിവുപോലെ പോയിരുന്നു കുറച്ച് വര്‍ത്തമാനം പറയണമെന്ന് മനസ്സിലോര്‍ത്തു. ഈ ആഴ്ച വീണ്ടും കുറച്ച് ബുക്കുകളുമായി ഞാന്‍ പോയി. ഉമ്മാക്കും എനിക്കുമിടയിലുള്ള അകല്‍ച്ച കുറഞ്ഞിരുന്നു. ഞങ്ങള്‍ മനസ്സ് തുറന്നു. വീടിനു പുറത്തിറങ്ങാത്ത, എന്തിനു മരിക്കുന്നത് വരെ അന്യ പെണുങ്ങളുടെ മുഖത്ത് നോക്കാത്ത ഒരു വലിയ ജന്മി കുടുംബത്തിലെ ഉമ്മയുടെ മകളായി കൊയിലാണ്ടിലായിരുന്നത്രേ ജനനം. കൂടുതല്‍ വിശദീകരിക്കുന്നതിന് പകരം, “ബി. എം സുഹറയുടെ കിനാവിലെ ബീപാത്തുഹജ്ജുമ്മയില്ലേ അതെന്നെ ന്‍റെ മ്മാ...” എന്നാണ് പറഞ്ഞ് തന്നത്. അതില്‍ എല്ലാമുണ്ടായിരുന്നു. ഉമ്മ സ്കൂളില്‍ പോയി പഠിച്ചിട്ടില്ല. എങ്കിലും ഏതു വിഷയത്തിലും വ്യക്തമായ കാഴ്ചപ്പാടുണ്ട്, ഉറച്ച അഭിപ്രായവും. പതിമൂന്നാം വയസ്സില്‍ വിവാഹിതയായി. മരുമക്കത്തായമാണ് അന്നും ഇന്നും. തന്‍റെ മകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കണമെന്നുറച്ചാണ് കൊയിലാണ്ടിയില്‍ നിന്ന് തിരൂരിലേക്ക് മാറിയതെത്രേ. രണ്ടു മക്കളാണ് ഉമ്മാക്ക്. പെണ്‍കുട്ടികള്‍ പഠിക്കണമെന്ന ഉമ്മയുടെ ഉറച്ച അഭിപ്രായത്തിനു മാറ്റമൊന്നുമില്ല. മകളെ ഫാറൂക്ക് കോളേജില്‍ അയച്ചു പഠിപ്പിച്ചു. ഇവിടെ ജോലിയുമുണ്ട്‌. മകന്‍ പ്രീഡിഗ്രി കഴിഞ്ഞതും ബിസിനസ്സില്‍ ഇറങ്ങി. 

സംസാരം വീണ്ടും വയനയിലേക്കും എഴുത്തുകാരിലേക്കും തിരിച്ച് വന്നു. കാനഡയില്‍ രാവിലെ മനോരമ കിട്ടാഞ്ഞിട്ട് കൈ തരിക്കുന്നു എന്ന് ഉമ്മ പറഞ്ഞപ്പോള്‍ ചെറുകരയിലെ ഉമ്മാനെയാണ് ഓര്‍മ്മവന്നത്‌. ഹജ്ജിനു വന്ന് ജിദ്ദയില്‍ എത്തിയ ഞങ്ങളുടെ ഉമ്മ രാവിലെ ഹുസ്സൈനോട് “ഇവിടെ എന്താ രാവിലെ പേപ്പര്‍ ഒന്നും വരൂലേ?” ആഴ്ച്ചയില്‍ ഒരിക്കല്‍ മലയാള പത്രം കിട്ടുന്ന കാലമായിരുന്നു അത്. പിന്നെയുള്ളത് ഇംഗ്ലീഷില്‍ ഇറങ്ങുന്ന അറബ് ന്യൂസ്‌ ആണ്. അതും ആരെങ്കിലും പുറത്ത് പോയി വാങ്ങി കൊണ്ട് വരണം. ഇതൊക്കെ ഉമ്മാനോട് പറഞ്ഞപ്പോള്‍ കേട്ട മറുപടി ഞാന്‍ മറന്നിട്ടില്ല, “വെറുതെയല്ല ഇബ്ടെള്ളോര്‍ക്കൊന്നും വിവരമില്ലാത്തത്. ഇങ്ങളെയൊക്കെ പഠിപ്പിച്ചത് വെറുതെയായി...” പത്രം രാവിലെ എത്തിയാലുടനെ മുഴുവനും വായിച്ച് വീണ്ടും ഉച്ചക്ക് ഒന്നൂടെ വായിച്ച് ഉറപ്പ് വരുത്തുന്ന ഉമ്മാക്ക് പത്രമില്ലാതെ എങ്ങിനെ ശരിയാകും. രാവിലെത്തെ പത്ര പാരായണം മാത്രമല്ല പതിവ് ശീലങ്ങള്‍ പലതും മറന്നു പോയിരിന്നു പ്രവാസത്തിന്‍റെ നെട്ടോട്ടത്തില്‍ ഞങ്ങളെല്ലാവരും.

File photo (1993) - Cherukara
ബസ് അപ്പോഴേക്കും അവിടെയെത്തിയോ? തിരിച്ച് ഇവിടുത്തെ ഉമ്മയുടെ വായനയിലേക്ക് തന്നെ വരാം. വായിച്ച ബുക്കുകള്‍ ഒക്കെ ഇഷ്ടായോ എന്താ ഉമ്മാന്‍റെ അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍ വലിയ സന്തോഷായി. “നിര്‍മലയുടെ പാമ്പും കോണിയും നന്നായിട്ടുണ്ട്. ഇവിടെത്തെ കാര്യങ്ങള്‍ വളച്ചുകെട്ടിയിട്ടൊന്നുമില്ല. ഉള്ളത് പോലെ തന്നെയാണ് എഴുതിയത്. നിക്കത് നല്ലോണം ഇഷ്ടായി...” അവര്‍ മനസ്സ് തുറന്നു പറഞ്ഞതാണ്. ഒരു പക്ഷേ ചേച്ചിയുടെ പുസ്തകത്തെ കുറിച്ച് ഞാന്‍ കേട്ട ഏറ്റവും ഹൃദ്യമായ ഒരാസ്വാദനം. മുട്ടത്തുവര്‍ക്കി, പാറപ്പുറം, കോട്ടയം പുഷ്പനാഥ് എന്നിവരുടെ കഥകള്‍ ആണ് പണ്ടൊക്കെ വായിച്ചിരുന്നത്. മകളുടെ കൂടെയുള്ള ഏതോ ഒരു യാത്രക്കിടയില്‍ ഇവിടെയോരിടത്ത് പോസ്റ്റ്‌ ബോക്സ് കണ്ടപ്പോള്‍ വായിച്ച ഏതോ കുറ്റാന്വേഷണ നോവലില്‍ ഇത് പോലെയൊരെണ്ണം ഉണ്ടായിരുന്നെന്ന് പറഞ്ഞ് ഉമ്മ നിഷ്ക്കളങ്കമായി ചിരിച്ചു. ആമി(കമലാസുരയ്യ)യെ കാണണമെന്നത് വലിയൊരു മോഹമായിരുന്നു. മകള്‍ അടുത്തില്ലാത്തതിനാല്‍ നടന്നില്ലാന്നുള്ള വിഷമവും എന്നോട് പറഞ്ഞു. ദൂരത്തെക്കുള്ള ഞങ്ങളുടെ പറിച്ചു നടല്‍ ഇടക്കിടക്ക് ഇവിടെ വന്ന് പോയിട്ട് പോലും ഉമ്മാക്ക് തീരെ യോജിക്കാന്‍ ആവുന്നില്ല. എങ്കിലും സ്വയം ആശ്വസിക്കാനെന്ന പോലെ, “ഗള്‍ഫ്‌ ഒക്കെ ഇപ്പോ വീട്ടുമുറ്റത്ത്‌ എത്തിയ പോലെ വേഗത്തില്‍ എത്തുന്ന പ്ലയിനുമുണ്ടാവു”മെന്ന് പറഞ്ഞു നിര്‍ത്തി. അധികം സംസാരിച്ച് ഉമ്മയെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി വായിച്ച് കഴിയുമ്പോഴേക്കും വീണ്ടും ബുക്കുകളുമായി വരാമെന്ന് പറഞ്ഞു ഞങ്ങള്‍ അവിടെന്ന് വേഗം യാത്ര പറഞ്ഞിറങ്ങി.

പട്ടാമ്പിയില്‍ നിന്ന് ഉദ്ധരണികള്‍ എഴുതി സൂക്ഷിച്ച എന്‍റെ ഉമ്മയുടെ ഒരു നോട്ട്ബുക്ക് രണ്ടു വര്‍ഷം മുന്നേയുള്ള അവധിക്കാലത്തെ എന്‍റെ പരതലില്‍ കിട്ടിയിരുന്നു. കുറെ പഴയ ബുക്കുകള്‍ക്കിടയില്‍ പൊടി പിടിച്ച് കിടക്കുന്നു. വായിച്ച് തീരാത്തതിനാല്‍ അവിടെ ഇട്ടിട്ട് പോരാന്‍ മനസ്സ് വന്നില്ല. മറ്റ് പുസ്തകങ്ങള്‍ക്കൊപ്പം ആ നോട്ട്ബുക്കും എന്നോടൊപ്പം കടല്‍ കടന്നു ഇവിടെയെത്തി. ഇടയ്ക്കിടയ്ക്ക് ഞാനാ ബുക്കൊന്നു മണത്തും, മറിച്ച് നോക്കിയും തലോടിയും തിരികെ വെക്കും. എന്റെയുമ്മ വായിച്ചതിന്‍റെ ഏഴയലത്ത് പോലും ഞാനെത്തിയിട്ടില്ലെന്ന് ഓരോതവണയും ഓര്‍മ്മപ്പെടുത്തും ഉമ്മാന്‍റെ കൈപ്പട.

Collection of Quotes - A page from my mother's notebook
  
എന്‍റെയീ വായനാബസ്സ് എവിടെയും എത്തിയിട്ടില്ല. ഇനിയുമേറെ ദൂരം പോകാനുണ്ട്. ഒച്ചിനെ പോലെ ഇഴഞ്ഞ് എവിടെയെങ്കിലും എത്തുമോ എന്നുമറിയില്ല. ഇപ്പോഴെതായാലും ഇറങ്ങിയേ ഒക്കൂ. വായനാബസ്സ്‌ അല്ല മിസ്സിസ്സാഗ ട്രാന്‍സിറ്റ് ഓഫീസിനടുത്ത്‌ എത്തിയിരിക്കുന്നു...