Saturday, January 26, 2019

ആമസോണിലേക്ക് ഞാനും!

രണ്ട് വർഷങ്ങൾക്ക് മുമ്പ് വിദേശ സുഹൃത്തുക്കളുമായി 'ഓ കാനഡ' പുസ്തകത്തിൻ്റെ വിശേഷങ്ങൾ ടിംസിലെ ഫ്രഞ്ച് വാനിലക്കൊപ്പം വിളമ്പുകയായിരുന്നു. ചക്കരയുടെ ഫ്രഞ്ച് ടീച്ചറെ കാണാൻ പോയ സംഭവമാണ് വിവരണവിധേയമായത്. നല്ലൊരു കേൾവിക്കാരനാണ് കൂട്ടത്തിലുള്ള ബെൻ. സംസാരം വളരെ കുറവാണ്. ഇനി അബദ്ധവശാൽ വായ തുറന്നലോ അതിലെന്തെങ്കിലും കാര്യമുണ്ടാവും. മറ്റുള്ളവരൊക്കെ അഭിപ്രായങ്ങൾ പറഞ്ഞു സംഗതി ഉഷാറാക്കിയെങ്കിലും ബെൻ കയ്യിലുള്ള ഫോണിൽ താഴോട്ടും മേലോട്ടും ഉരുട്ടിക്കൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും പിരിയാൻ തുടങ്ങിയപ്പോഴാണ് "Then, why you are not in Amazon?" എന്ന ചോദ്യവുമായി ബെൻ എൻ്റെ ഫ്രഞ്ച് വാനില തൊണ്ടയിൽ കുരുക്കിയത്.

സോഫയിൽ കാലും നീട്ടിയിരുന്ന് വിശ്രമവേളകൾ ആനന്ദപ്രദമാക്കാൻ മാത്രമായി ആമസോൺ കടകളിലൂടെ അലഞ്ഞു നടക്കുന്ന എന്നോടാണ് നീയെന്താ അതിലില്ലാത്തത് എന്നൊക്കെ ചോദിക്കുന്നത്. കാര്യായിട്ടാണോ അതോ ആളെ മക്കാറാക്കുകയാണോന്ന് നിശ്ചയമില്ലാത്തതോണ്ട് ഞാനവൻ്റെ മുഖത്തേക്ക് തന്നെ കുറച്ചു നേരം നോക്കി നിന്നു. ഞാനെന്തിനാ അതിനുള്ളിൽ കയറണേ ബെന്നേന്ന് ചോദിച്ചതും അവൻ കൈയിലിരുന്ന ഫോൺ നീട്ടി കാണിച്ചു. അവനെഴുതിയ മൂന്നാല് പുസ്തകങ്ങളുടെ ലിസ്റ്റ് എന്നിട്ടൊരു ക്ലാസും. ടെക്കി പ്രാന്തൻ എന്നുള്ള വിളിപ്പേര് സ്വന്തമായുള്ളതോണ്ട് അവൻ പറഞ്ഞത് ഞാൻ കാര്യമായെടുത്തില്ല. അല്ലാതെ മനസ്സിലാകാഞ്ഞിട്ടല്ല!

കാലങ്ങളുരുണ്ട് പോയി... ബെനും വേറെ നഗരത്തിലേക്ക് ചേക്കേറി. എന്നിട്ടും ഞാൻ നിന്നിടത്ത് തന്നെയായിരുന്നു. ആമസോൺ അപാരതകളിൽ ഞാൻ മയങ്ങുമ്പോഴൊക്കെ എൻ്റെ ക്രഡിറ്റ് കാർഡ് ദുഃഖിച്ചു. വിഷ് ലിസ്റ്റ് പല ബ്രാഞ്ചുകളായി വികസിച്ചു. ഈ വികസനങ്ങൾക്കിടയിലാണ് കിൻഡിൽ കൈയിൽ കിട്ടിയത്. ആദ്യമൊക്കെ അതിനെ ഞാൻ പുസ്തകങ്ങൾക്കിടയിൽ നിന്ന് മാറ്റി വെച്ചു. മലയാളം ഇല്ലല്ലോന്നുള്ള പരാതിയും എഴുതി ഒട്ടിച്ചു കൊടുത്തു. ശ്രേഷ്ഠ ഭാഷയായ മലയാളം ആമസോണിന് വഴങ്ങില്ലെന്നൊരു ധാരണയും മനസ്സിൽ കയറിയിരുന്നു. ഉമ്മാടെ മലയാളം ഇല്ലെങ്കിലെന്താന്നും പറഞ്ഞ് ചക്കര അതിൽ വായനയോട് വായന... ഒരു പുസ്തകം വായിക്കെടാന്ന് കെഞ്ചി പറഞ്ഞാലും കേൾക്കാത്ത മകനാണ്. ഒടുവിൽ കോളേജ് ഹോസ്റ്റലിലേക്ക് പോകുന്നതിന് മുമ്പായി ആവശ്യപ്പെടാതെ തന്നെ കുട്ടി സാധനമെനിക്ക് തിരിച്ചു തന്നു.

കിൻഡിൽ വാങ്ങിയിരുന്നെങ്കിലും ഞാനതിൽ മുക്കിയും മുരണ്ടും ഒന്നോ രണ്ടോ പുസ്തകങ്ങളെ വായിച്ചിരുന്നുള്ളൂ. ഒരുതരം 'love & hate' ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. ഇങ്ങിനെയൊക്കെ ഉരുണ്ടുരുണ്ട് പോകുമ്പോഴാണ് ‘ബോക്സിങ്ങ് ഡേ’ യെന്ന ഇടി ദിവസത്തിൽ കിൻഡിൽ തെരുവിലെ കാഴ്ച കണ്ട് ഞാൻ സ്തംഭിച്ചു പോയത്. ക്രിസ്തുമസ് ദിനത്തിൻ്റെ പിറ്റേന്നാണ് ഇടി ദിനം. മാളുകളിൽ ഇടിച്ചു കയറി അഞ്ഞൂറ് ഡോളറിൻ്റെ സാധനം മൂന്നുറിന് വാങ്ങി ആത്മസംതൃപ്തിയടയാനുള്ള ആരോഗ്യമില്ലാത്തതിനാൽ ഞാനാവഴിക്ക് ഇതുവരെ പോയിട്ടില്ല. വീട്ടിലിരുന്ന് സ്വസ്ഥമായി ആമസോണിൽ അലഞ്ഞു ഞാൻ ഇരുപത് ബെസ്റ്റ് സെല്ലർ പുസ്തകങ്ങളാണ് കുറഞ്ഞ വിലയിൽ കിൻഡിൽ ലൈബ്രറിയിലേക്ക് വാങ്ങിയത്. ഇത് കൊള്ളാലോ.. ആംഗലേയത്തിലെ ആക്രാന്തം ഒരുവിധം അടങ്ങിയപ്പോൾ നേരെ മലയാളം തെരുവിലേക്ക് ഓടി. അവിടെ ആകെ മൊത്തം ജഗപൊക! പൊറ്റാളിലെ ഇടവഴികൾ, പരിണാമം, പിൻബെഞ്ച്, നിലം പൂത്തു മലർന്ന നാൾ, കരിക്കോട്ടക്കരി, ഇനി ഞാൻ ഉറങ്ങട്ടെ, തോറ്റങ്ങൾ, ആശാനും, ബെന്യാമിനും, ഐതിഹ്യമാലയും... അങ്ങിനെ ഞാൻ വാങ്ങിക്കൂട്ടിയതും അല്ലാത്തതുമായ കുറെ പുസ്തകങ്ങൾ.


ഇത്രയും പുസ്തകങ്ങൾ ഇപ്പോഴുണ്ടെങ്കിൽ ഇനിയും കൂടുതൽ ഉണ്ടായിക്കൂടെന്നില്ല. സെല്ഫ് പബ്ലിഷിംഗ് ടൂൾ വഴി ബെസ്റ്റ് സെല്ലറായ പുസ്‌തകങ്ങൾ ഇന്ത്യയിൽ തന്നെയുണ്ട്. എന്നാ പിന്നെ, പോളിടെക്നിക്കിലൊന്നും പഠിക്കാത്ത പാത്തൂന് പരീക്ഷിച്ചാൽ എന്താവുന്നായി ചിന്ത. കാടും മലയും കയറിയിറങ്ങിയിട്ടും ചിന്ത ഒരടിയനങ്ങിയില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നാണ്. സമയം മാത്രമല്ല മനസ്സും ഒത്തുവരണം. ഇതിനിടയിൽ സുഹൃത്തുക്കളുടെ കിൻഡിൽ പരീക്ഷണങ്ങൾ വായിച്ച ്ആവേശം കൊള്ളുമ്പോഴും എൻ്റെ കാര്യം തെങ്ങിൽ തന്നെയായിരുന്നു. അങ്ങിനെയാണ് ചങ്ങാതിമാരെ മനസ്സില്ലാമനസ്സോടെയാണെങ്കിലും  ഡി.സി പറപ്പിച്ച ഐസ് ലാൻഡ് യാത്രാവിവരണം എൻ്റെ പരീക്ഷണങ്ങൾക്ക് തിരഞ്ഞെടുത്തത്. കനേഡിയൻ ആചാരമനുസരിച്ച് എന്നോടും ബ്ലോഗിനോടും മാപ്പൊക്കെ പറഞ്ഞ് ബ്ലോഗിലെ ഐസ് ലാൻഡ് കുഞ്ഞിനെ ആമസോണിൻ്റെ വിശാലതയിലേക്ക് ഇറക്കാൻ തീരുമാനിച്ചു. വെറുതെയങ്ങിനെ ഇറക്കിവിടാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഞാൻ KDP (Kindle Direct Publishing)യുടെ ഗൂഗിൾ സ്കൂളിൽ ചേർന്നു.

നമ്മുടെ പാരമ്പര്യമനുസരിച്ച് ഇങ്ങിനെയൊന്നുമല്ല കാര്യങ്ങൾ. സായിപ്പിന് അതൊന്നും അറിയേണ്ടല്ലോ... എന്തെല്ലാം ചടങ്ങുകൾ കഴിഞ്ഞാണ് ഉറക്കമൊഴിഞ്ഞും, നടുവൊടിഞ്ഞുമുണ്ടായ അക്ഷരങ്ങളിൽ മഷി പുരളുന്നത്! സ്കൂളിലൊക്കെ ചേർന്നെങ്കിലും ഒരക്ഷരം ഞാൻ പഠിച്ചില്ല. ചൊട്ടയിലെ ശീലം ചുടലവരെയെന്നത് ഞാനായിട്ട് തെറ്റിക്കുന്നതെന്തിനാ? എന്തിനും ഏതിനും കട്ടക്ക് നിൽക്കുന്ന മക്കളാകട്ടെ ഒരടി പിന്നോട്ട് മാറാൻ സമ്മതിക്കുന്നുമില്ല. അവരെയും കുറ്റം പറയാൻ പറ്റില്ല. കാത്തിരുന്ന് അവരുടെ ക്ഷമയും കെട്ടിരുന്നു. ടെക്കിയല്ലാത്ത എന്നോട് ടെക്നോളജിയുടെ ഭാവിയും മറ്റും പറഞ്ഞ് കണ്ണുരുട്ടിയപ്പോൾ ഞാൻ വേഗം നന്നായി.KDPയിൽ മലയാളം ഉൾപ്പെടെയുള്ള കുറച്ച് ഇന്ത്യൻ ഭാഷകൾ Beta വേർഷനാണ്. അതിനാലാവും പേപ്പർ ബാക്ക് ഓപ്ഷനില്ലാത്തത്. തുടങ്ങി കിട്ടാനായിരുന്നു പ്രയാസം പിന്നീടങ്ങോട്ട് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. കോപ്പിറൈറ്റും, കോൺട്രാക്ടും വളരെ വിശദമായി തന്നെയുണ്ട്. ഇക്കാര്യത്തിൽ സായിപ്പ് തന്നെ കേമൻ. വെടിപ്പായിട്ട് കാര്യങ്ങൾ എഴുതി കിണിച്ചുവെച്ചിട്ടുണ്ട്. അക്കൗണ്ടിൽ ലോഗിൻ ചെയ്താൽ എല്ലാം സ്വന്തമായി കണ്ട് ബോധ്യപ്പെടാം. സംശയങ്ങൾക്ക് സമയക്ലിപ്തയോടെ മറുപടി തരുന്ന KDP സപ്പോർട്ട് ടീമിനേയും എനിക്ക് വളരെ ഇഷ്ടമായി.ഞാനുമൊന്ന് ശ്രമിച്ചു നോക്കിയിട്ടുണ്ട്. ചൊവ്വയിലല്ല...ഭൂമിയിലൊരിടത്ത് എന്ന ഐസ് ലാൻഡ് യാത്രാവിവരണത്തിൻ്റെ കിൻഡിൽ എഡിഷൻ ആമസോണിൽ ലഭ്യമാണ്.കിൻഡിൽ തന്നെ വേണമെന്നില്ല. സ്മാർട്ട് ഫോണുകളിലേക്കോ ടാബുകളിലേക്കോ ഡൗൺലോഡ് ചെയ്തു വായിക്കാം.അവകാശം മുഴുവനായിട്ട് അങ്ങോട്ട് എഴുതി കൊടുത്തിട്ടില്ല. ബ്ലോഗിൽ എഴുതുന്നത് അപ്പോൾ തന്നെ കിൻഡിലിൽ പ്രത്യക്ഷപ്പെടുന്ന കിണാശ്ശേരിയാണ് എൻ്റെ സ്വപ്നം! ഈ വർഷം വായന തുടങ്ങിയത് തന്നെ കിൻഡലിലായിരുന്നു. മൂന്നു പുസ്തകങ്ങൾ വായിച്ചു. പുസ്തകം തൊട്ടറിഞ്ഞില്ലെങ്കിൽ വായന നടക്കില്ലെന്ന് വിശ്വസിച്ചിരുന്ന പാത്തുവാണ്! കാലത്തോടൊപ്പം നമ്മളും മാറും ഇന്നല്ലെങ്കിൽ നാളെയെന്ന വിശ്വാസത്തോടെ പുതുവർഷത്തെ ആദ്യത്തെ വിശേഷം നിങ്ങൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു...

amazon.com/author/fathimamubeen