Tuesday, May 23, 2017

ടൈംബോംബുകളെ നിർവീര്യമാക്കിയ അമ്മക്കിളികൾ

ജീവിതയാത്രകള്‍ പലപ്പോഴും അവിശ്വസനീയമാകാറുണ്ട്. വഴികളും കാഴ്ചകളും എന്നുമൊരുപോലെയായിരിക്കുമെന്ന് വിശ്വസിച്ചും ആശ്വസിച്ചും കഴിയുന്നവരാണ് നമ്മള്‍. ഒരട്ടിമറിയെ കുറിച്ചോര്‍ക്കാൻ പോലും അശക്തരാണ്. അപ്രതീക്ഷിതമായി മുന്നിലെത്തുന്ന അസുഖങ്ങൾ എത്ര പെട്ടെന്നാണ് ശാന്തമായി ഒഴുകുന്ന ജീവിതങ്ങളുടെ ഗതി മാറ്റുന്നത്? ഈശ്വരാനുഗ്രഹം കൊണ്ട് മാത്രം മരണം വഴുതി മാറിയവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നത് ലാഘവത്തോടെ കേള്‍ക്കാനോ വായിക്കാനോ കഴിയില്ല. റിജിലയെ കേള്‍ക്കുമ്പോൾ ഞാനും അതനുഭവിക്കുകയായിരുന്നു. മനുഷ്യകുലത്തിന് നാശംവിതയ്‌ക്കുന്ന ‘ബോംബു’കള്‍ കേട്ടുകേള്‍വിയല്ല, ഇന്നതൊരു നിത്യസംഭവമാണ്. എന്നാല്‍ സ്വന്തം തലയ്ക്കുള്ളിൽ തന്നെ ‘ടൈംബോംബു’ണ്ടെന്നറിഞ്ഞാലോ... പേര് പോലെത്തന്നെ അതത്ര നല്ലൊരു അവസ്ഥയാവില്ല. പത്ത് വര്‍ഷം മുമ്പ് തലയ്ക്കുള്ളിലുണ്ടായ ടൈംബോംബിനോട് മല്ലിട്ട് ജീവിതം തിരിച്ചുപിടിച്ച അമ്മക്കിളി അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

ബി.എ. ഇംഗ്ലീഷ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു റിജില. വിവാഹശേഷവും പഠിത്തം തുടരുന്നതിൽ മുടക്കമൊന്നും വരുത്തിയിട്ടില്ല. പ്രണയവും പഠനവും ഇഴചേര്‍ന്ന ദിനങ്ങള്‍ക്ക് ഇരട്ടി മധുരവുമായി റിജിലയുടെ ഉദരത്തിൽ ജീവൻ തുടിച്ചു തുടങ്ങിയിരുന്നു. പറയത്തക്കതായ അസ്വാസ്ഥ്യങ്ങളൊന്നുമില്ലാതെ ശാന്തമായി നാലുമാസം കഴിഞ്ഞു പോയി. അവസാനവര്‍ഷ പരീക്ഷയുടെ തയ്യാറെടുപ്പുകളുമായി റിജിലയും മുഴുകി. കുഞ്ഞുവാവ വരുമ്പോഴേക്കും പരീക്ഷാഫലവുമെത്തും. രണ്ടു സമ്മാനങ്ങളെറ്റു വാങ്ങാന്‍ തയ്യാറെടുത്ത റിജിലക്ക് മൂന്നാമതൊരു സമ്മാനം അണിയറയില്‍ ഒരുങ്ങിയതാരുമറിഞ്ഞില്ല. 2008 ലെ ഒരു രാത്രിയിൽ പതിവുപോലെ സമീറുമായി സംസാരിച്ചതിന് ശേഷമാണ് റിജില ഉറങ്ങാൻ കിടന്നത്. വളരെ ശാന്തമായ ഉറക്കം. ഇടയ്ക്കൊന്നു എണീറ്റ്‌ മൂത്രമൊഴിച്ച് വീണ്ടും കിടന്നു. എന്നാല്‍ ഉറക്കുമുണര്‍ന്നപ്പോൾ എല്ലാം കീഴ്മേൽ മറിഞ്ഞിരുന്നു.

രാവിലെ തല പിളര്‍ന്ന് പോകുന്ന വേദനയുമായാണ് റിജില എണീറ്റത്. അസാധാരണമായ തലവേദന. തലയുടെ പുറകുവശത്ത് നിന്ന് വേദന പടര്‍ന്നുപിടിക്കുന്നത് പോലെ. വേദനയുടെ ശക്തി കൊണ്ട് കാഴ്ച മങ്ങി. വീട്ടുകാര്‍ വിളിക്കുന്നതും കേട്ട് കണ്ണുകൾ തുറക്കാനാവാതെ റിജില തളര്‍ന്നു കിടന്നു. ഗര്‍ഭാസ്വാസ്ഥ്യമായിരിക്കുമെന്നാണ് വീട്ടിലുള്ളവർ കരുതിയത്‌. വെള്ളം കൊടുത്തും, തളര്‍ച്ച മാറാൻ ഹോര്‍ലിക്സ് കൊടുത്തും അവർ റിജിലയെ ഉണര്‍ത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഛര്‍ദ്ദിയും കൂടിയായപ്പോൾ പെരിന്തല്‍മണ്ണയിലെ അൽ-ഷിഫാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലേന്നു ഉറങ്ങാൻ പോകുന്നതുവരെ ഒരു പ്രശ്നവുമില്ലാതിരുന്ന റിജിലക്ക് ഒറ്റരാത്രി കൊണ്ടെന്ത് സംഭവിച്ചുവെന്നറിയാതെ വീട്ടുകാരും കുഴങ്ങി. ആശുപത്രിയിലെത്തിച്ചയുടനെ റിജിലയെ പ്രസവവാര്‍ഡിലേക്കാണ് കൊണ്ടു പോയത്. ഗൈനക്കോളജിസ്റ്റിനോടും റിജിലക്ക് പറയാനാകുന്നുണ്ടായിരുന്നില്ല അപ്പോഴത്തെ അവസ്ഥ. അവരുടെ പരിശോധനയില്‍ കാര്യമായിട്ടൊന്നും കണ്ടെത്താനായില്ല, പക്ഷെ റിജിലയുടെ അവസ്ഥയില്‍ മാറ്റം വന്നില്ല. കാഴ്ചയുടെ പ്രയാസങ്ങള്‍ക്ക് കണ്ണ് ഡോക്ടറെ കാണുകയും പരിശോധനയില്‍ കണ്ണിന്‍റെ കാഴ്ചക്ക് തകരാറൊന്നുമില്ലെന്ന് വ്യക്തമായതോടെ ദുരൂഹതയേറുകയാണുണ്ടായത്. ഇ.എന്‍.ടി വിദഗ്ധനെ കൂടെ കാണിക്കൂയെന്നുള്ള ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് പിന്നെ അടുത്ത രോഗനിര്‍ണ്ണയ മുറിയിലേക്കോടി. എം.ആര്‍.ഐയെടുത്ത് നോക്കാമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും റിജിലക്കും വീട്ടുകാർക്കും സന്ദേഹമായി. ഉത്തരമില്ലാത്ത ചോദ്യങ്ങളും ശമിക്കാത്ത വേദനയുമായാണ് റിജിലയും കുടുംബവും തൃശ്ശൂരുള്ള കുടുംബഡോക്ടറായ Dr. Sareena Gilvazനടുത്തെത്തി. ദുരൂഹതക്ക് അറുതിയായത് അവരുടെ നിര്‍ദ്ദേശമായിരുന്നു. Dr. Sareenaയുടെ ഭര്‍ത്താവും ന്യൂറോളജിസ്റ്റുമായ Dr. Gilvaz നെ കൂടെ കാണുകയെന്ന ഉപദേശമാണ് രോഗനിര്‍ണ്ണയത്തിലേക്ക് വഴിത്തിരിവായത്‌. സമയം നഷ്ടപ്പെടുത്താതെ എം.ആര്‍.ഐയെടുക്കണമെന്നും, റിസള്‍ട്ടുമായി രാത്രിതന്നെ വീട്ടിലെത്തണമെന്ന് റിജിലയോടും വീട്ടുകാരോടും ഡോക്ടർ പറഞ്ഞു.

റിസള്‍ട്ടുമായി ഡോക്ടറുടെ അടുക്കലെത്തിയപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യാനും രാവിലെ വീണ്ടുമൊരു എം.ആര്‍.ഐക്ക് നിര്‍ദ്ദേശിക്കുകയാണുണ്ടായത്. എം.ആര്‍.ഐ വീണ്ടുമെടുക്കണമെന്ന Dr. Gilvazന്‍റെ നിര്‍ദ്ദേശത്തോട് യോജിക്കാനാവാത്ത മനസ്സുമായി റിജിലയെന്ന അമ്മയിരുന്നു. തന്‍റെ ആരോഗ്യത്തെക്കാളെറെ കുഞ്ഞിന്‍റെ അവസ്ഥയെ കുറിച്ചോര്‍ത്തു അമ്മക്കിളി നീറി. മറ്റൊരു മാർഗ്ഗവുമില്ലാത്തതിനാൽ മഹാവൈദികനിൽ സര്‍വ്വം സമര്‍പ്പിച്ച്‌ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. ഗര്‍ഭിണിയായതിനാൽ ഡൈ കുത്തിവെക്കാതെയാണ് ആദ്യത്തെ എം.ആര്‍.ഐ എടുത്തത്. അതിലൊന്നും വ്യകതമാവത്തതിനാലാണ് ഡോക്ടര്‍ വീണ്ടു ഡൈ കുത്തിവെച്ച് എം.ആര്‍.ഐയെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. “ഡൈ കുത്തിവെക്കുമ്പോൾ ഞെരമ്പുകളിൽ വല്ലാത്തൊരു ചൂടനുഭവപ്പെട്ടിരുന്നു, അത് പോലെ വയറ്റില്‍ക്കിടക്കുന്ന കുഞ്ഞും നന്നായി ഇളകിയിരുന്നു. എന്‍റെ പ്രയാസങ്ങൾ കുഞ്ഞിനെ കിടത്തിപ്പൊറുപ്പിക്കാത്തത് പോലെ...” റിജില ആ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. പിന്നീട് കുഞ്ഞിന്‍റെ അനക്കമൊന്നു കുറഞ്ഞാൽ ആശുപത്രിയിലേക്കോടുമായിരുന്നു റിജില. കണ്ടില്ലെങ്കിലും റിജിലയുടെ വാക്കുകളിലെ അമ്മ നോവുകളെനിക്ക് മനസ്സിലാവും. പതിമൂന്ന് വയസ്സുള്ള മകന്‍റെ തലക്കുള്ളിലെ ടൈംബോംബിനെ നിര്‍വീര്യമാക്കാൻ രണ്ടുമാസം ഇമപൂട്ടാതെ കാവലിരുന്നൊരു അമ്മക്കിളിയുണ്ടെനിക്കരികിൽ. മകനെ വീണ്ടും പിച്ചവെപ്പിക്കുന്ന തിരക്കിലാണവർ.

രണ്ടാമത്തെ എം.ആര്‍.ഐ ഫലം പുറത്തുവന്നതൊരു ടൈംബോംബുകൊണ്ടാണ്. Brain Aneurysm എന്ന അവസ്ഥയാണ് റിജിലക്ക്. തലയ്ക്കുള്ളിലെ ഒരു ചെറിയ ഞരമ്പിന്‍റെ കൃത്യനിര്‍വഹണവ്യാപ്തി പൂര്‍ണ്ണമായി നിര്‍ണ്ണയിക്കാൻ മനുഷ്യജന്മത്തിനായിട്ടില്ല. അതിനാലെന്തുണ്ടാവും, എങ്ങിനെയാവുമെന്നൊന്നും കൃത്യമായി പറയാൻ ഡോക്ടര്‍മാര്‍ക്കും സാധിക്കില്ല. ഹൃദയത്തില്‍ നിന്ന് ശുദ്ധരക്തവുമായി തലച്ചോറിലേക്ക് പോകുന്ന ധമനികളും തിരിച്ച് രക്തം ശുദ്ധീകരിക്കാനായി ഹൃദയത്തിലേക്ക് കൊണ്ടുവരുന്ന ധമനികളുടെയും പ്രവര്‍ത്തനശൃംഖലയിലെ നേരിയ തടസ്സം മതിയെല്ലാം അവതാളത്തിലാവാൻ. റിജിലയുടെ തലച്ചോറിനുള്ളിലെവിടെയോ രക്തകുഴലിന്‍റെ ചുവരുകൾ ശക്തി ക്ഷയിച്ച് അത് ബലൂൺ കണക്കെ വീര്‍ക്കുകയും ശരിയായ ദിശയിൽ നിന്ന് മാറി രക്തം ആ ബലൂണിൽ ശേഖരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഒടുവില്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ പൊട്ടുകയാണുണ്ടായിരിക്കുന്നത്. കണ്ണിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാൻ പിടിക്കുന്ന ഞരമ്പിലാണിതുണ്ടായിരിക്കുന്നത്. ജന്മനായുള്ള വൈകല്യമായി ആദ്യപഠനങ്ങള്‍ സൂചിപ്പിച്ചിരുന്നെങ്കിലും ഇന്ന് പല കാരണങ്ങൾ പറയുന്നുണ്ട്. പഠനങ്ങള്‍ ഇപ്പോഴും നടക്കുകയാണ്. കാരണം തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ പോലെതന്നെ സങ്കീര്‍ണ്ണമാണ് അതിനു സംഭവിക്കുന്ന ക്ഷതങ്ങളും. Arteriovenous Malformation(Brain AVM) എന്നതും Brain Anuerysm വും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. അതിനാലാണ് രണ്ടിനെയും ടൈംബോംബെന്ന് വിളിക്കുന്നത്‌. എന്ത് സംഭവിക്കുമെന്ന് മുന്‍കൂട്ടി പറയാൻ കഴിയാത്ത അവസ്ഥ.
  
വേദനയുടെ കയറ്റിറക്കങ്ങളിലൂടെ റിജില സഞ്ചരിക്കുമ്പോൾ Dr. Gilvazൽ നിന്ന് കേട്ടതെല്ലാം പെട്ടെന്ന് ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കൾ ആശുപത്രിയിൽ റിജിലക്ക് കൂട്ടിരുന്നു. തലച്ചോറിനു വരുന്ന ഏതവസ്ഥക്കും ആദ്യം കൊടുക്കുന്ന മരുന്ന് ചുഴലി(Seizure) തടയാനുള്ളതായിരിക്കും. ഗര്‍ഭിണിയായ റിജിലക്ക് മറ്റു ചികിത്സകളോ, മരുന്നുകളോ നല്‍കാന്‍പോലും പറ്റില്ല. അതുകൊണ്ട് Gardenal 60 എന്ന anti-seizure ഗുളികയും പ്രാര്‍ത്ഥനയും മാത്രമാണ് ഔഷധക്കുറിപ്പായി കിട്ടിയത്. കുഞ്ഞിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലാത്ത അമ്മക്കിളിയായി റിജില വീട്ടിലെത്തി. മരുന്നിന്‍റെ ക്ഷീണവും ഉറക്കവും കൂടാതെ ഇടത്തേ കണ്ണിന്‍റെ കാഴ്ച പ്രശ്നങ്ങളും, ഇടയ്ക്കിടയ്ക്ക് ടൈംബോംബിന്‍റെ സാന്നിദ്ധ്യമറിയിച്ചു കൊണ്ടെത്തുന്ന തലവേദനയുമായി റിജിലയുടെ തുടര്‍ന്നുള്ള ഗര്‍ഭകാലമത്ര സുഖകരമല്ലായിരുന്നു. ഏതു തരത്തിലുള്ള പരിചരണമാണ് റിജിലക്ക് ആശ്വാസമാകുകയെന്ന് ചിന്തിക്കുകയും, കാണാവുന്ന ഡോക്ടര്‍മാരെ കണ്ടും, രോഗത്തെ പറ്റി അറിയുകയും മനസ്സിലാക്കുകയും ചെയ്യുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ഭര്‍ത്താവായ സമീറിനും മറ്റു ബന്ധുക്കള്‍ക്കുമേറ്റെടുത്തു. ബോംബെ ഹിന്ദുജ ആശുപത്രിയിലെ ന്യൂറോവിഭാഗം തലവനായ ഡോ.ബി.കെ. മിശ്രയെ റിജിലയുടെ മെഡിക്കൽ റിപ്പോര്‍ട്ടുകളുമായി സമീർ സമീപിച്ചിരുന്നു. വളരെ ക്ഷമയോടെ സമീറിനെ കേള്‍ക്കാനും കാര്യങ്ങൾ വിശദമായി വിവരിച്ചുകൊടുക്കുവാനും അദ്ദേഹം തയ്യാറായത് നന്ദിയോടെ ഇന്നും അവരോര്‍ക്കുന്നു. ജീവനും മരണത്തിനുമിടയിലെ ഞാണിന്മേല്‍ കളിയായി റിജിലക്ക് പ്രസവംവരെയുള്ള ദിവസങ്ങൾ. അമ്മയുടെ പ്രയാസങ്ങള്‍ അറിഞ്ഞത് കൊണ്ടാവണം ഗര്‍ഭസ്ഥശിശുവിൽ നിന്ന് മറ്റു ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ല.



കുഞ്ഞിനു പൂര്‍ണ്ണ വളര്‍ച്ചയെത്തിയപ്പോൾ ഡോക്ടര്‍മാർ ശസ്ത്രക്രിയ വഴി പുറത്തെടുത്തു. ആരോഗ്യമുള്ള പെണ്‍കുഞ്ഞിനാണ് റിജില ജന്മം നല്‍കിയത്. മോളുടെ ജനനശേഷം റിജിലയിലെ അമ്മ സ്വന്തം കാര്യം മറന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ചു കൊണ്ട് ആരുമറിയാതെ മരുന്നുകള്‍ മുടക്കി. കുഞ്ഞിനെ ശ്രദ്ധിക്കാന്‍ പറ്റാതെ ഉറങ്ങി പോകുമെന്ന ഭയമായിരുന്നു ഈ പ്രവര്‍ത്തിക്ക് റിജിലയെ പ്രേരിപ്പിച്ചത്. പതിവ് വൈദ്യപരിശോധനക്കും, ICP (Intracranial Pressure) നോക്കുന്നതിനുമായി ഡോക്ടറുടെ അടുത്തെത്തിയപ്പോഴാണ് മരുന്ന് മുടക്കിയതും മറ്റും വീട്ടുകാരും അറിയുന്നത്. രോഗത്തിന്‍റെ ഗുരുതരാവസ്ഥ റിജിലയെ ഡോക്ടര്‍ അറിയിച്ചത്, “ടൈംബോംബാണ് തലയിലുള്ളതെന്നറിയാമോ”ന്ന് ചോദിച്ചാണ്. നിമിഷങ്ങളുടെ ടിക്ടിക് ശബ്ദം കുടുംബാംഗങ്ങളെ പോലെ റിജിലയും കേട്ടു തുടങ്ങിയതപ്പോൾ മുതലാണ്‌. ഈ ടൈംബോംബിനെ നിര്‍വീര്യമാക്കാനുള്ള വഴികൾ തേടിയലച്ചിലിലായിരുന്നു സമീറും മറ്റുള്ളവരും. അങ്ങിനെയാണ് ബാംഗ്ലൂരുള്ള നിംഹാന്‍സി(NIMHANS)ലെത്തിയത്.

ഇന്ത്യയിലും പുറത്തും ന്യൂറോളജി ചികിത്സാരംഗത്ത് അറിയപ്പെടുന്ന സ്ഥാപനമായി 1954ല്‍ സ്ഥാപിതമായ നിംഹാന്‍സ് ഇതിനോടകം വളര്‍ന്നിരുന്നു. അവിടെയെത്തി വീണ്ടും പരിശോധനകളുടെ ഘോഷയാത്രകള്‍ ഒന്നൊന്നായി തുടങ്ങി. തലയില്‍ പൊട്ടിയിരിക്കുന്ന രക്തധമനിയുടെ ശരിയായ സ്ഥാനനിര്‍ണയമായിരുന്നു അതിലേറ്റവും പ്രധാനം. ദിശ മനസ്സിലാക്കിയതില്‍ നിന്ന് മൂന്ന് ചികിത്സാവിധികൾ ഡോക്ടര്‍മാർ മുന്നോട്ട് വെച്ചു. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയിലൂടെ പൊട്ടിയ ഞരമ്പ് മുറിച്ച് മാറ്റുക, Glue Embolization എന്ന ടെക്നിക്ക്, മൂന്നാമതായി ഗാമാനൈഫ്(Gamma knife) റേഡിയേഷൻ. ശസ്ത്രക്രിയയോടുള്ള ഭയവും, Glue Embolizationന്‍റെ കുറഞ്ഞ വിജയസാധ്യതയും കണക്കിലെടുത്തുകൊണ്ട് ആദ്യത്തെ രണ്ടു ചികിത്സാവിധികളെയും മാറ്റി നിര്‍ത്തി ഗാമാനൈഫൈനായി തിയതി നിശ്ചയിച്ച് റിജിലയും കുടുംബവും പെരിന്തല്‍മണ്ണയിൽ തിരിച്ചെത്തി.

അതിനിടയില്‍ ബന്ധുക്കൾ ബാംഗ്ലൂർ HCG(HealthCare Global Enterprises Ltd)യില്‍ ജോലി ചെയ്യുന്നൊരു ഡോക്ടറുമായി റിജിലയുടെ കാര്യങ്ങൾ സംസാരിക്കാനിടയായി. അവരില്‍ നിന്നാണ് അന്ന് ഏറ്റവും പുതിയ ചികിത്സാരീതിയായ സൈബര്‍നൈഫി(Cyber knife)നെ കുറിച്ചറിയാനിടയായത്. പൊട്ടിയ ഞരമ്പ് കരിഞ്ഞുണങ്ങാൻ മൂന്നു വര്‍ഷമെടുക്കുമെങ്കിലും പാര്‍ശ്വഫലങ്ങളധികമില്ലാത്ത സൈബർനൈഫ് പരീക്ഷിക്കാനുറച്ച് റിജിലയും കുടുംബവും HCGയിലെത്തി. ഒന്ന്-രണ്ട് മണിക്കൂറില്‍ കൂടുതലെടുക്കാത്ത റേഡിയേഷൻ ചികിത്സയും കഴിഞ്ഞ് റിജില വീട്ടില്‍ തിരിച്ചെത്തി. മൂന്ന് വര്‍ഷത്തിനിടക്ക് വീണ്ടും രക്തപ്രവാഹമുണ്ടാകാനുള്ള സാദ്ധ്യത ഡോക്ടര്‍മാർ തള്ളിക്കളഞ്ഞിരുന്നില്ല. ചികിത്സക്ക് ശേഷം റിജിലയും കുഞ്ഞും ഒമാനിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോയി. കുറച്ചുകാലം വളരെ ക്ഷീണമായിരുന്നെന്ന് റിജില ഓര്‍ക്കുന്നുണ്ട്. മുടിയും കൊഴിഞ്ഞു പോയിരുന്നു. കുഞ്ഞിനോടൊപ്പം റിജിലയും ജീവിതത്തിലേക്ക് പതുക്കെപ്പതുക്കെ പിടിച്ചു നടക്കുകയായിരുന്നു. ഇടത്തെ കണ്ണിനും താഴോട്ടുള്ള കാഴ്ചയുമാണ് റിജിലയെ ബാധിച്ചിരിക്കുന്നത്.

ഓരോ ദിവസവും ബ്രെയിന്‍ അന്യൂറിസത്തെ കുറിച്ചുള്ള പുതുവിവരങ്ങളുമായി ഭിഷഗ്വരന്മാരെത്തുന്നതിൽ നിന്ന് അതിന്‍റെ കാര്യഗൗരവം മനസ്സിലാക്കാം. ലോകത്ത് 6-12 മില്യണ്‍ ആളുകളിൽ അന്യൂറിസം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പലരിലും ഇത് അറിയപ്പെടാതെ പോകുന്നു. സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും ആർക്കും ഏതു പ്രായത്തിലും ഇത് വരാം. പുകവലി, കുടുംബചരിത്രം, രക്തസമ്മര്‍ദ്ദം ഒക്കെ കാരണങ്ങളിൽ എഴുതി ചേര്‍ക്കാമെങ്കിലും ചിലപ്പോൾ ഇതൊന്നുമല്ലാതെയും ടൈംബോംബ് നമുക്കുള്ളിൽ ആധിപത്യം സ്ഥാപിക്കും. ശരിയായ സമയത്ത് വൈദ്യസഹായം ലഭ്യമാക്കുക മാത്രമല്ല രോഗനിര്‍ണ്ണയം നടത്തുകയെന്നതും പരമപ്രധാനമാണ്. റോബോട്ടിക് സൈബര്‍നൈഫ് എന്ന ഏറ്റവും പുതിയ ചികിത്സാരീതി ഇന്ന് കേരളത്തിൽ അമൃതാ ഹോസ്പിറ്റലില്‍ ലഭ്യമാണ്. ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള തലവേദനയോ, കഴുത്തുവേദനയോ ശ്രദ്ധയില്‍പ്പെട്ടാൽ എത്രയുംവേഗം ഡോക്ടറെ കാണുകയും, സ്വയം ചികിത്സക്ക് മുതിരാതിരിക്കലും ജീവൻ രക്ഷിക്കാന്‍ സഹായകമാകും. ഒരിക്കലും ഒരാളുടെ അനുഭവം വെച്ച് സ്വന്തമായി കണക്കുകൂട്ടലുകൾ നടത്താതിരിക്കുകയും പ്രാധാന്യമാണ്. ഓരോ ശരീരവും അത് പ്രതികരിക്കുന്ന രീതികളും വ്യത്യാസമാണെന്ന ബോധവല്‍ക്കരണ യജ്ഞവുമായി അനേകം ബ്രെയിൻ അന്യൂറിസം ഗ്രൂപ്പുകൾ വിദേശരാജ്യങ്ങളിൽ സജീവമാണ്.

നാട്ടിലെത്തിയെല്ലാമൊരു വിധത്തിൽ സ്വസ്ഥമായപ്പോഴാണ് പാതിവഴിക്ക് മുടങ്ങിയ പഠിത്തം റിജില വീണ്ടെടുക്കാൻ തീരുമാനിച്ചത്. പൊന്നാനി സ്കോളര്‍ കോളേജിൽ ചേര്‍ന്ന് ഡിഗ്രി അവസാനവര്‍ഷ ക്ലാസുകൾ പുനരാരംഭിച്ചു. പരീക്ഷയും എഴുതി. റിജിലയുടെ ഒന്നും രണ്ടും വര്‍ഷങ്ങളിലെ പരീക്ഷാഫലങ്ങളിൽ മാറ്റമുണ്ടാവില്ലെന്ന ഉറപ്പിൻ മേലാണ് അവസാനവര്‍ഷ പരീക്ഷക്കിരുന്നത്. പരീക്ഷാഫലം വന്നപ്പോൾ അവസാനവര്‍ഷത്തെ മാര്‍ക്കുകൾ മാത്രമേയുള്ളൂ മറ്റേതെല്ലാം യൂണിവേര്‍സിറ്റി തടഞ്ഞുവെച്ചിരിക്കുന്നു! യാത്രാവിലക്കുകളും, സമ്മര്‍ദ്ദങ്ങളും പാടില്ലെന്ന വൈദ്യശാസ്ത്ര മുന്നറിയിപ്പുകളെ  അവഗണിച്ചുകൊണ്ട് റിജിലയും സമീറും യൂണിവേര്‍സിറ്റിയിൽ കയറിയിറങ്ങി റിജിലയും സമീറും. വി.സിയേയും, സെനറ്റ് അംഗങ്ങളെയും, ജനപ്രതിനിധികളെയും മാറിമാറി കണ്ട് പഠനം മുടങ്ങിയ കാര്യകാരണങ്ങൾ ബോധിപ്പിച്ചും നിവേദനങ്ങൾ സമര്‍പ്പിച്ചും മറ്റൊരു പരീക്ഷണം ഘട്ടം കൂടെ റിജില തരണം ചെയ്തു. അസുഖം വന്നപ്പോഴുണ്ടായ മാനസ്സിക പ്രയാസങ്ങളെക്കാള്‍ തന്നെ തളര്‍ത്തിയത് ഡിഗ്രി ഒന്നുംരണ്ടും വര്‍ഷങ്ങളിലെ മാര്‍ക്കുകൾ തിരിച്ചു കിട്ടാനും ബി.എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുമുള്ള നെട്ടോട്ടങ്ങളായിരുന്നെന്ന് റിജില പറയുന്നു. ഒടുവിലാരുടെ ശ്രമഫലമായാണെന്നറിയില്ല യൂണിവേര്‍‌സിറ്റിയിൽ നിന്ന് റിജിലക്കനുകൂലമായ ഉത്തരവ് വന്നു.

പഠിച്ചതും വായിച്ചതും മറക്കുന്നു, ഓര്‍ത്തെടുക്കാൻ പ്രയാസപ്പെടുന്നതിനാൽ പരീക്ഷക്ക്‌ ഉത്തരമെഴുതുമ്പോൾ പഴയത് പോലെ ഒഴുക്ക് കിട്ടുന്നില്ലെന്ന ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും റിജില പിന്മാറാന്‍ തയ്യാറല്ല. ബി.എഡും നേടി കുറച്ചു കാലം പഠിച്ച കോളേജില്‍ തന്നെ ലക്ച്ചറായി ജോലി നോക്കിയതിനുശേഷം ഇപ്പോൾ എം.എ അവസാനവര്‍ഷ പരീക്ഷക്ക്‌ പഠിക്കുന്ന തിരക്കിലാണ്. കാറോടിക്കുന്നതിനുള്ള റിജിലയുടെ വിലക്ക് നീങ്ങിയിട്ടില്ലാത്തതിനാൽ സ്കൂട്ടിയിലാണ് സഞ്ചാരം. റിജിലക്കൊപ്പമുണ്ട് ഒന്‍പത് വയസുകാരി മകളും സമീറും. കഴിഞ്ഞുപോയതെല്ലാം റിജിലയേക്കാളും ഓര്‍മ്മയിലുള്ളത് ഉമ്മയ്ക്കും സമീറിനും അടുത്ത ബന്ധുക്കള്‍ക്കുമാണ്. അവരനുഭവിച്ച സംഘര്‍ഷം വാക്കുകളിലൂടെ പ്രകടിപ്പിക്കുക പ്രയാസമാണ്.

രോഗാവസ്ഥയില്‍ തണലായി നിന്നവരുടെ കരുത്തിലാണ് റിജിലയുടെ ജീവിതം തളിര്‍ക്കുന്നത്. മനോധൈര്യം കെടുത്തുന്ന സഹതാപത്തേക്കാൾ അവർക്കാവശ്യം ആത്മവിശ്വാസം കെടുത്താത്ത നോട്ടങ്ങളും വാക്കുകളുമാണ്‌. അതുമാത്രം മതിയാകും ഏതു ടിക്‌ടിക്‌ ശബ്ദത്തേയും നിശബ്ദമാക്കാൻ...


31 comments:

  1. റിജിലയെ മനസ്സിലാക്കാനും ആ വഴിയിലൂടെ സഞ്ചരിക്കാനും എനിക്ക് പ്രയാസമുണ്ടായിട്ടില്ല. ഒരുപാട് സ്നേഹത്തോടെ ഓര്‍ക്കുന്നു... റിജിലക്കൊപ്പം തന്നെ ഡോ. സൈബീഷ്, ഷാനവാസ്‌, ബബിത എന്നിവരെയും. :) :)

    ReplyDelete
  2. വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു. ഞാന്‍ ഇത്തരം സംഭവങ്ങളുടെ രണ്ടു ഭാഗത്തും നിന്നിട്ടുല്ലതിനാല്‍ വല്ലാതെ മനസ്സില്‍ തട്ടി. നന്നായി എഴുതി മുബീ. രാജിലാക്കും കുടുട്മ്ബതിനും നല്ലത് വരട്ടെ. ആമീന്‍
    She is a determined fighter. That is first and foremost thing one needs. Salutes

    ReplyDelete
    Replies
    1. Yes she is... Waiting for her MA results. Thanks Ashique.

      Delete
  3. തലക്കുള്ളിൽ ന്യൂറോ ബോമ്പുകൾ പൊട്ടിമുളച്ച് ,
    അതിനെ നീർവീര്യമാക്കിയ ഡോക്ട്ടന്മാരാൽ നിർവീര്യമാക്കപ്പെട്ട്
    ആയതിനെ അതിജീവിച്ച അമ്മക്കിളികൾ ജീവിതത്തിലേക്ക് മടങ്ങി വന്ന കഥകൾ ...

    ReplyDelete
    Replies
    1. നിശബ്ദമായി വെല്ലുവിളികളെ അതിജീവിക്കുന്നവരാണവര്‍ മുരളിയേട്ടാ...

      Delete
  4. ഇത്തരം ഓരോന്നു വായിക്കുമ്പോഴും ഇടപെടുമ്പോഴും ഒരു അമാനുഷനായ രക്ഷകനായി അവതരിക്കാൻ ശക്തമായി ആഗ്രഹിക്കാറുണ്ട്.
    റജിലയോടൊപ്പം നിൽക്കുമ്പോഴും ഇത്തരം ചികിൽസകൾ സാധാരണക്കാർക്കും കരഗതമാകുന്ന ഒരു കാലം സ്വപ്നം കാണുന്നു.

    അതിജീവനത്തിന്റെ കുറിപ്പിലേക്ക് ശ്രദ്ധ ക്ഷണിച്ചതിന് നന്ദി.. മുബീൻ.
    തുടരുക..

    ReplyDelete
    Replies
    1. അതുമൊരു സ്വപ്നമാണ് സേതുവേട്ടാ...രോഗം ആര്‍ക്കും വരാവുന്നതാണ്. എല്ലാവര്‍ക്കും ചികിത്സാസൗകര്യം ലഭ്യമാകുന്നൊരു കാലം വരുമായിരിക്കുമല്ലേ?

      Delete
  5. ജീവിതയാത്രയിലെ അപകടംപതിയിരുന്ന വീഥിയിലൂടെ ആത്മവിശ്വാസത്തോടെ,ആത്മധൈര്യത്തോടെ നടന്നുനീങ്ങിയ റിജിലയേയും താങ്ങുംതണലുമായി ഒപ്പംനീങ്ങിയ നന്മയുടെ പ്രതിരൂപങ്ങളെയും കാണാന്‍‌ കഴിഞ്ഞു മനസ്സില്‍ത്തട്ടിയ വായനയില്‍..........
    ആശംസകള്‍

    ReplyDelete
  6. വായിക്കാൻ ഭയമാണ് ഇത്തരം പോസ്റ്റുകൾ.... എന്തെല്ലാം അനുഭവിച്ചാലാണല്ലേ ജീവിതത്തിൽ...!

    ReplyDelete
    Replies
    1. അതെ, സത്യമാണ് വിനുവേട്ടാ...

      Delete
  7. സഹനത്തിന്റെ, പോരാട്ടത്തിന്റെ ഒടുവിൽ തിരികെ കിട്ടിയല്ലോ ഈ ഭൂമിയിലെ ജീവിതം.ഈശ്വരന് നന്ദി. ഹൃദയസ്പർശിയായ എഴുത്ത്. സംഘടിതയിലെ രോഗവഴികളിൽ കടന്നുപോയവരുടെ അനുഭവക്കുറിപ്പുകൾക്കിടയിൽ കണ്ടിരുന്നു ഇത്. ആശംസകൾ സുഹൃത്തേ.

    ReplyDelete
    Replies
    1. മറുപടി ഞാനാണ് എഴുതുന്നതെങ്കിലും റിജില വായിക്കുന്നുണ്ട് ഓരോ കമെന്റും. നിങ്ങളുടെ പ്രാർത്ഥനകൾക്കും പ്രോത്സാഹനത്തിനും സ്നേഹവും നന്ദിയും അറിയിച്ചിട്ടുണ്ട്..

      Delete
  8. ടൈംബോംബുകൾക്ക് നിർവീര്യമാക്കാൻ കഴിയാത്ത അമ്മക്കിളിസ്‌നേഹം... അതിജീവനത്തിന്റെ പാതയിൽ നന്മത്തണലായ പ്രിയപ്പെട്ടവർ... റിജിലാ , പോരാട്ടത്തിന്റെയൊടുവിൽ ഈശ്വരൻ അനുഗ്രഹിച്ചല്ലോ... എന്നും നന്മയുണ്ടാവട്ടെ...

    സംഘടിതയിൽ വായിച്ചിരുന്നു മുബി, സ്നേഹം...

    ReplyDelete
    Replies
    1. റിജില വായിക്കുന്നുണ്ട്. പ്രാർത്ഥനകൾക്കും പ്രോത്സാഹനത്തിനും സ്നേഹവും നന്ദിയും അറിയിച്ചിട്ടുണ്ട്..

      Delete
  9. ഒന്നും പറയാനില്ല, ആ കുടുംബത്തിനു നല്ലത് മാത്രം വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  10. ' പ്രതിസന്ധികളിൽ തളരാതെ..'
    ആ മനക്കരുത്തിന് ഒരു ബിഗ് സല്യൂട്ട് .
    ' മനോധൈര്യം കെടുത്തുന്ന സഹതാപത്തെക്കാൾ ആത്മവിശ്വാസം കെടുത്താത്ത നേട്ടങ്ങളും വാക്കുകളുമാണ്...' എത്ര അർത്ഥവത്തായ വാക്കുകൾ മുബീ..
    മനസ്സിൽ തട്ടി ഈ പോസ്റ്റ്. പോരാട്ടത്തിനൊടുവിൽ ഈശ്വരൻ കനിഞ്ഞില്ലേ.. ഇനിയും മുന്നോട്ടും റിജിലക്കും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    ReplyDelete
    Replies
    1. ആത്മവീര്യം കെടാതെ മുന്നോട്ട് പോകാന്‍ അവര്‍ക്ക് കഴിയട്ടെ ഗീത... സ്നേഹം :)

      Delete
  11. എപ്പോൾ എന്താണ് സംഭവിക്കുന്നത് എന്നറിയാത്തതാണ് ജീവിതം. ഒന്ന് വന്നു ഭവിച്ചാൽ അതിനെ നേരിടുക മാത്രമാണ് വഴി. സധൈര്യം നേരിടുക എന്ന് പറഞ്ഞാൽ അതിനു ഒരുപാട് കാര്യങ്ങൾ വേണം. സ്വന്തം മനസ്സ്, പിന്നെ കൂടെ നിൽക്കുന്നവരുടെ മനസ്സ്. ഇവിടെ അതെല്ലാം ഭാഗ്യത്തിന് അനുകൂലമായി. അത് കൊണ്ട് തന്നെയാണ് ചികിത്സയും വിജയിച്ചത്.
    (യൂണിവേഴ്സ്റ്റിറ്റി അധികാരികൾ അവർക്ക് കഴിയുന്ന രീതിയിൽ ബുദ്ധിമുട്ടിച്ചു. അതും ഒരു മനോ നില.)
    റിജിലാ ആശംസകൾ . മുന്നോട്ടു പോകൂ ലോകം കൂടെയുണ്ട്.
    മുബി നന്ദി





    ReplyDelete
    Replies
    1. റിജിലയുടെ നന്ദിയും സ്നേഹവും ഞാനിവിടെ പകര്‍ത്തുന്നു...

      Delete
  12. പ്രധാന ഞരമ്പുകളിലും അനുറിസം ഉണ്ടാകാം. 20 വർഷം മുമ്പ് അത്തരമൊരു കേസിൽ ഒരു പരീക്ഷണത്തിന് അമൃതയിലെ അധികൃതർ ക്ഷണിച്ചിരുന്നു. അവർ പോയില്ല.രോഗി ആറു വർഷം കൂടി ജീവിച്ചു.

    ReplyDelete
    Replies
    1. ശരിയാണ് വെട്ടത്താന്‍ ചേട്ടാ... കുടുംബത്തില്‍ ഒരു കുഞ്ഞിനു വന്നപ്പോഴാണ് ഇതിനെ കുറിച്ച് കൂടുതല്‍ വായിച്ചതും പഠിച്ചതും. അപ്പോഴും റിജിലയുണ്ടായിരുന്നു വഴികാട്ടിയായി.

      Delete
  13. മൗനമായ വല്ലാത്ത വിമ്മിഷ്ടം അനുഭവപ്പെട്ട വായന.(അല്ലാ,പുതിയ വായനക്കാരൊക്കെയായല്ലോ.)

    ReplyDelete
    Replies
    1. സുധി, ബ്ലോഗിലേക്ക് പുതിയവര്‍ വരട്ടെ, നല്ലതല്ലേ.

      Delete
  14. ഒരു റെജിലയെക്കുറിച്ച്‌ എന്റെ ഗുരു കുറച്ചുനാളുകൾക്ക്‌ മുൻപ്‌ പറഞ്ഞിരുന്നു.ആ റെജിലയാണോ ഈ റിജിലയെന്ന് ഗുരുവിനോട്‌ ഒന്ന് അന്വേഷിക്കട്ടെ.

    ReplyDelete
    Replies
    1. അന്വേഷിക്കൂ... അറിയാലോ ആരാന്ന്!

      Delete