2014 ഫെബ്രുവരി 9, ഞായറാഴ്‌ച

വിന്‍റര്‍ ഡാന്‍സ്


കുതിരവണ്ടിയും, കാളവണ്ടിയേയും പോലെ അഞ്ചു നായ്ക്കളെ പൂട്ടിയ വണ്ടിയില്‍ “കഥയിലെ രാജകുമാരനും രാജകുമാരിയും” പാഞ്ഞുപോയ ഒരു മനോഹര സ്വപ്നമാണീ വിന്‍റര്‍  ഡാന്‍സ്!


Hike! Hike!
മിസ്സിസ്സാഗയില്‍ നിന്ന് ഇരുന്നൂറ്റി എഴുപത് കിലോമീറ്റര്‍ അകലെയുള്ള ഹാലിബര്‍ട്ടനിലാണ് വിന്‍റര്‍ ഡാന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഡോഗ് സ്ലഡിംഗ് നടക്കുന്നത്. പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദമ്പതികളായ ഹാങ്കും ടാന്യയും അവരുടെ വളര്‍ത്തു നായകളായ സൈബീരിയന്‍ ഹസ്ക്കികളുമായി ശൈത്യകാല വിനോദമായി സ്വന്തം വീടിനടുത്ത് തുടങ്ങി കളിയാണ് ഇന്ന് കാര്യമായി ഹാലിബര്‍ട്ടന്‍ മലമ്പ്രദേശത്ത് നടത്തുന്നത്. നൂറ്റി അന്‍പതു സൈബീരിയന്‍ ഹസ്ക്കികള്‍ ഇന്നിവര്‍ക്ക് സ്വന്തമായുണ്ട്. ഹാങ്കും ടാന്യയും ഈ വര്‍ഷത്തെ  യുക്കോണ്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാനായി പോയിരിക്കുകയാണ്. 


മഞ്ഞു മൂടി കിടക്കുന്ന ഹാലിബര്‍ട്ടനിലെ ഊടുവഴികളില്‍ ഉപ്പോ മണലോ വിതറിയിട്ടില്ലാത്തതിനാല്‍ യാത്ര വെളുത്ത റോഡിലൂടെയായിരുന്നു.ഡോഗ് സ്ലഡിംഗിന്റെ സാഹസികത ചെറിയ തോതിലെങ്കിലും അങ്ങോട്ടുള്ള യാത്ര അറിയിച്ചു തുടങ്ങിയിരുന്നു. ഭംഗിയായി ഐസിംഗ് ചെയ്തു വെച്ചിരിക്കുന്ന കേക്കുകള്‍ പോലെ തോന്നിച്ചു വഴിയരികിലെ വീടുകളും, പാറക്കൂട്ടങ്ങളും, മരങ്ങളും. 

രാവിലെ ഒന്‍പത് മണിക്ക് ഞങ്ങള്‍ അവിടെയെത്തി. നാല് അടുക്കുകളായി വസ്ത്രങ്ങള്‍ ഇട്ടിട്ടും എനിക്ക് തണുപ്പിനെ ചെറുക്കാന്‍ വീണ്ടും രണ്ടു ജാക്കെറ്റുകളും കയ്യുറകളും ധരിക്കേണ്ടി വന്നു. സ്വന്തം ഉത്തരവാദിത്വത്തിലാണ് ഈ കായിക വിനോദം പരീക്ഷിക്കുന്നത് എന്നൊരു ഫോര്‍മില്‍ ഒപ്പിട്ടു കൊടുത്ത് കഴിഞ്ഞതോടെ ഞാനും ഹുസൈനും രണ്ട് മണിക്കൂറിനുള്ള റൈഡിനു തയ്യാറായി. എന്നെ കൂടെ കൂട്ടി പകുതി ദിവസത്തെ റൈഡിനു പോകാന്‍ മാത്രമുള്ള വിശ്വാസം ഇല്ലായിരുന്നിരിക്കണം. അതിനു കാരണവും ഉണ്ട്. ഭൂമിയുടെ ഈ പകുതിയില്‍ എത്തിപ്പെട്ടതിനു ശേഷമാണ് ശ്വാന വര്‍ഗ്ഗവുമായി എനിക്ക് ഇടപഴകേണ്ടി വന്നിട്ടുള്ളത്. അനിയത്തി വളര്‍ത്തിയ പോമറേനിയന്‍ പട്ടി കുഞ്ഞുമായി ഒരു കൈയകലം എന്നും ഞാന്‍ പാലിച്ചിരുന്നു. 



Hussain with his team
 
ഞങ്ങളുടെ ഗ്രൂപ്പില്‍ ഗൈഡിനെയും ചേര്‍ത്ത് നാല് ടീമുകള്‍. ഓരോ ടീമിനും അഞ്ചു ഹസ്ക്കികള്‍. ചുവപ്പും നീലയും കലര്‍ന്ന കയറിനു ഗാങ്ങ് ലൈന്‍ എന്നാണു പറയുന്നത്. ഇതാണ് മരം കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന സ്ലഡുമായി ബന്ധിപ്പിക്കുന്നത്. സ്ലഡില്‍ ഒരാള്‍ക്കിരിക്കാം. മറ്റേയാള്‍ സ്ലഡിനു പിന്നിലേക്ക് നീണ്ടു നില്‍ക്കുന്ന മരകാലുകളില്‍ രണ്ട് കാലും ഉറപ്പിച്ച് നില്‍ക്കണം. സ്പീഡ്‌ നിയന്ത്രിക്കാനുള്ള ഒരു ചെറിയ ബ്രേക്കും അവിടെയുണ്ട്.   ഗൈഡ്  യാത്രയുടെ നിയമങ്ങളും ഗാങ്ങ് ലൈനില്‍ നിര്‍ത്തുന്ന ഹസ്ക്കികളുടെ ജോലിയും, അവരോടു പറയേണ്ട വാക്കുകളും പറഞ്ഞു തന്നു. ചെറുപ്പത്തില്‍ കവുങ്ങും പാളയില്‍ ഇരുന്നു വലിച്ചു ഓടുമ്പോള്‍ തൊലിയുരഞ്ഞ കാലുകളെ ഓര്‍ത്തു നില്‍കുമ്പോഴാണ് ഗൈഡ് ഞങ്ങള്‍ളെ വിളിച്ച് പോകാനുള്ള വണ്ടി കാണിച്ചു തന്നത്. ഏറ്റവും പിന്നിലാണ് ഞങ്ങള്‍ മുന്നില്‍ ഗൈഡ്. അയാളുടെ ഹസ്ക്കികളുടെ അടുക്കലേക്ക് പരിചയപ്പെടാന്‍ ചെല്ലേണ്ടന്ന് പ്രത്യേകം പറഞ്ഞിരുന്നു. കാരണം അവര്‍ പരിശീലനത്തിലാണെത്രേ. 



ജൂനിയർ 
 
യുക്കോണ്‍ മത്സരത്തെ കുറിച്ച് സംസാരിച്ചത് കൊണ്ടാവാം ഞങ്ങള്‍ക്ക് ആയിരം മൈല്‍ ഓടി തികച്ച ജൂനിയര്‍ എന്ന് പേരുള്ള ഹസ്ക്കിയെ ടീമില്‍ ഇട്ടത്. ഗാങ്ങ് ലൈനില്‍ ഏറ്റവും മുന്നിലായി രണ്ട് ഹസ്ക്കികള്‍ അവരാണ് ടീമിനെ നയിക്കുന്നത്. നടുവില്‍ ഒരാള്‍, അവനാണ് സ്വിംഗ് ഡോഗ്, മുന്നിലെ രണ്ടു പേരെ നേരെ നടത്തുന്ന പ്രധാനി. ഏറ്റവും പിന്നിലായി രണ്ടു പേരുണ്ട് അവരാണ് വീല്‍ ഡോഗ്സ്. വളവിലും തിരിവിലും ഭാരം ഏല്‍ക്കാന്‍ കെല്‍പ്പുള്ളവര്‍. ഈ ഗാങ്ങ് ലൈനിന്‍റെ പിന്നിലാണ് വണ്ടിയും വണ്ടിക്കാരനും... കൂട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഹസ്ക്കികള്‍ക്ക് ഞങ്ങളെക്കാള്‍ തിരക്കായിരുന്നു. പുറത്തു തലോടിയോ കെട്ടിപിടിച്ചോ ഓമനിക്കാം എന്നല്ലാതെ അവര്‍ക്ക് തീറ്റയൊന്നും നല്‍കാന്‍ പാടില്ല. ഞങ്ങളുടെ ടീമില്‍ നാണം കുണുങ്ങിയായ സ്നൂപിയും, ഫാന്റവുമായിരുന്നു മുന്നില്‍. കരുത്തനായ ജൂനിയര്‍ നടുവില്‍, പിന്നിലായി മറ്റു രണ്ടുപേരും കൂടെ റെഡി ആയപ്പോള്‍ ഞാന്‍ വണ്ടിയില്‍ കയറി കാലും നീട്ടി ഇരുന്നു. 



On the trail
 
യാത്രക്ക് മുന്‍പുള്ള ഗൈഡിന്റെ സ്റ്റഡി ക്ലാസ്സില്‍ ഹസ്ക്കികളോട് പറയേണ്ട വാക്കുകള്‍ പറഞ്ഞു തന്നിരുന്നു. മുന്നോട്ടു പായാന്‍ “ഹൈക്ക്”, പാച്ചില്‍ നിര്‍ത്താന്‍ ബ്രേക്ക് മാത്രം പോരാ “വാഹ്‌” എന്നുകൂടെ പറയണം. എന്നോടാണ് ഹുസൈന്‍ ഇത് പറയാന്‍ ഏല്‍പ്പിച്ചത്. മറ്റൊരു പണിയും കൂടെ എനിക്കുണ്ടായിരുന്നു, ഫോട്ടോ എടുക്കുക എന്നത്. ബാക്കിയെല്ലാം മൂപ്പര് നോക്കിക്കൊള്ളാം എന്നും പറഞ്ഞു. എല്ലാവരും ഉഷാറായി, കൈ ഉയര്‍ത്തി കാണിച്ചു ഗൈഡ് മുന്നോട്ട് പാഞ്ഞു അതിനു പുറകിലായി മറ്റു രണ്ടു ടീമുകളും. പിന്നെ “ഹൈക്ക്” പറയേണ്ടത് എന്റെ ഊഴമായിരുന്നു. ഞാനും പറഞ്ഞു ഒരു “ഹൈക്ക്”... അതാ ഞങ്ങളും പാച്ചില്‍ തുടങ്ങി. ഇവര് മോശല്ല്യാല്ലോ എന്നും കരുതി, ക്യാമറയില്‍ ഞെക്കാവുന്ന എല്ലാ ബട്ടണിലും ഞെക്കി കുറെ ഫോട്ടോയും എടുത്തു ഗമയില്‍ ഞാന്‍ ഇരുന്നു. ഗൈഡ് ഇടയ്ക്കിടയ്ക്ക് നിര്‍ത്തി എല്ലാവരെയും വന്നു നോക്കി പോകും. യാത്ര തുടങ്ങുമ്പോള്‍ വീണ്ടും ഞാന്‍ “ഹൈക്ക്” പറയും. അങ്ങിനെ ഒരിടത്ത് നിര്‍ത്തി വീണ്ടും പുറപ്പെടുമ്പോള്‍ ഞാന്‍ “ഹായ്” എന്നാണ് പറഞ്ഞത്. അഞ്ചു പേരും എന്നെ തിരിഞ്ഞു  നോക്കി അനങ്ങാതെ നില്‍ക്കുന്നു.  ഇവരെന്താ എന്നെ നോക്ക്യോണ്ട് നിക്കണത് എന്ന് ചോദിച്ചതിന് “ഹൈക്കി"നു പകരം 'ഹായ്' എന്നല്ലേ നീ പറഞ്ഞത് എന്ന മറുപടി കേട്ടപ്പോഴാണ് അബദ്ധം മനസ്സിലായത്‌. ഒരക്ഷരം തെറ്റിയപ്പോഴേക്കും “എന്താ ടീച്ചറെ ഇങ്ങിനെ”യെന്ന ഭാവത്തിലായിരുന്നു അഞ്ചു പേരുടെയും നോട്ടം!



ട്രെയിലിനുള്ളിലൂടെ കയറ്റങ്ങളും ഇറക്കങ്ങളും വണ്ടിയും വലിച്ചോടുന്ന ഹസ്ക്കികള്‍, ആ വണ്ടിയില്‍ ഞാന്‍! പണ്ട് വായിച്ച ഏതോ റഷ്യന്‍ കഥയിലെ കഥാപാത്രമായി ഞാന്‍ മാറുകയായിരുന്നു. സ്വപ്നവും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാനാകാതെ ഇരിക്കുന്നതിനിടയിലാണ് ട്രെയിലില്‍ നിന്ന് മാറി മഞ്ഞില്‍ ഉറഞ്ഞു പോയ തടാകം മുറിച്ചു കടന്നു അപ്പുറത്തേക്ക് പോകുകയാണെന്ന് ഗൈഡ് വിളിച്ചു പറഞ്ഞത്. ഐസ് ശരിക്കുറച്ചിരിക്കുമോയെന്നായി എന്‍റെ സംശയം. എന്നെ വലിച്ച് കൊണ്ടോടുന്ന അഞ്ചംഗസംഘത്തിനാണെങ്കിലോ ഒരു സംശയവുമില്ല. അവരുടെ സന്തോഷത്തിലായിരുന്നു എന്‍റെ വിശ്വാസമത്രെയും.


Crossing the Lake
നിശബ്ദതയുടെ സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കേണ്ടായെന്നു കരുതിയാവണം ഹസ്ക്കികളും തടാകത്തിലൂടെ ഓടുമ്പോള്‍ വളരെ ശാന്തരായിരുന്നു. ഞങ്ങള്‍ തടാകം കടന്ന് മറുകരയില്‍ എത്തിയപ്പോള്‍ വിശ്രമത്തിനായി കുറച്ചു നേരം നിന്നു. എന്‍റെ കയ്യില്‍ നിന്നു ക്യാമറ വാങ്ങി ഹുസൈന്‍ ഫോട്ടോയെടുപ്പില്‍ മുഴുകിയ തക്കത്തിന് അഞ്ചാളും കൂടെ എന്നെയും വലിച്ചോണ്ട് ഒറ്റെയോട്ടം! അധികദൂരം ഞങ്ങള്‍ക്ക് ഒളിച്ചോടാന്‍ പറ്റിയില്ല അതിനു മുന്നേ മറ്റു ടീമുക്കാരും ഗൈഡും ഓടിയെത്തി ഞങ്ങളെ പിടിച്ചു നിര്‍ത്തി. ഹുസൈന്‍ തലേംകുത്തി വീണിടത്ത് നിന്നു കൊട്ടിപിടഞ്ഞു എണീറ്റ്‌ വരുമ്പോള്‍ കുറുമ്പന്മാരുടെ മുഖത്തൊരു കള്ളചിരി. ഞാന്‍ ഒരു വാക്ക് തെറ്റി പറഞ്ഞതിന് എനിക്കിട്ട് പണി തന്നതാണോയെന്നും അറിയില്ല...



രണ്ടു മണിക്കൂര്‍ നേരത്തെ ഓട്ടം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍  ആഗ്രഹിച്ച സ്വപ്നം കണ്ടുണര്‍ന്ന പോലെയായിരുന്നെനിക്ക്. യുക്കോണില്‍ നടക്കുന്ന മല്‍സരം വായിക്കുകയും അതിനെ കുറിച്ച് എഴുതുകയും ചെയ്തിരുന്നെങ്കിലും ഡോഗ് സ്ലഡിംഗ് അനുഭവിച്ചറിയാനാവുമെന്ന് കരുതിയിരുന്നില്ല.  വിന്‍റര്‍  ഡാന്‍സില്‍ നിന്നിറങ്ങുമ്പോള്‍ ഹാങ്കിനെയും ടാന്യയെയും കാണാന്‍ കഴിഞ്ഞില്ലല്ലോയെന്ന വിഷമമുണ്ടായിരുന്നു. വീണ്ടും ഒരിക്കല്‍ കൂടെ ഞങ്ങളുടെ സ്വപ്നത്തെ കുറിച്ച് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഇവിടെ വരണം... 





Met Hank on Feb 22, 2014
 

72 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. Thnx...പകുതി വിശേഷങ്ങള്‍ കേട്ടില്ലേ ആദ്യം അതുകൊണ്ട് തോന്നുന്നതാ.. :)

      ഇല്ലാതാക്കൂ
  2. ഇത് പട്ടാമ്പിയിലെ രാജകുമാരിയാണല്ലോ?? :)
    വിവരണം നന്നായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചുമ്മാ പറഞ്ഞതല്ലേ വേണുവേട്ടാ... സ്നേഹം ഈ വരികള്‍ക്ക് :)

      ഇല്ലാതാക്കൂ
  3. പതിവ് പോലെ ഫോട്ടോസും വിവരണവും നന്നായി :)

    മറുപടിഇല്ലാതാക്കൂ
  4. വിവരണവും ഫോട്ടകളും ഇഷ്ടപ്പെട്ടു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. രസകരമായ അനുഭവം. എനിക്കാ വീടുകളുടെ ഫോട്ടോയാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. മുബി പറഞ്ഞതുപോലെ ഐസിങ്ങ് ചെയ്ത് വെച്ചിരിക്കുന്ന കേക്കുകളെ ഓര്‍മ്മിപ്പിച്ചു അവ.

    മറുപടിഇല്ലാതാക്കൂ
  6. കുട്ടിക്കാലത്ത് കടലാസുകുട്ടിയും കാറ്റണ്ണനും എന്നൊരു കഥാപുസ്തകം വായിച്ചിട്ടുണ്ട്. കാറ്റ് ഒരു കടലാസിനെ പലനാടുകളിലൂടെ പറത്തിക്കൊണ്ടുപോയി അവിടുത്തെ കാഴ്ചകൾ കാണിച്ചുകൊടുക്കുന്നതാണ് പുസ്തകത്തിന്റെ പ്രതിപാദ്യം. അതിൽ വായിച്ചറിഞ്ഞ സ്വപ്നതുല്യമായ ഒരു മഞ്ഞുദേശവും, മഞ്ഞിലൂടെ വണ്ടി വലിക്കുന്ന നായകളും ഉള്ള ഒരു രാജ്യമുണ്ടായിരുന്നു.....

    ആ സ്വപ്നരാജ്യത്ത് സ്വപ്നംപോലെ സമയം ചിലവഴിച്ച മലയാളിക്കൂട്ടങ്ങളോട് അസൂയ തോന്നാതിരിക്കാനുള്ള വിശാലഹൃദയത്വമുന്നും എനിക്കില്ല......

    അപ്രാപ്യമായ ഈ നാടുകളെക്കുറിച്ച് ഇനിയും എഴുതൂ .....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാഷേ, ഇങ്ങിനെയുള്ള അനുഭവങ്ങളിലൂടെയാണ് പല ആളുകളെയും, അവരുടെ ജീവിത രീതികളെയും മറ്റും അറിയാനാകുന്നത്. ദൂരയാത്രക്ക് പറ്റാത്തതിനാല്‍ നാട്ടിലിരുന്ന് എന്‍റെ വരികളിലൂടെ എല്ലാം കാണുന്ന ഉപ്പയും ഉമ്മയും. അതിനാല്‍ എത്ര മടി പിടിച്ചാലും യാത്ര കഴിഞ്ഞെത്തിയാല്‍ എഴുതിയിടും...



      ഇല്ലാതാക്കൂ
  7. മുബീ കേമായിട്ടുണ്ട് ഈ സവാരി.. വളരെ ഇഷ്ടമായി..

    മറുപടിഇല്ലാതാക്കൂ
  8. 8 ബിലോ എന്ന സിനിമ കണ്ടതില്‍ പിന്നെ എനിയ്ക്ക് ഈ നായകളോട് വല്ലാത്ത സ്നേഹം. കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാനുള്ള സ്നേഹം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യത്തില്‍ എനിക്ക് പേടിയാണ് നായ്ക്കളെ. പക്ഷെ ഇവരുടെ അടുത്ത് കുറച്ചു നേരം ചിലവഴിച്ചപ്പോള്‍ പേടിയും പോയി വല്ലാത്ത ഒരിഷ്ടം...

      ഇല്ലാതാക്കൂ
  9. കൊതിപ്പിക്കുന്ന മഞ്ഞിൻ താഴ് വരയിലെ അറിയാത്ത സവാരിക്കായ് ആശംസകൾ വിവരണമീ ഭംഗിയിൽ എഴുതി ചേർത്തു

    മറുപടിഇല്ലാതാക്കൂ
  10. ചിത്രങ്ങളും വിവരണങ്ങളും നല്‍കി നല്ലൊരു യാത്ര.
    അത് കാണുമ്പോള്‍ തന്നെ തണുത്ത് വിറക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാറ്റ് വീശുകയാണെങ്കില്‍ തണുപ്പ് കൂടും. അന്ന് കുറവായിരുന്നു...

      നന്ദി റാംജിയേട്ടാ

      ഇല്ലാതാക്കൂ
  11. വളരെ ഗംഭീരമായി പകർത്തി
    വെച്ചിരിക്കുന്നമഞ്ഞുത്സവ അനുഭവങ്ങൾ..
    ഇതൊന്നും കാണാത്തവർക്കൊക്കെ പങ്കുവെച്ച് ,
    മുബി ഏവരുടേയും കുശുമ്പും കുന്നായ്മയുമൊക്കെ
    വാരികൂട്ടുമെന്നാ ഇത് കണ്ടിട്ട് തോന്നുന്നത് കേട്ടൊ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓരോ യാത്രാവിവരണങ്ങള്‍ വായിക്കുമ്പോഴും ഞാനും ഇതുപോലെ അസൂയപ്പെടാറുണ്ട്. എന്താ ചെയ്യാ... എന്‍റെ വരികളിലൂടെ നിങ്ങള്‍ക്കും യാത്ര ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ... അതോര്‍ക്കുമ്പോള്‍ സന്തോഷം... സ്നേഹം :)

      ഇല്ലാതാക്കൂ
  12. സിനിമയിലും പുസ്തകത്തിലുമുള്ള റഷ്യ ഒരുസ്വപനമാണ്.
    മിതമായ അവതരണവും മനോഹരമായ ചിത്രങ്ങളും !

    ചില യാത്രാവിവരണത്തില്‍ വായനക്കാര്‍ക്ക് രസിക്കും എന്ന മിഥ്യാധാരണയില്‍ കാച്ചിവിടുന്ന വിറ്റുകള്‍ നെഗറ്റീവ് ഇഫെകറ്റ് ആണ് ഉണ്ടാക്കുക.

    ഇവിടെ, ഒരു നല്ല ഉല്ലാസാനുഭവം വായിച്ച സന്തോഷം അറിയിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  13. സ്വപ്നം പോലെ മോഹിപ്പിക്കുന്ന വിവരണം... അസ്സലായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുഞ്ഞേച്ചിയെ അടുത്ത പ്രാവശ്യം മ്മക്ക് പോവാട്ടോ...

      ഇല്ലാതാക്കൂ
  14. അസൂയ തോന്നുന്നല്ലോ.. മനോഹരമായ വിവരണം,സഞ്ചാരി പോലെ.. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ഫിറോസ്‌... അസൂയ ആരോഗ്യത്തിന് ഹാനികരം" എന്നും പറയാല്ലേ?

      ഇല്ലാതാക്കൂ
  15. മറുപടികൾ
    1. ഈ യാത്രയില്‍ പങ്കാളിയാകാന്‍ എത്തിയല്ലോ, സന്തോഷം സുഹൃത്തേ

      ഇല്ലാതാക്കൂ
  16. ഇത് ഞാന്‍ നേരത്തെ കണ്ടില്ലലോ..
    നിങ്ങള്‍ മഹാ ഭാഗ്യവതി തന്നെ.. രാജകുമാരിയായി പട്ടി വലിക്കുന്ന കുതിരയില്‍ സഞ്ചാരം. ഏതോ ആരു യൂറോപ്യന്‍ നാടോടി കഥപോലെ.
    ശെരിക്കും അസൂയ തോന്നുന്നു. സത്യം.
    മഞ്ഞും സ്നോയും ഒക്കെ ഞാന്‍ ഒരിക്കലെ അറിഞ്ഞിട്ടുളൂ.. അന്നേ ഞാന്‍ അവയുമായി പ്രണയത്തിലാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പണ്ട് പണ്ട് ഒരു രാജകുമാരനും രാജകുമാരിയും.... ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട് ഇതെല്ലാം അതാണ്‌ പലര്‍ക്കും ആ പഴയ റഷ്യന്‍ നാടോടി കഥകള്‍ ഓര്‍ക്കാനായത്.. :)

      ഇല്ലാതാക്കൂ
  17. ലംബന്റെ ശ്രദ്ധയ്ക്ക്: ഗാബോണില്‍ മഞ്ഞുവീഴ്ച്ചയ്ക്കുള്ള ഏര്‍പ്പാടുകള്‍ ഉടനെ തന്നെ ചെയ്യുന്നതായിരിയ്ക്കും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹഹഹ അജിത്തേട്ടാ... ഇവിടെന്ന് കൊറിയര്‍ അയക്കാം ശ്രീജിത്ത്. ഇങ്ങോട്ട് വന്നാല്‍ ഞങ്ങളെങ്ങിനെ അവിടുത്തെ വിശേഷങ്ങള്‍ അറിയും?

      ഇല്ലാതാക്കൂ
    2. ഗ്ലോബല്‍ ക്ലിമെറ്റ് ചേഞ്ച്‌ മൂലം ഇനി അങ്ങിനേം സംഭവിച്ചുകൂടയ്ക ഇല്ല. ഉടനെ അങ്ങിനെ വല്ലോം സംഭവിച്ചാല്‍ ഞാന്‍ ഇവിടെ തണുത്തു മരിക്കും. അങ്ങിനെയെങ്കില്‍ അതിനെ മൊത്തം ഉത്തരവാദിത്തം അജിതെട്ടനും മുബിക്കും ആയിരിക്കും.

      ഇല്ലാതാക്കൂ
  18. "ഹായ്‌" ഛെ.. "വാഹ്" മുബി ടീച്ചറെ..! ഹഹഹഹ... നിക്കണ്ട വിട്ടോ..! ഇനീം പോരട്ടെ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥ പറച്ചില് പാതി വഴിക്കിട്ട്, ന്നെ ഓടിക്കാനാ ഇങ്ങട് പോന്നത് സിറൂസ്സ് ? :)

      ഇല്ലാതാക്കൂ
  19. ഞമ്മക്ക് ഈ കളിയെ കുറിച്ചുള്ള വിവരം പുതിയതാ
    മുബിനറെ വല്ലിമ്മ കാണണ്ട ഈ ഫോട്ടോ നായി നജസ്സാണ് എന്ന് മൂപ്പത്തി പരയായിരിക്കും അല്ലെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മൂസ്സാക്ക, അങ്ങിനെ പറയാന്‍ വെല്ലിമ്മ ഇന്നില്ല, ഒരു പക്ഷെ ഉണ്ടായിരുന്നെങ്കില്‍ പറയുമായിരുന്നോ എന്ന് സംശയമാണ്. ചിലപ്പോ കൗതുകത്തോടെ കേട്ടിരിക്കും. ഡിഗ്രി കഴിഞ്ഞിട്ട് ഇനിയും പഠിക്കണം എന്ന് പറഞ്ഞപ്പോ വെല്ലിമ്മാക്കായിരുന്നു കൂടുതല്‍ സന്തോഷം...

      ഇല്ലാതാക്കൂ
  20. ആഹ്ലാദത്തോടെയാണ് ഒപ്പം യാത്ര തുടങ്ങിയത്.. മഞ്ഞും തണുപ്പും കുത്തനെയുള്ള കയറ്റിറക്കങ്ങളും ഒക്കെ ആസ്വദിച്ചു. പക്ഷെ,മഞ്ഞില്‍ ഉറഞ്ഞുപോയ തടാകം മുറിച്ചു കടക്കുമ്പോള്‍ ശരിക്കും പേടിച്ചു പോയി..
    മഞ്ഞുപാളികള്‍ക്ക് മുകളിലൂടെയുള്ള ഈ ഒരു യാത്രാനുഭവത്തെ കുറിച്ച് ആദ്യമായാണ്‌ വായിക്കുന്നത്.വളരെ ഹൃദ്യമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  21. Asslamualikum mubi when i read this discribsion ifelt like iam going through that place

    മറുപടിഇല്ലാതാക്കൂ
  22. സവാരിയും വിവരണവും കേമമായി. ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  23. വായനാസുഖം നല്കുന്ന വിവരണം ....ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
  24. മുബ്യെ!! വായന സുഖിച്ചു & അസൂയയും തോന്നി ട്ടാ.. മുബിസ് പറഞ്ഞത് പോലെ റഷ്യന്‍ നാടോടിക്കഥ തന്നെ!! ഞങ്ങളും ഇമ്മാതിരി ഒരു പദ്ധതിക്ക് പ്ലാന്‍ ഇടുന്നുണ്ട് ;). ഫോട്ടോസ് പതിവ് പോലെ നന്നായി എന്ന് ഹുസൈനോട് പറയണം ട്ടോ :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആര്‍ഷെ... തിരക്ക് കൂടിയോ? ഹുസൈനോട് പറയാം... താങ്ക്സ്

      ഇല്ലാതാക്കൂ
  25. കഥയിലെ രാജകുമാരന്റെയും , രാജകുമാരിയുടെയും സവാരി പെരുത്ത് ഇഷ്ടായി മുബീ ..ഫോട്ടോസും നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  26. എന്നത്തെയും പോലെ ഇന്നും മുബി മനോഹരമായ സ്വപ്നങ്ങളിലെയ്ക്ക് എന്നെ കൈപിടിച്ച് കൊണ്ടുപോയി ...മുബി പങ്കിടുന്ന ......ഈ വിശേഷങ്ങള്‍ എന്‍റെ പ്രിയപ്പെട്ടവരോട് പറയുക ഒരു പതിവാക്കിയിരിക്കുകയാണ് ലേശം ഗമയോടെ ...തുടരുക ...വീണ്ടും വീണ്ടും കൊതിപ്പിക്കുക ...........സ്വന്തം മിനി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം മിനി.... എന്‍റെ വിശേഷം പറച്ചിലുകള്‍ ഇഷ്ടാവുന്നു എന്നറിയുമ്പോള്‍... :) :)

      ഇല്ലാതാക്കൂ
  27. ഒരു കഥ ഓർമ്മവരുന്നു ! യെമെല്യ കൽപ്പിക്കുന്നു ..ഡോൾഫിൻ കൊണ്ട് വരുന്നു എന്നത്..വായിച്ചതിന്റെ അതിശയം തീർന്നില്ല ...പക്ഷെ ഈ ശ്വാനന്മാരോട് എങ്ങനെ അടുക്കും ! ദൈവമേ! എനിക്കവയോളം പേടി ഉള്ള മറ്റൊന്നില്ല :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുറിഞ്ഞി, ഇവര്‍ വര്‍ക്കിംഗ്‌ ഡോഗ്സ് ആണ്. ഒരു പരിതി വിട്ടു ഇവ അടുപ്പം കാണിക്കുകയില്ല... എനിക്കും പേടിയാണ് പക്ഷേ ഇവരെ ഇഷ്ടായി...

      ഇല്ലാതാക്കൂ
  28. രസകരവും വിജ്ഞാനപ്രദവുമായ ലേഖനം. നന്നായി എഴുതിയിരിക്കുന്നു ...
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ