2026 മാർച്ച് 11, ബുധനാഴ്‌ച

കുരുമുളക് മണമേറ്റുറങ്ങുന്ന ഫറോവമാർ - പുസ്തകപരിചയം

അബഹയിലെ തണുത്ത സായാഹ്നങ്ങളിൽ മുന്തിരിയിലകൾക്കുള്ളിൽ അരിയും മസാലയും നിറച്ച് വേവിച്ചെടുക്കുന്ന വറഖ് എനബ് പാത്രവുമായി പുഞ്ചിരിയോടെ അമാനി കടന്നു വന്നു. പ്രവാസത്തിൻ്റെ കയ്പ്പു രസം പടർന്ന എൻ്റെ മുഖത്ത് തലോടി ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച് ഉമ്മുൽ ദുനിയയുടെ കഥകൾ പറഞ്ഞ് ഭക്ഷണം വിളമ്പി. ചരിത്ര പാഠങ്ങളേക്കാൾ ആഴവും പരപ്പുമുണ്ടായിരുന്നു അമാനിയുടെ നൈൽ നദിക്കും ഈജിപ്തിനും. തൻ്റെ നാടിൻ്റെ രുചിയും മണവും കഥകളും കൊണ്ട് എൻ്റെ വയറും മനസ്സും നിറച്ചതു കൊണ്ടാവും ഈജിപ്തെന്നാൽ അമാനിയുടെ സ്നേഹത്തിൻ്റെ  മറുവാക്കാകുന്നത്.

വി. മുസഫർ അഹമ്മദിൻ്റെ  "കുരുമുളക് മണമേറ്റുറങ്ങുന്ന ഫറോവമാർ" എന്ന യാത്രാവിവരണ പുസ്തകം തുടങ്ങുന്നതും ഒരു സൗഹൃദത്തിൻ്റെ ഓർമ്മയിലാണ്. ചരിത്രവും സംസ്കാരവും ഇഴചേർന്ന ഈജിപ്തിലേക്ക് തൻ്റെ പങ്കാളിയോടൊപ്പം നടത്തിയ യാത്രയുടെ വിശേഷങ്ങളിലേക്ക് കടക്കുമ്പോൾ അദ്ദേഹം പറയുന്ന, “ജീവിച്ചിരുന്നവരേക്കാൾ മരണത്തെ അനശ്വരമാക്കിയവരുടെ നഗരം കൂടിയാണ് കെയ്‌റോ” എന്നത് പുസ്തകം വായിച്ചവസാനിപ്പിക്കുമ്പോൾ എത്രമാത്രം അർത്ഥവത്താണെന്ന് ബോധ്യപ്പെടും.

Mobile Click: Mubi


പുരാതന ചരിത്രവും ആധുനിക ജീവിതവും ഒത്തു ചേരുന്ന ആയിരം മിനാരങ്ങളുടെ നഗരമായ കയ്‌റോയിലെ ബോർഡില്ലാത്ത നഗീബ് മഹ്ഫൂസ് മ്യുസിയത്തിൽ നിന്ന് തുടങ്ങുന്ന യാത്ര അവിടുത്തെ ശേഖരങ്ങളുടെ വിശദമായ വിവരണം മാത്രമല്ല മറിച്ച് മുസഫർ അഹമ്മദെന്ന എഴുത്തുകാരൻ്റെ വിശാലമായ വായനയുടെയും സഞ്ചാരങ്ങളുടെയും പ്രതിഫലനം കൂടിയായാണ് വായനക്കാർക്ക് അനുഭവപ്പെടുക. ഓരോ പ്രദർശനവസ്തുക്കളെ വിവരിക്കുവോഴും അതിനെ പരാമർശിക്കുന്ന സാഹിത്യ സൃഷ്ടികളെയും മുസഫർ പരിചയപ്പെടുത്തുന്നു. യാത്രയോടൊപ്പം തന്നെ പല സാഹിത്യകൃതികളിലേക്കും വായന നമ്മെ കൊണ്ടുപോകുന്നുണ്ട്.

ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്ന “ഓൺ ടൂർ” മമ്മികളെ കുറിച്ച് വായിച്ചപ്പോഴാണ് ഒരു യാത്രയിൽ ബ്രിട്ടീഷ് മ്യുസിയത്തിൽ ഞാൻ കണ്ട മമ്മി ഇങ്ങനെ ഓൺ ടൂറിലെത്തിയതായിരിക്കുമല്ലോ എന്നോർത്തു പോയത്. അല്ലെങ്കിലും ഒരിടത്തെ മാത്രം ചില്ലു കൂട്ടിലിരുന്നാൽ മമ്മിക്കാണെങ്കിലും ബോറഡിക്കും. അതുകൊണ്ട് ഈ ടൂർ പ്രോഗ്രാം നല്ലതാണ്. അടുത്തത് ലോക സഞ്ചാരിയായ കുരുമുളകിൻ്റെ കാര്യമാണ്. റംസീസ് രണ്ടാമൻ മമ്മിയുടെ മൂക്കിൽ കണ്ട കുരുമുളക്‌ തരികളെ കുറിച്ച് വന്ന വാർത്തകളെ പരാമർശിച്ച് കൊണ്ടാണ് മുസഫർ മമ്മി കാഴ്ച്ചകൾ നമുക്ക് കാണിച്ചു തരുന്നത്. എന്തിനായിരിക്കും കുരുമുളക് മമ്മികൾക്കായി ഉപയോഗിച്ചിട്ടുണ്ടാവുക എന്ന ചോദ്യം അവശേഷിക്കുകയാണ്. അറിയാലോകത്തേക്ക് യാത്രയാകുമ്പോൾ എരിവിനായി വിലയേറിയ മലയാളിയുടെ സ്വന്തം കറുത്ത പൊന്നിനേയും കൂടെ കൂട്ടിയതാകാം..

മനുഷ്യ ചരിത്രത്തിലെ മൊഴിയും ഭാഷയും ലിപിയും അടയാളപ്പെടുത്തിയ ലിപിത്തൂൺ, സംരക്ഷണ ദേവതമാർ, ഇരുന്ന് പ്രസവിക്കുന്ന ദേവത, നീല മുത്ത് പതിപ്പിച്ച ആഭരണങ്ങൾ, 3000 വര്ഷം പഴക്കമുള്ള കൃത്രിമ പെരുവിരൽ, സ്വർണ്ണം പൂശിയ രഥം, ഈജിപ്ഷ്യൻ കർഷകസ്ത്രീ തുടങ്ങി മ്യുസിയം കാഴ്ചകൾ ചരിത്ര പഠനത്തിൻ്റെ മറ്റൊരു ലോകത്തേക്ക് നമ്മളെ നയിക്കുന്നു.  ഇതിൽ ലിപിത്തൂണിൻ്റെ പരാമർശങ്ങൾ വളരെ ശ്രദ്ധേയമാണ്. ഈജിപ്തിൻ്റെ ജീവരക്തമായ നൈൽ നദിയുടെ പടിഞ്ഞാറേ അറ്റത്തെ ഗിസ്സേ പീഠഭൂമിയിലെ പിരമിഡുകളുടെ അദ്ധ്യായവും എടുത്തുപറയേണ്ടതാണ്. മനുഷ്യൻ്റെ നീളവും വീതിയും അളന്നിരുന്ന ക്യൂബിറ്റ് റോഡ് എന്ന സ്കെയിൽ ഗ്രേറ്റ് പിരമിഡിലേക്ക് പോകുന്നതിന് മുൻപ് കയറിയ ചെറിയ മ്യുസിയത്തിലാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. സഞ്ചാരികളിൽ പലരും പിരമിഡ് മാത്രം ലക്ഷ്യമാക്കി വരുന്നതിനാൽ ഈ ചെറിയ മ്യുസിയം അവഗണിക്കുന്നുണ്ടെന്ന് തോന്നൽ എഴുത്തുകാരൻ പങ്കുവെക്കുന്നുണ്ട്. കഫു, കാഫ്റെ, മെങ്കോറെ എന്ന പിരമിഡ് ത്രയങ്ങൾ, ഇവയ്ക്ക് കാവൽ നിൽക്കുന്ന സ്ഫിങ്ക്സ്പ്രതിമ, നൈൽ നദിയിലെ ക്രൂയിസും, തനൂറാ നൃത്തവും വിവരിക്കുന്നതിലൂടെ  ഈജിപ്തിൻ്റെ സാംസ്‌കാരിക ചരിത്ര വഴികളുടെ വായനക്കാരെ കൂടെ കൂട്ടുകയാണ് മുസഫർ. 

Mobile Click: Mubi

റോമൻ, ഗ്രീക്ക്, ഈജിപ്ഷ്യൻ സംസ്‌കാരങ്ങളുടെ സമന്വയമായ അലക്സാണ്ട്രിയയിലെ ഭൂഗർഭ ശ്മശാനമായ കാറ്റകോംബ്, കോം അൽ ദിക്ക, ബിബിലോത്തിക്കയുടെയും സന്ദർശനവിവരങ്ങൾ പുസ്തകത്തിൽ ചിത്രങ്ങൾ സഹിതമുണ്ട്. അടുത്തിടെ വായിച്ച പാപ്പിറസ് (Papyrus - The Invention of Books in the Ancient World -Irene Vallejo) എന്ന പുസ്തകത്തിൽ അലക്സാൻഡ്രിയയിലെ ഈ പുരാതന ലൈബ്രറിയും, കടലാസ്സ് കണ്ടുപിടിക്കുന്നതിനു മുൻപ് പുരാതന ഈജിപ്തുകാർ എഴുതിയിരുന്ന  പാപ്പിറസ് ചുരുളുകളെ  കുറിച്ചും വായിച്ചതോർക്കുന്നു. പുരാതന കാലത്തെ അറിവുകളും കഥകളും ചിതറി പോകാതെ ഒരിടത്ത് കോർത്തിണക്കിയ വിജ്ഞാനകോശമായിരുന്നു അലക്സാണ്ട്രിയയിലെ ആ വായനശാലയെന്നാണ് ഐറിൻ  തൻ്റെ പുസ്തകത്തിൽ പറയുന്നത്. അത് ശരിവെക്കുന്നതായിരുന്നു മുസഫറിൻ്റെ വിവരണങ്ങൾ. തീപിടുത്തത്തിൽ നശിച്ച പുരാതന വായനശാലയുടെ സ്മരണാർത്ഥം നിർമ്മിച്ചതാണ് മെഡിറ്ററേനിയൻ തീരത്തെ അലക്‌സാൻഡ്രിയയിലെ ഇന്ന് കാണുന്ന ബിബിലോത്തിക്ക. ഇതിൻ്റെ ചുവരിൽ 120 ഭാഷകളിലെ ലിപികൾ കൊത്തിവെച്ചിട്ടുണ്ടെന്നത് വായിച്ച് അത്ഭുതപ്പെട്ടു പോയി.

തൻ്റേതായ പരാമർശങ്ങളിലൂടെ ചില കാഴ്ച്ചകളെ വിവരിക്കുന്നത് വളരെ രസകരമായി അനുഭവപ്പെട്ടു. മുഹമ്മദലി പള്ളിയുടെ കൊത്തുപണികൾ പകർത്തുന്ന ഡിജിറ്റൽ ദർവിഷുകൾ! സെൽഫി സ്റ്റിക്കുമായി കറങ്ങുന്ന ആരെ കണ്ടാലും ഇനിയിത് ഓർക്കാതിരിക്കുന്നതെങ്ങനെ. കുന്നിനു മുകളിലെ പന്ത്രണ്ടാം നൂറ്റാണ്ടിലെ കോട്ടയ്ക്കുള്ളിൽ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കയ്‌റോയിലേക്ക് നോക്കാമെന്ന കണ്ടെത്തലും ഖാൻഅൽ ഖലീലിയിലെ കച്ചവടക്കാരൻ കൊടുത്ത കുരുമുളുകുമണിയിൽ യാത്രാമുഹൂർത്തങ്ങൾ കാലിഡോസ്കോപ്പിലെന്ന പോലെ തെളിയുന്നതും വായിച്ചത് മനസ്സിലെന്നും മായാതെ കിടക്കും.

Pic: Hussain

ഈജിപ്തിൻ്റെ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രങ്ങൾ പറയുന്നതിനോടൊപ്പം തന്നെ അറബ് ലോകത്തെ എഴുത്തുകാരിലേക്കും കൂടെ വെളിച്ചം വീശുന്ന പുസ്തകമാണിത്. ഐറീൻ എഴുതിയത് പോലെ ഒരിക്കലും കാലാവധി കഴിയാത്ത പാസ്പോർട്ടാണ് പുസ്തകങ്ങൾ. ഓരോ പുസ്തകം വായിച്ചവസാനിപ്പിക്കുമ്പോഴും എൻ്റെ യാത്ര ഇപ്പോഴും തുടങ്ങിയിടത്ത് തന്നെയാണെന്ന തിരിച്ചറിവിലാണ് അടുത്ത പുസ്തകം വായിക്കാനെടുക്കുന്നത്!


കുരുമുളക് മണമേറ്റുറങ്ങുന്ന ഫറോവമാർ

പ്രസാധകർ : ചിന്ത പബ്ലിഷേർസ്

വില : ₹310.00



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ