Sunday, June 6, 2010

കണ്ണാടി

യാത്രകള്‍ എന്നും ഹരമായിരുന്നു. കാണാകാഴ്ചകള്‍ കണ്ട്, അലക്ഷ്യമായി മനസ്സിനെ അഴിച്ചുവിട്ട്‌, യാത്ര ചെയ്യാന്‍ ഇഷ്ടമായിരുന്നു. പക്ഷേ, ഈ യാത്രയോ? ഉത്തരം കിട്ടാതെ ഇപ്പോഴും ഞാന്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നു.. ജീവിതത്തിനു മുന്നിലും! ഈ കടമ്പ കടക്കാന്‍ എനിക്ക് താങ്ങായി , ശക്തിയായി കൂടെ നില്‍ക്കണം, വാക്ക് കൊടുത്തു. എങ്കിലും മനസ്സ് പലപ്പോഴും തിരിഞ്ഞു നടക്കുന്നു. അറുത്തു മാറ്റാന്‍ കഴിയാത്ത കുറേ ബന്ധങ്ങളാണ് എന്‍റെ വിലപ്പെട്ട സമ്പാദ്യം. ദൂരങ്ങള്‍ താണ്ടി സ്നേഹാന്വേഷണങ്ങള്‍ എത്തുമ്പോള്‍ വീണ്ടും മനസ്സ് പതറുന്നു.പുതിയ മുത്തുകള്‍ കോര്‍ക്കാന്‍ ശ്രമിക്കുമ്പോഴും, പഴമയുടെ തിളക്കം എനിക്ക് കാണാന്‍ ആവുന്നില്ലാ, അതോ, ഇനിയും ഞാന്‍ പൊരുത്തപ്പെടാത്ത മനസ്സുമായി അലയുകയാണോ?

വാക്കുകള്‍ മിന്നല്‍ പിണര്‍ കണക്കേ മനസ്സില്‍ ഉടക്കിയപ്പോള്‍ , ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത ഓര്‍മകളെ ചവറ്റു കൊട്ടയിലെക്കെറിയാന്‍ ഞാന്‍ ആദ്യമായി പഠിക്കുകയായിരുന്നു. ഒഴിവു ദിവസത്തിന്റെ ആലസ്യത്തില്‍ റിയാദ് ഉറങ്ങുമ്പോഴാണ് ഞങ്ങള്‍ യാത്ര പറഞ്ഞത്. വാച്ചിലെ സൂചിക്ക് വേഗത കൂടിയോ എന്ന് പോലും എനിക്ക് തോന്നിയിരുന്നു. ശൂന്യതിലേക്ക് കണ്ണുംനട്ട് ഇരിക്കുന്ന ഞങ്ങളുടെ ഇടയിലേക്ക് പ്രായത്തിന്റെ അവശതകള്‍ അവഗണിച്ചു നടന്നു വന്ന സാറിന്‍റെ മുഖം എന്‍റെ ഇട നെഞ്ചിലെ തേങ്ങലാണ്. എന്നെ ഞാനായി കണ്ട ആ വലിയ മനുഷ്യന്‍റെ സ്നേഹം ഏറ്റുവാങ്ങാന്‍ മാത്രം എന്‍റെ ഈ ജന്മം ഇത്രമേല്‍ പുണ്യമോ?

ഭൂമിയുടെ ഒരു ചെറിയ കോണില്‍ നിന്ന് ഒരു നിയോഗം പോലെ ഞാന്‍ എത്തിയത് എരിത്രിയന്‍ സ്കൂളിലേക്കായിരുന്നു . സ്വന്തം രാഷ്ട്രത്തിന്റെ വരും തലമുറയെ റിയാദില്‍ നിന്ന് വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി വന്ന അങ്ങയില്‍ നിന്ന്,അച്ചടി മഷി പുരളാത്ത പാഠങ്ങള്‍ ഞാന്‍ സ്വായത്തമാക്കുകയായിരുന്നു. ആ അനുഭവ സമ്പത്തും, അറിവും, വലിപ്പ ചെറുപ്പമില്ലാതെ ഏവരേയും ബഹുമാനിക്കാനുള്ള കഴിവും, മറ്റാരേക്കാളും ഞാന്‍ അടുത്തറിഞ്ഞു. മകളുടെ സ്ഥാനം നല്‍കി ആ കുടുംബത്തില്‍ ഒരാളായി മാറിയപ്പോഴും ഈ അകല്‍ച്ച അനിവാര്യമാണെന്ന് ഓര്‍ത്തില്ല. എന്‍റെ മാതാപിതാക്കള്‍ക്കും അങ്ങേക്കും, ആരോഗ്യവും സന്തോഷവും ഈശ്വരാനുഗ്രഹവും നിറഞ്ഞ ദിവസങ്ങള്‍ പുലരട്ടേയെന്ന പ്രാര്‍ത്ഥന മാത്രം... ഭാഷയ്ക്കും, മനുഷ്യന്‍ വരച്ചു നല്‍കിയ അതിര്‍വരമ്പുകള്‍ക്കും മീതെയാണ് ആത്മബന്ധങ്ങള്‍ - പതിമൂന്നു വര്‍ഷത്തേ അനുഭവങ്ങള്‍ പഠിപ്പിച്ച പാഠം!

2 comments:

  1. കൊള്ളാം നന്നായിട്ടുണ്ട്...

    ReplyDelete
  2. നന്നായി എഴുതിയിട്ടുണ്ട്....

    ReplyDelete