Monday, April 16, 2012

മഴത്തുള്ളികള്‍....
നിന്‍റെ വരവറിയിച്ചെത്തിയ തണുത്ത കാറ്റില്‍ ഇളകിയ ജനല്‍ വിരികള്‍.... പുലര്‍ച്ചെ പെയ്യുന്ന മഴക്ക് പ്രണയത്തിന്റെ കുളിര്. പെയ്തു തോരാത്ത മഴയില്‍ കുളിച്ചു നില്‍ക്കുന്ന വൃക്ഷലതാദികള്‍... നിന്നില്‍ അലിയാന്‍ എന്നെ പോലെ ഇവരും കൊതിച്ചിരിക്കാം... അടര്‍ന്നു വീഴുന്ന മഴത്തുള്ളികളെ ചേര്‍ത്തു പിടിക്കാനാവാതെ കാറ്റിനോട് കലഹിക്കുന്ന ഇലയുടെ നോവ്‌ പോലെ നിശബ്ദമായിരുന്നു എനിക്ക് നിന്നോടുള്ള പ്രണയവും....അവകാശികള്‍ വേറെയും ഉണ്ടെന്നു ഓര്‍മിപ്പിച്ചു കൊണ്ട് അങ്ങകലെ ഒരു പക്ഷിയുടെ ചിറകടി... എന്നിട്ടും എന്‍റെ മഴക്കിനാക്കളില്‍ ഞാനും നീയും അലിയുന്ന കടലിന്‍റെ നീലിമ പടര്‍ന്നിരുന്നു....

**************
നാട്ടില്‍ നിന്നെത്തിയ സമ്മാനപൊതി എന്നെ എത്തിച്ചത് വെല്ലിമ്മാടെ ചെറിയ മുറിയിലേക്കും അതില്‍ നിറഞ്ഞു നിന്ന രാസനാതി പൊടിയുടെയും ക്ഷീരബലത്തിന്റെയും ചൂരിനോടൊപ്പം, കരിപിടിച്ച അടുക്കളയുടെ മൂലയില്‍ തൂക്കിയിട്ടിരുന്ന ചിരട്ട കൈലുകളും, കടകോലിന്റെയും ഇളക്കങ്ങളിലെക്കുമായിരുന്നു...പിന്നീട് മാറ്റങ്ങള്‍ ഏറെ വന്നെങ്കിലും ഉമ്മായുടെ അടുക്കല്‍ നിന്ന് ഇവയൊന്നും വേരറ്റു പോയില്ല. എപ്പോഴും വീട്ടില്‍ ഇതെല്ലാം ഉണ്ടായിരുന്നു. കൂട് വിട്ടു കൂട് മാറുന്ന തിരക്കില്‍ എന്‍റെ കൈയില്‍ നിന്ന് കൈമോശം വന്നതാണ് ഇന്ന് കടല്‍ കടന്നു കൈയില്‍ എത്തിയത്... കുഞ്ഞി കൈലും, കടകോലും, ക്ഷീരബലവും, രാസനാതി പൊടിക്കും ഒപ്പം ആ പൊതിക്കുള്ളില്‍, എവിടെയാണെങ്കിലും ഒന്നും മറക്കരുത് എന്ന് പറയുന്ന ഒരു വല്യ മനസ്സും ഉണ്ടായിരുന്നു..

6 comments:

 1. എല്ലാ കണ്ണുകളും മഴയുടെ സൌന്ദര്യത്തെ ആസ്വദിക്കുന്നു..

  എല്ലാ ചെവികളും മഴയുടെ സംഗീതം ഇഷ്ടപ്പെടുന്നു..

  മനസ്സില്‍ പതിക്കുന്ന ഓരോ മഴത്തുള്ളികള്‍ക്കും പ്രണയത്തിന്റെ ഗന്ധം..

  ഗൃഹാധുരത്യം നിറഞ്ഞ ആ പഴയ മഴക്കാലമാണ് ഓര്‍മയിലെന്നും..!

  ReplyDelete
 2. ഇന്നത്തെ അടുക്കളയില്‍ അന്യമായി കൊണ്ടിരിക്കുന്ന പഴമയുടെ പ്രതിരൂപങ്ങള്‍‍. തിരിച്ച് കിട്ടാത്തെ ആ പഴയ കാലത്തിന്‍റെ ഓര്‍മകളിലൂടെ...ആ തറവാടും, കഞ്ഞിയും,കൈയിലും.....അങ്ങനെ എന്തലാം.

  ReplyDelete
 3. നന്നായിട്ടുണ്ട് മുബി..

  രാസ്നാദിപ്പൊടിയുടെ കാര്യം ഇവിടെ വായിച്ചപ്പോള്‍ മനസ്സില്‍ ചിരിയാണ് വന്നത്; മറ്റൊന്നുമല്ല, ഈ ഒഴിവുകാലത്ത് നാട്ടില്‍ പോയപ്പോള്‍ ഒരു കഥകേട്ടു. കൂട്ടുകാരുമായി ഒരുമിച്ചിരുന്ന് ഓരോന്ന് സംസാരിയ്ക്കുന്നതിനിടയില്‍ ഒരുത്തന്‍ അവനെ ഹൈവേ പോലീസ് പിടിച്ച കഥപറഞ്ഞു. 1977 മോഡല്‍ സ്കൂട്ടര്‍ കണ്ടയുടനെ പോലീസ് കൈകാണിച്ചു, ബുക്ക്, പേപ്പര്‍, ഇന്‍ഷൂറന്‍സ് എല്ലാം ഓക്കെ. അപ്പോള്‍ പിന്നെ പോലീസ് ഹെല്‍മറ്റിന്റെ മേലിലായത്രെ.. അവന്റെ ഹെല്‍മറ്റ് ഒരു പ്രത്യേക ഹെല്‍മറ്റാണ്. പൊന്തന്മാടയില്‍ മമ്മുട്ടി വെച്ചിരിയ്ക്കുന്ന പാളപോലത്തെ ഹെല്‍മറ്റ്.. അതുകണ്ടാല്‍ തന്നെ ചിരിവരും. പോലീസുകാരന്‍ അതുകണ്ടിട്ട് ചോദിയ്ക്കുകയാണത്രെ.. ഈ രാസ്നാദിപ്പൊടി വല്ലകാറ്റും വന്നാല്‍ പറന്നുപോകുമല്ലോ എന്ന്.. :)

  ReplyDelete
 4. സലിം, കൊച്ചുമുതലാളി,
  വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. കൊച്ചുമുതലാളി, കഥ കൊള്ളാം....

  ReplyDelete
 5. കയിലും കയിലാ റ്റയും ഉറിയും മന്തം കോലും മാത്രമല്ല പഴയ അടുക്കളിയിലെ നാക്കാലി പലകയിൽ ഇരിക്കുമ്പോൾ കിട്ടിയിരുന്ന രുചിക്കൂട്ടുകളും സ്നേഹം നിറഞ്ഞ നിര്ബന്ധങ്ങളും എല്ലാം നഷ്ടം

  ReplyDelete
 6. ഈ കുറിപ്പും കേമം...

  ReplyDelete