Thursday, July 5, 2012

ഡാര്‍ലിങ്ങായി ഡാര്‍ലിംഗ്ട്ടന്‍... .


കാനഡാ ഡേ പ്രമാണിച്ചു നാല് ദിവസം കിട്ടുന്ന ഒഴിവിനു വേണ്ടി കാത്തിരിപ്പായിരുന്നു ജൂണ്‍ ആദ്യവാരം മുതല്‍ . ആവര്‍ത്തന വിരസതയുള്ള ദിനച്ചര്യകളില്‍ നിന്ന് ഒന്ന് മാറി നില്‍ക്കണം എന്ന് മനസ്സ് മന്ത്രിച്ചു തുടങ്ങിയിരുന്നു. എവിടെ, എങ്ങിനെ, എപ്പോള്‍ എന്നൊന്നും തീരുമാനിക്കാന്‍ ആയില്ല.. അപ്പോഴാണ്‌ "തേടിയ വള്ളി കാലില്‍ ചുറ്റി" എന്ന് പറഞ്ഞത് പോലെ മെര്‍ച്ചന്‍റ് ഫൗണ്ടേഷന്‍റെ "ഗ്രൂപ്പ്‌ ക്യാമ്പിംഗ് " ഇമെയില്‍ സന്ദേശം കിട്ടിയത്. ഓഫീസില്‍ നിന്ന് വീട്ടില്‍ എത്തിയ ഉടനെ ഞങ്ങളുടെ സാന്നിധ്യം വിളിച്ചു അറിയിച്ചു. അറിയാവുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രം. ആരോടൊപ്പം, എങ്ങിനെ എന്നൊക്കെയുള്ള ആശങ്കകള്‍......., പിന്നീടുള്ള ഓരോ ദിനവും വരുന്ന ഈ മൂന്നു ദിവസത്തിനുള്ള ഒരുക്കങ്ങള്‍ ആയിരുന്നു.

ക്യാമ്പിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ സ്ക്കൂളിലെയും കോളേജിലെയും പഠന യാത്രകളെ ഓര്‍മിപ്പിച്ചു. മക്കളും ആവേശത്തിലായി. രണ്ടു വര്ഷം മുന്‍പ് വരെ സ്കൂള്‍ പൂട്ടിയ ഉടനെ നാട്ടിലേക്കായിരുന്നു അവരുടെ യാത്ര. ഇപ്രാവശ്യം അത് തികച്ചും വ്യത്യസ്തമായി. ജൂണ്‍ ഇരുപത്തി ഒന്‍പതിന് വൈകുന്നേരം നാല് മണിക്ക് ഞങ്ങള്‍ നൂറു കിലോമീറ്റര്‍ അകലെയുള്ള ഡാര്‍ലിംഗ്ട്ടന്‍ പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിലെ ക്യാമ്പിംഗ് സൈറ്റിലേക്കു പുറപ്പെട്ടു. വഴി തെറ്റി കുറച്ചു കറങ്ങിയെങ്കിലും രാത്രി ഏഴരക്ക് അവിടെയെത്തി.പതിനഞ്ചു കുടുംബങ്ങള്‍ ആണ് ഈ ക്യാമ്പില്‍ ഒത്തുചേര്‍ന്നത്. പ്രായമായ ഉമ്മ മുതല്‍ പിച്ചവെക്കുന്ന കുഞ്ഞുങ്ങള്‍ വരെ ഉള്‍പ്പെട്ട ഈ സംഘം നാട്ടിലെ ഒരു കല്യാണ വീടിനെ ഓര്‍മിപ്പിച്ചു. എത്ര വെളിച്ചം ഉണ്ടായാലും വയറു വിശന്നാല്‍ കണ്ണ് കാണില്ല എന്നറിയാവുന്നത് കൊണ്ടാവാം ആദ്യം ശരിയാക്കിയത് അടുക്കളക്കുള്ള ടെന്റും സ്ഥലവുമാണ്. മൂന്നു ദിനരാത്രങ്ങള്‍ക്ക് വേണ്ടുന്ന ഭക്ഷണ സാധനങ്ങള്‍ അവിടെ ഒതുക്കി വെച്ചു. ഓരോ നേരത്തെ ഭക്ഷണവും ഓരോരുത്തരുടെ വകയായിരുന്നു. അതുകൊണ്ട് തന്നെ കലവറ നിറയാന്‍ അധികം താമസിച്ചില്ല. പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ഇറച്ചിയും, മസാല പൊടികളും, പാലും, മുട്ടയും തുടങ്ങി എല്ലാം തന്നെ അവിടെ സൂക്ഷിച്ചു. ഐസ് പെട്ടികളില്‍ എല്ലാം ഭദ്രം!സന്ധ്യ മയങ്ങിയപ്പോഴേക്കും മിക്കവരുടെയും കൂടാരങ്ങള്‍ കെട്ടി കഴിഞ്ഞിരുന്നു.


കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതി വിളക്കിന് പകരം നിലാവിന്റെയും റാന്തലിന്റെയും അരണ്ട വെട്ടം... വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന ഇറച്ചി കറിക്കൊപ്പം പൊറോട്ടയും, പത്തിരിയും കൊണ്ട് ഗംഭീരമായ അത്താഴത്തിനു കൊഴുപ്പേകാന്‍ കൊതുകു കടിയുടെ മാന്തലും കരച്ചിലും!കാടിളക്കിയവരോടുള്ള പ്രതിഷേധമെന്നോണം ആര്‍ത്തു വന്ന കൊതുകിന്‍ കൂട്ടത്തെ അകറ്റാന്‍ ചെറു പ്രാണികളെ പ്രതിരോധിക്കാനുള്ള സ്പ്രയുടെ   കവചം...ക്യാമ്പുകള്‍ക്കിടയില്‍ കുടിവെള്ളത്തിനുള്ള ഒരു പൈപ്പ് മാത്രമാണുള്ളത്‌. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും, കുളിക്കാനും കുന്നു കയറി പോകണം. ഓര്‍ത്തു ചിരിക്കാന്‍ പല രസകരമായ മുഹൂര്‍ത്തങ്ങളും ഈ നടത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ചെടികള്‍ക്ക് വെള്ളം ഒഴിക്കുന്ന "വാട്ടെറിംഗ് പോട്ട്" ആണ് ഇവിടെ നാട്ടിലെ കിണ്ടിയുടെ പകരക്കാരന്‍. കുന്നു കയറി അവിടെ എത്തുമ്പോഴായിരിക്കും പലരും അതെടുത്തില്ല എന്ന് ഓര്‍ക്കുന്നത് തന്നെ.അത്താഴം കഴിഞ്ഞു രാത്രി പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ചവര്‍ നല്‍കിയ കേക്ക് എങ്ങിനെയുണ്ടെന്ന ചോദ്യത്തിന് "നല്ല പാങ്ങുണ്ട്" എന്ന് ഒരു കൊച്ചു മിടുക്കി... അര്‍ത്ഥം പറഞ്ഞു തരാന്‍ അവളുടെ ഉമ്മ തന്നെ വേണ്ടി വന്നു. അപരിചിതത്തിന്റെ മറ പതിയെ എല്ലാവരിലും നിന്നു അകന്നു തുടങ്ങിയിരുന്നു. കുശലം പറച്ചിലുകള്‍ക്ക് തല്ക്കാലം വിട നല്‍കി കെട്ടിപൊക്കിയ കൂടാരത്തില്‍ തലച്ചായ്ക്കുമ്പോള്‍ ഓര്‍ത്തത്‌ സ്കൂള്‍ വിട്ടു വരുന്ന വഴി കൊയ്ത്തൊഴിഞ്ഞ പാടത്ത് തമ്പടിച്ചു കൂടുന്ന നാടോടികളെയാണ്...കാടിന്റെ നിശബ്ദതയില്‍ ഇലയനക്കത്തിനു കാതോര്‍ത്ത്, കണ്ണ് നിറയെ മിന്നുന്ന നക്ഷത്രങ്ങളെയും നോക്കി കിടന്നപ്പോള്‍ ഉറക്കം അറിയാതെ കണ്ണുകളെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു.രാവിലെ എണീറ്റ്‌ പ്രാഥമിക കാര്യങ്ങള്‍ക്കായുള്ള "മോര്‍ണിംഗ് വാക്ക്" കഴിഞ്ഞെത്തിയപ്പോള്‍ അന്നത്തെ ചായയിടാനുള്ള തയ്യാറെടുപ്പുകള്‍ മരത്തണലിന്‍ കീഴില്‍ വെച്ച ഗ്യാസ്‌ അടുപ്പില്‍ തുടങ്ങിയിരുന്നു...ആദ്യം അടുപ്പൊന്നു പിണങ്ങി നിന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ ഉഷാറായി . അങ്ങിനെ ഒരു ഓപ്പണ്‍ എയര്‍ കുക്കിംഗ്‌ കഴിഞ്ഞു ചായയും കടിയും റെഡിയായി. അവനവന്‍ കഴിച്ച പ്ലേറ്റും ഗ്ലാസും കഴുകുക എന്ന നിയമം ചെറിയ-വലിയവര്‍ അടക്കം എല്ലാവര്‍ക്കും ബാധകമായിരുന്നു.  ആ നിയമം മാറ്റി എഴുതാന്‍  ചര്‍ച്ചകള്‍ നടത്തി നോക്കിയെങ്കിലും  വിജയം കണ്ടില്ല. ആണുങ്ങളുടെ വെടി പറച്ചിലും, മാജിക്‌ ഷോയും ഒരു വശത്ത് പുരോഗമിക്കുമ്പോള്‍ മട്ടണ്‍ ബിരിയാണിയുടെ മണം കാറ്റ് ഏറ്റെടുത്തു കഴിഞ്ഞിരുന്നു.


കുളിയും പ്രാര്‍ത്ഥനയും കഴിഞ്ഞ് വയറു നിറയെ ബിരിയാണിയും സലാഡും കഴിച്ചു നേരേ ബീച്ചിലേക്ക്...സന്ധ്യയോടെ കളിയും കഥപ്പറച്ചിലും വായനയും അവസാനിപ്പിച്ച്‌ കൂടണയാന്‍ തിരിച്ചെത്തി. എവിടെയായാലും മലയാളിക്ക് ഒഴിച്ച് കൂടാന്‍ ആവാത്തതാണ് പഴം പൊരി. ഇവിടെയും അത് തന്നെ ചായക്ക് കടിച്ചു... അത് കഴിഞ്ഞു തീക്കാഞ്ഞുള്ള അന്താക്ഷരി പാതിരാത്രി വരെ നീണ്ടു. രണ്ടു വിഭാഗവും വിട്ടു കൊടുത്തില്ല. പുതിയതും പഴയതുമായ മലയാളം, തമിഴ്‌, ഹിന്ദി പാട്ടുകള്‍ "സംഗതികള്‍"," ഒട്ടും ഇല്ലാതെ എല്ലാവരും പാടി.


ഞായറാഴ്ച കാനഡ ഡേ പരിപാടികളും, മീന്‍ പിടുത്തവും, തോണി യാത്രയും, ബോട്ടിങ്ങും മറ്റുമായി ആകെ തിരക്കിലായിരുന്നു. പാര്‍ക്ക് അധികാരികള്‍ കാനഡ ഡേ പ്രമാണിച്ചു കൊച്ചു കുട്ടികള്‍ക്കായി പ്രത്യേകം പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കുഞ്ഞു കവിള്‍ത്തടങ്ങളില്‍  മേപ്പിള്‍ ഇലയുടെ ചുവന്ന ചിത്രം പതിഞ്ഞപ്പോള്‍ അമ്മമാരുടെ കവിളുകളും തുടുത്തു. അവര്‍ വിതരണം ചെയ്ത കേക്കും കഴിച്ചാണ് എല്ലാവരും മടങ്ങിയെത്തിയത്. അതിനിടക്ക് ഒരു കൂട്ടര്‍ മീന്‍ പിടിക്കാന്‍ പോയി. എന്തൊരു ആവേശമായിരുന്നു... മീന്‍ കിട്ടിയാല്‍ ബിരിയാണി വെക്കണോ അതോ പൊരിക്കണോ എന്നുള്ള സംശയങ്ങള്‍ ....ദോഷം പറയരുതല്ലോ, ആശ്വാസത്തിന് ഒരു മീന്‍ കാണാന്‍ കിട്ടി! ആദ്യമായി തോണിയില്‍ കയറി പേടിയോടെ നിലവിളിച്ചവര്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ആസ്വദിച്ചു തുഴഞ്ഞു പോകുന്നുണ്ടായിരുന്നു ... വെയിലാറിയപ്പോള്‍ വൈല്‍ഡ്‌ ഐവിയും, കാട്ട് പൂക്കളും തിങ്ങിയ വഴിയിലൂടെ ഒരു നടത്തം...മൂന്നു രാത്രികള്‍ ചിലവഴിച്ചു തിങ്കളാഴ്ച ഉച്ചയോടെ എല്ലാം കെട്ടിപ്പെറുക്കി മടങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അവധി കഴിഞ്ഞു നാട്ടില്‍ നിന്നുള്ള മടക്ക യാത്രയുടെ പ്രതീതി. വീണ്ടും അവനവന്‍റെ തുരുത്തുകളിലേക്ക്.... കുട്ടികള്‍ക്ക് മൂന്നു ദിവസം തികഞ്ഞില്ല. ഒരാഴ്ചയെങ്കിലും വേണം എന്നായിരുന്നു കുട്ടി പട്ടാളങ്ങളുടെ അഭിപ്രായം. സാധനങ്ങള്‍ കാറില്‍ നിറച്ചു യാത്ര പറഞ്ഞു പിരിയുമ്പോള്‍ മനസ്സില്‍ മൂന്ന് ദിവസം എല്ലാം മറന്ന് ഒരു കുടുംബം പോലെ കഴിഞ്ഞ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍! ബാക്കിയായി. ഹൈവേയിലെ കാറുകളുടെ നിരയിലേക്ക് അലിയുമ്പോള്‍ വീണ്ടും ജീവിതത്തിന്‍റെ തിരക്കിട്ട നാളുകളിലേക്ക് പുത്തന്‍ ഉണര്‍വ്വോടെ...


23 comments:

 1. അതാ ല്ലേ വിളിച്ചിട്ട് കിട്ടാതിരുന്നത്....? പോര്‍ട്ട്‌ ക്രെഡിറ്റില്‍ പോകാനായിരുന്നു വിളിച്ചത്.
  കൊതിപ്പിക്കുന്ന ക്യാമ്പിംഗ് , കുറച്ചു കൂടി വിവരിക്കാമായിരുന്നു, എന്തിനാ ഇത്ര പിശുക്കുന്നേ മുബീ ...

  ReplyDelete
 2. ഗംഭീരം ,,നാനായി എഴുതി ഞാനുകൂടെയുണ്ടായിരുന്നത് പോലെ ഒന്നൂടി വായിക്ക ണം ,,ന്റെ പാത്തുവേയ് ,,മ്മക്കും പോണ്ടേ ഒരു ട്രിപ്പ്‌ ,,

  ReplyDelete
 3. നന്നായിട്ടുണ്ട്.
  കൂടെ യാത്ര ചെയ്ത അനുഭൂതി....

  ReplyDelete
 4. ഇത് നല്ല സംഭവം ബ്ലോഗ്‌ ആണല്ലോ, ഞാന്‍ ഇവിടെ ആദ്യം കയറിയപ്പോ കണ്ടത് തന്നെ നല്ല ഉഗ്രന്‍ ഒരു യാത്ര വിവരണവും, നല്ല ജീവനുള്ള വാക്കുകള്‍ ,എല്ലാ ആശംസകളും

  ReplyDelete
 5. ആഹാ നല്ല ചിത്രങ്ങള്‍ ,യാത്രാവിവരണം വായിച്ചപ്പോള്‍ ആ യാത്രയുടെ മനോഹാരിത അക്ഷരങ്ങളില്‍ തെളിഞ്ഞു

  ReplyDelete
 6. കുറിപ്പും ചിത്രങ്ങളും എങ്ങിനെയുണ്ട്..?

  നല്ല “പാങ്ങു”ണ്ട്

  ReplyDelete
 7. Nice trip.. And readers enjoyed as much as u guys did.... Thanks

  ReplyDelete
 8. അടിപൊളീ.........

  ആ പഴം പഴം പൊരിയും അന്താക്ഷരിയും എന്നെ കൊതിപ്പിച്ചു

  ReplyDelete
 9. വെക്കേഷന്‍ വിവരണങ്ങള്‍ ഗംഭീരമായി!
  മറ്റൊരു ഒഴിവുകാലത്തിനു വേണ്ടി വീണ്ടും കാതോര്‍ത്തിരിയ്ക്കുവാന്‍ പ്രേരണയായിരിയ്ക്കുമല്ലേ ഈ അവധിക്കാലം?

  ആശംസകള്‍!

  ReplyDelete
 10. മുബിത്ത, മനോഹരമായ യാത്രാ വിവരണം അതോടോപ്പം ചിത്രങ്ങളും. ഇത്തരത്തിലുള്ള യാത്രക്കിടെയുള്ള ഓരോ നിമിഷങ്ങളും വളരെ സന്തോഷകരമായിരിക്കുമല്ലേ? ഇനിയും ഇത്തരത്തിൽ ആസ്വദിക്കാൻ കഴിയുന്ന യാത്രകളുണ്ടാവട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 11. യാത്രാവിവരണം എല്ലാവര്‍ക്കും ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം... നന്ദി.

  ReplyDelete
 12. മലയാളം ഗ്രൂപ്പ് വഴി ഇവിടെയെത്തി. കാനഡ വഴി ഇനി ഞാന്‍ കല്ലിവല്ലിയിലേക്ക് പോകട്ടെ!

  ആശംസകള്‍ !

  ReplyDelete
 13. ഇത്തരം രസകരമായ ക്യാമ്പ്, അപരിചിതരായ കുറെ പേര്‍ ചേര്‍ന്ന് പിന്നീട് കുടുംബമായി പിരിയുന്ന ,ജീവിത്തില്‍ ഓര്‍ക്കാന്‍ ഒരു പാട് ഓര്‍മ്മകള്‍ തരുന്ന നിമിഷങ്ങള്‍ ഒക്കെ കേവലം ഒരു ഡയറിയില്‍ കുറിച്ച് വെക്കാതെ ബൂലോകത്തില്‍ എത്തിച്ചതിനു ആശംസകള്‍ ,,യാത്രകള്‍ തുടരട്ടെ ,വിശേഷങ്ങളും....

  ReplyDelete
 14. മനോഹരമായ ചിത്രങ്ങള്‍ ..
  വിവരണവും

  ReplyDelete
 15. കുഞ്ഞിക്കാ, കല്ലിവല്ലി, ഫൈസല്‍ ബാബു, സഹയാത്രികന്‍..., സന്തോഷായിട്ടോ ഇവിടെ വന്നതില്‍...
  നന്ദി...

  ReplyDelete
 16. മൂബിയുടെ ക്യാമ്പ്നന്നായി.
  മനോഹരമായ ചിത്രങ്ങള്‍ ..
  ആശംസകളോടേ..

  ReplyDelete
 17. യാത്രാവിവരണം നന്നായിട്ടുണ്ട്..!

  ReplyDelete
 18. മനോഹരമായിരിക്കുന്നു ...

  ReplyDelete
 19. പ്രവാസ ജീവിതത്തിൽ ലഭിക്കുന്ന ചില അപൂർവ സൌഭാഗ്യങ്ങൾ :- വായിക്കാൻ നല്ല "പാങ്ങുണ്ട് " ഇവിടെയും വരികള്ക്കിടയിലൂടെ ഒലിച്ചിറങ്ങുന്നു മുബിയുടെ ഗ്രാമീണ മനസ്സ് .. സന്തോഷം

  ReplyDelete
 20. ഹായ്! നല്ല രസം വായിക്കാന്‍...

  ReplyDelete