Monday, November 11, 2013

"ഐല്‍ - ദി - ഓര്‍ലിയന്‍സ്" എന്ന മാന്ത്രിക ദ്വീപ്‌

(ഫേസ്ബുക്കിലെ യാത്ര ഗ്രൂപ്പിന് വേണ്ടി 25/10/2013-ല്‍ എഴുതിയത്)

നടപ്പാതകള്‍ക്കരികിലെ പുല്‍ത്തകിടിയില്‍ വസന്തമായെന്നറിയിച്ച് കൊച്ചു മഞ്ഞ പൂക്കള്‍ വിരിഞ്ഞിട്ടു കുറച്ചായി. കുടുംബവുമായി ഒരുയാത്രക്ക് മെയ്‌ പതിനേഴ്വരെ കാത്തിരിക്കേണ്ടിവന്നു. വാരാന്ത്യം കഴിഞ്ഞുള്ള തിങ്കളാഴ്ച ഒഴിവായതിനാല്‍ ഞങ്ങളും പുറപ്പെട്ടു, കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലേക്ക്. മഞ്ഞിന്റെ ആലസ്യം വിട്ടൊഴിഞ്ഞു തളിര്‍ത്തു നില്‍ക്കുന്ന മരങ്ങളെ കണ്ടപ്പോള്‍, "മരങ്ങളിലൊക്കെ ഇലകള്‍ വന്നോ" എന്ന് ചോദിച്ച ബന്ധുവിനെയാണ് ഓര്‍ത്തത്‌. ഉച്ചയോടു കൂടെ ഒട്ടാവയില്‍ ഞങ്ങളെത്തി. വിശപ്പിന്‍റെ ആക്കംകുറഞ്ഞത് പൊതിച്ചോറിന്‍റെ കെട്ടഴിച്ചപ്പോഴാണ്. വിശപ്പും വെയിലും തെല്ലൊന്നാറിയപ്പോള്‍ ഒട്ടാവ നദിയുടെ കുറുകെയുള്ള പാലത്തിലൂടെ  മറുകരയിലേക്ക് നടക്കാനിറങ്ങി.

Ottawa River

പുഴയില്‍ വെള്ളത്തിലും കരയിലുമായി ഓടുന്ന ടൂര്‍ ബസ്സും, ബോട്ടുകളും യാത്രക്കാരെയും കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ടായിരുന്നു. തീരത്തു നിന്നാല്‍ അക്കരെ പാര്‍ലിമെന്റ് മന്ദിരവും നഗരത്തിലെ മറ്റു കെട്ടിടങ്ങളും കാണാം. ഫെയര്‍മൌണ്ട് ഗ്രൂപ്പുക്കാരുടെ ഒരു ഹോട്ടല്‍ ആണ് പാര്‍ലിമെന്റ് കെട്ടിടത്തിന് തൊട്ടടുത്ത്‌. വിരുന്നുവരുന്നവരില്‍ ഉടമയെ തേടുന്നൊരു കെട്ടിടം!

The Fairmont Chateau Laurier

ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ യുറോപ്പുകാരനായ  ചാള്‍സ്‌ മെല്‍വില്‍ ഹയ്സ്‌ നിര്‍മ്മിച്ചതാണീ ഹോട്ടല്‍. ഹയ്സിന്റെ ചിരകാലാഭിലാഷമായിരുന്നുവത്രേ ഇത്. കെട്ടിടത്തിന്‍റെ അവസാന മിനുക്കുപണികള്‍ തീര്‍ത്തു ജന്മസ്ഥലത്തേക്ക് പോയ ഹയ്സ്‌ മടങ്ങിയതാകട്ടെ ടൈറ്റാനിക്കിലും! അങ്ങിനെ തന്‍റെ പ്രിയ സ്വപ്നവുമായി ടൈറ്റാനിക്കിനൊപ്പം അറ്റ്ലാന്‍റിക് മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഹയ്സ്‌ പോയി. ഈ മഹാദുരന്തത്തിനുശേഷം ഹോട്ടലില്‍ താമസിച്ച ചിലര്‍ക്ക് ആരുടെയോ ഒരദൃശ്യ സാന്നിദ്ധ്യം അനുഭവപ്പെട്ടിട്ടുണ്ടെന്നു പറയുന്നു. കാണുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന എന്തോ ഒരു പ്രത്യേകത ഈ കെട്ടിടത്തിനുണ്ട് എന്ന് തോന്നുന്നു. തിരികെ നടക്കുമ്പോള്‍ മക്കളുടെ സംസാരവും ഇത് തന്നെയായിരുന്നു.   മാനം നിറയെ ചുവന്നരാശി പരത്തി വിടവാങ്ങുന്ന പകലിനു പോലും നഷ്ടസ്വപ്നങ്ങളുടെ ശോകഭാവം! 
 

Tulip Festival - Commissioner's Park 
പിറ്റേന്നു അതിരാവിലെ ടുലിപ് പുഷ്പങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്ന തൊട്ടടുത്തുള്ള കമ്മീഷണര്‍സ്പാര്‍ക്കിലേക്ക് പോകുമ്പോള്‍ മക്കള്‍ ഉറക്കമുണര്‍ന്നിരുന്നില്ല. മെയ്‌മാസത്തിലെ പ്രധാന ആകര്‍ഷണമായ ടുലിപ് പൂക്കളുടെ മനോഹാരിത ലോകത്തിന് തന്റെ ചിത്രങ്ങളിലൂടെ  കാണിച്ചു കൊടുത്തത് മലക്ക്‌ കര്ഷ്‌ എന്ന ഫോട്ടോഗ്രാഫറായിരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് കാനഡയില്‍ അഭയംതേടിയെത്തിയ ഡച്ച രാജകുമാരി അവരുടെ മകള്‍ക്ക് ജന്മം നല്‍കിയത് ഒട്ടാവയില്‍ ആയിരുന്നെങ്കിലും, കുട്ടിയുടെ ഡച്ച് പൌര്വതം നഷ്ടപ്പെടാതിരിക്കാനായി രാജകുമാരിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ മുറിയും പരിസരവും തല്‍ക്കാലികമായി നെതര്‍ലന്‍ഡ്സിനു വിട്ടു കൊടുത്തുകൊണ്ട് കാനഡ ഉത്തമ സൌഹൃദത്തിനു മാതൃകയായി. യുദ്ധമവസാനിച്ചു സ്വന്തം നാട്ടിലേക്ക് മടങ്ങിയ രാജകുമാരി ഉപകാരസ്മരണക്കായി 100,000 ടുലിപ് കിഴങ്ങുകള്‍ കൊടുത്തയച്ചുവെന്നാണ് കഥ. അങ്ങിനെ സൗഹൃദത്തിന്റെ പ്രതീകമായി എല്ലാവര്‍ഷവും മെയ്‌ മാസത്തില്‍ ടുലിപ് ഉത്സവം നടക്കുന്നു. മലക്കിന് പ്രിയം ചുവന്ന ടുലിപ്‌ പുഷപങ്ങളുടെ ചിത്രം പകര്‍ത്താനായിരുന്നു.   കടല്‍ കടന്നെത്തിയ സ്നേഹസമ്മാനത്തിന്‍റെ ഓര്‍മകള്‍ക്ക് നിറംപകര്‍ന്നുകൊണ്ട് സോര്‍ബെറ്റും, സ്യ്നടാ കിങ്ങും, ക്രിസ്മസ് മാര്‍വെലും, പ്രിന്‍സെസ്സ് ഐറീനും തുടങ്ങി വിവിധയിനം ടുലിപുകളുടെ മഹോല്‍സവം നയനാനന്ദകരമായിരുന്നു. വര്‍ണ്ണ പൊലിമനിറഞ്ഞ ടുലിപ് പ്രഭാതത്തിനോട് നന്ദി പറഞ്ഞ് റൂമില്‍ തിരിച്ചെത്തിയ ഞങ്ങള്‍ ഉച്ചയോടെ ഒട്ടാവയില്‍ നിന്ന് ക്യുബെക്കിലേക്ക് യാത്രത്തിരിച്ചു.



On our way to Quebec
റോഡിനിരുവശവും തിങ്ങി നില്‍ക്കുന്ന മരങ്ങളിലെ ഇലകള്‍ക്ക് പച്ചയുടെ കൊതിപ്പിക്കുന്ന നിറഭേദങ്ങള്‍. ഉഴുതിട്ടിരിക്കുന്ന കൃഷിയിടങ്ങള്‍ക്ക് നടുവിലൂടെ നീണ്ടുകിടക്കുന്ന റെയില്‍ പാത കണ്ടപ്പോള്‍ ഒരു നിമിഷം പട്ടാമ്പിയില്‍ നിന്ന് ചെറുകരയിലേക്കുള്ള യാത്രകള്‍ മനസ്സിലെത്തി. പിന്നിലേക്ക്‌ ഓടി മറയുന്ന കാഴ്ചകള്‍ പോലെയായിരിക്കുന്നു പിടി തരാതെ ഓടുന്ന ഓര്‍മകളും. പതിനേഴാം നൂറ്റാണ്ടില്‍ ഫ്രഞ്ച് ദേശപരിവേക്ഷകനായ ചാംപ്ലൈനാല്‍ സ്ഥാപിക്കപ്പെട്ടതാണ് ക്യുബെക്‌. കോട്ടയും കൊത്തളങ്ങളും, കോട്ടമതിലുകളുമായി ഇന്നും പഴയ രാജകീയ പ്രതാപത്തോടെ നില്‍ക്കുന്ന വടക്കേ അമേരിക്കയിലെ ഒരേയൊരു നഗരം. ഫ്രെഞ്ചാണു പ്രധാന  സംസാരഭാഷ. എന്റെ ഫ്രഞ്ച് പരിജ്ഞാനം “ബോഞ്ചുറിലും”(ഹായ്)/“മെര്‍സിയിലും”(നന്ദി) തട്ടിത്തടഞ്ഞു  നില്‍ക്കുന്നതിനാല്‍ വഴിയോരത്തെ ബോര്‍ഡുകള്‍ വായിക്കാനും മക്കളുടെ ശിഷ്യത്വം സ്വീകരിക്കാനുമുള്ള ശ്രമങ്ങള്‍ വൃഥാവിലായി. ഉള്ളത് കൊണ്ട് ഓണം പോലെയെന്ന ചൊല്ല് ഭാഷയുടെ കാര്യത്തില്‍ ശരിയാവില്ലല്ലോ.


Quebec 
പഴയ ക്യുബെക്‌ നഗരത്തിലെ ഒരു ഹോട്ടലിലാണ് താമസിക്കാന്‍ സൗകര്യം കിട്ടിയത്. വൃത്തിയുള്ള ഇടുങ്ങിയ വഴികളിലൂടെ വാഹനങ്ങള്‍ നന്നേ കുറവ്. കാല്‍നടയാത്രക്കാരും കുറച്ച് കുതിരവണ്ടികളും തെരുവ് കൈയ്യടക്കിയിരിക്കുന്നു. പൌരാണികതയുടെയും ആധുനികതയുടെയും ഘടകങ്ങള്‍ ഒത്തുചേര്‍ന്നതാണ് ക്യുബെകിന്റെ സൗന്ദര്യം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനു കീഴിലായിരുന്നപ്പോള്‍ നിര്‍മ്മിച്ച കോട്ടയും മതിലുകളും ഉള്‍പ്പെടുന്ന മേലെ നഗരത്തേക്കാള്‍ തുറമുഖവും പഴയ കെട്ടിടങ്ങളുമുള്ള താഴെ നഗരമാണ് കാണാന്‍ സുന്ദരി. പഴമയുടെ പ്രൌഡി കൊണ്ടു യുനെസ്കോയുടെ ലോക ഹെറിറ്റേജ് ലിസ്റ്റില്‍ ക്യുബെക്കുമുണ്ട്.



Street view - Quebec
കോട്ടമതില്‍ ചുറ്റി നടക്കുമ്പോള്‍ ഒരു കോണില്‍ സ്കൂള്‍ കുട്ടികള്‍ക്ക് മാന്ത്രികരുടെത് പോലെ വസ്ത്രധാരണം ചെയ്ത ഗൈഡ് ചരിത്രകഥകള്‍ പറഞ്ഞു കൊടുക്കുന്നത് കേട്ട് ഞാനും കൂട്ടത്തില്‍ കൂടി. ചേഷ്ടകളും, നവരസങ്ങള്‍ കൊണ്ടും സമ്പന്നമായ  കഥ പറച്ചില്‍ കുട്ടികള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടുവെന്നു വ്യക്തം. മുപ്പതു വര്ഷം കൊണ്ട് പണിത കോട്ടമതില്‍ തടുത്ത യുദ്ധകഥകളാണ് ഗൈഡ് പറയുന്നത്. കഥ പറച്ചില്‍ നിര്‍ത്തി കാഴ്ചകള്‍ കാണാന്‍ അയാള്‍ കുട്ടികളെയും കൊണ്ട് നടന്ന് നീങ്ങിയപ്പോള്‍ കാലത്തിന്‍റെ കുളമ്പടികള്‍ക്ക് നടുവില്‍ പെട്ടെന്ന് തനിച്ചായത് പോലെ. ലോക ചരിത്രത്തിലെ മഹാരഥന്മാരുടെ പ്രതിമകള്‍ക്കിടയില്‍ മഹാത്മാഗാന്ധിയുടെ ശില്പവും കണ്ടു. പക്ഷികള്‍ കാഷ്ടിച്ചു വൃത്തികേടാക്കാത്ത രാഷ്ട്രപിതാവിന്റെ സുന്ദര ശില്‍പം!

കനത്ത മതിലിനുള്ളില്‍ മുപ്പത്തിയേഴ് ഏക്കറില്‍ പരന്നു കിടക്കുന്ന കോട്ടയാകട്ടെ നാല് കൂര്‍ത്ത ബഹുകോണുകള്‍ പോലെയാണ് പണിതീര്‍ത്തിരിക്കുന്നത്. ഒരിക്കല്‍ തീ തുപ്പിയിരുന്ന പടകോപ്പുകള്‍ ഇന്ന് വെറും കാഴ്ചവസ്തുക്കളായിരിക്കുന്നുവെങ്കിലും പ്രതാപത്തിന് ഒട്ടും കുറവില്ല. ഈ ചരിത്രാവശിഷ്ടങ്ങള്‍ വളരെ സൂക്ഷമതയോടെ ഇവിടെ പരിപാലിക്കപ്പെടുന്നു. യുദ്ധത്തിന്‍റെ ശേഷിപ്പുകളെ പിന്നിലാക്കി നടന്നെത്തിയത് ഒരു തെരുവ് ഗായകന്‍റെ മുന്നിലാണ്. തെരുവിലെ തിരക്കുകള്‍ ശ്രദ്ധിക്കാതെ ഏതോ ഒരു വാദ്യോപകരണത്തില്‍ തന്റെ ഇഷ്ടഗീതം വായിക്കുകയാണയാള്‍.



Wall Painting - Quebec City
കടും ചായം പൂശിയ ചുമരുകളും മേല്കൂരകളുമുള്ള തെരുവോരത്തെ ഭക്ഷണശാലകള്‍ക്ക് നിയോണ്‍ വെട്ടത്തില്‍ തിളക്കമേറിയിരിക്കുന്നു. സന്ധ്യയോടു കൂടെ ഇവിടെയെല്ലാം നല്ല തിരക്ക് തുടങ്ങി. വിദേശികളും സ്വദേശികളും തിങ്ങിനിറഞ്ഞ ഭോജനശാലകളില്‍ നിന്ന് സമ്മിശ്ര ഗന്ധങ്ങള്‍ അന്തരീക്ഷത്തില്‍ പരന്നു. വഴിയോരത്തെ കെട്ടിട ചുമരില്‍ ഏതോ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ചുവര്‍ചിത്രത്തിന് ജീവനുണ്ടോ എന്ന് തോന്നിക്കുംവിധം കലാപരമായി വരച്ചിരിക്കുന്നു. യാത്രാക്ഷീണം കാലുകളെ തളര്‍ത്തി തുടങ്ങിയപ്പോള് നഗര കാഴ്ച്ചകളോട് വിട പറഞ്ഞു ഹോട്ടലിലേക്ക് നടന്നു.


Way to The Island of Orleans (ile d'Orleans)
തിങ്കളാഴ്ച മിസ്സിസ്സാഗ (ടോറോന്‍റോ)യിലേക്ക് തിരിച്ചു വരുന്നതിന് മുന്‍പായി ക്യുബെക്‌ നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള മാന്ത്രികരുടെ ദ്വീപ്‌ എന്നറിയപ്പെടുന്ന ഓര്‍ലിയന്‍സ് ദ്വീപ് കാണാന്‍ പോയി. ക്യുബെക്കില്‍നിന്നു സെന്റ്‌ ലോറന്‍സ് നദിയുടെ കുറുകെയുള്ള പാലം കടന്നാല്‍ ദ്വീപിലെത്താം. മുപ്പത്തിനാല് കിലോമീറ്റര്‍ നീളവും എട്ട് കിലോമീറ്റര്‍ വിതിയുമുള്ള ദ്വീപില്‍ ആകെയുള്ളത് ആറു ഗ്രാമങ്ങളാണ്‌. ഒരേയൊരു റോഡാണ് ഈ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നുത്. ദ്വീപിന് എതിര്‍വശത്തായാണ് ചെറുതെങ്കിലും മനോഹരമായ മോണ്‍മോരെന്‍സി വെള്ളച്ചാട്ടം.



Street view -  The Island of Orleans 
ക്യുബെകിന്റെ ഫലോദ്യാനമാണ് ഈ തുരുത്തു. അപസര്‍പ്പകകഥകളില്‍ വായിച്ചു മാത്രം പരിചയമുള്ള ഒരു സ്ഥലത്തെത്തിയത് പോലെ. രാത്രിമഴയുടെ നനവും, കോടമഞ്ഞും ചേര്‍ന്ന് മാന്ത്രികദ്വീപ് എന്ന പേരനര്‍ത്ഥമാക്കുന്നത് പോലെ. സ്ട്രോബെറിയും, ഉരുളകിഴങ്ങും, ആപ്പിളും, മുന്തിരിയും, കാനോളയും,സുലഭമായി വിളയുന്ന ദ്വീപില്‍ ഫ്രഞ്ച് സംസ്കാരത്തെ പൂര്‍ണ്ണമായും കൈവെടിയാത്ത കുടുംബങ്ങള്‍ താമസിക്കുന്നു. മണ്മറഞ്ഞുപോയ പ്രശസ്ത കനേഡിയന്‍ കവി ഫെലിക്സ് ലെക്ലേര്‍ "ഫ്രെഞ്ചിന്റെ തൊട്ടിലാണ്" ഓര്‍ലിയന്‍സ് ദ്വീപ്‌ എന്ന് പാടിയത് വെറുതയല്ല. പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ കല്ലും മരവും ഉപയോഗിച്ച് പണിത കൊച്ചു കൊച്ചു വീടുകള്‍. തൊടിയില്‍ അലയുന്ന കന്നുകാലികള്‍ക്കൊപ്പം കളിച്ചു നടക്കുന്ന കുട്ടികള്‍. ഇതിനിടയില്‍ വല്ലപ്പോഴും കടന്നു പോകുന്ന വണ്ടികളുടെ ശബ്ദം പോലും നമുക്ക് അരോചകമായി തോന്നും.


Shopping Centre - Ile d' orleans


സുപ്പര്‍ മാര്‍ക്കെറ്റുകളോ, വാണിജ്യകേന്ദ്രങ്ങളോ ഒന്നും അവിടെയില്ല. വീടുകളില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. തന്‍റെ കൊച്ചു കടയിലെ തിരക്കിനിടയിലും ക്ഷമയോടെ കഥകള്‍ പറഞ്ഞു തന്ന മുത്തശ്ശിയെ ഞങ്ങള്‍ക്ക് വളരെ ഇഷ്ടായി. എന്‍റെ മക്കള്‍ ടിവിയില്‍ മാത്രം കണ്ടിട്ടുള്ള കറക്കി വിളിക്കുന്ന ആ പഴയ കറുത്ത ടെലിഫോണ്‍ കണ്ടതും കേട്ടതും ഇവിടെ നിന്നാണ്. നാടന്‍ മരുന്നുകള്‍ വില്‍ക്കുന്ന ഒരു കടയില്‍ കയറിയപ്പോള്‍ ഇലകളും വേരുകളും കൊത്തിനുറുക്കി മരുന്നുണ്ടാക്കുന്ന തിരക്കിലാണ് മറ്റൊരു മുത്തശ്ശി...പാലിന്റെയും വെണ്ണയുടെയും കൊതിപ്പിക്കുന്ന മണം മൂക്കിലെത്തിയപ്പോള്‍ പലഹാരമുണ്ടാക്കി ജീവിക്കണമെന്നാശിച്ച് നഗരജീവിതം മതിയാക്കി ഈ ദ്വീപിലേക്ക് വന്ന ഒരു സ്ത്രിയെ കുറിച്ച് വായിച്ചതോര്‍ത്തു. നാട്ടില്‍ നിന്ന് കൊണ്ടുവന്ന പത്തിരിചട്ടിയുടെ അനന്തസാധ്യതകള്‍ ഞാനും മനസ്സിലൊന്നു കണ്ടു നോക്കി.



A house in the island

ചതുപ്പില്‍ കലപില കൂട്ടുന്ന പക്ഷികളുടെ ശബ്ദം മാത്രമാണ് നിശബ്ദതയെ ഭേദിക്കുന്നത്. ഇവിടെ ആര്‍ക്കും ഒരു തിരക്കുമില്ല. ശാന്തരായ മനുഷ്യരും പ്രകൃതിയും പരസ്പരം സ്നേഹിച്ചും സഹകരിച്ചും വാഴുന്ന മാന്ത്രികത. വരണ്ടുണങ്ങിയ പുഴകളും, പെയ്യാത്ത മഴമേഘങ്ങളെയും ഓര്‍ത്ത് നമ്മള്‍ കണ്ണീര്‍ വാര്‍ക്കുന്നു, ആധുനികതയുടെ പ്രസരിപ്പിലും പ്രകൃതിയുടെ നന്മകള്‍ നമുക്ക് ഇതുപോലെ കാത്തുവെക്കാമായിരുന്നു......



Fall Colour - Ile d' Orleans 

40 comments:

  1. ആദ്യത്തെ കമന്റ് എന്റെ വക ആയിക്കോട്ടെ.

    നല്ല ചിത്രങ്ങള്‍! ഏറ്റവും ഇഷ്ടമായത് അവസാനത്തെ ചിത്രം !

    ശരിയാണ്, ആധുനികതയുടെ സൌകര്യങ്ങള്‍ക്ക് വേണ്ടി നമ്മള്‍ തന്നെയാണ് നമ്മുടെ പ്രകൃതിയെ നശിപ്പിച്ചത്... ഇപ്പോഴത്തെ പല സ്ഥലങ്ങളുടെയും പഴയ ചില ചിത്രങ്ങള്‍ കാണുമ്പോഴാണ് ആ നഷ്ടം എത്ര വലുതായിരുന്നു എന്നത് മനസ്സിലാകുന്നത്.

    ReplyDelete
    Replies
    1. നന്ദി ശ്രീ ആദ്യ വായനക്കും കമന്റിനും...

      Delete
  2. Replies
    1. ഇത്തവണ വൈകിയില്ലല്ലോ... സന്തോഷം ഷബീര്‍

      Delete
  3. "യാത്ര " യിൽ നല്ല വായന നൽകിയ കുറിപ്പ് .

    നന്നായിട്ടുണ്ട് മുബീ

    ReplyDelete
  4. നല്ല കുറിപ്പ് .. മനോഹരമായ ചിത്രങ്ങള്‍...

    ReplyDelete
  5. മനോഹരമായ ചിത്രങ്ങളും,നല്ല കുറിപ്പുകളും..
    ആശംസകള്‍

    ReplyDelete
    Replies
    1. ചെറുവാടി, മനോജ്‌, തങ്കപ്പന്‍ചേട്ടന്‍.... വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.
      ചിത്രങ്ങളുടെ ക്രെഡിറ്റ്‌ ഹുസൈനുള്ളതാണ്. ഞാന്‍ പറയാം.

      Delete
  6. നല്ല രസായി തന്നെ എഴുതിയിട്ടുണ്ട് .. യാത്രയുടെ സൌന്ദര്യം എഴുത്തിലും പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് .. കുറച്ചു അറിവുകൾ കൂടി പകർന്നു തന്ന ഈ യാത്രാ വിവരണത്തിന് ഒരു സ്പെഷ്യൽ നന്ദി കൂടി പറയുന്നു ..

    ആശംസകൾ

    ReplyDelete
  7. കണ്ടത് കണ്ടു എന്തിനാണ് എഴുതി മനുഷ്യനെ കൊതിപ്പിക്കുന്നേ..ആ അവസാന ചിത്രം :( .നല്ല പോസ്റ്റ്‌ മുബി

    ReplyDelete
    Replies
    1. ചില യാത്ര കുറിപ്പുകള്‍ വായിക്കുമ്പോള്‍ കാത്തി വിചാരിച്ചത് പോലെ എനിക്കും തോന്നാറുണ്ടുട്ടോ... നമുക്ക് വായിച്ച് അവരുടെ കൂടെ യാത്ര ചെയ്യാല്ലോ എന്നോര്‍ത്ത് സമാധാനിക്കും... നന്ദി കാത്തി

      Delete
  8. ഇവിടെ ഒക്കെ പോകാൻ കഴിഞ്ഞില്ലെങ്കിലും ഇതൊക്കെ വായിച്ചു രസിക്കാൻ കഴിയുന്നുണ്ടല്ലോ? നല്ല പോസ്റ്റ്‌

    ReplyDelete
  9. നിങ്ങടെ നാട് സുന്ദരമാണ് കേട്ടോ!

    ReplyDelete
  10. യാത്രാ ഗ്രൂപ്പില്‍ വായിച്ചതാണ്. ചിത്രങ്ങളെല്ലാം അടി പൊളി. വിവരണം മോശമെന്നല്ലാട്ടോ. അടുത്ത പോസ്റ്റ് പോരട്ടെ

    ReplyDelete
    Replies
    1. അന്‍വറിക്ക, അജിത്തേട്ടന്‍, സുനി.... നന്ദി നല്ല വാക്കുകള്‍ക്ക്

      Delete
  11. ചിത്രത്തിലൂടെ തന്നെ ആ ഹോട്ടലിനു ഒരു പ്രത്യേക ആകര്‍ഷണം തോന്നി. ചിലപ്പോള്‍ ശരിയായിരിക്കും അല്ലെ.

    ReplyDelete
    Replies
    1. അവിടെയെന്തോ ഒരു പ്രത്യേകതയുണ്ട്, ഒരു പക്ഷെ എന്റെ മാത്രം തോന്നലായിരിക്കാം....

      Delete
  12. the last pic s superb dear :) . Narration just took me there ... really liked the way u described about that grandmother :)

    ReplyDelete
    Replies
    1. ആര്‍ഷ, എച്ച്മു, നീതു.... നന്ദി കൂട്ടരെ എന്‍റെ യാത്രയില്‍ ഒപ്പം ചേര്‍ന്നതിന്.
      നീതു, അങ്ങിനെയും ഒരു സ്കോപ്പുണ്ട്, അല്ലേ?

      Delete
  13. ആകെപ്പാടെ തലക്ക് പിടിച്ചു... അവസാനത്തെ പടം കണ്ടപ്പോള്‍ ശരിക്കും... എഴുത്തും ചിത്രങ്ങളും അതികേമം...
    യാത്രേലു വായിക്കാന്‍ ഒത്തില്ല. ഞാന്‍ കുറെ ദിവസമായി ഭയങ്കര അലച്ചിലാണ്... ഒന്നും കൂടി വായിച്ച് രസിക്കട്ടെ..

    ReplyDelete
    Replies
    1. തിരക്കൊഴിഞ്ഞിട്ട്‌ വായിച്ചാല്‍ മതി എച്ച്മു.. ധൃതി വെക്കണ്ടാട്ടോ...

      Delete
  14. ഹോട്ടല്‍,ചാള്‍സ് ,ടൈറ്റാനിക്,,,,ഹോട്ടലില്‍ ഒരാളുടെ presence....ഒരു സിനിമ വീണ്ടും ഇറക്കാം,,,

    ReplyDelete
  15. മനോഹരമായ ചിത്രങ്ങളൂടെ അകമ്പടിയോടെ
    വടക്കനമേരിക്കയിലെ ഈ മാജിക് ഐലന്റിനെ സുന്ദരമായി പരിചയപ്പെറ്റുത്തിയിരിക്കുന്നൂ...
    അഭിനന്ദനങ്ങൾ കേട്ടൊ മുബി

    ReplyDelete
  16. കുറേകാലം ജീവിച്ചു അവിടെത്തന്നെ മരിക്കണം എന്നാഗ്രഹിപ്പിച്ചു കൊണ്ടിരിക്കുന്ന സ്ഥലമാണ് ഈയിടെയായി കാനഡ . എന്റെ സഹോദരൻ പറഞ്ഞു പറഞ്ഞു ഏറെ കൊതിപ്പിച്ചിട്ടുള്ള സ്ഥലം . ഫോട്ടോസ് അസ്സലായി മുബീ .

    ReplyDelete
    Replies
    1. പോന്നോളൂട്ടോ.... :)

      സന്തോഷം ഇവിടെ കണ്ടതില്‍...

      Delete
  17. യാത്രാ ഗ്രൂപ്പിൽ വായിച്ചിരുന്നു....
    ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത ഭൂമികളിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നതിന് നന്ദി.....

    ReplyDelete
  18. വിവരണവും ചിത്രങ്ങളും വളരെ ഹൃദ്യമായി.ആശംസകള്‍

    ReplyDelete
  19. പ്രിയപ്പെട്ട മുബി, ചിത്രങ്ങളും യാത്ര വിവരണവും അതി മനോഹരം.

    ReplyDelete
  20. മനോഹരമായി ചിത്രങ്ങളും വിവരങ്ങളും

    ReplyDelete
  21. ഇക്ക, പ്രദീപ്‌ മാഷ്‌, രാജേഷ്‌, ഗീത.... വായിച്ചു, രണ്ടു വരി കുറിച്ചതിലും ഏറെ സന്തോഷം....

    ReplyDelete
  22. മുബി എന്നത്തെയും പോലെ ഇന്നും കൊതിപ്പിച്ചു ! എന്താ പറയാ ഇന്ന് രാത്രി ഞാനിവിടം സ്വപ്നം കാണും , ആ മുത്തശ്ശിയുടെ കഥകള്‍ കേള്‍ക്കും ......നന്ദി മുബി .

    ReplyDelete
  23. കാണാത്ത സ്ഥലങ്ങള്‍ മുമ്പില്‍ എത്തിച്ചതിനു നന്ദി.

    ReplyDelete
    Replies
    1. മിനി, നളിന ചേച്ചി... വരികളിലൂടെ പരസ്പരം നമുക്ക് യാത്ര ചെയ്യാം, സ്വപ്നം കാണാം, കഥകള്‍ കേള്‍ക്കാം അല്ലേ...

      Delete
  24. Replies
    1. വായിച്ചല്ലോ അത് തന്നെ സന്തോഷം റൈനി...

      Delete
  25. ചേച്ചിയ്ക്ക് യാത്രാ വിവരണം നന്നായി ഇണങ്ങുന്നുണ്ട്. അടുത്തപ്രാവശ്യം സ്ഥലങ്ങൾ പരിചയപ്പെടുത്തുമ്പോൾ ചെറിയ വീഡിയോ ക്ലിപ്പുകൾ കൂടി ഉൾപ്പെടുത്തുവാൻ ശ്രമിയ്ക്കുമോ? നമുക്കൊക്കെ അങ്ങോട്ട് യാത്ര ചെയ്യുവാൻ സാധിയ്ക്കില്ലെങ്കിലും ഒന്നു കാണാമല്ലോ.. :) ഏഷ്യാനെറ്റിലെ സഞ്ചാരം എന്ന പ്രോഗ്രാമിന്റെ ഒരു സ്ഥിരം പ്രേക്ഷകനായിരുന്നു ഞാൻ.. ആശംസകൾ!

    ReplyDelete
    Replies
    1. അനില്‍, അടുത്തതവണ ശ്രമിക്കാം. എനിക്ക് ഫോട്ടോഗ്രാഫിയും വീഡിയോയും വഴങ്ങില്ല, മക്കളോട് പറയണം... നന്ദി

      Delete