Tuesday, November 1, 2016

മരതക തടാകവും കാര്‍ക്രോസ്സ് മരുഭൂമിയും പിന്നെ ഉദ്യാനനഗരിയും!

സുപ്രഭാതം പൊട്ടി വിടരുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ ഹോട്ടലില്‍നിന്ന് ചെക്ക് ഔട്ട്‌ ചെയ്തു. വൈറ്റ്ഹോര്‍സ് നഗരം ഉറക്കച്ചടവ് വിട്ടുണര്‍വായിട്ടില്ലെങ്കിലും ടിം ഹോര്‍ട്ടന്‍സ് തുറന്നിട്ടുണ്ട്. ടോറോന്റോയില്‍ മുക്കിന് മുക്കിന് ടിംസ് കാണുമ്പോളൊരു വിലയുമില്ലായിരുന്നു. ഏഴു ദിവസത്തെ ടിംസ് കോഫി പഥ്യം കഴിഞ്ഞ ഞങ്ങള്‍ അവിടെന്നൊരു 'ഡബിള്‍ ഡബിളും' ക്രാന്‍ബെറി മഫിന്‍സും വാങ്ങിച്ച് സൌത്ത് ക്ലോണ്ടിക് ഹൈവേയിലേക്ക് കയറി. ഗോള്‍ഡ്‌ റഷ് ചരിത്രത്തില്‍ പ്രാധാന്യമുള്ള ക്ലോണ്ടിക് ഹൈവേ തന്നെയാണ് തെക്കും വടക്കുമായി തിരിച്ച് ഇന്ന് ഉപയോഗിക്കുന്നത്. അനുപമമായ പ്രകൃതി ദ്രിശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ ഹൈവേ ഡ്രൈവ് മറക്കില്ല. തടാകങ്ങളും, വെള്ളച്ചാട്ടങ്ങളും, പാറകളും, പിണഞ്ഞു നില്‍ക്കുന്ന മരങ്ങളും, തരിശുഭൂമിയും, പഴയ ഖനികളുടെ അവശിഷ്ടങ്ങളും എല്ലാം ചേര്‍ന്ന് വ്യത്യസ്തമായ ഭൂപ്രകൃതി. കാര്‍ക്രോസ്സ്, ടാഗിഷ് കമ്മ്യൂണിറ്റികളാണ് ഇവിടെയധികവും. 
കി.മി. 80ലെത്തിയപ്പോഴേക്കും യുകോണ്‍ ബോര്‍ഡര്‍ കടന്ന് ഞങ്ങള്‍ ബ്രിട്ടീഷ്‌ കോളംബിയ പ്രോവിന്സിലായി. മൌണ്ടാനാ മൌണ്ടനും, മൌണ്ട് റാസിനും ഇടയിലൂടെയാണ് ഹൈവേ. മഞ്ഞുകാലത്ത് ഹിമപാതത്തിന് സാധ്യതയുണ്ടെന്നു കാണിക്കുന്ന സൂചനാ ബോര്‍ഡുകള്‍ ഇടയ്ക്കിടയ്ക്കുണ്ട്. അത് പോലെ തന്നെ മലമുകളില്‍ നിന്ന് പാറകള്‍ ഉരുണ്ടു വീഴുമെന്നുള്ള മുന്നറിയിപ്പ് ബോര്‍ഡും കണ്ടു. എന്ത് കണ്ടിട്ടെന്താ? വൈറ്റ്ഹോര്‍സില്‍ നിന്ന് തലേന്ന് കണ്ട ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായി ഞങ്ങളോട് ചോദിച്ചിരുന്നു, നിങ്ങള്‍ക്ക് ഡ്രൈവ് ചെയ്യാതെ ഈ സ്ഥലങ്ങളൊക്കെ ഫ്ലൈറ്റില്‍ പോയി കണ്ടൂടെന്ന്... ഈ യാത്രാനുഭവം ആകാശപറവയിലിരുന്നാല്‍ കിട്ടില്ല്യാന്നു അവരെ പറഞ്ഞു മനസ്സിലാക്കാനൊന്നും സമയം കളഞ്ഞില്ല. പലര്‍ക്കും പല രീതിയിലല്ലേ യാത്രകള്‍ ആസ്വാദ്യമാകുന്നത്? മറ്റൊരു കാര്യവും ഈ യാത്രയില്‍ ശ്രദ്ധിച്ചിരുന്നു. പോകുന്ന വഴിയില്‍ ചിലയിടങ്ങളില്‍ ‘ഇത്ര ചുറ്റളവില്‍ മദ്യപാനം’ പാടില്ലാന്നുള്ള ബോര്‍ഡ്. ഫസ്റ്റ് നേഷന്‍സ് കമ്മ്യൂണി(ഡ്രൈ കമ്മ്യൂണിറ്റീസ്)റ്റികളുടെ താമസസ്ഥലങ്ങള്‍ക്കടുത്താണോ അതോ മറ്റെന്തെങ്കിലും കാരണത്താല്‍ സര്‍ക്കാര്‍ വച്ചതാണോയെന്നും അറിയില്ല.


Carcross Desert
വൈറ്റ്ഹോര്‍സില്‍ നിന്ന് യാത്ര തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാര്‍ക്രോസ്സ് മരുഭൂമിയിലെത്തി. മഞ്ഞുനാട്ടിലെന്ത് മരുഭൂമിയെന്നാരും ചോദിക്കണ്ട. റബ്’ അല്‍-ഖാലി(Empty Quarter)യുടെ വാലറ്റം കണ്ട് വന്നത് കൊണ്ടാവും ഇതൊരു മരുഭൂമിയായിട്ടല്ല കുട്ടികള്‍ക്ക് കളിക്കാന്‍ കൂട്ടിയിട്ടിരിക്കുന്ന മണല്‍ കൂനയായിട്ടാണ് തോന്നിയത്. ലോകത്തിലെ ‘ഏറ്റവും ചെറിയ മരുഭൂമി(1Sq.mile)യെന്ന ഓമനപ്പേരിലറിയപ്പെടുന്ന കാര്‍ക്രോസ്സ് മരുഭൂമിയിലേക്ക്  ബെന്നെറ്റ് തടാകത്തിലെ മണലാണ്‌ കാറ്റ് അടിച്ചു കയറ്റുന്നത്. ചെറുതാണെന്ന് പറഞ്ഞിട്ടൊന്നും കാര്യല്ല്യ, മണല്‍ കൂനകള്‍ ചിലപ്പോള്‍ അവിടെയുള്ള ചെടികളെവരെ മൂടി കളയും. വേറൊന്ന് കൂടിയുണ്ട്, വംശനാശം നേരിട്ട് കൊണ്ടിരിക്കുന്നൊരു ചെടി(Beikal Sedge Plant)യെയും പാറ്റയെയും ഇവിടെയാണത്രേ കണ്ടിട്ടുള്ളത്. പാറ്റയേക്കാള്‍ വലിപ്പമുണ്ട് അതിന്‍റെ പേരിന്, Gnorimoschema Moth! അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയതിനാല്‍ ശാസ്ത്രീയമായി ഇതൊരു മരുഭൂമിയല്ലെന്നാണ് പറയുന്നത്. മരുഭൂമിയില്‍ ഇറങ്ങി പഴയ ഓര്‍മ്മകളൊക്കെ അയവിറക്കി തണുത്ത് വിറച്ചാണ് ഞങ്ങള്‍ മരതക തടാകത്തിനരികിലെത്തിയത്.


Emerald Lake, YT

തടാകകരയില്‍  വണ്ടി നിര്‍ത്തിയതും ഞാന്‍ ചാടിയിറങ്ങി. യുകോണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ  കാടിന് നടുവിലെ ഹരിതനീലിമയാര്‍ന്നൊരു തടാകചിത്രമാണ് ആദ്യം മനസ്സിലെത്തുക.  വിമാനം വൈറ്റ്ഹോര്‍സിന് മുകളില്‍ വലംവയ്ക്കുന്ന സമയത്തും ഞാന്‍ അത് കണ്ടിരുന്നു. കാവല്‍ നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ക്കും നിത്യഹരിതവനങ്ങള്‍ക്കും നടുവില്‍ പ്രകൃതി കാത്തുവെച്ച വൈഡൂര്യം! ഇതുവരെ കണ്ടെതെല്ലാം ഒറ്റനിമിഷം കൊണ്ട് മായിച്ചുകളഞ്ഞു ഈ തടാകസുന്ദരി. മരതക തടാക(Emerald Lake)മെന്ന് സര്‍ക്കാര്‍ പേരിട്ടെങ്കിലും ഇവിടെയുള്ള ഗോത്രവംശര്‍ക്ക് ഇത് റെയിന്‍ബോ ലെയ്ക്കാണ്. മരിച്ചു പോയ ആത്മാക്കള്‍ സന്ദര്‍ശിക്കുന്നതിനാലാണത്രെ തടാകത്തിന് ഇത്ര സൗന്ദര്യമെന്നാണ് അവരുടെ വിശ്വാസം. സൂര്യപ്രകാശം തടാകത്തിനടിയിലെ കുമ്മായക്കല്ലില്‍(CaCO3) തട്ടി പ്രതിഫലിക്കുന്നതിനാലാണ് വെള്ളത്തിന് ഹരിത-നീല വര്‍ണ്ണമെന്ന് ശാസ്ത്രം. രണ്ടും പറഞ്ഞതാണ്, നമുക്ക് വേണ്ടതെടുക്കാം.
കണ്ണില്‍ മരതകവര്‍ണ്ണം ആവോളം നിറച്ച് ഞങ്ങളവിടെനിന്ന് പോന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ടാഗിഷ് തടാകത്തിനടുത്ത് “ബോവ് ഐലണ്ടി”നരികില്‍ നിര്‍ത്തി. ഗോള്‍ഡ്‌ റഷ് സമയത്തും അതിന് മുമ്പ് ഫസ്റ്റ് നേഷന്‍സും ഉപയോഗിച്ചിരുന്ന ജലഗതാഗത മാര്‍ഗ്ഗമായിരുന്നു ടാഗിഷ് തടാകം. അലാസ്കയിലെ സ്കാഗ്വേയിലെത്തുന്ന ഖനിതൊഴിലാളികള്‍ യുകോണ്‍ പാസിലൂടെ ബന്നെറ്റ് തടാകം വരെ നടക്കും. അവിടെന്നു തോണിയോ ചങ്ങാടമോ തുഴഞ്ഞ് ടാഗിഷ്, മാര്‍ഷ് തടാകങ്ങളിലൂടെ  യുകോണ്‍ നദി കടന്നിട്ടാണ് ഡവ്സണിലെത്തിയിരുന്നത്. ഇവര്‍ക്കും മുന്നേ ഗോത്രവംശര്‍ ഈ തടാകങ്ങള്‍ തുഴഞ്ഞ് കടന്നിരുന്നത് അടുത്തുള്ള മറ്റ് ഗോത്രക്കാരുമായി സാധനങ്ങള്‍ കൈമാറാനായിരുന്നു. അമേരിക്കന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്ക്വാറ്റ്ക എന്ന ദേശപരിവേഷകനാണ് ടാഗിഷ് തടാകത്തിന് ബോവ് ഐലണ്ടെന്ന് പേരിട്ടത്. ചെല്ലുന്ന നാടിനും, കാണുന്ന ഭൂപ്രകൃതിക്കും പേരിടാന്‍ കുപ്രസിദ്ധനായിരുന്നു സ്ക്വാറ്റ്ക, നാട്ടുകാരുടെ ഇടയില്‍ പ്രചാരമുള്ള പേരെന്താണെന്നൊന്നും അന്വേഷിക്കാറില്ലായിരുന്നു. അങ്ങിനെയാണ് ‘ടാഗിഷ് തടാകം’ ആത്മഹത്യ ചെയ്ത ഇറ്റലിക്കാരന്‍ നാവികന്‍റെ പേരില്‍ ബോവ് ഐലെണ്ടായത്. 1887 ലാണ് ടാഗിഷ് വീണ്ടും കനേഡിയന്‍ ഭൂപടത്തില്‍ സ്ഥാനം പിടിച്ചത്. അത് പോലെ, ന്യൂയോര്‍ക്ക്‌ ഹെറാള്‍ഡിന്‍റെ പ്രസാധകനായ ഗോര്‍ഡണ്‍ ബെന്നെറ്റിന്‍റെ പേരിലാണ് കാര്‍ക്രോസ്സിനടുത്തുള്ള ബെന്നെറ്റ് തടാകം അറിയപ്പെടുന്നത്. പേരിട്ടത് മറ്റാരുമല്ല! വായിച്ചറിഞ്ഞതാണീ കഥകളൊക്കെ...കഥയൊക്കെ പറഞ്ഞ് ഞങ്ങള്‍ ഫ്രേസറിലെത്തിട്ടോ. ഇവിടെയാണ്‌ കനേഡിയന്‍ കസ്റ്റംസ്. വൈറ്റ്പാസ്സ്-യുകോണ്‍ റെയില്‍ റൂട്ടിലെ പഴയ ഒരു സ്റ്റേഷനാണ്. ഇപ്പോഴിവിടെ ബോര്‍ഡര്‍ സര്‍വീസ് അല്ലാതെ മറ്റൊന്നുമില്ല. അലാസ്കയുടെയും ബ്രിട്ടീഷ്‌ കൊളംബിയുടെയും അതിര്‍ത്തി പങ്കിടുന്ന മലനിരകള്‍ക്കിടയിലൂടെയാണ് “ഡെഡ് ഹോര്‍സ് ട്രെയി”ലെന്നറിയപ്പെടുന്ന വൈറ്റ് പാസ്സ് കടന്ന് ഭാഗ്യാന്വേഷികള്‍ എത്തിയത്. ചില്‍ക്കൂട്ട്‌ ഇന്ത്യന്‍സിന്‍റെ അധീനതയിലായിരുന്നു വൈറ്റ് പാസ്സ്. ചെങ്കുത്തായ ചില്‍ക്കൂട്ട് ട്രെയിലിനെ വെച്ച് നോക്കുമ്പോള്‍ എളുപ്പമായിരുന്നത്രേ വൈറ്റ്പാസ്സ്. റോഡിനരികില്‍ കാറ് നിര്‍ത്തിയാല്‍ താഴെ മല തുരന്ന് നിര്‍മ്മിച്ച റെയില്‍ പാതയിലൂടെ ടൂറിസ്റ്റ് ട്രെയിന്‍ പോകുന്നത് കാണാം. പ്രകൃതിയുടെ വെല്ലുവിളികള്‍ക്ക് മീതെ മനുഷ്യന്‍ കൈവരിച്ച വിജയം! ഇപ്പോഴിത് ഹെറിറ്റേജ് റെയില്‍വേ റൂട്ടായി നിലനിര്‍ത്തിയിരിക്കുകയാണ്.

ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന യു.എസ് കസ്റ്റംസിനടുത്ത് എത്താറായി. പാസ്പോര്‍ട്ടും, ലൈസെന്‍സും, മറ്റ് കടലാസുകളും എടുത്തു വെക്കാന്‍ എനിക്ക് നിര്‍ദ്ദേശം തന്ന് ഹുസൈന്‍ സിഗ്നല്‍ പച്ച കത്തുന്നതും നോക്കിയിരിക്കാണ്. പച്ച നിറം തെളിഞ്ഞതോടെ ഞങ്ങളുടെ വണ്ടി ഓഫീസര്‍ നില്‍ക്കുന്നിടത്തേക്ക് നീങ്ങി. പതിവ് ചോദ്യങ്ങളും ഉത്തരങ്ങളും, കാറിനെ പരിശോധിക്കലും കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് പോകാന്‍ അനുമതി ലഭിച്ചു. ചില്‍ക്കൂട്ട് ട്രെയിലും കണ്ട് ഞങ്ങള്‍ അലാസ്കയുടെ ഉദ്യാനനഗരിയെന്നു വിളിക്കുന്ന സ്കാഗ്വേയിലേക്ക്... ക്രൂയിസ് കപ്പലുകളിലും റോഡ്‌ വഴിയും വരുന്ന ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞ തെരുവുകള്‍. വടക്കേഅമേരിക്കയിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ആഴക്കടല്‍ തുറമുഖമായ സ്കാഗ്വേയിലെ വെള്ളം വല്ലാതെ ഐസാവില്ല. അത് കൊണ്ടാവും ഗോള്‍ഡ്‌ റഷ് ഭൂപടത്തില്‍ ഈ സ്ഥലം വളരെ പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയിരിക്കുന്നത്. മഞ്ഞോ, മഴയോ, വെയിലോ നോക്കാതെ വര്‍ഷത്തിലേത് സമയത്തും ഇവിടെയെത്തുന്നവര്‍ പിന്നീട് ബോട്ടിലോ നടന്നോ അടുത്തുള്ള ദ്യെയയിലെത്തിയാണ് ചില്‍ക്കൂട്ട് ട്രെയിലിലൂടെ അവരുടെ പ്രയാണമാരംഭിക്കുന്നത്. ആരും വരാനില്ലാതെ ഇന്ന് ദ്യെയ ഒഴിഞ്ഞുകിടക്കുകയാണ്.


Skagway Ferry Terminal- Photographed by James Paul & Robins Thomas, Yukon

ഫെറി ടെര്‍മിനലിനടുത്തായി കാര്‍ പാര്‍ക്ക് ചെയ്ത് ഞങ്ങളിറങ്ങി. ആദ്യം അവിടെ നങ്കൂരമിട്ടിരിക്കുന്ന വലിയൊരു ക്രൂയിസ് കപ്പലിനടുത്തേക്ക് നടന്നു. എന്തൊരു വലിപ്പം... അതില്‍ നിന്ന് ആളുകള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നുണ്ട്. ഇവിടെയിറങ്ങി ചിലപ്പോള്‍ സന്ദര്‍ശകര്‍ വൈറ്റ്പാസ്സ് ട്രെയിന്‍ ടൂര്‍ ഉപയോഗിക്കുന്നുണ്ടാവും. ചരിത്ര നഗരം ഇന്ന് ശരിക്കുമൊരു ടൂറിസ്റ്റ് കേന്ദ്രമായിരിക്കുന്നു. മദ്യശാലകളും, റെസ്റ്റോറണ്ടുകളും, ഡാന്‍സ് ബാറുകളും കൊണ്ട് നിറഞ്ഞതാണ്‌ ഇവിടെത്തെ തെരുവോരങ്ങള്‍. മഞ്ഞുകാലത്ത് ഐസ് വകഞ്ഞുമാറ്റാനായി മുന്നില്‍ ചക്രം പിടിപ്പിച്ച എഞ്ചിന്‍ പാര്‍ക്കിനടുത്തായി നിര്‍ത്തിയിട്ടിട്ടുണ്ട്. അതിനേക്കാള്‍ എന്‍റെ ശ്രദ്ധ പതിഞ്ഞത്  പാര്‍ക്കിന്‍റെ കോണില്‍  “The Dead Are Speaking” എന്നെഴുതിയ സ്മാരകഫലകമാണ്. ഭാഗ്യാന്വേഷകര്‍ക്കൊപ്പം പുറപ്പെട്ട് പാതിവഴിക്ക് ജീവന്‍ നഷ്ടപ്പെട്ട മുപ്പതിനായിരം കുതിരകള്‍ക്കുള്ള സ്മരണാഞ്ജലി... 


The Klondike Doughboy (Alaskan Fry Bread) / Skagway, Alaska USA
രാവിലെ കുടിച്ച കാപ്പിയൊക്കെ ആവിയായി പോയിട്ട് നേരം കുറെയായിരുന്നു. “Klondike Doughboy” എന്ന ഭക്ഷണശാലയിലെ തിരക്ക് കണ്ടു കയറിയതാണ്. വലിയൊരു അപ്പം പൊരിച്ചു വാങ്ങാനാണ് ആളുകള്‍ ക്യൂ നില്‍ക്കുന്നത്. അവിടെയുണ്ടായിരുന്നൊരു വല്ല്യമ്മയോടു എന്താണിതെന്ന് ചോദിച്ച് മനസ്സിലാക്കി ഞങ്ങളും വരിയില്‍ ചേര്‍ന്നു. മാവ് കുഴച്ചു വെച്ചതില്‍ നിന്ന് ഓരോ വലിയ ഉരുളകളെടുത്ത് പരത്തി എണ്ണയില്‍ പൊരിച്ച് കോരി, സിനമണ്‍ ചേര്‍ത്ത പഞ്ചാരപൊടിയില്‍ മുക്കി തോര്‍ത്തി തരും. സംഭവം പ്രമാദം! $6.00 ആണ് ഒരപ്പത്തിന്. നല്ല വലിപ്പമുള്ളതിനാല്‍ ഞങ്ങള്‍ ഒന്നേ വാങ്ങിയുള്ളൂ. എന്‍റെ കൈയില്‍ അപ്പം തന്ന് ഹുസൈന്‍ ഫോട്ടോയെടുക്കാന്‍ പോയി. തെരുവിന്‍റെയോരത്തിരുന്ന് വായിനോക്കുന്ന ഞാന്‍ ബോറടി മാറ്റാനായി അപ്പത്തിനെ കൂട്ട് പിടിച്ചു. ഹുസൈന്‍ വന്ന് നോക്കിയപ്പോള്‍ ഏല്‍പ്പിച്ചു പോയ അപ്പത്തിന്‍റെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍...


Busy Street of Skagway

സ്കാഗ്വേയില്‍ നിന്ന് ഞങ്ങള്‍ക്ക് പെട്ടെന്ന് തിരിച്ചു പോരേണ്ടിയിരുന്നു. ഇനിയും ഇവിടെ നിന്നാല്‍ വരുമ്പോള്‍ കയറാതിരുന്ന കാര്‍ക്രോസ്സ് ട്രേഡിംഗ് പോസ്റ്റിലെത്താന്‍ നേരം വൈകും. കാര്‍ക്രോസ്സെന്ന് കേട്ട് തെറ്റിദ്ധരിക്കണ്ട. കരിബൂകള്‍ കൂട്ടത്തോടെ കടന്നുപോകുന്ന സ്ഥലമാണിത്. കരിബൂ ക്രോസിംഗ്(Caribou Crossing) ചുരുങ്ങി കാര്‍ക്രോസ്സായതാണ്. വൈകുന്നേരമാണ് ഞങ്ങള്‍ അവിടെയത്തിയത്. ആകെ തിരക്കോട് തിരക്ക്. യുകോണ്‍ പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ്‌ ചെയ്യിക്കേണ്ട രണ്ടിടങ്ങള്‍ അവിടെയായിരുന്നു. അതൊക്കെ സ്റ്റാമ്പ്‌ പതിച്ച് കിട്ടി പുറത്തിറങ്ങിയപ്പോള്‍ കാര്‍ക്രോസ്സ്/ടാഗിഷ് കമ്മ്യൂണിറ്റികളുടെ ടോറ്റം പോള്‍ കണ്ടത്. സ്വര്‍ണ്ണത്തേക്കാള്‍ പ്രാധാന്യം ഇവര്‍ക്ക് ചെമ്പാണത്രേ. ടോറ്റം പോളിലും ചെമ്പിന്‍റെ അംശമുണ്ട്. പരുന്തും, കരടിയും, ബീവറും, കുറുക്കനും കൂടാതെ വിജ്ഞാനത്തിന്‍റെ പെട്ടി പിടിച്ചിരിക്കുന്ന ഒരു സ്ത്രീ രൂപവുമുണ്ട്. Aurora Borealis/Northern Lights എന്ന അത്ഭുത പ്രതിഭാസത്തിന് എന്തൊക്കെ ശാസ്ത്രീയ അടിസ്ഥാനമുണ്ടായിട്ടും കാര്യമില്ല. ടാഗിഷ് നാടോടി കഥകളില്‍ അത് സ്വര്‍ഗത്തില്‍ നിന്ന് പൂര്‍വികര്‍ ഭൂമിയിലുള്ള അവരുടെ ബന്ധുക്കളെ കാണാന്‍ വരുന്നതായിട്ടാണ്‌ പറയുന്നത്. എനിക്കീ കഥ ഇഷ്ടായി...


Carcross Trading Post, Information Centre

കഥയൊക്കെ കേട്ട് ഐസ്ക്രീമും നൊട്ടിനുണഞ്ഞ് കടുംനിറം ചാലിച്ച കലാരൂപങ്ങള്‍ നോക്കി നടക്കുമ്പോഴാണ് സഞ്ചരിക്കുന്ന മോട്ടോര്‍സൈക്കിള്‍ മ്യുസിയം കണ്ടത്. പഴയൊരു വാനാണ് മ്യുസിയം. മോട്ടോര്‍ബൈക്കുകളുടെ ഒരുവിധത്തില്‍പ്പെട്ട വസ്തുക്കളും, മരം കൊണ്ട് നിര്‍മ്മിച്ച ശില്‍പ്പങ്ങളുമാണ് അതില്‍ നിറയെ. പ്രവേശന ഫീസൊന്നുമില്ല. ജര്‍മന്‍കാരനായ ജോര്‍ജിന്‍റെയാണ് സ്ഥാപനം. എഞ്ചിനിയറായ ജോര്‍ജുട്ടി ജര്‍മനിയിലെ സുഖജീവിതം ഉപേക്ഷിച്ച് പതിനഞ്ച് വര്‍ഷമായി ഇവിടെ കഴിയുന്നു. മലയടിവാരത്തിലെ വീട്ടില്‍ വൈദ്യുതിയില്ല, വെള്ളമില്ല. പൊതു കിണറിലെ വെള്ളം കോരി കൊണ്ട് വന്ന് അലക്കലും പാത്രം കഴുകലും നടത്തും. കുടിക്കാനും പാചകത്തിനും മലമുകളില്‍ നിന്ന് വരുന്ന വെള്ളം ശേഖരിച്ച് വെക്കും. കാട്ടുതീയില്‍ വീണ മരങ്ങള്‍ വെട്ടി വിറകാക്കി ഉപയോഗിക്കുന്നു. കൂടുതല്‍ ഉണ്ടെങ്കില്‍ വില്‍ക്കും അല്ലെങ്കില്‍ ശില്‍പ്പങ്ങളുണ്ടാക്കും. ആകെയുള്ള ആര്‍ഭാടം ഫോണാണ്. കൂട്ടിന് രണ്ട് വലിയ ശ്വാനനമാരുണ്ട്. പണവും തിരക്കും ജീവിതത്തെ കീഴ്മേല്‍ മറിക്കാന്‍ തുടങ്ങിയപ്പോഴാണ് ജോര്‍ജ് എല്ലാമുപേക്ഷിച്ച് ഇവിടെയെത്തിയത്‌. അടുത്ത തവണ വരുമ്പോള്‍ ജോര്‍ജുട്ടിയുടെ കൂടെകൂടാമെന്ന വാക്കും കൊടുത്താണ് ഞങ്ങള്‍ പിരിഞ്ഞത്.


സല്ലാപം
കനേഡിയന്‍ കസ്റ്റംസ് കടന്ന് ഞങ്ങള്‍  വൈറ്റ്ഹോര്‍സിലേക്ക് തന്നെ തിരിച്ചു വരികയാണ്, ചുറ്റി നടക്കാന്‍ ഇനിയധികം സമയമില്ല. കടംകൊണ്ട വാഹനം തിരികെയേല്‍പ്പിക്കണം. നഗരത്തിലേക്ക് കയറാതെ ഞങ്ങള്‍ നേരെ വിമാനത്താവളത്തിലേക്കാണ് പോയത്. വാഹനം നിര്‍ത്തിയിടാന്‍ നിര്‍ദ്ദേശിച്ച സ്ഥലത്തിട്ട്, താക്കോല്‍ കാറിന്‍റെ ഓഫീസില്‍ കൊടുത്തപ്പോഴേക്കും വാങ്കൂവറിലേക്കുള്ള ബോര്‍ഡിംഗ് തുടങ്ങിയിരുന്നു. കാണാത്തതും, അറിയാത്തതുമായ എന്തെല്ലാമോ ബാക്കി കിടപ്പുണ്ട്. അതെല്ലാം മറ്റൊരിക്കലേക്ക് മാറ്റിവെക്കുകയാണ്. നടന്നു തീരാത്ത ചരിത്രഭൂമികയിലെ വഴികളെ പിന്നിലാക്കി കൊണ്ട് ഞങ്ങളുടെ വിമാനം വാങ്കൂവര്‍ ലക്ഷ്യമാക്കി പറന്ന് പൊങ്ങി. സുവര്‍ണ്ണ വീഥികളിലൂടെ സ്വപ്നയാത്രകള്‍ ഇനിയുമുണ്ടായേക്കാം... ഓരോ യാത്രയും മറ്റൊന്നിന്‍റെ തുടക്കമോ തുടര്‍ച്ചയോ ആണെന്നിരിക്കെ ഒന്നും അവസാനിക്കുന്നില്ലല്ലോ... 

16 comments:

 1. യുകോണ്‍/അലാസ്ക യാത്രാവിവരണ പരമ്പര ഇവിടെ പൂര്‍ണ്ണമാകുകയാണ്. എന്നെ കൊണ്ട് കഴിയുന്നത്‌ പോലെ ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്.... വായിച്ച് പ്രോത്സാഹിപ്പിച്ച എല്ലാവരോടും... സ്നേഹം, നന്ദി :)

  ReplyDelete
 2. എന്നെക്കൊണ്ടാകുന്നതു പോലെയെന്നോ!!എത്ര മനോഹരമായ രീതിയിലായിരുന്നു!ഇങ്ങനെയെഴുതാൻ ചേച്ചിയ്ക്ക്‌ മാത്രമേ കഴിയൂ.അല്ലെങ്കിലും എഴുത്ത്‌ ചേച്ചിയേപ്പോലുള്ളവർക്ക്‌ പറഞ്ഞിട്ടുള്ളതാണല്ലോ.ഇനിയും യാത്രകളും എഴുത്തുകളും ഉണ്ടാവട്ടെ.എന്റെ പ്രാർത്ഥനകൾ!!!

  ReplyDelete
  Replies
  1. നന്ദി സുധി... പ്രോത്സാഹനങ്ങള്‍ക്ക് സ്നേഹം :)

   Delete
 3. നന്നായി എഴുതിയിട്ടുണ്ട് മുബി .പൊറ്റക്കാടിന്റെ യാത്രാ വിവരണങ്ങള്‍ വായിച്ചിട്ടുള്ളവര്‍ മുബിയുടെ എഴുത്തിനെ തള്ളിപ്പറയില്ല .ഹുസ്സയിന്റെ ചിത്രങ്ങളുടെ മാസ്മരികതയും ഒന്ന് വേറെ തന്നെ

  ReplyDelete
  Replies
  1. നൂറ് പോസ്റ്റുകള്‍ ഞാന്‍ എഴുതിയിട്ടുണ്ടെങ്കില്‍ അത് നിങ്ങളെ പോലെയുള്ളവരുടെ പ്രോത്സാഹനങ്ങളും വിമര്‍ശനങ്ങളും കൊണ്ട് മാത്രമാണ്... നല്ല വായനകള്‍ക്ക്, സൗഹൃദങ്ങള്‍ക്ക് എല്ലാം.... സ്നേഹം സ്നേഹം മാത്രം :)

   Delete
 4. കൊതിതോന്നിപ്പിക്കുന്ന കാഴ്ചകളും,വിവരണവും...
  അനുവാചകനെ ആകര്‍ഷിക്കുന്ന വായനാസുഖമുള്ള ഭാഷാശൈലി പ്രശംസനീയം!
  ഫോട്ടോകളും മനോഹരം!!
  ആശംസകള്‍

  ReplyDelete
  Replies
  1. ഇപ്പോള്‍ ഹുസൈന്‍ പോലും ചോദിക്കുന്ന ഒരു കാര്യമുണ്ട് "തങ്കപ്പന്‍ ചേട്ടന്‍ പോസ്റ്റ്‌ വായിച്ചില്ലേ?" ചില പേരുകള്‍ സ്വന്തമെന്ന പോലെ ഞങ്ങളുടെ വീട്ടില്‍ സുപരിചിതമായിരിക്കുന്നു... വായന കൂട്ടിയിണക്കിയ ബന്ധങ്ങളാണ്... സ്നേഹം :) സന്തോഷം :)

   Delete
 5. മുബീ, മനോഹരമായ വിവരണം. ജീവനുള്ള ചിത്രങ്ങള്‍. അവിടെ പോയി വന്നതു പോലെ. പിന്നെ facts മാത്രമെഴുതി ബോറടിപ്പിക്കാതെ ജീവനും മുബിയുടെതായ ദര്‍ശനവുമുള്ള എഴുത്ത്. "മഞ്ഞുനാട്ടിലെന്ത് മരുഭൂമിയെന്നാരും ചോദിക്കണ്ട. റബ്’ അല്‍-ഖാലി(Empty Quarter)യുടെ വാലറ്റം കണ്ട് വന്നത് കൊണ്ടാവും ഇതൊരു മരുഭൂമിയായിട്ടല്ല കുട്ടികള്‍ക്ക് കളിക്കാന്‍ കൂട്ടിയിട്ടിരിക്കുന്ന മണല്‍ കൂനയായിട്ടാണ് തോന്നിയത്. " തുടങ്ങി "പാറ്റയേക്കാള്‍ വലിപ്പമുണ്ട് അതിന്‍റെ പേരിന്," ഈ എഴുത്തിനു അഭിനന്ദനങ്ങള്‍, നന്ദി, സ്നേഹം

  ReplyDelete
  Replies
  1. നിര്‍മ്മലേച്ചി, എത്ര തിരക്കിലും ഓരോ ഭാഗവും വായിക്കാന്‍ സമയം കണ്ടെത്തിയതിന്, എനിക്ക് വേണ്ടി മാറ്റിവെച്ച സമയത്തിന്... ഒരുപാടൊരുപാട് സ്നേഹം :)

   Delete
 6. Replies
  1. ഒറ്റ വാക്കിലോതിയ വലിയ സ്നേഹത്തിന് നന്ദി ബിപിന്‍... :)

   Delete
 7. നന്നായി എഴുതി, അതും ഒഴുക്ക് നഷ്ടപ്പെടുന്നത്രയും ഇടവേളകൾ നൽകാതെ. ചിത്രങ്ങളും നല്ലതായിരുന്നു...

  കൂടുതൽ യാത്രകളും, യാത്രയെഴുത്തുകളും ആശംസിക്കുന്നു...!

  ReplyDelete
  Replies
  1. മടി പിടിച്ചാല്‍ പിന്നെ എഴുത്ത് നടക്കില്ല, അത് കൊണ്ടാണ് അധികം ഇടവേളകള്‍ കൊടുക്കാതെ എഴുതി തീര്‍ത്തത്... നന്ദി ലാസ്സര്‍ :)

   Delete
 8. മരതക തടാകത്തിന്റെയും മറ്റും അതിമനോഹാരിതകൾ
  മുഴുവൻ സൂപ്പറായി ഒപ്പിയെടുത്ത് അതിനു പറ്റിയ വരികൾ
  ആലേഖനം ചെയ്ത ഈ നടന്നു തീരാത്ത ചരിത്രഭൂമികയിലെ
  വഴികളെ പിന്നിലാക്കി കൊണ്ട് നിങ്ങളുടെ വിമാനം വാങ്കൂവര്‍
  ലക്ഷ്യമാക്കി പറന്ന് പൊങ്ങിയ ശേഷം പുതിയ യാത്രകളൊന്നും
  ഉണ്ടായില്ലെ ബൂലോഗത്തെ യാത്ര ജോഡികളെ ?.
  ഇത്തരം സുവര്‍ണ്ണ വീഥികളിലൂടെയുള്ള സ്വപ്നയാത്രകള്‍ ഇനിയുമുണ്ടാകണം ...
  അതുണ്ടായാലെ മലയാളത്തിലെ പുത്തൻ സഞ്ചാര സാഹിത്യത്തിന് ഒരു വർണ്ണ പകിട്ട് ഉണ്ടാകു ...
  അതെ
  ഓരോ യാത്രയും മറ്റൊന്നിന്‍റെ തുടക്കമോ തുടര്‍ച്ചയോ ആണെന്നിരിക്കെ ഒന്നും അവസാനിക്കുന്നില്ലല്ലോ ...!

  ReplyDelete
  Replies
  1. കൊല്ലവസാനവും ആദ്യവും ഓഫീസില്‍ കണക്കുകളുമായി ടോം & ജെറി കളിയിലാവും. അതാ ഞാനിത്ര നല്ല കുട്ടിയായിട്ടിരിക്കണേ! എന്‍റെ സങ്കടം മുഴുവന്‍ ഒന്നും ഒന്നും കൂട്ടി പതിനൊന്നാക്കി ഞാന്‍ തീര്‍ക്കും :(

   Delete
 9. നല്ലൊരു വായനാനുഭവം..അതാത് സ്ഥലങ്ങളുമായി ബന്ധപെട്ട വാമൊഴി കഥകൾ രസകരം..ആശംസകൾ
  ReplyDelete