Saturday, March 4, 2017

സുവര്‍ണ്ണ വൃത്തത്തിലെ കാഴ്ചകള്‍

ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകതകള്‍ ഐസ് ലാന്‍ഡിലെ സ്ഥലപേരുകളിലുണ്ട്. വിക്(vik) എന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഉള്‍ക്കടലുണ്ടെന്നാണ്. പേരില്‍ ഇത് പോലെ ഐസും, മലയും, പുകയുമൊക്കെയുണ്ട്. റെയ്ക്യാവിക്കെന്നാല്‍ പുകയുന്ന ഉള്‍ക്കടലെന്നാണ്. ഒരു പേരില്‍ ഒന്നുമില്ലാതെയില്ല, ഐസ് ലാന്‍ഡില്‍ പലതുമുണ്ട്! കേഫ്ലാവിക് എയര്‍പ്പോര്‍ട്ടില്‍ നിന്ന് ഷട്ടില്‍ ബസ്സില്‍ റെന്റ്-എ-കാര്‍ കമ്പനിയുടെ ഓഫീസിന് മുന്നില്‍ ഇറങ്ങി. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതാണ്, എന്നാലും ചടങ്ങുകളൊക്കെ  കഴിഞ്ഞ് കാറും, ഇനിയുള്ള ദിവസങ്ങളില്‍ വഴികാട്ടിയാകുമെന്ന് പറഞ്ഞ  ജി.പി.എസും കൈയില്‍ കിട്ടിയപ്പോഴേക്കും മണി ഏഴായി. സുപ്രഭാതത്തിന് പൊട്ടിവിടരാനുള്ള ആലോചന പോലുമില്ലെന്ന് തോന്നിയതിനാല്‍ താമസസ്ഥലത്ത് പോയി കുറച്ചു നേരം കിടന്നുറങ്ങാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.  

വിശ്രമവും ഭക്ഷണവും കഴിഞ്ഞു പുറത്തിറങ്ങുന്നതിനു മുമ്പായി ഫോണില്‍ ‘112 Iceland  എന്ന മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു. സ്വന്തം കൈയിലിരിപ്പ് നന്നായി അറിയാവുന്നത് കൊണ്ടൊരു മുന്‍കരുതല്‍. കാലാവസ്ഥ പ്രവചനമനുസരിച്ച് ഫെബ്രുവരി 12 മുതല്‍ 17 വരെ മഴയാണ്. പെയ്യാനും പെയ്യാതിരിക്കാനുമെന്നല്ല, പെയ്തുകൊണ്ടേയിരിക്കുകയാണ്... നമുക്കിത് ചാറ്റല്‍മഴയായേ തോന്നൂ. “ഇടി വെട്ടി മഴ കുത്തി പെയ്ത നാട്ടില്‍” ഇത്തവണ മഴ പെയ്തില്ലല്ലോന്നുള്ള പരാതികളോര്‍ത്ത് മഴ ചാറ്റിലാവോളം ആസ്വദിച്ച് സിറ്റിയില്‍ നിന്ന് സുവര്‍ണ്ണ വൃത്തത്തിലേക്ക് കയറി. മൂടി കെട്ടിയ ആകാശവും മഴയും കാട്ടി പേടിപ്പിക്കാന്‍ നോക്കിയത് വെറുതെയായിയെന്നു തോന്നിയിട്ടാവും ഇടയ്ക്കിടയ്ക്ക് മാനത്തിനൊരു തെളിച്ചം.





ആംഗലേയത്തില്‍ “ഗോള്‍ഡന്‍ സെര്‍ക്കിളെ”ന്നറിയപ്പെടുന്ന 300 കി.മി ലൂപ്പ്- റോഡ്‌-ഡ്രൈവ് വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ്. റെയ്ക്യാവിക്കില്‍ നിന്ന് തുടങ്ങി തിരിച്ച് അവിടെ തന്നെയെത്തുന്ന ഈ റോഡില്‍ ടൂറിസ്റ്റ് ബസ്സുകളുടെയും കാറുകളുടെയും തിരക്കുണ്ട്. ഐസ് ലാന്‍ഡ്‌ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട Thingvellir (Þingvellir)  നാഷണല്‍ പാര്‍ക്കാണ് സുവര്‍ണ്ണ വൃത്തത്തില്‍ ഒന്നാംസ്ഥാനത്ത്. എ.ഡി 930ലെ അല്‍പിങ്ങി(Alþingi)യെന്ന അതിപുരാതനമായ ജനാധിപത്യവ്യവസ്ഥിതിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഇവിടെയാണത്രേ. കൂടാതെ 1928 മുതല്‍ ഇതൊരു നേച്ചര്‍ റിസേര്‍വും കൂടിയാണ്.

കാനഡയില്‍ കണ്ട് പരിചയിച്ചത് പോലെ ഐസ് ലാന്‍ഡില്‍ സ്ഥലങ്ങളെ അടയാളപ്പെടുത്തുന്ന ഫലകങ്ങളോ വിശദമായ കുറിപ്പുകളോ കണ്ടിരുന്നില്ല. തുടക്കത്തില്‍ അതൊരു വിഷമമായിരുന്നെങ്കിലും പിന്നെ അതും ശീലമായി. ഒരിടത്ത് രണ്ട് മൂന്ന് കാറുകള്‍ നിര്‍ത്തിയിട്ടത് കണ്ടിട്ടാണ് ഞങ്ങളും അവിടെ നിര്‍ത്തിയത്. കാറിന്‍റെ ഡോര്‍ തുറന്നിട്ട്‌ ക്യാമറ ശരിയാക്കരുതെന്ന് ഹുസൈനെ എപ്പോഴും ഓര്‍മ്മിപ്പിക്കേണ്ടി വന്നു. കാരണം ഇവിടുത്തെ കാറ്റാണത്രേ കാറ്റ്! ഡോര്‍ കാറ്റില്‍ പാറിപ്പോകും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് കാറ് വാടകയ്ക്ക് എടുത്തപ്പോള്‍ കിട്ടിയ മുന്നറിയിപ്പ്. സ്പൈഡര്‍ വുമനായി പാറി നടക്കാന്‍ തീരെ ആഗ്രഹമില്ലാത്തത് കൊണ്ട് എന്നെക്കാള്‍ ഭാരമുള്ള ജാക്കെറ്റും, മുള്ളുള്ള ബൂട്ട്സൊക്കെയിട്ട് (Ice Crampons) ഞാന്‍ തയ്യാറായി. പകുതി ദൂരം നടന്നപ്പോഴാണ് ക്യാമറക്കുള്ള യാതൊരുവിധ മുന്‍കരുതലുമെടുത്തില്ലാന്നു ക്യാമറാമാന് ഓര്‍മ്മ വന്നത്.


Walking between the tectonic rift at Thingvellir National Park

ഓക്സ്റാര്‍ഫോസ് വെള്ളച്ചാട്ടത്തേക്കാള്‍ അതിലേക്കുള്ള വഴിയാണ് പ്രധാനം. പാറക്കെട്ടുകള്‍ക്കിടയിലൂടെ കുന്നിറങ്ങിയും കയറിയും വേണം വെള്ളച്ചാട്ടത്തിനരികിലെത്താന്‍. ഒന്ന് നില്‍ക്കണേ, ഒരു പാലമുണ്ട്. അവിടെ നിന്ന് ചുറ്റുമൊന്ന് 
നോക്കുന്നത് നല്ലതാണ്. ഇരുഭാഗത്തുമുള്ള കൂറ്റന്‍ പാറക്കെട്ടുകള്‍ രണ്ടു ഭൂഖണ്ഡങ്ങളുടെയാണ്(North-American & Eurasian Plates). ചവുട്ടി നില്‍ക്കുന്ന ഭൂമി നീങ്ങി ഭൂഖണ്ഡങ്ങള്‍ക്ക് സ്ഥാനഭ്രംശം സംഭവിച്ചിരിക്കുന്നിടത്താണ് നില്‍ക്കുന്നത്. എന്തൊക്കെ കീഴടക്കിയെന്നു അഹങ്കരിച്ച്‌ നടന്നാലും പ്രകൃതിക്ക് മുന്നില്‍ മനുഷ്യന്‍ ഒന്നുമല്ലല്ലോ. ഭൂമി നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണെന്നും തരം കിട്ടിയാല്‍ പിളര്‍ന്ന് നീങ്ങുമെന്നും ഞാന്‍ പരീക്ഷക്ക്‌ ഉത്തരമെഴുതുകയല്ല. അങ്ങിനെ സംഭവിച്ചിടത്ത് വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ്. 

പാറക്കെട്ടുകള്‍ക്കിടയിലൂടെ വെള്ളം ഒഴുകുന്നുണ്ട്, ചിലയിടങ്ങളില്‍ നല്ല ആഴമുണ്ട്. തെളിമയാര്‍ന്ന വെള്ളമായതിനാല്‍ ആളുകള്‍ എറിഞ്ഞ നാണയങ്ങള്‍ കാണാം. നാണയങ്ങള്‍ എറിയുന്നതെന്തിനാണാവോ? പണ്ട് വധശിക്ഷ നടപ്പിലാക്കിയിരുന്നതും ഇവിടെയായിരുന്നത്രേ. കുറ്റം ചെയ്തവരെ കയ്യും കാലും കെട്ടി വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. Drowning Pool എന്ന വെള്ളകെട്ടിലാണ് “പ്രണയ”മെന്ന അതിഭീകരമായ കുറ്റത്തിന് പതിനഞ്ചിലേറെ യുവതികളെ മുക്കി കൊന്നത്.  വഴിയില്‍ പലയിടത്തും കല്ലുകള്‍(Rock Cairns) കൂട്ടി വെച്ചിട്ടുണ്ട്. ആ കല്ലുകളില്‍ നിന്ന് ഒന്നെടുത്ത് മാറ്റാനോ കൂട്ടി ചേര്‍ക്കാനോ പാടില്ലാന്നും നിര്‍ദേശമുണ്ട്. ചിലത് വഴിയടയാളങ്ങളായിരിക്കാമെന്നാല്‍ ചിലത് വിശ്വാസങ്ങളുടെ ഭാഗമാണ്. എന്തായാലും അതില്‍ തൊട്ട് കളിക്കേണ്ടെന്ന് സാരം. വെള്ളച്ചാട്ടത്തിനരികില്‍ എത്തിയപ്പോഴേക്കും വീണ്ടും മഴ ചാറി തുടങ്ങിയിരുന്നു. ഒരുവിധത്തില്‍ അതിനെ മെരുക്കി ക്യാമറയിലാക്കിയിട്ട് ഞങ്ങള്‍ തിരിച്ച് കുന്ന് കയറി.


Oxararfoss (Thingvellir National Park) - South Iceland

ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ അടുത്തുണ്ടെന്നു അറിഞ്ഞപ്പോള്‍ കാപ്പി കുടിക്കണമെന്ന ആഗ്രഹം കലശലായി. ചെറിയ രണ്ടു കപ്പ് കാപ്പിയുടെ വില കേട്ടപ്പോഴാണ് ശരിക്കും “വൗ” ആയത്. 450 ക്രോണയാണൊരു ചെറിയ കപ്പ് കാപ്പിക്ക്. അതായത് CAD 5.84. ഐസ് ലാന്‍ഡില്‍ എന്തിനും വിലയേറും. 2008 ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പതുക്കെ കരകയറുകയാണ് ഐസ് ലാന്‍ഡ്‌. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാം ഇറക്കുമതി ചെയ്യണം. ആകെയുള്ള വരുമാനം കടലില്‍ നിന്നാണ്. പിന്നെ പാലുല്‍പ്പന്നങ്ങളും. കൃഷിയില്ല. ഇപ്പോള്‍ ചിലയിടങ്ങളില്‍ ഗ്രീന്‍ ഹൗസുകളില്‍ എന്തെങ്കിലുമൊക്കെ നട്ട് വളര്‍ത്താന്‍ ശ്രമിക്കുകയാണ്. ടൂറിസം മേഖലയും വളര്‍ന്നു വരുന്നതേയുള്ളൂ. അനുഗ്രഹിക്കുന്നതും നിഗ്രഹിക്കുന്നതും പ്രകൃതി തന്നെ. ജിയോ തെര്‍മല്‍ പാടങ്ങളും കുളങ്ങളും നിറഞ്ഞതാണ് ഐസ് ലാന്‍ഡിലെ ഭൂപ്രദേശം. ഭൂമിയില്‍ നിന്ന് തിളച്ചു പൊങ്ങുന്ന ആവിയില്‍ നിന്ന് ഐസ് ലാന്‍ഡ്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. യൂറോപ്പിന് മുഴുവന്‍ വൈദ്യുതി നല്‍കാനാവുമെത്രേ. അങ്ങോട്ടെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തല്‍ക്കാലം ഇപ്പോഴില്ല. എനര്‍ജി സുപ്പര്‍ പവറെന്നാണ് ഐസ് ലാന്‍ഡിനെ വിശേഷിപ്പിക്കുന്നത്. അണ്ണാറക്കണ്ണനും തന്നാലായത്.

സുവര്‍ണ്ണ വൃത്തത്തിനുള്ളില്‍ അടുത്തതായ് ഞങ്ങള്‍ക്ക് കാണേണ്ടത് സില്‍ഫ്രയാണ്. ഭൂമിയിലെ ഏറ്റവും തെളിഞ്ഞ വെള്ളം ഇവിടെയാണെന്നതും, ഭൂഖണ്ഡങ്ങളുടെ പിളര്‍പ്പിനിടയിലൂടെ സ്നോര്‍ക്കലിംഗ് നടത്താമെന്നുള്ളത് കൊണ്ടും സില്‍ഫ്രയുടെ പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളൂ. എല്ലാ വര്‍ഷവും ഭൂഖണ്ഡങ്ങള്‍ തമ്മില്‍ ഉമ്മവെച്ച് പിണങ്ങി പിളരുന്നതും സില്‍ഫ്രയിലാണ്. നിര്‍ഭാഗ്യവശാല്‍ അങ്ങോട്ടുള്ള വഴി അടിയന്തിരമായി അടച്ചിരുന്നു. സില്‍ഫ്രയെ വിട്ട് ഞങ്ങള്‍ അതിനടുത്തുള്ള ഫൌണ്ടന്‍ ഗെയ്സിറി(Strokkur or Fountain Geysir)ലേക്ക്  പോയി. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് സജീവമായതാണീ ചൂടുറവ. മണ്ണിലെ കുഴിയില്‍ വെള്ളം തിളച്ചുമറിയുന്നത് കാണാം. ചൂടുണ്ടോന്നു പരീക്ഷിക്കരുതെന്ന മുന്നറിയിപ്പുണ്ട്. അഥവാ പരീക്ഷിക്കണമെന്ന് തോന്നിയാല്‍ അടുത്തുള്ള ആശുപത്രി 62 കി.മി അകലെയാണെന്ന് കൂടെ ഓര്‍ക്കണം. കുറെയധികം കുഴികളില്‍ നിന്ന് ആവി പൊന്തുന്നുണ്ടെങ്കിലും ഒരെണ്ണത്തില്‍നിന്നാണ് ഓരോ പത്ത് മിനിറ്റിലും തിളച്ച വെള്ളം ഇരുപത് മീറ്റര്‍ ഉയരത്തില്‍ അന്തരീക്ഷത്തിലേക്ക് പൊങ്ങുന്നത്. വെള്ളം തിളച്ചുമറിയുന്നതും നോക്കി നില്‍ക്കുമ്പോള്‍ പേടി തോന്നി. കാല്‍ വഴുതി വീണാല്‍ പിന്നെ സൂപ്പായിട്ടെങ്കിലും ബാക്കി കിട്ടോന്ന് സംശയമാണ്. പ്രകൃതിയുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശമാണ്, മാറി നിന്ന് ആദരവോടെ നോക്കി കാണുക തന്നെ. Strokkur Youtube Link

Strokkur Eruption 
മഴയും, ചൂടും, ചളിയും, സള്‍ഫറി(ചീമുട്ടയുടെ)ന്‍റെ സുഖകരമല്ലാത്ത നാറ്റവും സഹിച്ച് ഫോട്ടോകള്‍ എടുത്തു മതിയായപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു. സൂര്യാസ്തമയം അഞ്ചു മണിക്കായതിനാല്‍ അടുത്തുള്ള ഗുള്‍ഫോസ് (Gullfoss Waterfalls) വെള്ളച്ചാട്ടവും, കെറിഡ് ക്രേറ്റര്‍ തടാകവും (Kerid Crater lake) കാണാന്‍ പോകാതെ ഞങ്ങള്‍ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങി. വീതി കുറവുള്ള റോഡുകളാണ് ഐസ് ലാന്‍ഡില്‍ കൂടാതെ അവിടെയുള്ളവര്‍ക്ക് വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കൊന്നുമില്ലെന്ന് തോന്നുന്നു. ഡ്രൈവിങ്ങിനേക്കാള്‍ ശ്രദ്ധ ഫോണിലാണ്. ഒറ്റവരി പാതയും, റോഡിനടിയില്‍ നിന്ന് ഐസ് പൊന്തിയുണ്ടായ കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതും, പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന മൂടല്‍മഞ്ഞും രാത്രി യാത്രക്ക് പറ്റിയതല്ലായിരുന്നു. വാഹനങ്ങളുടെ ടയറുകളില്‍ നിറയെ സ്റ്റഡുകള്‍ പതിച്ചിട്ടുണ്ടെങ്കിലും വഴുക്കലിനു കുറവൊന്നുമില്ല. 


Icelandic Horses

മൂന്ന് മണിക്കൂര്‍ ഡ്രൈവിംഗ് സമയം പറയുന്നുണ്ടെങ്കിലും ഇടയ്ക്ക് നിര്‍ത്തുന്ന സ്ഥലങ്ങള്‍ അനുസരിച്ച് സുവര്‍ണ്ണ വൃത്തം കറങ്ങിയെത്താന്‍ ആറേഴ് മണിക്കൂറെങ്കിലുമെടുക്കും. ആടുകളും, ഐസ് ലാന്‍ഡ്‌ കുതിരകളും 
റോഡിനിരുവശമുള്ള ഫാമുകളില്‍ മേഞ്ഞുനടക്കുന്നത് കാണാം. തലയിലും ദേഹത്തും നിറയെ രോമങ്ങളും, അധികം വലിപ്പമില്ലാത്തതുമായ കുതിരകളാണ്‌ ഐസ് ലാന്‍ഡിലുള്ളത്. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് വൈക്കിങ്ങുകളുടെ കൂടെ എത്തിയതായിരിക്കണം. രാജ്യത്തിന്‍റെ വിശ്വസ്ത സേവകനെന്നു വിശേഷിപ്പിക്കുന്ന ഈ കുതിരകള്‍ ഇവിടുത്തെ കാലാവസ്ഥയെ അതിജീവിക്കാന്‍ പ്രാപ്തരാണത്രേ. അപരിചിതരോടായാലും ചങ്ങാത്തം കൂടാന്‍ മടിയൊന്നുമില്ല. നീരസമൊന്നും കാട്ടാതെ ഫോട്ടോഗ്രാഫറുടെ ഇഷ്ടത്തിന് നിന്ന് കൊടുക്കുന്നവരുമുണ്ട്‌. ഒറ്റ കപ്പ് കാപ്പിയില്‍ ഉച്ചഭക്ഷണം ഒതുക്കിയതിനാല്‍ എട്ട് മണിക്ക് കെഫ്ലാവിക്കിലെത്തി സബ് വേയില്‍ നിന്നൊരു സാന്‍ഡ് വിച്ചും കഴിച്ചു പുറത്തിറങ്ങിയപ്പോഴാണ് കണ്ണൊന്ന് തെളിഞ്ഞത്. പിറ്റേ ദിവസത്തെ പരിപാടികളുടെയൊരു കരടുരേഖ തയ്യാറാക്കിയെങ്കിലും രാത്രി പന്ത്രണ്ട് മണിക്കുള്ള കാലാവസ്ഥ പ്രവചനം എല്ലാം മാറ്റി മറിച്ചു...                (തുടരും)

35 comments:

  1. പൊളിച്ചുട്ടോ !!!! വാക്കി കൂടി വേഗം

    ReplyDelete
    Replies
    1. ആദ്യവായനക്കും കമന്റിനും നന്ദി...

      Delete
  2. മുബി വളരെ മനോഹരമായിട്ടാണ് എഴുതുന്നത്‌ .എന്തൊരു നാട് ."ഭൂമിയില്‍ നിന്ന് തിളച്ചു പൊങ്ങുന്ന ആവിയില്‍ നിന്ന് ഐസ് ലാന്‍ഡ്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. യൂറോപ്പിന് മുഴുവന്‍ വൈദ്യുതി നല്‍കാനാവുമെത്രേ." അത്ഭുതകരമായിത്തോന്നി

    ReplyDelete
    Replies
    1. സന്തോഷം... സ്നേഹം വെട്ടത്താന്‍ ചേട്ടാ :)

      Delete
  3. യാത്ര തുടരുക. ഞങ്ങള്‍ക്ക് വായിച്ചു വായിച്ചു പോകാലോ. :) :)

    ReplyDelete
    Replies
    1. നന്ദി ആഷിക്... തുടര്‍ന്നും വായിക്കണേ.

      Delete
  4. വായിച്ചു വന്നപ്പോ പേടിയായി, ആ വെള്ളത്തിന്റെ ചൂട് പരീക്ഷിക്കാൻ മുതിരുമോയെന്ന്... ! (മുബിയെ അറിയുന്നതു കൊണ്ടായിരുന്നു ആ പേടി... ) പിന്നെയാ ഓർത്തത്, ഇന്നലേം കൂടെ ദോശ തിന്നാൻ കൂടെയുണ്ടായിരുന്നല്ലോ എന്ന്... ! :)

    ReplyDelete
    Replies
    1. എന്നാലും സഹിക്കാഞ്ഞിട്ട് അവിടെന്ന് ഒലിച്ചിറങ്ങുന്ന വെള്ളത്തിലേക്ക് കാലൊന്ന് ഇട്ടു നോക്കി :) ബൂട്ട്സും ഉണ്ടായിരുന്നൂലോ..

      Delete
  5. പതിവുപോലെ കൊതിപ്പിക്കുന്ന കാഴ്ചകള്‍ മനോഹരമായി.
    "കാല്‍ വഴുതി വീണാല്‍ പിന്നെ സൂപ്പായിട്ടെങ്കിലും ബാക്കി കിട്ടോന്ന് സംശയമാണ്." പ്രകൃതി തീരെ പിടികിട്ടാത്ത അത്ഭുതങ്ങളുടെ കലവറയാണ്.

    ReplyDelete
    Replies
    1. അത്ഭുതം കൂടുകയാണ് റാംജിയേട്ടാ...

      Delete
  6. മോഹിപ്പിക്കുന്ന സ്ഥലങ്ങളും എഴുത്തും ...

    ReplyDelete
    Replies
    1. നന്ദി...നിഷ. ഇടയ്ക്കു കുറെ നാൾ കാണാതെ ഇപ്പോൾ നിഷയെ ഇവിടെ കാണുമ്പോൾ സന്തോഷം തോന്നുന്നു :)

      Delete
  7. ഈ ജന്മത്തില്‍ ഇവിടെ ഒന്നും പോകാനും കഴിയില്ല, കാണാനും കഴിയില്ല . വായനയിലൂടെ അവിടേക്ക് കൊണ്ട് പോയതിന് നന്ദി മുബീന്‍ ......

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ...

      Delete
    2. അങ്ങനെ നീരാവി എന്താണെന്ന് തിരിച്ചറിഞ്ഞുവല്ലെ....
      നയനമന:സുന്ദരമായ ഈ കാഴ്ചകൾ ഞങ്ങൾക്ക് പകർന്നു തരാൻ മനസ്സുണ്ടായതിന് വളരെ നന്ദി.

      Delete
  8. കാത്തിരുന്ന കുറിപ്പ് ..എഫ് ബിയില്‍ ഫോട്ടോകള്‍ കണ്ടപ്പോഴേ കൊതിച്ചിരുന്നു ഈ യാത്രാവിവരണം . ചുടുവെള്ളം ഒരു അത്ഭുതം തന്നെ അല്ലെ ,,,അതിനേക്കാള്‍ കൌതുകമായി തോന്നിയത് അവരുടെ വൈദ്യതി ഉത്പാദനമാണ് ....യു ട്യൂബ് ലിങ്ക് തന്നതിന് നന്ദി ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .

    ReplyDelete
    Replies
    1. ഞാൻ വളരെ കഷ്ടപ്പെട്ട് വീഡിയോ എടുത്തിരുന്നു. ഫോണിൽ അത് വർക്ക് ആകുന്നുണ്ട്. കമ്പ്യൂട്ടറിലേക്ക് മാറ്റിയപ്പോൾ അനിക് സ്‌പ്രേയായി പോയി :(

      Delete
  9. മനോഹരമായ എഴുത്തും ആസ്വാദ്യകരവും വിസ്മയകരവുമായ കാഴ്ചകളും ഏറെ ഇഷ്ടമായി.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പൻ ചേട്ടാ...

      Delete
  10. ഇനി ഏത് ഭൂഖണ്ഡമാണ് ബാക്കിയുള്ളത് മുബീ പോകാൻ...?

    ReplyDelete
    Replies
    1. വിനുവേട്ടാ, ഇങ്ങള് ഓരോ ഹെലികോപ്റ്റർ അവിടേം ഇവിടേം കൊണ്ടിടും... ഞാനത് നോക്കാനല്ലേ പോണത്?

      Delete
  11. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ ബാപ്പ ഒരു പുസ്തകം തന്നു - നിങ്ങള്‍ക്കറിയാമോ? അതില്‍ ഈ ഗെയ്സറുകളെ പറ്റി പറയുന്നുണ്ട്.ഇപ്പോള്‍ അത് നേരില്‍ അനുഭവിച്ചതും വായിച്ചു.നല്ല കുറിപ്പുകള്‍.ആറാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രത്തില്‍ ഐസ്ലാന്റിനെ പറ്റി പഠിച്ചതില്‍ ആകെ ഓര്‍മ്മയിലുള്ളത് അതിന്റെ തലസ്ഥാനത്തിന്റെ പേരാണ്,അതാണ് റെയ്ക് ജാവിക്

    ReplyDelete
    Replies
    1. അതെയോ?? പണ്ട് ഭൂമിശാസ്ത്രം പഠിക്കാൻ എടുത്താൽ ഞാൻ ഉറങ്ങുമായിരുന്നു. ഞാനറിയാതെ തന്നെ ഇപ്പോൾ പ്രകൃതി ഇതൊക്കെ പഠിപ്പിക്കുകയാണെന്ന് തോന്നുന്നു...

      Delete
  12. ഒരിക്കലും കാണാൻ പറ്റാത്ത
    സ്ഥലങ്ങളുടെ അതിമനോഹര കാഴ്ച്ച വട്ടങ്ങൾ ...

    ഭൂഖണ്ഡങ്ങൾ മാറി മാറി താണ്ടി ഐസ് ലാന്റ് വരെ എത്തി ...അല്ലെ .
    ഒരു മലയാളി മങ്കക്കും എത്തിപ്പിടിക്കുവാൻ സാധിക്കാത്ത സഞ്ചാരങ്ങൾ
    നടത്തുന്ന മുബിയോടാണെനിക്ക് കുശുമ്പ് , ഞങ്ങൾ ആണ് കോന്തന്മാർക്ക്
    വരെ പോകാൻ പറ്റുന്നില്ല... പിന്നെങ്ങിനെ അസൂയിക്കാതിരിക്കും ...!

    ReplyDelete
    Replies
    1. വിസ വേണ്ടല്ലോ പിന്നെ ടിക്കെറ്റും ചീപ്പായിരുന്നു അതാ ഐസ് ലാന്‍ഡിലെത്തിയത് മുരളിയേട്ടാ... അസൂയിക്കണ്ട കഷണ്ടി വരും :)

      Delete
  13. ഒരൂസം ന്റെ മാവും കായ്ക്കും ( ഹോ !!!!!നെടുവീർപ്പ്)സ്നേഹം ട്ടോ പാത്തു ഈ എഴുത്തിനു അവിടം കണ്ട പോലുണ്ട്

    ReplyDelete
    Replies
    1. വേഗം കായ്ക്കട്ടെ അമ്മിണിക്കുട്ടിയെ... ആദ്യം ഇങ്ങോട്ട്, ന്നിട്ട് നമുക്കെല്ലാവര്‍ക്കും കൂടെ ദോശ തിന്നാന്‍ പോവണം പിന്നെ ടൂര്‍.. എങ്ങിനെയുണ്ട് ഐഡിയ?

      Delete
  14. "തണുപ്പിന്റെ ലോകത്ത് ചൂടുവെള്ളത്തിന്റെ ഉറവകളുണ്ടാക്കുന്ന പ്രകൃതിയുടെ ഇന്ദ്രജാലം" എന്ന് കാൽപ്പനിക ഭാഷയിലും സൾഫറിന്റെ സാന്നിദ്ധ്യമെന്ന് ശാസ്ത്രഭാഷയിലും പറയാം. ഞാൻ പ്രകൃതിയുടെ മാന്ത്രികവിസ്മയത്തിനുമുന്നിൽ നിൽക്കാനാണ് ഇഷ്ടപ്പെടുന്നത്. നമ്മുടെ ഹിമാലയത്തിൽ ബദരിനാദിൽ ഇങ്ങിനെ തിളച്ചു മറയുന്നില്ലെങ്കിലും ചൂടള്ള ഇത്തരമൊരു ഉറവ കണ്ടത് ഓർക്കുന്നു. ബദരി യാത്രയുടെ തണുപ്പിന്റെ കാഠിന്യം കുറച്ച് ഉന്മേഷം വീണ്ടെടുക്കാൻ തീർത്ഥാടകർ അതിൽ കുളിക്കാറുണ്ട്. "തണുപ്പിന്റെ ലോകത്ത് ചൂടുവെള്ളത്തിന്റെ ഉറവകളുണ്ടാക്കുന്ന പ്രകൃതിയുടെ ഇന്ദ്രജാലം" എന്ന് അന്ന് ചിന്തിച്ചത് മുബിയുടെ ലേഖനം വായിച്ചപ്പോൾ വീണ്ടും ഓർമ്മയിലെത്തി....

    മുരളി സാർ പറഞ്ഞത് ഇങ്ങോട്ട് കടമെടുത്ത് ഞാനും ആവർത്തിക്കുന്നു...

    "ഒരു മലയാളി മങ്കക്കും എത്തിപ്പിടിക്കുവാൻ സാധിക്കാത്ത സഞ്ചാരങ്ങൾ
    നടത്തുന്ന മുബിയോടാണെനിക്ക് അസൂയ....."

    ദേശാന്തര കാഴ്ചകൾ തുടരട്ടെ.......

    ReplyDelete
    Replies
    1. മാഷേ പ്രകൃതിയുടെ മാന്ത്രിക വിസ്മയം എന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. Geothermal പൂളുകളില്‍ ആളുകള്‍ മുങ്ങി കിടക്കും, ത്വക്ക് രോഗങ്ങള്‍ക്കും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കും ശമനമുണ്ടാകുമത്രേ...

      Delete
  15. കൊതിപ്പിക്കുന്ന എഴുത്തും ചിത്രങ്ങളും!!എന്നാലും ഇതൊരു സാഹസികയാത്രയായല്ലോ!!!!!!!

    ReplyDelete
    Replies
    1. യാത്രകള്‍ അങ്ങിനെയാണ് സുധി...

      Delete
  16. എഴുത്തും ചിത്രങ്ങളും കിടു കിടു :)

    ReplyDelete