Sunday, May 14, 2017

വായനാക്കൂട്ടത്തിന്‍റെ റോമിയോ ജൂലിയറ്റ് വിശേഷങ്ങള്‍...

‘വാ പെണ്ണുങ്ങളെ, നമുക്ക് പോകാം...’ ഏഷ്യനെറ്റ് ഓണ്‍ലൈനിൽ ബ്ലോഗ്ഗർ യാസ്മിന്‍റെ എഴുത്ത് വായിച്ചതിനു പിന്നാലെ കുഞ്ഞേച്ചിയുടെ സന്ദേശം ഞങ്ങള്‍ക്കെത്തി. കുറെനാളായി പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ട്. ശരവണഭവനിലെ ദോശയും കഴിച്ചു വൈകുന്നേരം കൂടണയുന്ന സ്ഥിരം കലാപരിപാടി വര്‍ഷങ്ങളായി മുടക്കമില്ലാതെ നടക്കുന്നുണ്ട്. വഴികളൊക്കെ വ്യത്യസ്തമാണെങ്കിലും ഞങ്ങളെ കൂട്ടിയിണക്കിയത് വായനയും പുസ്തകങ്ങളുമാണ്. അസൂയാലുക്കളായ വീട്ടുകാരും മക്കളും ഈ അഞ്ചംഗ വായനാക്കൂട്ടത്തെ ദോശക്കൂട്ടമെന്നും/തീറ്റക്കൂട്ടമെന്നൊക്കെ വിളിക്കുന്നത്‌ പതിവാണ്.

ദോശയുടെ മുന്നിലിരിക്കാതെ ഞങ്ങൾ തീരുമാനങ്ങളൊന്നും എടുക്കാറില്ല. നല്ലതായാലും ചീത്തയായാലും ദോശ വേണം. അങ്ങിനെ മിസ്സിസ്സാഗയിലെ അഞ്ചപ്പാറിൽ അഞ്ച് ദോശകൾ ഞങ്ങളുടെ തീരുമാനത്തിനു സാക്ഷ്യം വഹിച്ചു. യാത്ര പോകുന്നു... തിയതി മാത്രം നിശ്ചയിച്ച്, ബാക്കിയെല്ലാം എന്‍റെയും നിര്‍മലചേച്ചിയുടെയും പിടലിക്കിട്ട് അന്നെല്ലാവരും പിരിഞ്ഞു. ഐസ് ലാന്ഡിന്‍റെയും നാടിന്‍റെയും ആലസ്യത്തില്‍നിന്ന് ഇനിയുമുണരാത്ത രണ്ടാളെയാണ് കാര്യങ്ങളൊക്കെ ഏല്‍പ്പിച്ചത്. ഒരെയോരാശ്വാസമുള്ളത് ഇഷ്ടാനിഷ്ടങ്ങളും, ഭ്രാന്തുകളും ഏകദേശമൊരേയളവിലാണ് അഞ്ചു പേര്‍ക്കും...

ദൂരെ കാട്ടിലെവിടെയെങ്കിലും പോയി കൂടാരത്തില്‍ കൂടാമെന്നുള്ള മോഹം ഏപ്രില്‍/മെയ് മാസങ്ങളില്‍ നടക്കില്ല. മഞ്ഞുരുകും കാലമാണ്, മഴയും വെള്ളപ്പൊക്കവും പ്രശ്നമാക്കാറുണ്ട്. കാട്ടിലേക്ക് പോകുന്ന കാര്യം മിണ്ടരുത്ന്ന് നിര്‍മലേച്ചി കട്ടായം പറഞ്ഞു. വിശാലമായ ഈ കാനഡയില്‍ ദോശക്കൂട്ടത്തിന് പോകാനിടമില്ലാതെയായോന്നും കരുതി ഇന്റര്‍നെറ്റ്‌ പരതിയിരിക്കുമ്പോഴാണ് അരയന്നങ്ങളുടെ നാട്ടിലെ ഉത്സവം ഓര്‍മ്മ വന്നത്. ഉത്സവം കഴിഞ്ഞെങ്കിലും അവിടെ മറ്റൊരു പ്രധാനപ്പെട്ട സംഗതിക്ക് തിരശ്ശീലയുയര്‍ന്നീട്ടുണ്ട്. സ്ട്രാറ്റ്ഫോര്‍ഡ് ഫെസ്റ്റിവൽ സീസൺ തുടങ്ങിയിട്ടുണ്ട്. ഷേക്സ്പിയര്‍ നാടകങ്ങളാണ് പ്രധാനമായും അവതരിപ്പിക്കുന്നത്‌. രണ്ടുവര്‍ഷം മുന്നേ അരയന്നോത്സവത്തിന് പോയപ്പോൾ കണ്ട കലാകാരന്മാര്‍ക്ക് വാക്ക് കൊടുത്ത് പോന്നതാണ്. ഒരിക്കല്‍ കളി കാണാൻ വരുമെന്ന്. അത് വായനാക്കൂട്ടത്തിനൊപ്പമയാൽ വേറെയെന്ത് വേണം!




അഞ്ചു പേര്‍ക്കും ഒഴിവുള്ള ദിവസം മെയ്‌ ആദ്യാവാരത്തിലെ വെള്ളിയാഴ്ചയാണ്. ഷാരോണ്‍ പോളോക്ക് എഴുതി കയ്റാ ലോഗ്റാന്‍ സംവിധാനം ചെയ്ത “ദി കോമാഗാട്ടാ മാറു ഇന്‍സിഡന്റ് (The Komagata Maru Incident)” ഈ വര്‍ഷത്തെ സീസണിൽ കളിക്കുന്നുണ്ട്. അതിനിനിയും മൂന്ന് മാസം കാത്തിരിക്കണം. അത് കൊണ്ട് മെയ്‌ ആദ്യവാരത്തിലെ മറ്റൊരു ഷോക്ക് ഞാന്‍ അഞ്ച് ടിക്കറ്റെടുത്തു. വെള്ളിയാഴ്ച രണ്ടു മണിക്ക് 'റോമിയോ ജൂലിയറ്റാ'ണ് കളിക്കുന്നത്. ഷേക്സ്പിയറിന്‍റെ എക്കാലത്തെയും പ്രശസ്തമായ ഈ പ്രണയ നാടകത്തിന്‍റെ 53 പ്രദര്‍ശനങ്ങളാണ് ഫെസ്റ്റിവൽ തിയേറ്ററില്‍ അരങ്ങേറുന്നത്. നാടകത്തിന്‍റെ  സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് Scott Wentworth ആണ്.

മെയ് അഞ്ചിന് രാവിലെ പത്തു മണിക്ക് ഞങ്ങൾ മിസ്സിസ്സാഗയിൽ നിന്ന് സ്ട്രാറ്റ്ഫോര്‍ഡിലേക്ക് പുറപ്പെടുന്നു. വെള്ളിയും ശനിയും അവിടെ തങ്ങി ഞായറാഴ്ച ഉച്ചക്ക് മടക്കം. കരടുരേഖ തയ്യാറായി. സ്ട്രാറ്റ്ഫോര്‍ഡില്‍ രണ്ടു ദിവസത്തേക്ക് താമസിക്കാനൊരു കോട്ടേജും പറഞ്ഞു വെച്ചു. ആലസ്യത്തിലാണെങ്കിലും അത്രയും ഞങ്ങള്‍ ചെയ്തു. ഭക്ഷണം എന്നെ ഏല്‍പ്പിച്ചാൽ ഏല്‍പ്പിച്ചവർ കുടുങ്ങും. പാര്‍ലേ ജിയും സുലൈമാനിയും മാത്രം മതിയെന്ന് കേട്ടതും ജോജിയമ്മയും ജുനയും ഞെട്ടി. വെള്ളിയാഴ്ച ഉച്ചക്ക് വിശക്കും, ശരവണഭവന്‍ കൂടെ പോരില്ലല്ലോ...അത് കൊണ്ട് ആശാസ് കിച്ചണില്‍ നിന്ന് പൊതിച്ചോറുമായി പോകാമെന്ന് കുഞ്ഞേച്ചി പറഞ്ഞപ്പോഴാണ് ജുനയുടെ ഞെട്ടല്‍ മാറിയത്. ഉടനെ അടുത്ത നിര്‍ദ്ദേശം കൂട്ടത്തിൽ ചെറുതായ ജുനയുടെ വകയായി. പൊതിച്ചോറ് കഴിക്കുന്നെങ്കില്‍ മരത്തിന്‍റെ ചോട്ടിൽ തന്നെ വേണം.. അത് നിര്‍ബന്ധമാണെന്നായി. കുഞ്ഞേച്ചി അതും സമ്മതിച്ചു. ഞാനും നിര്‍മലേച്ചിയും മുഖത്തോടുമുഖം നോക്കിയിരുപ്പായി. രണ്ടു മണിക്ക് കളി കാണാനെത്താന്‍ കാറുമായി പറക്കേണ്ടി വരോന്നായിരുന്നു ഞങ്ങളുടെ ചിന്ത. ജോജിയമ്മക്കാണെങ്കില്‍ കോട്ടേജിലെത്തിയാൽ എന്തൊക്കെ ഉണ്ടാക്കി സല്‍ക്കരിക്കാമെന്നായിരുന്നു ആലോചന. അധികം ആലോചിച്ചു ആ തല പുകയാന്‍ ഞങ്ങളാരും അനുവദിച്ചില്ല.



പൊതിച്ചോര്‍, പിറന്നാളാഘോഷം, പിന്നെ ദോശയും!
സ്ഥിരമായി യാത്ര ചെയ്യാറുണ്ടെങ്കിലും ആദ്യമായാണ് പെണ്ണുങ്ങളുടെ തനിച്ചുള്ള യാത്ര. കഥ, കവിത, പാട്ട്, സിനിമ, നാടകം ഞങ്ങളുടെ മാത്രം ഭ്രാന്തുകളുമായി രണ്ടു ദിവസം... യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ എന്നെയും കൂടെ കൂട്ടിക്കോളൂന്നും പറഞ്ഞ് മഴയുമെത്തി. ഒരാഴ്ച തോരാമഴയാണ് ഞങ്ങളുടെ നാട്ടിലും പോകുന്നിടത്തും. ആശിച്ച് മോഹിച്ചിറങ്ങിയപ്പോള്‍ വെള്ളപ്പൊക്കം, മഞ്ഞ്, തണുപ്പ് ഇനിയില്ലാത്തവരാരുമില്ല. കാറില്‍ സ്ഥലമില്ലാത്തതിനാൽ ഇവരോടൊക്കെ അവരാവരുടെ സൗകര്യം പോലെ കൂടെ കൂടിക്കോളാന്‍ പറഞ്ഞ് ഞങ്ങളുമൊരുങ്ങി.

വ്യാഴാഴ്ച വൈകുന്നേരം ലീവെഴുതി ഇമെയിൽ അയച്ചതോടെ നൂറു വാട്ട് ചിരിയുമായി ഞാന്‍ വീട്ടിലെത്തി. വാട്ട്‌സാപ്പിലെ സന്ദേശങ്ങളിലൂടെ ബാക്കി തയ്യാറെടുപ്പുകള്‍ മുഴുവനാക്കി ഉറങ്ങാൻ കിടെന്നെങ്കിലും ഉറങ്ങിയില്ല. പാതി ഉറങ്ങിയും ഉറങ്ങാതെയും നേരം വെളുപ്പിച്ചു വാട്ട്‌സാപ്പിലൂടെ മറ്റുള്ളവരെ ഉറങ്ങാന്‍ സമ്മതിക്കാതെ വിളിച്ചുണര്‍ത്തി. ഹാമില്‍ട്ടണിൽ നിന്ന് ജോജിയമ്മയും, നിര്‍മലേച്ചിയും മിസ്സിസ്സാഗയിലെത്തും. ജുനയും ഞാനും കുഞ്ഞേച്ചിയുടെ വീട്ടിലെത്തണം. പത്ത് മണിക്ക് ‘കപ്പലെ’ന്ന് ഞങ്ങള്‍ വിളിക്കുന്ന കുഞ്ഞേച്ചിയുടെ വീട്ടില്‍ നിന്നാണ് പൊതിച്ചോറുമായി ഞങ്ങളുടെ പ്രയാണം. ജുനയെ മരച്ചോട്ടിലിരുന്നു പൊതിച്ചോറുണ്ണാൻ സമ്മതിക്കില്ലാന്നു വാശിയോടെ രാത്രി മുഴുവന്‍ മഴ പെയ്തിട്ടുണ്ടായിരുന്നു. കിലുക്കത്തിലെ രേവതിയെ പോലെ കുടയും രണ്ടു ബാഗും ബൂട്ട്സുമൊക്കെയായി ഞാന്‍ ജുനയെ കാത്തു നില്‍പ്പായി. ഒടുവിലെല്ലാവരും കപ്പലില്‍ ഒരുമിച്ചു കൂടി വൈകാതെ അവിടെന്നു പുറപ്പെട്ടു.


ജനലിനപ്പുറം!
ചിരിയും ബഹളവുമായി കാറില്‍ ഞങ്ങളും പുറത്തു മഴയും... ഇടയ്ക്ക് കൊറിക്കാനായി ജോജിയമ്മയുടെ സ്പെഷ്യല്‍ കേക്കുണ്ടായിരുന്നു. വഴിയില്‍ തടസ്സങ്ങളൊന്നുമില്ലാതെ ഞങ്ങള്‍ പന്ത്രണ്ട് മണിയോടെ കോട്ടേജിലെത്തി. ഭര്‍ത്താവിന്‍റെ മരണശേഷം 50 ഏക്കറിന് നടുക്കുള്ള കുടുംബവീട് രണ്ടായി പകുത്ത് ഒരു ഭാഗം വാടകയ്ക്ക് നല്‍കുകയാണ് ജാക്ക്വിലിൻ. ഞങ്ങളെ കാത്ത് അവരവിടെയുണ്ടായിരുന്നു. സ്വീകരണമുറിയുടെയും കിടപ്പുമുറിയുടെയും ചുവരുകള്‍ ജാക്കി വരച്ച ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ജാലകത്തിനപ്പുറം കിളികളുടെ ശബ്ദാഘോഷങ്ങള്‍... വീടിനു മുന്നിലെ പൂന്തോട്ടത്തില്‍ ട്യുലിപ്പുകള്‍ മൊട്ടിട്ടിരിക്കുന്നു. എന്തുകൊണ്ടും ഞങ്ങളുടെ മനസ്സിനിണങ്ങിയ അന്തരീക്ഷം!

ആഘോഷങ്ങള്‍ക്ക് ഹരിശ്രീ കുറിച്ചത് പൊതിച്ചോറിന്‍റെ കെട്ടഴിച്ചിട്ടാണ്. എല്ലാ പൊതിയിലേയും അച്ചാർ തോണ്ടി നോക്കി കുഞ്ഞേച്ചിയും ചമ്മന്തിയും മീന്‍പൊരിച്ചതും കഴിക്കാതെ കൊതിപ്പിക്കാൻ മാറ്റിവെച്ച് ജുനയും, അതെന്താ ഇതെന്താ എനിക്ക് കിട്ടിയില്ലാന്നുള്ള ഒച്ചപ്പാടുകളുമായി അഞ്ചു വലിയ പിള്ളേരുടെ ഭക്ഷണം കഴിക്കല്‍ കഴിഞ്ഞപ്പോഴേക്കും തിയേറ്ററിലേക്ക് പോകാന്‍ സമയമായിരുന്നു. വൈകാതെയെല്ലാവരും ഒരുങ്ങി, ഒന്നേമുക്കാലിന് ഞങ്ങളവിടെയെത്തി. കൃത്യം രണ്ടു മണിക്ക് ഷോ തുടങ്ങുകയും ചെയ്തു. തുറന്ന സ്റ്റേജിന് മുന്നില്‍ത്തന്നെയായിരുന്നു ഇരിപ്പിടം. ഒരു മിനിട്ട് പോലും സമയം കളയാതെ റോമിയോ ജൂലിയറ്റ് ആരംഭിച്ചു. കിറുകൃത്യമാണ് ഓരോ കലാകാരന്‍മാരുടേയും നീക്കങ്ങൾ... മൂന്ന് മണിക്കൂര്‍ കഴിഞ്ഞു പോയതറിഞ്ഞില്ല. സാറാ ഫാര്‍ബ് ജൂലിയറ്റായും, ആന്റോയിന്‍ യരേദ് റോമിയോയായും വേഷമിട്ടു. തെരുവിൽ തുടങ്ങുന്ന വാഗ്വാദങ്ങളുമായി നാടകാരംഭം. പ്രണയവും, വിരഹവും, മരണവും, വിചാരണകളുമായി നാടകത്തിലെ ഓരോ രംഗവും വായിച്ചറിഞ്ഞതിനോട് നീതി പുലര്‍ത്തിയിരിക്കുന്നു. അഭിനേതാക്കളുടെ മികവിനോടൊപ്പം എടുത്തു പറയേണ്ടതാണ് ഓരോ രംഗത്തതിനനുസരിച്ച് സജ്ജീകരണങ്ങള്‍ മാറ്റുന്നവരുടെ വേഗതയും കൃത്യതയും... നാടകാന്ത്യം കാണികൾ ഒന്നടങ്കം ഇരിപ്പിടങ്ങളിൽ നിന്നെഴുന്നേറ്റു കൈയടിച്ചംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഷേക്സ്പിയറുടെ പെരിക്കിള്‍സായിരുന്നു സ്കോട്ട് വെന്റ് വേര്‍ത്ത് സംവിധാനം ചെയ്തത്. കാനഡയുടെ മൂന്ന് പ്രമുഖ വനിതാനാടകകൃത്തുക്കളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ് നൂറ്റിയന്‍പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കൊണ്ടാടുന്ന ഈ വര്‍ഷത്തെ നാടകോല്‍സവം. അതിൽ പ്രധാനിയാണ്‌ ഷാരോൺ പോളോക്ക്. കോളീന്‍ മര്‍ഫിയും, കേയ്റ്റ് ഹെന്നിഗുമാണ് മറ്റു രണ്ടു പേര്‍.


റോമിയോ ജൂലിയറ്റ്- നാടക  രംഗങ്ങള്‍ 
വര്‍ഷങ്ങളായി കൊണ്ട് നടക്കുന്ന മോഹസാക്ഷാല്‍ക്കാരവുമായി ഫെസ്റ്റിവൽ തിയേറ്ററിൽ നിന്നിറങ്ങി. നാടകരംഗങ്ങളും അഭിനയമൂഹൂര്‍ത്തങ്ങളും പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെയാണ് ഞങ്ങള്‍ നിറഞ്ഞൊഴുകുന്ന പുഴയുടെ കരയിലെത്തിയത്. മഴയും തണുപ്പും കാരണം കുഞ്ഞേച്ചിയും ജോജിയമ്മയും കാറില്‍ തന്നെയിരുന്നു. കൂട്ടത്തിലെ ക്യാമറാവുമന്‍ ജുനയാണ്. നല്ല ഫോട്ടോഗ്രാഫറാണ്, പക്ഷെ എടുക്കുന്ന ഫോട്ടോകള്‍ ക്യാമറയില്‍ തന്നെ സൂക്ഷിക്കുമെന്ന കുഴപ്പമേയുള്ളൂ. മഴയിലും ചെളിയിലും ചവിട്ടി ചളിപിളിയായി നടക്കാനാണ് ഞാൻ പുറത്തു ചാടിയത്. നിര്‍മലേച്ചി മഴ കൊണ്ട് ചിന്തിച്ചു നടക്കുന്നു. ഇടയ്ക്കിടയ്ക്ക് ചിന്തകള്‍ക്ക് അര്‍ദ്ധവിരാമമിട്ട് എന്‍റെ ചളി വെള്ളത്തിലുള്ള ചാട്ടം നോക്കി നില്‍ക്കും. പുഴയുടെ മറുകരയിലും ഞങ്ങളെ പോലെയൊരാൾ മഴയത്ത് നടക്കുന്നുണ്ടായിരുന്നു.

തലേന്ന് ഉറങ്ങാത്ത ക്ഷീണമെല്ലാവരിലും കണ്ടു തുടങ്ങിയപ്പോൾ രാത്രിക്കുള്ള ഭക്ഷണവും വാങ്ങി ഞങ്ങള്‍ കോട്ടേജിലേക്ക് മടങ്ങി. കലപില വര്‍ത്തമാനവും ചിരിയുമായി രാത്രി വൈകുവോളം ആര്‍മാദം. അതിനിടയിലെപ്പോഴോ ഭക്ഷണം കഴിച്ചു. പന്ത്രണ്ടു മണിക്ക് സുരേഷേട്ടന്‍റെ(Suresh Nellikode) പിറന്നാളും ഞങ്ങളാഘോഷിച്ചു. ജാക്കി ഞങ്ങള്‍ക്കായി വാങ്ങി വെച്ച കേക്കുണ്ടായിരുന്നത് കൊണ്ട് ഉഷാറായി. പാതിരാത്രിയൊക്കെ കണ്ട കാലം ഞാന്‍ മറന്നിരുന്നു. രണ്ടു മണിക്ക് ഓരോരുത്തരായി ഉറങ്ങി വീണതോടെ അന്നത്തെ കാര്യങ്ങള്‍ക്ക് സമാപനമായി. പിറ്റേന്നു രാവിലെ ജാലകത്തിനരികിൽ നീലയും, കറുപ്പും, ചുവപ്പും വര്‍ണ്ണങ്ങളിലുള്ള കിളികളുടെ ആരവങ്ങൾ കേട്ട് പുസ്തകം വായിച്ചും, കവിത കേട്ടും കിടക്കുന്ന ഞങ്ങള്‍ക്ക് കാപ്പിയുമായി ജോജിയമ്മയെത്തി. മക്കള്‍ ‘ലെയ്സ് ചിപ്സ്’ ചോദിച്ചാൽ കണ്ണുരുട്ടുന്ന നല്ലമ്മമാരൊക്കെയാണ് അതിരാവിലെ കാപ്പിയും ചിപ്സും കഴിച്ച് കുട്ടികളെക്കാൾ കുട്ടികളായത്. കവിതകള്‍ കേട്ടും പുസ്തകം വായിച്ചും ഞങ്ങളീ ഇരുപ്പിൽ നിന്ന് എണീക്കില്ലാന്നറിയാവുന്ന ജോജിയമ്മയും, കുഞ്ഞേച്ചിയും അടുക്കളയിൽ പ്രഭാതഭക്ഷണമൊരുക്കാൻ കയറിയാതിനാല്‍ രാവിലെയാരും പട്ടിണിയായില്ല.


ജാലക കാഴ്ചകള്‍ 
കാലാവസ്ഥ ഉച്ചക്ക് ശേഷം മാറ്റമുണ്ടാവുമെന്ന് നിരീക്ഷകര്‍ പറഞ്ഞപ്പോള്‍ പുറത്തേക്കിറങ്ങുന്നത് ഉച്ച കഴിഞ്ഞാവാമെന്ന് ആരോഗ്യലക്ഷണങ്ങള്‍ നോക്കി ഞങ്ങളും തീരുമാനിച്ചു. അങ്ങിനെ പ്രഭാതഭക്ഷണ ശേഷം വീണ്ടും ഞങ്ങളുടെ ലോകത്ത്. വാച്ചിന്‍റെ സൂചിയേക്കാൾ തിരക്കു പിടിച്ച് ഓടാതെ, വീട്ടിലെ ജോലികള്‍ ചെയ്തു തീര്‍ന്നില്ലല്ലോന്നുള്ള വേവലാതികളില്ലാതെ സമയവും ദിവസവും ഞങ്ങള്‍ക്ക് മാത്രമായി മാറുകയാണ്. കഴിഞ്ഞ ജൂലൈയില്‍ മാഷിനോടൊപ്പം (ബാലചന്ദ്രന്‍ ചുള്ളിക്കാട്) ചിലവഴിച്ച ദിവസങ്ങള്‍ ഇന്നലെ കഴിഞ്ഞത് പോലെ മനസ്സിലുണ്ട്. മാഷേ ഞങ്ങള്‍ ഫോണില്‍ വിളിച്ചു. ഷൂട്ടിംഗ് കഴിഞ്ഞു വന്ന ക്ഷീണം മറന്നു നാട്ടിൽ നിന്ന് മാഷും ഞങ്ങളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. സ്നേഹത്തോടെ ഞങ്ങള്‍ക്കായി കവിതയും ചൊല്ലി തന്ന്, ഈ ദിവസങ്ങള്‍ നന്നായാസ്വദിക്കൂന്നും ആശംസിച്ചാണ് മാഷ് ഫോണ്‍ വെച്ചത്.  വീണ്ടും കവിതകളിലേക്ക്‌...അതിനുശേഷം ഞാനും നിര്‍മലേച്ചിയും ജാക്കിയുടെ തോട്ടം കാണാനിറങ്ങി. തിരക്കില്‍ നിന്ന് ഒഴിഞ്ഞുമാറി താമസിക്കാന്‍ വരുന്നവര്‍ക്ക് ശാന്തവും സ്വസ്ഥവുമായൊരിടം അകത്തും പുറത്തും ഒരുക്കിയിട്ടുണ്ട് ജാക്കി. അതെല്ലാം കണ്ടു ഞങ്ങള്‍ തിരിച്ചു വന്നപ്പോഴേക്കും ജുന ക്യാമറയുമായി പുറത്തു ചാടി. തണുത്ത കാറ്റ് കാരണം അധികം ഫോട്ടോയെടുക്കാതെ പോയപോലെ തന്നെ തിരിച്ചു വന്നു.

അഞ്ചു മണിക്ക് ശേഷമാണ് വീടിനു പുറത്തിറങ്ങിയത്. ഗ്രാമപ്രദേശങ്ങളിലൂടെ ലക്ഷ്യമില്ലാതെ വലത്തോട്ടും ഇടത്തോട്ടുമുള്ള വഴികളിലൂടെ കുറെ ദൂരം കറങ്ങിത്തിരിഞ്ഞ് കാറിലെ ജി.പി.എസ്സിനെ വിഭ്രാന്തിയുടെ അങ്ങേത്തലയ്ക്കലെത്തിച്ചു. തിരിച്ചു കോട്ടേജിലേക്ക് വരുന്ന വഴി ഭക്ഷണം വാങ്ങാനായി ഒരു ചൈനീസ്‌ ഭക്ഷണശാലയില്‍ കയറി. ആ പ്രദേശത്ത് അങ്ങിനെയൊന്നാണ് ശ്രദ്ധയില്‍പ്പെട്ടത്. കുറെ നാള്‍ അടച്ചിട്ടിരുന്ന ഭക്ഷണശാല തുറന്നത് അന്നായിരുന്നു. ഭക്ഷണവും വാങ്ങി ഒന്നരമണിക്കൂറിനു ശേഷമാണ് ഞങ്ങള്‍ക്ക് അവിടെന്ന് പുറത്തിറങ്ങാനായത്. ഞങ്ങളുടെ തിരക്കില്ലായ്മ അവര്‍ക്കും ആശ്വാസമായിരുന്നു. തൊണ്ട വരളാതിരിക്കാന്‍ ഇടയ്ക്ക് വെള്ളം കൊണ്ട് തരാനും അവിടെയുണ്ടായിരുന്ന സ്ത്രീ മറന്നില്ല. കോട്ടേജിലെത്തി ആദ്യം ജോജിയമ്മയുടെ വക കാപ്പി, അതിനൊപ്പം ഉണ്ണിയപ്പവും കഴിച്ചതോടെ പുറത്തിറങ്ങിയതിന്‍റെ ക്ഷീണം മാറി. ഇടയ്ക്കെപ്പോഴോ എന്‍റെ വാട്ട്‌സാപ്പിലെ പക്ഷി ചിലച്ചു, മണി(കെ.വി.മണികണ്ഠന്‍)യാണ്. അന്നത്തെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന കഥകള്‍ അയച്ചു തന്നതാണ്. പിന്നെ കഥാവായന കഴിഞ്ഞ്, ചര്‍ച്ച മണിയുടെ മൂന്നാമിടങ്ങളിൽ തുടങ്ങി അന്നു കിട്ടിയ കഥകൾ വരെയെത്തി. രാവിലെ ബിലാത്തിയില്‍ നിന്ന് അനിയത്തി വിളിച്ചപ്പോൾ ചോദിച്ചിരുന്നു, ‘നാടകം കണ്ടു തിരിച്ചു പോരാതെ വായിക്കാനും, കവിത കേള്‍ക്കാനും മാത്രായി നിങ്ങള്‍ ടൂർ പോയോന്ന്...” ആ അങ്ങിനെയും പോകാമെന്ന് പറഞ്ഞത് അവള്‍ക്ക് മനസ്സിലായോ എന്തോ?




പിറ്റേന്നു ഞായറാഴ്ചയാണ്. പതിനൊന്ന് മണിക്കാണ് കോട്ടേജിൽ നിന്നിറങ്ങേണ്ടത്. ഒരാഴ്ച മൂടികെട്ടിയ ആകാശം തെളിഞ്ഞത് അന്നാണ്. കവിതയും കേട്ട് അലസമായി കിടക്കാന്‍ പറ്റില്ല. രാവിലെ തന്നെ ഞങ്ങളെല്ലാവരും കൂടെ ജാക്കിയുടെ തോട്ടത്തിലേക്കിറങ്ങി. ആ തോട്ടം ഒരുവിധത്തിലാക്കിയിട്ടാണ് റോഡിലെത്തിയത്. വല്ലപ്പോഴും കടന്നു പോകുന്ന വാഹനങ്ങൾ ചളി തെറിപ്പിച്ചതോടെ ആ സവാരിഗിരി അവസാനിപ്പിച്ചു. ഞങ്ങളുടെ രണ്ടു ദിനങ്ങൾ മനോഹരമാക്കിയ ജാക്കിയുടെ വീടിനോട് വിട പറയാന്‍ സമയമായിരിക്കുന്നു. ഇഷ്ടങ്ങളും സ്വപ്നങ്ങളും കാലങ്ങളെറെ കഴിഞ്ഞിട്ടാണ് മനസ്സടുപ്പമുള്ളവര്‍ക്കിടയില്‍ സാധ്യമായിരിക്കുന്നത്. കാത്തിരിപ്പിനൊരു സുഖമുണ്ടല്ലേ? വലിച്ചുവാരിയിട്ടതെല്ലാം അടുക്കിപ്പെറുക്കി വീട് ഏല്‍പ്പിച്ചത് പോലെ തിരികെ നല്‍കി ജാക്കിയോട് യാത്ര പറഞ്ഞു. അരയന്നങ്ങൾ വിലസുന്ന  നദിക്കരയിലെത്തി അവരെയും കണ്ടിട്ടാണ് ഞങ്ങള്‍ മിസ്സിസ്സാഗയിലേക്ക് മടങ്ങിയത്. നാടോര്‍മ്മയിൽ പൊതിച്ചോറും, ഉണ്ണിയപ്പമധുരവുമായി റോമിയോ ജൂലിയറ്റ് കാണാൻ പോയവര്‍ക്ക് അടുത്ത യാത്രവരെ നുണഞ്ഞിറക്കാൻ ഒത്തിരിയൊത്തിരി സ്നേഹോര്‍മ്മകളുണ്ട് കനത്തില്‍ മനസ്സുനിറയെ...

36 comments:

  1. വിവരണം വളരെ നന്നായി

    ReplyDelete
  2. പൊതിചോർ,ഉണ്ണിയപ്പം,റോമിയോ ജൂലിയറ്റ് 💃💃💃 ...... ഒരു ഡ്രൈവറായെങ്കിലും എന്നെ കൊണ്ടുപോകാമായിരുന്നു 😢😢😢😢😢😢

    ReplyDelete
    Replies
    1. ചുമ്മാ.... പട്ടിണി ആയിരുന്നൂന്നാ കേക്കണെ. അതൊക്കെ ഇപ്പം നാട്ടാരെ മുഴുവന്‍ എയ്തി അറിയിക്കണോ?

      Delete
    2. @ റെയ്ഹാന... വായനാരാമം പോകുമ്പോള്‍ നീ ഡ്രൈവറായിക്കോ..
      @ സുരേഷേട്ടന്‍, അസൂയയും കുശുമ്പും ആരോഗ്യം കേടു വരുത്തുംട്ടോ :)

      Delete
    3. 'വായനാരാമ' ത്തിന്റെ യാത്രയിൽ ഔദ്യോഗിക ഡ്രൈവറായി റെയ്‌ഹാനയെ നിയമിച്ചിരിക്കുന്ന വിവരം എല്ലാ വായനാരാമം അംഗങ്ങളെയും 'വ്യസനസമേതം' അറിയിക്കുന്നു.... :)

      Delete
    4. @ Nellikkode :ഇനിയും മരുന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു ഈ കുശുമ്പിന്... ! :)

      Delete
  3. പെൺപട പൊരിച്ചു!!

    ReplyDelete
  4. പെണ്ണുങ്ങൾ മാത്രമായ യാത്ര. നല്ല രസമുണ്ടാവുമല്ലേ.. ചിത്രങ്ങൾ ഫേസ്ബുക്കിൽ കണ്ടിരുന്നു. ഇനിയും ഇതുപോലുള്ള ഒത്തുചേരലുകളുണ്ടാവട്ടെ 😊

    ReplyDelete
    Replies
    1. ഇത് കുഞ്ഞൂസിന്‍റെ വീട്ടിലെ ഉറുമ്പാവും!

      Delete
    2. സുരേഷേട്ടാ, ഇങ്ങള് ഇതെന്താണ്... കുഞ്ഞുറുമ്പ് പറയട്ടെ, ഇങ്ങിനെ അസൂയ മൂക്കാന്‍ പാടുണ്ടോ?

      Delete
    3. ഇത് ശുദ്ധ അസൂയയാണ്. പെണ്ണുങ്ങൾ ഒരുമിക്കില്ല എന്നാണ് പൊതുവേ പറച്ചിൽ എങ്കിലും ഒരുമിച്ചാൽ പിന്നെ പിടിച്ചാൽ കിട്ടില്ലാന്ന് ഇവർക്കൊക്കെ അറിയാം 😁😉

      Delete
    4. അതെന്നെ... കുഞ്ഞുറുമ്പേ (y) (y)

      Delete
    5. @ Nellikkode: കുഞ്ഞൂസിന്റെ വീട്ടിലെ ഉറുമ്പ് തന്നെയാണ്. 'ജാഗ്രതൈ'.... കടിച്ചാൽ ഈരേഴു ലോകവും കാണാം... :)

      @ കുഞ്ഞുറുമ്പേ... സ്നേഹം ... :)

      Delete
  5. കാനഡയിൽ പൊതിചോറുമായി ഒരു യാത്ര ..കൊതിപ്പിച്ചു ..നല്ല വിവരണം .. ആശംസകൾ

    ReplyDelete
  6. സവിശേഷമായ കാനഡയുടെ പ്രകൃതിയിലൂടെ സർഗബോധമുള്ള വനിതകളുടെ കൂട്ടായ്മ. കലയും, സാഹിത്യവും, പ്രകൃതിയും, പാചകവും, ഫോട്ടോഗ്രാഫിയും.... ചേർന്ന് ഒരുക്കിയ നല്ലൊരു ദിനത്തിന്റെ ആവേശം ചോർന്നുപോവാതെ അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. ഇത് പെയ്ഡ് ന്യൂസ് വിഭാഗത്തില്പ്പെട്ടതാവാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

      Delete
    2. ദേ വീണ്ടും... പ്രദീപ്‌ മാഷ് ഇങ്ങളെ പോലെയല്ല... നിക്ക് വിശ്വാസമാണ്.

      Delete
  7. അല്ല "പെണ്ണ് ഒരുമ്പെട്ടാൽ ...." എന്ന് പറയുന്നത് ഇതാണോ? ഏതായാലും ഒരു വിധം പെണ്ണുങ്ങൾക്കൊക്കെ കൊതിയാവും. ഉറപ്പ്

    ReplyDelete
    Replies
    1. എല്ലാവരെയും കൊതിപ്പിച്ചപ്പോ വെട്ടത്താന്‍ ചേട്ടാ നിക്ക് സമാധാനായി!! അതും വേണം പറയാന്‍ :) :)

      Delete
  8. ഈ സ്പ്ലിന്‍റര്‍ ഗ്രൂപ്പ്, കുറുമുന്നണി എന്നതൊക്കെ ഭരണഘടനാനുസൃതമല്ലാത്തതിനാല്‍ സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കും. പിന്നെ ചില ജെന്‍ഡര്‍ ഇഷ്യൂസ് ഉണ്ട്. ജെന്‍ഡര്‍ ഇക്വാലിറ്റി എന്നൊക്കെ വേദിയില്‍ മുറവിളി കൂട്ടുന്നവരാണ്‌ ഇത് ചെയ്തിരിക്കുന്നത് എന്നറിയുമ്പോള്‍ പുതുതായി സംഘടനയില്‍ ചേരാന്‍ വരുന്നവരും ഒന്നു ശങ്കിച്ചു നില്‍ക്കും. പക്ഷേ സംഘടനയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സ്കോട്ട് വെന്‍റ്‌വര്‍ത്ത് മുതലായ ചില വിശിഷ്ടവ്യക്തികളുടെ പേരുകള്‍ ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നതിനാലും, തിന്നതിന്‍റെ ബാക്കിയാണെങ്കിലും ഒരു കേക്ക് അയച്ചുതന്നതിനാലും കുറിപ്പ് ഭംഗിയാക്കിയതിനാലും തല്‍ക്കാലം നടപടികളെടുക്കേണ്ട എന്ന് നേതൃത്വം തീരുമാനിച്ച വിവരം ഞാന്‍ ഇവിടെ അറിയിച്ചുകൊള്ളുന്നു.

    ReplyDelete
    Replies
    1. നടേശാ... വേണ്ടാ വേണ്ടാ!!!

      Delete
  9. ആസ്വാദ്യകരമായ വിവരണം...
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം... തങ്കപ്പന്‍ ചേട്ടാ

      Delete
  10. എഴുത്തായുധമാക്കി മുന്നേറുന്ന
    പടിഞ്ഞാറൻ നാട്ടിലെ ഒരേയൊരു മലയാളി
    പെണ് പട്ടാള കൂട്ടത്തിന്റെ വീര സാഹസിക
    ഗൃഹാതുരത സഞ്ചാര വിവരങ്ങൾ ...

    ReplyDelete
    Replies
    1. മുരളിയേട്ടാ, ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കുവെച്ചതാണ്..

      Delete
  11. പുതിയ സംഘടനയൊക്കെ രൂപീകരിച്ചുവല്ലേ..?

    ദോശയിലേക്കുള്ള നോട്ടം... അതൊരു ഒന്നൊന്നര നോട്ടം തന്നെയാണ് കേട്ടോ... :)

    ReplyDelete
    Replies
    1. എന്താ ചെയ്യാ വിനുവേട്ടാ, വേണ്ടി വന്നു! ദോശയെ ബഹുമാനിച്ചതാണ് :)

      Delete
  12. പൊതിച്ചോറും കേറ്റി റോമിയോ ആന്‍ഡ്‌ ജൂലിയെറ്റ് കാണാന്‍ പൊയ്. ഹും നടക്കട്ടെ. (ഒട്ടും അസൂയ ഇല്ല കേട്ടോ) ഹും.

    ReplyDelete
    Replies
    1. അത് മനസ്സിലായി ശ്രീ... അസൂയ ഒട്ടും ഇല്യാന്ന് :)

      Delete
  13. ആസ്വദിക്കൂ ഇനിയുമേറെ സൗഹൃദയാത്രകൾ. ആശംസകൾ.

    ReplyDelete
  14. എന്റെ പൊന്നോ.എന്നാ വിവരണം!!!ഉത്സവത്തിമിർത്തോടെ ദോശക്കൂട്ടം ആർത്തുല്ലസിച്ചുനടക്കുന്നത്‌ ഓർത്തപ്പോത്തന്നെ അറിയാതെ ചിരിപൊട്ടി.,

    ReplyDelete
    Replies
    1. ഹിഹിഹി... ഇതുപോലെ അല്ലറചില്ലറ പ്രശ്നങ്ങളെയുള്ളൂ.ഞങ്ങള്‍ വളരെ നല്ല കുട്ടികളാണ്. വേറെയാരും പറയുന്നില്ല, ഞാനെങ്കിലും പറയട്ടെ!

      Delete