Saturday, December 30, 2017

കാട്ടുപാതയിലെ കെല്‍റ്റിക് പാട്ടുകള്‍

ഒക്ടോബര്‍ പത്താം തിയതി രാവിലെ അഞ്ചു മണിക്ക് ഞങ്ങള്‍ ഹാലിഫാക്സില്‍ നിന്ന് പുറപ്പെട്ടു. അന്ന് മുഴുവന്‍ വാഹനമോടിക്കണം. പക്ഷെ അതിനൊരു പ്രത്യേകതയുണ്ട്. വടക്കേ അമേരിക്കയിലെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളാല്‍ സമ്പുഷ്ടമാണ് നോവാസ്കോഷിയയുടെ കേപ് ബ്രിട്ടണ്‍ ദ്വീപിലെ കബോട്ട് ട്രെയില്‍. കുറെക്കാലമായി ‘കബൂട്ടന്‍’ എന്ന ഓമനപ്പേരൊക്കെയിട്ട് ഈ മോഹത്തെ താലോലിക്കാന്‍ തുടങ്ങിയിട്ട്. ഏറ്റവും കുറഞ്ഞത്‌ മൂന്ന് ദിവസമെങ്കിലും വേണം കബൂട്ടനെ കണ്‍ക്കുളിര്‍ക്കെ കാണാന്‍. കൈയിലുള്ളത് വെറും രണ്ടേരണ്ടു ദിവസം. അതിമോഹം പാടില്ല, ഉള്ളത് കൊണ്ട് തൃപ്തിപ്പെടൂന്നല്ലേ. 1497ല്‍ ജോണ്‍ കബോട്ടെന്ന ഇറ്റാലിയന്‍ ദേശപര്യവേഷകന്‍റെ പേരിലാണ് വനപഥമറിയപ്പെടുന്നത്. 185 മൈല്‍ (297 km) നീളമുള്ള പാത ദി കേപ് ബ്രിട്ടണ്‍ ദ്വീപിനെ ചുറ്റി, കേപ് ബ്രിട്ടണ്‍ നാഷണല്‍ പാര്‍ക്കി(Cape Breton National Park)ലൂടെ കടന്നു പോകുന്നു. ഇടത്ത് നിന്ന് വലത്തോട്ടോ, വലത്തുവശത്തു നിന്ന് ഇടത്തോട്ടോ...എങ്ങിനെ തുടങ്ങിയാലും കാഴ്ചകള്‍ ഹൃദ്യമാണ്. ഹെയര്‍പിന്‍ വളവുകളും, കാടും, കടലും, മലയുമെല്ലാം ഒത്തുചേര്‍ന്ന പ്രകൃതിയുടെ വലിയൊരു ക്യാന്‍വാസാണ് കബൂട്ടന്‍!

Pic Courtesy: Google Images

ബാഡ്ഡക്കില്‍(Baddeck) നിന്നാണ് കബോട്ട് ട്രെയില്‍ തുടങ്ങുന്നത്. ഹാലിഫാക്സില്‍ നിന്ന് 265 km അകലെയുള്ള പോര്‍ട്ട്‌ ഹേസ്റ്റിംഗ്സ് സന്ദര്‍ശക സെന്‍ററി(Visitor Information Centre, Cape Breton Island, Port Hastings)ലെത്തുമ്പോള്‍ 8 മണി കഴിഞ്ഞിരുന്നു. ഊര്‍ജ്ജം പകരാന്‍ കാനഡയുടെ സ്വന്തം ടിംസും പാര്‍ലെ-ജിയും മാത്രം മതി. പോക്കറ്റിനും വയറിനും ഉത്തമമായൊരു ഇന്‍ഡോ-കാനേഡിയന്‍ യാത്രാ പാക്കേജ്! സന്ദര്‍ശക സെന്‍ററില്‍ നിന്ന് ട്രെയിലിന്‍റെയും പാര്‍ക്കിന്‍റെയും ഭൂപടങ്ങളും, മറ്റു പ്രധാനപ്പെട്ട സ്ഥലവിവരങ്ങളും ശേഖരിച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ജീവനക്കാരോട് യാത്ര പറഞ്ഞു. ബാഡ്ഡക്കില്‍ തുടങ്ങി ബാഡ്ഡക്കിലവസാനിക്കുന്ന ട്രെയിലിലേക്കെത്താന്‍ രണ്ടു വഴികളുണ്ട്. ഒന്നാമത്തേത് ഇംഗ്ലീഷ് ടൌണില്‍ നിന്ന് കേബിള്‍ ഫെറിയെടുത്ത് നേരെ കബോട്ട് ട്രെയിലില്‍ കയറുകയെന്നതാണ്. രണ്ടാമത്തേത് കുറച്ച് വളഞ്ഞ വഴിയാണ്. കലാകാരന്മാരുടെ ഗ്രാമമായ St. Annസിലൂടെ ചുറ്റിത്തിരിഞ്ഞ്‌ പോകാനുള്ളതാണ്. ഞങ്ങള്‍ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു.

ആദ്യം ബാഡ്ഡക്കിലെ Alexander Graham Bell National Historic Site കാണേണ്ടതുണ്ട്. രാജ്യത്തിന്‍റെ നൂറ്റിയന്‍പതാം പിറന്നാളിനോടനുബന്ധിച്ചു പര്‍ക്ക്സ് ഓഫ് കാനഡ നല്‍കിയ ഡിസ്കവറി പാസ്‌ കൈവശമുണ്ടായതിനാല്‍ പ്രവേശനം സൗജന്യമായിരുന്നു. അലക്സാണ്ടര്‍ ബെല്ലെന്ന മഹാപ്രതിഭയുടെ കുടുംബചരിതം, അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍, പഠനങ്ങളെന്നിവയെല്ലാം അടുത്തറിയാനൊരവസരം. ബെല്‍ കൈവെക്കാത്ത മേഖലകളില്ല. ശബ്ദലോകം അന്യമായവരെ പഠിപ്പിക്കുന്നതിലായിരുന്നു ബെല്‍ തന്‍റെ കഴിവുകള്‍ കൂടുതലും പ്രയോജനപ്പെടുത്തിയത്. അതിനുള്ള ബെല്ലിന്‍റെ പ്രചോദനം രണ്ടു സ്ത്രീകളായിരുന്നു. ഒന്നമ്മയും, പിന്നെ കാമുകിയും ഭാര്യയുമായ മേബലും. രണ്ടുപേരും കേള്‍വിശക്തി നഷ്ടപ്പെട്ടവരായിരുന്നു. അമ്മയുടെ മൂര്‍ദ്ദാവില്‍ ചുണ്ടുകള്‍ ചേര്‍ത്തുവെച്ചാണ് ബെല്‍ സംസാരിച്ചിരുന്നത്. സംസാരം സൃഷ്ടിക്കുന്ന ശബ്ദതരംഗങ്ങള്‍ കൊണ്ട് അമ്മക്ക് താന്‍ പറയുന്നത് മനസ്സിലാകുമെന്ന് ബെല്‍ തിരിച്ചറിഞ്ഞു. അങ്ങിനെ ശബ്ദമില്ലാത്ത ലോകത്തെ ശബ്ദമായി ഗ്രഹാം ബെല്‍. പ്രശസ്തയായ ഹെലന്‍ കെല്ലര്‍ ബെല്ലിന്‍റെ വിദ്യാര്‍ഥിയായിരുന്നു. അതുപോലെ മേബലും(Mabel Gardiner Hubbard)ബെല്ലിന്‍റെ ശിഷ്യയായിരുന്നു.

Bell's Room displayed in the Museum

ബെല്ലിനൊപ്പം തന്നെ പരാമര്‍ശിക്കപ്പെടേണ്ട വ്യക്തിത്വമാണ് മേബല്‍. പ്രതിഭാസമ്പന്നയായിരുന്ന മേബല്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചു. 2015ല്‍ Cape Breton University ഹോണററി ബിരുദം നല്‍കി ആദരിച്ചിരുന്നു. മ്യുസിയത്തില്‍ അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ഉപയോഗിച്ചിരുന്ന മുറി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മുറിയുടെ ചുവരില്‍ മേബല്‍ വരഞ്ഞൊരു ചിത്രം കാണാം. വെള്ള മൂങ്ങയെയാണ് വരച്ചിരിക്കുന്നത്. ഇതിനെക്കുറിച്ചുള്ള കുറിപ്പ് മുറിക്ക് പുറത്തുണ്ട്. ബോസ്റ്റണില്‍ സുഹൃത്തുമൊരുമിച്ചു ടെലിഫോണ്‍ പരീക്ഷണങ്ങളില്‍ മുഴുകിയിരുന്ന ബെല്ലിനോട് മേബല്‍ താനൊരു ചിത്രരചനയിലാണെന്ന് പറഞ്ഞുവെത്രെ. എന്താണ് വരയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ബെല്ലിനെയാണെന്നും കൂടെ കേട്ടപ്പോള്‍ ഉടനടി ചിത്രം കാണാമെന്നായി. എന്നാല്‍ ഇപ്പോള്‍ ചിത്രം കാണാന്‍ വരരുതെന്നും തീര്‍ന്നാലുടനെ ബോസ്റ്റണിലെത്തിക്കാമെന്നും മേബല്‍ ഉറപ്പു കൊടുത്തു. ചിത്രം പൂര്‍ത്തിയായതും ബെല്ലിനത് അയച്ചു കൊടുത്ത് മേബല്‍ വാക്കുപാലിച്ചു. തന്‍റെ ഛായാചിത്രം പ്രതീക്ഷിച്ച ബെല്ലിന് കിട്ടിയത് മൂങ്ങയുടെ ചിത്രമാണ്! രാത്രി പുലരുവോളം പരീക്ഷണങ്ങളിലും പഠനങ്ങളിലും മുഴുകുന്ന ബെല്ലിന്‍റെ സ്വഭാവത്തെ ട്രോളിയതായിരുന്നു മേബല്‍.

ബെല്‍ ദമ്പതികളുടെ വേനല്‍കാല വസതിയും എസ്റ്റേറ്റും ബാഡ്ഡക്കിലെ   Beinn Bhreagh(Beautiful Mountain)ലാണ്. സ്വകാര്യസ്വത്തായതിനാല്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല. ഇന്നും ബെല്‍ കുടുംബാംഗങ്ങള്‍ അവിടെ വന്നു താമസിച്ചു പോകുന്നു. 125 വര്‍ഷം പഴക്കമുള്ള ബംഗ്ലാവ് നോവാസ്കോഷിയ സര്‍ക്കാര്‍ 2015ലാണ് പ്രവശ്യയുടെ പൈതൃക സ്വത്തായി പ്രഖ്യാപിച്ചത്. 1922ല്‍ ബെല്‍ മരണത്തിനു കീഴടങ്ങി. തൊട്ടടുത്ത വര്‍ഷം മേബലും പ്രിയപ്പെട്ടവനെ നിശബ്ദം അനുഗമിച്ചു. മ്യുസിയം കണ്ടതിനുശേഷം ഞങ്ങള്‍ കലാഗ്രാമമായ St. Annസിലേ ആര്‍ട്ടിസന്‍സ് ലൂപിലൂടെ കറങ്ങാന്‍ തീരുമാനിച്ചു. കൈവേലക്കാരുടെ ഗ്രാമമാണത്. വഴിയുടെ ഓരോ മൂലയിലും കടകളും, ഗാലറികളും, സ്റ്റുഡിയോകളുമാണ്. സഫടികം, തുകല്‍, മരം, തുണി, ഇരുമ്പ്, പെയിന്റ് അങ്ങിനെ വിവധ കലകളുടെയും പണിത്തരങ്ങളുടെയും വലിയ ലോകം. സ്കോട്ടിഷ് കുടിയേറ്റക്കാര്‍ അധികമുള്ള പ്രദേശമാണ്. ഇവിടെയാണ്‌ നോവാസ്കോഷിയിലെ ഒരേയൊരു സ്കോട്ടിഷ് ഭാഷാ(Gaelic College) കോളേജുള്ളത്. പ്രശസ്തമായ കെല്‍റ്റിക് കളേര്‍സ്(Celtic Colours) സംഗീതോത്സവം നടക്കുന്നതിനാല്‍ കബോട്ട് ട്രെയിലില്‍ പ്രകൃതിയുടെ മാത്രമല്ല കെല്‍റ്റിക് സംഗീതത്തിന്‍റെ അലയൊലികളുമുണ്ട്. വഴിയിലെവിടെ നിര്‍ത്തിയാലും നമുക്കതനുഭവപ്പെടും! 

Cabot Trail

പ്ലേസന്റ് ബേയെത്തുന്നതുവരെ തീരപ്രദേശത്തൂടെയാണ് യാത്ര. ഇടതുവശത്ത് പൂത്തുലഞ്ഞ് നില്‍ക്കുന്ന കാട്, വലതുവശത്ത് കടല്‍ ഇവര്‍ക്കിടയിലൂടെ കയറിയുമിറങ്ങിയും വളഞ്ഞുപുളഞ്ഞ് കബോട്ട് ട്രെയിലെന്ന സ്വപ്ന പാത! വന്യമായ സ്വപ്നത്തിന് മഴപ്പാട്ടിന്‍റെ താളവുമുണ്ട്. വഴിയുടെ ഓരോ അണുവിലുമുണ്ട് പ്രകൃതിയുടെ വശ്യത. വല്ലപ്പോഴും മാത്രം കടന്നു പോകുന്ന വാഹനങ്ങളുടെ ശബ്ദം പോലുമസഹ്യമായി തോന്നുന്നയിടം. കാടിന്‍റെയും വെള്ളത്തിന്‍റെയും മനോഹാരിതയില്‍ ലയിച്ച് പരിസരം മറന്നു നില്‍ക്കുന്നതിനിടയിലാണ് മൂസിന്‍റെ അമറല്‍ കേട്ടത്. മൂസുകള്‍ ഇണചേരുന്ന സമയമാണ്. പ്രണയപൂര്‍വ്വം അവന്‍ ഇണയെ വിളിക്കുകയാണ്.. അവളുടെ മറുപടി കിട്ടാത്തതിനാല്‍ അക്ഷമനായി വീണ്ടും ശബ്ദം കൂട്ടി വിളിക്കുന്നു. കുറച്ചുനേരം ആ  പ്രണയനാടകത്തിന് സാക്ഷിയായി ഞങ്ങളിരുന്നു. അവിടെന്ന് പോയത് ഇന്‍ഗോണിഷ് ബീച്ചിലേക്കായിരുന്നു. ഒരു ബീച്ച് സ്വന്തമായി കിട്ടിയാലാരെങ്കിലും വേണ്ടെന്നു പറയോ? തിരകള്‍ക്ക് മിണ്ടിപ്പറയാന്‍ ആരുമില്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു കല്ലുകളൊക്കെ നന്നായി ഉരുട്ടി മിനുസ്സപ്പെടുത്തിയിട്ടിട്ടുണ്ട്. ഉരുളന്‍ക്കല്ലുകളിലൂടെ നടന്ന് മണല്‍ത്തീരത്തെത്തി പേരെഴുതിയും മായിച്ചും ഞാനും തിരയും കൂട്ടായി. ഒറ്റയ്ക്ക് കിട്ടിയ ബീച്ചില്‍ ഞാനാര്‍മാദിക്കുകയാണ്. ‘പെണ്ണേ, അനക്കിത് എഴുതി തന്നിട്ടൊന്നുല്യ... കയറി പോന്നോ...’ന്നുള്ള ജല്പനങ്ങളൊക്കെ മഴയും കാറ്റും കൊണ്ടോയി. ഇരുട്ടായാല്‍ ഒന്നും കാണില്ലാന്നുള്ള ഭീഷണിയെ തുടര്‍ന്നാണ് മനസ്സില്ലാമനസ്സോടെ കയറി പോന്നത്. അന്നു രാത്രിയില്‍ പാര്‍ക്ക്സ് ഓഫ് കാനഡയുടെ Lantern Walkനു പോലും നില്‍ക്കാനുള്ള നേരമില്ല. റാന്തല്‍ വിളക്കും കത്തിച്ചു രാത്രിയില്‍ കാടിനുള്ളിലൂടെ കുറച്ചു ദൂരം നടക്കുന്ന പരിപാടിയാണ്. തിരകളുടെ ശബ്ദവും ലൂണിന്‍റെ കരച്ചിലും കേട്ട് കാടിന്‍റെ ലഹരി നുണഞ്ഞൊരു റാന്തല്‍ നടത്തം...  

കടല്‍ച്ചൊറിയനെ തിന്നാനായി 12,000കി.മി അറ്റ്ലാന്റികിലൂടെ കരിബിയയിലെ വാസസ്ഥാനം ഉപേക്ഷിച്ച് കേപ് ബ്രിട്ടണ്‍ ദ്വീപിലെത്തുന്നവരുണ്ട്. വംശനാശഭീഷണി നേരിടുന്ന Atlantic Leatherback Sea Turtle എന്നു വലിയ പേരുള്ള ആമകളാണ് ഈ ദേശാടനക്കാര്‍.  പഴയ ആമയും മുയലും കഥയൊക്കെ നമുക്ക് മറക്കാം. 'ആമകളെ കണ്ടാല്‍ വഴി മാറുക, അവര്‍ മറ്റെങ്ങോട്ടോയുള്ള യാത്രയിലായിരിക്കുമെന്ന്' ഇവരെ സംരക്ഷിക്കുന്നവരുടെ കുറിപ്പുകളിലുണ്ട്. ആസ്പി ബേയിലിറങ്ങിയപ്പോഴാണ് യാത്രികരായ ആമകളെ കുറിച്ചറിഞ്ഞത്. മലമുകളില്‍ നിന്ന് കല്ലുകളുരുണ്ട് വരുന്നത് കണ്ടതും ആസ്പി ഫാള്‍ട്ടില്‍ നിര്‍ത്തിയപ്പോഴാണ്. ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശം വിരലിലെ നഖങ്ങള്‍ വളരുന്ന വേഗതയില്‍ നടക്കുന്നുണ്ടെന്നവിടെ എഴുതിയത് വായിച്ച് ഭൂമിയില്‍ ചെവികള്‍ ചേര്‍ത്തുവെച്ച് കുറച്ചു നേരം ശ്രദ്ധിച്ചു കിടന്നു... അജ്ഞയായി തോറ്റ് മടങ്ങുകയാണ് ഞാനീ ഗുരുകുലത്തില്‍ നിന്ന്... .


അന്ന് രാത്രി തങ്ങേണ്ടുന്ന പ്ലേസന്റ് ബേയിലെത്താന്‍ രണ്ടു മണിക്കൂറെങ്കിലുമാകും. അവിടെയെത്തുന്നതിന് മുമ്പായിട്ടാണ് കേപ് ബ്രിട്ടണ്‍ നാഷണല്‍(Cape Breton Highland & National Park of Canada) പാര്‍ക്ക്. കബോട്ട് ട്രെയില്‍ ഇനി കടന്നു പോകുന്നത് പാര്‍ക്കിനുള്ളിലൂടെയാണ്. ഓഫീസില്‍ കയറി പേരും വിവരങ്ങളും കൈമാറി. ഡിസ്കവറി പാസുള്ളതിനാല്‍ പ്രവേശന ഫീസ്‌ ലാഭായി(Thank you Canada). ഭൂപടം ആവശ്യമായതിനാല്‍ അതെടുത്ത് ഞങ്ങള്‍ പോന്നു. മുന്നോട്ടുള്ള വഴി കാടിനും മലയ്ക്കുമിടയിലൂടെയാണ്. മൂസുകളുടെയും കരടികളുടെയും വിഹാരസ്ഥലമാണിത്. സന്ധ്യ മയങ്ങിയതോടെ കാടിന്‍റെ ആകര്‍ഷണമേറിയോ? ഇതുവരെയും പുറംമോടി മാത്രമേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. യഥാര്‍ത്ഥ സൗന്ദര്യമാസ്വദിക്കാന്‍ കാടിനുള്ളിലേക്കിറങ്ങിയിട്ടില്ല. രാത്രി ഏഴു മണിക്ക് പ്ലേസന്റ്  ബേയിലെ മോട്ടലിലെത്തി. അത്താഴ സമയം കഴിയാറായിയെന്നു കേട്ടതും പെട്ടെന്ന് തന്നെ കൈയും മുഖവും കഴുകി ഭക്ഷണശാലയിലെത്തി. സൂപ്പും സീ ഫുഡ്‌ സലാഡും, ബ്രെഡും, ഉരുളക്കിഴങ്ങ് പൊരിച്ചതുമായിരുന്നു ഞങ്ങളാവശ്യപ്പെട്ടത്‌. അവിടെ തീന്മേശക്ക് മുന്നിലിരുന്നപ്പോഴാണ് ഇതുവരെ ഞങ്ങള്‍ക്ക് വിശപ്പറിഞ്ഞില്ലല്ലോന്ന് ഓര്‍ത്തത്. രുചികരമായിരുന്നു മൌണ്ടന്‍ വ്യൂ മോട്ടലിലെ ഭക്ഷണം. Trip Advisor റിവ്യുകള്‍ മോശമായിരുന്നെങ്കിലും ഞങ്ങളുടെയനുഭവം മറിച്ചായിരുന്നു.

Cape Breton National Park

മലയുടെ താഴ്വരയിലുള്ള പ്ലേസന്റ് ബേ ഇരുട്ടിന്‍റെ കരിമ്പടവും പുതച്ച് നിശബ്ദതയിലാണ്ടിരിക്കുന്നു. 950 ചതുരശ്ര കി.മിറ്ററോളം വരുന്ന സംരക്ഷിതമേഖലായ പാര്‍ക്കിന്‍റെയും അപലേച്ച്യന്‍ പാര്‍വതനിരകളുടെയും  ഇടയ്ക്കുള്ള ഒരു ചെറിയ കോണിലാണ് അന്തിയുറങ്ങാന്‍ കിടക്കുന്നത്. ഞാനപ്പോഴും രാവിലെ കണ്ട കാഴ്ചകളുടെ മായികലോകത്തില്‍ തന്നെയായിരുന്നു. കാറ്റിന്‍റെ മൂളലുകള്‍ക്ക് കാതോര്‍ത്തു എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ വെളിച്ചം വീണതും ഞങ്ങള്‍ മോട്ടലില്‍ നിന്നിറങ്ങി. രാത്രിയാണ് ടോറോന്റോയിലേക്ക് തിരിച്ചു വിമാനം കയറേണ്ടത്. പാര്‍ക്കിലാണ് കബോട്ട് വനപഥത്തിന്‍റെ മൂന്നിലൊരു ഭാഗം കിടക്കുന്നത്. നൂറു മുതല്‍ മുന്നൂറു വര്‍ഷം പഴക്കമേറിയ മരങ്ങളുള്ള അക്കേഡിയന്‍, ബാല്‍സാം ഫിര്‍ പോലെ നിത്യഹരിത മരങ്ങളുള്ള ബോറിയല്‍, കുറ്റിച്ചെടികളും, ചതുപ്പുകളും നിറഞ്ഞ ടെയ്ഗാ കാടുകളും ചേര്‍നാണ് കേപ് ബ്രിട്ടണ് രാജകീയമായ പ്രൌഡി നല്‍കുന്നത്. തണുപ്പാണെങ്കിലും മലയിറങ്ങിവരുന്ന കാറ്റുംകൊണ്ട് കാടിന്‍റെ മടിയിലിരിക്കണമെന്ന മനസ്സിന്‍റെയാവശ്യം ശക്തമായപ്പോള്‍ സ്കൈലൈന്‍ ട്രെയിലില്‍ ഇറങ്ങി.

ആറര കി.മി നീളമുള്ള സ്കൈലൈന്‍ ട്രെയില്‍ മുഴുവന്‍ ചുറ്റി വരാന്‍ മൂന്നു മണിക്കൂര്‍ സമയം വേണം. മൂസും, കരടിയും ബാള്‍ട് ഈഗിളും യഥേഷ്ടമുള്ള കാടിന്‍റെ ആവാസവ്യവസ്ഥ നശിപ്പിക്കാതിരിക്കാന്‍ നടക്കാനായി മരം കൊണ്ട് നടപാതകളിട്ടിരിക്കുന്നു. അതിലൂടെയല്ലാതെ പുറത്തേക്കിറങ്ങാന്‍ അനുവാദമില്ല. കിഴുക്കാംതൂക്കായ മലഞ്ചെരിവാണ്. സമയക്കുറവ് മൂലം പാതി ദൂരമേ പോകാനായുള്ളൂ. കാടിന്‍റെ കാറ്റും മണവുമേറ്റ് കുറച്ചു സമയം മാത്രം.. ഫ്രഞ്ച് കുടിയേറ്റക്കാര്‍ അധിവസിക്കുന്ന ടൌണ്‍ഷിപ്പായ ഷെട്ടിക്യാമ്പിലേക്കാണ് ട്രെയിലിലെ നടത്തമവസാനിപ്പിച്ച് ഞങ്ങള്‍ പോയത്. നെറ്റില്‍ കണ്ട ഒരു ചിത്രമാണ് ഇങ്ങോട്ടുള്ള വഴികാട്ടിയായത്‌. കാറ്റിന്‍റെ ശക്തിയില്‍ കണ്ണിലും വായിലുമൊക്കെ മണലടിച്ചു കയറിയപ്പോള്‍ ഞാനോടി കാറില്‍ കയറി. ക്യാമറയുടെ ക്ലിക്ക് ക്ലിക്ക് ശബ്ദത്തിന് കാറ്റിനോട് അധികനേരം മല്ലിടാനായില്ല.  പിന്നീട് മാര്‍ഗറീ ഫോര്‍ക്സുവരെ കബോട്ട് ട്രെയിലൂടെ കാടിന്‍റെ വര്‍ണ്ണോത്സവമാവോളം ആസ്വദിച്ചായിരുന്നു യാത്ര. തിരിച്ച്  ബാഡ്ഡക്കില്‍ കയറാതെ കേയ്-ലി(Ceilidh Trail/ Pronounced Key-Lee) ട്രെയിലിലൂടെ St. Johnസിലേക്ക്. പ്രകൃതിയുടെ നിറവിനൊപ്പം സംഗീതത്തിന്‍റെ താളമുള്ള വഴിയാണ് കേയ്-ലീ ട്രെയില്‍.


സ്കോട്ടിഷുകാരുടെ ഗേലിക് സംസ്കാരം(Gaelic Culture) ആഴത്തില്‍ വേരോടിയിരിക്കുന്ന പ്രദേശങ്ങളാണ് ജൂഡിക്കും മറ്റും. കാറ്റിനൊപ്പമൊഴുകിയെത്തുന്നത് സെല്‍റ്റിക് സംഗീതമാണ്. ഉച്ചഭക്ഷണത്തിന്‍റെ സമയത്താണ് ജൂഡിക്കിലെത്തിയത്. തല്‍സമയ പരമ്പരാഗത കെല്‍റ്റിക് സംഗീതവിരുന്നും ആസ്വദിച്ച് ഭക്ഷണം കഴിക്കാവുന്ന സ്ഥലമുണ്ടെന്ന് തലേന്ന് സന്ദര്‍ശക സെന്‍ററില്‍ നിന്നറിഞ്ഞിരുന്നു. അവര്‍ തന്നെയാണ് Celtic Music Interpretive Centre ഭൂപടത്തില്‍ അടയാളപ്പെടുത്തി തന്നത്. ഞങ്ങള്‍ ചെന്നപ്പോള്‍ ആളുകള്‍ അകത്തു കയറാന്‍ ക്യു നില്‍ക്കുകയാണ്. ഒരു മണിക്കൂറെങ്കിലും കാത്തുനില്‍ക്കേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ സംഗീതമോഹവും വിശപ്പും സ്വന്തം ടിംസിലൊതുക്കി. ഇനിയും 500കി.മി. ദൂരമുണ്ട് St. John വിമാനത്താവളത്തിലേക്ക്. അവധി തീര്‍ന്നിട്ടും കൂടെ പോരാന്‍ കൂട്ടാക്കാതെ ദ്വീപിലെവിടെയോ മനസ്സ് നഷ്ടപ്പെട്ടിരിക്കുന്നു. ഉന്മാദിയായ കബോട്ടിന്‍റെയും കേയ്-ലീയുടെയും ഓര്‍മ്മകള്‍ മാത്രം മതി തിരിച്ചൊരു വരവിന്...  

18 comments:

 1. മനോഹരമായ കാഴ്ച്ചകൾ... യാത്ര ഇനിയും തുടരൂ... ഞങ്ങൾക്കിനിയും കാണണം ഭൂമി എന്ന അക്ഷയപാത്രത്തിലെ മനോഹര ദൃശ്യങ്ങൾ...

  ReplyDelete
 2. നിങ്ങൾ എത്തപ്പെട്ട ദേശം മനോഹരം. ഒരുപാട് കാഴ്ചകളുള്ള വലിയ രാജ്യം - ഭൂഖണ്ഡം. അവിടെ എത്തിയ മറ്റുള്ളവർ ഇങ്ങനെ നല്ല വിവരണങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ആ ഭൂഭാഗത്തെ പകർത്തിയിട്ടില്ല എന്നത് മറ്റൊരു കാര്യവും.

  കൂടുതൽ യാത്രകളും യാത്രാകുറിപ്പുകളും ആശംസിക്കുന്നു...!

  ReplyDelete
  Replies
  1. ഒത്തിരി സന്തോഷം ലാസര്‍.. പറഞ്ഞ കാര്യം ഞാന്‍ അടുത്ത പോസ്റ്റിടുമ്പോള്‍ ശ്രദ്ധിക്കാം. നന്ദി :)

   Delete
 3. വീണ്ടും എന്റെ കമന്റ് കാണാനില്ല... :(

  ReplyDelete
  Replies
  1. ഇപ്പോ പിടികിട്ടി. വിനുവേട്ടനെയാണ് കുട്ടിച്ചാത്തന്‍ നോക്കി വച്ചിരിക്കുന്നത്. എന്‍റെ സംശയം, മ്മടെ ഡെവ്ലിന്‍ ലണ്ടനില്‍ പോകാതെ ഇവിടെ ഇറങ്ങിയോന്നാ...കമന്റ്‌ എന്‍റെ ഇമെയിലില്‍ വന്നു.വീണ്ടും ഞാന്‍ അത് കോപ്പി പേസ്റ്റ് ചെയ്യുന്നു.

   "മനോഹരമായ കാഴ്ച്ചകൾ... യാത്ര ഇനിയും തുടരൂ... ഞങ്ങൾക്കിനിയും കാണണം ഭൂമി എന്ന അക്ഷയപാത്രത്തിലെ മനോഹര ദൃശ്യങ്ങൾ..."

   Delete
 4. മനോഹരമായ വാഗ്വർണ്ണച്ചിത്രങ്ങൾ!!!

  അക്ഷരത്തെറ്റില്ലാത്ത വിവരണം.

  പുതുവത്സരാശംസകൾ ചേച്ചീീ.

  ReplyDelete
 5. മുബിയുടെ വരികളിലൂടെയും ,ഹുസൈൻ ഭായിയുടെ പടങ്ങളിളിലൂടെയും
  ഈ രാജ്യത്തെ കണ്ട് തുടങ്ങിയപ്പോഴാണ് ആഗോളതലത്തിലുള്ള ഏറ്റവും
  മനോഹരമായ ദേശങ്ങളിൽ പെട്ട ഒരു സ്ഥലത്താണ് നിങ്ങൾ കുടുംബസമേതം
  വസിക്കുന്നത് മനസ്സിലാകുന്നത് ..
  ഭാഗ്യം ചെയ്തവർ ...!

  ReplyDelete
  Replies
  1. മുരളിയേട്ടാ, സ്വന്തം നാട് ശരിക്കറിയാന്‍ കഴിഞ്ഞില്ല. ഇവിടെയെങ്കിലും അറിയണ്ടേ. കുടിയേറിയ ആദ്യ നാളില്‍ പരിചയപ്പെട്ട ഒരു വ്യക്തി പറഞ്ഞത് ഇപ്പോഴും മറന്നിട്ടില്ല. "ഇവിടെ ജീവിക്കാനാണ് തീരുമാനമെങ്കില്‍ ഈ നാടിനെ അനുഭവിച്ചറിയുക..." ഞങ്ങളാല്‍ കഴിയുന്നത്‌ പോലെ ശ്രമിക്കുകയാണ്.

   Delete
 6. പ്രകൃതി വാരി വിതറിയ നിറങ്ങൾ കാണാൻ നല്ല ചന്തം...തുടരട്ടെ കനേഡിയൻ യാത്രകളും കാഴ്ചകളും വിവരണൺഗ്ങളും

  ഓ.ടോ:ഫോട്ടോ റബീബക്ക് അയച്ച് കൊടുത്തിട്ടുണ്ട്,ആളെ അറിയോ എന്ന് ചോദിച്ചു കൊണ്ട്.

  ReplyDelete
  Replies
  1. മാഷേ മറുപടി കിട്ടിയോ?

   Delete
  2. ഇല്ല...ഇതുവരെ മറുപടി ഇല്ല.

   Delete
  3. മനസ്സിലായിട്ടുണ്ടാവില്ല മാഷേ..

   Delete
 7. മറുപടി കിട്ടി....മുബിയുടെ പേര് പറഞ്ഞു.

  ReplyDelete
 8. Mubi,Nalla vivaranam. Vaayana valare anubhavavedyam....manassu kulirppikkunnath. Kannu kulirppikkunna chithrangalkku Nandi Hussain. Iniyum thudarunna yathrakalkkum vivaranangalkkum bhavukangal...Nalla gaveshanam nadathiyittanu yathra pokaaru, alle? Pratheekshayode....

  ReplyDelete
 9. നന്ദി രജിത... വായിച്ച് ഒപ്പം സഞ്ചരിച്ചതിന് :) ഹുസൈനോട് പറയാം. സന്തോഷംട്ടോ  

  ReplyDelete