Friday, September 10, 2010

അപരിചിതന്‍

ബസ്സില്‍ തിരക്ക് കുറവായിരുന്നു. സ്കൂള്‍ തുറന്നതുകാരണം കുറച്ചു കുട്ടികളുണ്ട്, എങ്കില്ലും മിക്ക സീറ്റുകളും ഒഴിഞ്ഞു കിടപ്പുണ്ട്. മുപ്പതു മിനിട്ടുണ്ട് ഓഫീസില്‍ എത്താന്‍ അതുവരെ മനസ്സിന്‍റെ പാച്ചലിനെ നിയന്ത്രിക്കാറില്ല. ഉച്ചത്തിലുള്ള സംസാരം എന്‍റെ ചിന്തകള്‍ക്ക് തടസമായപ്പോള്‍ നീരസത്തോടെ ശബ്ദത്തിന്‍റെ ഉടമയെ ഞാന്‍ തിരഞ്ഞു. അയാള്‍ എന്‍റെ തൊട്ടടുത്ത സീറ്റിലായിരുന്നു, അടുത്ത് ഒരു കുട്ടിയുമുണ്ട്. അച്ഛനും, മകനും ആണെന്ന ധാരണ തെറ്റിയെന്നു കുട്ടിയുടെ ദയനീയമായ നോട്ടം കണ്ടപ്പോള്‍ മനസ്സിലായി.

യാത്രയുടെ അന്ത്യത്തില്‍ കണ്ടു മറക്കുന്ന മുഖങ്ങളാണ് പലതും. എന്നാല്‍ നിനച്ചിരിക്കാതെ എന്‍റെ മനസ്സിലെ നൊമ്പരമായി അയാളുടെ മുഖം മാറി. എന്‍റെ ശ്രദ്ധ വീണ്ടും അയാളിലേക്കും ആ കുട്ടിയിലേക്കും തിരിഞ്ഞു. ഉറക്കെയുള്ള സംസാരവും, കൂക്കലുമാണ് അയാളുടെ അടുത്തിരുന്ന കുട്ടിയെ ഭയപ്പെടുത്തിയിരിക്കുന്നത്‌. സംസാരത്തില്‍ ആവര്‍ത്തിച്ച ഒരു പേരുണ്ട്. മെറിന. കാമുകി, ഭാര്യ, മകള്‍ - ആരായിരിക്കും മെറിന ഇയാളുടെ?? സ്ത്രീ ജന്മത്തിന്റെ ഏതു ഭാവ തലമായിരിക്കും ഈ മനുഷ്യന്‍റെ മാനസീക നില തെറ്റിച്ചിരിക്കുക? ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഞാന്‍ ബസ്സില്‍ നിന്നറങ്ങിയപ്പോള്‍ ഒരിക്കല്‍ കൂടി അയാളെ നോക്കാതിരിക്കാന്‍ എനിക്കായില്ല. സ്നേഹത്തിന്‍റെ തൂവല്‍ സ്പര്‍ശം നിങ്ങളെ തിരിച്ചു നടത്താന്‍ കഴിയും എന്നുറപ്പുണ്ട്‌, പക്ഷെ എന്തിനു? ഭ്രാന്തമായ ഈ ലോകത്ത് സുഹൃത്തേ നിങ്ങള്‍ ഭാഗ്യവാനാണ്...

1 comment:

  1. ഒരാവർത്തികൂടി നോക്കിയിരുന്നേൽ കാണാമായിരുന്നു..വഴിയിൽ ഇറക്കിവെച്ച നൊമ്പരങ്ങളുടെ ബാക്കിപത്രം ആ കണ്ണുകളിൽ നിഴലിക്കുന്നത്..............................
    ..... നല്ല എഴുത്ത്.. ആശംസകൾ.....

    ReplyDelete