Wednesday, December 29, 2010

മഴക്കാലം.....


"മഴക്കാലം കഴിഞ്ഞിട്ട് വന്നാല്‍ പോരേ മോളേ ലീവിന്" അടുക്കളയില്‍ പത്തിരി പരത്തുന്ന സഫിയാത്ത വിളിച്ചു പറഞ്ഞത് മനപൂര്‍വ്വം കേട്ടിലെന്നു നടിച്ചു.അവര്‍ക്കറിയിലല്ലോ ഈ മഴയുടെ വിളിക്ക് കാതോര്‍ത്താണ് ഞാന്‍ എത്തുന്നതെന്ന്.അടുക്കള കോലായിലെ തിണ്ണയില്‍ ഇരുന്നു പുറത്തു പെയ്തു തോരാന്‍ മടിക്കുന്ന മഴയെ നോക്കി ഞാന്‍ ചിരിച്ചു. തിണ്ണയ്ക്ക് ചുറ്റും തീര്‍ത്ത പുതിയ ഗ്രില്‍ എനിക്കിഷ്ടമല്ല. എന്‍റെ വീട്ടു മുറ്റത്ത്‌ പെയ്യുന്ന മഴ എനിക്കന്യമായത് പോലെ. പണ്ടാണെങ്കില്‍ ഇറയത്ത്‌ നിന്ന് വീഴുന്ന മഴവെള്ളത്തില്‍ കാലിട്ട് ഇളക്കി കളിക്കാമായിരുന്നു.

വീട്ടിലെത്തിയാല്‍ എന്നെ കാണുക ഈ കോലായിലാണ്. വിശേഷാവസരങ്ങളില്‍ നല്ല നീളമുള്ള നുണ കോലായില്‍ പെണുങ്ങളുടെ തിക്കും തിരക്കുമാണ്. പത്തിരി പരത്തലും, തേങ്ങ ചിരവലും, കഷ്ണം നുറുക്കലും, തുണികള്‍ മടക്കലും എല്ലാം ഇവിടെയാണ്.ദൂരെ റെയില്‍ പാളം കടന്നു വരുന്ന ഇരുണ്ട കാര്‍മേഘക്കൂട്ടങ്ങള്‍ നിളയുടെ മാറില്‍ വീണ് ചിതറിത്തെറിക്കുന്നതു ഇവിടെ ഇരുന്നാല്‍ കാണാം. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി, മഴത്തുള്ളികളോട് കൊഞ്ചിയും കുഴഞ്ഞും ഒഴുകുന്ന നിളയെ കാണാന്‍ നല്ല ഭംഗിയാണ്.

മഴവില്ലിന്റെ ഏഴു നിറത്തേക്കാള്‍ സുന്ദരമാണ് മഴയുടെ ഭാവങ്ങള്‍.എന്‍റെ തോന്നലാവാം. പെയ്തു തോരാത്ത കണ്ണീരു പോലെ കര്‍ക്കിടകത്തിലെ മഴ. ദേഷ്യത്തോടെ ഒച്ചയെടുക്കുന്ന ഒരു കാരണവരുടെ ഭാവമാണു തുലാമഴക്ക്. അന്നം ചിന്നം പെയ്യുന്ന മഴക്കാകട്ടെ പ്രണയത്തിന്‍റെ നേര്‍ത്ത സംഗീതവും..മുറ്റമടിച്ചു വാരി, പാത്രങ്ങള്‍ തേച്ചു മോറി വെക്കുന്ന ജാനുവിനെ പോലയാണ് രാത്രി മഴ. വൃത്തിയാക്കിയ തൊടിയും, ഇലകളും ഇളം വെയിലില്‍ തിളങ്ങുന്നത് നോക്കി നിന്ന്, പടിക്കല്‍ കാത്തുനില്‍ക്കുന്ന സ്കൂള്‍ ബസ്സില്‍ കയറാന്‍ നേരം വൈകിയ ദിവസങ്ങള്‍ എത്രയുണ്ടായിരിക്കുന്നു. ചേമ്പിലയിലെ മഴത്തുള്ളിയും, പുല്‍ നാമ്പുകളുടെ നാണവും, തൊടിയിലെ വെള്ളത്തണ്ടും ഇപ്പോഴും ഞാന്‍ തിരയാറുണ്ട്. മഴ വെള്ളം കുടിച്ചിട്ടാണ് വെള്ളത്തണ്ടു വയറുനിറക്കുന്നത് എന്ന് ആരാണാവോ എനിക്ക് പറഞ്ഞു തന്നത്.
മഴ നനഞ്ഞാല്‍ രണ്ട് ഭാഗം പിന്നിയിട്ട മുടി അഴിച്ചിടാന്‍ വല്‍സ ടീച്ചര്‍ സമ്മതിക്കുമായിരുന്നു. അതിനു വേണ്ടി മാത്രം എത്ര മഴകൊണ്ടിരിക്കുന്നു ഞങ്ങള്‍!

മഴ പെയ്തു തോര്‍ന്നു മാനം തെളിഞ്ഞ ഒരു വൈകുന്നേരമാണു ഞാന്‍ എം.ഈ. എസ് ഹോസ്റ്റലില്‍ എത്തിയത്. എന്‍റെ പ്രവാസ ജീവിതത്തിനു നാന്ദികുറിച്ചുകൊണ്ട്, വീണ്ടും മാനം കറുത്തത് ഞാന്‍ ഓര്‍ക്കുന്നു. അതുകൊണ്ടുതന്നെ വൈകുന്നേരങ്ങളില്‍ പെയ്യുന്ന മഴ എന്നില്‍ എപ്പോഴും നൊമ്പരമാണ്. ഹോസ്റ്റലിന്റെ പിന്നിലെ പാടത്ത് പെയ്തിറങ്ങുന്ന മഴയെ ഞങ്ങള്‍ എല്ലാവരും സ്നേഹിച്ചിരുന്നു. പ്രിയപ്പെട്ടവരുടെ സന്ദേശങ്ങളുമായാണോ മഴ ഞങ്ങളെ തേടി എത്തിയിരുന്നത്?

മഴ തല്ലിക്കെടുത്തിയ വെളിച്ചത്തില്‍ വരച്ചു തീര്‍ക്കാനാകാത്ത ചിത്രങ്ങളും, കലണ്ടറിലെ ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയ തിയതിയും നോക്കി വിഷമിച്ചു നില്‍ക്കുമ്പോഴും മഴയെ എനിക്കിഷ്ടമായിരുന്നു. പിരിയാന്‍ കഴിയാത്തവിതം ആ താളത്തെ ഞാന്‍ പ്രണയിച്ചിരുന്നു. ഓടില്‍ വീഴുന്ന മഴയുടെ ദ്രുതതാളം എന്‍റെ പ്രണയത്തിന്‍റെ നെഞ്ചിടിപ്പാകുന്നത് ഞാന്‍ അറിഞ്ഞു...

മരുഭൂമിയില്‍ പെയ്തിറങ്ങുന്ന മഴയില്‍ പ്രവാസത്തിന്റെ ചുടു നിശ്വാസങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്നത് പോലെ തോന്നും. വളരെ അപൂര്‍വ്വമായി, അല്ലെങ്കില്‍ കാലാവസ്ഥ മാറ്റം സൂചിപ്പിക്കാന്‍ എന്ന പോലെ പെയ്യുന്ന മഴയ്ക്ക് താളവും ഭാവവും ഞാന്‍ കണ്ടില്ല. നാട്ടില്‍ നിന്ന് കൊണ്ടുവന്ന പോപ്പി കുട പിടിച്ചു ഫ്ലാറ്റിന്റെ മുന്നില്‍ മഴയത്ത് നടക്കാന്‍ എന്‍റെ മക്കള്‍ വാശി പിടിച്ചു കരഞ്ഞതും, ശക്തിയായി പെയ്യുന്ന മഴയത്ത് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ സുഹൃത്തിനെ വിളിക്കാന്‍ പോയി, മഴവെള്ളത്തില്‍ മുങ്ങിയ റോഡ്‌ കാണാതെ വിഷമിച്ചതും, മഴ പെയ്യുമ്പോള്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉണ്ടാകും എന്ന് പറഞ്ഞ അറബി സുഹൃത്തും മരുഭൂമിയിലെ മഴയുടെ ഓര്‍മയാണ്.

നാടിനനുസരിച്ചു മഴയുടെ രൂപ താളങ്ങള്‍ക്കു മാറ്റം വരുമോ എന്നറിയില്ല. ഇവിടെ കാനഡയിലെ മഴയെക്കാള്‍ എനിക്കിഷ്ടം പഞ്ഞി കെട്ടുകള്‍ കാറ്റില്‍ പറത്തിയത്‌ പോലെ പെയ്തിറങ്ങുന്ന മഞ്ഞു മഴയെയാണ്. എന്‍റെ പ്രണയത്തിന്‍റെ നേര്‍ത്ത താളമായി അത്‌ എന്നില്‍ അലിഞ്ഞു തുടങ്ങിയിരിക്കുന്നുവോ??

19 comments:

  1. വേനല്‍മഴയുടെ കുളിര്‍മയുള്ള പോസ്റ്റ്......!!!!

    ReplyDelete
  2. അക്ഷരങ്ങളാല്‍ തീര്‍ത്ത മഴയുടെ ഗ്രാഫിക്സ് മധുരം മനോജ്ഞം അഭിനന്ദനങ്ങള്‍

    ReplyDelete
  3. മഴയെ പറ്റി നന്നായി പറഞ്ഞു.

    ReplyDelete
  4. നന്ദി എല്ലാവര്‍ക്കും...

    ReplyDelete
  5. ee oosharbhumiyilirunnukondu mazhakkalam aswhodichu.nice reading your innocent writings.

    ReplyDelete
  6. മഴ മധുരമാകുന്നതും
    മനസ്സിലാകുന്നതും
    ഇങ്ങിനെയാണ്‌.

    ReplyDelete
  7. മഴയുടെ കുളിര്‍മ്മ നിറഞ്ഞുനില്‍ക്കുന്നു എഴുത്തിലും.
    ആശംസകള്‍.

    ഏത് എം ഇ എസിലാണ് പഠിച്ചത്? ഞാനും ഒരു എം ഇ എസ് പ്രോഡക്ടാണ്, മണ്ണാര്‍ക്കാട്.

    ReplyDelete
  8. ആദ്യമായിട്ടാണ്.
    മഴ നനക്കുന്നു എഴുത്തിലൂടെ..

    ഇനിയും വരാം..

    ReplyDelete
  9. മഴ വിശേഷം ഇഷ്ടമായി.നിളയുടെ തീരത്താണല്ലേ വീട്?

    ReplyDelete
  10. @ തെച്ചിക്കോടന്‍, ഞാന്‍ പഠിച്ചത് ചാത്ത മംഗലം എം.ഈ.സ്സില്‍.
    @ ശാന്ത കാവുമ്പായി, അതെ നിളയുടെ തീരത്താണ് വീട്.. പട്ടാമ്പിയില്‍.
    എന്‍റെ മഴ നനഞ്ഞു പോയവര്‍ക്കെല്ലാം
    നന്ദി!

    ReplyDelete
  11. Mubeen, I was really moved by the narrative. You have a big heart. Keep going. Pls let me know about the updates. I read all the previous blogs too, again. They all have a way connecting directly to the readers' heart. Very well done. Write more. Have u thought of writing about ur MES days?

    ReplyDelete
  12. മഴ.. മഴ.. എഴുതിയാലും എഴുതിയാലും തീരാത്ത ഭാവ വൈവിധ്യങ്ങള്‍ .. ഓരോ മഴയും ഓരോ അനുഭൂതിയായി നമ്മളില്‍ പെയ്തൊഴിയുന്നു.. വീണ്ടും അടുത്ത മഴക്കായി കാത്തിരിപ്പ്..മഴച്ചിത്രങ്ങള്‍ വരച്ച ഒരു രചന.. നന്നായിട്ടുണ്ട് ട്ടോ..

    ReplyDelete
    Replies
    1. മഴ നനഞ്ഞതില്‍ സന്തോഷം...

      Delete
  13. വായിച്ചപ്പോള്‍ ഒരു മഴ നനഞ്ഞ സുഖം ,രണ്ടു വര്‍ഷം കഴിഞ്ഞു ഒരു മഴ നല്ല വണ്ണം കണ്ടിട്ട് .ആശംസകള്‍

    ReplyDelete
  14. മഴയുടെ നനവുള്ള അക്ഷരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  15. ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം...

    ReplyDelete
  16. വളരെ ഇഷ്ടപ്പെട്ടു...

    ReplyDelete