Sunday, January 23, 2011

അച്ഛന്‍


ഞാന്‍ ഓര്‍ക്കുന്നതും, എഴുതുന്നതും എന്‍റെ അച്ഛനെ കുറിച്ചാണ്. എന്‍റെ ഉപ്പയെക്കൂടാതെ എനിക്കുണ്ടായിരുന്ന വി.പി.ശിവകുമാര്‍ എന്ന എന്‍റെ അച്ഛന്‍റെ ഓര്‍മകളിലേക്ക്..
എന്‍റെ കുട്ടിക്കാലത്ത് ഞങ്ങള്‍ താമസിച്ചിരുന്നത് പട്ടാമ്പി ബസ്സ്‌ സ്റ്റാന്‍ഡിന് സമീപത്തുള്ള വീട്ടിലായിരുന്നു. ഒരു മതില്‍ കെട്ടിനുള്ളില്‍ രണ്ട് വീടുകള്‍, ഒരു ചുമരിന്റെ വേര്‍ത്തിരിവാണ് രണ്ട് വീടുകളും തമ്മില്‍. ഞാന്‍ നാലാം ക്ലാസ്സില്‍ ആണെന്ന് തോന്നുന്നു, ഞങ്ങള്‍ക്ക് കൂട്ടായി അച്ഛനും, ഗീതേച്ചിയും, കുട്ടികളും എത്തി. മറക്കാന്‍ പറ്റാത്ത ഒരു വ്യക്തി കൂടി ഉണ്ടായിരുന്നു ആ കുടുംബത്തില്‍. അപ്പൂപ്പന്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന അച്ഛന്‍റെ അച്ഛന്‍. എന്‍റെ അനിയനും അനിയത്തിക്കും ഒപ്പം രണ്ടനിയന്മാരെയും കൂടെ കിട്ടി, അവരുടെ കുസൃതിത്തരങ്ങള്‍ക്ക് കൂട്ട് പിടിക്കുന്ന ചേച്ചിയായി.അവരുടെ കൂടെ അവരുടെ അച്ഛനെ ഞാനും അച്ഛാ എന്ന് വിളിച്ചു..
സ്കൂള്‍ വിട്ടു വരുമ്പോള്‍ അച്ഛന്‍റെ വീടിന്‍റെ ഉമ്മറത്ത്‌ കൂടെയാണ് ഞാന്‍ വീട്ടിലേക്കു കയറുക. കുറച്ചു സമയം അവിടെ അപ്പൂപ്പനോടും അച്ഛനോടും എന്‍റെ സ്കൂള്‍ വിശേഷങ്ങള്‍ പറഞ്ഞു അടുക്കളയില്‍ തിരക്കിട്ട് ജോലി ചെയ്യുന്ന ഗീതേച്ചിയെയും കണ്ടിട്ടേ ഞാന്‍ പോകു. അതൊരു പതിവായി. മിക്ക ദിവസങ്ങളിലും അച്ഛന്‍റെ കൂടെ ആളുകള്‍ ഉണ്ടാവും. അവരെല്ലാം ആരായിരുന്നോ എന്നെനിക്കറിയില്ല. ചില മുഖങ്ങള്‍ ഓര്‍മയിലുണ്ട്, നരേന്ദ്ര പ്രസാദ്‌, എം. ടി, കോവിലന്‍, ദേശമംഗലം രാമകൃഷ്ണന്‍, രവി മാഷ്, പ്രൊഫസര്‍ അലിയാര്‍ തുടങ്ങിയവരെ ഓര്‍ക്കുന്നു. ആ ബന്ധത്തിന്‍റെ നിറവ് പ്രസാദ്‌ അങ്കിള്‍ എന്നും സൂക്ഷിച്ചിരുന്നു. ഷൂട്ടിങ്ങിന് ഒറ്റപ്പാലത്തോ, ഷോര്‍ണൂരോ വന്നാല്‍ പ്രസാദ്‌ അങ്കിള്‍ വീട്ടില്‍ വന്നു ഉപ്പാനെ കാണുമായിരുന്നു.
സ്വകാര്യ ശേഖരത്തില്‍ നിന്ന് 

അച്ഛന്‍ തിരക്കിലാണെങ്കില്‍ അപ്പൂപ്പനോട് അന്നത്തെ സ്കൂള്‍ വിശേഷം പറഞ്ഞു ഞാന്‍ വീട്ടിലേക്കു ഓടും.. അപ്പോഴേക്കും എന്‍റെ അനിയന്മാര്‍ കളികളില്‍ മുഴുകിയിട്ടുണ്ടാവും. സ്കൂള്‍ ബാഗ്‌ പടിയില്‍ ഇട്ടു ചായയും പലഹാരവും കഴിച്ചു ഞാനും അവരോടൊപ്പം കൂടും. എനിക്കേറെ അടുപ്പം അച്ഛനോടായിരുന്നു. അച്ഛന്‍ വല്യ ആളാണ്, തിരക്കാണ്, അവിടെ പോയി ശല്യപ്പെടുത്തരുത്, ഉമ്മ എപ്പോഴും പറഞ്ഞിരുന്നു. എന്നാലും ഇടയ്ക്കു അച്ഛന്‍റെ അടുത്ത് പോയി ഇരിക്കും. ഒന്നും മിണ്ടാതെ.. ചിലപ്പോ എഴുത്തിലായിരിക്കും, മറ്റു ചിലപ്പോ വായിക്കുകയായിരിക്കും. മുറുക്കുന്ന ശീലമുണ്ടായിരുന്നു അച്ഛന്. വായില്‍ മുറുക്കാനുമായി ചാര് കസേരയില്‍ ചാരി കിടന്നു വായിക്കുന്ന അച്ഛന്‍ ഇന്നും എന്‍റെ ഓര്‍മയിലുണ്ട്. തമിഴ് മൊഴിയില്‍ നിന്ന് മലയാളത്തിലേക്ക് ചുവടു മാറിയ എന്നോട് മലയാളം പിണങ്ങി നിന്നിരുന്ന സമയം. അച്ഛന്‍ കൊച്ചു കവിതകള്‍ ചൊല്ലിയും, കഥകള്‍ പറഞ്ഞും വായിപ്പിച്ചും എന്നെ മലയാളത്തിന്‍റെ തിരു മുറ്റത്ത്‌ കൈ പിടിച്ചു നടത്തിച്ചു. വായനയിലൂടെ ലോകത്തെ അറിയണം, പഠിക്കണം. എല്ലാം വായിക്കുക.. എന്നിട്ട് നെല്ലും പതിരും വേര്‍തിരിക്കണം മോളെ.. എനിക്ക് വഴികാട്ടിയായ വാക്കുകള്‍..
ഉമ്മയെ താത്ത എന്നാണ് വിളിച്ചിരുന്നത്‌. വല്യ ഇഷ്ടായിരുന്നു. ഒരുപ്പാട്‌ നേരം അച്ഛന്‍ സംസാരിച്ചിരിക്കും. ഉമ്മയുണ്ടാക്കുന്ന പത്തിരിയും, കോഴികറിയും, പാലക്കാടന്‍ കായ കറിയും, നോമ്പിന്‍റെ പ്രത്യേക വിഭവങ്ങള്‍ ആയ ജീരക കഞ്ഞിയും, തരികഞ്ഞിയും ഇഷ്ടായിരുന്നു അച്ഛന്. ഉപ്പാക്ക് തിരക്കായിരുന്നു, എങ്കിലും സമയം കിട്ടുമ്പോള്‍ എല്ലാവരും കൂടെ ഒന്നിച്ച് കൂടാറുണ്ടായിരുന്നു. കൂട്ടത്തില്‍ എന്‍റെ എളാപ്പ ഡോക്ടര്‍ താജുദീനും കുടുംബവും ഉണ്ടാവും. തിരിച്ചു കിട്ടിലെന്നറിഞ്ഞിട്ടും കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്ന ദിനങ്ങള്‍! അച്ഛനെ കാണാന്‍ ആരു വന്നാലും "ഇതു ഞങ്ങളുടെ താത്തയാണ്, എന്‍റെ പെങ്ങളാണ്" എന്ന് പറഞ്ഞു പരിചയപ്പെടുത്തുമായിരുന്നു ഉമ്മയെ. നട്ട് നനച്ചു വളര്‍ത്തിയ ഉമ്മയുടെ പ്രിയപ്പെട്ട കറിവേപ്പില മരം ഉണങ്ങി പോയപ്പോള്‍ അച്ഛന്‍ ഒരുപാട് സങ്കടപ്പെട്ടു. മാതൃഭൂമിയില്‍ വരുന്ന അച്ഛന്‍റെ ലേഖനങ്ങളും, കഥകളും എടുത്ത് ഉമ്മ മാറ്റിവെക്കുമായിരുന്നു, അച്ഛന്‍ എഴുതിയതാ വായിക്കണം എന്ന നിര്‍ബന്ധവുമായി. ഇപ്പോഴും മാതൃഭൂമി ആഴ്ച്ചപതിപ്പ്‌ കൈയില്‍ തടഞ്ഞാല്‍ അറിയാതെ എങ്കിലും അച്ഛനെ തിരയുന്നു...
സ്ക്കൂള്‍ അവധിക്കു പാലക്കാടുള്ള ഉമ്മയുടെ വീട്ടില്‍ പോയ സമയത്തായിരുന്നു അപ്പൂപ്പന്റെ മരണം. ഞങ്ങള്‍ പോകുമ്പോള്‍ അപ്പൂപ്പന് സുഖമുണ്ടായിരുന്നില്ല. യാത്ര പറയാന്‍ ചെന്നപ്പോള്‍ അപ്പൂപ്പന്‍ കിടക്കുകയായിരുന്നു. മോള് വരുമ്പോഴേക്കും സുഖാവും എന്ന് പറഞ്ഞു. തിരിച്ചു വന്നപ്പോ അപ്പൂപ്പനില്ല. നിനച്ചിരിക്കാത്ത നേരത്ത് വന്ന് എനിക്ക് പ്രിയപ്പെട്ടതെല്ലാം തട്ടി എടുക്കുന്ന മരണത്തെ ഞാന്‍ ആദ്യമായി അറിഞ്ഞു. അച്ഛന്‍ എന്നെയും, കിരണിനെയും, നവീനെയും കൂട്ടി പാലത്തിനപ്പുറം അപ്പൂപ്പനെ ദഹിപ്പിച്ച സ്ഥലത്തേക്ക് കൊണ്ടുപോയതോര്‍ക്കുന്നു. അസ്ഥി പെറുക്കാന്‍ പോയ അന്ന് ഞങ്ങളുടെ കൂടെ പ്രസാദ്‌ അങ്കിളും, പ്രൊഫസര്‍ അലിയാരും ഉണ്ടായിരുന്നു. തിരിച്ചു വരുമ്പോള്‍ കുറേ സമയം മണലില്‍ ഞങ്ങള്‍ ഇരുന്നു. സംസാരിച്ചിരിക്കുന്ന അച്ഛന്റെയും അങ്കിളിന്റെയും അടുത്ത് ഒന്നും മനസ്സിലാവാതെ മണലില്‍ കളിക്കുന്ന അനിയന്മാരെയും നോക്കി ഞാനും. വര്‍ഷങ്ങള്‍ക്കിപ്പുറം നവീന്‍ ചേച്ചിയെന്നു വിളിച്ചെത്തിയപ്പോള്‍ വീണ്ടും ഓര്‍മകളില്‍ നിറയുന്നു ആ കാലം..
അച്ഛന് ട്രാന്‍സ്ഫര്‍ ആയി എന്ന് കേട്ടപ്പോള്‍ വലാത്ത വിഷമമായിരുന്നു. കണ്ണ് നിറച്ചു നില്‍ക്കുന്ന എന്നെ ചേര്‍ത്ത് പിടിച്ചു "അച്ഛന്‍ വരാം മോളെ..." എന്ന് പറഞ്ഞാണ് അച്ഛന്‍ പോയത്. പുതിയ വീട് വെച്ചു ഞങ്ങള്‍ മാറിയപ്പോള്‍ ഒരിക്കല്‍ അച്ഛന്‍ വന്നിരുന്നു. കുറേ കാലത്തിനു ശേഷമുള്ള കൂടിക്കാഴ്ചയുടെ സന്തോഷമായിരുന്നു അച്ഛന്. വീണ്ടും പട്ടാമ്പിയിലേക്ക് തന്നെ വരാന്‍ പറ്റുമെന്ന പ്രതീക്ഷയും. അച്ഛന്‍റെ ശിഷ്യനും എന്‍റെ ഗുരുവും ആയ ഉദയന്‍ മാഷ്‌ ഇടയ്ക്കിടയ്ക്ക് അച്ഛന്‍റെ അടുത്ത് പോകുമായിരുന്നു. ഒരിക്കല്‍ തിരുവനന്തപുരത്ത് പോയി വന്ന മാഷു പറഞ്ഞു, "മുബി, നിന്നെ കുറിച്ച്, നിന്‍റെ അച്ഛന്‍ ഒരു കഥയില്‍ പറഞ്ഞിട്ടുണ്ട്. അടുത്തതവണ വരുമ്പോള്‍ കോപ്പി കൊണ്ടു തരാം." എല്ലാവരോടും സ്നേഹായിരുന്നു അച്ഛന്. അച്ഛനോടടുപ്പമുണ്ടായിരുന്ന ഉദയന്‍ മാഷ് ഇന്നില്ല.
പത്താം ക്ലാസ്സ്‌ കഴിഞ്ഞു തുടര്‍ന്ന് പഠിക്കാന്‍ കോഴിക്കോട്ടേക്ക് ഞാന്‍ പോയി. ഒരിക്കല്‍ ഉമ്മയുടെ എഴുത്തില്‍ അച്ഛന്‍ പട്ടാമ്പിയിലേക്ക് തിരിച്ചു വരുന്നുണ്ട്, അടുത്ത് തന്നെ എന്ന് കണ്ട് സന്തോഷിച്ചു. എന്നാല്‍ അവധിക്കു വന്ന എന്നെ കാത്തിരുന്നത് അച്ഛന് സുഖമില്ലാ എന്ന വാര്‍ത്തയായിരുന്നു. ഉപ്പാനോട് ചോദിച്ചപ്പോള്‍, അച്ഛന് ഒന്നുമില്ല പെട്ടന്നു മാറും, നീ വിഷമിക്കണ്ട എന്ന് പറഞ്ഞു. ആ വാക്കുകള്‍ എനിക്ക് ആശ്വാസമായിരുന്നു. അച്ഛന്‍റെ വിശേഷങ്ങള്‍ തുടര്‍ന്നുള്ള ഉമ്മയുടെ എഴുത്തുകളില്‍ ഒന്നും കണ്ടില്ല.. അതുകൊണ്ട് അച്ഛന് സുഖായിട്ടുണ്ടാവും എന്ന് കരുതി ഞാനും സമാധാനിച്ചു. പരീക്ഷയുടെ തിരക്കില്‍ മുഴുകി.പരീക്ഷ കഴിഞ്ഞെത്തിയ എനിക്ക് വീട്ടിലെ മ്ലാനതയില്‍ പന്തികേട്‌ തോന്നി, എന്താണെന്നു മനസ്സിലായില്ല. പതുക്കെയാണ് ഉമ്മ എന്നോട് പറഞ്ഞത്, നിനക്ക് പരീക്ഷയായിരുന്നല്ലോ അതാ......"

19 comments:

 1. touching oormakal.....

  ReplyDelete
 2. കൊള്ളാം ഓര്‍മകുറിപ്പു നന്നായിട്ടുണ്ട്..!!

  ReplyDelete
 3. പിതാവിന്റെ ഒര്‍മ്മകളിലൂടെയുള്ള ഒരു പോസ്റ്റ്‌ തന്നെയാണ്‌ ഞാനും ഇത്തവണ ഇട്ടിരിയ്ക്കുന്നത്‌..
  അച്ഛന്റെ ഓര്‍മ്മകള്‍ക്ക്‌ ആശംസകളോടെ..

  ReplyDelete
 4. really touching... things you wrote are quiet natural.. but the language it is really heart touching... genuine ;)

  ReplyDelete
 5. Saleem, NPT, Joy & Ansar,

  നന്ദി വന്നതിനും, വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ചതിനും.....

  ReplyDelete
 6. മലയാളനാട്ടില്‍ വായിച്ചു, അനുഭവങ്ങള്‍ എപ്പോഴും എഴുത്തിന്റെ വര്‍ണ്ണങ്ങളാണ്, അഭിനന്ദനങ്ങള്‍... (അഷ്‌റഫ്‌ - ഗുരുവായൂര്‍ )

  ReplyDelete
 7. Mubi,
  Maintain this honest language..
  happy about the malayalanadu article..

  ReplyDelete
 8. തുടക്കത്തിലെ ഒഴുക്ക് അവസാനമായപ്പോഴേക്കും കൈവിട്ട പോലെ തോന്നി, എന്നാലും നന്നായി തന്നെ എഴുതി. ഓര്‍മ്മകള്‍ പങ്കു വെച്ചതിന്‌ നന്ദി . വിണ്ടും എഴുതുക

  ReplyDelete
 9. കഥകളിലൂടെ ഉള്ളില്‍ നിറഞ്ഞ വി.പി ശിവകുമാറെന്ന വലിയ മനുഷ്യനെക്കുറിച്ച ഹൃദയസ്പര്‍ശിയായ ഈ കുറിപ്പ് ഏറെ ഹൃദ്യം. ഒറ്റപ്പാലത്തെ ആ വീടും അവിടെ വന്നുചേര്‍ന്ന വലിയ മനുഷ്യരും ചേര്‍ന്നാവും ജീവിതത്തിന്റെ വരികള്‍ ഇത്ര ആര്‍ദ്രമാക്കിയത്. നന്നായി, ഈ കുറിപ്പ്.

  ReplyDelete
 10. ഹൃദയസ്പര്‍ശമാം വിധം എഴുതിയിട്ടുണ്ട് കേട്ടോ..

  ReplyDelete
 11. എല്ലാവര്‍ക്കും നന്ദി...

  ReplyDelete
 12. ടീച്ചര്‍ എനിക്ക് പറയാന്‍ ഒന്നുമില്ല. എങ്കിലും ഒരു കാര്യം പറയാം ഇത്രയും വല്യ ആളില്‍ നിന്ന് മലയാളം പഠിക്കാന്‍ അവസരം ലഭിച്ചത് തന്നെ ആണ് ഏറ്റവും വല്യ ഭാഗ്യം. പിന്നെ മരണം ഇങ്ങനെ ആണ് പ്രിയപ്പെട്ടവരെ കൊണ്ടുപോകാന്‍ അവന്‍ വരുന്നത് ആരോടും മിണ്ടാതെയാണ്.....

  ReplyDelete
 13. ചെറിയ ഒരു പരിചയമുണ്ടായിരുന്നു.. ഒരിക്കലോ രണ്ടു തവണയോ കണ്ടിട്ടുണ്ട്... അദ്ദേഹത്തെ...

  വളരെ ഹൃദയസ്പര്‍ശിയായി എഴുതി...

  ReplyDelete
 14. വളരെ നേരത്തെ മരണം വിളിച്ചു കൊണ്ട് പോയ മാഷേ ഓര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു

  ReplyDelete
 15. Really Touching narration...

  For more info: http://www.keralasahityaakademi.org/sp/Writers/Profiles/VPSIVAKUMAR/Html/VPSivakumarPage.htm

  ReplyDelete
  Replies
  1. നന്ദി ഉസ്മാന്‍....

   Delete
 16. ഒരു വിങ്ങലായി മുബീ ഈ ഓര്‍മ്മകള്‍!

  ReplyDelete
 17. വളരെ ഹൃദയസ്പര്‍ശിയായി എഴുതി...

  ReplyDelete
  Replies
  1. ഈ കുറിപ്പ് എഴുതാന്‍ ആവശ്യപ്പെട്ടത് മലയാളനാട്ടിലെ സന്തോഷ്‌ മാഷാണ്. എഴുതാന്‍ പ്രേരിപ്പിച്ച സന്തോഷ്‌ മാഷിനും, വായിച്ച എല്ലാ കൂട്ടുകാര്‍ക്കും.... സ്നേഹം

   Delete