Sunday, February 20, 2011

മരുഭൂവില്‍ നിന്ന്.....


റിയാദ് നഗര പ്രാന്തമായ നസീമില്‍ ഞങ്ങള്‍ താമസിച്ചിരുന്ന കാലം. ഇന്ന് കാണുന്ന വികസനം നസീമില്‍ എത്തിയിട്ടില്ല. ഒഴിഞ്ഞ മരു പ്രദേശത്ത് അധികവും അറബികള്‍ താമസിക്കുന്ന വില്ലകളാണ്. ഉയര്‍ന്ന മതിലും, ഇരുമ്പ് ഗെയ്റ്റിനും ഉള്ളില്‍ വിങ്ങി അമരുന്ന പകലന്തികള്‍. അനുഭവിച്ചിരുന്ന ശ്വാസം മുട്ടലില്‍ നിന്നുള്ള ഏക ആശ്വാസം ജോലി സ്ഥലം മാത്രമായിരുന്നു. ഞങ്ങളുടെ വില്ലയില്‍ ഞങ്ങളെക്കൂടാതെ എന്‍റെ കസിനും കുടുംബവും ഉണ്ടായിരുന്നു. മുകളിലത്തെ നിലയിലായിരുന്നു അവര്‍. ഞാന്‍ ജോലിക്ക് പോയാല്‍ ബാബിയും രണ്ട് കുഞ്ഞുങ്ങളും തനിച്ചാണ്. എന്‍റെ രണ്ട് വയസുകാരന്‍ മകനെ നോക്കിയിരുന്നത് ബാബിയാണ്. സ്കൂള്‍ വിട്ടു ഞാനും ബാബിയുടെ മൂത്ത കുട്ടികളും ഉച്ചക്കെത്തും. വീട്ടില്‍ ആളനക്കം ഉണ്ടാകുന്നതു ഉച്ചക്ക് ശേഷമാണ്. വൈകുന്നേരത്തെ പുറത്തു പോക്കും, കുട്ടികളുടെ കളികളും കഴിഞ്ഞാല്‍ ഒന്‍പതു മണിയോട് കൂടെ എന്‍റെ ദിവസത്തിന് തിരശീല വീഴും.
അന്നും പതിവ് തെറ്റിച്ചില്ല. ഒന്‍പതു മണിക്ക് തന്നെ ഞാന്‍ ഉറങ്ങാന്‍ കിടന്നു. ഒരു നിലവിളി കേട്ടുണര്‍ന്ന ഞാന്‍ കുറച്ചു സമയം പകച്ചിരുന്നു. വെറുതേ തോന്നിയതാവും എന്ന വാക്കുകള്‍ ആശ്വസമായില്ല. മുകളില്‍ കുട്ടികള്‍ക്കെന്തെങ്കിലും.. അതാണ് മനസ്സില്‍ ആദ്യം ഓടിയെത്തിയത്. പടികള്‍ കയറുമ്പോള്‍ ബാബിയെ കണ്ടു, എന്‍റെ കൈ പിടിച്ച് വലിച്ചു കൊണ്ടുപോയി ലൈറ്റ് ഓഫാക്കി അപ്പുറത്തെ വീട്ടിലേക്കു ചൂണ്ടി കാണിച്ചു. കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു.
ഒരു പെണ്ണിനെ വലിച്ചിഴച്ചു കൊണ്ട് പോകുന്ന രണ്ടു തോപ്പ് ധാരികള്‍.. അവരുടെ കാലില്‍ വീണു കരയുന്ന ഇന്തോനേഷ്യന്‍ പെണ്ണ്.. ചവിട്ടും അടിയും.. എല്ലാം കണ്ടു നില്‍ക്കുന്ന മറ്റൊരു സ്ത്രീ ജന്മം അടുത്ത്...പിന്നീടുള്ള ഓരോ രാത്രിയിലും ഈ നിലവിളി എന്‍റെ ഉറക്കം കെടുത്തി.. പ്രതികരിക്കാനാവാതെ, ഉറക്കം നഷ്ടപ്പെട്ടു ഞാനും! വീട് മാറാനുള്ള ശ്രമം ഞങ്ങള്‍ തുടങ്ങിയപ്പോള്‍ ഒരു ദിവസം അടുത്ത വീട്ടിലെ അറബി സ്ത്രീ എന്നെ അവരുടെ വീട്ടിലേക്കു ക്ഷണിച്ചു.. ക്ഷണം ഞാന്‍ സ്വീകരിച്ചു.. കാരണം എന്‍റെ ലക്‌ഷ്യം ആ നിലവിളിയിലെക്കെത്തുക എന്നതായിരുന്നു.. ഞങ്ങളോട് മൂന്ന് മണിക്ക് വരാനാണ് പറഞ്ഞത്. സമയത്ത് തന്നെ അവിടെയെത്തി. സംസാരിച്ചു തുടങ്ങിയപ്പോള്‍ എനിക്കൊരു കാര്യം വ്യക്തമായി. അപ്പോള്‍ ആ വീട്ടില്‍ അവരും മക്കളും ഒറ്റക്കാണ്. ഈ സ്ത്രീ അറബിയുടെ രണ്ടാം ഭാര്യയാണെന്നും, ഇവരുടെ കുഞ്ഞുങ്ങളെ നോക്കാന്‍ കൊണ്ട് വന്നതാണ്‌ ഇന്തോനേഷ്യക്കാരിയെ എന്നും..അപ്പോള്‍ ആദ്യ ഭാര്യയിലുള്ള മക്കളുടെ കാമ ഭ്രാന്താണ് രാത്രിയില്‍ അരങ്ങേറിയിരുന്നത്‌..
ഞങ്ങള്‍ക്ക് കുടിക്കാന്‍ ജ്യുസുമായി എത്തിയ അവള്‍ നന്നേ പാടുപെട്ടു പുഞ്ചിരിച്ചു. നല്ല വെളുത്തു മെലിഞ്ഞ ശരീരത്തിന് അലങ്കാരമെന്നോണം തെളിഞ്ഞു കിടക്കുന്ന പാടുകള്‍ എന്‍റെ മനസ്സില്‍ ഉണങ്ങാതെ കിടന്നു. കണ്ണീരു വീണു കലങ്ങിയ ആ ജ്യുസ്സ് കുടിക്കാനാകാതെ ഞാനും അവിടെനിന്നിറങ്ങി.എനിക്ക് അറിയാത്ത മാനുഷിക മൂല്യങ്ങളുടെ പാഠങ്ങള്‍ ഞാന്‍ പഠിച്ചു തുടങ്ങുകയായിരുന്നു.....

***********

പതിമൂന്നു വര്‍ഷം റിയാദ് എരിത്രിയന്‍ എംബസി സ്ക്കൂളിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. ഓഫീസിലായിരുന്നത് കൊണ്ട് അകത്തും പുറത്തും ഉള്ള എരിത്രിയന്‍ സമൂഹവുമായി അടുത്തിടപഴകാന്‍ എനിക്ക് സാധിച്ചു. എല്ലാ മാസവും മുടങ്ങാതെ എന്‍റെ ഓഫീസിലേക്ക് കയറിവരുന്ന ഒരു എരിത്രിയന്‍ സ്ത്രീ ഉണ്ടായിരുന്നു. കൈയില്‍ ഒരു പൊതിയുണ്ടാവും. എന്‍റെ അനുമതി പത്രമാണ്‌ അവര്‍ക്ക് വേണ്ടത്. സ്കൂള്‍ ഇന്റര്‍വെല്‍ സമയത്ത് മക്കളെ കാണണം അവരെ ഊട്ടണം.. സ്കൂള്‍ നിയമ പ്രകാരം ടീച്ചര്‍മാര്‍ കുട്ടികളെ അനുമതിയിലാതെ ആരെയും കാണിക്കില്ലായിരുന്നു. ഒരിക്കല്‍ ഞാനും അവരോടൊപ്പം നടന്നു, ബെല്ലടിക്കാന്‍ ഇനിയും സമയം കിടക്കുന്നു. ക്ഷമയിലാതെ വാച്ചിലേക്ക് നോക്കുന്ന അവരോടു ഞാന്‍ ചോദിച്ചു മാസത്തില്‍ ഒരുതവണ കണ്ടാല്‍ മതിയോ നിങ്ങള്‍ക്കു കുഞ്ഞുങ്ങളെ? മക്കളെ ഊട്ടിയും, മാറോടു ചേര്‍ത്ത് ഉറക്കുകയും ചെയ്തിരുന്ന എന്നില്ലേ മാതൃത്വത്തിനു മനസ്സിലായില്ല അവരുടെ പിടച്ചില്‍.. എന്‍റെ മുഖത്തേക്ക് നോക്കി ഒന്നും മിണ്ടാതെ അവര്‍ നിന്നു. ആ കണ്ണില്‍ നിന്ന് ഇറ്റി വീണ കണീര്‍ കണങ്ങള്‍ എന്‍റെ കൈത്തലം പൊള്ളിച്ചു. കുറച്ചു സമയത്തെ മൌനത്തിനു ശേഷം അവര്‍ പറഞ്ഞു.. എന്‍റെ ഭര്‍ത്താവു വേറെ കല്യാണം കഴിച്ചു, എന്നെ ഒഴിവാക്കി..കാരണം ഞാന്‍ ചോദിച്ചില്ല. അവര്‍ തന്നെ പറഞ്ഞു, "എനിക്ക് സൗന്ദര്യമില്ല.ശരീര ഭാഗങ്ങളില്‍ പലതിനും വലിപ്പ കുറവ്".. അവന്‍റെ രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചതിനു ശേഷമാണോ അളവെടുപ്പ് തുടങ്ങിയത് എന്ന ചോദ്യം എന്‍റെ മനസ്സില്‍ ഒതുക്കി. സൗന്ദര്യമില്ലാത്ത അമ്മയുടെ കൂടെ വളരാന്‍ മക്കള്‍ക്ക്‌ അനുമതിയില്ല. മാതൃതം നിഷേധിച്ച സൗന്ദര്യത്തെ ഞാന്‍ നോക്കി നിന്നുപോയി. മാസത്തില്‍ ഒരു തവണ മക്കളെ കാണാന്‍ സ്കൂള്‍ അതികൃതരുടെ കനിവില്‍ മുപ്പതു മിനുട്ട് മാതൃ വാത്സല്യം കോരി ചൊരിഞ്ഞു കണ്ണീര്‍ തുടച്ചു മടങ്ങുന്ന അമ്മയെന്ന പുണ്യം......

(ഇമേജിന് കടപ്പാട് സുഹൃത്തും, ബന്ധുവുമായ നൗഷാദിനോട്)

11 comments:

 1. അവന്‍റെ രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചതിനു ശേഷമാണോ അളവെടുപ്പ് തുടങ്ങിയത് എന്ന ചോദ്യം എന്‍റെ മനസ്സില്‍ ഒതുക്കി

  ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട്..!!

  ReplyDelete
 2. "കണ്ണേ മടങ്ങുക
  എന്ന കാരുണ്യമില്ലാത്ത കാലം"
  - എ. അയ്യപ്പന്‍

  ReplyDelete
 3. ഞാന്‍ സൗദിയിലാണ്‌ ഇപ്പോഴും..
  അറബ്‌ നാടുകളില്‍ ദുരിതം അനുഭവിയ്ക്കുന്ന എത്രയോപേര്‍...

  ഇതിനൊരു അവസാനമുണ്ടാവുമോ എന്ന്‌ ആലോചിയ്ക്കാന്‍ വയ്യ..

  മലയാളികള്‍ എന്നഭിമാനിയ്ക്കുന്ന നമ്മുടെ നാട്ടുകാര്‍ത്തന്നെ സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി പാവപ്പെട്ടവരായ നമ്മുടെ നാട്ടുകാരെപോലും ചൂഷണംചെയ്യുന്ന കാഴ്ച്ച എത്രയോ ഹീനം!!!

  അറബുനാടുകളില്‍ വിജയിച്ച പല ധനികരുടേയും,പണത്തിലും,പ്രതാപത്തിലും.. സ്വാര്‍ത്ഥതയുടെ ഈ ചോരക്കറ പുരണ്ടിരിക്കുന്നു!!!

  മൂബിയുടെ ഓര്‍മ്മപുതുക്കല്‍ നന്നായി.
  ആശംസകളോടേ..

  ReplyDelete
 4. ജോയ്‌,
  ഒമര്‍ ഓര്‍മിപ്പിച്ചത് പോലെ, "കണ്ണേ മടങ്ങുക......"

  നന്ദി, എല്ലാവര്‍ക്കും..

  ReplyDelete
 5. Mubeen, its getting better, deeper, and touching. Its deeply nvolved, ur writing is..good job.

  Miraj

  ReplyDelete
 6. ഈ ഓർമ്മകൾ പങ്കുവെച്ചത് നന്നായി.

  ReplyDelete
 7. അങ്ങനെ കുഞ്ഞിനെ കാണേണ്ടി വരുന്നവര്‍ നമ്മുടെ നാട്ടിലും ഒരുപാടുണ്ട് മുബീ....

  ReplyDelete
 8. മുബിയുടെ പോസ്റ്റുകള്‍ മുഴുവന്‍ ഞാന്‍ വായിച്ചു തീര്‍ത്തു... എനിക്ക് രചനാ ശൈലി വളരെ ഇഷ്ടമായി... അഭിനന്ദനങ്ങള്‍. ഇനിയും എഴുതുക... വായിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടാവട്ടെ...

  ReplyDelete