Monday, July 4, 2011

കെരിയ

ജൂലൈ ഒന്ന്, 2011

ഒന്നര വര്‍ഷമായി കാനഡയില്‍ താമസിക്കുന്ന എന്‍റെയും കുടുംബത്തിന്റെയും രണ്ടാമത്തെ കാനഡ ഡേ ആഘോഷമായിരുന്നു വെള്ളിയാഴ്ച. കഴിഞ്ഞ വര്‍ഷത്തെ ആഘോഷങ്ങളുടെ ഭാഗമാകാന്‍ പല കാരണങ്ങള്‍ കൊണ്ട് കഴിയാതെ പോയി. ഒഴിവു ദിനത്തിന്‍റെ അലസത തീര്‍ത്തു ഉച്ചക്ക് ഞങ്ങള്‍ വീട്ടില്‍ നിന്നിറങ്ങി. നാലു കിലോമീറ്റര്‍ അകലെ ഉള്ള ഒരു പാര്‍ക്കില്‍ എന്തൊക്കെയോ പരിപാടികള്‍ ഉണ്ടെന്നറിഞ്ഞിരുന്നു. പരിപാടികളെ കുറിച്ച് വ്യക്തമായ അറിവ് ഞങ്ങള്‍ക്കില്ലായിരുന്നു. തിരക്ക് കാരണം വണ്ടി കുറേ ദൂരെ നിര്‍ത്തിയിടേണ്ടി വന്നു. കത്തി നില്‍ക്കുന്ന സുര്യനെ അവഗണിച്ചു ചുറ്റും ഉള്ള കാഴ്ചകളില്‍ മുഴുകി ഞങ്ങള്‍ നടന്നത് വെറുതേ ആയില്ല. അരയന്നങ്ങള്‍ നീന്തി നടക്കുന്ന തടാക കരയില്‍ ഇരുന്നു ആളുകള്‍ ചൂണ്ടയിടുന്നതും, മറുഭാഗത്ത്‌ കളികളും പാട്ടുകളുമായി ദിവസം ആസ്വദിക്കുന്ന വിവിധ തരത്തിലുള്ള ആളുകളെ നോക്കിയും കണ്ടും ഞങ്ങളും പതിയെ നടന്നു ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നു.


വളരെ അച്ചടക്കത്തില്‍ ആളുകള്‍ വരിവരിയായി നടന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഞങ്ങളും അവരോടൊപ്പം കൂടി. ആ വരി അവസാനിച്ചത്‌ ഒരു ഉത്സവ പറമ്പിലായിരുന്നു. നാട്ടിലെ ഉത്സവ പറമ്പിനെ ഓര്‍മപ്പെടുത്തി അവിടുത്തേ കാഴ്ചകള്‍... നിറയെ സ്റ്റാളുകള്‍, പല ഉല്‍പ്പനങ്ങള്‍ വില്പ്പനക്കുണ്ട്. വളയും മാലയും, പാത്രങ്ങളും, ഭക്ഷണ സാധനങ്ങളും അങ്ങിനെ എല്ലാം... ഒരറ്റത്ത് താല്‍കാലികമായി ഉയര്‍ത്തിയ സ്റ്റേജില്‍ പാടി തിമര്‍ക്കുന്ന ഗായകന്‍. കുറച്ചു സമയം പാട്ട് കേട്ട് ഒരു സ്റ്റാളില്‍ നിന്നു ഭക്ഷണവും കഴിച്ചു ഞങ്ങള്‍ അവിടെന്നു മടങ്ങി. ഓര്‍മയില്‍ എവിടെയോ ഒരു ആനയും ആനപിണ്ടവും കൊട്ടും കുരവയും മിന്നി മറഞ്ഞുവോ? നേര്‍ച്ചകളും പൂരങ്ങളും എന്തെന്നറിയാതെ വളര്‍ന്ന മക്കളുടെ ജീവിതത്തില്‍ ആദ്യത്തെ അനുഭവം...
രാത്രി പത്തു മണിക്ക് തുടങ്ങുന്ന വെടിക്കെട്ട്‌ കാണാന്‍ മൂത്തമകന്‍ കൂട്ടുകാരോടൊപ്പം ആദ്യമേ ഉത്സവ പറമ്പിലേക്ക് പോയി. കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം തിരയേണ്ട ബുദ്ധിമുട്ട് ഓര്‍ത്തു ഞങ്ങള്‍ അതുവരെ നടക്കാന്‍ തീരുമാനിച്ചു. ചെറിയ മകന്‍ അവന്‍റെ സൈക്ലിള്‍ എടുത്തിരുന്നു. അത്രയും ദൂരം അവന്‍ നടക്കില്ല എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. കൊച്ചു അരുവികളും, പാറകളും, മരങ്ങളും തിങ്ങി നില്‍ക്കുന്ന ഇടവഴിയിലൂടെ ഉള്ള നടത്തം ആസ്വാദ്യമായിരുന്നു.

തണുത്ത ഇളം കാറ്റും, പക്ഷികളുടെ കലപിലയുംകേട്ട് ഞങ്ങള്‍ പതുക്കെ നടന്നു നീങ്ങുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഞങ്ങളുടെ കൂടെ ഒരു സ്ത്രിയും കൂടി. വിജനമായ ഈ വഴിയില്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് പെട്ടെന്ന് അവരെ കണ്ടപ്പോള്‍ അത്ഭുതമായി. മിഡിയും ടോപ്പും അണിഞ്ഞ അവര്‍ ഞങ്ങളോടൊപ്പം വര്‍ത്തമാനം പറഞ്ഞു നീങ്ങി. ഒരു പരിചയക്കുറവും അവര്‍ കാണിച്ചില്ല. പരിചിതര്‍ പോലും കണ്ടാല്‍ മുഖം തിരിക്കുന്ന ഈ കാലത്തു ഇവര്‍ക്ക് ഞങ്ങളെ എങ്ങിനെയാണ് പരിചയം എന്ന ചോദ്യം ചോദിക്കാനാവാതെ നാവില്‍ ഉടക്കി നിന്നു. സംസാരത്തിന്റെ ഏതോ ഘട്ടത്തില്‍ അവര്‍ എന്നോട് പറഞ്ഞു, തനിച്ചു നടക്കാന്‍ പേടിച്ചു നില്‍ക്കുമ്പോഴാണ് നിങ്ങളെ കണ്ടതും, പിന്തുടരാന്‍ സുരക്ഷിതരാണെന്നും തോന്നിയതും കൊണ്ടാണ് നിങ്ങളുടെ പിറകെ നടന്നത് എന്ന് പറഞ്ഞപ്പോള്‍ ആശ്വാസമായി.

അവരെ കുറിച്ചവര്‍ പറഞ്ഞു തുടങ്ങി. ബള്‍ഗേറിയയില്‍ നിന്നു പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടിയേറിയവരാണ്. മക്കളൊക്കെ വലുതായി, ഇപ്പോള്‍ മകന്റെ കൂടെയാണ് താമസം. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവും വിട്ടു പിരിഞ്ഞു. അവര്‍ അവരുടെ നാടിനെ കുറിച്ചും, തുര്‍ക്കികളോട് കാണിച്ച വിവേചനവും അതിന്‍റെ കഷ്ടതകളും പങ്കിട്ടു.കുറെയായി അവര്‍ മനസ്സ് തുറന്നു ആരോടെങ്കിലും സംസാരിച്ചിട്ട് എന്ന് തോന്നി. ജീവതത്തിലെ ഒറ്റപ്പെടലില്‍ കൊട്ടിയടച്ച മനസ്സിന്‍റെ ജനാലകള്‍ അവര്‍ തുറക്കുകയായിരുന്നു.ഇന്ത്യയെ കുറിച്ചും അവര്‍ക്കറിയാനുണ്ടായിരുന്നു, സംശയങ്ങള്‍, സന്ദേഹങ്ങള്‍, ബോളിവുഡ് സിനിമകള്‍, പാട്ടുകള്‍, വസ്ത്രധാരണം അങ്ങിനെ പലതും.. ഉത്സവ പറമ്പില്‍ എത്തിയത് അറിഞ്ഞില്ല. പിരിയാന്‍ നേരത്താണ് ഞങ്ങള്‍ പേര് ചോദിച്ചത്. കെരിയ എന്നാണ് പേരെന്നും കണ്ട് മുട്ടേണ്ടിയിരുന്നവരാണ് നമ്മള്‍ എന്നും പറഞ്ഞവര്‍ നടന്നകലുമ്പോള്‍ നമ്മള്‍ വീണ്ടും കാണും എന്ന് അവരുടെ ചുണ്ടുകള്‍ മന്ത്രിച്ചുവോ?

ഇരുട്ട് വീണു തുടങ്ങിയ പുല്‍ പറമ്പില്‍ ആളുകളുടെ തിരക്ക് തുടങ്ങിയിരുന്നു. കുറച്ചു ഒഴിഞ്ഞ സ്ഥലത്ത് പായ വിരിച്ചു ഞങ്ങള്‍ ഇരുന്നു. ഇതിനകം എന്‍റെ മൂത്തമകനും കൂട്ടുകാരും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. ഐസ് ക്രീം കച്ചവടക്കാരും, പാട്ടും, യന്ത്ര ഊഞ്ഞാലും എല്ലാം ചേര്‍ന്നു മനസ്സില്‍ വീണ്ടും നാട്ടിലെ ഓര്‍മ്മകള്‍ തളിരിട്ടു. നീലാകാശത്ത് കണ്‍ ചിമ്മി കളിക്കുന്ന താരകങ്ങളെ നോക്കി ഞാന്‍ കിടക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞു നിന്നത് കേരിയയുടെ മുഖമാണ്. ചിലര്‍ ഇങ്ങനെയാണ് എവിടുന്ന് എന്നറിയാതെ നമ്മുടെ യാത്രയില്‍ കൂടെ കൂടി മറക്കാനാവാത്ത ചിത്രങ്ങള്‍ കോറി വരച്ചു നിശബ്ദം നടന്നു മറയുന്നു. ഇനി ഒരിക്കല്‍ കൂടി ആ വഴി നടന്നാല്‍ പറയാന്‍ ബാക്കി വെച്ചത് പറയാന്‍ കെരിയ വീണ്ടും എന്നോടൊപ്പം കൂടുമോ?

ചിന്തകളെ തട്ടി തെറുപ്പിച്ച് ആകാശത്ത് വര്‍ണരാജികള്‍ വിടര്‍ത്തി കരിമരുന്നു പ്രയോഗം തുടങ്ങി. മുപ്പതു മിനുട്ട് നീണ്ടു നിന്ന വെടിക്കെട്ട്‌ കണ്ട് ഞങ്ങള്‍ തിരിച്ചു പോരുമ്പോള്‍ മനസ്സില്‍ സന്തോഷം തുടിക്കൊട്ടുന്നത് ഞാന്‍ അറിഞ്ഞു. ഉത്സവ ദിനത്തിന്‍റെ ഓര്‍മകളുമായി ഉറങ്ങാന്‍ കിടന്നപ്പോഴും, അന്ന് കണ്ട് പിരിഞ്ഞ എല്ലാ മുഖങ്ങള്‍ക്കും മീതെ കെരിയയുടെ പുഞ്ചിരി തെളിഞ്ഞു നിന്നു..

11 comments:

  1. Congrats mubi .....
    title adhi gambeeram.
    ulsavavum....ulsavaparambukalum....athu evideyanaegilum swantham naadinte oormakalilekku ozhukiyethum. Athinte manohaaritha ottum chorathe pakarthiyathinu ….. aashamsakal.

    ReplyDelete
  2. Dear Mubi

    excellent stuff.. and really nice that u guys get the chance to have nostalgic moments being so far...

    and as usual, impressed with ur presentation skills,

    dont let ur fingers sit idle.. keep typing/writting

    god bless

    ReplyDelete
  3. കെരിയയുടെ ഏകാന്തതയും,ദു:ഖവും വായനക്കാരുടെത് കൂടിയാക്കി മാറ്റാൻ മുബിക്ക് കഴിഞ്ഞു. തീർച്ചയായും മുബിയുടെ എഴുത്തിന്റെ പ്രത്യേകതയാണത്.
    അഭിനന്ദനങ്ങൾ...

    ReplyDelete
  4. Good narration. Enjoyed reading...!!!

    - Omar Sherif

    ReplyDelete
  5. ഇനി ഒരിക്കല്‍ കൂടി ആ വഴി നടന്നാല്‍ പറയാന്‍ ബാക്കി വെച്ചത് പറയാന്‍ കെരിയ വീണ്ടും എന്നോടൊപ്പം കൂടുമോ?

    എല്ലാ യാത്രകളുമിതുപോലെ.
    ഹൃദ്യം., ഈയെഴുത്ത്

    ReplyDelete
  6. "A confluence of tributaries ....of Danube.. and Nila.."

    ReplyDelete
  7. മുബീ,ഇന്നാണ് തന്റെ ബ്ലോഗ്ഗില്‍ കയറിയത്.എന്റെയുള്ളിലും കെരിയ ഒരു ഗൃഹാതുരത്വമാവുന്നു ....മുബിയ്ക്ക്‌ ആശംസകള്‍......

    ReplyDelete
  8. സുന്ദരമായി എഴുതി...

    ReplyDelete