Sunday, September 4, 2011

കൂകിപ്പായും തീവണ്ടിയില്‍.....

പുകയൂതി, കരിതുപ്പി, കൂകി പായും കല്‍ക്കരി വണ്ടിയില്‍...


മിസ്സിസ്സാഗായിലെ ഞങ്ങളുടെ താമസ സ്ഥലത്ത് നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ടോട്ടന്‍ഹാം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് വെറുതെ ആയില്ല എന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി. കൂകിപ്പായുന്ന തീവണ്ടിയില്‍ ഒരിക്കല്‍ കൂടികയറാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. കരി പാറി വീണു കണ്ണുകള്‍ ചുമന്നു കലങ്ങിയ അവധിക്കാല ഒലവക്കോട്‌ യാത്രകളുടെ ഓര്‍മ്മകളിലേക്ക് വീണ്ടും...ടോട്ടെന്ഹാമിലെ സൗത്ത്‌ സിംകോ റെയില്‍വേയില്‍ ആണ് കല്‍ക്കരി വണ്ടി പ്രവര്‍ത്തിക്കുന്നത്. ഇന്നലെകള്‍, ഇന്നിന്‍റെ കൈകളില്‍ നാളേക്ക് വേണ്ടി ഭദ്രമാക്കപ്പെട്ട പോലെ. പ്രകൃതിരമണീയമായ ബീറ്റന്‍ ക്രീക്കിലൂടെ അമ്പതു മിനുട്ട് ദൈര്‍ഘ്യമുള്ള ചെറിയൊരു തീവണ്ടിയാത്ര. ബീറ്റനില്‍ വണ്ടി രണ്ട് മിനുട്ട് നിര്‍ത്തുമെങ്കിലും യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ പറ്റില്ല. അതായതു യാത്രയുടെ തുടക്കവും അവസാനവും ടോട്ടന്‍ഹാമില്‍ തന്നെ. 

തീവണ്ടിയാപ്പീസിനടുത്ത്  പഴയൊരു  വാഗണിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.  മ്യുസിയത്തില്‍ കൊടിമരവും, റാന്തലും, മണിയും, കല്‍ക്കരിയും, ട്രങ്കും, കരിവണ്ടിയുടെ മറ്റ് വസ്തുവകകളും നമുക്ക് തൊട്ടറിയാം,  ആസ്വദിക്കാം....  ആധുനിക ട്രെയിന്‍ യാത്രകള്‍ മാത്രം അറിഞ്ഞിട്ടുള്ള മക്കള്‍ വളരെ  അത്ഭുതത്തോടെ കൊടിമരവും, റാന്തലും, കല്‍ക്കരിയും നോക്കി കാണുന്നുണ്ടായിരുന്നു.

തീവണ്ടി മാത്രമല്ല, റെയില്‍വേ സ്റ്റേഷനും പരിസരവും  പഴമയുടെ മോടിയോടെ  നിലനിര്‍ത്തുന്നതിനു പിന്നില്‍ ആത്മാര്‍ത്ഥമായി  പരിശ്രമിക്കുന്ന ഒരു പറ്റം നല്ല മനസുകളുണ്ട്. ഇവിടെ ജോലിയെടുക്കുന്നവര്‍ ആരും തന്നെ ശമ്പളം പറ്റാത്ത തൊഴിലാളികലാണ് എന്നതാണ് ശ്രദ്ധേയം. കനേഡിയന്‍ റയില്‍വേയുടെ പരീക്ഷകള്‍ പാസായവരും, റെയില്‍വേയുടെ അതാത് മേഖലയില്‍ പരീശിലനം ലഭിച്ച വിദഗ്ധരുമാണിവര്‍. 

1883 ലെ എന്‍ജിനും, 1920ല്‍ ഉണ്ടാക്കിയ വാഗണുകളുമാണ് വാര്‍ദ്ധക്യത്തിന്‍റെ വല്ലായ്മകള്‍ ഒന്നുമില്ലാതെ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്. കൂകി പാഞ്ഞ്, കരിതുപ്പി, മണി മുഴക്കി തീവണ്ടി എത്തിയപ്പോള്‍ കയറാന്‍ കാലുകളെക്കാള്‍ മുന്‍പേ പാഞ്ഞത് മനസ്സായിരുന്നു. കല്‍ക്കരിയും വെള്ളവും നിറക്കാനായി വീണ്ടും കുറച്ചു സമയം. യൂണിഫോര്‍മിട്ട പണിക്കാര്‍ കല്‍ക്കരി കോരിയെടുത്ത് തീവണ്ടിയില്‍ നിറക്കുന്നതെല്ലാം കുട്ടികള്‍ക്ക് വിസ്മയ കാഴ്ചകളായിരുന്നു. വണ്ടിയില്‍ കയറാന്‍ ഏറെ തിടുക്കം പ്രായംചെന്ന യാത്രക്കാര്‍ക്കായിരുന്നു. വയറു നിറച്ചു കരിവണ്ടി റെഡിയായപ്പോള്‍ ആളുകള്‍ കയറി തുടങ്ങി. ബോഗിയില്‍ കയറി ടിക്കറ്റില്‍ രേഖപ്പെടുത്തിയ സീറ്റ്‌ നമ്പര്‍ നോക്കി ഞങ്ങള്‍ ഇരുന്നു. സീറ്റുകള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റെല്ലാം  പഴയത് പോലെ തന്നെ. 

എല്ലാവരും ഇരുന്നപ്പോള്‍ ഗൈഡ് എത്തി. പച്ചകൊടിക്ക് അകമ്പടിയായി സ്റ്റേഷന്‍ മാസ്റ്ററുടെ നീണ്ട വിസിലടി കേട്ടപ്പോള്‍  കരി വണ്ടി ചൂളം വിളിച്ചു നീങ്ങി തുടങ്ങി. ഗൈഡിന്റെ ചരിത്ര വിവരണം വളരെ ആകര്‍ഷകമായിരുന്നു. പണ്ടെങ്ങോ ഒരു കൊടും മഞ്ഞുകാലത്ത് പാളംതെറ്റി കാണാതെപോയ ഒരു തീവണ്ടി എന്‍ജിന്‍റെ പ്രേതം ഇപ്പോഴും ഈ ക്രീക്കിലുണ്ടെന്നും, രാത്രിയില്‍ അതിന്റെ ചൂളംവിളി പലരും കേട്ടിട്ടുണ്ടെന്നുമൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് രസകരമായി അയാള്‍ അവതരിപ്പിച്ചു. മണ്മറഞ്ഞ ആ തീവണ്ടിയുടെ ഹൃദയത്തിനു വേണ്ടി ഒരു നിമിഷം മൗനമായി ഇരിക്കാനും അയാള്‍ കുട്ടികളോട് ആവശ്യപ്പെട്ടു. കഥ കേട്ട് പ്രകൃതിയെ തലോടിക്കൊണ്ട് ചരിത്രമുറങ്ങുന്ന തീവണ്ടിയാത്ര കഴിഞ്ഞ് ടോട്ടന്‍ഹാമിലെത്തിയപ്പോള്‍ ജീവിതത്തിന്റെ ഏടില്‍ നിന്നും കൊഴിഞ്ഞു പോയ ഒരു കാലത്തെ തിരിച്ചു പിടിച്ച സന്തോഷമായിരുന്നെനിക്ക്.

ചരിത്ര പഠനത്തിന് മാത്രമായി നിലനിര്‍ത്തുന്ന ഈ സ്മാരകം വല്ലപ്പോഴും ജന്മദിന പാര്‍ട്ടികള്‍ക്കോ കല്യാണാഘോഷങ്ങള്‍ക്കോ വിട്ടുകൊടുക്കാറുണ്ടെങ്കിലും ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മാത്രമാണ് പതിവായി സര്‍വീസ്‌.സ്റ്റേഷനില്‍  അടുത്ത ട്രിപ്പിനുള്ള ആളുകള്‍ അക്ഷമരായി ഞങ്ങളിറങ്ങുന്നതും കാത്ത് നില്‍പ്പുണ്ടായിരുന്നു. ഓര്‍മകളുടെ മണിച്ചെപ്പ് തുറന്നു പൊയ്പ്പോയ കാലത്തിന്റെ മധുരം മക്കള്‍ക്ക്‌ നല്ക്കുമ്പോള്‍ എന്തെന്നില്ലാത്ത ആവേശമായിരുന്നു. അന്‍പതു മിനുട്ട് കൊണ്ട്  ജീവിതത്തില്‍ ഒരിക്കലും തിരിച്ച് കിട്ടാത്ത  കാലഘട്ടത്തിലേക്കുള്ള യാത്ര!

16 comments:

 1. പെട്ടെന്ന് തീര്‍ന്നതു പോലെ തോന്നി.
  ഇത്തിരി കൂടി എഴുതാമായിരുന്നില്ലേ.
  കരിവണ്ടിയിലെ യാത്രാനുഭവം.
  യാത്രക്കു മാത്രം സാധ്യമാവുന്ന
  സാധ്യതകള്‍. ഏതു സ്റ്റേഷനെന്ന വിവരവും കൂടി ഉണ്ടായിരുന്നെങ്കില്‍
  നന്നായി.

  പിന്നെ, ശിശിരത്തിലെ ഓക്കുമരം എന്ന കഥയുടെ ഇംഗ്ലീഷ്
  winter oak എന്ന് സെര്‍ച്ച് ചെയ്താല്‍ ലഭിക്കും.

  ReplyDelete
 2. Welldone Mubi.. wonderful to read this on this special day (Teachers day)..
  Keep writting and inspire students and friends with ur writtings and thoughts.
  Keep going. GOD BLESS

  ReplyDelete
 3. ഇത് പോലൊരു വണ്ടി ഞമ്മളെ വാനിയംബലത്തും ഉണ്ടായിരുന്നു പണ്ട്
  എഴുത്ത് അത്യുഗ്രം..ഇനിയും ഈ യാത്ര തുടരട്ടെ..

  ReplyDelete
 4. kanathathu palathum mubi parayumpol kanuunnu

  ReplyDelete
 5. അതെ..
  ഓര്‍മ്മകളിലേയ്ക്ക്‌ വീണ്ടും.....

  ആശംസകള്‍!!..നിറഞ്ഞ ഓണാശംസകള്‍
  ഹൃദയപൂര്‍വ്വം.

  ReplyDelete
 6. @ ഒരില വെറുതെ, വീഡിയോ അപ്‌ലോഡ്‌ ചെയ്യാനുള്ള ശ്രമത്തിനിടയ്ക്ക് പബ്ലിഷ് ആയി പോയതാ. വീണ്ടും എഡിറ്റ്‌ ചെയ്തു. ബുക്ക്‌ മാര്‍ക്ക്‌ ചെയ്തു വെച്ചിട്ടുണ്ട്. നന്ദി.

  @ജോയ്‌, ഖനനം, ആഷിക്‌, ബജുരി, നന്ദി.

  " എല്ലാവര്ക്കും ഓണാശംസകള്‍"

  ReplyDelete
 7. നല്ല കുറിപ്പ്, ആശംസകൾ

  ReplyDelete
 8. പാലക്കാട്ടു നിന്ന് പഴയ രാമേശ്വരം മീറ്റർ ഗേജിൽ കൽക്കരിവണ്ടിയിലുള്ള യാത്ര ഓർമ്മയിലെത്തി..ഒലവക്കോട് റെയിൽ വേ സ്റ്റേഷനിൽ ആവി തുപ്പിക്കൊണ്ടു നിൽക്കുന്ന പ്രൗഢമായ എഞ്ചിനുകളും..ഈ ഒരു ഫീലിങ്ങ് കിട്ടാൻ പിന്നെ ഡേൽഹിയിലെ റെയിൽ വേ മ്യൂസിയത്തിൽ കുറേ നേരം കറങ്ങിനടന്നതും ഓർമ്മയിൽ വന്നു..

  ReplyDelete
 9. വീഡിയോ എവിടെ?

  ReplyDelete
  Replies
  1. എങ്ങിനെയാണ് അതിന്റെ ലിങ്ക് ഇവിടെ കൊടുക്കേണ്ടത് എന്നറിയില്ല ഹസീന്‍...
   http://www.youtube.com/watch?v=zSylwOJqxM8

   Delete
 10. ദില്ലീലുമുണ്ട് ഒരു റെയില്‍ മ്യൂസിയം.... പഴയ പഴയ വണ്ടികള്‍ ...ഇങ്ങനെ കാണാം...
  നല്ലെഴുത്താണ് കേട്ടോ.

  ReplyDelete
 11. സ്കൂളിൽ പഠിക്കുന്ന കാലത്ത് നിലമ്പൂർ - ഷോർണൂർ റൂട്ടിൽ സഞ്ചരിച്ച പോലെ ...ആശംസകൾ

  ReplyDelete
 12. എന്റെ കുട്ടിക്കാലത്ത് ഒരുപാട് യാത്രകള്‍ നന്ടതിയിട്ടുന്ദ്‌ കല്‍ക്കരി വണ്ടികളില്‍. അന്നത്തെ ഓര്‍മ്മകളിലേക്ക് ഒരു എത്തിനോട്ടം.. വളരെ മനോഹരം മുബീ..

  ReplyDelete
 13. നന്നായി....നല്ല ഒരു യാത്ര കഴിഞ്ഞ പോലെ....

  ReplyDelete