Thursday, September 8, 2011

അധ്യാപക ജീവിതത്തില്‍ നിന്നൊരു ഏട്...

റിയാദിലെ എരിത്രിയന്‍ എംബസി സ്കൂളില്‍ അധ്യാപികയായി ജോലി നോക്കിയിരുന്ന സമയം. ചെറിയ മകനു വേണ്ടിയെടുത്ത പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പ്രൈമറി ക്ലാസ്സ്‌ ചോദിച്ചു വാങ്ങുകയായിരുന്നു. മൂന്നാം ക്ലാസ്സ്‌ ആണ് കിട്ടിയത്.  നിഷ്കളങ്കതയും കുസൃതിയും നിറഞ്ഞ 28 കുരുന്നുകളോടൊപ്പം ഒരു വര്‍ഷം... ഭാഷാ ക്ലാസ്സുകളില്‍ മാത്രം അവരുടെ അടുത്ത് ഞാന്‍ ഉണ്ടായിരുന്നില്ല. എന്തെങ്കിലും കുസൃതികള്‍ ഒപ്പിച്ചതിനു  ആര് ശിക്ഷിക്കാന്‍ വന്നാലും അവര്‍ ഒന്നടക്കം പറയും, വേണ്ടാ ഞങ്ങളുടെ ടീച്ചര്‍ വരട്ടെ എന്ന്. അവരെ ശിക്ഷിക്കാനുള്ള അധികാരം എനിക്കുമാത്രമേ ഉള്ളു എന്നതായിരുന്നു അവരുടെ വിശ്വാസം. എന്‍റെ കുഞ്ഞിനു മൂന്നു മാസം പ്രായം ആയതിനാല്‍ എനിക്ക് ഇടക്ക് ലീവ് എടുക്കേണ്ടിയും  വന്നിരുന്നു. അത് കൊണ്ട് തന്നെ പകരം ക്ലാസ്സില്‍ പോകുന്ന ടീച്ചര്‍മാര്‍ പറയുമായിരുന്നു, "മുബീന്‍ ലീവ് എടുത്താല്‍ കുഴയുന്നത് ഞങ്ങളാണ്. ആ ക്ലാസ്സ്‌ നിയന്ത്രിക്കാന്‍  വളരെ ബുദ്ധിമുട്ടാണ്."സ്കൂളില്‍ രണ്ടു സെമെസ്റ്റര്‍ പരീക്ഷകളാണ് ഒരു കൊല്ലത്തില്‍ നടക്കുക. ഫസ്റ്റ് സെമെസ്റ്റര്‍ പരീക്ഷ ചെറിയ ക്ലാസ്സിലെ കുട്ടികള്‍ക്ക് ആദ്യം കഴിഞ്ഞു. വലിയ ക്ലാസ്സിലെ കുട്ടികളുടെ പരീക്ഷ നടക്കുന്നതിനാല്‍ കൊച്ചു കുട്ടികള്‍ക്ക് നേരത്തെ വീട്ടില്‍ പോകാം. ഒരു ദിവസം മോന് സുഖമില്ലാത്തതിനാല്‍  ഡ്യൂട്ടി ടൈം തീരുന്നതിനു മുന്‍പേ ഞാന്‍ സ്കൂളില്‍ നിന്നിറങ്ങി. തലേദിവസം രാത്രി കുഞ്ഞിന്റെ അസുഖംമൂലം ശരിക്കുറങ്ങാന്‍ പറ്റാത്തതിനാല്‍ ഉച്ചക്ക് പതിവില്ലാതെ ഞാനും മക്കളോടൊപ്പം കിടന്നു.  ഉറങ്ങിപ്പോയത് അറിഞ്ഞില്ല . അഞ്ചുമണിക്ക് ഉണര്‍ന്നെങ്കിലും വീണ്ടും ടി. വിയും തുറന്നു വെച്ച് സോഫയില്‍ കിടന്നു. പാതിമയക്കത്തില്‍ വാര്‍ത്ത കാണുകയായിരുന്നു. പ്രധാന വാര്‍ത്തകളില്‍ ആബേല്‍ അച്ചന്‍റെ (കലാഭവന്‍,) മരണ വാര്‍ത്തയും ഉള്‍പ്പെടുത്തിയിരുന്നു. അപ്പോഴാണ്‌ മയക്കത്തില്‍ നിന്ന് എന്നെ ഉണര്‍ത്താന്‍ എന്ന വണ്ണം ടെലിഫോണ്‍ ശബ്ദിച്ചത്. ഉറക്കത്തിന്റെ ആലസ്യത്തില്‍ ശബ്ദം ക്ഷയിച്ച എന്‍റെ ഹലോക്ക് ഉത്തരം ലഭിച്ചത് ഇങ്ങിനെ " ഫാദര്‍ ആബേല്‍".

ഞെട്ടി തല തിരിച്ച് നോക്കിയപ്പോള്‍ ടിവിയില്‍ ചിരിച്ചു കൊണ്ട് കലാഭവനിലെ ആബേലച്ചന്‍റെ പടം. "ങേ....."  ഒന്നും പറയാതെ ഫോണ്‍ വെച്ചു.  അപ്പോഴാണ്‌ ഓഫീസ് വിട്ടു ഹുസൈന്‍റെ വരവ്. ഫോണും കൈയില്‍ പിടിച്ച് അമ്പരന്നു ഇരിക്കുന്ന എന്നെ കണ്ട് കുഞ്ഞിനു സുഖമില്ലേ  എന്ന ചോദ്യത്തിന് "ഈ അച്ചന്‍ എന്നെ എന്തിനാ വിളിച്ചത്?" യെന്ന മറുപടി കേട്ട് ഒന്നും മനസ്സിലാകാതെ കുറച്ചു സമയം എന്‍റെ മുഖത്തേക്ക്‌ നോക്കി നിന്നുപോയി ഹുസൈന്‍ . "ആര് വിളിച്ചു? പതിവിലാതെ ഉച്ചക്ക് ഉറങ്ങി അല്ലേ? നീ പോയി ചായ ഉണ്ടാക്ക്, നമുക്ക് ചായകുടിക്കാം." ഇനി അധികം സംസാരിച്ചു വീട്ടിലെ അന്തരീക്ഷം കലക്കി മറിക്കണ്ട എന്ന തീരുമാനത്തില്‍ ഞാന്‍ പതുക്കെ അടുക്കളയിലേക്കു വലിഞ്ഞു.ചായ ഉണ്ടാക്കുമ്പോഴും പിന്നീടും എന്‍റെ മനസ്സില്‍ ആ ഫോണ്‍ വിളി നിറഞ്ഞുനിന്നു. 

പിറ്റേന്ന് ക്ലാസ്സില്‍ എത്തിയപ്പോള്‍ ആബേല്‍ എന്ന കൊച്ചു കുസൃതിയുടെ വക, "ടീച്ചര്‍, എന്താ ഫോണ്‍ എടുത്തു ഒന്നും പറയാഞ്ഞത്. ഇന്നലെ എന്‍റെ ഫാദര്‍ ടീച്ചറെ വിളിച്ചിരുന്നു. ഞാന്‍ തോറ്റോ എന്നറിയാനാണ് ഫാദര്‍ വിളിച്ചത്. ഇംഗ്ലീഷ് കുറച്ചേ അറിയൂ"  അപ്പോഴാണ്‌ എനിക്ക് സംഗതി മനസ്സിലായത്‌. ക്ലാസ്സിലെ കുട്ടികള്‍ക്ക് ടെലിഫോണ്‍ നമ്പര്‍ ഞാന്‍ കൊടുക്കാറില്ല. പക്ഷെ പരീക്ഷയില്‍ മകന്‍ ജയിച്ചോ എന്നറിയാനാണ് സ്കൂള്‍ ഓഫീസില്‍ നിന്ന് നമ്പര്‍ വാങ്ങി ആബെലിന്റെ അച്ഛന്‍ എന്നെ വിളിച്ചത്. അന്ന് ഒഴിവു സമയത്ത് ഹുസൈനെ വിളിച്ചു നടന്ന കാര്യം പറഞ്ഞു. പിന്നീട് പലപ്പോഴും സ്റ്റാഫ്‌ റൂമില്‍ ചിരിക്കു വക നല്‍കിയിരുന്നു ഈ സംഭവം..

11 comments:

 1. രസകരമായി ആബേൽ സംഭവം!

  ReplyDelete
 2. നല്ല അനുഭവം, വളരെ നന്നായി പറഞ്ഞു

  ആശംസകൾ

  ReplyDelete
 3. ടീച്ചര്‍ നന്നായി ചിരിപ്പിച്ചു

  ReplyDelete
 4. അനുഭവം വളരെ നന്നായി പറഞ്ഞു ടീച്ചര്‍
  ആശംസകള്‍

  ReplyDelete
 5. കൊള്ളാം..നല്ല അനുഭവം.
  ആ കുട്ടി ജയിച്ചോ? അത് പറ..ഹിഹിഹിഹി
  ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..

  www.ettavattam.blogspot.com

  ReplyDelete
 6. എല്ലാവര്‍ക്കും നന്ദി..
  @ ഷൈജു, ആബേല്‍ ഇപ്പോള്‍ ഉപരിപഠനം നടത്തുന്നു. മിടുക്കനായിരുന്നു....

  ReplyDelete
 7. അതു ശരി...അങ്ങനെ...

  ReplyDelete