Friday, October 7, 2011

ബൊമ്മ കൊലു


അരിച്ചിറങ്ങുന്ന തണുപ്പില്‍ പുതച്ചു ഉറങ്ങിയ എന്‍റെ ഓര്‍മകള്‍ക്ക് ചൂട് പകര്‍ന്ന് ഈ വര്‍ഷത്തെ നവരാത്രി കടന്നു പോയി. ബൊമ്മ കൊലുവും, കടലയും, പൊരിയും, കരിമ്പും അത്രെയേറെ എനിക്ക് പ്രിയപ്പെട്ടവയായിരുന്നു. ഒന്നിച്ച് കളിച്ചു വളര്‍ന്ന എന്‍റെ കൂട്ടുക്കാരി ജയയെ (ശരിയായ പേരല്ല) പോലെതന്നെ. ഞങ്ങള്‍ക്കിടയില്‍ ഒന്നിന്‍റെയും മതില്‍ കെട്ടുകള്‍ ഉണ്ടായിരുന്നില്ല. വല്യുപ്പയിലും മുത്തശ്ശനിലും തുടങ്ങിയ ബന്ധം... പിതാക്കന്മാര്‍ ഉറ്റ സുഹൃത്തുക്കള്‍. പിന്നീട് ഞങ്ങള്‍ ഒരേ സ്കൂളില്‍, ഒരേ ക്ലാസ്സില്‍ പത്താം ക്ലാസ്സുവരെ, ചെന്നൈയില്‍ ഒരുമിച്ചു ഉപരിപഠനം. രണ്ട് വീടുകളിലും ആഘോഷങ്ങള്‍ ഒരു പോലെ. നവരാത്രിയും, പെരുന്നാളും, വിഷുവും, ഓണവും പരസ്പരം പങ്കിട്ടു. എന്തിനും അപ്പുറം ബന്ധങ്ങളില്‍ ആഴവും വിശുദ്ധിയും ഉണ്ടെന്നു കണ്ടും അനുഭവിച്ചും അറിഞ്ഞ നാളുകള്‍. ഈ അറിവുകളുടെ വെളിച്ചം നയിച്ച വഴികളിലൂടെ ഇന്നും പതറാതെ നടക്കുന്നു.

തളത്തില്‍ ചമ്രം പടിഞ്ഞിരിക്കുന്ന മുത്തശ്ശിയുടെ അടുത്തിരുന്നു കഥകള്‍ കേള്‍ക്കുന്ന രണ്ട് പാവാടക്കാരികള്‍! ഓര്‍മയില്‍ മങ്ങാതെ തെളിയുന്ന കാവി മെഴുകിയ നിലങ്ങളും ഇളം മഞ്ഞ നിറമുള്ള ചുമരുകളും. പൂജക്ക്‌ ജയയുടെ പുസ്തകങ്ങള്‍ക്കൊപ്പം എന്‍റെ പുസ്തകവും ജയ വെച്ചിരുന്നു. അതില്‍ ഒരു ഉപേക്ഷയും അവള്‍ വരുത്തിയില്ല. വൈകീട്ട് അമ്പലത്തില്‍ പോയി തിരിച്ചു വരുന്ന വഴിക്ക് വീട്ടില്‍ കയറി ഉമ്മ ഉണ്ടാകുന്ന എന്തെങ്കിലും പലഹാരം ജയ കഴിക്കാതെ പോകില്ല. നോമ്പിനു പ്രത്യേകിച്ചും. ഉമ്മ ഉണ്ടാക്കിവെക്കുന്ന തരികഞ്ഞിയും പത്തിരിയും ജയയുടെ ഇഷ്ട വിഭവങ്ങളാണ്. തികഞ്ഞ സസ്യഭുക്കായ അവള്‍ക്കായി ഉമ്മ പത്തിരിയില്‍ നെയ്യും പഞ്ചസാരയും ഇട്ടു കൊടുക്കും അല്ലെങ്കില്‍ പരിപ്പ് കറി. ജയയുടെ അമ്മ നല്ല ഫില്‍റ്റര്‍ കോഫി ഉണ്ടാക്കി തരും. ഉമ്മ സ്ഥിരം കാപ്പിയാണ് കുടിക്കുക. എന്നാലും ഞങ്ങള്‍ മക്കള്‍ക്ക്‌ കാപ്പി തരില്ല. എന്‍റെ ഇഷ്ട വിഭവങ്ങള്‍ പലതും ഉമ്മക്കൊപ്പം അമ്മയുടെ കൈകള്‍ കൊണ്ട് വിളമ്പിയതും ഉണ്ട്.

"ബൊമ്മ കൊലു വെച്ചോ മോളേ" എന്ന് ഉമ്മയും ഉപ്പയും ചോദിക്കുമ്പോ ആയിട്ടില്ല മുഴുവന്‍ വച്ചിട്ട് ഞാന്‍ പറയാട്ടോ എന്ന് ജയ പറയുമെങ്കിലും, ഞാന്‍ ഒന്ന് എത്തി നോക്കാന്‍ പോകും. കാപ്പിയാണ് ലക്ഷ്യമെങ്കിലും...വീട്ടില്‍ നിന്നു എല്ലാവരും ഒന്നിച്ചാണ് ബൊമ്മ കൊലു കാണാന്‍ പോവുക. തിരിച്ചു വരുമ്പോള്‍ അമ്മ തരുന്ന ഒരു സമ്മാനം ഉണ്ടാവും കൈയില്‍. നാളികേരം, വെറ്റില, ബ്ലൌസ് പീസ്‌, മധുര പലഹാരം, ഒരു രൂപയുടെ തുട്ട്. ചെറുപ്പം മുതല്‍ ഇതെനിക്ക് ശീലമാണ്. ഒരിക്കല്‍ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നു. ഒരു ദിവസം ഹുസൈനെയും കൂട്ടി വരണം എന്ന് അമ്മ വിളിച്ചു പറഞ്ഞു. അനുഷ്ഠാനങ്ങളെ കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞില്ല. അതുകൊണ്ട് തന്നെ ആ ദിവസം ഇന്നും നിറദീപം പോലെ ഹുസൈന്‍റെ മനസ്സില്‍ തെളിഞ്ഞു കത്തുന്നുണ്ട്. അതായിരുന്നു ഞങ്ങള്‍ ഒന്നിച്ച് കൂടിയ അവസാനത്തെ നവരാത്രി ആഘോഷം.

നാടും നാട്ടുക്കാരും ഒരുപാട് മാറിയിട്ടുണ്ട്. കാലമേറെ കഴിഞ്ഞു എന്നാലും മാറ്റങ്ങള്‍ ഏതുമില്ലാതെ കുറേ മുഖങ്ങള്‍ ഇന്നും മനസ്സില്‍.... വിധിയുടെ വിളയാട്ടത്തില്‍ അകന്നു പോയതാണ് ഞങ്ങള്‍. വാക്കുകള്‍ക്ക് അതീതമാണ് ഓരോ ബന്ധങ്ങളും. നഷ്ടങ്ങള്‍ ചെറുതായാലും വലുതായാലും വേദന ഒരു പോലെ തന്നെ. വീട്ടിലേക്ക് വിളിക്കുമ്പോള്‍ എപ്പോഴും ഉപ്പ ചോദിക്കുന്ന ചോദ്യം ഉണ്ട്, "മോളേ നീ എല്ലാവരെയും കുറിച്ച് പറയുന്നുണ്ട്, ജയയുടെ വിവരം ഒന്നും നീ അറിയാറില്ലേ? അവള്‍ക്കു സുഖമാണോ?നിങ്ങള്‍ പിരിയരുത്...." ഒരുപക്ഷേ ജീവിത യാത്രയുടെ പകുതിയില്‍ വെച്ച് വിധി അകറ്റിയ സുഹൃത്തിന്‍റെ ഓര്‍മ്മകള്‍ അലട്ടുന്നുണ്ടാകാം. ഞങ്ങളെ രണ്ടുപേരെയും ഒന്നിച്ച് കാണണം എന്നത് മോഹമായി അവരുടെ മനസ്സില്‍ അവശേഷിക്കുമ്പോള്‍, കാണും എന്ന പ്രതീക്ഷ മാത്രം എന്നില്‍ ബാക്കിയാവുമോ?

5 comments:

  1. Mubi..
    Well written as alwys. and Hats of to you for maintaining sincere friendship..

    And this has more significance especially when people fight based on caste and creed.

    and such childhood experience is alwys a treasure in life which everyone can cherish....

    ReplyDelete
  2. നല്ല പോസ്റ്റ്‌.

    ReplyDelete
  3. "Nashtangal cheruthayalum valuthayalum vedhana orupole thanne..."
    Manoharamaya oru ormakurip....

    ReplyDelete
  4. Iwas really touched by ur writing.first time iam reading ur blog.its really a gift from god .continue writing.happy to see that persons like u r still there in India.such persons are the real wealth of our country.

    ReplyDelete
  5. നവരാത്രി എന്‍റെ ബാല്യ കാല സ്മരണയാണ്... ഈ കുറിപ്പ് എന്നെ കുറെനാള്‍ പുറകോട്ട് കൊണ്ടു പോയി...

    ReplyDelete