Thursday, October 27, 2011

കിഞ്ചേര്‍ ബ്രാന്‍

ഒരു പേരില്‍ എന്തിരിക്കുന്നു? വിളികേട്ടാല്‍ പോരേ. എന്‍റെ പേര് തന്നെ എനിക്ക് അപരിചിതമാണ് ഇപ്പോള്‍. ചിലര്‍ക്ക് പാത്തു, സഖാവിനു പാറ്റ്സ്, കൂട്ടുകാര്‍ക്കു മുബി, കാനഡയില്‍ ഫാത്തിമ, അനിയത്തിക്ക് കുഞ്ചി... അങ്ങിനെ പോകുന്നു എന്‍റെ പേരിന്‍റെ വൈവിധ്യങ്ങള്‍.. എന്‍റെ കാര്യമല്ല ഇവിടെ പറയാന്‍ ഉദേശിച്ചത്‌. പറയാന്‍ വന്നത് മറ്റൊരു സംഭവമാണ്.

സൗദിയിലെ അബഹയിലാണ് എന്‍റെ പ്രവാസ ജീവിതം ആരംഭിച്ചത്. 1994 ലില്‍ ഞാന്‍ അബഹയില്‍ എത്തി. ഹുസൈന് അവിടെയായിരുന്നു ജോലി. ഫാമിലികള്‍ വളരെ വിരളമായിരുന്നു. കാരണം അവിടെ സ്കൂളുകള്‍ ഉണ്ടായിരുന്നില്ല. അധികവും ബാച്ചിലെര്‍സ്. ഹുസ്സൈന്‍റെ നാട്ടുകാര്‍ കുറേ പേരുണ്ടായിരുന്നു അവിടെ. വെള്ളിയാഴ്ച അവര്‍ ഒത്തു കൂടും. ഒരാഴ്ചത്തെ വിശേഷങ്ങള്‍, രാഷ്ട്രീയം, വീട്ടുകാര്യം എല്ലാം പരസ്പരം പങ്കുവെച്ചു ഭക്ഷണവും കഴിച്ചു പിരിയും.കുഞ്ഞുമണി, സുബ്രന്‍, വീരാന്‍, അലി, അങ്ങിനെ പലരും. എല്ലാവര്‍ക്കും ഉണ്ടാകും പറയാന്‍ ഓരോ കഥകള്‍.

അതിലൊന്നാണ് വീരാന്‍റെ ഡ്രൈവിംഗ് ലൈസന്‍സ്സിന്‍റെ കഥ... സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുക എന്നത് ഒരു ബാലി കേറാമലയായിരുന്ന കാലം. വീരാന്‍ ഡ്രൈവിംഗ് ടെസ്റ്റ്‌ കൊടുത്തു. ലൈസന്‍സിനായി മറ്റൊരു ദിവസം ചെല്ലാന്‍ മുദീര്‍ പറഞ്ഞതനുസരിച്ച് വീരാന്‍ ചെന്നു. ലൈസന്‍സ് വാങ്ങാന്‍ കുറേ പേരുണ്ട്. കാത്തു നില്‍ക്കുന്നവരുടെ പേരുകള്‍ വിളിച്ചു മുദീര്‍ ലൈസന്‍സ് കൊടുത്തു. "കിഞ്ചേര്‍ ബ്രാന്‍" ഈ പേര് പലവട്ടം വിളിച്ചിട്ടും ആരും പോകുന്നില്ല. ഏത് സായിപ്പാണ്‌ വിളിച്ചിട്ടും വിളി കേള്‍ക്കാത്തത് എന്ന് കരുതി വീരാനും നിന്നു. ഒടുവില്‍ എല്ലാവരും പോയി വീരാന്‍ തനിച്ചായി. മുദീര്‍ കൈയിലിരുന്ന ലൈസന്‍സും വീരാനെയും മാറി മാറി നോക്കി "അന്‍ത കിഞ്ചേര്‍ ബ്രാന്‍" (നീയാണ് കിഞ്ചേര്‍ ബ്രാന്‍) എന്ന് പറഞ്ഞു ലൈസന്‍സ് വീരാന്‍റെ കൈയില്‍ വെച്ചു കൊടുത്തു. അപ്പോഴാണ്‌ "കുഴിപ്പുറം വീരാന്‍" എന്ന പേര് സൗദി അധികൃതര്‍ "കിഞ്ചേര്‍ ബ്രാന്‍" ആയി മാറ്റിയ വിവരം പാവം വീരാന്‍ അറിയുന്നത്! അല്ലെങ്കില്‍ തന്നെ ഒരു പേരില്‍ എന്തിരിക്കുന്നു?

3 comments:

  1. ഗള്‍ഫില്‍ ഇത്തരം അനുഭവങ്ങള്‍ വളരെ സാധാരണമാണ്. ചിലപ്പോള്‍ വളരെ രസകരവും, ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയും.

    http://surumah.blogspot.com/

    ReplyDelete
  2. കിഞ്ചേര്‍ ബ്രാന്‍............."/, സൂപ്പര്‍ പേര് ഈ തലകെട്ട് കണ്ടു വായിച്ചു നോകിയതാ അടിപൊളി. ഈ സൗദി അധികൃതരുടെ ഇരയാണ് ഞാനും

    ReplyDelete