Monday, October 28, 2013

"ലബൈക്കല്ലാഹുമ്മ ലബൈക്ക്.........................."


ഒക്ടോബര്‍ ലക്കം യു.എസ്. മലയാളി മാഗസിന്‍ പ്രസിദ്ധീകരിച്ചത്

ഞാന്‍ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞതുമായ ഹജ്ജ്‌ തീര്‍ഥാടനത്തിലേക്കുള്ള വാതായനങ്ങൾ  വെല്ലിമ്മ (ഉപ്പാന്‍റെ ഉമ്മ)യാണ് എന്‍റെ മുന്നിൽ ആദ്യമായി തുറന്നിട്ടത്. ജീവിതയാത്രയുടെ അവസാനഘട്ടത്തില്‍ ഓര്‍മ്മകള്‍ പിടിതരാതെ ഒളിച്ചുകളിക്കുമ്പോഴും വെല്ലിമ്മാന്‍റെ മനസ്സില്‍ മാപ്പിള ലഹളയുടെയും, ഹജ്ജ്‌ യാത്രാനുഭവങ്ങളുടെയും ചിത്രങ്ങള്‍ നിറം മങ്ങാതെ ഉണ്ടായിരുന്നെന്ന് തോന്നിയിട്ടുണ്ട്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും അനുഭവ കഥകളിലൂടെ ചിന്തയും അറിവും വരും തലമുറയിലേക്ക്‌ പകര്‍ന്നു തന്നിട്ടാണ് ആ വെളിച്ചം അണഞ്ഞത്.

പണ്ട് നോമ്പിന്‍റെയും ചെറിയ പെരുന്നാളിന്റെയും ആരവങ്ങള്‍ തീരുന്നതോടെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായി. അറബ് മാസം ദുല്‍ഹജ്ജ് എട്ടു മുതല്‍ പതിമൂന്നുവരെയാണ് ഇസ്ലാമിലെ പ്രാധാന്യമര്‍ഹിക്കുന്ന അഞ്ചു കാര്യങ്ങളില്‍ അഞ്ചാമതായ ഹജ്ജ്‌ തീര്‍ഥാടനം. സൗദിയിലെ മക്കയിലും പരിസരപ്രദേശങ്ങളിലും വെച്ച് വിശ്വാസികള്‍ ഹജ്ജ്‌ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നു. "ലബൈക്കല്ലാഹുമ്മ ലബൈക്ക്.." എന്ന മന്ത്രധ്വനിയാല്‍ മക്കയും പരിസരവും മുഖരിതമാകുന്ന ആ നാളുകളെക്കുറിച്ച് ചെറുപ്പത്തില്‍ വെല്ലിമ്മയില്‍ നിന്ന് കേട്ട കഥകള്‍ മനസ്സില്‍ ഇത്രമേല്‍ പതിഞ്ഞിരുന്നുവെന്നു ബോധ്യമായത് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള എന്‍റെ ഹജ്ജ്‌ യാത്രാവേളയിലാണ്.

വെല്ലിപ്പാന്‍റെ മൂന്ന് ഹജ്ജ്‌ യാത്രകളില്‍ ആദ്യത്തേത് തനിച്ചായിരുന്നുവെങ്കിലും, പിന്നീട് രണ്ടു തവണയും കൂട്ടിനു വെല്ലിമ്മയും ഉണ്ടായിരുന്നു. യാത്രാസൗകര്യങ്ങൾ വളരെ കുറവായിരുന്ന  ആ കാലത്തെ ഹജ്ജ്‌ യാത്രകള്‍ ക്ലേശകരമായിരുന്നുവെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കപ്പലാണ് ഏക യാത്രാമാര്‍ഗം. ഇതുവരെ ഒരു കപ്പലിലും കയറാത്ത എനിക്ക് ആ യാത്രയുടെ സാഹസികത ഊഹിക്കാന്‍ പോലും കഴിയുന്നില്ല."പുറപ്പെട്ട് പോകുമ്പോ ഒര് ഉറപ്പൂല്യ തിരിച്ച് ഇബ്ടെക്ക് എത്തോന്നുഒക്കെ പടച്ചോനെ എല്പ്പിച്ചിട്ടല്ലേ പോണത്..." മക്കളോടും പേരകുട്ടികളോടുമായി വെല്ലിമ്മ പറയും. ബോംബയില്‍ നിന്നാണ് ഹജ്ജിനുള്ള കപ്പല്‍യാത്ര തുടങ്ങുന്നത്. ബോംബേ വരെ പോകുന്നത്, വയറ്റില്‍ തീ നിറച്ച്, കരി തുപ്പി പായുന്ന തീവണ്ടിയിലാണ്. ഞങ്ങളുടെ തറവാട്ടില്‍ നിന്ന് പട്ടാമ്പി തീവണ്ടിയാപ്പീസ് വരെ നടന്നു പോകും. സാധനങ്ങള്‍ നിറച്ച ഇരുമ്പുപെട്ടി ആരെങ്കിലും തലയിലേറ്റിയിട്ടുണ്ടാകും. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും റെയില്‍വേ സ്റ്റേഷനില്‍ വെച്ചും കൂട്ടബാങ്ക് കൊടുക്കുമായിരുന്നത്രേ. കപ്പല്‍ മാര്‍ഗമുള്ള ഹജ്ജ്‌ യാത്രയായതിനാല്‍ ആറുമാസം കഴിഞ്ഞല്ലേ തിരിച്ചെത്തൂ, അതുകൊണ്ട് അനുമതി കിട്ടി കഴിഞ്ഞാല്‍പ്പിന്നെ യാത്രക്കുള്ള ഒരുക്കങ്ങളായി. കയ്യാലയില്‍ നെല്ല് പുഴുങ്ങലും, കുത്തലും, ഇടിക്കലും പൊടിക്കലുമായി തിരക്കോടുതിരക്കാവും വെല്ലിമ്മാക്കും പണിക്കാര്‍ക്കും... അരിഗോതമ്പ്അവില്‍, പൊടിയരിപുളിഉണക്ക മീന്‍, കൊണ്ടാട്ടം, വെളിച്ചെണ്ണ, മണ്‍ചട്ടികള്‍, മരകയിലുകള്‍, പിഞ്ഞാണങ്ങള്‍, കോളാമ്പികിണ്ടിമണ്ണണ്ണ സ്റ്റവ്വ്വെല്ലിപ്പാന്‍റെ മരുന്നുകള്‍ എല്ലാം വലിയ ഇരുമ്പ് പെട്ടികളിലാക്കി കയറു കൊണ്ട് വരിഞ്ഞു കെട്ടി ഭദ്രമാക്കും. ഇതെല്ലാം വ്യക്തമായി ഉപ്പയും കുഞ്ഞമ്മായിയും ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

വെല്ലിപ്പ പട്ടാമ്പിയിലെ അറിയപ്പെടുന്ന വൈദ്യരായിരുന്നു. ജാതി വ്യവസ്ഥിതികള്‍ നിലനിന്നിരുന്ന കാലത്ത് ഒന്നിച്ചു സ്കൂളില്‍ പോകുന്നവര്‍ ക്ലാസ്സിലും വെല്ലിപ്പ പുറത്തും ഇരുന്നാണ് പഠിച്ചത് എന്ന് വെല്ലിമ്മയില്‍നിന്നുള്ള കേട്ടറിവാണ്. ഹജ്ജിന് പോകുമ്പോള്‍ വെല്ലിമ്മാക്ക് മാത്രമല്ല കുടെയുള്ളവര്‍ക്ക് അസുഖം വന്നാലും വെല്ലിപ്പ തന്‍റെ കൈവശമുള്ള മരുന്നുകള്‍ കൊടുത്ത് സുഖപ്പെടുത്തുമായിരുന്നുവെന്നും,അങ്ങിനെയാണ് വെല്ലിപ്പ നാനാദിക്കിലും അറിയപ്പെടുന്ന ആളായത് എന്നാണു “ന്‍റെ കുഞ്ഞാമ്മായി” പറഞ്ഞു തന്നത്. കടല്‍ചൊരുക്ക്‌ മൂലം വെല്ലിമ്മാക്ക് പനിയും ഛര്‍ദ്ദിയും ഉണ്ടാകുമെന്നും, പെരുത്ത കടലാനകളെ (തിമിംഗലങ്ങള്‍) കാണുന്നതും, കപ്പലിനടിയില്‍ അവയുണ്ടാക്കുന്ന ഇളക്കങ്ങള്‍ പേടിപ്പെടുത്തുമെന്നും വെല്ലിമ്മ പറയുമ്പോള്‍ ഇനി ആകാശത്തിലൂടെ പറക്കുന്ന വിമാനത്തില്‍ ഹജ്ജിനു കൊണ്ടുപോകാം എന്ന് പറഞ്ഞു എളാപ്പ സമാധാനപ്പെടുത്തിയിരുന്നു. പക്ഷെ കാലം അതിനു കാത്തുനിന്നില്ല...

ക്ഷീരബലവുംരാസ്നാദിയുംധന്വന്തരവും മണക്കുന്ന അറയിലെ കട്ടിലില്‍ മഗരിബ് നിസ്ക്കാരം കഴിഞ്ഞ് വെല്ലിമ്മ ദിക്ക്റുകള്‍ ചെല്ലിയിരിക്കുമ്പോഴാണ് കഥ കേള്‍ക്കാന്‍ ചെല്ലുന്നത്. ആ സമയത്തെ ആളെ ഒഴിഞ്ഞു കിട്ടു. പകലൊക്കെ സൂപ്പര്‍ തിരക്കാണ്. അപ്പോള്‍ കഥക്ക് പകരം വീട്ടിലുള്ളവര്‍ക്കും, പണിക്കാര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രം കേള്‍ക്കാം. ഹോസ്റ്റലില്‍ നിന്ന് അവധിക്ക് വരുന്ന ഞാന്‍ വെല്ലിമ്മാടെ അടുത്തിരുന്നു ഹജ്ജ്‌ കഥകള്‍ കേള്‍ക്കുമ്പോള്‍ സ്ഥിരംമായി ചോദിക്കുന്ന ചോദ്യമുണ്ട്, "വെല്ലിമ്മാക്ക് കുറെ ദിവസം കഴിഞ്ഞാല്‍ വീട്ടിലേക്കു പോരാന്‍ പൂതിയാവൂലേ.. കാതിലെ ചിറ്റിളക്കിതലയിലെ തട്ടമൊന്ന് നേരെയിട്ട് മെലിഞ്ഞു നീണ്ട കാലുകള്‍ തടവി വെല്ലിമ്മ പറയും, "ഇബാദത്തില് നമ്മള് എല്ലാം മറക്കും..."വെല്ലിമ്മ പറഞ്ഞതിന്‍റെ പൊരുളറിയാന്‍ കാലമേറെ കഴിയേണ്ടിവന്നുവെനിക്ക്.

വെല്ലിപ്പ ആദ്യത്തെ ഹജ്ജു കഴിഞ്ഞെത്തിയ ഉടനെ പോലീസുകാര്‍ വീട്ടില്‍ വന്ന കഥയാണ് ഹജ്ജ്‌ കഥകളില്‍ ഞാന്‍ ഏറെ കേട്ടിട്ടുള്ളത്. വൈദ്യര്‍ ഹജ്ജിനു പോകുന്നത് സ്വര്‍ണ്ണം കൊണ്ടുവരാന്‍ ആണെന്ന വിവരം കിട്ടിയിട്ട് വന്നതാണെന്ന് പോലീസുകാര്‍ പറഞ്ഞപ്പോള്‍ വെല്ലിപ്പ വീട് പരിശോധിക്കുവാന്‍ അനുവാദം കൊടുത്തുവെത്രേ. തിരഞ്ഞു തിരഞ്ഞു ഒന്നും കിട്ടാതെ അവര്‍ മടങ്ങി പോയിയെന്നും പറഞ്ഞു വെല്ലിമ്മ ചിരിക്കും. മക്കത്തെ കാരക്കയും സംസംവെള്ളവും പിന്നെ  ഒരു ടേപ്പ്‌ റെക്കോര്‍ഡറുമാണ് ആദ്യ വരവിന് വെല്ലിമ്മ കൊണ്ടുവന്നത്.  അതില്‍ വെല്ലിമ്മാന്‍റെ മൂത്ത സഹോദരി ബീക്കുട്ടി മൂത്തമ്മ “താലിപ്പാട്ട്” പാടി കുട്ടികളെ കേള്‍പ്പിച്ചതും, പാട്ട് കേള്‍ക്കാന്‍ കുട്ടികള്‍ അതിനു ചുറ്റും കൂടിയിരുന്നതായും കുഞ്ഞമ്മായിയുടെ ഓര്‍മ്മയിലുണ്ട്. കാലങ്ങളുടെ ഓര്‍മ്മകള്‍ ഉള്ളില്‍ ഒതുക്കി തുരുമ്പിച്ച ആ ഇരുമ്പ്പെട്ടി മാത്രം തറവാട്ടിലെവിടെയോ ഉണ്ടാവണം.

2006 ല്‍ എന്‍റെ മാതാപിതാക്കളുടെ കൂടെ ഹജ്ജ്‌ ചെയ്യാനുള്ള ഭാഗ്യമെനിക്കുണ്ടായി. നാട്ടില്‍ നിന്ന് അവരെത്തിയ സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പിനോടൊപ്പം ഞങ്ങളും ചേരുകയായിരുന്നു. മക്കളെ റിയാദിലെ  കുടുംബസുഹൃത്തിനെ ഏല്‍പ്പിച്ചാണ് വന്നത്. സൂപ്പര്‍മാര്‍ക്കറ്റിലെ ഷെല്‍ഫില്‍ നിന്ന് പാക്ക് ചെയ്ത കുറച്ചു ഭക്ഷണ സാധനങ്ങളും, രണ്ടു പര്‍ദ്ദയുംകിടക്ക വിരിപ്പുംനമസ്കാരത്തിനുള്ള പായയും കുത്തി നിറച്ച ഒരു ന്യൂ ജനറേഷന്‍ ബാഗുമായി ജോലി കഴിഞ്ഞു റിയാദില്‍ നിന്നും നേരെ ജിദ്ദ വഴി മിനായിലേക്ക് പുറപ്പെടുകയായിരുന്നു.

ഗ്രൂപ്പിന്‍റെ മീനായിലെ ടെന്റില്‍ ഉമ്മയെ കൂടാതെ വേറെയും നാലഞ്ചു ഉമ്മമാരുണ്ടായിരുന്നു. എല്ലാവരെയും പരിചരിച്ചുംഅവരുടെ കൂടെ പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെട്ടും കഴിഞ്ഞ ദിവസങ്ങള്‍ ഇന്നലെയെന്നോണം ഓര്‍ക്കുന്നു. ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങളില്‍ ഒന്നായ അറഫാ ദിനത്തിന് തലേന്ന് നാട്ടില്‍ നിന്നെത്തിയ മറ്റു ബന്ധുക്കളെ അന്വേഷിച്ചിറങ്ങി. രണ്ടു കഷണം വെള്ള തുണിയുടെ ഇഹ്റാം വസ്ത്രത്തില്‍ ഒഴുകുന്ന ജനസമുദ്രത്തെ കണ്ടു ഞാന്‍ പകച്ചു. കേട്ടറിഞ്ഞ തിക്കും തിരക്കുംദുരന്തങ്ങളും മനസ്സില്‍ മിന്നിമറഞ്ഞതിനാലാവണം പാതി വഴിക്ക് വെച്ചുതന്നെ ഞാന്‍ ടെന്റിലേക്ക് മടങ്ങി.

മുന്നൂറിലധികം പേരുടെ ജീവനപഹരിച്ച തൊണ്ണൂറ്റിയേഴിലെ തീപിടുത്തത്തിന്‍റെ പൊള്ളുന്ന ഓര്‍മ്മകള്‍ അപ്പോഴും മറക്കാറായിട്ടുണ്ടായിരുന്നില്ല. “ടെന്റുകള്‍ക്ക് തീപിടിച്ചു, മക്കത്തേക്ക് ആരെയും കടത്തിവിടുന്നില്ല, നിങ്ങള്‍ ഉടനെ പുറപ്പെടുക” എന്നുമാത്രമേ ജിദ്ദയില്‍ നിന്ന് ബന്ധുക്കള്‍ വിളിച്ചറിയിച്ചത്. അന്ന് ഹജ്ജിനെത്തിയ ഹുസൈന്‍റെ മാതാപിതാക്കളുടെ വിവരങ്ങളറിയാതെ കുഞ്ഞിനെയും കൊണ്ട്   പുറപ്പെടുമ്പോള്‍, രാത്രിയില്‍ ഹൈവേയിലെ അപകടങ്ങളെക്കുറിച്ചല്ല എത്രയും പെട്ടെന്ന് ആയിരം കിലോമീറ്റര്‍ താണ്ടി ജിദ്ദയില്‍ എത്തുക എന്നത് മാത്രമായിരുന്നു മനസ്സില്‍.  എന്നെയും മകനെയും ബന്ധുവീട്ടിലാക്കി പാതിരാത്രി ഹുസൈനും മറ്റുള്ളവരും മക്കയിലേക്ക് രണ്ടും കല്‍പ്പിച്ചു  പോകുമ്പോള്‍ മനസ്സില്‍ പ്രാര്‍ത്ഥനകള്‍ മാത്രമായിരുന്നു. കാറ്റില്‍ തീ ആളി പടരുന്നത് കണ്ട് ഓടിയ ഉപ്പയും ഉമ്മയും കൂട്ടം തെറ്റി പോയെന്നും, രക്ഷപ്പെടാനായി ഉമ്മ ഓടി ഒരു കുന്നിനു മുകളിലൂടെ അപ്പുറത്തേക്ക് ഊര്‍ന്നു ഇറങ്ങിയത് ഒരു ഒട്ടക തൊഴുത്തിലേക്കായിരുന്നുവെത്രേ. രണ്ടുപേരെയും രണ്ടു സ്ഥലത്ത് നിന്ന് തിരഞ്ഞു പിടിച്ചു ജിദ്ദയില്‍ ഡോക്ടറായിരുന്ന അമ്മാവന്‍റെ അടുക്കല്‍ എത്തിച്ചപ്പോഴാണ് ആശ്വാസമായത്. നിലവിളിക്കുന്നവരെ കണ്ണു തുറന്നു നോക്കാന്‍ പോലും ആവാത്ത വിധം കറുത്ത പുക കണ്ണുകളെ മറച്ചിരുന്നുവെന്നു കാലില്‍ ചെറുതായി പൊള്ളലേറ്റ ഉപ്പ പറഞ്ഞു. ഈ ദുരന്തത്തിന് ശേഷം ഫയര്‍ പ്രൂഫ്‌ ടെന്റുകള്‍ പ്രാബല്യത്തില്‍ വരികയുംടെന്റുകളില്‍ ഭക്ഷണം പാകം ചെയ്യുന്നത് നിരോധിക്കുകയും ചെയ്തു കൊണ്ട് സൗദി സര്‍ക്കാര്‍ ഹജ്ജ്‌ നിയമങ്ങള്‍ കര്‍ക്കശമാക്കി.

ഞങ്ങള്‍ക്ക്‌ മിനായില്‍ നിന്ന് ഹജ്ജിന്റെ പ്രധാന കര്‍മ്മമായ അറഫാ മൈതാനിയിലേക്കുള്ള യാത്രയും തിരിച്ചു മുസ്ദലിഫയിലെ രാപ്പാര്‍ക്കലും ആയാസരഹിതമായിരുന്നു. ആസ്ത്മയുടെ ബുദ്ധിമുട്ടുള്ളതിനാല്‍ ഉമ്മയെ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരുന്നു. അതുകൊണ്ട് ഹുസൈന്‍ എന്‍റെയും ഉമ്മയുടെയും കൂടെ തന്നെ നിന്നു.  സാത്താന്റെ സ്തൂപങ്ങളില്‍ എറിയാനുള്ള കല്ലുകളുമായി ഞങ്ങള്‍ പതിയെ മീനായിലേക്ക് നടന്നു. മീനായില്‍ ഞങ്ങള്‍ എത്തുമ്പോഴേക്കും ജംറാത്ത് പാലത്തിനടിയിലെ അനധികൃത തീര്‍ഥാടകരുടെ ലഗേജുകള്‍ തടഞ്ഞ് വീണ് തിക്കിലും തിരക്കിലുംപെട്ട് മുന്നൂറു പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. അധികാരികള്‍ക്ക് നിയന്ത്രിക്കാന്‍ ആവാത്തവിധം  കല്ലെറിയാന്‍ ഹാജിമാര്‍ കൂട്ടത്തോടെ വന്നതും, മാര്‍ഗത്തടസ്സമായി ലഗേജുകള്‍ പാലത്തിനടിയില്‍ ഉണ്ടായതും അപകടത്തിന് ആക്കംകൂട്ടി. ചിതറികിടക്കുന്ന ചെരുപ്പുകളും, ബെല്‍റ്റുകളും, ചീറിപായുന്ന ആംബുലന്‍സുകള്‍ക്കുമിടയില്‍ നിന്ന് ഞങ്ങള്‍ക്ക് മുന്നോട്ട് പോകേണ്ടിയിരുന്നു. ഇടയ്ക്കെപ്പോഴോ ഞങ്ങളും കല്ലെറിഞ്ഞു. അതിനുശേഷം നേരെ തവാഫിനായി മക്കത്തെക്ക് പോയി. ഹറമിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് ഞങ്ങള്‍ തവാഫ്(കഅബാ പ്രദക്ഷിണം) ചെയ്തത്. തിരക്കില്‍പ്പെട്ട് ഞാന്‍ തനിച്ചായി. ഓരോ തിരക്കില്‍പ്പെടുമ്പോഴും ഇതില്‍ നിന്ന് ജീവനോടെ പുറത്തു കടക്കില്ലെന്നാണ് തോന്നുക. എല്ലാം കഴിഞ്ഞു തിരിച്ച് മീനായിലേക്ക് മടങ്ങുമ്പോള്‍ ജംറാത്ത്‌ പാലത്തിനു സമീപത്ത് വെച്ച് സുനാമി പോലെ ആളുകളുടെ തിരക്കിയുള്ള വരവ് സന്ദര്‍ഭോചിതമായി മറ്റു തീര്‍ഥാടകരും പോലീസും നിയന്ത്രിച്ചതിനാല്‍ മറ്റൊരു വന്‍അപകടം ഒഴിവായി. അറഫയില്‍വെച്ച് ഉമ്മാനെ ഞങ്ങളെ ഏല്‍പ്പിച്ച് ഉപ്പ ഗ്രൂപ്പിലുള്ളവരുടെ കൂടെ പോയതു കൊണ്ട് ഉപ്പാന്‍റെ വിവരങ്ങളൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. രാത്രി ടെന്റിലെത്തി ഉപ്പാനെ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഞങ്ങള്‍ വരുമ്പോള്‍ കണ്ട തിരക്കിലേക്ക് ഉപ്പ കല്ലെറിയാനായി പോയിരിക്കുന്നുയെന്ന്. എന്തായാലും തിരക്കിലൊന്നും പെടാതെ ആള് തിരിച്ചെത്തിയതിനു ശേഷമാണ് ഉമ്മയോട് കാര്യം പറഞ്ഞത്.

മനുഷ്യജീവനും മരണവും ഞാണിന്മേല്‍ കളി നടത്തുന്നത് കണ്ട് നിസ്സഹായരായി നില്‍ക്കുന്ന മുഖങ്ങളെയും, താളംതെറ്റിയ മനസ്സുകളെയും പിന്നിലാക്കി, പ്രാര്‍ത്ഥനാനിര്‍ഭരമായ നാലഞ്ചു ദിനങ്ങളെ എന്നേക്കുമായി മനസ്സില്‍ ചേര്‍ത്തു വെച്ച് ഹജ്ജിന്റെ അവസാന കര്‍മ്മങ്ങളും തീര്‍ത്തു ഞങ്ങള്‍ റിയാദിലേക്ക് മടങ്ങി. പത്തുപതിനഞ്ചു ദിവസത്തിനുള്ളില്‍ ഉമ്മയും ഉപ്പയും നാട്ടിലേക്കും തിരിച്ചു പോയി. വെല്ലിമ്മ ഹജ്ജിനു പോകുമ്പോള്‍ ഒരു വയസ് പ്രായമായിരുന്ന എന്‍റെ ചെറിയ എളാപ്പ ഈ വര്‍ഷത്തെ ഹജ്ജിനു പോകാന്‍ തയ്യാറെടുക്കുകയാണ്. കൂട്ടിനു കുഞ്ഞമ്മായിയും ഉണ്ട്. ഇവര്‍ക്കൊപ്പം പ്രാര്‍ത്ഥനകളോടെ മനസ്സ് കൊണ്ട് ഞങ്ങള്‍ മക്കളും. വീണ്ടും തറവാട്ടില്‍ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി.  



ലബൈക്കല്ലാഹുമ്മ ലബൈക്ക്.........................."

61 comments:

  1. mubee v it is very interesting ,I need to go through it one more time

    ReplyDelete
  2. മുബീ .. പഴയകാല ഹജ്ജു വിവരണം ഉഷാറായി.. എന്തൊരു യാത്ര ആയിരിക്കും അതല്ലേ..ഏതായാലും നല്ല വിവരണം.. :)

    ReplyDelete
    Replies
    1. ഫിറോസ്‌, നമുക്ക് കേട്ട് പരിചയമെങ്കിലും ഉണ്ട്. ഇനി വരും തലമുറക്ക് അതും ഇല്ലല്ലോ... സന്തോഷം വായിച്ചതില്‍

      Delete
  3. വളരെ ഹൃദ്യമായ അവതരണം. എല്ലാം കണ്മുന്നില്‍ കാണുന്ന പ്രതീതി.വാക്കുകള്‍ ചിത്രങ്ങളായി മനസ്സിലേക്ക് കയറിവരുന്നു. ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം ഇക്കാ... ഈ നല്ല വാക്കുകള്‍ക്ക്

      Delete
  4. Replies
    1. തിരക്കിനിടയിലും ഇവിടെ വന്നൂലോ, നന്ദി ഇത്താ

      Delete
  5. ക്ഷീരബലവും, രാസ്നാദിയും, ധന്വന്തരവും മണക്കുന്ന അറയിലെ കട്ടിലില്‍ മഗരിബ് നിസ്ക്കാരം കഴിഞ്ഞ് വെല്ലിമ്മ ദിക്ക്റുകള്‍ ചെല്ലിയിരിക്കുമ്പോഴാണ് കഥ കേള്‍ക്കാന്‍ ചെല്ലുന്നത്....... - അതിമനോഹരമായ വാങ്മയം.....ഈ വരികൾ പ്രത്യേകം ശ്രദ്ധിച്ചുപോയി.....

    കഠിനമായ തീർത്ഥാടനവഴികൾ മനുഷ്യനെ ആത്മീയമായ വലിയ ഉണർവ്വിലേക്ക് ഉയർത്തുന്നു. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് മാറുമ്പോൾ നവീനമായ നിരവധി സൗകര്യങ്ങൾ തീർത്ഥാടനത്തെ ആയാസരഹിതമാക്കി മാറ്റുന്നു. കരിവണ്ടിയിൽ കയറി വിദൂരനഗരത്തിലെത്തി ദിവസങ്ങളോളം കടൽയാത്ര ഹജ്ജ് കർമ്മം നിർവ്വഹിച്ച പഴയ തലമുറയിലെ ആളുകൾ അതിനായി സഹിച്ച ത്യാഗങ്ങളും കഷ്ടപ്പാടുകളും, വീടിനടുത്തുള്ള എയർപ്പോർട്ടിൽ നിന്നും ചുരുങ്ങിയ മണിക്കൂർ കൊണ്ട് ആകാശമാർഗം ലക്ഷ്യസ്ഥാനത്തെത്തുന്ന ആളുകളും നടത്തിയ തീർത്ഥയാത്രയും തമ്മിൽ താരതമ്യം ചെയ്യാൻ പോലും പറ്റില്ല....

    മനുഷ്യസ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഉദാത്തമായ സംസ്കാരം പ്രചരിപ്പിക്കുന്നതാവട്ടെ തീർത്ഥയാത്രകൾ .... എനിക്ക് അറിയാത്ത വഴികളിലൂടെ കൂട്ടിക്കൊണ്ടുപോയതിന് നന്ദി....

    ReplyDelete
    Replies
    1. മാഷേ, സൂക്ഷ്മമായ ഈ വായനയും കുറിപ്പും ഒത്തിരി സന്തോഷം തരുന്നു മനസ്സിന്.... :)
      നന്ദി

      Delete
  6. നന്നായിരിക്കുന്നു വിവരണം.
    അറിയാത്ത കുറെയേറെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.
    ആശംസകള്‍

    ReplyDelete
    Replies
    1. മുടങ്ങാതെ നല്‍കുന്ന ഈ പ്രോത്സാഹനത്തിനു പ്രണാമം.....

      Delete
  7. ഓര്‍മ്മകള്‍ക്കെന്ത് തിളക്കം!

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ...

      Delete
  8. വളരെ നല്ല വിവരണം , വായിക്കാൻ വീണ്ടും വരാം

    ReplyDelete
  9. പഴയ കാലത്തേ ഹജ്ജ് യാത്ര വിവരണം നന്നായിരുന്നു ..ഇപ്പോൾ നമുക്ക് ചിന്തിക്കാൻ ആവാത്ത അത്ര കഷ്ടപ്പാടുകൾ സഹിച്ച് കര്മ്മം നിറവേറ്റിയ പഴയ തലമുറ ..

    ReplyDelete
  10. brought back lot of memories....
    thanks for the rewind.
    keep posting.....😊

    ReplyDelete
  11. കച്ചവടവല്‍ക്കരിക്കപ്പെട്ട, ഒരു ടൂര്‍ എന്നതില്‍ കവിഞ്ഞ മാനങ്ങള്‍
    നഷ്ടപ്പെട്ട ഇക്കാലത്തെ കേരളീയരുടെ ഹജ്ജ് യാത്രക്ക് ഇതൊരു വഴികാട്ടിയാവട്ടെ......

    ആശംസകള്‍

    ReplyDelete
    Replies
    1. ശരിയാണ്....
      വായനക്കും കുറിച്ച വരികള്‍ക്കും നന്ദി..

      Delete
  12. നന്നായി എഴുതി മുബീ ഹജ്ജും ഹജ്ജിനു പോരുന്ന പോരിഷയും എല്ലാം

    ReplyDelete
  13. നാന്നായി ഇത്ത..വായിക്കാനും ചിന്തിക്കാനും.....!!!

    ReplyDelete
    Replies
    1. ശ്യാം വായിച്ചൂലോ, സന്തോഷായിട്ടോ..

      Delete
  14. പോസ്റ്റ് നന്നായി.വല്യുമ്മയെ കണ്‍മുന്നില്‍ കണ്ട പോലെ..

    ReplyDelete
  15. മുബീ , എന്ത് ഭംഗിയായ് ഓര്‍മകളേ
    അടുക്കി വച്ചിരിക്കുന്നു , ഒരൊ മുക്കും മൂലയും
    വരെ പൊടി തട്ടിയെടുത്ത് പറഞ്ഞിരിക്കുന്നു ..
    അറഫാ സംഗമം , ജംറാത്ത് പാലം , കല്ലെറിയല്‍ ചടങ്ങ്
    ഇതൊക്കെ പലവട്ടം ടിവിയിലും , മറ്റ് വാര്‍ത്ത മാധ്യമങ്ങളിലൂടെയും
    ഉള്ള കേട്ടറിവും കണ്ടറിവുമേ എനിക്കുള്ളു ..
    പക്ഷേ വരികള്‍ മക്കയിലേക്ക് മനസ്സിനേ നയിച്ചു
    അതിലുപരി , നന്മയുടെ വിശുദ്ധ ഹജ്ജിന്റെ
    പഴമയുടെ പുണ്യങ്ങള്‍ വിവരിച്ചത് ചേതൊഹരമായിരിക്കുന്നു .
    കപ്പല്‍ യാത്രയും , അതിന്റെ തീവ്രതയും ,
    വല്യുമ്മയുടെ ചിത്രം മനസ്സിലേക്ക് പടര്‍ന്നു , പഴമയുടെ ഗന്ധവും .
    ഇത്ര ഭംഗിയായ് അതിനേ വ്യക്തമായി പകര്‍ത്താനാകുന്നത്
    മുബിയുടെ കുട്ടികള്‍ക്കും , കൂറ്റെ ഞങ്ങള്‍ക്കും ഗുണകരം തന്നെ ..
    ആത്മാര്‍ത്ഥമായി തന്നെ പറയട്ടെ , വളരെ ഇഷ്ടപെട്ടൊരു പൊസ്റ്റ് മുബീ ഇത്

    ReplyDelete
    Replies
    1. മനസ്സറിഞ്ഞ് റിനി എഴുതിയതിന് നന്ദി പറയുന്നില്ല... സ്നേഹം, സന്തോഷം..

      Delete
  16. Really fascinating description of all the events - seemed like a movie playing in front. With technology even the Gods have come closer to humans, but the humans do not make any effort to come closer to the God. All the best

    ReplyDelete
  17. തീർത്ഥാടന മഹാത്മ്യത്തോടൊപ്പം
    പല പുത്തൻ അറിവുകളും സമ്മാനിച്ച എഴുത്ത്...

    ReplyDelete
  18. ഹജ്ജ് വിവരണം നന്നായി... ഓർമ്മകളിൽ നിന്നും ചാലിച്ചെടുത്ത നല്ല ഒരു വിഭവമാണീ പോസ്റ്റ്

    ആശംസകൾ

    ReplyDelete
  19. ഈ വാക്കുകള്‍ ഏറെ പ്രിയം...:)

    ReplyDelete
  20. സാങ്കേതികവിദ്യയുടെ പുരോഗമനം രാജ്യങ്ങൾ തമ്മിലുള്ള അകലം എത്രയോ കുറച്ചു.. പഴയകാല ഹജ്ജ് യാത്രാ സ്മരണാവിവരണം ഒരു സിനിമ കാണുന്നതുപോലെ ആസ്വദിച്ചു.. മനോഹരമായിരിയ്ക്കുന്നു ഈ അവതരണം. സത്യസന്ധമായ അനുഭവകുറിപ്പുകൾക്ക് നന്ദി.. ആശംസകൾ!

    ReplyDelete
    Replies
    1. ഞാന്‍ കേട്ടത് മക്കള്‍ക്ക്‌ പറഞ്ഞു കൊടുത്തതാണ്, അത് പിന്നെ കുറിച്ചിട്ടു... നല്ല വാക്കുകള്‍ക്ക് സന്തോഷം :)

      Delete
  21. പുതിയ ഒരു ലോകത്തെത്തിയ പോലെയായിരുന്നു മുബി.. ഓരോ അക്ഷരവും വായിച്ചു മനസ്സിലാക്കിയത്. നല്ല കുറിപ്പ്. അഭിനന്ദനങ്ങള്‍.

    ReplyDelete
  22. ആദ്യ കാലത്തെ ഹജ്ജിനെ കുറിച്ച് എന്‍റെ ഉപ്പ തന്നിരുന്ന അതെ ചിത്രം തന്നെയാണ് ഇവിടെയും പങ്കു വെച്ചത് , കപ്പലില്‍ കയറി ഉപ്പ പോയതും നടുക്കടലില്‍ ദിവസങ്ങളോളം കഴിഞ്ഞതുമൊക്കെ ഉപ്പയുടെ ഡയറിയില്‍ വായിച്ചിരുന്നു, ഇന്നു അപകടങ്ങള്‍ക്ക് പഴിയടച്ച സൌകര്യങ്ങലാണ് ഭരണാധികാരികള്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത് ,വായനയില്‍ ഇഷ്ടമായ നല്ല പോസ്റ്റ്‌ .

    ReplyDelete
    Replies
    1. അതെ ഓരോ വര്‍ഷം കഴിയുന്തോറും മാറ്റങ്ങള്‍ ഏറെയാണ്.
      ഓര്‍മ്മകള്‍ പങ്കുവെച്ചതിന് നന്ദി ഫൈസല്‍...

      Delete
  23. നല്ലൊരു വായന ഒരുക്കിയ കൂട്ടുകാരിക്ക്‌ സ്നേഹം...
    ഈ ദിവസത്തിന്റെ തുടക്കം ദാ..ഈ വായനയിൽ തുടങ്ങുകയായി..നന്ദി

    ReplyDelete
    Replies
    1. തുടക്കം പിഴച്ചില്യാലോ... സന്തോഷംട്ടോ

      Delete
  24. ഓര്‍മകള്‍ക്ക് ഒരു പ്രത്യേക വശ്യതയാണ് - പ്രിയപ്പെട്ടവരെക്കുറിച്ചാകുമ്പോള്‍ പ്രത്യേകിച്ചും. വല്യുമ്മയുടെ ചിത്രം മനസ്സില്‍ കൃത്യമായി വരച്ചുകാട്ടുന്നു. ഹജ്ജ് തീര്‍ഥാടനത്തെക്കുറിച്ച് ചില പുത്തന്‍ അറിവുകളും കിട്ടി... നന്ദി മുബി - ഒരു പുണ്യ കര്‍മത്തിന്റെ നന്മ ഞങ്ങള്‍ക്കും പകര്‍ന്നു തന്നതിന്!

    ReplyDelete
    Replies
    1. നിഷ, എഴുതിയാലും പറഞ്ഞാലും തീരില്യാ... ഉള്ളിന്റെയുള്ളില്‍ അത്രെയേറെയുണ്ട് വെല്ലിമ്മ.

      Delete
  25. ഹജ്ജ് യാത്രാവിവരണം വളരെ നന്നായി. അവിടത്തെ തിരക്ക് എനിക്ക് നേരിട്ടറിയാം. മക്ക ചെക്പോസ്റ്റിനോട് ചേർന്ന് ഞാനുമുണ്ടായിരുന്നു കുറേക്കാലം.
    ആശംസകൾ...

    ReplyDelete
  26. Aw, this was a really good post. Spending some time and actual effort to generate a great article… but
    what can I say… I hesitate a lot and don't manage
    to get nearly anything done.

    Here is my blog post ... fire training academy

    ReplyDelete
  27. മുബിയുടെ ഓര്‍മ്മകള്‍ നേരത്തെ മലയാളിയില്‍ വായിച്ചു സന്തോഷിച്ചു :). ഇത് വായിച്ചപ്പോള്‍ ഞാനും ഓര്‍ത്തത് അതാണ് -പണ്ടത്തെ കാലത്ത് എത്ര കഷ്ടപ്പെട്ടാ ആളുകള്‍ ഓരോ കാര്യങ്ങള്‍ ചെയ്തിരുന്നത് - ഇന്ന് നമുക്ക് എവിടെ പോകാനും എത്ര സൌകര്യങ്ങള്‍. വല്യുമ്മാടെ ചിത്രം പോലും കിട്ടി മുബിയുടെ വരികളിലൂടെ :). അപ്പൊ ഇനി നമുക്ക് അടുത്ത ഓര്‍മ്മയില്‍ കാണാം... സ്നേഹം, ആര്‍ഷ

    ReplyDelete
    Replies
    1. ഇന്‍ഷാ അല്ലാഹ്.. :)

      Delete
  28. വായിക്കാൻ വൈകിയല്ലോ .....

    ReplyDelete
  29. ഹജ്ജിനു പോകുന്നതുമായി അറിയാത്ത ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.
    പണ്ട് കാശിക്കു പോകുന്നതും ഇനി തിരിച്ചു വരില്ല എന്ന മട്ടില്‍ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.

    ReplyDelete
  30. മുബി..

    വായന വൈകി. ഹജ്ജ്‌ എന്ന ദൈവീക കര്‍മ്മത്തെ ഏറ്റം തന്മയത്വത്തോടെ പകര്‍ത്തി മുബി ഇവിടെ വായനക്ക് നല്‍കിയിരിക്കുന്നു. ഓര്‍മ്മകള്‍ അതെ പടി വരച്ചിടുമ്പോള്‍ ഉടലെടുക്കുന്ന ആ പ്രത്യേക ഹൃദ്യത വരികളില്‍ ആദ്യന്ത്യം അനുഭവിക്കാന്‍ കഴിഞ്ഞു.

    നല്ല വിവരണം . ആശംസകള്‍

    ReplyDelete
    Replies
    1. വൈകിയെങ്കിലും വായിച്ചൂലോ... അത് തന്നെ സന്തോഷം :)

      Delete
  31. ഈ യാത്രാവിവരണത്തിലൂടെ കുറെ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പഴയ കാലത്തെ ആയാത്രയും , ഇന്നത്തെ യാത്രയും തമ്മിലുള്ള അന്തരം അതാണല്ലോ ഈ എഴുത്തിൽ മികവുറ്റു നിൽക്കുന്നത്. ആശംസകൾ

    ReplyDelete