Sunday, November 24, 2013

കര്‍ഷകശ്രീമതി

പട്ടാമ്പി പഴയ ബസ്സ്സ്റ്റാന്‍ഡിനടുത്തുള്ള ഒരു വീട്ടിലായിരുന്നു എന്‍റെ കുട്ടികാലത്ത് ഞങ്ങള്‍ താമസിച്ചിരുന്നത്. വീടിന്റെ ഇടത് ഭാഗത്ത് എല്‍.പി സ്കൂള്‍, വലത് ഭാഗത്ത് ബസ്സ്സ്റ്റാന്റ്‌, പിന്നില്‍ റെയില്‍വേ സ്റ്റേഷന്‍, മുന്നിലുള്ള റോഡ്‌ മുറിച്ചു കടന്നാല്‍ കാണുന്ന കടകള്‍ക്ക് പിന്നിലായി നിളയും. അവിടെ അന്ന് ഞങ്ങളുടെ അയല്‍വാസിയായിരുന്നു പട്ടാമ്പി കോളേജിലെ മലയാളം വിഭാഗം അധ്യാപകനായിരുന്ന പ്രൊഫസര്‍ വി.പി. ശിവകുമാര്‍ .  എല്‍. പി സ്കൂളില്‍ ഞാന്‍ പഠിച്ചിട്ടില്ലെങ്കിലും അവിടുത്തെ ക്ലാസ്സുകളും ടീച്ചര്‍മാരുടെ സ്വരവും എനിക്ക് പരിചിതമായിരുന്നു. ഞങ്ങളുടെ വീട്ടില്‍ കിളികള്‍ക്ക് കൂട് കൂട്ടാന്‍ മരങ്ങളോ, സ്കൂളിലെ കുട്ടികള്‍ക്ക് കല്ലെറിയാന്‍ പാകത്തില്‍ മാവോ ഒന്നും ഉണ്ടായിരുന്നില്ല. ആകെ അവിടെയുണ്ടായിരുന്നത് വേപ്പും, മുരിങ്ങയും, ഓമക്കായയും, കറിവേപ്പിലയും, പിന്നെ തുളസിത്തറയിലെ തുളസിയും മാത്രമാണ്. 

തറവാടും മൂത്തമ്മാന്‍റെ വീടും ഞങ്ങളുടെ വീട്ടില്‍ നിന്ന് പത്തു പതിനഞ്ചു മിനുട്ട് നടന്നെത്താവുന്ന ദൂരത്തിലാണ്. വെല്ലിപ്പ വൈദ്യശാലയിലേക്ക് നടന്നു വരുന്നത് അവ്യക്തമായ ഒരു ഓര്‍മ്മയായി മനസ്സില്‍ ഉണ്ട്. മൂത്താപ്പ രാത്രിയില്‍ കട അടച്ചിട്ട് ഞങ്ങളുടെ അടുത്ത് വരും. കയ്യില്‍ ചന്തുട്ടിയുടെ കടയില്‍ നിന്ന് വാങ്ങിയ ബിസ്ക്കറ്റ് പൊതിയും ഉണ്ടാകും. ആ ബിസ്ക്കറ്റ് വേറെ എവിടെയും കിട്ടുന്നതായി എനിക്കറിയില്ല. ചന്തുട്ടിടെ ബിസ്ക്കറ്റ് എന്നുതന്നെയാണ് അത് ഇന്നും അറിയപ്പെടുന്നത്. പനിച്ചു കിടന്നാല്‍ പൊടിയരിക്കഞ്ഞിയോ, കട്ടന്‍ ചായയില്‍ മുക്കി ചന്തുട്ടിയുടെ ബിസ്ക്കറ്റോ കഴിക്കാം. വൈദ്യരായ മൂത്താപ്പാക്കും, ഡോക്ടറായ ഉപ്പാക്കും അസുഖം വരുമ്പോള്‍ ചന്തുട്ടിയുടെ ബിസ്ക്കറ്റ് കഴിക്കുന്നതിനോട് വിരോധല്യാ. സ്കൂള്‍ ഒഴിവു ദിവസങ്ങളില്‍ ഞങ്ങള്‍ മൂത്തമ്മാന്റെ വീട്ടിലേക്ക് കളിക്കാന്‍ പോകും. നടന്നു പോകാവുന്ന ദൂരമേയുള്ളൂ. അവിടെ പോകുന്നത് ഒരു ഹരമാണ്. സമപ്രായക്കാരായ കൂട്ടരുമൊത്ത് തെങ്ങും കവുങ്ങും നിറഞ്ഞ പറമ്പിലൂടെ ഓടി കളിക്കാം. മരത്തില്‍ കയറി പേരക്ക പറിക്കാം, ഊഞ്ഞാലാടാം, പുഴയിലിറങ്ങാം... 

മൂത്തമ്മാന്റെ വീടിന്റെ പുറകുവശത്ത് ഒരു ഗോവണിയുണ്ട്. മുകളിലെ ടെറസ്സിലേക്ക് അത് വഴി കയറി പോകാം. അതിനടുത്തായി ഒരു ചെറിയ ഗേറ്റുമുണ്ടായിരുന്നു. അയല്‍വാസികള്‍ വെള്ളം കോരാനും, പുഴയില്‍ കുളിക്കാന്‍ വരുന്നവരും, പണിക്കാരും, പിന്നെ കുട്ടി പട്ടാളങ്ങളുടെയും സ്ഥിരം റൂട്ട് അതാണ്‌. അടുക്കളയിലെ ജനലഴികള്‍ക്കിടയിലൂടെ നോക്കിയാല്‍  മൂത്തമ്മാക്ക് ഇതെല്ലാം കാണാം. പുറത്തെ ആ ഗോവണിയുടെ ചുവട്ടിലെ മൂലക്ക് കുറച്ചു സ്ഥലത്ത് ഗേറ്റിനരികിലായി ഇഷ്ടിക കൊണ്ട് തടം വെച്ച് പനിനീര്‍ ചെടികള്‍ നട്ടു വളര്‍ത്തിയിട്ടുണ്ട്. നിറയെ ചുവന്ന പനിനീര്‍പ്പൂവുകള്‍ ഉണ്ടാവും. പൂക്കളും, കുഞ്ഞു മൊട്ടുകളും, മഞ്ഞ നിറത്തില്‍ പാറി നടക്കുന്ന കുഞ്ഞു പൂമ്പാറ്റകളും... കാണാന്‍ തന്നെ നല്ല ശേലാണ്. ഞാന്‍ കളിക്കാന്‍ പോകുന്നതേ ഇത് കാണാന്‍ ആണ്. എത്ര കളിയില്‍ മുഴുകിയാലും എന്‍റെ മനസ്സ് പോരുന്നതുവരെ ഈ പൂക്കളിലായിരിക്കും.

കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ വീട് വെച്ച് ഞങ്ങള്‍ താമസം മാറി. പുതിയ വീട് മൂത്തമ്മാടെ വീടിനും ഞങ്ങളുടെ തറവാടിനും അടുത്ത് തന്നെയാണ്. വീടിനു ചുറ്റും സ്ഥലമുണ്ട്. ഇഷ്ടം പോലെ ചെടികള്‍ വെക്കാം. തെങ്ങും, കവുങ്ങും, മാവും, പ്ലാവും, പേരക്കയും, സപ്പോര്‍ട്ടയും, മുരിങ്ങയും അങ്ങിനെ പലതും പറമ്പില്‍ തല പൊക്കാന്‍ തുടങ്ങിയതോടൊപ്പം പൂക്കളുള്ള ചെടികളും ഉമ്മ നട്ടു പിടിപ്പിച്ചു. സ്വപ്നങ്ങള്‍ക്ക് അന്നും ഇന്നും പഞ്ഞമൊന്നും ഇല്ലെന്നിരിക്കെ, ഞാന്‍ പനിനീര്‍പ്പൂവുകളെ സ്വപ്നം കാണാന്‍ തുടങ്ങി. അവ തൊടിയില്‍ അങ്ങിനെ വിടര്‍ന്നുനില്‍ക്കുന്ന കാഴ്ച ദിവസത്തില്‍ പലപ്രാവശ്യം ഞാന്‍ സ്വപ്നം കണ്ടു...അത് മാത്രമോ, റോസാപ്പൂ തലയില്‍ ചൂടി സ്കൂളില്‍ പോകുന്നതും, അത് കണ്ടു കൂട്ടുകാരികള്‍ അസൂയയോടെ നോക്കുന്നതുവരെ എന്‍റെ സ്വപ്നത്തിലെ സ്ഥിരം കാഴ്ചയായിരുന്നു... ഈ സ്വപ്നക്കാഴ്ചകള്‍ ഞാന്‍ ഉമ്മാനോടും മൂത്തമ്മാനോടും പറഞ്ഞു. ഇതാണോ ഇത്ര വലിയ സ്വപ്നം എന്നമട്ടായിരുന്നെങ്കിലും, മൂത്തമ്മ റോസാച്ചെടിയുടെ കമ്പ് കുത്തിയിടാന്‍ കൊടുത്തയച്ചു. ഉമ്മ അത് ശ്രദ്ധാപൂര്‍വ്വം നട്ടു. ഞാന്‍ കാത്തിരുന്നു... ഇലയില്ല, പൂവില്ല, പൂമ്പാറ്റയില്ല... ഇന്നു വരും നാളെ വരും എന്ന് ഉമ്മ.. പക്ഷെ ഒന്നുമില്ല, എന്‍റെ സ്വപ്നം മാത്രം മടികൂടാതെ ദിവസവും എന്നെത്തേടിയെത്തി.

ഒരു രക്ഷയുമില്ല. മൂത്തമ്മ ചെടിയുടെ കമ്പ് മുറിച്ചു ക്ഷീണിച്ചു. അവിടെ പറമ്പിലെ പണിക്ക് നില്‍ക്കുന്ന രാജന്‍ അതുമായി ഞങ്ങളുടെ വീട്ടിലേക്കു നടന്നു ക്ഷീണിച്ചു. ഉണങ്ങി നില്‍ക്കുന്ന റോസാ ചെടി കമ്പ് പോലെ എന്‍റെ കൊച്ചു സ്വപ്നവും വാടി. സ്കൂള്‍ ബസ്സായ ബാബുമോനില്‍ പോകുമ്പോള്‍ രണ്ടു നേരം തല പുറത്തിട്ടു മൂത്തമ്മാന്റെ വീട്ടിലെ ചുവന്ന പൂക്കളെ നോക്കി ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. ഒരു ദിവസം വെല്ല്യാക്ക (മൂത്തമ്മാന്‍റെ മകന്‍) വീട്ടില്‍ വന്നു. പുള്ളി  കോളേജവധിക്ക് വന്നതാണ്. സ്കൂള്‍ വിട്ടു വന്ന ഞാന്‍ വെല്ല്യാക്കാനെ കണ്ടതും എന്‍റെ പരാതിപെട്ടി തുറന്നു. കുറച്ചൊന്നും അല്ലല്ലോ, ഇഷ്ടം പോലെയുണ്ട് താനും. റോസാച്ചെടിയുടെ കാര്യം എത്തിയപ്പോള്‍ ഉമ്മയും ഒപ്പം കൂടി.  "അതെ മോനെ, എത്ര പ്രാവശ്യാ ഇത് കുത്തിയിടാ, സ്ഥലം മാറി മാറി നോക്കി.. ഇനിയിപ്പോ മണ്ണിനു വെല്ല കേടും ഉണ്ടാവുംല്ലേ.. പക്ഷെ മറ്റേ ചെടികള്‍ക്ക് ഒന്നും ഒരു കുഴപ്പവും ഇല്ലല്ലോ, പിന്നെയെന്താണാവോ?" പട്ടാമ്പി കൃഷിഭവനിലെക്ക് മണ്ണ് പരിശോധിക്കാന്‍ കൊടുത്തയക്കേണ്ടി വരുമോ എന്നുവരെയായി.എന്‍റെ സ്വപ്നം കാര്യമായി പരിഗണിക്കപ്പെട്ടല്ലോ എന്ന സന്തോഷത്തില്‍ ഞാനും...

"അങ്ങിനെ വിട്ടാല്‍ ശരിയാവില്ലല്ലോ, ഇപ്രാവശ്യം നമുക്ക് നോക്കണം, ഒരു ചട്ടിയില്‍ നോട്ടം കിട്ടുന്ന ഭാഗത്ത് വെക്കാം..." വെല്ല്യാക്ക ഉമ്മാക്ക് പോംവഴി പറഞ്ഞു കൊടുത്തിട്ട് തിരിച്ചു പോയി. പിറ്റേന്ന് രാവിലെ തന്നെ രാജന്‍ റോസാ കമ്പുമായ് ഹാജരായി. വീണ്ടും തുടങ്ങുകയായി.. ഇപ്രാവശ്യം തൊടിയില്‍ നിന്ന് മാറ്റി, ചെടിച്ചട്ടിയിലായി പരീക്ഷണം. ആ ചട്ടി ഉമ്മാന്‍റെ മുറിയുടെ ജനലിനു കീഴെ വെച്ചു. ഉമ്മാടെ തുന്നല്‍ മെഷീന്‍ ഇട്ടിട്ടുള്ളതും ആ ജനലിനടുത്താണ്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഒരു വൈകുന്നേരം ഉമ്മ തുന്നി കൊണ്ടിരിക്കുമ്പോള്‍ ജനലിന്‍റെ താഴെ എന്തോ ശബ്ദം കേട്ട് നോക്കിയപ്പോഴുണ്ട് അവിടെ കഥയിലെ നായിക രാജിമോളും (അനിയത്തി) അവളുടെ ശിങ്കിടി പൂച്ചയും "ന്‍റെ സ്വപ്നമായ ആ ചെടിച്ചട്ടി"യുടെ മണ്ണിളക്കുന്നു.  "നിനക്കെന്താ ഇവിടെ പണി" എന്ന് ഉമ്മ ചോദിച്ചതും ചക്കി വാലും പൊക്കി രാജിയെ ഒറ്റക്കാക്കി ഓടി. "ഉമ്മാ, അതേയ് ഈ റോസാ ചെടിക്ക് വേര് വന്നോ എന്ന് നോക്കാന്‍ വന്നതാ..." ഒരു കയ്യില്‍ റോസാചെടിയുടെ കമ്പും മറ്റേ കയ്യില്‍ കുറച്ചു മണ്ണും വാരി നിവര്‍ന്നുനിന്നു കൊണ്ട് അവള്‍ യാതൊരു കൂസലുമില്ലാതെ പറഞ്ഞു. ഞാന്‍ ഒന്നും അറിഞ്ഞില്ലേയെന്ന മട്ടില്‍ ചക്കി ദൂരെ മാറിയിരുന്നു കൈ നക്കാന്‍ തുടങ്ങിയിരുന്നു.

അന്ന് വീട്ടില്‍ വെല്ല്യാക്കയും വന്നിരുന്നു. കയ്യിലെ മണ്ണ്‍ നിലത്തിട്ട്‌ ബാക്കിയുള്ളത് ഉടുപ്പിലും തുടച്ച് രാജിമോള്‍ അകത്തേക്ക് കയറി. പഠിക്കാന്‍ പുത്തകം നിവര്‍ത്തിയിരുന്ന ഞാന്‍ അതെല്ലാം മടക്കി വെച്ചു എത്തി. "അതെങ്ങിനെയാണ് രാജിമോളെ നീ വേരു വന്നോയെന്നു നോക്കിയത്? " വെല്ല്യാക്ക പോലീസായി.  "ഇക്കാക്ക രാവിലെ ഞാന്‍ സ്കൂളില്‍ പോകുമ്പോ ആ ചെടി മണ്ണില്‍ നിന്ന്  എടുത്തു നോക്കും, എന്നിട്ട് വീണ്ടും അവിടെ വെക്കും. വൈകുന്നേരവും നോക്കും. ന്‍റെ ടീച്ചര്‍ പറഞ്ഞിട്ടുണ്ട് ചെടിക്ക് വേര് വരുംന്ന്‍, അതാ ഞാന്‍ നോക്ക്യെത്. ദിവസോം നോക്കണണ്ട് ഇതുവരെ വന്നിട്ടില്ല...." അവളുടെ മറുപടി കേട്ട് ഞാന്‍ ഞെട്ടി, ഒപ്പം ന്‍റെ സ്വപ്നവും! രാവിലെയും വൈകീട്ടും മണ്ണിളക്കി വേര് വരുന്നതും നോക്കി തിരികെ വെക്കുമ്പോള്‍ പിന്നെയെങ്ങിനെ റോസാ ചെടിയുണ്ടാകും? മണ്ണിനും, വളമിടലിനും ചെടി നടുന്നതിലും അല്ലായിരുന്നു കുഴപ്പം... എല്ലാം ആ വേര് വരുന്നത് നോക്കിയതിലാണ്. "ദിവസവും നോക്കിയാ വേര് വരൂല, ഇനി ഒരു മാസം കഴിയാതെ ആ ചെടിയുടെ അടുത്തൂടെ പോകരുത്ട്ടോ" എന്നും പറഞ്ഞു വെല്ല്യാക്ക അവളെ വിലക്കി. 


കൃഷിയിലെ ഈ ബാലപാഠം കൈമുതലാക്കി രാജിമോള്‍ ലണ്ടനിലെ അവളുടെ വീട്ടിലെ പരിമിതമായ  സ്ഥലത്ത് പച്ചക്കറികള്‍ ഉണ്ടാക്കി. അവളെ സഹായിക്കാന്‍ അയല്‍വാസിയായ  ഫിലിപ്പെയ്നി ചെക്കനും കൂടി. ചോളം, ബീന്‍സ്‌, മുളക്, തക്കാളി, വെണ്ട, കറിവേപ്പില, പിന്നെ കുറെ പൂക്കളും. 

ഓരോ ദിവസവും ഞങ്ങള്‍ അവളുടെ പുതിയ പുതിയ കൃഷിപാഠങ്ങള്‍ കേട്ടു. എന്നാല്‍ അതിലൊന്നും ആ പഴയ വേര് നോക്കല്‍ പാഠം ഉണ്ടായിരുന്നില്ല... ഒരുമാസം മുന്‍പ് ഞെട്ടിക്കുന്ന ഒരു വര്‍ത്തമാനവുമായി എന്‍റെ വാട്ട്‌സ് ആപ്പിലെ ചുവന്ന വെളിച്ചം മിന്നി. ലണ്ടന്‍ കേരള കോണ്‍ഗ്രസ്‌ അവളെ "കര്‍ഷകശ്രീമതി " അവാര്‍ഡിന് പരിഗണിച്ചിരിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത! സന്തോഷവും അതിനെക്കാളേറെ അഭിമാനവും തോന്നിയ നിമിഷങ്ങള്‍... എവിടെയെന്നാലും മണ്ണിനെ അറിയാന്‍ എന്‍റെ അനുജത്തി പഠിച്ചിരിക്കുന്നു. ആഴ്ന്നിറങ്ങുന്ന വേരുകള്‍ ഈടുറ്റതും ആരോഗ്യവുമുള്ളതും ആയിരിക്കും എന്ന അറിവും പ്രകൃതി അവള്‍ക്ക് നല്‍കിയിരിക്കണം. ഇന്നലെയായിരുന്നു അവാര്‍ഡ്‌ദാന ചടങ്ങ്. അങ്ങിനെ ചെടിക്ക് വേര് വന്നോ എന്ന് നോക്കി നോക്കി ഞങ്ങളുടെ കുടുംബത്തിലും ഒരു കര്‍ഷകശ്രീമതി അംഗീകാരം എത്തിയിരിക്കുന്നു...









62 comments:

  1. കര്‍ഷക ശ്രീമതിക്ക് അഭിനന്ദനങ്ങള്‍!

    ReplyDelete
    Replies
    1. ആദ്യ വായനക്ക് നന്ദി ചേച്ചി..

      Delete
  2. രസകരമായ വിവരണം.. പഴയ പട്ടാമ്പി ഓര്‍മ്മയില്‍ ഓടിയെത്തി. പഞ്ചാര മണലും പളുങ്കുവെള്ളവും നിറഞ്ഞ പുഴയും മണ്ണാന്‍ വൈദ്യരുടേയും ഹസ്സനാര് വൈദ്യരുടേയും വൈദ്യശാലകളും മിനര്‍വ ടാക്കീസും ഒക്കെയുണ്ടായിരുന്ന പഴയ പട്ടാമ്പി ..

    ReplyDelete
    Replies
    1. ഹസ്സനാര് വൈദ്യരുടെ പേരക്കുട്ടിയാണ് ഇക്ക ഞാന്‍. മിനര്‍വ ടാക്കീസില്‍ രാത്രി ഫസ്റ്റ് ഷോ കഴിയുമ്പോള്‍ പാട്ട് വെക്കും അതാണ്‌ ഊണ് കഴിക്കാറായി എന്ന് ഞങ്ങളെ അറിയിക്കുന്നത്... നന്ദി ഇക്ക :)

      Delete
  3. ആഹാ! ഓരോരോ അനിയത്തിമാരേയ്.. കര്‍ഷക ശ്രീമതിമാര്‍..
    പട്ടാമ്പി അങ്ങനെ വലിയ പരിചയം ഇല്ല. എന്ന് വെച്ചാല്‍ നമ്മള്‍ വന്നിട്ടൊക്കെയുണ്ട്... എന്നാലും വന്ന ഉടനെ മടങ്ങിപ്പോരും...

    കൊള്ളാമല്ലോ മുബീടെ എഴുത്ത്... ഇഷ്ടമായി..

    ReplyDelete
    Replies
    1. എച്ച്മു, പഴയ പട്ടാമ്പിയുടെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു. എനിക്ക് പോലും ഇപ്പോ പരിചയ കുറവ് തോന്നും ചില സ്ഥലങ്ങള്‍ കണ്ടാല്‍... നന്ദി സന്തോഷം

      Delete
  4. രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
    എന്തൊക്കെയായാലും 'അടിവേര്' പിഴുതുനോക്കുന്ന ഒരു സ്വഭാവം നമുക്കുണ്ടല്ലോ..?!
    ആശംസകള്‍

    ReplyDelete
    Replies
    1. ഹഹഹ....... തങ്കപ്പന്‍ ചേട്ടാ

      Delete
  5. മുബി,
    നല്ലൊരു വയനാസുഖത്തി നു നന്ദി ,ചെറുപ്പത്തിലെ പല കാര്യങ്ങളും എന്റെ ഓർമയിൽ ഇന്നില്ല. പട്ടാമ്പിയിലെ നിങ്ങളുടെ പഴയ വീടും ,ബാബുമോൻ ബസ്സുമൊക്കു ഒരിക്കൽക്കൂടി സുഖമുള്ള ഓരോര്മ്മയായി വീണ്ടും.......
    Hamza Kakkadavath( Babu)

    ReplyDelete
    Replies
    1. നന്ദി ബാബു... നിന്നെ വീണ്ടും പഴയ കാലം ഓര്‍മ്മപ്പെടുത്താന്‍ ആയതില്‍ സന്തോഷം. ഇന്ഷാ അല്ലാഹ് അടുത്ത തവണ വരുമ്പോള്‍ നമുക്ക് കാണാം.

      Delete
  6. ബാല്യം തൊട്ട് തുടങ്ങി .
    അതിലൊരു വിരിയാത്ത റോസാ പൂവ് . അതിലെ വില്ലത്തി ക്ലൈമാക്സിൽ ഹീറോ . :)
    ഭംഗിയായി എഴുതി മുബീ

    ReplyDelete
    Replies
    1. സന്തോഷം ഈ വരികള്‍ക്ക് മന്‍സൂര്‍...

      Delete
  7. ഹ ഹ ഹ - ഇങ്ങനെ എന്തെല്ലാം രസകരമായ കാര്യങ്ങള്‍ !!! രസിച്ചു വായിച്ചു - അനിയത്തിയെ പറ്റിയുള്ള അഭിമാനം വരികളില്‍ വ്യക്തം! മുബിക്കും അനിയത്തിക്കും ആശംസകള്‍ ! അനിയത്തിക്ക് അഭിനന്ദനങ്ങള്‍ ...

    ഞാന്‍ പണ്ടൊരിക്കല്‍ ആ സ്കൂളില്‍ ഒരു ചിത്ര രചനാ മത്സരത്തിനു വന്നിട്ടുണ്ട്... അപ്പോള്‍ മുബിയും അവിടെ ഉണ്ടായിരുന്നുവോ ആവോ?

    ReplyDelete
    Replies
    1. അറിയില്ല നിഷ,

      കുട്ടിക്കാലത്തെ ആ മത്സരം വീണ്ടും ഓര്‍ത്തുവല്ലേ?

      Delete
  8. പഴയ കാലത്ത് നിന്നും വീണ്ടും തുടങ്ങുന്നു പലതും .കര്‍ഷകശ്രീക്ക് ആശംസകള്‍

    ReplyDelete
  9. ആശംസകൾ! കർഷക ശ്രീമതിക്കും എഴുത്തിനും!

    ReplyDelete
  10. അഭിനന്ദനങ്ങൾ മുബീ

    ReplyDelete
    Replies
    1. കാത്തി, മുഹമ്മദ് കുഞ്ഞി വണ്ടൂര്‍, മൂസ്സാക്ക... വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം... :)

      Delete
  11. ആഹാ..
    കൊള്ളാലൊ അനിയത്തി..

    ReplyDelete
  12. ഈ ബിലാത്തി പട്ടണത്തിലെ
    ‘കർഷക ശ്രീമതി’യുടെ പൂർവ്വാശ്രമ ചരിതം ഇഷ്ട്ടപ്പെട്ടൂട്ടാ

    ReplyDelete
    Replies
    1. അത് ശരി, നിങ്ങള് നാട്ടുകാരാണല്ലോല്ലേ?

      Delete
  13. എനിക്ക് കർഷകശ്രീ മതി. അത് കിട്ടാനിപ്പോ എന്താ വഴി?? അഭിനന്തോള് കർഷക ശ്രീമതിക്ക്

    ReplyDelete
    Replies
    1. വഴിയുണ്ട് റൈനി, അവിടെയുള്ള ഈന്തപ്പനയുടെ വേര് നോക്കിയാല്‍ മതി...

      Delete
  14. രസകരമായി എഴുതി. ചെറുപ്പത്തില്‍, വേര് വരുന്നത് ദിവസേന നോക്കിയിരുന്നത് ചിലപ്പോള്‍ വെരറിഞ്ഞു ജീവിക്കാന്‍ വേണ്ടിയായിരിക്കും.
    അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. ആയിരിക്കും റാംജിയേട്ടാ... സന്തോഷം

      Delete
  15. ഞാനും മുമ്പ് കുറെ വേര് ഇളക്കി നോക്കിയതാണ്. നോക്കട്ടെ ഒരു കര്‍ഷകശ്രീ കിട്ടുമോന്ന്.. ഹഹഹ!!

    ReplyDelete
    Replies
    1. അജിത്തേട്ടാ.... ശ്രമിക്കുന്നതില്‍ തെറ്റില്ല്യാല്ലോ :)

      Delete
  16. തെറ്റുകളിൽ നിന്നാണ് വലിയ ശരികളുണ്ടാവുന്നത്.....
    കൃഷിയോടുള്ള അഭിനിവേശം വളരാൻ ഒരുപക്ഷേ ചെറുപ്പകാലത്തെ വേരുനോട്ടം സഹായകരമായിട്ടുണ്ടാവും
    അനിയത്തിക്ക് എന്റെയും അഭിനന്ദനങ്ങൾ .....

    ReplyDelete
    Replies
    1. മാഷേ, സന്തോഷം ഈ വാക്കുകള്‍ക്ക്...

      Delete
  17. കർഷകശ്രീമതിക്ക് അഭിനന്ദനങ്ങൾ...:)

    ReplyDelete
  18. രസകരമായി എഴുതി.. അഭിനന്ദനങ്ങൾ .. :)

    ReplyDelete
  19. നിങ്ങളുടെ മൂത്താപ്പാന്റെ വീട്ടിൽ പോയ പോലെ തോന്നുന്നു ...നന്നായി എഴുതി ..കര്‍ഷക ശ്രീമതിക്ക് അഭിനന്ദനങ്ങള്‍!

    ReplyDelete
    Replies
    1. @ ഹരിനാഥ്, ഫിറോസ്‌, നിസു.... സ്നേഹം ഈ വരവിനും വരികള്‍ക്കും

      Delete
  20. പണ്ട് കുറെ ചെടി ഞാനും ഇങ്ങനെ വേര് വന്നൊന്നു നോക്കി- പിന്നെ കുറെ കൃഷി ചെയ്ത് നോക്കി... ഇപ്പൊ ദാ ആകാശത്തേക്ക് നോക്കി സ്വപ്നം കാണാന്‍ മാത്രേ കഴിയുന്നുള്ളൂ... (ഭൂമിയില്ല- ആകാശം മാത്രേ അപാര്ട്ടുമെന്റിനു സ്വന്തമുള്ളൂ ത്രെ... :(
    അനിയത്തിക്കുട്ടി കര്‍ഷക ശ്രീമതിയ്ക്ക് അഭിനന്ദനങ്ങള്‍... ഇങ്ങനെ സ്നേഹമെഴുതിയതിനു മുബിക്ക് സ്നേഹം :)

    ReplyDelete
    Replies
    1. എല്ലാ അനിയത്തിക്കുട്ടികളും ഇങ്ങിനെയായിരുന്നോ? ബാല്‍ക്കണിയില്‍ ആണ് എന്‍റെ കൃഷി... ഇനി മഞ്ഞുകാലം കഴിയണം അതുവരെ ആകാശം നോക്കിയിരിക്കാം..:( നന്ദി ആര്‍ഷ

      Delete
  21. അനുഭവ കുറിപ്പിന് നന്ദി.. ആശംസകൾ!
    :)

    ReplyDelete
  22. ആശംസകള്‍ ആര്‍ഷ ഭാരത കര്‍ഷക വനിതയ്ക്ക് !

    ReplyDelete
    Replies
    1. അനില്‍, മിനി..... നന്ദി

      Delete
  23. ആ റോസാപ്പൂ ചെടിയില്‍ പൂ വന്നോ എന്ന് ആകാംക്ഷയോടെ കാത്തിരുന്നതു പോലെ എന്നിട്ടന്തായി എന്ന് അറിയാന്‍ തിടുക്കത്തില്‍ വായിച്ചു , അവതരണ രീതി എന്ന് പറയുന്നത് ഇതാണ് . അനിയത്തിക്കും ചേട്ടത്തിക്കും കഴിവിനെ പ്രോത്സാഹിപ്പിച്ച ലണ്ടന്‍ കേരള കോണ്ഗ്രസ് പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ . നല്ല പോസ്റ്റ്‌ .

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ഈ കമന്റ്‌ കണ്ടിട്ട്... നന്ദി ഫൈസല്‍

      Delete
  24. വീണു വീനല്ലേ നടക്കാന്‍ പഠിക്കുക. അങ്ങനെ അനിയത്തി കര്‍ഷക ശ്രീമാതിയായി..ചേച്ചിയുടെ പനിനീര്‍ ചെടികള്‍ പിന്നെ തളിര്‍ക്കുകയും പൂക്കുകയും ചെയ്തിരിക്കും ല്ലേ? :)

    ReplyDelete
  25. Replies
    1. നന്ദി.... സന്തോഷം ന്‍റെ ചെറിയ വരികളും പരാമര്‍ശ വിധേയമായതില്‍. പോസ്റ്റ്‌ ഞാന്‍ വായിച്ചു, അഭിപ്രായവും അവിടെ ഇട്ടിരുന്നു. :)

      Delete
  26. ഞാനിങ്ങെത്തിപ്പെടാൻ വളരെ വൈകിയല്ലൊ മുബീ..
    ന്നെ കണ്ടില്ലേൽ ഒന്നറിയിക്കണേ..

    വലിയൊരു അംഗികരം തന്നെയാണു മുബി കരസ്ഥമാക്കിയിരിക്കുന്നത്‌..
    വാക്കുകളാലും മനസ്സാലും സന്തോഷം അറിയിക്കട്ടെ..അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. അയ്യോ, വായിച്ചില്ലായിരുന്നോ? സോറി.... :(

      നന്ദി വര്‍ഷിണി....

      Delete
  27. അഭിനന്ദനങ്ങൾ Mubi

    ReplyDelete
  28. വേരു ഇളക്കി നോക്കല്‍ ഞാനും ചെയ്തിട്ടുണ്ട് കുട്ടികാലത്ത്... കര്‍ഷക ശ്രീ ആകാനുള്ള ആദ്യ പടി അപ്പോള്‍ പണ്ടേ പാസ്‌ ആയിരുന്നു..

    നല്ല അവതരണം.....ആശംസകള്‍

    ReplyDelete
  29. ആദ്യമേ തന്നെ അഭിനന്ദനങ്ങള്‍
    നല്ല അവതരണം ,നൈസ് ,ആശംസകള്‍

    ReplyDelete
    Replies
    1. ഷംസുദ്ദീന്‍, സാജന്‍, ഗീതാകുമാരി... വായിച്ച് ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം :)

      Delete
  30. മികച്ച പോസ്റ്റ്‌.

    ശിവകുമാര്‍ സാറിനെ പ്രതിപാദിച്ചപ്പോള്‍ അറിയാതെ ചിന്തകള്‍ കോളേജ് ജീവിതത്തിലേക്ക് പോയി. ശിവകുമാര്‍ സാറും ദേശമംഗലം രാമകൃഷ്ണന്‍ സാറുമൊക്കെ ഞങ്ങള്‍ക്ക് അധ്യാപകരും സുഹൃത്തുക്കളും ഒക്കെയായിരുന്നു. പട്ടാമ്പിയില്‍ ഒരാഴ്ചക്ക് മുന്‍പ് പോയപ്പോള്‍ ഇന്ന് KSRTC സ്റ്റാന്റ് ആയ പഴയ സ്റ്റാന്റ് പരിസരത്ത് ആലപ്പ നേരം വണ്ടി നിര്‍ത്തി. ആ നല്ല പഴ കാലത്തെ ഓര്‍ത്ത്‌.

    ഏതായാലും അനിയത്തി കര്‍ഷക ശ്രീമതിക്ക് ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി വേണുവേട്ടാ... അച്ഛനെ ഓര്‍ത്തുവല്ലേ :(

      Delete
  31. വേരിളക്കി വേരൂന്നി കർഷകശ്രീ(മതി)

    ReplyDelete
  32. നല്ല ഒരു ഒഴുക്കുണ്ടായിരുന്നു വായനക്ക് ....
    ഇഷ്ട്ടത്തോടെ ....അഭിനന്ദങ്ങള്‍

    ReplyDelete
  33. ഉദയപ്രഭന്‍, നിധീഷ്‌, വിജിന്‍... സന്തോഷം സുഹൃത്തുക്കളെ :)

    ReplyDelete
  34. ശൈശവത്തിന്റെ നിഷ്കളങ്കതയും കൌതുകവും നിറഞ്ഞൊഴുകുന്ന എഴുത്ത്.

    ReplyDelete
  35. ശൈശവത്തിന്റെ നിഷ്കളങ്കതയും കൌതുകവും നിറഞ്ഞൊഴുകുന്ന എഴുത്ത്.

    ReplyDelete