Friday, December 27, 2013

എലിയറ്റ് ലേയ്ക്ക് -- വന്യതയിലെ രത്നം

“Come on ya big rock bolters
Who answer to the name of miner
This old boom town is still around
On the shores of Elliot Lake” (Damn Good Song For a Miner by Stompin’ Tom Conners)

കോണ്ണേര്‍സിന്‍റെ പാട്ടില്‍ പറഞ്ഞ നാലായിരത്തിലേറെ തടാകങ്ങള്‍ ഉള്ള ആ സ്ഥലം തേടി പോയത് ഈ വേനലില്‍ ആയിരുന്നുവല്ലോ. ഇന്നലെ സാന്താ വിരിച്ചിട്ടുപോയ മഞ്ഞിന്‍റെ പുതപ്പിലേക്ക് നോക്കി നിന്നപ്പോഴാണ് ഈ യാത്രയുടെ ഓര്‍മ്മകള്‍ മനസ്സിലേക്ക് ഇരമ്പിയെത്തിയത്. വേനല്‍ക്കാലമായിരുന്നിട്ടും  തണുപ്പുണ്ടായിരുന്നല്ലോ അന്ന്, അപ്പോള്‍ ഈ മഞ്ഞുകാലം എങ്ങിനെയായിരിക്കും, എന്തായിരിക്കും അവിടെങ്ങളില്‍... ചിന്തകളില്‍നിന്നും ഉണര്‍ന്നപ്പോഴേക്കും ചായ തണുത്ത് പോയിരുന്നു. ചൂടാക്കി തിരികെ വന്നപ്പോഴും “എലിയറ്റ്‌ ലേയ്ക്ക്‌” തന്നെയായിരുന്നു മനസ്സില്‍. വന്യതയിലെ രത്നം എന്ന് കാനഡയിലെ പ്രകൃതിസ്നേഹികള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന “എലിയറ്റ്‌ ലേയ്ക്ക്‌” വടക്കന്‍ ഒണ്‍ടെറിയോയിലെ അല്‍ഗോമ ജില്ലയിലാണ്.



Elliot Lake 
 
അറുന്നൂര്‍ കിലോമീറ്റര്‍ അകലേയുള്ള രത്നത്തെ കാണാന്‍ രാവിലെ നേരത്തെ തന്നെ പുറപ്പെട്ടു. വായിച്ചറിഞ്ഞതും, കേട്ട് പഠിച്ച കോണ്ണേറിന്‍റെ പാട്ടിലെ വരികളും, ഞങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയുവാനുള്ള ആകാംഷയും യാത്രയുടെ വേഗം കൂട്ടിയോ? നഗരക്കാഴ്ചകള്‍ പിന്നിട്ടെപ്പോഴേക്കും കാറിന്‍റെ പിന്‍സീറ്റിലെ കലമ്പലുകള്‍ നേര്‍ത്ത് തുടങ്ങി. പാറക്കൂട്ടങ്ങള്‍ക്ക് നടുവിലൂടെയാണ് റോഡ്‌. ചുവപ്പും, പച്ചയും, കറുപ്പും, ചെങ്കല്ലിന്‍റെ നിറവും ഉള്ള പാറകള്‍ക്കിടയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നത് കാണാം. ചരല്‍ പാകിയ റോഡില്‍ വാഹനങ്ങള്‍ വളരെ കുറവ്. പാറക്കൂട്ടങ്ങള്‍ക്ക് പിന്നിലായി  തിങ്ങിനിറഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍ നിന്ന് ഏതു നേരത്തും മുന്നിലേക്ക്‌ ചാടി വീഴാവുന്ന വന്യജീവികളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വായിച്ചു അറിയാതെ ഉയര്‍ന്ന നെടുവീര്‍പ്പുകള്‍.... മുകളില്‍ നിന്ന് ഉരുണ്ടു വീണു അപകടം സൃഷ്ടിക്കാവുന്ന കല്ലുകളെ ഭയപ്പാടോടെ നോക്കാതിരിക്കാന്‍ ആയില്ല. സൗദി അറേബ്യയിലെ റൂബ് അല്‍ ഖാലിയിലൂടെ (എംറ്റി ക്വാര്‍ട്ടര്‍) യാത്ര ചെയ്തപ്പോള്‍ ഉടലെടുത്ത ഭയത്തിന്‍റെ നാമ്പുകള്‍ വീണ്ടും തലനീട്ടിയോ?

യാത്രക്കാര്‍ക്കുള്ള വിശ്രമകേന്ദ്രങ്ങളില്‍ ഇടയ്ക്കു നിറുത്തിയിരുന്നെങ്കിലും ആറു മണിക്കൂറിലേറെ എടുത്താണ് ഞങ്ങള്‍ ക്യാമ്പ്‌ സൈറ്റ് ആയ മിസിസ്സാഗി പ്രൊവിന്‍ഷ്യല്‍ പാര്‍ക്കില്‍ എത്തിയത്. ആളുകളുടെ വരവ് കുറഞ്ഞതിനെത്തുടര്‍ന്ന് ഈ പാര്‍ക്ക് അടച്ചിടുവാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. എന്നാല്‍ പാര്‍ക്ക്‌ നടത്തിപ്പില്‍ വരുന്ന നഷ്ടങ്ങള്‍ “എലിയറ്റ് ലേയ്ക്ക്” സിറ്റി വഹിക്കാമെന്ന ഉറപ്പിന്‍മേലാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. എലിയറ്റ് ലേയ്ക്കില്‍ നിന്ന് പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള പെനോകിയന്‍ കുന്നിലെ 4900 ഹെക്ടറില്‍ പരന്നുകിടക്കുന്ന മിസിസ്സാഗി പാര്‍ക്ക്‌ ബാക്ക് കണ്‍ട്രി” ക്യാമ്പിങ്ങിനു അനുയോജ്യമായ സ്ഥലമാണ്. 1965 മുതല്‍ സംരക്ഷിച്ചു പോരുന്ന പ്രകൃതിയുടെ ഈ പറുദീസയിലേക്കുള്ള യാത്രയുടെ  അമ്പരപ്പ് തന്നെ ഞങ്ങളെ വിട്ടു മാറിയിരുന്നില്ല.



Mississagi Provincial Park - Camp Site
 
പകല്‍ വെളിച്ചം മാഞ്ഞു തുടങ്ങുന്നതിനുമുന്‍പ് ക്യാമ്പ്‌ സൈറ്റില്‍ ഞങ്ങള്‍ക്ക് ടെന്റ് സജ്ജീകരിക്കേണ്ടിയിരുന്നു. തീ കായാനുള്ള മരകമ്പുകള്‍ പാര്‍ക്കിലെ ഓഫീസില്‍ നിന്ന് തന്നെ വാങ്ങണം. പുറത്ത് നിന്നുള്ളവ കത്തിക്കുവാന്‍ അനുവാദമില്ല. നിയമങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് ഫൈനും മറ്റു പാര്‍ക്കുകളില്‍ കടക്കാനുള്ള അനുവാദവും നിഷേധിക്കപ്പെടുന്നു. ഭക്ഷണം പാകംചെയ്യുന്നതും, വേസ്റ്റ് തരം തിരിച്ചു കളയുന്നതും, ക്യാമ്പ്‌ സൈറ്റില്‍ പാലിക്കേണ്ട മര്യാദകളും വ്യക്തമായി ഓഫീസില്‍ നിന്ന് തന്ന കടലാസ്സില്‍ എഴുതിയിട്ടുണ്ട്. ഞങ്ങളുടെ അടുത്തെങ്ങും വേറെയാരുമില്ല. കുഴികുത്തിയുള്ള മറപുരകളെക്കുറിച്ച് മക്കള്‍ക്ക്‌ ഞങ്ങള്‍ പറഞ്ഞു കൊടുത്ത അറിവേയുണ്ടായിരുന്നുള്ളൂ. ടോയിലെറ്റ്‌ പേപ്പറും, ഫ്ലഷും, കാര്‍പ്പറ്റും ഇട്ട ആധുനികതയില്‍ ശീലിച്ച അവര്‍ക്ക് ക്യാമ്പ്‌ സൈറ്റിലെ മറപുര “ഹൈജീന്‍” ആയിതോന്നിയില്ല. പിന്നിലുള്ള തടാകത്തിലേക്കിറങ്ങാന്‍ വൃത്തിയായി ചരല്‍ പാകിയ വഴിയുണ്ട്. അതും നോക്കി  മക്കളുടെ മുറുമുറുപ്പും കേട്ട് നില്‍ക്കാനല്ലേ പറ്റൂ, നമ്മുടെ നിളയല്ലല്ലോ തല്ലിത്തിമര്‍ത്ത്‌ തലകുത്തി മറിയാന്‍!




ടെന്റ് കെട്ടിപ്പൊക്കി, മരചുവട്ടിലേക്ക് ഒരു ഇന്‍സ്റ്റന്റ് മേശയും ഇട്ടു അതിനു മുകളില്‍ അടുപ്പും അടുക്കളയും റെഡിയാക്കി. പാര്‍ക്കിന്‍റെ വകയായി അവിടെ കിടക്കുന്ന മരംകൊണ്ടുള്ള മേശയില്‍ വിരിപ്പും വിരിച്ച് ഡൈനിങ്ങ്‌ ടേബിള്‍ ആക്കി. ചിക്കന്‍ ബാര്‍ബിക്യു ചെയ്യാന്‍ തുടങ്ങിയതും മഴ പ്രതിഷേധിച്ചു. ടാര്‍പ്പായ വിരിച്ചു അടുക്കളയെ സംരക്ഷിക്കുമ്പോള്‍ മക്കളോട് പറഞ്ഞു കൊടുത്തത് വിരുന്നുകള്‍ക്കും കല്യാണങ്ങള്‍ക്കും ഉയരുന്ന വീട്ടുമുറ്റത്തെ അടുപ്പിനെ കുറിച്ചാണ്. ചിക്കന്‍റെ വേവ് പാകം നോക്കുന്നതിനിടയില്‍ പറഞ്ഞത് വല്ലതും അവരുടെ ചെവിട്ടിലെത്തിയോ ആവോ? ടൊമാറ്റോ സോസും, ഇരുപത്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒപ്പം കൂടിയ കുബൂസും മേശപ്പുറത്ത് നിരത്തി, ചിക്കനും കൂട്ടി കഴിക്കാനിരിക്കുമ്പോള്‍ മാനത്ത് മഴക്കാറ് വിട്ടൊഴിഞ്ഞിരുന്നു. “മേശ അടുക്കള” വൃത്തിയാക്കി വേസ്റ്റ് ദൂരെ കൊണ്ട് കളയാന്‍ പോയവര്‍ തിരിച്ചു വന്നത് വായ കഴുകാന്‍ പോലും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം എന്ന നിര്‍ദ്ദേശവുമായിട്ടായിരുന്നു. കുടിക്കാനുള്ള വെള്ളം കന്നാസുകളിലുണ്ട്. കുറച്ച് വെള്ളം  ചെറിയ അടുപ്പില്‍ തിളപ്പിച്ച്‌ അടുക്കള ഞാന്‍ മടക്കി വെച്ചു. വിരുന്നിനെത്തിയവരെ കാണാന്‍ രാത്രിയില്‍ ഇറങ്ങി നടക്കുന്ന  കരടിച്ചേട്ടനെ പേടിച്ച് ചൂടാറിയതിനു ശേഷം അടുപ്പും മറ്റു സാമഗ്രികളും കാറിന്‍റെ ഡിക്കിയില്‍ വെച്ചു പൂട്ടി, ഞങ്ങള്‍ തീക്കായാന്‍ ഇരുന്നു. “നോ റേഡിയോ സോണ്‍” തിരഞ്ഞെടുത്തതിനാല്‍ പുറംലോകംവുമായി ഒരു ബന്ധവും ഇല്ലായിരുന്നു. കറുത്ത കരിമ്പടം പുതച്ചു കൊണ്ട് ഇരുട്ടും, നിശബ്ദതയെ ഭേദിച്ചെത്തുന്ന  ചെന്നായയുടെ ഓരിയിടലും, കൂമന്‍റെ മൂളലും, വന്യതക്ക് ആക്കംകൂട്ടിയപ്പോള്‍ ഈ കാടിന്‍റെ മക്കളെയും അവകാശികളെയും കുറിച്ചോര്‍ക്കാതിരിക്കുന്നതെങ്ങിനെ?



Ojibwa Tribe - Courtesy Google Images

“ഫസ്റ്റ് നേഷന്‍സ്” എന്നറിയപ്പെടുന്ന കാനഡയുടെ ട്രൈബല്‍ ജനതയിലെ ഒജിബ്വ ഗോത്രവര്‍ഗ്ഗക്കാര്‍ എലിയറ്റ് ലേയ്ക്കില്‍ പാര്‍ത്തിരുന്നുവത്രേ. 1955 ല്‍ യുറേനിയം ഖനനം തുടങ്ങിയതിനു ശേഷമായിരിക്കണം അവര്‍ ചിന്നിച്ചിതറിയിരിക്കുക. ആഗ്നേയ ശിലയുടെയും രൂപമാറ്റം സംഭവിക്കുന്ന പാറകളുടെയും സമന്വയമായ കനേഡിയന്‍ ഷീല്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമായിരുന്നതിനാല്‍, എഴുപത്‌ മില്യണ്‍ ടണ്ണിന്‍റെ ധാതു ഖനനം ഇവിടെങ്ങളില്‍ നടന്നിരുന്നുവെന്നു സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. യുറേനിയത്തിന്‍റെ പ്രധാന ഉപഭോക്താവായിരുന്ന അമേരിക്ക 1962 മുതല്‍ കാനഡയില്‍ നിന്ന് യുറേനിയം വാങ്ങിക്കുന്നത് നിര്‍ത്തിയത് ഖനനമേഖലക്ക് തിരിച്ചടിയായെങ്കിലും പ്രകൃതി സ്നേഹികള്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ആശ്വാസമേകുകയായിരുന്നു. 1990 ആയപ്പോഴേക്കും ഇവിടെയുണ്ടായിരുന്ന അവസാനത്തെ മൈനും അടച്ചു. ഖനനത്തിന്‍റെ ചരിത്രം പറയുന്ന മ്യുസിയങ്ങളും, സ്മാരകങ്ങളും എലിയറ്റ് ലേയ്ക്ക് സിറ്റിയിലുണ്ട്. പരിസ്ഥിതി സംബന്ധമായ രാസപ്രവര്‍ത്തന പ്രക്രിയയെ കുറിച്ച് പഠിക്കാനുള്ള ലോറെന്‍ട്ടൈന്‍ യുണിവേര്‍സിറ്റിയുടെ ഗവേഷണ സ്ഥാപനവും ഇവിടെയാണ്. ഒജിബ്വ ഗോത്രങ്ങളുടെ ഐതിഹ്യങ്ങളും കഥകളും ഉറങ്ങിക്കിടക്കുന്ന ഒരു ദ്വീപ്‌ ഇതിനടുത്തായി എവിടെയോ ഉണ്ടെന്നറിയാം. കേള്‍ക്കാത്തതും അറിയാത്തതുമായ കഥകളറിയാന്‍ വഴിയേതുമില്ലെന്നറിഞ്ഞിട്ടും വെറുതെ കൊതിച്ചു, കഥ പറയാന്‍ ആരെങ്കിലും വന്നെങ്കിലെന്ന്...

പ്രഭാത കര്‍മ്മങ്ങള്‍ ഒരുവിധം കഴിച്ചുകൂട്ടി രാവിലെതന്നെ ഹൈക്കിങ്ങിനു പോകാന്‍ തയ്യാറായി. മാപ്പ് നോക്കി പന്ത്രണ്ടു കിലോമീറ്റര്‍ ദൂരമുള്ള സെമിവിറ്റ്‌ ലെയ്ക്കിന് ചുറ്റുമുള്ള ഹൈക്കിംഗ് ട്രെയില്‍ തിരഞ്ഞെടുത്തു. മക്കളുടെയും എന്‍റെയും ആദ്യത്തെ ഹൈക്കിംഗ്! വെറും പന്ത്രണ്ടു കിലോമീറ്റര്‍ അല്ലേയുള്ളൂ... “ദാ പോയി ദാ വന്നു” എന്ന മട്ടില്‍ ചുകന്ന ലേസുള്ള ഒരു ഫാന്‍സി ഷൂസും കാല്‍സറായിയും ധരിച്ചു ഞാന്‍ ഇറങ്ങി. വഴിചിലവിനായി രണ്ടു കുപ്പി വെള്ളവും, കുറച്ച് ബിസ്ക്കറ്റും, ചിപ്സും, കൊതുകിനെ തുരത്താനുള്ള  സ്പ്രേയും, രണ്ടു പെപ്സിയും ബാക്ക്പാക്കില്‍ നിറച്ച് മക്കളെ ഏല്‍പ്പിച്ചു. അതുവരെ ഉപയോഗിക്കാത്ത ഹൈക്കിംഗ് സ്റ്റിക്ക് ഞാനെടുത്തു. കരടി വന്നാല്‍ ഇത് കാണിച്ചു പേടിപ്പിക്കാം എന്ന് പറഞ്ഞപ്പോള്‍, “അതിനെ പേടിപ്പിക്കാന്‍ ഉമ്മാക്ക് അപ്പോ ഓര്‍മ്മയുണ്ടായിട്ടു വേണ്ടേ...” എന്ന ചെറിയ മകന്‍റെ കമന്റ്‌ കേട്ട് മറ്റു രണ്ടാളും ചിരിച്ചത് എനിക്കത്ര പിടിച്ചില്ല.


Semiwite Trail
 
ഓറഞ്ച് നിറം കൊണ്ട്  മരങ്ങളില്‍ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. അത് നോക്കിവേണം നടക്കാന്‍. ഒന്ന് രണ്ടു കിലോമീറ്റര്‍ തരക്കേടില്ലായിരുന്നു. അതുകൊണ്ട് പാട്ടുകള്‍ക്കും കഥകള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് ട്രെയിലിന്റെ രൂപവും ഭാവവും മാറാന്‍ തുടങ്ങി. ഓറഞ്ച് അടയാളങ്ങള്‍ക്ക് ദൈര്‍ഘ്യമേറി, തിരഞ്ഞു നടക്കാനും വയ്യ, മുന്നില്‍ നടക്കുന്നവര്‍ക്ക് പിന്നാലെ ഹൈക്കിംഗ് സ്റ്റിക്കും കുത്തി ഒന്നും മിണ്ടാതെ ഞാനും. കാട്ടാറിന്‍റെ കളകളാരവം മാത്രം കേള്‍ക്കാനുണ്ട്. ആരെങ്കിലും വഴി നടന്നതായ ഒരടയാളവും അവിടെയെങ്ങും കാണാനില്ല. മാനോ, മൂസോ, കരടിയോ എന്തായിരിക്കും ഞങ്ങളുടെ മേല്‍ ചാടി വീഴുക... ഇവിടെ അപൂര്‍വ്വമായി കാണുന്ന റാറ്റില്‍ സ്നൈക്ക്‌ പൊഴിച്ചിട്ട പടങ്ങളും, കാട്ടുമൃഗങ്ങളുടെ വിസര്‍ജ്യവും, പലനിറത്തിലും വലിപ്പത്തിലും ഉള്ള കാട്ട് കൂണുകളും, ബെറികളും... ശബ്ദമടക്കി കാട്ടിലെ കാഴ്ചകള്‍ കണ്ടു നടക്കുമ്പോഴും പന്ത്രണ്ടു കിലോമീറ്റര്‍ അവസാനിക്കാതെ മുന്നില്‍ തന്നെ. 

ഇടയ്ക്കു വെച്ച് മറ്റൊരു ട്രെയിലേക്ക് കടക്കാനുള്ള വഴി തിരിച്ചു വെച്ചിരിക്കുന്നു. “മക്കെന്‍സി ട്രെയില്‍” ഹെലെന്ബാര്‍ തടാകത്തിനടുത്തുള്ള ഈ കാടിനുള്ളിലാണത്രേ 1946 ല്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വില്ലിം ഹുഗ് മക്കെന്‍സിയുടെ ജെറ്റ്‌ ക്രാഷ് ലാന്‍ഡ്‌ ചെയ്തത്. മൂന്നാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചത്. കാനഡയുടെ ആദ്യത്തെ ജെറ്റ്‌ പ്ലെയിന്‍ അപകടമായിരുന്നു അത്. അവിടെ എഴുതിയത് വായിച്ചപ്പോഴാണ് ഞങ്ങള്‍ കാടിന്‍റെ നടുവിലാണ് എന്ന ബോധം ഓരോരുത്തരെയും ഗ്രഹിച്ചത്. 

Scene from the top of the Semiwite Trail

ഉയര്‍ന്ന പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ എത്തിയെങ്കിലും  ദിക്കറിയാതെ കുറച്ചു സമയം അവിടെ നില്‍ക്കേണ്ടിവന്നു. ചെങ്കുത്തായ പാറകളില്‍ അള്ളിപിടിച്ചിറങ്ങി അരുവികള്‍ മുറിച്ചു കടന്ന് നടത്തം തുടര്‍ന്നു... ദൂരെനിന്ന് ആളുകളുടെ സംസാരം കേട്ടപ്പോള്‍ മനസ്സിലായി ക്യാമ്പ്‌ സൈറ്റിന് അടുത്തെവിടെയോ എത്തിയിട്ടുണ്ടെന്ന്. രാവിലെ ഏഴു മണിക്ക് തുടങ്ങിയ ഹൈക്കിംഗ് അവസാനിച്ചു ക്യാമ്പില്‍ എത്തിയപ്പോള്‍ വൈകീട്ട് അഞ്ചു മണി. ഇനിയൊരടി നടക്കാന്‍പോലും ആവാത്ത വിധം എന്‍റെ കാലുകള്‍ തളര്‍ന്നിരുന്നെങ്കിലും മനസ്സില്‍ സന്തോഷം തിരയടിക്കുകയായിരുന്നു. കാടിനെ ചെറുതായെങ്കിലും ഒന്ന് അനുഭവിച്ചറിയാനുള്ള എന്‍റെ മോഹമായിരുന്നു അന്ന് സാക്ഷാല്‍ക്കരിച്ചത്...

Hiking Adventures

 

28 comments:

  1. നേരിട്ട് കണ്ട പ്രതീതി. നന്നായി തന്നെ എഴുതിയിട്ടുമുണ്ട്.
    കഴിയുമെങ്കില്‍ ഈ ടെമ്പ്ലേറ്റ് ഒഅഴിവാക്കി അനുയോജ്യമായ മറ്റൊന്ന്‍ സ്വീകരിക്കൂ. കടും നിറമൊക്കെ മൂലം നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ ആകെ സുഖമില്ലാത്ത കാഴ്ചയാണു നല്‍കുന്നത്..

    ReplyDelete
    Replies
    1. ശ്രീ, ഈ സൂത്രങ്ങള്‍ എനിക്ക് ശരിയാക്കി തരുന്നത് മക്കളാണ്... പറഞ്ഞിട്ടുണ്ട്... സോറി :(

      Delete
  2. ശ്രീക്കുട്ടൻ പറഞ്ഞ െടംപ്ളേറ്റ് പ്രശ്നം പരിഹരിക്കുമല്ലോ,നല്ല വായനാസുഖമുള്ളവിവരണം.കുറച്ച് കൂടി ഡീറ്റയിൽസ് ആകാമായിരുന്നു

    ReplyDelete
    Replies
    1. സിയാഫ്‌, Template ന്‍റെ കാര്യം കുട്ടികള്‍ ശരിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്... എന്താവോ എന്തോ?

      Delete
  3. അതെ ...നല്ല വിവരണം.. വളരെ ഇഷ്ടപ്പെട്ടു. രാത്രീലിരുന്ന് ഒന്നും കൂടി വായിച്ചോളാം ...

    ReplyDelete
    Replies
    1. നന്ദി എച്ച്മു... ഒഴിവു പോലെ വായിക്കൂ :)

      Delete
  4. എന്ത് രസായിട്ടാ മുബി എഴുതീരിക്കുന്നത് ..ആ വന്യതയുടെ തടാകം ഇത് വായിച്ചതിനു ശേഷം ഞാന്‍ കണ്ണടച്ചിരുന്നങ്ങനെ ധ്യാനിച്ചു...എന്നെങ്കിലും കാണാന്‍ കഴിയുമോ എന്നാശിച്ചു ......

    ReplyDelete
    Replies
    1. ചില കാഴ്ചകള്‍ നമുക്ക് അക്ഷരങ്ങളിലൂടെ ആസ്വദിക്കാന്‍ പറ്റും.. പലപ്പോഴും ചില യാത്രാനുഭവങ്ങള്‍ വായിക്കുമ്പോള്‍ ഞാനും കണ്ണടച്ച് കാണാന്‍ ശ്രമിക്കാറുണ്ട്...

      Delete
  5. കുറച്ച് വെള്ളം ചെറിയ അടുപ്പില്‍ തിളപ്പിച്ച്‌ അടുക്കള ഞാന്‍ മടക്കി വെച്ചു.

    സുന്ദരമായ വിവരണം. വളരെ ഇഷ്ടായി.

    ReplyDelete
  6. നല്ല വിവരണം. പെട്ടന്ന് തീർന്നോ എന്നൊരു തോന്നൽ.

    ReplyDelete
  7. മോഹിപ്പിക്കുന്ന ഒരു യാത്രാ വിവരണം. ശരിക്കും അനുഭവിച്ച പ്രതീതി

    ReplyDelete
    Replies
    1. റാംജിയേട്ടന്‍, നിസു, വെട്ടത്താന്‍ ചേട്ടന്‍.... ഞാന്‍ കണ്ടത് നിങ്ങള്‍ക്കും ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം :)

      Delete
  8. യാത്രയുടെ ആസ്വാദ്യത വാക്കുകളില്‍ നിന്നും നുകര്‍ന്നു.വിജ്നാനപ്രദവും ആയിരുന്നു.ആശംസകള്‍

    ReplyDelete
  9. കാനഡച്ചോലയില്‍ ആടുമേയ്ക്കാന്‍
    എന്നെയും കൂടൊന്ന് കൊണ്ടുപോകൂ

    കൊള്ളാലോ ഈ കാനഡ.....!!

    ReplyDelete
    Replies
    1. ഹഹഹ അജിത്തേട്ടാ :) ഒരു ഒഴിവുകാലം ഇങ്ങോട്ട് പോരൂ...

      Delete
  10. തണുപ്പിന്റെ നാട്ടിലൊരു വനയാത്ര - അതും കരടികളെപ്പോലുള്ള അപകടകാരികളായ വന്യമൃഗങ്ങളുടെ കാട്ടിലൂടെ.... കുറച്ചുകൂടി വിവരണം ആവാമായിരുന്നു....

    ReplyDelete
    Replies
    1. മാഷേ, വായിക്കുമ്പോള്‍ മുഷിയണ്ട എന്ന് കരുതി. തിരിച്ചുവരവില്‍ കണ്ടത് മറ്റൊരു പോസ്റ്റ്‌ ആയിട്ട് ഇടാം :)

      Delete
  11. ha.. ha.. nalla ezhuth... ellavarum parayum pole alpam koodi vivaranam aakamayirunnu..

    aashamsakal..

    ReplyDelete
    Replies
    1. ശ്രമിക്കാം മനോജ്‌... നന്ദി

      Delete
  12. എന്നെത്തെയും പോലെ ഇതും മനോഹരം.. :)
    പുതുവത്സരാശംസകൾ!

    ReplyDelete
  13. വായനാസുഖം നല്‍കുന്ന ശൈലി യാത്രാവിവരണത്തിന് മാറ്റ് കൂട്ടി.
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
    Replies
    1. നിങ്ങളുടെ പ്രോത്സാഹനമാണ് ഈ യാത്രകള്‍ കുറിച്ച് വെക്കാന്‍ പ്രേരിപ്പിക്കുന്നത്... നന്ദി അനില്‍ & തങ്കപ്പന്‍ ചേട്ടാ...

      Delete
  14. നല്ല ഒഴുക്കോടെയുള്ള യാത്ര വിവരണ ശൈലി... നന്നായിട്ടുണ്ട്

    ആശംസകള്‍

    ReplyDelete
  15. ദെല്ല്ലാം കൂടി ഒരുമിച്ച് പബ്ലിഷാക്കിയതാണല്ലേ...
    അപ്പോൾ അവിടെ പൊയിട്ട് അവിടത്തേയും കാടിളക്കി അല്ലേ മുബി...?

    ReplyDelete
  16. യാത്രകൾ നടക്കട്ടെ..! യാത്രാ വിവരണങ്ങളും... നല്ല സന്തോഷവും, അറിവുകളും നൽകുന്നു ഇവിടത്തെ ഓരോ വായനകളും...!

    ReplyDelete
  17. നല്ല വിവരണം. കൊതിയാകുന്നു കൂടെ വരാന്‍. ചെങ്കുത്തായ പാറയില്‍ അള്ളിപ്പിടിച്ചിറങ്ങിയപ്പോള്‍ ഞാന്‍ പേടിയോടെ നോക്കിനില്‍പ്പുണ്ടായിരുന്നു. കെട്ടിയുണ്ടാക്കിയ മറപ്പുരയിലും ഞാന്‍ നോക്കി. :)

    ReplyDelete