Tuesday, January 7, 2014

മല്ലികയും പാല്‍ ചായയും!

“ഒരേ നാട്ടിലായിട്ടും നിങ്ങള്‍ എന്താ വേറെ വേറെ ഭാഷ സംസാരിക്കുന്നത്?” സംശയം ഓഫീസില്‍ പുതുതായി വന്ന ഐറിഷുകാരിയുടെതാണ്. രണ്ടു ഇന്ത്യക്കാര്‍ തമ്മില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നതിന്‍റെ കാരണം പറഞ്ഞു കൊടുത്തിട്ടും വിശ്വസിക്കാനാവാതെ എന്നെ തന്നെ നോക്കിയിരിക്കുന്ന അവരോടു ഒരു പാലത്തിന്‍റെ അപ്പുറവും ഇപ്പുറവും മാറുന്ന ഭാഷയുടെയും ഭക്ഷണത്തിന്‍റെയും കഥകളുടെ കെട്ടഴിച്ചു. സാംസ്കാരികമായി നേരിയ വ്യത്യാസം പോലും ഇല്ലാത്ത രണ്ടു രാജ്യങ്ങളാണ് ഇവിടെ ഒരു പാലം കൊണ്ട് വേര്‍തിരിച്ചിരിക്കുന്നതെങ്കില്‍ നമ്മുടെ നാട്ടിലെ സ്ഥിതി അതല്ലല്ലോ. ഇന്ത്യ കാണാന്‍ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ അവര്‍ക്ക് വിഭിന്നമായ ഭക്ഷണങ്ങളോടൊപ്പം ഞാന്‍ വിളമ്പി കൊടുത്ത കഥകളും ഏറെ പ്രിയപ്പെട്ടതായി...

കെമിസ്ട്രി ലാബിനെ ഓര്‍മ്മിപ്പിക്കുന്ന മസാല കൂട്ടുകള്‍ എന്നെ പേടിപ്പിച്ചിരുന്ന കാലത്തൊക്കെ ചെറുകരയിലെ ഉമ്മ വെല്ലിമ്മാനോട് പറഞ്ഞത് മനസ്സിലെത്തും, “വിശക്കുമ്പോള്‍ എല്ലാം പഠിച്ചോളും...” എന്‍റെ പാചക “കൊല” നന്നായി അറിയാവുന്ന വെല്ലിമ്മ പേരകുട്ടിയെ ഏല്‍പ്പിച്ചു കൊടുക്കുമ്പോള്‍ “ഓള് പഠിക്ക്യായിരുന്നു അടുക്കളയില്‍ ഒന്നും കയറി ശീലായിട്ടില്ല” എന്നും പറഞ്ഞെടുത്ത മുന്‍കൂര്‍ ജാമ്യത്തിന് ഉമ്മ പറഞ്ഞ മറുപടി കുറെക്കാലം എനിക്കൊരാശ്വസമായിരുന്നു. വിശക്കുമ്പോള്‍ ആലോചിച്ചാല്‍ പോരെ എന്നൊരു മട്ട്!

എന്‍റെ കല്യാണത്തിന് രണ്ടു ദിവസം മുന്നേ  ഞങ്ങളുടെ  അടുത്ത് താമസിക്കുന്ന ഇത്താത്താനെ വീടേല്‍പ്പിച്ച്  ഉമ്മയും ഉവ്വാമ്മയും(ഉമ്മാടെ അനിയത്തി) കൂടെ പുറത്തു പോയി. ആരെങ്കിലും വന്നാല്‍ ചായയും പലഹാരവും കൊടുക്കണേ എന്ന് പ്രത്യേകം പറഞ്ഞിരുന്നു. എന്‍റെ തലകുലുക്കലില്‍ അത്ര വിശ്വാസം പോരാഞ്ഞിട്ടാവും ഉമ്മ ഇറങ്ങുന്നതിനു മുന്‍പ് ഇത്താത്താനോട് ഒന്നൂടെ പറഞ്ഞത്. ഉമ്മ പറഞ്ഞത് അവിടെത്തന്നെ വെച്ച് ഞാന്‍ അടുക്കള കോലായില്‍(നുണ കോലായി) അരി ചേറുന്ന പെണ്ണുങ്ങളുടെ അടുത്ത് വിസായങ്ങള്‍ കേള്‍ക്കാന്‍  ഇരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഉമ്മറത്ത്‌ നിന്ന് ഉപ്പ വിളിക്കുന്നു. ഉപ്പാടെ പരിചയക്കാര്‍ കല്യാണ വിവരങ്ങള്‍ അറിയാന്‍ കയറിയതാണ്. ചായ എടുക്കാം എന്ന് പറഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നതും “മോളെ എനിക്ക് പാല്‍ചായ മതിട്ടോ” എന്നായി അതിലൊരാള്‍. ചതിച്ചല്ലോ റബ്ബേ, എന്‍റെ വിശാലമായ അടുക്കള വിജ്ഞാനത്തില്‍ ആകെ രണ്ടു  തരം ചായേ ഉള്ളൂ. പാലൊഴിച്ച് ഉണ്ടാക്കുന്നത് “ചായ” പാലില്ലെങ്കില്‍ വിഷമിക്കാതെ ഉണ്ടാക്കുന്നത് “കട്ടന്‍ചായ” അപ്പോ ഈ പാല്‍ചായ  ഏതു വിഭാഗത്തില്‍പ്പെട്ടതാണ്? കൂട്ടിയും കിഴിച്ചും ഞാന്‍ അടുക്കളയില്‍ എത്തി ഇത്താത്താനോട് വിവരം പറഞ്ഞു. അവരത് കേട്ടപാതി ചിരി തുടങ്ങി. പാല്‍ചായ ഉണ്ടാക്കാന്‍ അറിയില്ലെന്ന് എവിടെയും ചെന്ന് പറഞ്ഞേക്കല്ലേ മോളെ എന്നും പറഞ്ഞു ചായ പരിപാടി തുടങ്ങി. പാലും കുറച്ചു വെള്ളവും ചേര്‍ത്ത് തിളപ്പിച്ച്‌ അതില്‍ പഞ്ചാര ഇട്ടിളക്കി ഒരു ഗ്ലാസിലേക്ക് ആറ്റി ഒഴിച്ച് എന്‍റെ കയ്യില്‍ തന്നിട്ട് പറഞ്ഞു “ഇതെന്നെ പാല്‍ ചായ കൊണ്ടോയ് കൊടുക്ക്‌” ”ഇത് പാലും വെള്ളം അല്ലേ ഇത്താത്ത...” “രണ്ടും ഒന്നെന്നെ, കെട്ടിച്ചോടുത്ത് ചെന്നിട്ട് ഇതൊന്നും അറിയില്ലാന്ന് പറഞ്ഞാ മോശാണ്...” അന്ന് കണ്ടെങ്കിലും ഇതുവരെ എനിക്ക് പാല്‍ ചായ ആര്‍ക്കും ഉണ്ടാക്കേണ്ടി വന്നിട്ടില്ല പക്ഷേ ചായയില്‍ പാലൊഴിക്കുമ്പോള്‍ ഇത്താത്താനെ ഓര്‍ക്കും...

Photo Courtesy - Omar Sherif


കാറും, ബസ്സും ലോറിയും ഒന്നും വേണ്ട ആഞ്ഞു നടന്നാല്‍ എത്താവുന്ന ദൂരത്താണ് ചെറുകര. എന്നിട്ടും ആ പുലാമന്തോള്‍ പാലം കടന്നാല്‍ ജില്ല മാത്രമല്ല ഭാഷയും ഭക്ഷണവും എല്ലാം തലതിരിയും.ബിരിയാണിയില്‍ സാമ്പാര്‍ ഒഴിച്ച് കഴിക്കുന്നവരല്ലേ പാലക്കാട്ടുക്കാര്‍” എന്നത് സ്ഥിരമായി ചെറുകര വട്ക്കിണി (അടുക്കള) കോലായില്‍ ഞാന്‍ കേള്‍ക്കാറുണ്ട്. പൊണ്ണന്‍കായ, വഴുതനങ്ങ(കത്രിക്കായ്‌), കാരറ്റ്, ഉരുളക്കിഴങ്ങ്, വലിയ ഉള്ളി, കുമ്പളങ്ങ, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ക്കൊപ്പം പരിപ്പും, കടലപ്പരിപ്പും മാട്ടിറച്ചിയുടെ കൊഴുപ്പും ചേര്‍ത്ത് ഉണ്ടാക്കുന്ന “കായച്ചാറും” കുമ്പളങ്ങ മിട്ടായിയും പാലക്കാടന്‍ കല്യാണാഘോഷങ്ങളുടെ പ്രത്യേകതയാണ്‌. തലേന്ന് വെച്ച കായച്ചാര്‍ പിറ്റേന്ന് രാവിലെ പത്തിരിക്കോ അപ്പത്തിനോ കൂട്ടി കഴിക്കുമ്പോഴാണ് ടേസ്റ്റ് കൂടുതല്‍.. ഇക്കാര്യം സമ്മതിച്ചു തന്നാലും ബിരിയാണിയില്‍ കായച്ചാര്‍ ഒഴിച്ച് കഴിക്കുന്നത്‌ ആലോചിച്ചാല്‍ തന്നെ ചെറുകര വീട്ടിലുള്ളവര്‍ക്ക് ദഹനക്കേടാവും!

ഒഴിവിന് നാട്ടിലെത്തുമ്പോള്‍ പാലക്കാട് യാത്ര നിര്‍ബ്ബന്ധമാണ്. വിളിച്ചു പറഞ്ഞിട്ടാണ് പോകുന്നതെങ്കില്‍ “കയ്മ” ഉണ്ടാക്കി വെക്കണം എന്ന് പറയാന്‍ മറക്കാറില്ല. കയ്മയുടെ ഇറച്ചിയും,   മസാലയും, തേങ്ങയും ചേര്‍ത്ത് നന്നായി അരച്ചെടുത്ത് ഉരുളകളാക്കി കൈയില്‍ വെച്ച് ഒന്ന് അമര്‍ത്തി വട്ടത്തിലാക്കി പൊരിച്ചെടുക്കുന്നതാണ് “കയ്മ”. ഇറച്ചിയൊക്കെ അവിടെയുള്ള കടക്കാര്‍ അതിന്‍റെ പാകത്തിനും മട്ടത്തിനും കൊത്തി തരും. പരിപ്പു ചേര്‍ത്ത ഉരുളക്കിഴങ്ങ് കറിയുടെയും, കയ്മയുടെയും രുചിയോടൊപ്പം ഓര്‍മ്മ വരിക പാലക്കാടന്‍ കാറ്റ് പോലെ തൊട്ടു തലോടി പോകുന്ന ഉമ്മയുടെ തറവാട്ടിലെ എന്‍റെ ബാല്യമാണ്. ഭക്ഷണ സമയത്ത് അടുക്കളയില്‍ വട്ടത്തില്‍ പലകയിടും. ചുമരിനോട് ചേര്‍ന്ന് കുറച്ച് ഉയരത്തില്‍ ഉള്ള പലക ഇമ്മിച്ചി(ഉമ്മാന്റെ ഉമ്മ)യുടേതാണ്. അതിന് ചുറ്റുമാണ് മറ്റു പലകകള്‍ ഇടുക. മക്കളും മരുമക്കളും പേരകുട്ടികളും എല്ലാവരും ഒന്നിച്ചു ചുറ്റിലും ഇരുന്നു കഴിക്കുന്നതായിരുന്നു ഇമ്മിച്ചിക്ക് ഇഷ്ടവും. സ്കൂള്‍ അവധിക്കേ ഇങ്ങിനെ തരപ്പെടൂ. തിരുവേഗപ്പുറയില്‍ നിന്ന് ഉവ്വാമ്മയും മഞ്ചുവും, പട്ടാമ്പിയില്‍ നിന്ന് ഞങ്ങളും എത്തിയാല്‍ പെരപൊളിച്ച് പന്തലിടാനുള്ള സംഘ ബലമായി.  



പകലത്തെ ഞങ്ങളുടെ അദ്ധ്വാനത്തിനിടക്കാണ് ഉച്ചയൂണ് എന്ന മാമ്മാങ്കം. കൈ കഴുകിയാല്‍ കഴുകി ഇല്ലെങ്കില്‍ ഇല്ല എന്ന മട്ടില്‍ പലകയില്‍ വന്നൊറ്റ ഇരിപ്പാണ്. പിന്നെ പപ്പടം, കറി, ഉപ്പേരി, കയ്മ, ചോറ് കുറച്ച്മതി, വെള്ളം.... അങ്ങിനെ നീളും ഒച്ചപ്പാടുകള്‍. ഇടയ്ക്കു “എനിക്ക് മാത്രം കിട്ടിയില്ലാ”ന്നുള്ള ചിണുങ്ങി കരച്ചിലുകള്‍, ശാസനകള്‍... ചമ്മന്തി അരച്ചിട്ടുണ്ടെങ്കില്‍ അമ്മിയില്‍ ചൂടുള്ള ചോറ് ഇട്ടു ഉരുട്ടി ഉരുളകളാക്കി  വെച്ചിട്ടുണ്ടാകും. ഞാന്‍ ആ ഉരുളക്കും വായ്‌ തുറക്കും. ചോറുണ്ട് കഴിഞ്ഞാല്‍ വീണ്ടും കളി. വൈകുന്നേരം പൈപ്പിന്‍ ചുവട്ടില്‍ നിന്ന് കുളിച്ച് കയറുന്നത് വരെ മിറ്റത്തെ തിരക്കൊഴിയില്ല. മഗിരിബിക്ക് ഇമ്മച്ചി എല്ലാവരോടും പൂമുഖത്ത് ഇരുന്നു പഠിച്ചത് ഓതാന്‍ പറയും. അതിനിടയിലും അടിയും നുള്ളലും മേമ്പൊടിയായി ഉണ്ടാകും. ഇശാ നിസ്കാരം കഴിഞ്ഞാല്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും ഉവ്വാമ്മ ചോറ്  വാരിത്തരും. ഉമ്മയെക്കാള്‍ ഏറെ ചോറ് എനിക്ക് വാരി തന്നിട്ടുള്ളതും, എന്‍റെ എല്ലാ വാശികള്‍ക്കും കൂട്ട് നിന്നിട്ടുള്ളതും ഉവ്വാമ്മയാണ്. “മോളെ രണ്ടുരുള വാരിത്തരട്ടെ...”യെന്നു ചോദിക്കാന്‍ മാത്രമായെങ്കിലും എനിക്കെന്‍റെ ഉവ്വാമ്മാനെ തിരിച്ചു കിട്ടിയെങ്കില്‍.. പല രുചികളും അനുഭവിച്ചറിഞ്ഞ നാവിന്‍തുമ്പില്‍ മരണംവരെ ബാക്കിയാവുന്ന വാത്സല്യം. പേരിനൊപ്പം ചേര്‍ത്ത് വെക്കുന്ന രുചി കൂട്ടുകള്‍ ഇന്ന് പലതും ഒരോര്‍മ്മ മാത്രമാണ്.

ഉമ്മയും ഉവ്വാമ്മയും രണ്ടു പേരും നന്നായി ഭക്ഷണം ഉണ്ടാക്കും. എല്ലാത്തരവും പരീക്ഷിക്കും. അവരെന്തുണ്ടാക്കുമ്പോഴും അടുക്കളയില്‍ ചുറ്റിപ്പറ്റി എന്‍റെ അനിയത്തി രാജിയുണ്ടാകും. ഏതുനേരവും ടേസ്റ്റ് നോക്കലാണ് അവളുടെ പ്രധാന ഹോബി. ടേസ്റ്റ് നോക്കി നോക്കി അവള്‍ ഒരിക്കല്‍ പാചകം പരീക്ഷിക്കാം എന്ന തീരുമാനമെടുത്തത് ഞാന്‍ അറിഞ്ഞില്ല. മൂത്തമോനെ പ്രസവിക്കാന്‍ വേണ്ടി ഞാന്‍ നാട്ടില്‍ എത്തിയതായിരുന്നു. പ്രസവ സമയം അടുത്തിരിന്നു. അല്ലറചില്ലറ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നേരത്തേ അഡ്മിറ്റ്‌ ചെയ്യാം എന്ന് ഡോക്ടര്‍ ഉപ്പാനോട് പറഞ്ഞിരുന്നതിനാല്‍ എല്ലാവരും ആശുപത്രിയില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. എനിക്കാണെങ്കില്‍ കുറേശെ വേദനയും ഉണ്ട്. ഡോക്ടര്‍ റൌണ്ട്സിനു വരുമ്പോഴേക്കും ആശുപത്രിയിലേത്താം എന്ന് ഉപ്പ പറഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്ന് ഒരു ദയനീയ സ്വരം. “പ്ലീസ് ആരും പോകല്ലേ ഞാന്‍ കുഞ്ഞാത്താക്ക് സ്പെഷ്യല്‍ റവ ബിരിയാണി ഉണ്ടാക്കേണെ...” ഞാന്‍ അതിലും ദയനീയമായി ഉവ്വാമ്മാനേയും ഉമ്മാനേയും നോക്കി. ബിരിയാണി പോയിട്ട് ഒരു ഗ്ലാസ്‌ വെള്ളം പോലും ആസ്വദിക്കാനുള്ള മാനസീകാവസ്ഥ എനിക്കില്ലായിരുന്നു. “രാജിമോളെ അത് കുഞ്ഞാത്ത പിന്നെ കഴിച്ചോളും...” എന്ന് ഉവ്വാമ്മ പറഞ്ഞു. ആര് കേള്‍ക്കാന്‍! അവള്‍ ഉറച്ച തീരുമാനത്തില്‍ തന്നെയാണ്. അവളുണ്ടാക്കിയ “റവ ബിരിയാണി” കഴിച്ചിട്ട് മതി പ്രസവം...വയറ്റില്‍ കിടക്കുന്ന കുഞ്ഞിനോട് കാര്യം പറഞ്ഞു, “മോനെ ധൃതി കൂട്ടരുത്, നിന്‍റെ മേമ്മ ഉണ്ടാക്കുന്ന റവ ബിരിയാണി കഴിക്കാതെ രക്ഷയില്ല...” ഒടുവില്‍ റവ ബിരിയാണി എത്തി. ഞാന്‍ കഴിച്ചെങ്കിലും ഓര്‍മ്മയില്‍ റവ ബിരിയാണിയുടെ രുചിയില്ല, മറിച്ച് അടുക്കളയില്‍ ചട്ടുകം പിടിച്ചു നില്‍ക്കുന്ന രാജിമോളുടെ രൂപമാണ്.

അരീരപ്പം


എന്‍റെ മക്കള്‍ അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണത്തിന്‍റെ കാര്യം പറയുമ്പോള്‍ അതവര്‍ക്ക് ഉണ്ടാക്കി കൊടുത്ത ആളുടെ പേരും കൂട്ടത്തില്‍ ചേര്‍ക്കും. വടിച്ച് കളയാതെ നാവിന്‍തുമ്പില്‍ കൊണ്ടുനടക്കുന്ന ആ രുചികള്‍ക്ക് ഒരു മാറ്റവും വരരുത്  എന്നായിരിക്കും അവരുടെ മനസ്സില്‍ എന്നെനിക്ക് തോന്നാറുണ്ട്. എന്‍റെ ഉമ്മ ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് ഏറെയിഷ്ടം അപ്പവും, മാങ്ങ അച്ചാറും, അരീരപ്പവുമാണ്. ഇതിനെല്ലാം അവരുടെ സ്പെഷ്യല്‍ പേരുകളുമുണ്ട്. മിന്നിമ്മാടെ അച്ചാര്‍, വൈറ്റ് നൂഡില്‍സ്(നൂല്‍പുട്ട്), മിന്നിമ്മാടെ ഡോനട്ട്. പച്ചരി തരുതരിപ്പായി പൊടിച്ചതില്‍ തേങ്ങയും ശര്‍ക്കര പാവും ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി കയ്യില്‍ വെച്ചമ്മര്‍ത്തി അതിന്റെ നടുവില്‍ ചെറുവിരല്‍ കൊണ്ടൊരു കുഴിയുണ്ടാക്കുന്നു. ഇത് എണ്ണ പലഹാരമാണ്. ഇരുപ്പത്തിയേഴാം രാവിനും, പെരുന്നാളിനും പണ്ട് പ്രത്യേകമായി ഉണ്ടാക്കിയിരുന്നു. കുട്ടികള്‍ ചെല്ലുമ്പോഴേക്കും ഉമ്മ ഇതുണ്ടാക്കി ടിനുകളില്‍ നിറച്ച് വെക്കും. സൗദിയില്‍ ആയിരുന്നപ്പോള്‍ അങ്ങോട്ട്‌ കൊടുത്തയക്കുകയും ചെയ്തിരുന്നു. ഉമ്മച്ചി (ഹുസൈന്‍റെ ഉമ്മ) ഉണ്ടാക്കി കൊടുക്കുന്ന ചിക്കന്‍ കറിയും, പഴമ്പൊരിയും, അവര്‍ക്കിഷ്ടമാണ്. ഭാഗ്യത്തിന്, രാജിമേമ്മാന്‍റെ റവ ബിരിയാണി ഇതുവരെ മക്കള്‍ ചോദിച്ചിട്ടില്ല...

പത്തിരി പണി 


പാലത്തിന്‍റെ അപ്പുറവും ഇപ്പുറവും പത്തിരിക്ക് മാത്രം മാറ്റമില്ല. ബാക്കിയെല്ലാം തന്നെ വ്യത്യസ്തമാണ്. ഗരംമസാലയുടെ ഉപയോഗം നന്നേ കുറവാണ് ചെറുകരയില്‍. ഇപ്പോള്‍ മാറ്റമുണ്ടെങ്കിലും ഉമ്മയുള്ള കാലത്ത് തീരെ കുറവായിരുന്നു. എങ്കിലും ഉമ്മയുണ്ടാക്കുന്ന നാടന്‍ കറികളുടെയും കല്‍ത്തപ്പത്തിന്‍റെയും സ്വാദ്‌ ഒന്നുവേറെയായിരുന്നു. ചെറിയ ജീരകവും, ഉള്ളിയും, മല്ലി പൊടിയും ചേര്‍ത്ത് അരച്ച് തേങ്ങാപ്പാല്‍ ഒഴിച്ച്‌ വെക്കുന്ന കോഴി കറിയും പത്തിരിയും...എത്ര പത്തിരിയാണ് കഴിക്കുന്നത്‌ എന്നതിന് ഒരു നിശ്ചയവും ഉണ്ടാവൂല. എണ്ണം തെറ്റിയാലും വയറു നിറയില്ല. കല്‍ത്തപ്പവും ഞാനും രണ്ടു വഴിക്കാണ് ഇപ്പോഴും. ചേരുംപടി ചേര്‍ക്കാന്‍ ശ്രമിച്ചു ഞാന്‍ സുല്ലിട്ടു. അതിനാല്‍ നാട്ടില്‍ എത്തിയാല്‍ നാത്തൂനോട് ഉണ്ടാക്കി തരാന്‍ പറയും, പരാതിയില്ല എനിക്കും കല്‍ത്തപ്പത്തിനും! ചീനാപറങ്കി(കാന്താരിമുളക്)യും നാരങ്ങയും സുര്‍ക്കയില്‍ ഇട്ടു വെക്കുന്ന അച്ചാര്‍, നീളന്‍ പയറു കൊണ്ടുള്ള ഉപ്പേരി, കൊയ്ത്ത പൊരിച്ചത്, കുമ്പളങ്ങ ചേര്‍ത്ത് വെക്കുന്ന ബീഫ്‌, വൈകുന്നേരം ചായക്ക് കടിക്കാന്‍ ഉണ്ടാക്കുന്ന ഇലയട, എള്ളുണ്ട എന്നിവ എനിക്കിഷ്ടമാണെങ്കിലും പന്തയത്തില്‍ മല്ലികയെ വെല്ലാന്‍ കറിക്ക് പോലും കഴിയില്ല...

ദോശ ഇഡലി, വെള്ളപ്പം, ഉപ്പുമാവ്, കലക്കി പാര്‍ന്ന അപ്പം, പുട്ട്, നൂല്‍പുട്ട് എന്നീ വിഭവങ്ങള്‍ രാവിലെ കഴിച്ച് ശീലിച്ച എനിക്ക് മല്ലിക ഒരു പുതുമ തന്നെയായിരുന്നു. പേരിന്‍റെ പ്രത്യേകതയായിരുന്നു പ്രധാന ആകര്‍ഷണം. ചെറിയ ഉള്ളി എണ്ണയില്‍ തൂമിച്ച് അതില്‍ പുട്ടിന്‍റെ പൊടി നനച്ചത് ഇട്ട് പൊടി വേവുന്നത് വരെ ഇളക്കി എടുത്ത് തേങ്ങ ചിരവിയതും പഞ്ചാരയും ചേര്‍ത്തതാണ് “മല്ലിക”. അല്ലാതെ മുറ്റത്ത്‌ നില്‍ക്കുന്ന മല്ലിക പൂവല്ല. “കടിക്കിന്ന്  മല്ലിക”യാണെന്ന് ആദ്യം കേട്ടപ്പോള്‍ തോന്നിയ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല.

ചെറുകരയിലെ വെല്ലിപ്പ മരിച്ച കൊല്ലം തികയലിനോട് അനുബന്ധിച്ച്‌ എളാപ്പാടെ വീട്ടില്‍ വെച്ച് നടത്തിയ മൌലൂദ് എന്ന കാര്യ പരിപാടിയിലാണ് ഞാന്‍ കറി കണ്ടത്. അതവിടെ കാണുന്നത് വരെ ഞാന്‍ കരുതിയത്‌ എന്‍റെ വെല്ലിമ്മാക്ക് മാത്രം ഉണ്ടാക്കാന്‍ അറിയുന്ന ഒരു സ്പെഷ്യല്‍ പായസം ആണെന്നാണ്‌. അരിപ്പൊടി വേവിച്ച് അതില്‍ ശര്‍ക്കര ഉരുക്കി ഒഴിച്ചതും ചുക്കുപൊടിയും തേങ്ങ ചിരവിയതും ചേര്‍ത്ത് ഉണ്ടാകുന്ന ഒരു മധുര വിഭവമാണ് കറി. മൌലൂദിനും, അടിയന്തിരത്തിനുമാണ് ഇത് കാര്യമായിട്ടു ഉണ്ടാക്കുക. "എന്‍റെ കറി കുടിക്കാന്‍ തിടുക്കായോ" എന്നൊക്കെ   കറിയെ മരണവുമായി  ബന്ധപ്പെടുത്തി ഇവിടങ്ങളില്‍ പറയാറുണ്ട് . 

സൗദിയില്‍ എത്തിയതിനു ശേഷമാണ് അടുക്കളയുമായി ഞാന്‍ ചങ്ങാത്തം കൂടാന്‍ ശ്രമിച്ചത്. ഫോണ്‍ സൗകര്യം ഇല്ലാത്തത് കൊണ്ട് സംശയം ചോദിച്ചു എഴുതുന്ന കത്ത് കിട്ടുക ഒരുമാസം കഴിഞ്ഞായിരിക്കും. അപ്പോഴേക്കും ഞാന്‍ തന്നെ എന്‍റെ രീതിയില്‍ മലപ്പുറവും പാലക്കാടും ചേര്‍ന്ന ഒരു “മലക്കാട്” സ്പെഷ്യല്‍ ഉണ്ടാക്കിയെടുക്കും. കഷായം കുടിക്കുന്ന ചേല്ക്ക് കട്ടന്‍ ചായ കുടിച്ചിരുന്ന ഞാന്‍ സുലൈമാനിയിലെ മുഹബ്ബത്ത് അറിഞ്ഞതും സൗദിയില്‍ വെച്ചാണ്. 

മമ്മ ഏദനും ഞാനും 


റിയാദില്‍ എരിത്രിയന്‍ സ്കൂളില്‍ എന്‍റെ കൂടെ ജോലിചെയ്തിരുന്ന “മമ്മ ഏദന്‍” ഉണ്ടാക്കി തരുന്ന ചായയില്‍ അവരുടെ സ്നേഹവും അലിഞ്ഞുചേര്‍ന്നിരുന്നു. അവരോടൊപ്പം എരിത്രിയന്‍ അപ്പമായ “ഹംബാഷ” നിര്‍ബന്ധിച്ച് കഴിപ്പിക്കും. ഇത്രയൊക്കെ ജോലി ചെയ്യുന്നതല്ലേ വിശക്കും എന്നാണു മമ്മയുടെ പക്ഷം. ഒരു നേരമാണെങ്കിലും ഭക്ഷണം തന്നവരെ മറക്കരുത് എന്ന് ഉമ്മ എപ്പോഴും പറയും.   കൂടെപ്പിറപ്പിനെ പോലെ എന്നെ സ്നേഹിച്ച അവരുള്ളപ്പോള്‍ വിശപ്പ്‌ ഞാന്‍ അറിഞ്ഞിരുന്നില്ല. ടിഗ്രിന്യയും, അറബിയും കുറച്ചു ഇംഗ്ലീഷും കലര്‍ത്തിയാണ് എന്നോട് അവര്‍ സംസാരിച്ചിരുന്നത്. മൂന്നു വര്ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും രാവിലെ പതിനൊന്ന് മണിക്ക് വയറു വിശന്നാല്‍ ഓര്‍മ്മ വരിക മമ്മ ഏദനെയാണ്, ഒപ്പം മമ്മയുടെ നിറഞ്ഞ കണ്ണുകളെയും. ആ സ്കൂളില്‍ അവരുടെ കൂടെയുണ്ടായിരുന്ന എല്‍സയും സമീറയും മരണത്തിന് കീഴടങ്ങി എന്നറിഞ്ഞപ്പോള്‍ ഞാന്‍ കാണാന്‍ ആഗ്രഹിച്ചത്‌ അവരെയാണ്. മനസ്സിനുള്ളില്‍ അടക്കി വെച്ചത് പറയാനും,  ആ ഭാരമൊന്നു ഇറക്കി വെക്കാനും ഏതു മനുഷ്യനും വേണ്ടത് ഒരു അത്താണിയല്ലേ.. അവിടെ ഭാഷക്ക് എന്ത് പ്രസക്തി? അതാണല്ലോ, ഒരിക്കല്‍ ബസ്സ് യാത്രക്കിടയില്‍ അടുത്തിരുന്ന ഒരു യാത്രക്കാരന്‍ എന്നോട് ചോദിച്ചത് സോഷ്യല്‍ മീഡിയകളിലെ സ്ക്രീനില്‍ കാണുന്ന സുഹൃത്തുക്കള്‍ അല്ലാതെ നിന്‍റെ കണ്ണുകളിലേക്ക് നോക്കി നിന്നോട് സംസാരിക്കുന്ന സുഹൃത്തുക്കള്‍ നിനക്കുണ്ടോ എന്ന്? “ഉണ്ട് ചങ്ങാതിയെന്ന” എന്‍റെ ഉത്തരം കേട്ടപ്പോള്‍, “എനിക്കതില്ല” എന്നും പറഞ്ഞു വഴിയില്‍ ഇറങ്ങിയ അയാളുടെ വേദനമുഴുവന്‍ ആ മറുപടിയില്‍ ഒതുക്കിയിരുന്നു...

ചേരയെ തിന്നുന്ന നാട്ടിലെത്തിയാല്‍ അത് പോലെ എന്ന് പറയാറുണ്ടെങ്കിലും എനിക്ക് അതിനു ഇതുവരെ സാധിച്ചിട്ടില്ല. എവിടെയാണെങ്കിലും മൂന്ന് ദിവസത്തില്‍ കൂടുതല്‍ തൈരും ചോറും ഇല്ലാതെ എനിക്ക് പിടിച്ചു നില്‍ക്കാനാവില്ല. 2008 ല്‍ കാനഡയില്‍ എത്തിയപ്പോള്‍ ചോറും തൈരും കിട്ടിയില്ലെങ്കില്‍ തിരിച്ചു റിയാദിലേക്ക് പോകാമെന്ന് പറഞ്ഞതിന് എന്നെ കളിയാക്കാറുണ്ട് മക്കളും ഹുസൈനും... വിവിധ ദേശക്കാരും ഭാഷക്കാരും കുടിയേറിയ കാനഡയില്‍ എല്ലാവര്‍ക്കും എല്ലാ ഭക്ഷണവും പ്രിയങ്കരമായിരിക്കുന്നുവെന്ന ലഞ്ച് റൂം കമന്റ് സത്യമാണെന്ന് തോന്നാറുണ്ട് ചിലപ്പോള്‍. എന്നാലും നാവില്‍നിന്നും മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ രുചിയുടെ വേരുകള്‍ക്ക് സ്നേഹബന്ധങ്ങളുടെ ബലമാണേറെയും..  

73 comments:

  1. നിലമ്പൂരും കരുവാരകുണ്ടും മലപ്പുറം ജില്ലയിലാണ്.എന്നിട്ടും എന്റെ വീട്ടിലേയും വിവാഹം കഴിഞ്ഞു വന്ന വീട്ടിലേയും ഭക്ഷണവും സംസാര രീതിയും ചുറ്റുപാടുകളും എത്ര വ്യത്യാസമാണെന്നോ..മനോഹരമായി എഴുതിയിരിക്കുന്നു .(y)

    ReplyDelete
    Replies
    1. നന്ദി ഇത്താ വായനക്കും അഭിപ്രായത്തിനും... :)

      Delete
  2. ഇത് കേമമായി.. എന്‍റെ വയറു നിറഞ്ഞു. .. ഇടക്കിടെ വായിച്ചു സന്തോഷിക്കാന്‍ പറ്റിയ ഒരു പോസ്റ്റായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍ മുബീ..

    ReplyDelete
    Replies
    1. സന്തോഷായി എച്ച്മു...

      Delete
  3. ഇത് തകര്‍ത്തു ...പോസ്റ്റ്‌ വായിച്ചു കഴിയുന്നത്‌ വരെ നാട്ടില്‍ തന്നെ ആയിരുന്നു ....
    ഫുഡ്‌ എപ്പോളും ഒരു വീക്ക്‌നെസ് തന്നെ ....

    ReplyDelete
    Replies
    1. നമ്മള്‍ ശീലിച്ച ഭക്ഷണം കിട്ടിയില്ലെങ്കിലും ഓര്‍ത്താല്‍ തന്നെ വയറു നിറയും...

      Delete
  4. Ente ththaa...manoharam

    ReplyDelete
  5. എല്ലാത്തരം പഴയ വിഭവങ്ങളും വിളമ്പിയല്ലോ. ഞാന്‍ കഴിക്കാത്ത രുചികളായിരുന്നു അധികവും. ചിലതൊക്കെ പേരുകളിലെ മാറ്റങ്ങള്‍ ആവും അല്ലെ?,(കല്‍പ്പത്തപ്പം).ആ 'കയ്മ' എന്തായാലും കഴിക്കണം.
    സംഗതി ജോറായി.

    ReplyDelete
    Replies
    1. ഇഷ്ടായോ? പാലക്കാട്‌ വഴി യാത്രയുണ്ടെങ്കില്‍ ഒന്ന് ശ്രമിച്ചു നോക്കൂ...
      പലതും കഴിച്ചത് തന്നെയായിരിക്കും റാംജിയേട്ടാ, പലസ്ഥലത്തും പല പേരല്ലേ?

      Delete
  6. ചെറിയ അകലങ്ങൾ താണ്ടുമ്പോഴേക്കും, ഭക്ഷണശീലങ്ങളും ഭാഷയും മാറുന്നത് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് കേരളത്തിൽ ആണെന്നു തോന്നുന്നു. മുബിയുടെ പോസ്റ്റ് വായിച്ചപ്പോൾ അടുക്കളകളാണ് സംസ്കാരത്തിന്റെയും, നാഗരികതയുടേയും കളിത്തൊട്ടിലുകൾ എന്ന് തോന്നിപ്പോയി.... പലതരം ഭക്ഷണശീലങ്ങളിലൂടെ, കുട്ടിക്കാലത്തിലൂടെ, ബന്ധങ്ങളുടെ മൂല്യങ്ങളിലൂടെ കുറേ നല്ല ചിന്തകൾ മുബി പങ്കുവെച്ചു

    ReplyDelete
    Replies
    1. നന്ദി മാഷേ... സഹപ്രവര്‍ത്തകയോട് പറഞ്ഞു കൊടുക്കുമ്പോഴാണ് എനിക്ക് പോലും ഈ തിരിച്ചറിവുണ്ടായത് :)

      Delete
  7. മുബീ "നല്ല പാല്‍ചായ "!
    കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ മേല്‍പ്പറഞ്ഞ ഒരു വിഭവവും 'ഞങ്ങളുടെ നാട്ടില്‍' കണ്ടിട്ടും തിന്നിട്ടും ഇല്ല !
    ചമ്മന്തി അരച്ച അമ്മിയിലെ ചൂട് ചോറ് ഉരുളയുടെ സ്വാദ്‌ നാവിന്‍ തുമ്പില്‍ വന്നു ... എച്ച്മുകുട്ടി പറഞ്ഞ പോലെ വയര്‍ നിറഞ്ഞു!

    ReplyDelete
    Replies
    1. വയറു നിറഞ്ഞല്ലോ.... എന്‍റെ മനസ്സും, സന്തോഷായിട്ടോ....

      Delete
  8. അടിച്ചു പൊളിച്ചു.. പാല്‍ ചായ ഒത്തിരി ഇഷ്ടമായി..

    ReplyDelete
  9. രുചിയേറിയിട്ടുണ്ട്

    ReplyDelete
    Replies
    1. അജിത്തേട്ടാ, ഒത്തിരി സന്തോഷായി :) :)

      Delete
  10. അയ്യയ്യോ!! ഇക്കൊതിയൊക്കെ ഞാനിനി എവടെ കൊണ്ട് തീര്‍ക്കും :( എനിക്കും വേണം ഈ പറഞ്ഞതൊക്കെ.. കൊതിപ്പിച്ചല്ലോ മുബ്യെ :)

    ReplyDelete
    Replies
    1. ഹഹഹ ആ പാലം കടന്ന് ഇങ്ങോട്ട് പോരെ, കുറച്ചൊക്കെ നമുക്ക് ശ്രമിക്കാം :) :)

      Delete
  11. ഇത്തരം ഓര്‍മ്മകളിലൂടെ ഇതള്‍ വിരിയുന്നത്,ദേശത്തിന്റെയും ജനങ്ങളുടെയും ചരിത്രം തന്നെയാണ്.മുബി ഭംഗിയായി എഴുതുന്നുണ്ട്.

    ReplyDelete
    Replies
    1. ശരിയാണ്.. നമ്മള്‍ പോലും മറന്നു പോകുന്ന കാര്യങ്ങള്‍!

      സ്നേഹം ഈ വാക്കുകള്‍ക്ക് :)

      Delete
  12. ശ്ശൊ .. വിശക്കുന്നു . നല്ല സ്വാദുള്ള എഴുത്ത് മുബി (y)
    nirmala

    ReplyDelete
    Replies
    1. നിര്‍മലേച്ചി... നന്ദി

      Delete
  13. ബ്ലാക്ക് വൈറ്റിലൂടെ കളർഫുള്ളായി
    സ്വന്തം നാട്ടിലെ രുചി വിഭവങ്ങളുമായി
    ഒരു യാത്ര നടത്തി ഈ മുബി എല്ലാവരേയും
    അങ്ങിനെ വല്ലാതെ കൊതിപ്പിച്ചു കളഞ്ഞല്ലൊ..!

    അഭിനന്ദനങ്ങൾ ഈ നൊസ്റ്റാൾജിക് എഴുത്തിനാണ് കേട്ടൊ

    ReplyDelete
    Replies
    1. എന്‍റെ ഓര്‍മ്മയില്‍ ഉള്ളതാണ് ഞാന്‍ ഇവിടെ പകര്‍ത്തിയത്. മറഞ്ഞു പോയ വേറെയെത്ര രുചികളുണ്ടാവും എനിക്കറിയാത്തതായി...

      സന്തോഷായിട്ടോ :)

      Delete
  14. കുട്ടിക്കാലത്തെ അപ്പത്തരങ്ങളുടെ സ്വാദ് മനസ്സില്‍ കയറിക്കൂടി, ഓര്‍മ്മകളുടെ മധുരം നുണയാന്‍ കഴിയുന്നുണ്ട് ഈ വരികളില്‍ .ഏതാനും ദിവസം മുമ്പ് ഒരു മരണയടിയന്തിരത്തിന് വീണ്ടും ഈ "കറി" കുടിച്ചു. നമ്മുടെ ഭാഗങ്ങളില്‍ ഇപ്പോഴും ഇതെല്ലാം നിലനിന്നു പോരുന്നുണ്ട്.
    ആശംസകളോടെ

    ReplyDelete
    Replies
    1. ചിലതൊന്നും പെട്ടെന്ന് മാറ്റാന്‍ പറ്റില്ലല്ലോ അത് കൊണ്ടാവും ഇക്കാ...

      Delete
  15. നാവിന്‍ തുമ്പില്‍ നിന്നും മനസ്സിലേക്കാഴ്ന്നിറങ്ങുന്ന മുബിയുടെ രുചികള്‍ എന്നെ കൊണ്ടുപോയത് ഓര്‍മ്മകളുറങ്ങുന്ന ആത്മാവിലേക്കാണ്. ഒരുപാട് നാളുകളായി ഓര്‍ക്കാന്‍ പോലും ഞാന്‍ മറന്ന പല രുചികളും ഓര്‍മ്മിപ്പിച്ച ഈ പോസ്റ്റ് മനോഹരം.

    ReplyDelete
    Replies
    1. ഓര്‍ക്കാന്‍ പോലും മറന്ന രുചികളെ ഓര്‍മ്മിപ്പിക്കാന്‍ ആയി എന്‍റെ കുറിപ്പിന് എന്ന് കേട്ടതില്‍ സന്തോഷം തോന്നുന്നു ഷേയ...
      നന്ദി :)

      Delete
  16. പോയ കാലത്തിന്റെ ഓർമപ്പെടുത്തലുകൾ, ആസ്വദിച്ചു വായിച്ചു... പക്ഷെ ഓർമകൾ ഇത്രയും വിഭവ സമ്രദ്ധമായിരുന്നില്ല.....

    ReplyDelete
  17. Mubi,
    Kalakki....palakkadan biriyani with kayakkari was always a surprise for me...since my sister was married to palakkad....nice written..

    ReplyDelete
  18. കേമായിട്ടുണ്ട് മുബീ,പക്ഷെ വായിൽ വെള്ളമൂരിയിട്ടു വയ്യ.. ഒടുവില്‍ റവ ബിരിയാണി എത്തി. ഞാന്‍ കഴിച്ചെങ്കിലും ഓര്‍മ്മയില്‍ റവ ബിരിയാണിയുടെ രുചിയില്ല, മറിച്ച് അടുക്കളയില്‍ ചട്ടുകം പിടിച്ചു നില്‍ക്കുന്ന രാജിമോളുടെ രൂപമാണ്)ആ പാവത്തിന്റെ പ്രസവം തടഞ്ഞു നിർത്താനുള്ള കഴിവ് ഓർത്ത് ഓർത്ത് ചിരി അടക്കാനും പറ്റുനില്ല :D :D

    ReplyDelete
    Replies
    1. കൊതിച്ചി! സന്തോഷം, വായനക്കും വരികള്‍ക്കും....

      ഒന്നൂടെ, പുതിയ സംരംഭമായ Raihana's Kitchen ന് എല്ലാ വിധ ഭാവുകങ്ങളും :)

      Delete
  19. Replies
    1. ഇവിടെ കണ്ടതില്‍ സന്തോഷം പ്രദീപ്‌...

      Delete
  20. kazhinjo kozhinjo poya kaalangal aksharangalileku pakarthumbol athinu veendum jeeven vekkunu ...maranamillathe.. orutharam ressurection...thirakkeriya jeevithathil ithalaam aduthathalamurayku kaimaraathe namal viplavam paranju swartherayoo mubi...

    ReplyDelete
    Replies
    1. കൂട്ടുകാരിയുടെ പ്രിയപ്പെട്ട വാക്കുകള്‍ ഏറെ ഹൃദ്യം... നന്ദി ലെസിന്‍

      Delete
  21. പോയകാലത്തിന്റെ ചാരുതയിലെക്കുള്ള ഈ കൂട്ടി കൊണ്ടുപോകല്‍ ഒരുപാട് ആസ്വദിച്ചു
    ഇഷ്ടം
    ഭാവുകങ്ങള്‍ മുബി

    ReplyDelete
  22. രുചിയൂറുന്ന എഴുത്ത്. പ്രവാസത്തിന്റെ അടുക്കളയില്‍ നാടന്‍ വിഭവങ്ങളുടെ ഓര്‍മകള്‍ക്ക് പോലും അസാധ്യ ടേയ്സ്റ്റാണ്. അനിയത്തിയുടെ റവ ബിരിയാണി അല്പം ചിരിപ്പിച്ചു. മനസ്സിലിത്തിരി കൊളുത്തി വലിക്കുകയും ചെയ്തു.

    ReplyDelete
    Replies
    1. എന്‍റെ അടുക്കള വിശേഷങ്ങള്‍ കേള്‍ക്കാന്‍ കൂടിയല്ലോ... സന്തോഷം :)

      Delete
  23. നല്ല രുചിയുണ്ട് മുബി എഴുത്തിനു ..

    ReplyDelete
  24. അതങ്ങനെയാണ് മുബീത്താ.. എങ്ങനെ ആയി? എന്ന് ചോദിച്ചാൽ അങ്ങനെ ആയി... അപ്പം തിന്നാൽ പോരെ, കുഴി എണ്ണണോ? ഓർമ്മകളാകുന്നു ജീവിതത്തിലെ ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണം..!

    ReplyDelete
    Replies
    1. അതെ റൈനി... വായിച്ചതില്‍ സന്തോഷം :)

      Delete
  25. ഇഷ്ടമായ്............
    എല്ലാ വിഭവങ്ങളും..
    ആശംസകള്‍........................

    ReplyDelete
    Replies
    1. അക്കാകുക്ക, ഞാന്‍ ഹാപ്പിയായി :)

      നന്ദി..

      Delete
    2. വിഭവസമൃദ്ധം!
      ആശംസകൾ.

      Delete
  26. അതേ ....സന്തോഷായി ട്ടോ മുബീ .
    പട്ടിണി കിടക്കുന്ന എന്റെ മണ്ടക്ക് ചവിട്ടിയ പോലെ ആയി .
    ഒരു മേശപ്പുറത്ത് എല്ലാ പലഹാരവും നിരത്തി വെച്ച പോലുള്ള വിശേഷങ്ങൾ . ഭാഷയിലും സംസ്കാരത്തിലും തുടങ്ങി രുചിയിലൂടെ , ബന്ധങ്ങളിലൂടെ നീണ്ടു പോയ വിശേഷങ്ങൾ . എനിക്ക് തോന്നുന്നു മുബിയുടെ നല്ലൊരു പോസ്റ്റ്‌ ആണ് ഇതെന്ന് .
    വൈകിയ വായനക്ക് ക്ഷമ ചോദിക്കുന്നു

    ReplyDelete
    Replies
    1. പട്ടിണി കിടക്കുന്ന എന്റെ മണ്ടക്ക് ചവിട്ടിയ പോലെ ആയി.. ഹഹഹ അപ്പത്തരങ്ങള്‍ ആലോചിച്ച് ഉറക്കം പോയോ?

      തിരക്കിനിടയിലും വന്നു വായിച്ചല്ലോ, നന്ദി മന്‍സൂര്‍

      Delete
  27. "ഒരു നേരമാണെങ്കിലും ഭക്ഷണം തന്നവരെ മറക്കരുത് എന്ന് ഉമ്മ എപ്പോഴും പറയും"

    ചെരുകരയിലെ വിഭവങ്ങളെ എല്ലാം ഓർമിപ്പിച്ചു, ഇപ്പോ ആ രുചിയൊന്നും പഴയ പോലെ ഇല്ല. നന്നായി എഴുതി.

    ReplyDelete
    Replies
    1. നാട്ടിലെ അടുക്കളയും വീതനയും ഒക്കെ ഓര്‍മ്മ വന്നൂല്ലേ നിസു? :)

      Delete
  28. മുബിയുടെ ബ്ലോഗില്‍ വന്നാല്‍ വായന മുഷിയില്ല , രുചികൂട്ടങ്ങളുടെ ഈ വിവരണം ഏറെ ഇഷ്ടായി . അതിനേക്കാള്‍ ഇഷ്ടായത് ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റിയതാ , കണ്ണിനു സ്ട്രൈന്‍ ഇല്ലാതെ വായിക്കാന്‍ കഴിയുന്നു ഇപ്പോള്‍ :) സൂപ്പര്‍ പോസ്റ്റ്‌

    ReplyDelete
    Replies
    1. ഇഷ്ടായല്ലോ അത് മതി. ഇതുവരെ വായിപ്പിച്ച് കണ്ണ് കേടുവരുത്തിയതിനു സോറി.. :(

      Delete
  29. “കടിക്കിന്ന് മല്ലിക”യാണെന്ന്...വായിച്ചു വായിച്ചു പോകാൻ രസം തോന്നുന്ന എഴുത്ത് .ഇഷ്ട്ടായി ഒരുപാടിഷ്ട്ടായി ..

    "സോഷ്യല്‍ മീഡിയകളിലെ സ്ക്രീനില്‍ കാണുന്ന സുഹൃത്തുക്കള്‍ അല്ലാതെ നിന്‍റെ കണ്ണുകളിലേക്ക് നോക്കി നിന്നോട് സംസാരിക്കുന്ന സുഹൃത്തുക്കള്‍ നിനക്കുണ്ടോ എന്ന്? “ഉണ്ട് ചങ്ങാതിയെന്ന” എന്‍റെ ഉത്തരം കേട്ടപ്പോള്‍, “എനിക്കതില്ല” എന്നും പറഞ്ഞു വഴിയില്‍ ഇറങ്ങിയ അയാളുടെ വേദന "

    ReplyDelete
    Replies
    1. നീലിമ, യാത്രക്കിടയില്‍ അതിശയിപ്പിക്കുന്ന ചിലരുണ്ട്. മറക്കാന്‍ കഴിയാതെ മനസ്സില്‍ അവരുടെ മുഖമുണ്ടാകും.. എന്‍റെ തീന്‍മേശയിലെ വിഭവങ്ങള്‍ ആസ്വദിച്ചതിന് നന്ദിട്ടോ :)

      Delete
  30. അതാണ്‌ .. ഞമ്മളെ പത്തിരിക്ക് മാത്രം മാറ്റമില്ല .... മുബിത്താടെ മഞ്ഞു നനവുള്ള തൂലികയില്‍ നിന്നും ഹൃദയ സ്പര്‍ശിയായ ഒരു വിഭവം കൂടെ.... ഇഷ്ട്ടം... :)

    ReplyDelete
    Replies
    1. ഷലീ.... സന്തോഷം :)

      Delete
    2. ഓഹ്! ഷലിയെ ഇവിടെ വെച്ച് പിടിത്തംകിട്ടി. എനിക്ക് ബ്ലോഗ് ലോകത്ത് ഏറ്റവും ഇഷ്ടപ്പെട്ട കവിയാണ്. ഇപ്പൊ കവിതയൊന്നും പോസ്റ്റുന്നില്ലേ?

      Delete
  31. രുചി അത് നാം ഇഷ്ടപ്പെട്ടവരോടൊപ്പം, ഇഷ്ടമുള്ള സാഹചര്യങ്ങളില്‍ ലഭിച്ചതൊക്കെയും ഓര്‍ത്തെടുക്കുമ്പോള്‍ അനുഭവിക്കാന്‍ കഴിയുന്നതാണ്. അതെ കുറച്ച് ദൂരങ്ങള്‍ക്കപ്പുറം നമ്മുടെ ഭാഷയും, രുചിഭേദങ്ങളും എത്ര വൈവിധ്യമേറുന്നു. മുബി പറഞ്ഞ പല വിഭവങ്ങളും എനിക്കപരിചിതമാണ്. പത്തിരി സുപരിചിതമാണ്. കയ്മ ഇപ്പോഴാണ് കേള്‍ക്കുന്നത്. കറിയുടെ ചൊല്ല് ഇവിടെയും കേട്ടിട്ടുണ്ട്.

    ReplyDelete
    Replies
    1. വിഭവങ്ങള്‍ രുചിച്ച് ഓര്‍മ്മകളില്‍ പങ്കാളിയായതില്‍ സന്തോഷം തുമ്പി...

      Delete
  32. ഇച്ചൊന്നും അറീല്ലേന്ന്‍ പറഞ്ഞ് തുടങ്ങി ഇച്ചര്‍യാത്തതൊന്നുംല്ല്യേന്ന്‍ പറയാതെ പറഞ്ഞുവെച്ച ഈ സ്വരക്കൂട്ടം എന്റെ മനസ്സിനെ നാടോര്‍മ്മകളിലെ വീടകത്തേക്ക് ഓസിന് പായിച്ചു. അവിടെയുണ്ട്, ഒരു പാത്തുമ്മയും റുബീനയും {ബേവി, അനിയത്തി} തമ്മില്‍ അടുക്കളയില്‍ ചട്ടിയുടക്കുന്നു. എഴുത്തിന് സ്നേഹം.

    ReplyDelete
    Replies
    1. സന്തോഷം നാമൂസ്‌...

      Delete
  33. രുചിക്കൂട്ടുകളുടെ രുചിയും ഭാഷയുടെ സൗന്ദര്യവും ചേർന്നപ്പോൾ ഇരട്ടി മധുരം. മറന്നു തുടങ്ങിയ രുചിയും നടന്നു മറഞ്ഞ വഴികളും വീണ്ടും വായനയിൽ തെളിഞ്ഞപ്പോൾ ഒരക്ഷരം വിടാതെ വായിച്ചു, ഒടുവിൽ പെട്ടെന്ന് തീർന്നു പോയ പോലെ..നല്ല പോസ്റ്റ്‌..

    ReplyDelete
  34. മുബിയുടെ ബ്ലോഗിൽ ഞാനാദ്യമാണെന്നു തോന്നുന്നു.നല്ല രുചി, വർ നിറഞ്ഞു. :)

    ReplyDelete
  35. ഒരുപാട് രുചികളെ ഓര്‍മ്മിപ്പിച്ച നല്ല എഴുത്ത്.

    ReplyDelete
  36. മനോഹരം... നൊസ്റ്റാൾജിക്ക്..

    ReplyDelete
    Replies
    1. @ അക്ബര്‍ - സന്തോഷം നല്ല വായനക്ക്
      @ മൊയ്ദീന്‍ - നന്ദി
      @ ശ്രീ & അനില്‍ - അഭിപ്രായങ്ങള്‍ക്ക് നന്ദി

      Delete