2014 ജൂലൈ 20, ഞായറാഴ്‌ച

കാടും കടലും ചേര്‍ന്ന്‍...ഫോറില്ലോണ്!

Forillon National Park, Gaspe - Quebec
കരയില്‍ പിടിച്ചിട്ട മത്സ്യത്തെ പോലെയായിരുന്നു പേര്‍സിലെ ഹോട്ടലില്‍ നിന്ന് പുറത്ത് കടക്കുംവരെ. ക്യാമ്പിനുള്ള സ്ഥലം കിട്ടുമോയെന്ന് ഒരുറപ്പുമില്ലാതെയാണ് മുറി ഒഴിഞ്ഞു കൊടുത്ത് ഫോറില്ലോണ്‍ പാര്‍ക്കി(Forillon National Park, Gaspe)ലേക്ക് പോകുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ പരിപാടികള്‍ എല്ലാംതന്നെ ആര്‍തര്‍ തകര്‍ത്തെറിഞ്ഞതിനാല്‍ ഇനിയെല്ലാം വരുന്നിടത്ത് വെച്ച് കാണാമെന്നായിരിക്കുന്നു. വഴിയില്‍ അങ്ങിങ്ങായി ചുവപ്പും വെള്ളയും ചായംപൂശിയ വിളക്ക് മാടങ്ങള്‍ കാണാം. സെന്റ്‌ ലോറന്‍സ് നദിക്കരയില്‍ നാല്‍പ്പത്തിയഞ്ചു വിളക്ക് മാടങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കടലോളം കഥകള്‍ പേറിയാണ് ഓരോന്നും നില്‍ക്കുന്നത്. നൂതന സാങ്കേതികവിദ്യകള്‍ ഇവയുടെ സ്ഥാനം കയ്യടക്കിയെങ്കിലും ചെയ്ത സേവനങ്ങളെ മാനിച്ച് ഇവയോരോന്നിനെയും സൂക്ഷ്മതയോടെ സംരക്ഷിക്കുന്നു.


Light House - Forillon Park
നൂറ് കിലോമീറ്ററുണ്ട് പേര്‍സില്‍ നിന്ന് ഫോറില്ലോണിലേക്ക്. ഒട്ടും മുഷിവ് തോന്നില്ല അങ്ങോട്ടുള്ള ഡ്രൈവ്. കുഞ്ഞു വീടുകള്‍ എത്ര കണ്ടാലും കൊതി തീരില്ല. അതിനിടക്ക് എനിക്കുമുണ്ടേറെ പറയാനെന്നും പറഞ്ഞ് മാടി വിളിക്കുന്ന വിളക്ക്മാടങ്ങളും... പാര്‍ക്ക് അതിര്‍ത്തിയിലാണ് ഞങ്ങളെന്ന് അറിയിച്ചുകൊണ്ട് ഫ്രെഞ്ചിലും ഇംഗ്ലീഷിലുമുള്ള കനേഡിയന്‍ സര്‍ക്കാറിന്റെ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ക്യാമ്പിനെ കുറിച്ച് അന്വേഷിക്കാനായി ആദ്യം കണ്ട ഇന്‍ഫോര്‍മേഷന്‍ സെന്‍ററില്‍ ഞാനും ഹുസൈനും ഞങ്ങളുടെ ഫ്രഞ്ച് ഗൈഡ് ആയി ചെറിയ മകനും ഇറങ്ങി. പാര്‍ക്കിനെ കുറിച്ചുള്ള പൊതുവായ വിവരങ്ങളല്ലാതെ കൂടുതലായൊന്നും പറഞ്ഞു തരാന്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു സുന്ദരികള്‍ക്കായില്ല. നന്ദി പറഞ്ഞു തിരിയുമ്പോള്‍ എത്രയും പെട്ടെന്ന് അടുത്തുള്ള മറ്റൊരു സെന്‍റെറില്‍ പോയി ക്യാമ്പ്‌ സൈറ്റ് ബുക്ക് ചെയ്യണമെന്ന് അവര്‍ ഉപദേശിച്ചു. കൊടുങ്കാറ്റ് ഭീഷണി കാരണം രണ്ടു ദിവസം അടച്ചിട്ടതിനാലാകണം പാര്‍ക്കില്‍ സന്ദര്‍ശകരുടെ തിരക്കുണ്ടെന്ന് ഞങ്ങള്‍ക്കും തോന്നിയിരുന്നു. സ്കൂള്‍ അവധിക്കാലം ചിലവഴിക്കനെത്തിയവരാണധികവും.


Cap-Gaspe, Forillon National Park
സുന്ദരികള്‍ പറഞ്ഞ സ്ഥലത്തേക്ക് ദൂരം അധികമൊന്നും ഉണ്ടായിരുന്നില്ല. കാറ് ഒതുക്കിയിട്ട് ഞങ്ങള്‍ ഇറങ്ങി. ഇവിടെയുള്ള ആള്‍ക്ക് ഇംഗ്ലീഷ് വശമുണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ പെട്ടെന്ന് അവതരിപ്പിച്ചു. പതിവിനു വിപരീതമായി ഇത്തവണ പാര്‍ക്കിലെ ടെന്റിലാവട്ടെ രാപാര്‍ക്കല്‍ എന്ന് യാത്രക്ക് ഒരുങ്ങുമ്പോള്‍ തന്നെ ഉറപ്പിച്ചിരുന്നു. ദൂരയാത്രയായതിനാല്‍ ലഗേജുകള്‍ കുറെയേറെ കുറയ്ക്കാനുമായി. നാല് സ്ലീപിംഗ് ബാഗുകള്‍ മാത്രമേ ഇത്തവണ കരുതിയിരുന്നുള്ളൂ. രണ്ട് ടെന്റുകള്‍ ഒഴിവുണ്ടെന്നു അറിഞ്ഞപ്പോള്‍ പെരുത്ത്‌ സന്തോഷായിട്ടോ. 

ഒതെന്റിക് (oTENTiK Tents) ടെന്റുകള്‍ രണ്ടു തരമുണ്ട്. ഒന്നില്‍ ബങ്ക് ബെഡും, മേശ കസേര, പാത്രങ്ങള്‍, ചെറിയ ഫ്രിഡ്ജ്‌, ഒരു ലൈറ്റ് എന്നിവ കൊണ്ട് സമ്പന്നമായതും, മറ്റേത് വെറുമൊരു ടെന്റ് മാത്രമായിരിക്കുമെന്നും ഓഫീസിലെ ആള്‍ പറഞ്ഞു തന്നു. ഒരു രാത്രിക്ക് എല്ലാമുള്‍പ്പെടുന്ന ടെന്റിന് നൂറ് ഡോളറും മറ്റേതിന് എഴുപത് ഡോളറുമാണ്. നൂറ് ഡോളറും പാര്‍ക്ക്‌ ഫീസും അടക്കുമ്പോള്‍ കാടിനുള്ളിലുള്ള ടെന്റ് മതിയെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ടായിരുന്നു. കാറില്‍ വെക്കാനുള്ള രസീത് വാങ്ങി ടെന്റിന്‍റെ താക്കോല്‍ നോക്കിയപ്പോള്‍ അത് അവിടെയെങ്ങും കാണുന്നില്ല. തിരയാന്‍ അധികം സ്ഥലമൊന്നും ആ ചെറിയ ഓഫീസിനകത്തില്ല. ഞങ്ങളുടെ അഞ്ചു മിനിട്ട് പാഴാക്കിയതില്‍ ക്ഷമ ചോദിച്ചു കൊണ്ട് തൊട്ടടുത്തുള്ള മറ്റൊരു ഓഫീസില്‍ ചെന്ന് താക്കോല്‍ വാങ്ങി ക്യാമ്പില്‍ പോയി ദിവസം ആസ്വദിക്കാന്‍ പറഞ്ഞ് ആ മനുഷ്യന്‍ സമയത്തിന്‍റെ വിലയും ഓര്‍മ്മിപ്പിച്ചു.


Full Service OTENTiK TENT - Forillon National Park
F6  എന്ന് അടയാളപ്പെടുത്തിയ താക്കോലും വാങ്ങി ഞങ്ങള്‍ ക്യാമ്പ്‌ സൈറ്റിലെത്തി. മറ്റ് ക്യാമ്പുകളില്‍ നിന്ന് മാറി പ്രത്യേക സ്ഥലത്താണ് ഒതെന്റിക് ക്യാമ്പുകള്‍. കാറ്‌ ക്യാമ്പിന് കുറച്ചു ദൂരെയായി പാര്‍ക്ക്‌ ചെയ്യണം. ഇനി ഇതിലുള്ള സാധനങ്ങള്‍ ക്യാമ്പിലെത്തിക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു സമയം പോകൂലോ എന്ന വേവലാതിയായി. എന്തായാലും കാട്ടിലെ പെരയൊന്ന് തുറന്ന് നോക്കിയിട്ട് പിന്നെ ബാക്കിയൊക്കെ ആലോചിക്കാം എന്നും പറഞ്ഞ് ഞങ്ങള്‍ കൈയിലെടുക്കാവുന്ന സാധനങ്ങളുമായി പെരയിലേക്ക് നടന്നു. ദൂരെ നിന്നേ കാണാം കനംകൂടിയ ടാര്‍പോളിന്‍ കൊണ്ട് മറച്ച മരത്തിന്‍റെ ചെറിയ പെര. വലതു കാല്‍ വെച്ച് ഐശ്വര്യമായിട്ട് വാതില്‍ തുറന്നു... അതാ അതിനകത്ത് ഒരു ചെറിയ ഉന്തുവണ്ടി. കാറില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവരാനുള്ളതാണ്. പച്ചയും കറുപ്പും നിറത്തിലുള്ള ആ കാര്‍ട്ട് മക്കളെറ്റെടുത്തു.  മുറ്റത്തൊരു ഡൈനിങ്ങ്‌ ടേബിളും, ഒരു ചെറിയ ഇരുമ്പലമാരയുമുണ്ട്. ഒറ്റ മുറിയാണ്. നീണ്ട മുള്ളാണി കൊണ്ടുള്ള സൂത്രപ്പണിയാണ് വാതില്‍ അടക്കാനും തുറക്കാനും.


Inside the OTENTiK Tent
ആറു ബെഡുകളുണ്ട്. പുതപ്പ്, തലയിണ തുടങ്ങിയ ആഡംബരങ്ങള്‍ ഒന്നുമില്ല. ഒരു വശത്ത് ചെറിയ ഫ്രിഡ്ജും, പാത്രങ്ങളുമായി അടുക്കള മറുവശത്ത് മേശയും നാല് കസേരയും. പാത്രങ്ങള്‍ വെച്ച സ്റ്റാന്റിനടുത്തായി ഒരു ബെഞ്ചുമുണ്ട്. ഇത്രമതിയല്ലോ... എന്തിനധികം! ടെന്റിനകത്ത് പാചകം ചെയ്യാന്‍ പാടില്ല. അടുപ്പാണ് പുറത്തെ അലമാരയില്‍ പൂട്ടി വെച്ചിരിക്കുന്നത്. വെള്ളമെടുക്കാന്‍ മുറ്റത്തൊരു പൈപ്പുണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ക്കും, പാത്രം കഴുകാനുമായി കാര്‍ പാര്‍ക്ക് ചെയ്തിടത്ത് സൗകര്യപ്പെടുത്തിയിരിക്കുന്നു. ഭക്ഷണത്തിന്‍റെ മണം പിടിച്ച് കാട്ടില്‍ നിന്ന് നമ്മുടെ അടുത്തേക്ക് ആരും വിരുന്നു വരണ്ടെന്നു കരുതിയുള്ള മുന്‍കരുതലുകളാണ്.
Utilities inside the OTENTiK Tent
കുട്ടികള്‍ ഉന്തുവണ്ടിയില്‍ സാധനങ്ങളുമായി എത്തുമ്പോള്‍  ക്യാമ്പിനുള്ളിലെ ബെഞ്ചിലിരുന്ന് പട്ടാമ്പിയിലെ വീടോര്‍മ്മകളില്‍ മുഴുകിയിരിക്കുകയായിരുന്നു ഞാന്‍. കുട്ടികളായ ഞങ്ങളുടെ പഠിപ്പും തീറ്റയും എല്ലാം അടുക്കളയില്‍ ഇട്ട മഞ്ചമേലാണ്. ഉമ്മ മഞ്ചയുടെ ഉള്ളില്‍ കറികളും മറ്റും സൂക്ഷിച്ചിരുന്നു. വൈക്കോല്‍ കൊണ്ടുള്ള തെരികയും മണ്‍ചട്ടിയും അതിനുള്ളിലുണ്ടായിരുന്നു. സ്കൂള്‍ വിട്ടു വന്ന് ചോറുണ്ണാനായി കലപില കൂട്ടി കാത്തിരിക്കുന്ന പോലെയാണ് ആ ബെഞ്ചില്‍ ഇരുന്നപ്പോള്‍ തോന്നിയത്. ഇനിയും ഇരുന്നാല്‍ കണ്ണില്‍ ഒളിപ്പിച്ചുവെച്ചതെല്ലാം മഴയായി പെയ്തിറങ്ങും... വേണ്ടല്ലേ... ബാഗുകള്‍ ഒതുക്കി വെച്ച് ഞങ്ങള്‍ പെര പൂട്ടി നടക്കാനിറങ്ങി.
Hiking - Cap- Gaspe Trail, Forillon National Park
കാടിനോടും കടലിനോടും ഒരുപോലെ മല്ലിട്ട് പണ്ടിവിടെ ജീവിച്ചു മരിച്ച മുക്കുവ കുടുംബങ്ങളുടെതായിരിക്കണം  വീടുകളും, ഒന്നുരണ്ട് ശമാശനങ്ങളും വഴിയരികില്‍ കണ്ടു. ചൂണ്ടലിട്ടു മീന്‍ പിടിക്കുന്നവരുടെ ഇടയിലൂടെ ഒന്ന് പോയി നോക്കി. അത് കണ്ടപ്പോള്‍ ഹുസൈന് കാറില്‍ നിന്ന് ചൂണ്ടലുമായി വന്നാലോ എന്നൊരാഗ്രഹം. അയില കിട്ടും. പത്തെണ്ണംവരെ പിടിക്കാം. മാങ്ങയും മുളകുമിട്ട് കറിവെക്കാനൊരു പാകവുമില്ലാതെ വെറുതെ പിടിച്ചിട്ടെന്തിനെന്നായി ഞാന്‍... ഉപ്പും കുരുമുളകും മാത്രമിട്ട് ബേയ്ക്ക് ചെയ്ത് അയിലയോട് ക്രൂരത കാട്ടാനെനിക്ക് വയ്യ. അങ്ങിനെ അവിടെ നിന്ന് പോന്നു.


കറുത്ത കരടികള്‍ യഥേഷ്ടമുള്ള സ്ഥലമാണ് ഫോറില്ലോണ്‍. ബിയര്‍ സ്പ്രേ കയ്യില്‍ കരുതണമെന്ന് കരുതിയെങ്കിലും അവസാന നിമിഷം അത് മറന്നു. അത് കൊണ്ട് ഒറ്റപ്പെട്ട ട്രൈലുകള്‍ ഒഴിവാക്കി അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ട്രെയില്‍ ആണ് ഹൈക്കിംഗിന് തിരഞ്ഞെടുത്തത്. അങ്ങോട്ടും ഇങ്ങോട്ടും കൂടെ എട്ട് കിലോമീറ്റര്‍. കൊതുക്, ഈച്ച, ചെറുപ്രാണികള്‍, വണ്ട്‌ മുതലായ “വന്യജീവി”കളെ ഭയന്നോടുന്നൊരു ജവാന്‍ ഞങ്ങളുടെ കൂട്ടത്തിലുള്ളതിനാല്‍ ബാഗില്‍ രണ്ടു കുറ്റി ബഗ് സ്പ്രേ എടുത്തിട്ടു. 


Enjoying the hiking trail- Cap- Gaspe Trail, Forillon National Park
മലമുകളിലേക്കുള്ള കയറ്റമാണ്. ഹൈക്കിംഗ് സ്റ്റിക്ക് ഉള്ളത് വലിയ സഹായമായി. കാടും കടലും കണ്ട് സ്വയം മറന്നു നടന്ന എന്‍റെ അടുത്തൂടെ എന്തിനെയോ കടിച്ചു കൊണ്ടോടിയ കുറുക്കനെയൊന്നും ഞാന്‍ കണ്ടില്ല. കിതപ്പാറാന്‍ ഇടയ്ക്കു ഒന്നുരണ്ടുതവണ നില്‍ക്കേണ്ടിവന്നു. കയറ്റം കയറി എത്തിയപ്പോള്‍ സ്വീകരിക്കാന്‍  ഒരുങ്ങി നില്‍ക്കുന്നതോ ഒരു വിളക്ക് മാടമാണ്. അവിടെവെച്ചിരിക്കുന്ന ബോര്‍ഡില്‍ ഇങ്ങിനെ എഴുതിയിരുന്നു... Your land’s end!” അതെ ഇതിനപ്പുറം കരയില്ല! 


My Land's End!  
ഇരുന്നൂറ് മീറ്ററോളം വീണ്ടും താഴേക്കു ഇറങ്ങിയാലെത്തുന്ന മരപാലത്തില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ കടലിന്റെയും മലയുടെയും നടുക്ക് അകപ്പെട്ടത് പോലെ തോന്നും. വെള്ളത്തില്‍ തിമര്‍ക്കുന്ന കറുത്ത സീലുകളെ കുറച്ചു നേരം നോക്കി നിന്ന് ഞങ്ങള്‍ തിരിച്ചു കയറി വീണ്ടും വിളക്ക് മാടത്തിനരികിലെത്തി. അപലേച്ച്യന്‍ പാര്‍വത നിര അവസാനിക്കുന്നിടത്താണ് ഞാനിരിക്കുന്നത്! പ്രകൃതിയുടെ അനന്തതയില്‍ ലയിച്ച്... അതൊരനുഭവമാണ്...

Between Mountain & the Sea
കയറ്റം കയറിയ ക്ഷീണമെല്ലാം ഞാന്‍ മറന്നിരുന്നു. ഈച്ചയെ പേടിയുള്ള മകന് അവിടെ കണ്ട മുള്ളന്‍പന്നിയോട് ചങ്ങാത്തം കൂടാന്‍ ഒരു പേടിയുമുണ്ടായിരുന്നില്ല. എല്ലാവരും വളരെയധികം ഉത്സാഹത്തോടെയാണ് തിരിച്ചിറങ്ങിയത്. നേരം ഇരുട്ടി തുടങ്ങിയിരുന്നു. പൊരക്കകത്ത് വെച്ച് ഭക്ഷണം ഉണ്ടാക്കാനോ കഴിക്കാനോ പാടില്ല. അത് കൊണ്ട് ടെന്റിനു പുറത്തു വെച്ച് നൂഡില്‍സും, ചായയും, ഓംലെറ്റും കുറച്ച് ഫ്രൂട്ട്സുമായി ഞങ്ങളുടെ അത്താഴം തയ്യാറായി. 
Getting Ready for Iftar @ Camp OTENTiK, Forillon National Park
പെട്ടെന്ന് കഴിച്ച്, പരിസരം വൃത്തിയാക്കി ഞങ്ങള്‍ പൊരക്കകത്ത് കയറി. പാര്‍ക്കിനകത്ത് ഒരു സമയത്തും അമിതമായി ശബ്ദമുണ്ടാക്കരുത് എന്ന നിയമമുണ്ട്. അത് കൂടാതെ രാത്രി പതിനൊന്ന് മണി മുതല്‍ രാവിലെ ഏഴു വരെ കര്‍ഫ്യൂ (Quiet Hours) ആണ്. ഒരു ചെറിയ ഇലയനക്കം പോലും വ്യക്തമായി കേള്‍ക്കാം. സ്ലീപിംഗ് ബാഗുകള്‍ ശരിയാക്കി ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. പാതിരാത്രി എപ്പോഴോ പുറത്തൊരു ശബ്ദം കേട്ട് ഞാനുണര്‍ന്നു. അടുത്ത് വെച്ച ടോര്‍ച്ച് അടിച്ചു നോക്കാനോ, മക്കളെയോ ഹുസ്സൈനെയോ വിളിക്കാനുള്ള ധൈര്യമൊന്നും ഉണ്ടായില്ല. കണ്ണുകള്‍ ഇറുക്കിയടച്ചു ഞാന്‍ കിടന്നു...
Playing with Nature
പതിനൊന്നു മണിയോടെ ടെന്റ് ഒഴിഞ്ഞു കൊടുക്കണം. രാവിലെ നേരത്തെ ഞങ്ങള്‍ നടക്കാന്‍ ഇറങ്ങി. ബീച്ചിലേക്കാണ് പോയത്. ആരുമില്ല. ഹുസൈന്‍ ഫോട്ടോയെടുക്കാന്‍ കുറച്ചു അപ്പുറത്തേക്ക് നീങ്ങി. ഈ കടലും തീരവും എനിക്കുസ്വന്തം... ഞാന്‍ കല്ലുകള്‍ പെറുക്കുന്നതിലും തീരത്ത് “കടലമ്മ കള്ളി” എന്നെഴുതി തിരയെ കൊണ്ട് അത് മായിപ്പിക്കുന്നതിലും മുഴുകി. പെട്ടെന്നാണ് വെള്ളത്തില്‍ നിന്ന് ഒരു സീല്‍ മുങ്ങി നിവര്‍ന്നത്‌... പാവം സീല്‍, അത് എന്നെയും ഞാന്‍ അതിനെയും കണ്ട് പേടിച്ചു. സീലിന്റെ ഫോട്ടോ കിട്ടാഞ്ഞതിലായിരുന്നു ഹുസൈന്‍റെ പരിഭവം! 


Seals - Marine Mammals
കുറച്ചു നേരം കൂടെ അവിടെയും ഇവിടെയും ഒക്കെ കറങ്ങി നടന്നു ഞങ്ങള്‍ ടെന്റില്‍ തിരിച്ചെത്തി. അപ്പോഴേക്കും മക്കള്‍ ഉണര്‍ന്നു ടെന്റില്‍ സാധനങ്ങള്‍ അടുക്കി വെച്ചിരുന്നു. ഉന്തു വണ്ടിയില്‍ ഞങ്ങളുടെ സാധനങ്ങള്‍ കാറിലെത്തിച്ചു. ഞാന്‍ ടെന്റ് വൃത്തിയാക്കി, പുറത്തുള്ള അലമാരയും ടെന്റും ഭദ്രമായി പൂട്ടി. താക്കോല്‍ ഏല്‍പ്പിച്ച് ഞങ്ങള്‍ അവിടെ നിന്ന് പോന്നു.
Cap-Bon-Ami, Forillon National Park
പാസുള്ളതിനാല്‍ വൈകുന്നേരം വരെ പാര്‍ക്കിനുള്ളില്‍ കറങ്ങാം. നേരെ പാര്‍ക്കിന്റെ വടക്ക് ഭാഗത്തുള്ള കാപ്-ബോണ്‍-അമി(Cap-Bon-Ami)യിലേക്ക് പോയി. കടലും പാറക്കൂട്ടങ്ങളും തന്നെ മുഖ്യ ആകര്‍ഷണം. പാറക്കൂട്ടങ്ങങ്ങള്‍ക്കിടയിലൂടെ താഴോട്ട് ഇറങ്ങിയാല്‍ വെള്ളാരം കല്ലുകള്‍ നിറഞ്ഞ ബീച്ചിലെത്താം. മരപലകകള്‍ കൊണ്ട് തീര്‍ത്ത പടികള്‍ ചവിട്ടിയും ഇറങ്ങാനുള്ള സൗകര്യമുണ്ട്. ബീച്ചിലേക്ക് ഞാന്‍ ഇറങ്ങിയില്ല. 


Cap-Bon-Ami
ഒരുവശത്ത് ഒരു ചെറിയ വെള്ള ചാട്ടമുണ്ട്. മലമുകളില്‍ നിന്ന് വരുന്ന വെള്ളം ശക്തിയായി പാറയില്‍ പതിയുന്നതാണ്. കാണുമ്പോള്‍ അതിനു താഴെ തല കാണിച്ചു ഒന്ന് നനഞ്ഞു കയറാനാണ് തോന്നുക. നാട്ടിലെ നിയമങ്ങളെക്കാള്‍ കര്‍ശനമാണ് കാട്ടിലെ നിയമങ്ങള്‍! വെറുതെ പുലിവാല് പിടിക്കേണ്ടന്ന് കരുതി  തിരിച്ചു പോരുമ്പോള്‍ പ്രായമായ ഒരു സ്ത്രി പ്രയാസപ്പെട്ട് പടികള്‍ ഇറങ്ങി വരുന്നുണ്ടായിരുന്നു. കുത്തനെയുള്ള പടികള്‍ ഇറങ്ങി കയറാന്‍ ബുദ്ധിമുട്ട് തോന്നുമെന്ന് ഞാന്‍ പറഞ്ഞു. എന്ത് വിഷമം സഹിച്ചിട്ടാണെങ്കിലും  “പ്രകൃതി നമുക്ക് നല്‍കിയ സമ്മാനം” എനിക്ക്  കാണണമെന്നായി അവര്‍. കണ്ടതെല്ലാം കണ്ണിലും മനസ്സിലും നിറച്ച് ഞങ്ങള്‍ ഫോറില്ലോണില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചു...
Mother Nature & me
"I am part of nature, and nature is part of me"(Suzanne Guite, 1927-1981)

46 അഭിപ്രായങ്ങൾ:

  1. ദൈവത്തിന്റെ സ്വന്തം നാടും, ഭൂമിയിലെ സ്വർഗവും ഇതല്ലെ എന്നു തോന്നിപ്പോവുന്നു....
    വിവരണവും ചേർന്നപ്പോൾ ഓരോ ഫോട്ടോക്കും ഏഴഴക്....
    നിങ്ങളോടൊക്കെ എനിക്ക് അസൂയയാണ്.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എനിക്ക് കഴിയുന്നത് പോലെ വിശദമായി തന്നെ എഴുതുന്നത്‌ നിങ്ങള്‍ക്കും ഇതെല്ലാം കാണാലോ എന്ന് കരുതിയാണ്... അസൂയ വേണ്ട മാഷേ...

      ഇല്ലാതാക്കൂ
  2. ഗൃഹാതുരത്വം ഒളിവീശുന്ന ആസ്വാദ്യകരമായ എഴുത്ത്.
    മനോഹരമായ ഫോട്ടോകള്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ശരിക്കും വിവരണങ്ങള്‍ അവിടെയൊക്കെ ചുറ്റി നടക്കുന്ന ഒരു തോന്നല്‍ വരുത്തുന്നു.
    വിവരണങ്ങള്‍ക്ക് അനുസരിച്ച് കൃത്യമായി ഫോട്ടോകളും ഭംഗിയോടെ ചേര്‍ത്തിരിക്കുന്നു.
    ആ വീടിനൊക്കെ എന്തഴകാ.. തീരത്തിരുന്നു കല്ല്‌ പെറുക്കി കളിച്ചപ്പോള്‍ സീല്‍ പൊങ്ങി വരുന്ന പറച്ചിലും ചിത്രവും കൃത്യം. എന്നാലും ഈച്ചയെ കണ്ടാല്‍ പേടിക്കുന്ന മകന്‍...
    വളരെ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ കുട്ടിക്ക് അതിനെയൊക്കെയാണ് പേടി.... ചെറുപ്പത്തില്‍ ചന്ദനത്തിരി എന്ന് പറയാന്‍ കഴിയാതെ ഉമ്മാനോട് "കൊതുക് കടിക്കുന്നു, ചന്ദ്രിക കത്തിക്കൂ"ന്നും പറഞ്ഞ് നെലോളിച്ചു ഓടിയ വിരുതനാണ്.... എന്താ ചെയ്യാ!

      നന്ദി റാംജിയേട്ടാ

      ഇല്ലാതാക്കൂ
  4. വളരെ മനോഹരമായ ഫോട്ടോസ് ...എഴുത്തും...!!

    മറുപടിഇല്ലാതാക്കൂ
  5. ചിത്രങ്ങളും വിവരണങ്ങളും മികച്ചത്.എങ്കിലും ആ വെള്ളച്ചാട്ടം അത്യുഗ്രന്‍ ഫോട്ടോഗ്രാഫ് ആണ്.
    കാട്ടിലെ വീടും കൊള്ളാം. അല്പം മോഡേന്‍ ആണ്.
    നമ്മുടെ നാട്ടില്‍ 'കണ്ട്രി സ്റൈല്‍' ഒരെണ്ണം പണിയണം..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാട്ടിലെ വീട്ടില്‍ ഞാനും ഇത്രയൊന്നും പ്രതീക്ഷിച്ചില്ല... നന്ദി ജോസ്ലെറ്റ്‌

      ഇല്ലാതാക്കൂ
  6. അങ്ങനെ ജീവിതത്തില്‍ ഒരിയ്ക്കല്‍ കൂടാരവാസിയും ആയി!!

    മറുപടിഇല്ലാതാക്കൂ
  7. "പ്രകൃതിയുടെ അനന്തതയില്‍ ലയിച്ച്... അതൊരനുഭവമാണ്..." അതിലെല്ലാമുണ്ട്. യാത്രാകുറിപ്പ് ആസ്വദിച്ചു. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  8. അതിമനോഹരമായ മറുനാടുകളിലെ
    സുന്ദര പ്രദേശങ്ങൾ കാട്ടിതന്ന് പ്രകൃതിയെ
    വർണ്ണിക്കുന്ന ഇത്തരം കൃതികൾ മലയാളത്തിൽ
    വേറെ ഇല്ലെന്ന് തന്നെ പറയാം കേട്ടൊ മുബി

    മറുപടിഇല്ലാതാക്കൂ
  9. ആസ്വദിച്ച് വായിച്ചു.ഇതൊക്കെ കാണാന്‍ കഴിയുന്നില്ലല്ലോ എന്നൊരു ദുഖം ബാക്കി. സാരമില്ല,കണ്ടതുപോലെ തോന്നിപ്പിക്കുന്ന എഴുത്തിന് നന്ദി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശ്രീ, വെട്ടത്താന്‍ ചേട്ടന്‍,

      നന്ദി.... സ്നേഹം

      ഇല്ലാതാക്കൂ
  10. ഹോ ഇനി ഇപ്പൊ അടുത്ത പാര്‍ട്ട്‌ ഇല്ലേ ......കുറെ കാലത്തിനു ശേഷം ആസ്വദിച്ചു ആസ്വദിച്ചു വായിച്ച യാത്രാനുഭവം ...
    നന്ദി ...നന്ദി ... പിന്നെ ഞാന്‍ മുമ്പ് പറഞ്ഞ പോലെ അതും ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിന്നെ എന്താ ഈ വഴി കാണാഞ്ഞത് എന്നോര്‍ത്തുട്ടോ... നന്ദി വിജിന്‍

      ഇല്ലാതാക്കൂ
  11. വിവരണവും ചിത്രങ്ങൾ പോലെ മനോഹരം..
    വളരെ നന്ദി...

    മറുപടിഇല്ലാതാക്കൂ
  12. മനോഹരം നേരിട്ട്‌ അനുഭവിച്ചത്‌ പോലെ

    മറുപടിഇല്ലാതാക്കൂ
  13. വിവരണം നന്നായിരിക്കുന്നു. ഫോട്ടോകളും

    മറുപടിഇല്ലാതാക്കൂ
  14. ഗിരിഷ്, ഉപ്പുകണ്ടം, ബിപിന്‍..... നന്ദി കൂട്ടരേ.... :) :)

    മറുപടിഇല്ലാതാക്കൂ
  15. ഞാൻ ആദ്യമായിട്ടാണ് ഇവിടെ കേട്ടോ...

    ഈ ഭൂമിയിൽ ഇത് പോലെ എത്രയെത്ര ഇടങ്ങളാണല്ലേ... ഇതൊക്കെ കാണാൻ ഭാഗ്യമുണ്ടാവുക എന്നത് എല്ലാവർക്കും ലഭിക്കുന്ന ഒന്നല്ലല്ലോ...

    വിവരണങ്ങളും ചിത്രങ്ങളും മനോഹരം...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാനും അടുത്താണ് വിനുവേട്ടന്റെ ബ്ലോഗിലെത്തിയത്. പുതിയ വിവര്‍ത്തനം മുടങ്ങാതെ വായിക്കണം.... സന്തോഷം

      ഇല്ലാതാക്കൂ
  16. വല്ലാതെ കൊതിപ്പിച്ചു ഈ വിവരണം...വല്ലാതെ കൊതിപ്പിച്ചു ഈ വിവരണം...

    മറുപടിഇല്ലാതാക്കൂ
  17. വൈകി വൈകി ഒരുപാട് വൈകി വീണ്ടും വന്നു ഇത് വഴി ...
    കണ്ണു കുളിര്‍ത്ത്‌ മനസ്സ് നിറഞ്ഞ്...
    സ്വപ്നത്തിലെങ്കിലും ഇത് വഴിയൊരു യാത്ര കൊതിച്ച്
    ആയിരമായിരം ആശംസകള്‍ പറഞ്ഞു
    നിറഞ്ഞ സ്നേഹത്തോടെ യാത്ര ചോദിക്കുന്നു ..... :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഴുതാനും വായിക്കാനും ഒരു പോലെ നിനക്ക് മടിയായോ ഷലീ... വൈകിയാലും സാരല്യാട്ടോ... വായിച്ചതില്‍ സന്തോഷം...

      ഇല്ലാതാക്കൂ
  18. ഇവിടെ ഒന്ന് വന്നു നോക്കിയിട്ട് കുറേ ആയെന്നാണ്‌ ഓര്‍മ്മ (ഏതായാലും പട്ടാമ്പിയും ഇരിമ്പിളിയവും അടുത്താണ് )
    അതല്ല പ്രധാനം.ഇവിടെ കാഴ്ചകള്‍ മനോഹരം !വിവരണവും തഥൈവ .....ഇതാണ് മുബി എന്ന് മനസ്സിലായി.ചിന്തിക്കാന്‍ പോലും പറ്റാത്ത സ്ഥലങ്ങള്‍ ഇങ്ങിനെ കാണിച്ചു തന്നതില്‍ അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  19. മറുപടികൾ
    1. നന്ദി..... സ്നേഹം വന്നതിലും വായിച്ചതിലും, രണ്ടു വരി കുറിച്ചതിലും....

      ഇല്ലാതാക്കൂ
  20. വിവരണം പതിവുപോലെ നന്നായി.വീണ്ടും സുന്ദരമായ ദേശാന്തര കാഴ്ചകള്‍.പക്ഷെ ഇത്തവണ ഫോട്ടോസ് എല്ലാം വളരെ മനോഹരം..പര്‍വതത്തിനു സമുദ്രത്തിനും ഇടക്കുള്ള സ്നാപ് നന്നായി

    മറുപടിഇല്ലാതാക്കൂ
  21. ന്റെ മുബീ മനോഹരമായ സ്ഥലം ... കൊതിപ്പിക്കുന്ന വിവരണവും മനോഹരമായ ചിത്രങ്ങളും ..!

    മുബിക്കും , ഫോട്ടോഗ്രാഫെര്‍ ഹുസൈനും അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  22. നല്ല എഴുത്ത് .ഇടക്ക് ഇതും കൂടിയൊന്നു വായിക്കണം
    http://salahuddeenalmashhoor.blogspot.com/

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. യാത്രയില്‍ വായിക്കുന്നുണ്ട്ട്ടോ... നന്ദി വായനക്ക്.

      ഇല്ലാതാക്കൂ
  23. ഇന്ന് വീണ്ടും വായിച്ചു. പതിവ് പോലെ വളരെ നന്നായിട്ടുണ്ട്. ഹുസ്സൈന്ക്ക തകര്‍ത്തു . ഞാന്‍ അഭിനന്ദിക്കുന്നത് മുബിയിലെ യാത്രയോടുള്ള അടങ്ങാത്ത അഭിനിവേശതെയാണ്. കാടും മലയും കയറാനും അതാസ്വധിക്കാനുമൊന്നും ഇപ്പൊ പെണ്ണുങ്ങളെ കിട്ടോ? അതും പട്ടാംബിക്കാരികളെ ?

    മറുപടിഇല്ലാതാക്കൂ
  24. പെരുത്തിഷ്ടം ഈ എഴുത്ത്.. പടങ്ങൾ

    മറുപടിഇല്ലാതാക്കൂ