Monday, October 13, 2014

താങ്ക് യൂ “ബെറി” മച്ച്

ബെറികളുടെ സ്വന്തം നാടാണ് കാനഡ. സ്ട്രോബെറി, ബ്ലൂബെറി, ക്രാന്‍ബെറി, എല്ടെര്‍ബെറി, റാസ്‌ബെറി, ബ്ലാക്ക്ബെറി അങ്ങിനെ നീളും ഈ ലിസ്റ്റ്. വഴിയരികിലും, കാട്ടിലും കുറ്റിച്ചെടികളില്‍ കാണുന്ന പല നിറത്തിലുള്ള ചെറിയ കായ്കളെ ഞങ്ങള്‍ സ്നേഹപൂര്‍വ്വം “നുള്ളുംപഴം” എന്ന് വിളിച്ചപ്പോള്‍ ഇവിടുത്തുകാര്‍ക്ക് അതെല്ലാം ബെറികളാണ്. പിന്നെയൊരു ഫോണുള്ളതും ബെറിയാണ് – ബ്ലാക്ക്ബെറി! അങ്ങിനെ മൊത്തത്തില്‍ ഒരു “ബെറി” ടച്ച്‌.

Entrance to Johnston Cranberry Farm
ഒക്ടോബര്‍ അവസാനിക്കുന്നതോട് കൂടെ കൊയ്ത്തുകാലത്തിന് വിരാമമായി. ഒരു വര്‍ഷത്തെ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി പറഞ്ഞു കൊണ്ടുള്ള “താങ്ക്സ് ഗിവിംഗ്(Thankgiving)” ആഘോഷങ്ങള്‍ മിക്ക ഫാമുകളിലും തുടങ്ങി കഴിഞ്ഞു. ഔദ്യോഗിക ഒഴിവ്ദിനം തിങ്കളാഴ്ചയാണെങ്കിലും ഈ മാസം അവസാനവരെ കൊയ്ത്തുത്സവം നടക്കും. സാധാരണയായി സ്ട്രോബെറി, ബ്ലൂബെറി, ആപ്പിള്‍, മത്തന്‍ ഫാമുകളില്‍ പോയി ഇതൊക്കെ പെറുക്കി വരാറുണ്ടെങ്കിലും ക്രാന്‍ബെറി ഫാമിലേക്ക് പോയിട്ടില്ലായിരുന്നു.  ഒരിക്കല്‍ പനിച്ച് കിടന്നപ്പോള്‍ എന്‍റെ ഡോക്ടര്‍ ക്രാന്‍ബെറി ജ്യൂസ്‌ കുടിക്കാനും അത് ഡയറ്റില്‍ ഉള്‍പ്പെടുത്താനും പറഞ്ഞിരുന്നു. പനി മാറിയപ്പോള്‍ ഞാന്‍ ക്രാന്‍ബെറിയെയും മാറ്റിവെച്ചു. അങ്ങിനെ മാറ്റിവെക്കണ്ട, കുറച്ച് ചവര്‍പ്പുണ്ടെങ്കിലും നല്ലതാണ് എന്നോര്‍മിപ്പിക്കും പോലെ ഇന്നലെ ക്രാന്‍ബെറി ഫാമില്‍ പോയപ്പോഴും എനിക്ക് പനിയായിരുന്നു. അങ്ങിനെ ഇത്തവണത്തെ കൊയ്ത്തുത്സവം ക്രാന്‍ബെറി ഫാമിലാഘോഷിച്ചു.


തിങ്കളാഴ്ച ഒഴിവായതിനാല്‍ റോഡില്‍ സാമാന്യം നല്ല തിരക്കായിരുന്നു. പട്ടാമ്പി കടവത്ത് തോണിയൊക്കെ ഇല്ലാതായിട്ട് കാലം കുറെയായില്ലേ? ഇവിടെ ആളുകള്‍ തോണിയും വണ്ടിയില്‍ വെച്ചുകെട്ടിയാണ് അവധി ദിവസങ്ങള്‍ ആസ്വദിക്കാന്‍ പോകുന്നത്. പിന്നെ തോണിയിറക്കാന്‍ ഇഷ്ടം പോലെ നദികളും തടാകങ്ങളും ഉണ്ടല്ലോ. പല നിറത്തിലുള്ള തോണികള്‍ കണ്ടപ്പോള്‍ ഹുസ്സൈനൊരു മോഹം. അടുത്ത പ്രാവശ്യം തോണിയില്‍ ഒന്ന് പോയി നോക്കാം. ഇത് കേട്ടതും കാറിന്‍റെ പിന്‍സീറ്റില്‍ നിന്ന് മറുപടി കിട്ടി. “ഞങ്ങളില്ല...” പിന്നെ ബാക്കിയുള്ളത് ഞാനല്ലേ! ഞങ്ങള്‍ ബാലയിലേക്ക് തിരിഞ്ഞപ്പോഴേക്കും തോണിക്കാരോക്കെ വഴിമാറി പോയിരുന്നു. ഭാഗ്യം കൂടുതല്‍ മോഹങ്ങള്‍ ഒന്നും കേള്‍ക്കേണ്ടി വന്നില്ല. 

ബെറികളില്‍ വമ്പനാണ് ചുവന്ന മുന്തിരിയുടെ വലിപ്പമുള്ള ക്രാന്‍ബെറി. മിസ്സിസ്സാഗായില്‍ നിന്ന് രണ്ട് മണിക്കൂര്‍ വണ്ടിയോടിച്ചാല്‍ ബാലയിലെത്താം. ഏകദേശം ഇരുന്നൂറ് കിലോമീറ്ററോളം വരും. ഒന്റാറിയോ പ്രോവിന്‍സിലെ ക്രാന്‍ബെറിയുടെ തലസ്ഥാനമാണ് ബാലയെന്നു വഴിയരികിലെ ബോര്‍ഡ്‌ വായിച്ചറിഞ്ഞതാണ്. പ്രോവിന്‍സിലെ ഏറ്റവും വലിയ ക്രാന്‍ബെറി ഫാമുകള്‍ ഇവിടെയാണ്‌ത്രേ. ബാലാ ഫാള്‍സ് എന്ന വെള്ളച്ചാട്ടം ഉള്‍പ്പെടുന്ന ഒരു ചെറിയ ടൌണ്‍ഷിപ്പാണ് ബാല. അവിടെ നിന്നും കുറച്ചു ദൂരമുണ്ട് ജോണ്‍സ്റ്റണ്‍ ക്രാന്‍ബെറി ഫാമിലേക്ക്. 
Cranberry
സ്വാഗതമേകാന്‍ റോഡിനിരുവശവും പല നിറങ്ങളില്‍ മേപ്പിള്‍ മരങ്ങളുണ്ട്. ഫാമിലെത്തി വണ്ടി പാര്‍ക്ക്‌ ചെയ്തു ടിക്കറ്റ്‌ എടുക്കാന്‍ പോയി. നടന്നു കാണാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ഒരു വാഗണില്‍ ഫാമിന് ചുറ്റും പോയി വരാം. തണുപ്പത്ത് പനിയും കൊണ്ട് നടന്നാല്‍ പണികിട്ടിയാലോന്ന് പേടിച്ച് വാഗണ്‍ ട്രിപ്പിന് ടിക്കറ്റ്‌ എടുത്തു. അമ്പത് ഡോളര്‍ കൊടുത്താല്‍ ഹെലികോപ്റ്ററില്‍ എട്ട് മിനിട്ടിനകം ചുറ്റി കണ്ടു വരാം. എന്തോ ഹെലികോപ്റ്റര്‍ കണ്ടാല് എനിക്കോര്‍മ്മ വരുന്നൊരു ന്യൂസ്‌ ക്ലിപ്പുണ്ട്, ‘ദുരിതബാധിത പ്രദേശങ്ങള്‍ നേതാക്കള്‍ ഹെലികോപ്റ്ററില്‍ ചുറ്റി കണ്ടു...’ അതോണ്ട് ആ ‘ദുരിതകോപ്റ്റര്‍’ സാധ്യത വേണ്ടെന്ന് വെച്ചു ഞാന്‍ കൊയ്ത്ത് നടക്കുന്നിടത്തേക്ക് പോയി. പന്ത്രണ്ടരക്കെ അടുത്ത വാഗണ്‍ ട്രിപ്പുള്ളൂ. അതുവരെ സമയമുണ്ട്.

Wagon Ride
1952-ല്‍ കാര്‍ഷിക ബിരുദധാരിയായ ജോണ്‍സ്റ്റണും ഭാര്യ ജൂണും കൂടെ ബാലയില്‍ കുറച്ചു സ്ഥലം വാങ്ങി ആരംഭിച്ചതാണ് ഈ ഫാം. ഇപ്പോള്‍ മക്കളും മരുമക്കളും ചേര്‍ന്ന് ഫാം നടത്തി കൊണ്ടുപോകുന്നു. ക്രാന്‍ബെറിയാണ് പ്രധാനമായും കൃഷി ചെയ്യുന്നതെങ്കിലും മറ്റു ബെറികളും, വിളകളും ഈ ഫാമിലുണ്ട്. വെള്ളം നിറഞ്ഞ കുളങ്ങള്‍ മൂന്നാലെണ്ണം ചുറ്റും കണ്ടപ്പോള്‍ ഞാന്‍ കരുതി ഇത് വെള്ളത്തില്‍ വളരുന്ന ചെടിയായിരിക്കുമെന്ന്. അല്ലാട്ടോ... അമ്ലാംശം ഏറെയുള്ള മണ്ണില്‍ വളരുന്ന ഒരുതരം കുറ്റിച്ചെടിയാണിത്.
Ready for harvest
ഉഴുതുമറിച്ച നിലങ്ങളില്‍ വിത്ത് വിതക്കില്ല, തൈകളാണ് നടുന്നത്. നിശ്ചിത ദൂരത്തില്‍ നമ്മള്‍ ഞാറ് നടുന്നത് പോലെതന്നെ. ഒരിക്കല്‍ നട്ടാല്‍ ശ്രദ്ധാപൂര്‍വ്വമുള്ള പരിചരണം മാത്രംമതിയാകും. ആണ്ടോടാണ്ടുനില്‍ക്കുന്ന ചെടിയായ ക്രാന്‍ബെറി തൈ നട്ട് നാലഞ്ചു വര്‍ഷമെടുത്തിട്ടാണ് ആദ്യ വിളവെടുപ്പിന് പാകമാകുന്നത്. ധൃതി കൂട്ടിയിട്ടൊന്നും കാര്യല്യാ ആള് വളരെ സാവധാനമേ തലപൊക്കൂ. തണുപ്പ് കാലത്ത് ഇവിടെയുള്ള മറ്റെല്ലാ ചെടികളെയും പോലെ ഇവയും ഉറങ്ങും. നട്ട തൈകള്‍ നശിച്ചു പോകാതിരിക്കാന്‍ പാടങ്ങളില്‍ കൃഷിക്കാര്‍ വെള്ളം നിറച്ചിടും. തണുപ്പത്ത് ഐസിന്‍റെ നേര്‍ത്ത പാട വെള്ളത്തിന്‍റെ മുകളിലുള്ളത് താഴെയുള്ള ചെടികള്‍ക്ക് സുരക്ഷയാണത്രേ. പിന്നീട് തണുപ്പ് മാറി വേനലാകുമ്പോള്‍ വെള്ളം വറ്റി ചെടി നില്‍ക്കുന്നത് ചതുപ്പുനിലങ്ങളിലാവും. ചുവപ്പും വെള്ളയും നിറങ്ങള്‍ കലര്‍ന്ന നീണ്ട പൂവുകള്‍ കൊറ്റിയുടെ കഴുത്തിനോട് സാമ്യം തോന്നിക്കുന്നതിനാല്‍ ഇതിന് ക്രയിന്‍ബെറിയെന്നും പണ്ട് വിളിച്ചിരുന്നു. ഇപ്പോള്‍ ലോപിച്ച് ക്രാന്‍ മാത്രമായി.
Fields filled with water
ചെടികള്‍ പൂവിട്ടാല്‍ തേനീച്ചയെ കൂട്ട് പിടിക്കാതെ ഒരു രക്ഷയുമില്ല. അതുകൊണ്ട് ഇവര്‍ തേനീച്ചകളെയും വളര്‍ത്തുന്നു. പൂവിടാന്‍ തുടങ്ങുമ്പോഴേക്കും തേനിച്ച കൂടുകള്‍ പാടത്തിനരികിലെ ഇലക്ട്രിക്‌ വേലി കൊണ്ട് സുരക്ഷിതമാക്കിയ സ്ഥലത്ത് കൊണ്ട് വെക്കുന്നു. തേനിച്ച കൂട്ടില്‍ കൈയിടാനായി കാട്ടില്‍ നിന്നൊരാള്‍ ഇറങ്ങി വരും അതുകൊണ്ടാണത്രേ വൈദ്യുത വേലിയുടെ സംരക്ഷണം. ഒരിക്കല്‍ കരടി ഇറങ്ങി വന്ന് തേന്‍ കുടിച്ച് മത്തായ കഥയും പണിക്കാര്‍ക്ക് പറയാനുണ്ടായിരുന്നു. കായ്ഫലം തേനീച്ചകളുടെ സഹകരണത്തെ ആശ്രയിച്ചിരിക്കും. പിന്നെ നമ്മുടെ കൂട്ട് കുനിഷ്ടും കുന്നായ്മയുമൊന്നും ആ പാവങ്ങള്‍ക്കില്ലാത്തതിനാല്‍ അവര്‍ അവരെകൊണ്ടാകുന്നത് പോലെ നമ്മളെ സഹായിക്കും. തേനീച്ചകള്‍ പാടത്തെ പണികഴിഞ്ഞ് പോയാല്‍ ചെടികളില്‍ വെളുത്ത ചെറു കായ്കള്‍ ഉണ്ടാകുന്നു. ഈ കായ്കളാണ് പഴുത്ത് പാകമാകുമ്പോള്‍ ചുവക്കുന്നത്. കൊയ്യാന്‍ സമയമാകുമ്പോള്‍ മുടി ചീകുന്ന ചീര്‍പ്പ് പോലെയുള്ള ഒരു സൂത്രം ഉപയോഗിച്ച് പടര്‍ന്നു നില്‍ക്കുന്ന ചെടികളെ കോതി വൃത്തിയാക്കിയതിനു ശേഷമാണ് പാടങ്ങളില്‍ വെള്ളം നിറക്കുന്നത്.
Floating Cranberries
പണ്ട് കൈ കൊണ്ടാണത്രേ ബെറികള്‍ പറിച്ചിരുന്നത്. ഇന്ന് ഏക്കര്‍ കണക്കിന് പരന്നുകിടക്കുന്ന ഈ പാടങ്ങളിലൂടെ ശ്രദ്ധയോടെ ചെടികള്‍ക്കിടയിലൂടെ വീണ്ടും ചീര്‍പ്പ് പോലെയുള്ള യന്ത്രം ഓടിക്കുന്നു. ആദ്യമേ ചെടികള്‍ കോതി വേറിട്ട്‌ നിര്‍ത്തുന്നതിനാല്‍ രണ്ടാമത് യന്ത്രം ഓടിക്കുമ്പോള്‍ പഴുത്ത് പാകമായ നല്ല കായ്കള്‍ ചെടിയുടെ തണ്ടില്‍ നിന്ന് വേര്‍പെട്ടു വെള്ളത്തിന്‌ മുകളിലേക്ക് പൊന്തിവരും. പാടങ്ങളില്‍ മുഴുവന്‍ ചുവന്ന മുത്തുകള്‍ ചിതറി കിടക്കുന്നത് പോലെ തോന്നും. അവിടെ ഇരുപ്പത്തിയേഴ് ഏക്കറില്‍ ക്രാന്‍ബെറികള്‍ ഇതുപോലെ വിളഞ്ഞു കൊയ്യാന്‍ പാകമായി കിടക്കുന്നുണ്ട്.  ഒരു ദിവസം ഒരേക്കര്‍ എന്ന കണക്കിലാണ് കൊയ്ത്ത് നടക്കുന്നത്. അറുപത് വര്‍ഷത്തെ പഴക്കമുള്ള ഈ ചെടികളില്‍ നിന്ന് ഇത്തവണത്തെ വിള 400,000 പൗണ്ടോളം വരുമെന്ന് ഗൈഡാണ് പറഞ്ഞത്.
 
collected cranberries 
പാറി കിടക്കുന്ന ക്രാന്‍ബെറികളെ വെള്ളകെട്ടിന്റെ ഒരു വശത്തേക്ക് ഒതുക്കി കൂട്ടുന്നു. വെള്ളം നനയാത്ത ചെസ്റ്റ്‌ വേടെര്‍ പോലെയുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ പണിക്കാര്‍ വെള്ളത്തില്‍ ഒഴുകി കിടക്കുന്ന പരന്നൊരു പാത്രത്തിലേക്ക് ബെറികള്‍ കോരി നിറക്കുന്നു. ഇറങ്ങി അവരോടൊപ്പം കൂടാന്‍ ആഗ്രഹമുണ്ടായിരുന്നു.. പക്ഷേ പനി പാരയായി. ചെറിയ ക്രയിന്‍ ഉപയോഗിച്ച് കരയിലുള്ള വണ്ടിയിലേക്ക് പണിക്കാര്‍ നിറച്ചു വെച്ച പാത്രങ്ങളിലെ ബെറികള്‍ നിറക്കും. അവിടെനിന്ന് അത് വൃത്തിയാക്കുന്നതിനായി മറ്റൊരിടത്തേക്ക്... വീണ്ടും കഴുകിയും കാറ്റടിച്ച് ഉണക്കിയും നല്ലതിനെ വേര്‍ത്തിരിക്കുന്നു. പിന്നീട് അത് പാക്കിംഗ് യൂണിറ്റിലേക്കും മറ്റു ഉല്‍പ്പനങ്ങള്‍ ഉണ്ടാക്കുന്നതിനുമായി മാറ്റുന്നു. വൈന്‍, ജാം, കേക്ക്, സോസ്, സോപ്പ് തുടങ്ങി കുറെയേറെയുണ്ട്...
Washing and drying unit
വാഗണ്‍ പുറപ്പെടാറായിയെന്നു അതുവരെ ഞാന്‍ സംസാരിച്ചു നിന്നിരുന്ന ഞങ്ങളുടെ ഗൈഡ് പറഞ്ഞു. ടിക്കറ്റ്‌ ആ കുട്ടിക്ക് കൊടുത്ത് വലതു ഭാഗത്തുള്ള സീറ്റില്‍ ഇരുന്നു. ടര്‍ക്കി കോഴികളും താറാവുകളും ഒരിടത്ത് വിലസുന്നുണ്ട്. ടര്‍ക്കി കോഴികള്‍ ഇരുപത്തെണ്ണം ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ നാലെണ്ണം മാത്രേ ബാക്കിയുള്ളൂ എന്നും മറ്റുള്ളവരെല്ലാം താങ്ക്സ് ഗിവിംഗ് പ്രമാണിച്ചു ആരുടെയൊക്കെയോ മേശപ്പുറം അലങ്കാരിക്കാന്‍ യാത്രയായിത്രേ. അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി പറഞ്ഞ് പ്രാര്‍ത്ഥിച്ച് ഡിന്നറിന് ടര്‍ക്കി കോഴിയെ ബേക്ക് ചെയ്ത് ക്രാന്‍ബെറി സോസും കൂട്ടി കഴിക്കുന്നതാണ് ഇവിടുത്തെ ചടങ്ങ്. കൊത്തിപ്പെറുക്കി നടക്കുന്ന ബാക്കി നാലെണ്ണം ഇനി ആരുടെ മേശപ്പുറത്ത് എത്തുമോ എന്തോ?
കൊച്ചുമുതലാളി 
വാഗണില്‍ പാടങ്ങള്‍ ചുറ്റി വന്നെങ്കിലും കണ്ടത് തൃപ്തിയായില്ല എന്ന് തോന്നിയപ്പോള്‍ നടന്നു കാണാം എന്നുതന്നെ തീരുമാനിച്ചു. നടക്കുമ്പോഴും ഓര്‍ത്തത് ക്രാന്‍ബെറിയേ കുറിച്ച് തന്നെ. പഴുത്ത കായ് പറിച്ച് കഴിച്ചാല്‍ ഒരു ചവര്‍പ്പാണ്. ബെറി പൊളിച്ചു നോക്കിയാല്‍ നാലറകളും അതിനുള്ളില്‍ ചെറിയ കുരുകളും കാണാം. വെള്ളത്തില്‍ പാറി കിടക്കാന്‍ കാരണമിതാകും. ഒരുപാട് ഔഷധഗുണങ്ങളും ക്രാന്‍ബെറിക്ക് സ്വന്തം. വിറ്റാമിന്‍ എ, സി എന്നിവകൊണ്ട് സമ്പന്നമായ ക്രാന്‍ബെറി കുട്ടികളില്‍ കാണുന്ന ശ്വാസകോശ രോഗങ്ങളെ ചെറുക്കുമെന്നും, മുതിര്‍ന്നവരുടെ മൂത്രാശയ രോഗങ്ങള്‍ക്ക് ക്രാന്‍ബെറിയോളം നല്ല മരുന്ന് വേറെയില്ലെന്നുമാണ് സംസാരം. മറ്റെന്തു രോഗങ്ങള്‍ക്കൊക്കെ ഇത് ശമനമാകുമെന്ന് അറിയാനായി പഠനങ്ങള്‍ നടക്കുന്നു. 

Final Processing Unit
എല്ലാ വിളകളുടെയും കൊയ്ത്ത് കഴിഞ്ഞ് ഏറ്റവും ഒടുവിലാണ് ക്രാന്‍ബെറിയുടെ വിളവെടുപ്പ്. അവസാനത്തെതെങ്കിലും വിളകളില്‍ മൂപ്പനായ ഇവനെ കണ്ടത് കാര്യായി. തണുത്ത കാറ്റടിച്ച് തൊണ്ടയിലെ കിച്ച് കിച്ച് കലശലായിരുന്നു. ഇനി മുതല്‍ മടികൂടാതെ ക്രാന്‍ബെറി കഴിക്കും എന്നൊക്കെ ഞാനും മോനും പരസ്പരം ഒരു പ്രോമിസ്‌ ഒക്കെ ചെയ്തു കൈനിറയെ ക്രാന്‍ബെറിയുമായി തിരിച്ചു പോന്നു. “താങ്ക് യൂ ബെറി മച്ച്....”
Thank you Berry Much 

48 comments:

  1. ബറി പുരാണം നന്നായി.ചിത്രങ്ങളും.വിജ്ഞാന പ്രദവും ആയി. കേരളക്കാർ ആകെയുള്ള സ്ട്രാ ബെറി കൊണ്ട് തൃപ്തിപ്പെടുന്നു.

    ReplyDelete
    Replies
    1. ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി ബിപിന്‍...

      Delete
  2. very informative , nice photos ! Hope u are getting better now , take care

    ReplyDelete
  3. manoharam, vyathyastham ...60 varshathinu mukalil.. manninodulla sneham , aalukaludeyum sarkaarintryum sahakaranam ..maathrukayaakkendath thanne..

    ReplyDelete
    Replies
    1. നമുക്ക് മണ്ണില്‍ ഇറങ്ങാന്‍ മടി... ഇവിടെ ആ കുടുംബത്തിലെ മിക്കവാറും ബിരുദാനന്തര ബിരുദം നേടിയവരാണ്... എല്ലാവരും ചേര്‍ന്ന് കൃഷി നടത്തുന്നു... കാണുമ്പോള്‍ത്തന്നെ സന്തോഷം... നന്ദി ഈ വരവിന്

      Delete
  4. Cranberry kanumpol 'nullampazham' polirikkunnu

    ReplyDelete
    Replies
    1. @ Muhammed Kunhi Wandoor - അതുപോലെയുണ്ടല്ലേ... :)
      @Shamsudeen Thoppil - സന്തോഷം :)

      Delete
  5. താങ്ക്യു ബെറി മച്.. അത് തന്നെയാണ് എനിക്കും പറയാനുള്ളത്. ബെറി പുരാണം അസലായി..

    ReplyDelete
    Replies
    1. നന്ദി ശ്രീജിത്ത്‌...

      Delete
  6. ഇനിയെങ്കിലും മടി പിടിക്കാതെ ക്രാൻബെറി കഴിക്കൂ ട്ടോ, ആ പ്രോമിസ് പാലിക്കപ്പെടട്ടെ ...

    ഈ മനോഹര പോസ്റ്റിനു എന്റേം താങ്ക്യൂ ബെറി മച്ച് ...!

    ReplyDelete
    Replies
    1. കഴിക്കുന്നുണ്ട് ചേച്ചി... പക്ഷേ സത്യായിട്ടും കഫ് സിറപ്പിന് ഇതിനേക്കാള്‍ ടേസ്റ്റ് ഉണ്ട്ട്ടോ...

      Delete
  7. ഇത്തവണ വെറുമൊരു യാത്രയല്ലല്ലൊ. വിഞ്ജാനപ്രദമായ ഈ ബെറിയാത്ര ഏറ്റവും മനോഹരം തന്നെ. അതോടൊപ്പം ഹുസ്സൈന്റെ ചിത്രങ്ങൾ ഏറെ മനോഹരമെന്നല്ല,ഏറെ ചേതോഹരം തന്നെ...!!

    ReplyDelete
    Replies
    1. എനിക്കിത് പുതിയ അറിവാണ്... അതിവിടെ നിങ്ങളോടും കൂടെ പങ്കുവെക്കാന്ന് കരുതി... സ്നേഹം... സന്തോഷം :)

      Delete
  8. തിങ്കളാഴ്ച ഒഴിവാണെങ്കിലും ബെറി വിശേഷങ്ങൾ കൂടുതൽ മനോഹരവും അതേക്കാൾ കൊതിപ്പിക്കുന്നതുമായി. ചിത്രങ്ങൾ കൂടി കണ്ടപ്പോൾ ഒരു നിലക്കും കൊതി അടക്കാൻ കഴിയുന്നില്ല. ബെറി ചരിത്രം വളരെ നന്നായി കെട്ടൊ.

    ReplyDelete
    Replies
    1. എവിടെയെങ്കിലും ക്രാന്‍ബെറി കണ്ടാല്‍ മറക്കല്ലേ റാംജിയേട്ടാ...

      Delete
  9. ഒരു ബ്ലാക് ബെറി കിട്ട്യാല്‍ കൊള്ളാരുന്നു

    ReplyDelete
    Replies
    1. ആ ബെറി കമ്പനി പൂട്ടാന്‍ പോണുന്നൊക്കെ ഇടയ്ക്കിടെ കേള്‍ക്കാം...

      Delete
  10. താങ്ക്യു ബെറി മച്...
    ചിത്രങ്ങൾ അതി മനോഹരം

    ReplyDelete
  11. ഈ പാശ്ചാത്യർക്കൊക്കെ ‘ബെറി‘യിൽ
    വല്ലവരും കൈ വിഷം കൊടുത്തിട്ടുണ്ടാവുമോ ..അല്ലേ..!

    ഈയിടെ ‘ന്യൂബെറി പാർക്ക്’ എന്ന സ്ഥലത്ത് താമസിക്കുന്ന എന്നും
    ‘ക്രാന്‍ബെറി ജ്യൂസും‘ ,‘സ്റ്റ്രോബെറി യോഗർട്ടും‘ കഴിക്കുന്ന ‘സ്യൂ-ബെറി’
    എന്നൊരു സഹപ്രവർത്തകയുടെ രഹസ്യങ്ങൾ മുഴുവൻ ഞാൻ അറിഞ്ഞത് അവളുടെ
    ‘ബ്ലാക്ക്ബെറി’ ഒരു ദിവസം ജോലിസ്ഥത്ത് മറന്ന് വെച്ച് പോയപ്പോഴാണ്... ! എന്റമ്മോ...! !

    ബെറി ബെറി ഇൻഫോർമേറ്റീവ്
    ആർട്ടിക്ക്ൾ കും ട്രാവലോഗ്... ഡിയർ !

    കീപ്പ് ഇറ്റ് അപ് ബെറി ബേബി...സോറി മുബീ.

    ReplyDelete
    Replies
    1. അത് നേരാ മുരളിയേട്ടാ... രാവിലെ തൈരും കുറെ ബെറികളും ഇട്ട് കുത്തി കലക്കി കഴിക്കുന്നത്‌ കാണാം. ഒരു ദിവസം "very healthy' ആണെന്നും പറഞ്ഞ് എനിക്ക് തന്നു. പിറ്റേന്ന് തൊണ്ടവേദനയും ചുമയും ഹെല്‍ത്തിയായിട്ടു കിട്ടി....

      Delete
  12. ഭൂമിയിലെ സ്വർഗമെന്നത് ഇതല്ലെ.....

    കിട്ടിയതുമുഴുവൻ ആർത്തിയോടെ സ്വയം അനുഭവിച്ചുതീർക്കാതെ മറ്റുള്ളവരുമായി പങ്കുവെക്കുന്ന ഈ മനോഭാവത്തിന് നന്ദി

    ReplyDelete
  13. മുബിയുടെ എഴുത്ത്,ഹുസ്സൈന്‍റെ ചിത്രങ്ങള്‍-രണ്ടും ഒന്നിനൊന്നു മെച്ചം

    ReplyDelete
  14. ആ വാഗൺ റൈഡ് ചിത്രം... ഹാറ്റ്സ് ഓഫ് മിസ്റ്റർ ഹുസൈൻ... എഴുത്തും ഗംഭീരം മുബി...

    ReplyDelete
  15. കൊതിമൂത്ത് ബെറി ബെറി വരുമോ എന്നാ ഇപ്പൊ സംശയം .കൊതിപ്പിച്ചു മുബ്യെ .

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷ്, വെട്ടത്താന്‍ ചേട്ടന്‍, വിനുവേട്ടന്‍, മിനി.... ബെറി വായിച്ചും, കണ്ടും ബെറിയായ നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്നേഹം..... :)

      Delete
  16. ബെറി ചരിതം മനോഹരമാക്കി
    ഒപ്പം ചിത്രങ്ങൾ കൊഴുപ്പു കൂട്ടി.
    അറിവു പകർന്ന ഒരു സചിത്ര ലേഖനം.
    നന്ദി മുബി.
    എഴുതുക അറിയിക്കുക.
    ആശംസകൾ ചിത്രകാരനും
    അസ്സലായിട്ടോ ചിത്രങ്ങൾ!
    നയനാനന്ദകരം!
    ഫിലിപ്പ് ഏരിയൽ

    ReplyDelete
    Replies
    1. നന്ദി ഏരിയല്‍ സര്‍. ഹുസൈനോട് പറയാം...

      Delete
  17. ബെറിയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു.... ഹുസൈൻ ജീ... ഫോട്ടോസ് കിടിലൻ..."താങ്ക്യൂ ബെറി മച്ച്" ...

    ReplyDelete
  18. ഈ ബെറി ക്കുറിപ്പ്‌ ഉഷാറായി... ബെറി തിന്നാൻ കൊതിയോടൊപ്പം ആ നാട് കാണാനും കൊതി...

    ReplyDelete
  19. ബെറി ഗുഡ്, ബെറി ഗുഡ്, ബെറി ഗുഡ്. എന്നാലും ദുരിതകോപ്റ്റരില്‍ ഒന്ന് കയറിനോക്കാമായിരുന്നു. വിവരണങ്ങളോടൊപ്പം വര്‍ണ്ണ മനോഹരമായി ചിത്രങ്ങളും..

    ReplyDelete
  20. പതിവ് പോലെ ഈ എഴുത്തും മനോഹരം. പുതിയ തരം പഴത്തെ കുറിച്ചും വളരെ വ്യത്യസ്ഥമായ കൃഷി, വിളവെടുപ്പ് രീതികളെ കുറിച്ചും പുതിയൊരറിവ്‌ കിട്ടി. ഫ്ലോട്ടിങ് രീതി ആശ്ചര്യപ്പെടുത്തി. ഹുസൈനിക്ക തകര്‍ത്തു

    ReplyDelete
  21. @ നിസു, നന്ദി... ഹുസൈനോട് പറയാം.
    @ ഷാജി, വീണ്ടും ഇവിടെ കണ്ടതില്‍ ഒരുപാട് സന്തോഷം
    @ EKG, എനിക്കെന്തോ അതിന്‍റെ മട്ടും ഭാവവും പിടിച്ചില്ല (പേടിയോണ്ടാവും)... നന്ദി
    @ സലാഹു, നന്ദി.... സ്നേഹം വായനക്കും അഭിപ്രായത്തിനും...

    ReplyDelete
    Replies
    1. nayagra tripil itta comment kaanunnilla???

      Delete
    2. കമന്റ്‌ കാണാം. കമെന്റ്റ്‌ ബോക്സിനു ഏറ്റവും താഴെ "Load More" എന്ന് കാണും അതില്‍ ഒന്ന് ക്ലിക്കണം. നന്ദി

      Delete
  22. സകല കാര്യങ്ങളും കൊതിപ്പിക്കുന്ന ചിത്രങ്ങളും കോര്‍ത്തിണക്കി ഒതുക്കിയ മനോഹരമായ പോസ്റ്റ്‌.

    ReplyDelete
  23. മൾബെറി തിന്നും ബ്ലാക്ബെറിയിൽ സംസാരിച്ചുമേ പരിചയമുള്ളൂ, ഈ ക്രാൻബെറി ഫാമിലൂടെയുള്ള യാത്ര പുതിയൊരനുഭവമായി.. :)

    ക്യാമറ മേനോന് നല്ല നമസ്കാരം!

    വാഗണും ഹെലികോപ്റ്ററുമൊക്കെയുള്ള ഫാം... കിടിലൻ സെറ്റപ്പ് തന്നെ..

    ReplyDelete
    Replies
    1. ജോസ് ലെറ്റ്‌ & ജിമ്മി... ക്രാന്‍ബെറി ഫാമിലെ വിശേഷങ്ങള്‍ അറിയാന്‍ ഇവിടെ വന്നതില്‍ സന്തോഷമുണ്ട്ട്ടോ...

      Delete
  24. വിവരണത്തേക്കാൾ പ്രാധാന്യത്തോടെ മനോഹരമായ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ.
    നന്നായിരിക്കുന്നു. ആശംസകൾ...

    ReplyDelete
  25. ഇത്താ ഒരു കാര്യം ചെയ്തോ ഇതുപോലെ ഒരു ഫാം വാങ്ങി അവിടെ തന്നെ കൂടിക്കോ , പണിക്കാരനായി നാട്ടില്‍ നിന്നും ആളെ എടുക്കുമ്പോള്‍ എന്റെ പേര് പരിഗണിച്ചാല്‍ മതി , അങ്ങനെ എങ്കിലും ഇതൊക്കെ ഒന്ന് കാണാലോ

    ReplyDelete
  26. കാണാൻ കഴിയുമ്മൊ എന്നറിയാത്ത കാഴ്ചകൾ ഒപ്പം നടന്നു കണ്ട പോലെ പറഞു തന്നതിന് ഒരായിരം നന്ദി

    ReplyDelete
    Replies
    1. @ ഹരിനാഥ്, നന്ദി... സ്നേഹം
      @ വിജിന്‍, ഹഹഹ നീയിങ്ങിനെ ഓരോ പ്രാവശ്യവും പുതിയ പുതിയ ഐഡിയയും കൊണ്ട് ഇറങ്ങിക്കോ.
      @അന്സു, വന്നതിലും വായിച്ചതിലും സന്തോഷം...

      Delete
  27. Ninte blogspot favourites-il cherthu. Nalla ezhutthu, sukhamulla vaayana. Meantime, ninkkenna ormayundo?

    ReplyDelete
  28. വിവരണവും ചിത്രങ്ങളും മനോഹരമായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  29. ഉശിരന്‍ ബെറിക്കുറിപ്പ്

    ReplyDelete
    Replies
    1. @ കല... എന്‍റെ വട്ട് നിനക്ക് പ്രിയപ്പെട്ടതായോ? ഇനി സഹിച്ചോ...
      @ തങ്കപ്പന്‍ ചേട്ടാ, സ്നേഹം...
      @ എച്ച്മു, താങ്ക്യൂ ബെറി മച്ച്....

      Delete