Sunday, March 15, 2015

വൈറ്റ് കേക്കും ലെന്റില്‍ സൂപ്പും

ചോറും, കറിയും ഉപ്പേരിയും, പപ്പടവും, അച്ചാറും മേശപ്പുറത്ത് നിരത്തുമ്പോഴാണ് “ഉമ്മാക്ക് വൈറ്റ് ഫുഡ്‌ ഉണ്ടാക്കിയാലെന്താ” എന്ന് ചോദിച്ച് മകനെത്തിയത്. വൈറ്റ് ഫുഡ്‌ ഉണ്ടാക്കാനുള്ള സാധനങ്ങള്‍ ഒന്നും വീട്ടിലില്ലെന്നുള്ള മുടന്തന്‍ ന്യായം പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി.   തനിച്ച് ഭക്ഷണം കഴിക്കുന്ന പ്രായമായപ്പോഴേക്കും ചോറ് കഴിക്കുന്ന ശീലം മക്കള്‍ ഉപേക്ഷിച്ച മട്ടാണ്. പ്രവാസത്തിലെ ഓരോ കൂട് മാറ്റത്തിലും അതാത് നാടിന്‍റെ ഭക്ഷണ രീതികളുമായി ഞങ്ങളെക്കാള്‍ വേഗത്തില്‍ കുട്ടികളാണ് ഇണങ്ങുന്നത്. കാനഡയില്‍ എത്തിയിട്ടും അങ്ങിനെതന്നെ. കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട വടക്കേ അമേരിക്കയിലെ ടോറോന്റോ നഗര വീഥികളിലൂടെ നടന്നാല്‍ ഇംഗ്ലീഷ് കൂടാതെ ഇരുന്നോറോളം വ്യത്യസ്ത ഭാഷകള്‍ കേള്‍ക്കാം. ഭാഷ പോലെതന്നെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും സംസ്കാര രീതികളും കൊണ്ട് സമ്പന്നമാണ് ടോറോന്റോ.

ഓര്‍ഡര്‍ തരരുത്... പ്ലീസ് 

കാനേഡിയന്‍ കുടിയേറ്റത്തിന്‍റെ വൈവിധ്യം ആദ്യമായി ഞാനറിയുന്നത് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ക്രിസ്മസ്സ് ഒഴിവിനു മുന്പായി നടത്തുന്ന “പോട്ട് ലക്ക്” പരിപാടിയിലാണ്. ഓരോരുത്തരും അവരവരുടെ നാട്ടിലെ ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്ന്, എല്ലാവരും കൂടെ ഒന്നിച്ചിരുന്ന് കഴിച്ചു സന്തോഷത്തോടെ പുതുവര്‍ഷാശംസകളും നേര്‍ന്നുകൊണ്ട് പിരിയുന്നു. മാംസാഹാരം മാത്രമല്ല ഉള്ളിയും വെളുത്തുള്ളിയും കഴിക്കാത്ത രാജസ്ഥാനിയായ കൂട്ടുകാരിയും ഞാനും ആകെ വിഷമത്തിലായി. ഭക്ഷണം കൊണ്ടുവരുന്നതിലല്ല, മറ്റുള്ളവര്‍ കൊണ്ടുവരുന്നതിലെ ചേരുവകള്‍ അറിയാതെ എങ്ങിനെ കഴിക്കും, കഴിച്ചില്ലെങ്കില്‍ അത് അപമാനിക്കുന്നത് പോലെയാകില്ലേ... അങ്ങിനെയെല്ലാം ആലോചിച്ചപ്പോള്‍ ആ ദിവസം ലീവ് എടുക്കുന്നതാണ് നല്ലത് എന്നുവരെ തോന്നിപോയി. മടിച്ച് മടിച്ചാണ് കനേഡിയന്‍ സുഹൃത്തിനോട്‌ ഞങ്ങളുടെ “കയിച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും” വയ്യാത്ത അവസ്ഥ അറിയിച്ചത്. “നിങ്ങള്‍ ഭക്ഷണം കൊണ്ട് വരൂ... പ്രശ്നങ്ങള്‍ ഒക്കെ പരിഹരിക്കാം...” എന്ന് പറഞ്ഞ് ഞങ്ങളെ സമാധാനിപ്പിച്ചു.

മഞ്ഞില്‍ ഇരുന്നും നടന്നും ഉരുണ്ട് വീണും ആലോചിച്ച് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും എന്തുണ്ടാക്കി കൊണ്ട് പോകുമെന്ന കാര്യത്തില്‍ മാത്രം തീരുമാനമായില്ല. ഒടുവില്‍ വീട്ടിലെ ചര്‍ച്ചയിലാണ് ഇഡലിയും സാമ്പാറും തിരഞ്ഞെടുത്ത് ഉറപ്പിച്ചത്. അങ്ങിനെ “പോട്ട് ലക്ക്” ദിവസം രാവിലെ ഞാന്‍ അമ്പത് ഇഡലിയും ഒരു കുഞ്ഞിക്കലം സാമ്പാറുമായി ഓഫീസിലെത്തി. പത്ത് മണിക്ക് തന്നെ മീറ്റിംഗ് ഹാള്‍ ഒരുക്കുന്ന തിരക്ക് തുടങ്ങി. അതിനിടക്ക് മെമോ എത്തി. ഓരോരുത്തരും അവരവരുടെ നാടും ഭക്ഷണത്തിന്‍റെ പേരും ചേരുവകളും വൃത്തിയായി എഴുതിയോ ടൈപ്പ് ചെയ്തോ അതാത് ഭക്ഷണത്തിന്റെ അടുത്ത് വെക്കണം എന്നായിരുന്നു അതിലുണ്ടായിരുന്നത്‌. ഇഡലി സാമ്പാര്‍ എന്നെഴുതി ചേരുവകളുടെ ഇംഗ്ലീഷ് പേരുകള്‍ എഴുതി കൊണ്ടിരിക്കുന്നതിനിടയില്‍ എന്‍റെ കനേഡിയന്‍ സുഹൃത്ത്‌ വായിച്ച് നോക്കി പരാജയപ്പെട്ടു. “പേര് വായിക്കാന്‍ പറ്റുന്നില്ല, ഭക്ഷണം കാണിച്ചു തരൂ ഇംഗ്ലീഷ് പേര് അവരുണ്ടാക്കാമെന്നായി. അങ്ങിനെയാണ് എന്‍റെ പാവം ഇഡലിയും സാമ്പാറും “വൈറ്റ് കേക്കും ലെന്റില്‍ സൂപ്പു”മായി മേശപ്പുറത്ത് എത്തിയത്. 
 
ഇത് വേറെ ഒരു പരിപാടിയുടെ പോട്ടമാണ്... സോറി, ഇഡലിയും സാമ്പാറും ഇതിലില്ല 

പന്ത്രണ്ട് മണിയായപ്പോഴേക്കും ഇന്ത്യന്‍, ചൈനീസ്, പേര്‍ഷ്യന്‍, അറേബ്യന്‍, പോളിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ശ്രീലങ്കന്‍, കാനേഡിയന്‍ വിഭവങ്ങള്‍ കൊണ്ട് മേശ നിറഞ്ഞു. പ്ലേറ്റുകളില്‍ അതിര്‍ത്തികള്‍ ലംഘിച്ച് പലവിധ രുചികള്‍ കൂട്ടിമുട്ടിയെങ്കിലും സമധാന പ്രശ്നങ്ങള്‍ ഒന്നും താറുമാറായില്ല. പിസ്സയും ബര്‍ഗറും അല്ല “പുട്ടീനാണ്” കാനഡയുടെ തനത് ഭക്ഷണമെന്ന് ഞാനറിഞ്ഞതും അന്നായിരുന്നു. മൃദുവായ ഇഡലിയെ ഫോര്‍ക്ക് കുത്തി വേദനിപ്പിക്കുന്നത് സഹിക്കാനായില്ലെങ്കിലും പാത്രത്തില്‍ ഒന്ന് പോലും ബാക്കിയാകാഞ്ഞത് സന്തോഷിപ്പിച്ചു.

ഒരിക്കല്‍ ശൈത്യം അതിന്‍റെ ഉച്ചിയിലെത്തി നില്‍ക്കുമ്പോഴാണ് കാട്ടിലൂടെ മഞ്ഞില്‍ രാത്രി നടക്കാന്‍ പോകാനുള്ള മോഹമുദിച്ചത്. സ്ഥിരമായി വേനല്‍ക്കാലത്ത് ക്യാമ്പിന് പോകുന്ന സ്ഥലമാണ്. ശൈത്യക്കാലത്ത് എങ്ങിനെയാവും കാടും രാത്രിയും എന്നറിയാനൊരു പൂതി. തനിച്ചുള്ള നടത്തം വേണ്ടെന്ന് വെച്ചു ഒരു കൂട്ടം സായിപ്പന്മാരുടെ ഒപ്പം കൂടി. രാത്രി  -20 ഡിഗ്രിയില്‍ മഞ്ഞിലൂടെ നിലാവെളിച്ചത്തില്‍ തപ്പിത്തടഞ്ഞുള്ള നടത്തം നല്ലോരനുഭവമായിരുന്നു ഞങ്ങള്‍ക്ക്. തണുത്ത് വിറച്ച്, വിശന്ന് വലഞ്ഞു തിരിച്ച് എത്തിയപ്പോള്‍ സംഘാടകര്‍ നല്‍കിയ ചൂടുള്ള പുട്ടീന്‍റെ രുചി പിന്നീടൊരിക്കലും എനിക്ക് കിട്ടിയിട്ടില്ല. കുറച്ച് മൈദ വെള്ളത്തില്‍ കലക്കി അടുപ്പത്ത് വെച്ച് ഇളം ചൂടില്‍ വേവിക്കുന്നതിലേക്ക് വെളുത്തുള്ളിയും, വെണ്ണയും, ഇറച്ചി വേവിച്ച വെള്ളവും ചേര്‍ക്കുന്നു. ഇതെല്ലാം കൂടെ ചേര്‍ന്ന് ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ കോണ്‍ഫ്ലവെര്‍ കുറച്ച് കലക്കി ഇതിലേക്ക് ഒഴിച്ച് ഗ്രേവി കുറുക്കുന്നു. ഫ്രെഞ്ച് ഫ്രൈസില്‍ ചൂടുള്ള ഗ്രേവി ഒഴിച്ച് ഇളക്കി മുകളില്‍ ചീസും കുരുമുളകും വിതറിയതും കൊണ്ട് അലങ്കരിച്ചാല്‍ പുട്ടീനായി.

കുടിയേറ്റ സംസ്കാരം പുട്ടീനേയും ബാധിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്‌. കഴിക്കുന്നത്‌ പുട്ടീന്‍ തന്നെയാണെങ്കിലും ഓരോ തവണയും രുചി വ്യത്യസ്തമാണ്. പലതരം ഭാഷയും വേഷവും ഇടകലര്‍ന്ന ടോറോന്റോ മെട്രോയിലെ ഒരു യാത്ര പോലെ പുട്ടീനും പല രുചികള്‍ക്കിടയില്‍ മുങ്ങി പൊങ്ങുന്നു. കനേഡിയന്‍ സുഹൃത്തുക്കള്‍ പറയുന്നത് പോലെ, “ഞങ്ങളുടെ -നിങ്ങളുടെതെന്ന വ്യത്യാസമില്ല, എല്ലാ രുചികളും കാനേഡിയന്‍ ആയിരിക്കുന്നു...” അത് കൊണ്ടാവും പുട്ടീന്‍ പോലെ തന്നെ “വൈറ്റ് കേക്കും ലെന്റില്‍ സൂപ്പും ഇവര്‍ക്ക് പ്രിയപ്പെട്ടതാകുന്നത്. 


ഗള്‍ഫ്‌ മാധ്യമം രുചി എഡിഷനില്‍ പ്രസിദ്ധീകരിച്ചത്...

60 comments:

  1. പാത്തൂ ആ ചോറും ക റീ നീ ഇങ്ങട് വിളബൂ എനക്ക് വൈറ്റ് ഫുഡ്‌ മാണ്ട

    ReplyDelete
  2. പൂട്ടിന്‍ ഒന്നു പരീക്ഷിച്ചാലോ

    ReplyDelete
    Replies
    1. @ സാലീ ചേച്ചി, ഇങ്ങള് ഇങ്ങോട്ട് പോന്നോളീം... നിക്കും വൈറ്റ് ഫുഡ്‌ പറ്റില്യ:)
      @ വെട്ടത്താന്‍ ചേട്ടാ, നിവര്‍ത്തിയില്ലെങ്കില്‍ മാത്രേ ഞാന്‍ അത് കഴിക്കൂ. എനിക്ക് ചോറും, ഇഡലിയും സാമ്പാറും ഒക്കെ വേണം...

      Delete
  3. സ്വാദിന്റെ വൈവിധ്യങ്ങള്‍... നമ്മുടെ വൈറ്റ് കേക്കും ലെന്റില്‍ സൂപ്പും കലക്കീട്ടോ.. നല്ല പോസ്റ്റ്.

    ReplyDelete
  4. വൈറ്റ്‌ കേക്കും,ലെന്‍റില്‍ സൂപ്പും!
    ഇപ്പോള്‍ നമ്മ്ടെ നാട്ടിലെ ആള്‍ക്കാരും നാടന്‍ ഭക്ഷണരീതിയിലെക്ക് തിരിച്ചുവര്ന്നുണ്ട്ട്ടോ!!.
    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
    Replies
    1. @ സുധീര്‍, ദോശയേക്കാളും അവര്‍ക്കിഷ്ടായത് ഇഡലി തന്നെയാണ്. ചട്ട്ണിയില്‍ എരിവ് അധികം പാടില്ലാന്നേയുള്ളൂ..
      @ തങ്കപ്പന്‍ ചേട്ടാ, നാട്ടിലേക്ക് വിളിച്ചാല്‍ ചിലപ്പോള്‍ കേള്‍ക്കാം, ഇപ്പോ ഞങ്ങളും കൂടി ഇതൊന്നും ഉണ്ടാക്കാറില്ല, നീ കാനഡയിലെത്തിയിട്ടും മാറിയില്ലേന്ന്?

      Delete
  5. ഇനിമുതൽ അടുക്കളയിൽ പോയി വൈറ്റ് കേക്കും ലെന്റില്‍ സൂപ്പുമാണേൽ മുഴുവൻ നീതന്നെ തട്ടിക്കോ എന്നു പറയാമല്ലോ.......

    ഓരോ നാടിന്റേയും സംസ്കാരം അവരുടെ ഭക്ഷണശീലങ്ങളിൽ പ്രതിഫലിക്കുന്നു.....

    ReplyDelete
  6. എന്ത് നല്ല മനോഹരമായ ആചാരങ്ങള്‍ , ഇവിടെ ഇല്ലാതെ പോയി , ഇവിടെ എന്നും കുബൂസ്സും തൈരും തന്നെ ....

    ReplyDelete
    Replies
    1. @ പ്രദീപ്‌ മാഷേ, പേരൊക്കെ മാറ്റി ഇഡലിയെ ഒന്ന് സ്റ്റൈലാക്കാം. ചെറുപ്പത്തില്‍ മക്കള്‍ നൂഡില്‍സ് ചോദിച്ചാല്‍ ഉമ്മ നൂല്‍പ്പുട്ട്(ഇടിയപ്പം) ഉണ്ടാക്കി അതില്‍ കുറച്ച് ഇറച്ചി മസാലയും, പച്ചക്കറിയുമൊക്കെ ചേര്‍ത്ത് കൊടുക്കും.. മാഗിയൊന്നും ഇവിടെ കിട്ടില്ല, പട്ടാമ്പിയില്‍ ഈ നൂഡില്‍സേ കിട്ടൂ. കുറച്ചു വലുതാകുന്നത് വരെ അവരെ ഇങ്ങിനെ പറ്റിച്ചിരുന്നു :)
      @ വിജിന്‍, ഇടയ്ക്കിടയ്ക്ക് ഇവിടെ ഇത് തന്നെയാണ്. അതും ഒരു സന്തോഷം...

      Delete
  7. കൊള്ളാം.രസകരമായിരുന്നു വിവരണം.ആശംസകൾ.

    ReplyDelete
  8. വൈറ്റ് സൂപ്പും ലെന്റിൽ കേക്കും അല്ല സോറി, വൈറ്റ് കേക്കും ലെന്റിൽ സൂപ്പും..! രണ്ടും നാവിൽ വഴങ്ങുന്നില്ല. ആ പേരു നിങ്ങളു തന്നെ ഉപയോഗിച്ചോ.. ഞങ്ങ്ക്ക് ഞങ്ങ്ടെ ‘ഇഡ്ഡ്ലിയും സാമ്പാറും’ തന്നെ മതി...!!

    ReplyDelete
    Replies
    1. @Jyo.mds, ഇവിടെ വന്നതില്‍ ഒരുപാട് സന്തോഷം..
      @ വീകെ, ഇഡലിയും സാമ്പാറും... അവര് പറയുന്നത് കേട്ടാല്‍ ഭേദം വൈറ്റ് കേക്ക് തന്നെയാണ്..

      Delete
  9. നിന്നോടൊക്കെ പടച്ചോൻ ചോദിക്കും . ഞാൻ മെനിയാന്ന് മുതൽ ഒടുക്കത്തെ ഡയറ്റിംഗ് തുടങ്ങിയതാ . (സീരിയസ് ആയി പറഞ്ഞതാ ) ഇത് തുറന്നപ്പോൾ തന്നെ നല്ല ഫോട്ടോ

    ReplyDelete
  10. കുറച്ചു നേരം ആ photo നോക്കി ഇരുന്നു. മിക്കവാറും "സൌതിന്ത്യന്‍ താളി" കഴിക്കുന്ന എന്നെ പോലുല്ലവനെ ആഗ്രഹിപ്പിക്കുന്ന പോസ്റ്റ്‌. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നാറാന് പതിവെങ്കിലും നമ്മുടെ ഫുഡ്‌ നമ്മുടെ ഫുഡ്‌ തന്നാ.

    ReplyDelete
    Replies
    1. @ മന്‍സൂര്‍, ഹഹഹ, എന്നെകൊണ്ട്‌ ഇത്രയൊക്കെ പറ്റൂ :)
      @ ഷരീഫ്, അതെന്നെ... അത് കഴിഞ്ഞേയുള്ളൂ മറ്റെന്തെങ്കിലും..

      Delete
  11. ഭക്ഷണം വിശ്രമം!!!!

    ReplyDelete
  12. നല്ല ഭംഗിയുള്ള ഭക്ഷണം.

    ReplyDelete
    Replies
    1. @ അജിത്തേട്ടാ, തിരക്കൊക്കെ കഴിഞ്ഞോ? ഇതൊക്കെ കൂടെ കഴിച്ചാല്‍ പിന്നെ ഓഫീസില്‍ ഉറക്കം തൂങ്ങിയിട്ടായിരിക്കും ഇരിക്ക്യ...
      @ റാംജിയേട്ടാ, ചിലത് കാണാന്‍ നല്ല ഭംഗിയാവും, പക്ഷെ എരിവും പുളിയും ഒന്നുണ്ടാവില്ല..

      Delete
  13. എന്നെപ്പോലെയുള്ള ഭക്ഷണ പ്രിയരെ
    കുപ്പിയിലിറക്കാൻ ഓരോരോ പോസ്റ്റ്കളേ ....
    വിശ്വത്തിലെ വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളാൽ
    വിവിധ രാജ്യങ്ങളും വേറിട്ട് നിൽക്കുന്ന തന്നെയാണെങ്കിലും

    ഒന്നിനോടൊന്ന് ഉപമിക്കാവുന്ന രീതിയിൽ പല രാജ്യങ്ങളുടേയും
    വിഭവങ്ങൾ ഒരേ സ്വാദിനാലോ , രൂപത്താലോ ഇരിക്കുന്നവ തന്നേയാണ്.
    ഇത്തരം വിഭവങ്ങളൂടെ ആകർഷണവലയത്തിൽ അകപ്പെട്ട് പല ഭക്ഷണ പ്രിയരും
    സ്വന്തം രാജ്യം വരെ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിൽ സ്ഥിരം പ്രവാസമുറപ്പിക്കാറുണ്ട് പോലും...!
    സൂപ്പർ അവലോകനം കേട്ടൊ മുബി

    ReplyDelete
    Replies
    1. @ മുരളിയേട്ടാ, ഇത് വായിച്ചിരുന്നോ? http://www.thestar.com/news/insight/2015/03/06/scientists-reveal-why-indian-food-tastes-so-good.html

      Delete
  14. പ്രിയപ്പെട്ട മുബീ .....ഞാനിവിടെ ആദ്യം വിളമ്പുന്നത് ലേഖനത്തിലെ രുചിക്കൂട്ടുകളിലെ നാട്ടുവൈവിധ്യങ്ങളും രസക്കാഴ്ച്ചകളുമല്ല .കുട്ടിയുടെ സഞ്ചാര സൗഭാഗ്യത്തിന്റെ പ്രവാസ ജോലിയും ജീവിതവുമാണ് .വിഷമങ്ങലുണ്ടാവാം .എത്ര രാജ്യങ്ങള്‍ ഭാഷകള്‍ സംസ്കാരങ്ങള്‍ ........അങ്ങിനെയങ്ങിനെ ....എന്തു രസായിരിക്കും ,അല്ലേ ! മാധ്യം 'രുചി ഇവിടെ നാട്ടില്‍ പ്രസിദ്ധീകരിക്കുന്നേയുള്ളൂ.. കുട്ടിയുടെ കുറിപ്പ് ഇവിടെ വായിച്ചെങ്കിലും അവിടെയും നോക്കണം .അഭിനന്ദനങ്ങള്‍ !!

    ReplyDelete
  15. 'മാധ്യമം' എന്ന് തിരുത്തുക ...

    ReplyDelete
    Replies
    1. @ Asha, Thnx dear...
      @ Mohammed kutty Irimbiliyum, മാഷ് പറഞ്ഞത് ശരിയാണ്, വിഷമങ്ങളെല്ലാം ഇത് പോലെയുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ അലിഞ്ഞു പോകും... സന്തോഷം... സ്നേഹം :)

      Delete
  16. ഇഡ്ഡലീം സാമ്പാറും എന്റെ പ്രിയപ്പെട്ടതാണ്.അതൊന്നുമില്ലാത്ത ജീവിതം ഓർക്കാനേ വയ്യ.ഒരു ദിവസം ഒരു നേരം ചോറുണ്ണാൻ സാധിച്ചില്ലെങ്കിൽ കരയണ ആളാ ഞാൻ.രാത്രീലെ മഞ്ഞു വീഴ്ച്ച കാണാൻ പോയീന്നു പറഞ്ഞപ്പോ ഒരു കുശുമ്പ് തോന്നി.

    ReplyDelete
  17. ആദ്യത്തെ ആ ചിത്രം... ശരിക്കും കൊതിപ്പിച്ചു...

    ReplyDelete
    Replies
    1. @ ഉമ, ചോറ് ഇല്ലാതെ എനിക്കും പറ്റില്ല. ഇനി ആ ശീലമൊന്നും മാറ്റാനും വയ്യ!
      @ വിനുവേട്ടാ, ആ ഫ്ലൈറ്റ് തിരഞ്ഞ് പോണ വഴിക്ക് ഇവിടെ ഇറങ്ങിക്കോള്ളൂ, ഊണ് കഴിച്ചിട്ട് പോകാം...

      Delete
  18. Mubi eththa നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  19. mubi eththyude vakkukaliloode canada enne vallathe kothippikkunnu

    ReplyDelete
  20. ഞാനനെങ്ങിനെ ഇവിടെയെത്തി? അതെ വാവായനശാലയിൽകൂടിയാണെത്തിയത്. അവതരണശൈലി വളരെ ഇഷ്ടായിട്ടോ. എഴുത്തിനോട് കിടപിടിക്കുന്ന തരത്തിലുള്ള പാചക വൈദഗ്ധ്യവും..നമ്മടെ പട്ടാമ്പി ഭaഷയിൽ പറയാണെങ്കിൽ ഇങ്ങക്ക് നന്നായി "വെച്ച്ണ്ടാക്കാനും" അറിയാല്ലേ?

    ReplyDelete
    Replies
    1. @ Shamsudeen Thoppil, നന്ദി... സന്തോഷം
      @Assainar Kutty, വായനശാലയില്‍ കയറിയപ്പോള്‍ ഇവിടെയും എത്തിയല്ലേ? സ്നേഹം... സന്തോഷം :)

      Delete
  21. മുബീ ചോറും, പപ്പടവും, സാമ്പാറുമൊക്കെ കൊതിപ്പിച്ചല്ലോ? " വൈറ്റ് കേക്കും, ലെന്റിൽ സൂപ്പും " കൊള്ളാം. നല്ല പേര് . ആളൊരു നല്ല പാചകക്കാരി കൂടിയാണല്ലേ. വിവരണത്തോടൊപ്പം ഫോട്ടോസും കൂടെയായപ്പോൾ നന്നായി.

    ReplyDelete
  22. ഹോ, വിശപ്പ് കത്തിക്കാളി വയറുമുഴുവൻ എരിഞ്ഞടങ്ങുന്ന നട്ടുച്ചനേരത്ത് ഈ പോസ്റ്റ് നോക്കാൻ എനിക്കെന്തിന്റെ കേടായിരുന്നു!

    ആദ്യം ചോറും കറികളും നിരത്തിവച്ച ഫോട്ടോ കാണിച്ച് തോൽ‌പ്പിച്ചു.. പിന്നെ, ഇഡ്ഡലി-സാംബാർ കഥ പറഞ്ഞ് തോൽ‌പ്പിച്ചു.. അവസാനം നിലാവെളിച്ചത്തിൽ മഞ്ഞിലൂടെ നടന്ന്, വിശന്ന് വലഞ്ഞു വന്ന് പുട്ടീൻ കഴിച്ചത് പറഞ്ഞ് തോൽ‌പ്പിച്ചു.. അവിടംകൊണ്ട് പോസ്റ്റ് തീർന്നത് നന്നായി.. അല്ലെങ്കിൽ വീണ്ടും തോൽ‌വികൾ ഏറ്റുവാങ്ങേണ്ടി വന്നേനെ..

    (കഴിഞ്ഞ ദിവസം വീട്ടിലേയ്ക്ക് ക്ഷണിച്ച് വയറുനിറയെ വൈറ്റ് കേക്കും ലെന്റിൽ സൂപ്പും പകർന്നുതന്ന കൂട്ടുകാരനെയും അവന്റെ ഭാര്യയെയും മനസിൽ നമിച്ച് ഈ ‘കൊതിക്കെറുവ്’ ഇവിടെ അവസാനിപ്പിക്കുന്നു.. ഹല്ല പിന്നെ!)

    ReplyDelete
    Replies
    1. @ ഗീത... നല്ലൊരു പാചകക്കാരി എന്ന പ്രയോഗം തിരുത്തേണ്ടി വരും. തട്ടിയും മുട്ടിയും ഒരുവിധം ഒപ്പിക്കും. ഇവിടെ കൂടിയതില്‍ സന്തോഷം :)
      @ ജിമ്മി, ശോ... ഇങ്ങിനെ തോറ്റാലോ? വൈറ്റ്കേക്ക് എവിടെന്നെങ്കിലുമൊക്കെ തരപ്പെടും... നന്ദി

      Delete
  23. നല്ല വിവരണം മുബീ ...

    ReplyDelete
  24. പുട്ടീന്‍ കഴിക്കാന്‍ കൊതിയാവുന്നു മുബീ .

    ReplyDelete
    Replies
    1. @ അശ്വതി, സ്നേഹം....
      @ മിനി, കൊതി കൂടിയോ, നമുക്ക് പരിഹരിക്കാട്ടോ... :)

      Delete
  25. മുബി ചേച്ചി മനോഹരം ഈ വിവരണം

    ReplyDelete
  26. നല്ല വിവരണം - ചിത്രങ്ങൾ സഹിതം.

    ReplyDelete
    Replies
    1. @ മാനവന്‍, സ്നേഹം....
      @ ഡോ. പി. മാലങ്കോട്, നന്ദി...

      Delete
  27. പൂട്ടിന്‍ ഒന്ന് ട്രൈ ചെയ്യണം. ഈസ്റ്റര്‍ നോമ്പ് കഴിയട്ടെ.
    ഒരു ഏകദേശ അളവ് കൂടി കിട്ടിയാല്‍ കൊള്ളാമായിരുന്നു.

    ReplyDelete
  28. പുട്ടീൻ രുചിക്കാൻ താമസിച്ചു പോയി. നന്നായി മു.ബി

    ReplyDelete
  29. പുടീൻ എന്ന് കണ്ടപ്പോൾ കരുതി റഷ്യൻ ഐറ്റം ആണെന്ന്...പിന്നെ തണുത്ത രാത്രിയിൽ ചൂടുള്ള പുടീൻ...അത് ഞമ്മളെ പുട്ട് എന്ന്....പിന്നെയും വായിച്ചപ്പോഴല്ലേ ഇത് ഞമ്മക്ക് പുടി ഇല്ലാത്ത ഒരു സാധനാന്ന് മനസ്സിലായത്..ഇവിടേം സംഘടിപ്പിച്ചാലോ ഈ “പൊട്ടുലക്ക”

    ReplyDelete
    Replies
    1. @ Joselet, പലരും പല രീതിയിലാണ് എനിക്ക് പറഞ്ഞു തന്നത്. അവര് പറഞ്ഞത് പോലെ ഉണ്ടാക്കിയിട്ട് എനിക്കൊട്ട് തൃപ്തിയാകുന്നുമില്ല. പരീക്ഷണം തുടരുന്നു....
      @ ബിപിന്‍, സാരമില്ല... വൈകിയാലും എത്തിയല്ലോ..സന്തോഷം
      @ Areekkodan മാഷേ ഒരു ക്യാമ്പിന് ഈ പോട്ട് ലക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ..

      Delete
    2. വായിച്ചു കഴിഞ്ഞപ്പൊ നല്ല വിശപ്പ്‌.പുടീൻ ഇല്ലെങ്കിലും പുട്ട് കിട്ടുമോന്നു നോക്കട്ടെ.വൈറ്റ് കേക്കും,ലെന്റിൽ സൂപ്പും അടിപൊളി!ചിത്രങ്ങൾ സൂപ്പർ!

      Delete
  30. വൈറ്റ്‌ കേക്കും,ലെന്‍റില്‍ സൂപ്പും ഇഷ്ടായി,വയര്‍ നിറഞ്ഞു.

    ReplyDelete
  31. വായിച്ചു കഴിഞ്ഞപ്പോൾ വല്ലതും കഴിക്കാൻ തോന്നുന്നു..
    അടുക്കളയിൽ പോയി എന്തേലും ഉണ്ടോന്നു നോക്കട്ടെ.. :)
    എഴുത്ത് ഉഗ്രനായി.. ആശംസകൾ.

    ReplyDelete
  32. നല്ല രീതിയിൽ പറഞ്ഞ് ഫലിപ്പിച്ചിരിക്കുനു; കഥകൾ ഇഷ്ടപ്പെടുന്നവർ ഈ ബ്ലോഗ് സന്ദർശിക്കാൻ മറക്കരുത്. ലിങ്ക് www.kappathand.blogspot.in

    ReplyDelete
    Replies
    1. @ റോസാപ്പൂക്കള്‍.... നന്ദി സന്തോഷം
      @ ഗിരീഷ്‌, ഭക്ഷണത്തിന്‍റെ കാര്യം വായിച്ച് വിശന്നിട്ട് എന്തെങ്കിലും കിട്ടിയോ കഴിക്കാന്‍?? നന്ദി...
      @ കപ്പത്തണ്ട്‌, ഇവിടെ കണ്ടതില്‍ സന്തോഷം... തീര്‍ച്ചയായും നോക്കാം

      Delete
  33. നമ്മുടെ നാക്കിനു നമ്മുടെ ഭക്ഷണം ആണ് രുചിയ്ക്കുന്നത്.

    ReplyDelete
  34. നന്നായിടുണ്ട് ......എഴുത്ത് തുടരുക

    ReplyDelete
  35. വായിക്കാന്‍ നല്ല രസം

    ReplyDelete
  36. കൊതിപ്പിച്ചു ഈ രുചി വൈവിധ്യങ്ങൾ...ഇഡലിയുടെ പേരും മാറ്റിയല്ലേ..? കൊള്ളാം..നല്ല പോസ്റ്റ്‌

    ReplyDelete
    Replies
    1. @ rudraprayaga, AK Thanvi, Sheeba, Shihabudeen...... നന്ദി... സന്തോഷം :) :)

      Delete

  37. നന്നായിരിക്കുന്നു, എഴുത്തും വിഭവങ്ങളും.

    എന്നാലും ഈ നട്ടുച്ച നേരത്ത് , വിശന്നിരുന്നപ്പോൾ തന്നെ ഈ പോസ്റ്റു വായിക്കാൻ എനിക്ക് തോന്നിയല്ലോ എന്റെ ദൈവമേ.... !!! :)

    ReplyDelete

  38. ഈ നല്ല എഴുത്തിനു എന്റെ ആശംസകൾ... എന്നാലും , നല്ല വിശന്നിരുന്നപ്പോൾ തന്നെ എനിക്കി പോസ്റ്റ്‌ വായിക്കാൻ തോന്നിയല്ലോ , ദൈവമേ !!! :)

    ReplyDelete
    Replies
    1. ഹഹഹ... വയറു നിറച്ച് കഴിക്കാലോ :) വായിച്ചതില്‍ സന്തോഷം. വിശന്നതിന് ഞാന്‍ ഉത്തരവാദിയല്ലാട്ടോ :(

      Delete
  39. വാശിച്ച് പശി തീന്ത് ത്.. രൊമ്പ നന്‍റ്റ്രി

    ReplyDelete
    Replies
    1. വൈറ്റ് കേക്ക് കണ്ടപ്പോ പശിയും വന്നു തമിഴും വന്നുന്‍റെ എച്ച്മുന്...

      Delete