പട്ടാമ്പിയിലെ വീട്ടു മുറ്റത്ത് ഞങ്ങള്‍ കുട്ടികളുടെ ബഹളങ്ങള്‍ ശ്രദ്ധിക്കാതെ കസേരയില്‍ ചാരി കിടന്നു പുസ്തകം വായിക്കുന്നുണ്ടാകും ഞാന്‍ അച്ഛനെന്ന് വിളിക്കുന്ന പ്രൊഫസര്‍ വി. പി ശിവകുമാര്‍ . കളിക്കിടയില്‍ പരിഭവത്തോടെ അച്ഛനെ എത്തി നോക്കും. വീണ്ടും കളിയില്‍ മുഴുകുമ്പോഴും എന്‍റെ മനസ്സില്‍
‘വായിക്കാതെ ഞങ്ങള്‍ക്ക് കഥ പറഞ്ഞ് തന്നൂടെ’യെന്ന കുഞ്ഞു പരിഭവമായിരിക്കും അച്ഛനോട്. രണ്ടു വീടുകള്‍ തമ്മിലൊരു ചുമരിന്‍റെ അകലമേ ഉണ്ടായിരുന്നുള്ളൂ.
അത് കൊണ്ട് അച്ഛന്‍ എഴുതുകയോ വായിക്കുകയോ ചെയ്യുകയാണെങ്കില്‍ ശല്യം ചെയ്യരുതെന്ന
താക്കീത് തരാന്‍ ഉമ്മയൊരിക്കലും മറക്കാറില്ല. ഉമ്മ വായിക്കുന്ന മാതൃഭൂമി
ആഴ്ചപ്പതിപ്പില്‍ അച്ഛന്‍ എഴുതിയ കഥകളോ ലേഖനങ്ങളോ വായിച്ചു മനസ്സിലാക്കാനുള്ള
പ്രായമായിരുന്നില്ലെങ്കിലും വെറുതെ അച്ഛന്‍റെ ഫോട്ടോയും നോക്കി പേജും മറിച്ച്
ഇരിക്കും. അന്നൊക്കെ വായിക്കുന്നതിനേക്കാള്‍ കഥകള്‍ കേള്‍ക്കാനായിരുന്നു ഇഷ്ടം.
ഇഷ്ടങ്ങളൊക്കെ വഴി മാറിയത് എപ്പോഴാണെന്ന്
അറിയില്ല. സ്കൂളില്‍ 25 പൈസക്ക് കിട്ടിയിരുന്ന ‘സ്നേഹസേന’ വായിച്ചായിരുന്നു
തുടക്കം. പൂമ്പാറ്റയും ബാലരമയും കൂടാതെ അന്ന്
കുട്ടികള്‍ക്കായി ഇറങ്ങിയിരുന്ന മിക്ക പുസ്തകങ്ങളും എന്‍റെ ഉവ്വാമ്മ(ഉമ്മയുടെ
അനിയത്തി)യുടെ വീട്ടില്‍ വരുത്തിയിരുന്നു. പുസ്തകങ്ങള്‍ മുഴുവന്‍
വായിക്കുമായിരുന്നെങ്കിലും നല്ല കഥകളും കവിതകളും ഞങ്ങള്‍ക്ക് വായിക്കാനായി
തിരഞ്ഞെടുത്ത് തായ്ത്ത(എളാപ്പ) മാറ്റിവെച്ചിരിക്കും. സംശയങ്ങളുമായി ഓടിയിരുന്നതും തായ്ത്തയുടെ
അടുത്തേക്ക് തന്നെയായിരുന്നു. ഞങ്ങള്‍ക്ക് കുഞ്ഞുണ്ണിമാഷ്ടെ കവിതകള്‍ ചൊല്ലി
തരുന്നതും ഞങ്ങളെ കൊണ്ട് ചൊല്ലിപ്പിക്കുന്നതും ആസ്വദിച്ചിരുന്ന തായ്ത്ത കാലങ്ങള്‍ക്ക്
ശേഷം എന്‍റെ മൂത്ത മകനും അത് പോലെ കവിതകള്‍ ചൊല്ലി കൊടുത്തിരുന്നു. റിയാദിലെ
കൊച്ചു മുറിയില്‍ അടുക്കി വെച്ചിരുന്ന പത്ര മാസികകള്‍ വലിച്ചിട്ട് കളിക്കുന്ന
കുഞ്ഞിനെ അതില്‍ നിന്ന് വിലക്കുന്ന എന്നോട്, ‘മോളെ അവന്‍ കളിക്കട്ടെ.. ചിലപ്പോള്‍ പേജുകള്‍
കീറും. അങ്ങിനെ തന്നെയാണ് കുട്ടികള്‍ വളരേണ്ടത്. അവനും പുസ്തകങ്ങളെ സ്നേഹിച്ചോളു' മെന്ന് പറഞ്ഞാണ് സമധാനിപ്പിച്ചിരുന്നത്.
രാവിലെ നാല്
മണിക്കുണര്‍ന്ന് പത്രത്തിന് കാത്തിരിക്കുന്ന ഉപ്പയും, ഒരുപാട് വായിക്കുകയും
വായിച്ച പുസ്തകങ്ങളിലെ വരികള്‍ കുറിച്ചു വെക്കുകയും ചെയ്തിരുന്ന ഉമ്മയും വായിച്ച്
വളരാന്‍ ഞങ്ങള്‍ക്ക് വഴിയൊരുക്കി. ‘അത് വായിച്ചോ, ഇത് വായിച്ചോ’ എന്നൊക്കെ ഉമ്മ
ചോദിക്കാറുണ്ടെങ്കിലും ഉപ്പ ഇതുവരെ അങ്ങിനെയൊന്നും എന്നോട് പറഞ്ഞിട്ടില്ല. രണ്ട് മാസങ്ങള്‍ക്ക്
മുന്നേയാണ് ഉപ്പ പതിവില്ലാതെ ‘നീ പി. ആര്‍. നാഥന്‍റെ’ പുസ്തകങ്ങളൊന്നും
വായിച്ചിട്ടില്ലേന്ന് ചോദിച്ചത്. ഞാന്‍ വായിച്ചിട്ടില്ലല്ലോ.. ആരാണത്? ഇതെന്താപ്പോ
ഇങ്ങിനെയൊരു ചോദ്യമെന്നൊക്കെ അങ്ങോട്ട് ചോദിച്ചെങ്കിലും വ്യക്തമായി ഉപ്പയൊന്നും
പറഞ്ഞില്ല. ഉമ്മയെ പോലെ കുത്തിയിരുന്ന് വായിക്കുന്ന ശീലമൊന്നും ഉപ്പാക്കില്ല. ഇടയ്ക്കെപ്പോഴോ
നിന്ന് പോയ വായനയെ തിരിച്ചു പിടിക്കാന്‍ ശ്രമപ്പെടുന്നെനിക്ക് ഉപ്പ പറഞ്ഞ
എഴുത്തുകാരന്‍റെ പേര് പോലും പരിചിതമല്ലായിരുന്നു. ഒടുവില്‍ തേടി പിടിച്ച് കിട്ടിയ
‘ധന്യമീ ജീവിതം’ എന്ന പുസ്തകം വായിച്ചിട്ട് ഞാന്‍ ഉപ്പാനെ വിളിച്ചു. അദ്ദേഹത്തിന്‍റെ
കൊച്ചു കൊച്ചു പ്രഭാഷണങ്ങളാണ് ആ പുസ്തകത്തിലെ ഉള്ളടക്കം. വായനക്കൊടുവില്‍ എന്‍റെ
മനസ്സിലുടക്കിയ കാര്യങ്ങള്‍ ഞാന്‍ ഉപ്പാക്ക് പറഞ്ഞു കൊടുത്തു. എല്ലാം കേട്ട്
കഴിഞ്ഞപ്പോഴാണ് ഉപ്പ പറയുന്നത്, “നിനക്കറിയോ, അതെന്‍റെ ഡ്രോയിംഗ് മാഷ്ടെ മകനാണ്.
കീഴായൂരായിരുന്നു അവരാദ്യം... നീ കുറെ വായിച്ച് കൂട്ടുന്നതല്ലേ, വായിച്ചിട്ടുണ്ടാകുന്ന്
കരുതിയാ ചോദിച്ചത്.”
വായിക്കാന്‍
ഒന്നുമില്ലല്ലോ എന്നത് ആധിയായി എന്നെ കീഴ്പ്പെടുത്തിയത് വിവാഹശേഷം സൗദിയിലെ അബഹയിലെത്തിയപ്പോഴാണ്.
പുസ്തകം കിട്ടിയാല്‍ എന്നെ മറന്നിരുന്ന കൂട്ടുകാരന്‍ രാവിലെ പത്രം വായിക്കാതെ, പുസ്തകങ്ങള്‍ കൈ കൊണ്ട് തൊടാതെ പകലന്തിയാക്കുന്നത് കണ്ടപ്പോഴാണ് പ്രവാസത്തിന്‍റെ
ലാഭനഷ്ടങ്ങള്‍ ഞാന്‍ കണക്ക് കൂട്ടി തുടങ്ങിയത്. മനസ്സിലെ വടംവലി മുഖത്ത് കാണാന്‍
തുടങ്ങിയപ്പോള്‍ മാസത്തിലൊരിക്കല്‍ എത്തുന്ന പത്രങ്ങളും ഒന്നുരണ്ട് മാസികകളും
വൈകീട്ട് ആളുകള്‍ വാങ്ങാന്‍ എത്തുന്നതിന് മുന്നേ വായിക്കാനായി ഫ്ലാറ്റിന്
അടുത്തുള്ള കടയിലെ ബഷീര്‍ക്ക എത്തിച്ചു തന്നു. കറുപ്പ് ചായംതേച്ച്, പേജുകള്‍ പാതി
ചീന്തിയ പത്രങ്ങളും മാസികകളും ആര്‍ത്തിയോടെ വായിച്ചു തീര്‍ത്ത ദിവസങ്ങള്‍...
നൂറ്റൊന്ന് ആവര്‍ത്തിച്ച കത്ത് വായനകള്‍... തൃപ്തിയില്ലാത്ത അബഹയിലെ തണുത്ത വായനാ ദിനങ്ങളോട്
ഒരുവര്‍ഷത്തിലേറെ മല്ലിട്ട് അവിടെ നിന്ന് റിയാദിലേക്ക് പോന്നു.
റിയാദിലേക്കുള്ള
ആദ്യവരവില്‍ പ്രിയപ്പെട്ട പുസ്തകങ്ങള്‍ക്ക് സൗദി കസ്റ്റംസ് ക്ലിയറന്‍സ് കിട്ടിയില്ല.
ഞാനും മോനും പുറത്തേക്കും ഞങ്ങളുടെ പുസ്തകങ്ങള്‍ കസ്റ്റംസിലെ കറുത്ത ഗുമാമ
കീസിലേക്കും പോയി. വായനക്ക് കിട്ടിയ ആദ്യ
ഷോക്ക് ട്രീറ്റ്മെന്റ് ആവശ്യത്തിലധികമായിരുന്നതിനാല്‍ പിന്നീടുള്ള പോക്കുവരവുകളില്‍ പുസ്തകങ്ങള്‍
കൊണ്ട് വരുന്നത് പരിമിതപ്പെടുത്തി. എങ്കിലും റെഫറന്‍സ് പുസ്തകങ്ങളുടെയും ഇംഗ്ലീഷ്
നോവലുകളുടെയും നല്ലൊരു ശേഖരം മലസിലെ ഞങ്ങളുടെ മൂന്ന് മുറി ഫ്ലാറ്റില്‍ ഉണ്ടായിരുന്നു.
‘നിങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ആ ഷെല്‍ഫും അതില്‍ ശ്രദ്ധയോടെ അടുക്കി
വെച്ചിരുന്ന പുസ്തകങ്ങളും മറക്കാന്‍ പറ്റില്ലാന്ന്’ സുഹൃത്തിന്‍റെ മകന്‍ പറഞ്ഞത്
അടുത്തിടെയാണ്. ഒരിക്കല്‍ മകന്‍ അവന്‍റെ സ്കൂളില്‍ പഠിക്കുന്നൊരു കുട്ടിക്ക് പുസ്തകം
വായിക്കാന്‍ കൊടുത്തോട്ടെയെന്ന് ചോദിച്ചു. ഞങ്ങള്‍ വായിച്ച് കൊടുക്കുകയും മകന്‍
വായിക്കുകയും ചെയ്ത പെന്‍ഗ്വിന്‍ ക്ലാസ്സിക്കിന്റെ ‘ദി അറേബ്യന്‍ നൈറ്റ്‌സ്:
ടെയില്‍സ് ഓഫ് 1001 നൈറ്റ്‌സാണ് അവന്‍ കൊണ്ട് കൊടുത്തത്. പുസ്തകം കൊടുത്ത
പിറ്റേന്നുച്ചക്ക് ആ കുട്ടിയുടെ അമ്മ ഞങ്ങളെ ഫോണില്‍ വിളിച്ച് കുട്ടികള്‍
ഏതൊക്കെ ബുക്കുകള്‍ വായിക്കാം ഏതൊക്കെ വായിക്കാന്‍ പാടില്ല എന്നതിനെക്കുറിച്ച്
സുദീര്‍ഘമായൊരു ക്ലാസ്സെടുത്തു തന്നു. ഈ സംഭവത്തിന് ശേഷം പുസ്തകങ്ങള്‍ ഞങ്ങളുടെ
വീട് വിട്ട് പുറത്തു പോയിട്ടില്ല.
എന്‍റെ പുസ്തക
പ്രേമവും വായനയും അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രം ഒതുങ്ങി. മകനും അതിനു
ശേഷം ആര്‍ക്കും പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുത്തിട്ടില്ല. കുഞ്ഞും
പേടിച്ചുപോയിട്ടുണ്ടാകും. മലയാളം പുസ്തകങ്ങളുടെ ലഭ്യത അന്ന് വളരെ കുറവായിരുന്നു.
എന്‍റെ മലയാളം വായന സുഹൃത്തുക്കള്‍ ഈമെയില്‍ വഴി അയച്ചു തരുന്ന പിഡിഎഫ്
അറ്റാച്ച്മെന്റുകള്‍ മാത്രമായി ചുരുങ്ങിയിരുന്നു. റിയാദിലെ എന്‍റെ വായനാവഴികളില്‍
ഓര്‍ക്കേണ്ട ചില മുഖങ്ങളുണ്ട്. പുസ്തകങ്ങളെ കുറിച്ച് എത്ര നേരം വേണമെങ്കിലും
സംസാരിക്കാന്‍ മടിയില്ലാത്ത രഘുവും ജയേട്ടനും, പാട്ടുകളെക്കാള്‍ മലയാളം കവിതകള്‍
കേള്‍ക്കുന്ന രവിയും ശോഭയും, നേരമില്ല തിരക്കാണ് ന്നാലും ബ്ളെ ഇയ്യെന്താ
വായിച്ചത് എന്ന് ചോദിച്ച് മണ്ടി പാഞ്ഞ് വരുന്ന സൈനബയും, എപ്പോള്‍ വന്നാലും
പുസ്തകങ്ങളെ തൊട്ട്, അതൊക്കെയൊന്നു മറിച്ച് നോക്കിയിരിക്കുന്ന ഹസീനയും റഷീദും
ഇന്നും എഴുത്തിന്റെയും വായനയുടെയും വഴികളില്‍ തണല്‍ വിരിച്ചു നില്‍ക്കുന്നു.
റിയാദില്‍ നിന്ന് കാനഡയിലേക്ക് വരുമ്പോള്‍ എന്‍റെ കൈയില്‍ മക്കള്‍ക്കുള്ള
കുറച്ചു പുസ്തകങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റഫറന്‍സ് പുസ്തകങ്ങള്‍ ജോലി
ചെയ്ത സ്കൂളിലെ ലൈബ്രറിയിലേക്കും, മറ്റു ചില പുസ്തകങ്ങള്‍ സുഹൃത്തുക്കളും കൊണ്ട്
പോയി. ബാക്കിയുള്ള പുസ്തകങ്ങള്‍ക്ക് വീണ്ടും ഷോക്ക് ട്രീറ്റ്മെന്റ്
കിട്ടിയിട്ടുണ്ടാകണം. പത്തൊന്‍പത് വര്‍ഷം കൊണ്ട് സ്വരൂക്കൂട്ടിയതിന് അങ്ങിനെ
തീരുമാനമായി. എന്തിനും ഏതിനും ലൈബ്രറിയേ ആശ്രയിക്കുന്ന കനേഡിയന്‍ സംസ്കാരവുമായി
പെട്ടെന്ന് തന്നെ ഇണങ്ങാനായത് ഒരു പക്ഷേ ദിവസവും മുടങ്ങാതെയുള്ള
ലൈബ്രറിയിലേക്കുള്ള നടത്തമായിരിക്കാം. മറ്റ് ഭാഷാ പുസ്തകങ്ങള്‍ക്കിടയില്‍ തമിഴ്,
ഉര്‍ദു പുസ്തകങ്ങള്‍ കണ്ടപ്പോള്‍ മലയാളത്തിനായി വെറുതെയെങ്കിലും തിരഞ്ഞിരുന്നു.
അങ്ങിനെ മലയാളം എഴുത്തും വായനയും തീരെ
കുറഞ്ഞിരുന്ന സമയത്താണ് ചിതലരിച്ച് കിടന്ന എന്‍റെ ബ്ലോഗിനെ ഞാന്‍ ശ്രദ്ധിച്ചു
തുടങ്ങിയത്. സമാന ചിന്തകരായ സുഹൃത്തുക്കളെ കണ്ടെത്താന്‍ ബ്ലോഗ് ഏറെ സഹായകമായി. വടക്കേ
അമേരിക്കയിലെ മലയാള ഭാഷാ സ്നേഹികള്‍ സംഘടിപ്പിച്ച
സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാനായതോടെ മലയാള പുസ്തക വായനയിലേക്ക് ഞാന്‍ തിരിച്ചു
വരികയായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം
പോലുമില്ലാത്ത ഒരുമ്മയുടെ പുസ്തക വായന എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
കാനഡയില്‍ താമസിക്കുന്ന മകളുടെ അടുത്തേക്ക് സന്ദര്‍ശനത്തിന് വന്ന ഉമ്മ എപ്പോള്‍
പുസ്തകമാവശ്യപ്പെട്ടാലും ഞങ്ങള്‍ മടി കൂടാതെ എത്തിച്ച് കൊടുത്തിരുന്നു. പുസ്തകങ്ങള്‍
ആസ്വദിച്ച് വായിക്കുക മാത്രമല്ല വായിച്ചതിനെ കുറിച്ച് വ്യക്തമായ അഭിപ്രായവും അവര്‍
പറഞ്ഞിരുന്നു. അത് കേള്‍ക്കാന്‍ വേണ്ടി മാത്രം ഞങ്ങളുടെ കൂടികാഴ്ചകളില്‍ ഞാന്‍ മിണ്ടാതെയിരിക്കും. കുറേ വായിക്കാനും വായിച്ചതിനെ കുറിച്ച് പറഞ്ഞിരിക്കാനും ഇനി എന്നാവോ അവരിങ്ങോട്ട് വരുന്നത്. കാനഡയിലേക്ക് പുസ്തകം എത്തണമെങ്കില്‍ കൊടുക്കേണ്ടിവരുന്ന പോസ്റ്റല്‍ ചാര്‍ജ്ജ് കൂടുതലായതിനാല്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് നാട്ടില്‍ അവധിക്ക് പോകുന്ന സുഹൃത്തുക്കളെയാണ്. ഇതില്‍ പ്രത്യേകം പറയേണ്ടത്, കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരിയുടെ ഭര്‍തൃമാതാവ് ആഷാപുരോഹിതിനെയാണ്. എഴുത്തും വായനയും അശേഷം അറിയില്ല. എങ്കിലും കൂട്ടുകാരിയോ മകനോ പോകാന്‍ തയ്യാറാകുമ്പോള്‍ തന്നെ ഫാത്തിമക്ക് ബുക്ക് വേണ്ടേ, അയക്കാന്‍ പറയൂ, എന്താ ബുക്കിനിയും എത്താത്തത് എന്ന് വിളിച്ചു ചോദിച്ചു ആശങ്കപ്പെടുന്ന ആ അമ്മയെ ഞാന്‍ ഓര്‍ക്കാതെയിരിക്കുന്നതെങ്ങിനെ. ഓര്‍ഡര്‍ ചെയ്ത പുസ്തകകെട്ടുകള്‍ പോസ്റ്റ്മാന്‍ കൊണ്ടുവരുന്നതും നോക്കി ജോധ്പൂരിലെ ബ്രാമിന്‍ കോവിലില്‍ കാത്തിരിക്കും ആ അമ്മ. പുസ്തകങ്ങള്‍ കിട്ടിയാല്‍ അതെല്ലാം വീണ്ടും ഒരു തുണിയില്‍ പൊതിഞ്ഞ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച് വെച്ച് കൂട്ടുകാരി തിരിച്ചു വരുമ്പോള്‍ മറക്കാതെ ബാഗില്‍ വൃത്തിയായി അടുക്കി വെക്കുന്നതും അമ്മ തന്നെ... പുസ്തകങ്ങള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുമെന്ന് ഭയക്കുന്നവര്‍ക്കിടയില്‍, എന്നെക്കാളധികം ഞാന്‍ വായിക്കണമെന്ന് ആഗ്രഹിക്കുന്ന അമ്മ മനസ്സിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.
വായിച്ച നല്ല പുസ്തകങ്ങള്‍ പറഞ്ഞ് തരുന്ന ഒരിക്കലും കാണാത്ത ഇനിയെന്നെങ്കിലും കാണുമെന്ന് നിശ്ചയമില്ലാത്ത ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍, ദീര്‍ഘയാത്രയാണെങ്കിലും മടിയില്ലാതെ എനിക്കായി പുസ്തകങ്ങള്‍ കൊണ്ട് വരുന്ന കാനഡയിലെ സുമനസ്സുകള്‍, എഴുതിയ പുസ്തകങ്ങള്‍ അയച്ചു തരുന്ന നാട്ടിലെ സൗഹൃദങ്ങള്‍, വായനാകൂട്ടമെന്നതിനേക്കാള്‍ തീറ്റകൂട്ടമെന്ന് അറിയപ്പെടുന്ന അഞ്ചിലകള്‍.... നല്ല വായനകള്‍ സമ്മാനിച്ച ഓരോരുത്തരെയും സ്നേഹപൂര്‍വ്വം ഓര്‍ക്കാനും കൂടിയാകട്ടെ എനിക്കീ വായനാദിനം...
വായിച്ച നല്ല പുസ്തകങ്ങള്‍ പറഞ്ഞ് തരുന്ന ഒരിക്കലും കാണാത്ത ഇനിയെന്നെങ്കിലും കാണുമെന്ന് നിശ്ചയമില്ലാത്ത ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍, ദീര്‍ഘയാത്രയാണെങ്കിലും മടിയില്ലാതെ എനിക്കായി പുസ്തകങ്ങള്‍ കൊണ്ട് വരുന്ന കാനഡയിലെ സുമനസ്സുകള്‍, എഴുതിയ പുസ്തകങ്ങള്‍ അയച്ചു തരുന്ന നാട്ടിലെ സൗഹൃദങ്ങള്‍, വായനാകൂട്ടമെന്നതിനേക്കാള്‍ തീറ്റകൂട്ടമെന്ന് അറിയപ്പെടുന്ന അഞ്ചിലകള്‍.... നല്ല വായനകള്‍ സമ്മാനിച്ച ഓരോരുത്തരെയും സ്നേഹപൂര്‍വ്വം ഓര്‍ക്കാനും കൂടിയാകട്ടെ എനിക്കീ വായനാദിനം...
Madhyamam - June 19th 2015 |
മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച പ്രവാസിയുടെ വായനയിലെ 'ഒരിക്കലും മറക്കാത്ത ഓര്‍മകള്‍' എന്ന ലേഖനം ചില കൂട്ടിച്ചേര്‍ക്കലുകളോടെ ബ്ലോഗില്‍ വീണ്ടും... മാധ്യമത്തിനും വായിച്ചു പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി...
ReplyDeleteവായിക്കാൻ സുലഭമായി പുസ്തകങ്ങൾ കിട്ടുന്നവർക്ക് വായനക്കായി ആർത്തിയോടെ ഓടിനടക്കുന്നവരുടെ വിലാപങ്ങൾ ഇത്തിരിയെങ്കിലും മനസിലാക്കാൻ ഈ പോസ്റ്റ് സഹായിക്കും.
ReplyDeleteആശംസകൾ മുബീ.....
വായനാനുഭവങ്ങള്‍ വളരെ നന്നായി പറഞ്ഞു.
ReplyDeleteവായിച്ച് വളര്‍ന്നവര്‍ നാം
ReplyDelete@ കുഞ്ഞേച്ചി, റാംജിയേട്ടന്‍, അജിത്തേട്ടന്‍ വായനാലോകത്ത് നിങ്ങളുടെ ഏഴയലത്ത് പോലും ഞാന്‍ എത്തിയിട്ടില്ല... ശ്രമിക്ക്യാണ് നല്ല വായനക്ക്. സ്നേഹം....
Deleteനല്ല ചെറുകഥകള്‍ എഴുതിയിരുന്ന പി.ആര്‍.നാഥന്‍ വീണ്ടും മനസ്സിലേക്ക് വന്നു. വായന ,പുസ്തക വായന കുറഞ്ഞു എന്നു തന്നെയാണ് തോന്നുന്നത്.കാലവും കോലവും മാറുന്നത് സ്വാഭാവികമല്ലെ.
ReplyDeleteപണ്ടൊക്കെ മദ്ധ്യവേനൽ അവധി എത്തുമ്പോൾ സ്വർഗ്ഗം ലഭിച്ച പ്രതീതിയായിരുന്നു... ഗ്രാമീണവായനശാലയിലെ പുസ്തകങ്ങൾ വായിച്ച് തീർക്കുവാനുള്ള ആർത്തി... ഏറിയാൽ രണ്ട് ദിവസം കൊണ്ട് ഓരോ പുസ്തകവും വായിച്ച് അടുത്ത പുസ്തകത്തിന് ചെല്ലുമ്പോൾ അത്ഭുതപ്പെടുന്ന ലൈബ്രേറിയൻ ഗോപിയേട്ടൻ...
ReplyDeleteഓർമ്മകളുടെ വസന്തത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി മുബിയുടെ ഈ പോസ്റ്റ്... ആശംസകൾ...
നാട്ടിലായിരുന്നപ്പോൾ 3 ലൈബ്രറികളിൽ അംഗത്വമുണ്ടായിരുന്നു.. ടോൾസ്റ്റോയ് മുതൽ ഒ.വി. വിജയൻ വരെയുള്ള പരന്ന വായന..
ReplyDeleteഇപ്പോൾ ഇരുപാട് ചുരുങ്ങി.. ഓർമ്മകളെ ഭൂത കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി..
സന്തോഷം ആശംസകൾ!
@ വെട്ടത്താന്‍ ചേട്ടന്‍, വിനുവേട്ടന്‍, ആയിരങ്ങളില്‍ ഒരുവന്‍.... അനുഭവങ്ങള്‍ പങ്കുവെച്ചതില്‍ ഒരുപാടൊരുപാട് സന്തോഷം... പറഞ്ഞാലും പറഞ്ഞാലും തീരാത്ത വായനാനുഭവങ്ങള്‍ :) :)
Deleteസൌദിയിലുണ്ടായിരുന്നപ്പോഴാണ് വായനയിലല്പം മാന്ദ്യം വന്നത്.എങ്കിലും ഓരോന്ന് കുത്തിക്കുറിച്ചിരുന്നു...................
ReplyDeleteഇപ്പോള്‍ സ്വസ്ഥം.വീണ്ടും ലൈബ്രറി പ്രവര്‍ത്തനം.......
വായനാനുഭവങ്ങള്‍ ആസ്വദിച്ചു വായിച്ചു.സന്തോഷിക്കുന്നു>
ആശംസകള്‍
പ്രവാസത്തിന്റെ ലാഭനഷ്ട്ടങ്ങൾക്കിടയിലൂടെ
ReplyDeleteവായനകളുടെ പിന്നാമ്പുറം തേടി പോയ , പുസ്തകങ്ങളുടെ
മിത്രമായ ഒരുവളെയാണ് , മുബി ഇത്തവണ ഈ വരികളുടെ മുഖ
ദർപ്പണത്തിലൂടെ ആവാഹിച്ച് കാണിച്ച് തന്നിരിക്കുന്നത്..
ഭേഷായിരിക്കുന്നു കേട്ടൊ, അഭിനന്ദനംസ്...!
ബാല്യകാലങ്ങളിലെ ഓര്‍മ്മകളില്‍ വായനയുടെ വലിയ സ്വാധീനങ്ങളുണ്ട്. അത് ആജീവനാന്തം ജീവചര്യയാക്കാന്‍ കഴിയുക ഒരു ഭാഗ്യവുമാണ്. അതുതന്നെ അഭിനന്ദനമര്‍ഹിക്കുന്നു. വളരെ കൌതുകകരമായ അവതരണം.
ReplyDelete@ തങ്കപ്പന്‍ ചേട്ടാ, ഇപ്പോഴും ലൈബ്രറി പ്രവര്‍ത്തനമാണെന്ന് കേട്ടിട്ട് തന്നെ സന്തോഷം തോന്നുന്നു..
Delete@ മുരളിയേട്ടാ & ഇക്കാ, സ്നേഹത്തോടെ ...
ReplyDeleteസ്വന്തം വായനാ ശീലത്തെ പറ്റി ഒരു നിമിഷം സ്വയം വിശകലനത്തിന് പ്രേരിപ്പിച്ചു ഈ നല്ല ലേഖനം... ! മുബീക്ക് എന്റെ ആശംസകൾ...
നന്നായി മുബീ ...അഭിനന്ദനങ്ങള്‍!ഇനിയും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വരട്ടെ .....അതിനു കൂടി സമയം കണ്ടെത്തുക ....ഒട്ടനവധിയാണ് ഇന്നു പ്രസിദ്ധീകരണങ്ങള്‍ !എന്റെയൊക്കെ കൗമാര ദശകളില്‍ കിട്ടാതിരുന്നത് ....!
ReplyDeleteവായന വലുതാകുന്തോറും ചെറുതാകുന്ന മുബിക്ക് ആയിരം ആശംസകള്‍. ഫോട്ടോഗ്രാഫര്‍ കെട്യോനും കുട്ടിക്കും സ്നേഹാന്വേഷണങ്ങള്‍.
ReplyDelete@ Shaheem Ayikar, Mohammed Kutty.N, Joselet Joseph, പ്രോത്സാഹനങ്ങള്‍ക്ക്... സ്നേഹത്തിന് നന്ദി.... സ്നേഹം
Deleteഈ വായനാ ദിനത്തിൽ മുബിക്കല്ല, ഉമ്മയ്ക്കാണ് നന്ദി പറയേണ്ടത്. വായന എന്ന സംസ്കാരം കൊണ്ട് നടന്നതിനും ആ നല്ല ശീലം നിന്നിലേക്ക് പകർത്തിയതിനും. മുബിയെ ഒഴിവാക്കുന്നില്ല. കാരണം ആ നല്ല ശീലം പഠിക്കാനും അത് ഇന്നും പുലർത്താനും ഉള്ള മുബിയുടെ കഴിവിന്. വായന തുടരൂ. അറിവ് നേടൂ. മനസ്സ് ഉൽകൃഷ്ട മാകട്ടെ.
ReplyDeleteഇതുവരെ ഞാൻ ഇങ്ങനെയൊരു ബ്ലൊഗ് കണ്ടീല്ലാട്ടൊ... എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ആ എഴുത്തിന്റെ ഒഴുക്ക്... എന്റെയും കുട്ടിക്കാലത്തേക്ക് ഒരു എത്തിനോട്ടം ഇതിലൂടെ സാധിച്ചു.... ദൈവം അനുഗ്രഹിക്കട്ടെ മുബീത്താ..
ReplyDelete‘നിങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ആ ഷെല്‍ഫും അതില്‍ ശ്രദ്ധയോടെ അടുക്കി വെച്ചിരുന്ന പുസ്തകങ്ങളും മറക്കാന്‍ പറ്റില്ലാന്ന്’ സുഹൃത്തിന്‍റെ മകന്‍ പറഞ്ഞത് അടുത്തിടെയാണ്👍
ReplyDelete@ ബിപിന്‍, അതേ ഉമ്മയോട് തന്നെയാണ് എന്‍റെ വായനാശീലത്തിന് കടപ്പാട്...
Delete@ ടിന്റു & മനോജ്... ഇവിടെ വന്നതില്‍ സന്തോഷണ്ട്ട്ടോ...
നന്നായി എഴുതി മുബി ചേച്ചി! കൂടുതൽ വായിക്കാനും,വളരാനും എല്ലവർക്കും കഴിയട്ടെ!
ReplyDeleteമാധ്യമത്തിലൂടെ വിശാലമായ എഴുത്തിന്റേയും വായനയുടേയും ലോകത്ത് എത്തിയതിന് അഭിനന്ദനങ്ങൾ - വായനാദിനം കഴിഞ്ഞ് നാളുകൾക്ക് ശേഷമാണ് ഈ ലേഖനത്തിന് പ്രതികരണം എഴുതുന്നത്. ലേഖനത്തിലൂടെ വായനയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ അറിയാനായി.....
ReplyDeleteപുസ്തകങ്ങളെ പോലെ സന്തോഷം തരുന്ന മറ്റൊരു കൂട്ടും എനിക്കിത് വരെ ലഭിച്ചിട്ടില്ല. വായിക്കുകയാണെങ്കിൽ ഏകാന്തമായി ഇരുന്നു തന്നെ വായിക്കണം.
ReplyDeleteആശംസകള്‍..
ആശംസകള്‍..Dear mubieththaaaaaaaaa
ReplyDelete@പ്രദീപ് മാഷ്, വൈകിയപ്പോള്‍ ഓര്‍ത്തു സ്കൂള്‍ തുറന്ന തിരക്കിലാവുന്ന്... നന്ദി മാഷേ
Delete@ജ്യുവല്‍, ശിഹാബുദീന്‍, ഷംസുദീന്‍... എല്ലാവര്‍ക്കും നല്ല വായനകള്‍ ഉണ്ടാവട്ടെ... സ്നേഹം
വൈകിയെത്തിയ വേളയില്‍ നല്ലോരു വായനാനുഭവം.... നന്ദി മുബീ...അഭിനന്ദനങ്ങള്‍ ട്ടൊ....ഉയരങ്ങളില്‍ എത്തട്ടെ
ReplyDeleteപ്രിയ മുബീ,
ReplyDeleteവൈകിയാണ് കണ്ടത്. ആദ്യമേ ആശംസകൾ നേരുന്നു.
വായനയുടെയും , എഴുത്തിന്റെയും ലോകത്തേക്ക് കടന്നു വന്ന വഴികൾ അങ്ങോട്ടേക്ക് കൈപിടിച്ച് നടത്തിയവരെ ഒക്കെ ഈ എഴുത്തിലൂടെ കാണാൻ കഴിഞ്ഞു. യാത്രാനുഭവങ്ങളും, കാഴ്ചകളും, പിന്നെ ചിത്രങ്ങളും എല്ലാം കൊണ്ടും സമ്പന്നമായ "ദേശാന്തരകാഴ്ചകൾ " എന്ന ബ്ലോഗ് വായനക്കാരെ നന്നായി ആകർഷിക്കുന്നു അവർക്ക് നല്ല ഒരു വായന സമ്മാനിക്കുന്നു മുബി എന്ന എഴുത്തുകാരി. ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ ഇത്രയും തിരക്കുകളുള്ള നിങ്ങളൊക്കെ എനിക്ക് തന്നിട്ടുള്ള പ്രോൽസാഹനങ്ങൾക്കും, അഭിപ്രായങ്ങൾക്കും ഒക്കെ എന്താണ് പറയേണ്ടതെന്ന് പോലും എനിക്കറിയില്ല.
ഇനിയും കൂടുതൽ കൂടുതൽ എഴുതുവാൻ ഈശ്വരൻ ശക്തിയും, കഴിവും നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വായിക്കാന്‍ വൈകി എങ്കിലും നല്ലൊരു വായനയായി ഇത്..
ReplyDelete@ വര്‍ഷിണി.... സാരല്യാ വായിച്ചൂലോ അതെന്നെയാണ് സന്തോഷം... സ്നേഹം
Delete@ ഗീത, ഇഷ്ടം..... :)
@എച്ച്മു, ഒഴിഞ്ഞിരുന്ന്‍ ഇന്ന് കടം വീട്ടാണല്ലോ. അത് നന്ന് :)
വായനയെയും
ReplyDeleteവായിക്കാൻ ശ്രമിക്കുന്നവരെയും
ഇഷ്ടപ്പെടാതിരിക്കുന്നത് എങ്ങനെ?
അതേ... :)
Delete