“പ്രവാസം പോലെയാണ് ഈ പ്രാന്തന്‍ ഖുബ്രി. ഭാഗ്യണ്ടെങ്കില്‍
വേഗം പുറത്ത് കടക്കാം ഇല്ലെങ്കിലോ ഇങ്ങിനെ ചുറ്റി തിരിഞ്ഞ് അതിനകത്ത് തന്നെ കുടുങ്ങി പോകും. ശരിയല്ലേ ടീച്ചറെ..” സുകുവാണ്. റിയാദില്‍
തെക്കോട്ടും വടക്കോട്ടും വളഞ്ഞും തിരിഞ്ഞുമൊക്കെ പോകുന്ന ഒരുകൂട്ടം മേല്‍പ്പാലങ്ങള്‍ക്ക് അരികിലെത്തിയിരുന്നു ഞങ്ങള്‍. ഖുബ്രിയെന്ന അറബി വാക്കിനര്‍ത്ഥം പാലമെന്നാണ്.
പാലത്തില്‍ കയറിയാല്‍ ചെറിയ അശ്രദ്ധ മതിയാകും വഴി തെറ്റാന്‍. വണ്ടി ഓടിക്കുന്നവരെ
വട്ടം കറക്കി കറക്കി പ്രാന്താക്കുന്ന പാലങ്ങളാണ്. മലയാളികള്‍ ഇതിനെ ഭ്രാന്തന്‍
ഖുബ്രിയെന്ന്‍ സ്നേഹപൂര്‍വ്വം വിളിച്ചു. അതിനെക്കുറിച്ചാണ് സുകു പറയുന്നത്.
റിയാദില്‍ ജോലി ചെയ്തിരുന്ന സ്കൂളിലേക്ക്
ഞാന്‍ പോയി വന്നിരുന്നത് സുകുവിന്‍റെ കാറിലാണ്. എന്‍റെയൊരു സുഹൃത്താണ് സുകുവിനെ
പരിചയപ്പെടുത്തി തന്നത്. അവളുടെ കുട്ടിയെ സ്കൂളില്‍ കൊണ്ടുപോയിരുന്നത്
സുകുവായിരുന്നു. ആദ്യത്തെ ഒരാഴ്ച ഞങ്ങള്‍ മൗനത്തിന്‍റെ പുറന്തോടില്‍ ഒളിച്ചു.
സുകുവിന്റെ കൃത്യനിഷ്ഠത എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയുടെ ആയുസ്സേ
അതിനുണ്ടാവൂന്ന് കരുതിയ എനിക്കാണ് തെറ്റിയത്. രണ്ട് കൊല്ലം എനിക്കൊപ്പം സുകുവുണ്ടായിരുന്നു.
ഒരിക്കല്‍ പോലും സമയം തെറ്റിച്ചിട്ടില്ല.
“Something there is that doesn’t love a wall…” എന്ന്
റോബര്‍ട്ട് ഫ്രോസ്റ്റ് എഴുതിയത് അപരിചിതര്‍ക്കിടയില്‍ അവരറിയാതെ ഉയരുന്ന അകാരണമായ
ഭയത്തിന്‍റെ മതില്‍കെട്ടിനെ കുറിച്ചാണ്. പ്രവാസത്തില്‍ ഇത് സാധാരണയാണ്. പരസ്പര
നിരീക്ഷണത്തിന്‍റെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കിടയിലെ അപരിചിതത്തിന്‍റെ മതില്‍കെട്ട് അപ്രത്യക്ഷമായി.
കവിതകളുടെ നല്ലൊരു ശേഖരം സുകുവിന്‍റെ അടുത്തുണ്ടായിരുന്നു. സുപ്രഭാതവും കവിതകളും
പാട്ടും ചര്‍ച്ചകളുമായി ഞങ്ങള്‍ ദിവസേനയുള്ള യാത്രകള്‍ സജീവമാക്കി. ആദ്യം
സൂചിപ്പിച്ച പാലത്തിന്റെ കാര്യം പോലെ ഓരോന്ന് പറഞ്ഞ് സുകു പ്രവാസത്തിന്റെ പൊള്ളുന്ന
നേരുകള്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.
Photo by: Noushad P.T. |
മറ്റൊരിക്കല്‍ ചോദിച്ചത് ‘പടച്ചോന് ടീച്ചര്‍
കാശ് കൊടുക്കാറുണ്ടോ’ന്നായിരുന്നു. പടച്ചോനായാലും കൈകൂലി കൊടുക്കുന്നത് തെറ്റല്ലേന്ന്
തിരിച്ചു ചോദിച്ചപ്പോള്‍ അങ്ങിനെയല്ല, പള്ളികളിലെ
ഭണ്ടാര പെട്ടിയില്‍ പൈസ ഇടാറുണ്ടോന്നാണ് സുകുവിന് അറിയേണ്ടിയിരുന്നത്. എന്നും
ഉച്ച നമസ്കാരത്തിന്‍റെ സമയത്ത് റോഡിലെ ആളോഴിയുമ്പോള്‍ അവന്‍ താമസിക്കുന്ന ഗല്ലിയില്‍
വെച്ചിരിക്കുന്ന വേസ്റ്റ് പെട്ടിയില്‍ നിന്ന് ഭക്ഷണം തപ്പിയെടുക്കുന്നൊരു
സ്ത്രീയെയും കുട്ടിയേയും ഒന്നുരണ്ട് ദിവസമായി ശ്രദ്ധിക്കുന്നു. അവരെ
സഹായിക്കണമെന്ന് തോന്നിയത് കൊണ്ടാണ് എന്നോട് ഇങ്ങിനെ ചോദിച്ചത്. നമ്മള്‍ രണ്ടുപേരെ
കൊണ്ടെന്താവാനാന്നുള്ള സംശയമൊക്കെ സുകു തള്ളിക്കളഞ്ഞു. ആരോടെങ്കിലും പറഞ്ഞു പുലിവാല്
പിടിക്കുന്നതിനെക്കാള്‍ നല്ലത് നമുക്ക് പറ്റുന്നത് പോലെ ചെയ്യാം. അതുങ്ങള് എച്ചില്
പെറുക്കി തിന്നുന്നത് കണ്ടു ചോറ് തിന്നാന്‍ വയ്യ ടീച്ചറെ... ചോദ്യങ്ങളും
ഉത്തരങ്ങളും കൊണ്ടെന്നെ അമ്പരിപ്പിച്ച
സുകു രണ്ടു വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് പോയതാണ്, പിന്നെ തിരിച്ചു വന്നില്ല.
സമ്മിശ്ര വികാരങ്ങളുമായി കൂടെയുണ്ട്
വിട്ടു പിരിയാന്‍ കൂട്ടാക്കാതെ ഇന്നും മരുഭൂമിയുടെ ചൂടും ചൂരുമുള്ള ഓര്‍മ്മകള്‍.
പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്ന പഠനമുറിയാണ് ഓരോ ദിവസവും. ആവര്‍ത്തനവിരസത
തീരെയില്ല. വലിപ്പച്ചെറുപ്പമില്ലാതെ കണ്ടുമുട്ടുന്നവരും ജീവിക്കുന്ന നാടും ചേര്‍ന്ന് മുടക്കമില്ലാതെ നമുക്ക് നല്‍കി
കൊണ്ടിരിക്കും. “നാട്ടില്‍ പോയപ്പോള്‍ കാലില്‍ നടക്കുന്ന ചിക്കനെ കണ്ടല്ലോ”ന്ന് പറഞ്ഞ
കുട്ടിയും അഹമ്മദിക്കയും പഠിപ്പിച്ചത് ഒരേ കാര്യമാണ്. വായിച്ചതും കേട്ടതും യാഥാര്‍ഥ്യവുമായി
വളരെ അകലെയാണെന്ന പാഠം. ഓരോ അനുഭവങ്ങളും വ്യത്യസ്തമാകുന്നത് കൊണ്ടാവും എത്ര എഴുതിയാലും പറഞ്ഞാലും പ്രവാസകഥകള്‍ അവസാനിക്കാതെ
പുതുമയോടെ വീണ്ടും വീണ്ടും പിറക്കുന്നത്. മഞ്ഞുനാട്ടിലെ തണുപ്പിലും മരുഭൂമിയിലെ
ഓര്‍മ്മകള്‍ക്ക് മരവിപ്പ് ബാധിക്കാത്തത് ഒരുപക്ഷെ അനുഭവങ്ങള്‍ താരതമ്യം
ചെയ്യുന്നത് കൊണ്ടായിരിക്കുമോ?
ഒന്നോര്‍ത്താല്‍ അനുഭവങ്ങളൊന്നും എന്‍റെതായിരുന്നില്ലല്ലോ.
ഭര്‍ത്താവിന്റെ കൂടെ അവര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ സുരക്ഷിതത്തില്‍
ജീവിക്കുകയായിരുന്നു സൗദിയില്‍. ജീവിതം സ്വസ്ഥം സമാധാനം. “ദൈവത്തിന് സ്തുതി പറയുക”
അഹമ്മദിക്കയാണ്. വാരാന്ത്യങ്ങളില്‍ അബഹയില്‍ ഞങ്ങളെ കാണാന്‍ വന്നിരുന്ന കണ്ണൂര്‍
സ്വദേശി. സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയുടെ തലസ്ഥാന നഗരിയാണ് അബഹ. ഞാന്‍
എന്തെങ്കിലും വേവലാതികള്‍ പറയുമ്പോള്‍ കൈയില്‍ കരുതിയിരിക്കുന്ന ഈത്തപ്പഴത്തിന്‍റെ
പൊതിയഴിച്ച് പങ്കുവയ്ക്കുന്നതോടൊപ്പം ഉപദേശവുമുണ്ടാവും. അഹമ്മദിക്ക സൗദിയിലെത്തിയിട്ട്
കുറേക്കാലമായി. 1994 ല്‍
ഞാനെത്തുമ്പോള്‍ അഹമ്മദിക്ക കമ്പനിയിലെ ജോലിക്കാരനാണ്. എല്ലാവരുടെയും കാരണവര്‍.
സിനിമ ഡയലോഗ് പോലെ അഹമ്മദിക്കാക്ക് കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നാല്‍ പിന്നെ
മുന്നിലുള്ളതൊന്നും കാണൂല. എല്ലാ സിഗ്നലും മൂപ്പര്‍ക്ക് പച്ചയാണ്.
ട്രാഫിക് പോലീസ് കൈ കാണിച്ചാലും അഹമ്മദിക്ക വണ്ടി നിര്‍ത്തില്ല. ഞാന്‍ അബഹയില്‍
നിന്ന് പോരുന്നത് വരെ മൂപ്പരെ ട്രാഫിക് പോലിസ് പിടിച്ചിട്ടില്ല. അതിനു കാരണവും
അഹമ്മദിക്ക തന്നെ പറയും. “ഏതോ അമീറിന്‍റെ സ്വന്തം ആളാണ് ഞമ്മള്ന്ന് പോലീസിന്
തോന്നിയിട്ടുണ്ടാകും അതാ മോളെ... അല്ലാതെ ന്റെ മനസ്സില്‍ പെരുമഴ പെയ്യാണെന്ന് ഓര്‍ക്ക്
അറിയൂലാലോ.”
അഹമ്മദിക്കയോട് അന്നും ഞാന്‍ പറഞ്ഞത്
താമസിക്കുന്ന ഫ്ലാറ്റില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് ആരോ കരയുന്നത് കേള്‍ക്കാറുണ്ടെന്നയിരുന്നു.
അതിനപ്പോള്‍ തന്നെ എനിക്ക് മറുപടിയും കിട്ടി. “പലതും കേള്‍ക്കും. ചിലപ്പോ
കരച്ചിലാവും, പിന്നെ ചിരിയാകും. പക്ഷെ ഈ പൊരെന്‍റെ വാതില്‍ തുറന്ന് പോകരുത്...” അന്നത്തെ ബിരിയാണിയില്‍ എല്ലാവരും ഞാന്‍ കേള്‍ക്കുന്ന
കരച്ചിലിന്‍റെ കാര്യം മറന്നു. നാട്ടില്‍ നിന്ന് പോന്നിട്ട് അധിക ദിവസമായിട്ടില്ലാത്തതിനാല്‍
എന്‍റെ പ്രശ്നം ‘ഹോം സിക്ക്നെസ്സാ’യിരിക്കുമെന്ന് സീനിയര്‍ പ്രവാസികള്‍ വിലയിരുത്തി
സഭ പിരിഞ്ഞു. നാല് മുറി ഫ്ലാറ്റില്‍ ദിവസം മുഴുവന്‍ ഒറ്റക്കിരുന്ന് വട്ടായോന്നായി
എന്‍റെയും സംശയം.
പഠനം
പാതി വഴിയായപ്പോഴാണ് ഞാന്‍ അബഹയിലെത്തിയത്. പരീക്ഷ എഴുതാന്‍ നാട്ടില്‍ പോണം.
പഠിക്കാനുണ്ടെങ്കിലും വിരസമായ ദിനങ്ങള്‍ എന്നില്‍ ഞാനറിയാതെ മടിയുടെ വിത്ത് പാകി
തുടങ്ങിയിരുന്നു. പഠിക്കാനുള്ള പുസ്തകകെട്ടുകള്‍ കൊണ്ട് വന്മതില്‍ തീര്‍ത്തു ഞാനെന്നും
സുഖമായി ഉറങ്ങി. അങ്ങിനെ ഒരു ദിവസം പഠനത്തിനിടയില്‍ സുന്ദര സ്വപ്‌നങ്ങള്‍
കണ്ടുറങ്ങിയ ഞാന്‍ വാതിലില്‍ ശക്തിയായ മുട്ട് കേട്ട് ഞെട്ടിയുണര്‍ന്നു.
വാതില്‍ തുറക്കാതെ പുറത്തു ആരാണെന്നു നോക്കിയ ഞാന്‍ കണ്ടത് കറുത്ത ബുര്‍ഖ
അണിഞ്ഞ ഒരു സ്ത്രിയെയാണ്. മുഖം മറച്ചിരിക്കുന്നതിനാല്‍ ആരാണെന്നു തിരിച്ചറിയാനും
വയ്യ. എന്തായാലും വാതില്‍ തുറക്കിലെന്നു ഉറപ്പിച്ചു ഞാന്‍ ശ്വാസം വിടാതെ നിന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വീണ്ടും വാതിലില്‍ മുട്ടലും ദയനീയമായി നിലവിളിയും
അടിയുടെ ശബ്ദവും! ആ സ്ത്രീയെ ചൂരല്‍ വെച്ച് തോപ്പിട്ട ഒരുത്തന്‍ അടിക്കുന്നു. അവര്‍
രക്ഷയ്ക്കായി എന്റെ വാതിലില്‍ ആണ് മുട്ടുന്നത്. കുറച്ചു നേരത്തെ ബഹളത്തിനു ശേഷം
അയാള്‍ അവരെ വീടിനകത്തേക്ക് വലിച്ചു കൊണ്ട് പോയി. ആരെയും സഹായത്തിനു വിളിക്കാന്‍
ഫോണ്‍ സംവിധാനവും അന്ന് വീട്ടില്‍ ഇല്ലായിരുന്നു. വ്യാഴാഴ്ച രാത്രി സുഹൃത്തുക്കള്‍
വന്നപ്പോഴാണ് അറിഞ്ഞത് ആ സ്ത്രീ തൊട്ടു മുന്നില്‍ താമസിക്കുന്ന യെമനിയുടെ ആദ്യ
ഭാര്യയാണെന്നും, അവര്‍ ഇവിടെ വന്നത്
അയാള്‍ക്കിഷ്ടപ്പെടാത്തത് കൊണ്ടാണ് അടിച്ചെതെന്നും... ഇത് സ്ഥിരമാണ് ശ്രദ്ധിക്കേണ്ടെന്നായിരുന്നു
പൊതു അഭിപ്രായം. നീതിയേക്കാള്‍ അനീതിയും, ശരിയേക്കാള്‍ തെറ്റുമാണ് പ്രവാസ ജീവിതത്തിന്‍റെ അടിത്തറ ബലപ്പെടുത്തുന്നതെന്ന്
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
Photo by: Noushad P.T. |
വാര്‍ത്താവിനിമയ
സംവിധാനങ്ങളോ മീഡിയാകോലാഹലങ്ങളോ തൊണ്ണൂറുകളില്‍ അബഹയില്‍ എത്തിയിട്ടില്ല.
വല്ലപ്പോഴും ആര്‍ക്കെങ്കിലും ഒരു സിനിമയുടെ കാസറ്റ് കിട്ടും. എങ്ങിനെ എവിടുന്ന്
എന്നൊന്നും അറിയില്ല. ചോദിക്കാറില്ല. ഒരിക്കല്‍ ഹുസൈന്‍റെ ബന്ധുവിന് എവിടെന്നോ
തമിഴ് സിനിമയായ കറുത്തമ്മയുടെ കാസറ്റ് കിട്ടിയ വിവരം ഞങ്ങളെ അറിയിച്ചു. വ്യാഴാഴ്ച
വൈകുന്നേരം അവന്‍ അതുമായി വീട്ടില്‍ വരാമെന്നേറ്റു. വ്യാഴാഴ്ച രാത്രി ബിരിയാണിയും
വെച്ച് കാത്തിരിപ്പായി. മറ്റ് സുഹൃത്തുക്കളുമുണ്ട്. കാത്തിരുന്നത് മിച്ചം. ആളെത്തിയില്ല. ഒടുവില്‍ അവനെ ചീത്ത വിളിച്ച് സുഹൃത്തുക്കള്‍ പിരിഞ്ഞു. അടുത്ത ആഴ്ച
പൂച്ചയെ പോലെ പമ്മി പമ്മി ആളെത്തി. ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റവാക്കിലാണ് ഉത്തരം
കിട്ടുന്നത്. “കാസറ്റ് കിട്ടിയോ? കിട്ടി. നീ സിനിമ കണ്ടോ? കണ്ടു. എന്നിട്ട്
കാസറ്റ് എവിടെ? എന്‍റെലില്ല...”
ചോദിക്കുന്നവരുടെ
ക്ഷമ നശിക്കുമെന്നായപ്പോള്‍ അവന്‍ കഥ പറഞ്ഞു. സിനിമ കാസറ്റ് കിട്ടിയ സന്തോഷത്തില്‍
കട നേരത്തെ അടച്ചു ഞങ്ങളുടെ വീട്ടിലേക്കു നടന്നു വരുമ്പോഴാണ് അവനെ മുത്തവ്വ (സൗദി
മതകാര്യ പോലിസ്) പിടിച്ചത്. ഷര്‍ട്ടിനകത്ത് സൂക്ഷിച്ച് വെച്ച കാസറ്റും അവനെയും
ഒന്നിച്ചാണ് മുത്തവ്വ പൊക്കിയെടുത്ത് വണ്ടിയിലിട്ടത്. എന്നിട്ടോ? മുത്തവ്വകളെ
പറ്റി വലിയ വിവരമൊന്നും ഇല്ലാത്തതിനാല്‍ കഥ കേള്‍ക്കാന്‍ എനിക്ക് തന്നെയായിരുന്നു
താല്‍പ്പര്യം. അതിനിടക്ക് അഹമ്മദിക്ക ചോദിക്കുന്നുണ്ടായിരുന്നു “എത്ര കിട്ടീന്ന്..”
അതെന്താണെന്നെനിക്ക് മാത്രം മനസ്സില്ലായില്ല. അതിനുത്തരം പറയാതെ അവന്‍ കഥ
തുടര്‍ന്നു. മുത്തവ്വയുടെ ഓഫീസില്‍ എത്തിയ ഉടനെ അവനെ നിലത്തിരുത്തി സോഫയില്‍
ചൂരലുമായി മുത്തവ്വയും ഇരുന്നു സിനിമ കാണാന്‍ തുടങ്ങിയത്രേ. ഭാഗ്യം സിനിമയില്‍ നായകനെ
കാണുമ്പോള്‍ ഓടിയകലുന്ന നായികയാണ്. അടിയൊന്നെ കിട്ടിയുള്ളൂ അതെന്തിനാണെന്ന് കേട്ട്
ഞാന്‍ ഞെട്ടി. കാസറ്റ് കൈവശം വെച്ചതിനല്ല, കറുത്തമ്മ പര്‍ദ്ദ
ധരിക്കാത്തതിനായിരുന്നു ആ അടി. ഇതാണ് നേരത്തെ എത്ര കിട്ടീന്ന് അഹമ്മദിക്ക കഥ
പറച്ചിലിനിടക്ക് ചോദിച്ചത്. പര്‍ദ്ദയിട്ടിട്ടും
മുഖം മറക്കാത്തതിന് ഹുസൈന്‍റെ നേരെ ചൂരലോങ്ങി നില്‍ക്കുന്ന മുത്തവ്വയെ അധികം
താമസിയാതെ ഞാനും കണ്ടു... സോഷ്യല്‍ മീഡിയയില്‍ കണ്ട സിനിമ/ഹറാം വിവാദങ്ങള്‍ കറുത്തമ്മയെ വീണ്ടും ഓര്‍മ്മിപ്പിച്ചതാണ്.
“മോളെ ഇയ്യൊന്നും കണ്ടിട്ടില്ലാന്നു
കരുതിക്കാള്. രണ്ടു മാസം കഴിഞ്ഞു പരീക്ഷ എഴുതാന്‍ നാട്ടില്‍ പോകാനുള്ളതല്ലേ...”
പനി അന്വേഷിച്ചെത്തിയ അഹമ്മദിക്ക ചൂരല്‍ കണ്ടു പേടിച്ച എന്നെ പറഞ്ഞു
സമാധാനിപ്പിച്ചു. ആദ്യത്തെ അനുഭവം പനി പിടിപ്പിച്ചെങ്കിലും പിന്നീട് പതിനേഴ്
വര്ഷം അസഹിഷ്ണുതയുടെയും അനീതിയുടെയും മറുവാക്ക് പോലെ മുത്തവ്വകള്‍ നിത്യ
ജീവിതത്തിന്‍റെ ഭാഗമായി. കാലമേറെ കഴിഞ്ഞു സ്ഥലങ്ങള്‍ മാറി, രാജ്യവും. പ്രവാസത്തിന്‍റെ
അരക്ഷിതാവസ്ഥയില്‍ നിന്ന് കുടിയേറ്റത്തിന്‍റെ സുരക്ഷിതത്തിലേക്കുള്ള പറിച്ചു നടല്‍.
വടക്കെ അമേരിക്കയിലെത്തി തട്ടീം മുട്ടീം ഒരു ജോലിയില്‍ കയറിയിട്ടേയുള്ളൂ. തണുത്ത്
വിറച്ച് ഓഫീസിലെത്തിയതും മേശപ്പുറത്ത് എന്നെ വിറപ്പിച്ച് കൊണ്ട് കിടക്കുന്നു ഒരു
പോലിസ് ഓര്‍ഡര്‍. തൊട്ടാല്‍ പോലിസ് പിടിക്കുമെന്ന പോലെ ഞാന്‍ അതും നോക്കി നില്‍ക്കുന്നത്
കണ്ടു മാനേജ്മെന്റ് ക്ലാസ്സ് എടുക്കുന്ന ശ്രീലങ്കകാരന്‍ അടുത്തെത്തി. ഇവിടെയുള്ള
അന്നയുടെ ഭര്‍ത്താവ് അന്വേഷിച്ചു വന്നാല്‍ പോലിസിനെ അറിയിക്കണം. ഇന്നലെ രാത്രി
അയാള്‍ അന്നയെ അടിച്ചു. അവര്‍ പോലീസില്‍ പരാതിപ്പെട്ടു. ഇനി ഈ ഓര്‍ഡറില്‍ പറയുന്ന
കാലാവധി വരെ അയാള്‍ക്ക് അന്നയെ കാണാന്‍ പാടില്ല. നൂറ്റിയിരുപത് അടി അകലത്തില്‍
നില്‍ക്കണം അതാണ് ഇതിലുള്ളത്. ഞങ്ങള്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ അന്ന
വന്നു. ഞാന്‍ സൂക്ഷിച്ചു നോക്കി. പുറമേക്ക് പരിക്കൊന്നും കാണാനില്ല. ആരോ
ചോദിച്ചപ്പോള്‍ ചുവന്നു തിണര്‍ത്ത കൈ കാണിച്ചു കൊടുക്കുന്നുണ്ട്. എന്‍റെ ദീര്‍ഘ നിശ്വാസം
കേട്ടിട്ടാവണം “ചെറിയ അടിപോലും ഇവിടെ നിയമത്തിന് മുന്നില്‍ തെറ്റാണ്. ഇതിലും വലിയ
തെറ്റുകളെല്ലാം ശരികളായി കണ്ട നമുക്ക് കിട്ടുന്ന കള്‍ച്ചറല്‍ ഷോക്ക്
ട്രീറ്റ്മെന്റ് കൊള്ളാ”മെന്നൊരു കമന്റും പറഞ്ഞു ശ്രീലങ്കകാരന്‍ ക്ലാസ്സിലേക്ക്
പോയി. അബഹയിലെ ആ സ്ത്രിക്ക് ഇപ്പോഴും അടി കിട്ടുന്നുണ്ടാവുമോ, വെറുതെയാണെങ്കിലും
ഓര്‍ത്തു...
ശ്രീലങ്കയില്‍ പ്രൊഫസറായിരുന്നു എന്‍റെ സുഹൃത്ത്. ആദ്യത്തെ വിവാഹം വേര്‍പിരിയലില്‍ അവസാനിച്ചു. മകനെ അന്വേഷിച്ചാണ് അയാള്‍
കാനഡയില്‍ എത്തിയത്. വേര്‍പിരിയുമ്പോള്‍ കുഞ്ഞിനെ അമ്മയുടെ സംരക്ഷണത്തില്‍ കോടതി
വിട്ടു. അമ്മയും കുഞ്ഞും കാനഡയിലെത്തിയതൊക്കെ അയാള്‍ വൈകിയാണത്രേ അറിഞ്ഞത്.
കുട്ടിയെ കാണാന്‍ അനുവദിച്ചിരുന്നില്ലെങ്കിലും കൃത്യമായി ചിലവിനുള്ള പൈസ അയാളില്‍
നിന്ന് അവര്‍ കൈപ്പറ്റിയിരുന്നു. കാനഡയിലെ ഒരു സുഹൃത്ത് പറഞ്ഞാണ് ഇവിടെയുള്ള
മകന്‍റെ വിവരങ്ങള്‍ അയാള്‍ അറിഞ്ഞത്. അമ്മയുടെ വഴിവിട്ട ജീവിതം കുട്ടിയെ കൂടി
ബാധിച്ച് തുടങ്ങിയിരുന്നു. എല്ലാം ഉപേക്ഷിച്ചു അയാള്‍ ഇവിടെയെത്തി. മകനെ തനിക്കു
വിട്ടു കിട്ടാനുള്ള നിയമയുദ്ധത്തിലാണ്. കേസ് അനുകൂലമാകുമെന്ന വിശ്വാസത്തില്‍ ഓരോ ദിവസവും
അന്തിയാക്കുന്നു. തന്‍റെ മക്കളെ ഒന്ന് കാണാനുള്ള അനുവാദത്തിനായി റിയാദില്‍ അവര്‍
പഠിക്കുന്ന സ്കൂളിലെ അധികാരികളുടെ മുന്നില്‍ കണ്ണുനിറച്ചു കാത്തു നില്‍ക്കുന്നൊരു
അമ്മയെ അറിയാം. മൂന്ന് മക്കളെ പ്രസവിച്ചപ്പോഴാണ് ഭാര്യ സുന്ദരിയല്ലാന്ന്
കെട്ടിയവന് തോന്നിയത്. ഉടനെ പ്രശനം പരിഹരിച്ചു. തലാക്ക് ചൊല്ലി ഒഴിവാക്കിയ
സ്ത്രീക്ക് മക്കളിലുള്ള അവകാശവും നിഷേധിച്ചു!
മലയാളികള്‍ക്കിടയിലെ സായിപ്പെന്ന സംബോധന
പോലും വംശീയ അധിക്ഷേപമാണെന്ന് കരുതുന്നവരാണ് ഇവിടെ വളരുന്ന മക്കള്‍. അടുത്തിടെ
മിഡില്‍ ഈസ്റ്റ് സന്ദര്‍ശിച്ച എന്‍റെ മകനോടാരോ ഇംഗ്ലീഷ് സംസാരിക്കുന്ന നീ
ക്രിസ്ത്യനാണോ എന്ന് ചോദിച്ചത് കേട്ട് അവന്‍ അന്തംവിട്ടു. ഭാഷയെ എന്തിന് ഒരു
മതവുമായി ബന്ധിപ്പിക്കുന്നുവെന്ന ചോദ്യം വീണ്ടും വീണ്ടും കുട്ടി ആവര്‍ത്തിക്കുന്നു.
ഒന്നിന്‍റെ പേരിലും വിവേചനം കാണിക്കാത്ത രാജ്യത്ത് ഒരു പ്രത്യേക മത വിഭാഗത്തിന്‍റെ
കരിയര്‍ ഫെയര്‍ നോട്ടീസ് കണ്ടതും മകനു തോന്നിയ സംശയം എനിക്കുമുണ്ടായി. മത ഭ്രാന്ത്
മൂത്ത ഇക്കാലത്ത് യുവജനങ്ങള്‍ക്കുള്ള കരിയര്‍ ഫെയറുകളിലും സംസാര ഭാഷകള്‍ക്കും
മതത്തിന്‍റെ ചായം തേച്ചു നിറംപിടിപ്പിക്കുന്നത് എന്തിനാണ്?
പൈലറ്റും, സ്ത്രീ ആക്ടിവിസ്റ്റുമായ നവല്‍
അല്‍ ഹവാസാവിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വംശീയ അധിക്ഷേപം സൗദി
പത്രമായ അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത് വായിക്കാനിടയായി. സ്ഥിരരൂപമായി
ചിലതെല്ലാം നമ്മുടെ മനസ്സിലുണ്ട്. അതിന് ഇളക്കം തട്ടുമ്പോള്‍ ആദ്യം ഞെട്ടും
പിന്നെപ്പിന്നെ നിസംഗതയോടെ ഉള്‍ക്കൊള്ളും. ബസ്സിലിരുന്നു പ്രായമായ ഒരു സ്ത്രി
മകളോട് തര്‍ക്കിക്കുന്നു. അവരുടെ തര്‍ക്കം എന്‍റെ വായനക്ക് തടസ്സമായപ്പോള്‍
ശ്രദ്ധിച്ചു. പേരക്കുട്ടിയെ നോക്കിയതിന് മകള്‍ കൊടുത്ത പണം പോരാത്തതിനാണ് തര്‍ക്കം.
ബന്ധങ്ങള്‍ അല്ലല്ലോ സമയത്തിനാണ് ഇന്നാട്ടില്‍ വില. അമ്മയായാലും അമ്മൂമ്മയായാലും!
ഐ.ടി മേഖലയിലുള്ളവരെല്ലാം തെക്കേ ഏഷ്യക്കാരാണെന്ന് വിചാരിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്.
ഗള്‍ഫിലെ സ്വദേശികള്‍ക്ക് തെക്കേ ഏഷ്യന്‍ പെണ്ണുങ്ങളെല്ലാം “ഗദാമ”കളാണ്. കുഞ്ഞുങ്ങളില്‍
വരെ ഈ മനോഭാവം കാണാമെന്നുള്ളതാണ്. അഹമ്മദിക്ക പറഞ്ഞുതന്ന പോലെ ഇയ്യൊന്നും
കണ്ടിട്ടൂല്യ കേട്ടിട്ടൂല്യ... അതെ, അതാണ്.
Then the time of exile
began,
the endless search for
justification
the aimless nostalgia,
the most painful, the most
heartbreaking questions,
those
of the heart which asks
itself
‘Where can I feel at
home?’ (Albert
Camus, THE REBEL)
യുദ്ധവും യുദ്ധകെടുതികളും നമുക്ക് വാര്‍ത്തകളില്‍
വായിച്ചും കേട്ടും മാത്രമാണ് പരിചയം. യുദ്ധമാണോ അല്ല എന്നാല്‍ സമാധാനമുണ്ടോ എന്ന്
ചോദിച്ചാല്‍ അതും ഇല്ലാത്ത രാജ്യങ്ങള്‍ എമ്പാടുമുണ്ട്. ഏതവസ്ഥയിലും ദുരിതങ്ങളുടെ
മാറാപ്പ് ചുമക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ്. ഞാന്‍ ജോലി
ചെയ്യുന്ന കോളേജില്‍ ഇപ്പോള്‍ പഠിക്കാന്‍ എത്തുന്നവരില്‍ ഭൂരിപക്ഷം സ്ത്രീകളും
ഇതുപോലെയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. പഠിക്കണം ജോലി നേടണം മക്കളെ സമാധാനത്തോടെ വളര്‍ത്തണമെന്ന് സ്വപ്നം കാണുന്ന
ഒരു കൂട്ടം സ്ത്രീകളാണ് എനിക്ക് ചുറ്റും. ചിലര്‍ മനസ്സ് തുറക്കും... മറ്റു ചിലര്‍
പറഞ്ഞാല്‍ തീരാത്തത് കൊണ്ടാവും കണ്ണ് നിറച്ചു ദീര്‍ഘനിശ്വാസമുതിര്‍ക്കും. “തിരിച്ചു
പോകാനൊരു നാടുണ്ടല്ലോ നിങ്ങള്‍ക്ക് അങ്ങിനെയൊരു കാര്യം ഓര്‍ക്കാന്‍ പോലും അവകാശം ഇല്ലാത്തവരാണ് ഞങ്ങള്‍...” നാടും
വീടും ഒരു സങ്കല്പം മാത്രമായ ജന്മങ്ങള്‍. സ്വര്‍ഗ രാജ്യത്തിനായി സഹജീവികളുടെ
ജീവിതം നരകത്തിലാക്കിയവര്‍ ബധിരരും മൂകരുമാണല്ലോ. അര്‍ത്ഥമില്ലാത്ത സമാശ്വാസ
വാക്കുകളെക്കാള്‍ നല്ലത് അവരുടെ മനസ്സ് കാണുകയെന്നതാണ്. ഇവരെയൊന്നും കാണാതെ കേള്‍ക്കാതെ
ഒഴിഞ്ഞുമാറി നടക്കാന്‍ കഴിയില്ല. ഭ്രാന്തന്‍ ഖുബ്രിയിലകപ്പെട്ടത് പോലെ, പ്രവാസവും
കുടിയേറ്റവും പാലായനവുമെല്ലാം എനിക്ക് മുന്നില്‍ കുഴഞ്ഞുമറിയുകയാണ്...
സംഘടിത 2016 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം.
ReplyDeleteAwesome .... This is what real life .... I love this story ..... Expecting more from your valuable pen ...... Thank you so much for this story
ReplyDeleteThank you Shijo..
DeleteArticle nannayittund ! Palarum paranju ketta pravasa jevidathine veru oru thalam!
ReplyDeleteEnium Ezuthuka.Orayiram ashamsakal !
നന്ദിയുണ്ട് വായിച്ചതിലും അഭിപ്രായം എഴുതിയതിലും... പക്ഷെ പേര് വെക്കായിരുന്നു :(
Deleteപ്രവാസം എത്ര പറഞ്ഞാലും തിരില്ല, അല്ലേ? മനുഷ്യ ജീവിതം ആർക്ക് പറഞ്ഞ് മുഴുമിപ്പിക്കാനാവും?
ReplyDeleteപൂരിപ്പിക്കാന്‍ ശ്രമിക്കുന്തോറും പരാജയപ്പെടുകയല്ലേ നമ്മള്‍ ഓരോരുത്തരും...
Deleteജീവിതത്തിന്റെ നേർക്കാഴ്ചകളിൽ മഷി പുരളുമ്പോൾ ഹൃദ്യമായ വായനാനുഭവം തരുന്നു.
ReplyDeleteപക്ഷെ എല്ലാം കൂടെ ഒറ്റ ബ്ലോഗിലൊതുക്കിയ മടി അഭിനന്ദാർഹം.
നന്ദി....
ങേ... മടിയൊക്കെ മാറി ഞാനും എന്നെങ്കിലും നന്നാവുമായിരിക്കും! സന്തോഷം സ്നേഹം
Deleteപ്രവാസത്തിന്‍റെ വിവിധ ഭാവങ്ങളും അനുഭവങ്ങളും നിരീക്ഷണങ്ങളുമെല്ലാം ഹൃദ്യമായി ആവിഷ്ക്കരിച്ച ഒരു ലേഖനം..സരളമായ പ്രതിപാദനം...
ReplyDeleteഒത്തിരി സന്തോഷം ഇക്ക..
Deleteപഴയ ലാവണങ്ങളുടെ വിശേഷങ്ങളും
ReplyDeleteവളരെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു
‘മത ഭ്രാന്ത് മൂത്ത ഇക്കാലത്ത് യുവജനങ്ങള്‍ക്കുള്ള
കരിയര്‍ ഫെയറുകളിലും സംസാര ഭാഷകള്‍ക്കും മതത്തിന്‍റെ
ചായം തേച്ചു നിറംപിടിപ്പിക്കുന്നത് എന്തിനാണ്?‘
പിന്നെ ഇതിലുള്ള ഈ ഒരു ഒന്നൊന്നര ചോദ്യമുണ്ടല്ലോ അതാണിതിലെ സുലാൻ
എന്താ ചെയ്യാ മുരളിയേട്ടാ...ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഭീകര രൂപം പൂണ്ട് നമ്മുടെ ഉറക്കം കെടുത്തി കൊണ്ടേയിരിക്കുകയാണല്ലോ!
Deleteമനസ്സു ഒരു തൂണിയാൽ മൂടുക...അതാണത്രെ പ്രവാസം
ReplyDeleteഅങ്ങിനെയും പറയാം അല്ലേ? നന്ദി വായനക്ക്...
Deletesanyasi gnandinte pole jeevitham......
ReplyDeleteമാറിമറിയുന്ന നിര്‍വചനങ്ങള്‍...
Deleteഎത്ര പറഞ്ഞാലും തീരാത്ത കഥകൾ....പ്രവാസജീവിതത്തിനിടയിൽ... ഏതെല്ലാം തരത്തിൽ കഷ്ടതയും, ദുരിതവും പേറുന്നവർ അല്ലെ മുബീ.
ReplyDeleteഈ എഴുത്തിലൂടെ ഇങ്ങനെ കുറെ അറിവുകൾ പങ്കുവച്ച മുബിക്ക് എല്ലാ ആശംസകളും.
അതെ ഗീത... തീരാത്ത കഥകളുമായി ആ വഴി നീളുകയാണ്.
Deleteഎനിക്ക് ബയ്യാ ഇങ്ങളു തകർത്തൂല്ലോ... ഇങ്ങളു ഇബിടെയൊന്നും നിൽക്കണ്ടാ ആളല്ലാ... അങ്ങ് മാനം മുട്ടേ ഉയരേണ്ടിയോരാ... പെരുത്തിഷ്ടായിരിക്കണു ... Experiences are the best teachers and they mold a real writer if you look into its soul... Keep going.. May Allah bless You...
ReplyDeleteKarthika.
No prescribed text books to refer and no Instruction Manuel to search, we are bound to take life as it comes... Thanks for reading Karthoo :)
Deleteവായിക്കാന്‍ താമസിച്ചുപോയി .മുബി പറഞ്ഞ മുത്തവ്വ ഇവിടെയും വരാന്‍ ചാന്‍സ് ഉണ്ട്. കാര്യങ്ങളുടെ പോക്ക് അങ്ങിനെ ഒക്കെയാണ്.എഴുത്ത് നന്നായി
ReplyDeleteഎഴുപതുഎണ്‍പതുകളില്‍ സൌദിയിലുണ്ടായിരുന്ന ഞാന്‍ കുറച്ചുമാസം അബഹയിലുണ്ടായിരുന്നു.
ReplyDeleteആ കാലഘട്ടങ്ങളില്‍ ടിവി പോലും അപൂര്‍വ്വം.ടേപ്പുറിക്കാഡര്‍ ശരണം......
ആശംസകള്‍
Good
ReplyDeleteപ്രവാസ jജീവിതം.……… ഒരോർതർക്കും ഉണ്ടാകും kകണ്ണുനീർ ചാലിച്ച oഒരുപാട് aഅനുപവങ്ങൾ
ReplyDelete