Tuesday, March 1, 2016

ഷിക്കുട്ടിമി - പ്രേതങ്ങളുടെ താഴ്വര

ശക്തമായ മഞ്ഞു വീഴ്ചയും, കാറ്റും, തണുപ്പുമുണ്ടാവുമെന്നുള്ള കാലാവസ്ഥ മുന്നറിയിപ്പായിരുന്നു ടോറോന്റോ നഗരത്തിലെ മിസ്സിസ്സാഗയില്‍ നിന്ന് ആയിരത്തിയന്പത് കിലോമീറ്റര്‍ അകലെയുള്ള ഷിക്കുട്ടിമി(Chicoutimi)യിലേക്ക് പുറപ്പെടുമ്പോള്‍ കൂട്ടിനുണ്ടായിരുന്നത്. രാവിലെ നാലു മണിക്ക് പുറപ്പെട്ട ഞങ്ങള്‍ ക്യുബെക് നഗരത്തില്‍ കറങ്ങാതെ നേരെ സാഗനി (Saguenay)യിലേക്ക് പോയി. മഞ്ഞു മൂടി ഐസായ വഴികളിലൂടെ ജി.പി.എസ് മാത്രം ആശ്രയിച്ചുള്ള പോക്കായതിനാല്‍ ഇരുട്ടുന്നതിന് മുമ്പ്തന്നെ സാഗനിയിലെ ഷിക്കുട്ടിമിയിയെന്ന കൊച്ചു നഗരത്തിലെത്തേണ്ടിയിരുന്നു. റോഡിന്‍റെ ഇരുവശങ്ങളില്‍ നിന്നും പൊടി മഞ്ഞിനെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്ന തിരക്കിട്ട ജോലിയായിരുന്നു കാറ്റിന്. മരുഭൂമിയില്‍ മണല്‍ കാറ്റടിക്കുമ്പോള്‍ ഉണ്ടാക്കുന്ന അതെ അവസ്ഥ തന്നെ. റോഡില്‍ അലകള്‍ പോലെ കിടക്കുന്ന മഞ്ഞ് അപകടകാരിയാണെങ്കിലും കാണാന്‍ രസമാണ്.
   
സാഗ്_നിയെന്നാല്‍ വെള്ളം പുറത്തേക്ക് ഒഴുകുന്ന സ്ഥലമെന്നും ഷിക്കുട്ടിമിയെന്നാല്‍ വെള്ളം ആഴത്തില്‍ ഒഴുകിയെത്തുന്ന സ്ഥലമെന്നുമാണത്രേ ഗോത്ര ഭാഷയില്‍ അര്‍ത്ഥമാക്കുന്നത്. സ്ഥലങ്ങളുടെ ഭൂമിശാസ്ത്രപരമായ കിടപ്പു കൊണ്ടായിരിക്കും അവരിങ്ങനെ പേരിട്ടത്. വഴിയുടെ അപ്പുറവും ഇപ്പുറവും നോക്കി “ഇത് ഗ്രൗണ്ടാണോ, ലെയിക്കാണോ” എന്ന കളിയില്‍ എപ്പോഴും തോറ്റത് ഞാന്‍ തന്നെ. മഞ്ഞു മൂടി എല്ലാം സമത്വ സുന്ദരമായി വെള്ള പുതച്ചു കിടക്കുന്നതിനാല്‍ ജി.പി.എസ്സിലേക്ക് നോക്കാതെ കരയാണോ വെള്ളമാണോയെന്ന്‍ വേര്‍ത്തിരിച്ചറിയുക പ്രയാസം.

പനി കിടക്കയില്‍ നിന്നെണീറ്റ് പോയത് ഷിക്കുട്ടിമിയിലെ -32 ഡിഗ്രി തണുപ്പിലേക്കായിരുന്നു. ഇനി നിങ്ങളായി നിങ്ങടെ പാടായിയെന്ന മുഖഭാവത്തോടെ അഞ്ച് മണിക്കു തന്നെ സൂര്യന്‍ മാനത്ത് ചുവന്ന ചായം തളിച്ച് പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഷിക്കുട്ടിമിയിലെ ഹോട്ടലാണെങ്കില്‍ ചെറിയൊരു കുന്നിന്‍റെ നെറുകിലാണ്. അവിടെയെത്തിയപ്പോഴേക്കും ഒരു റോളര്‍ കോസ്റ്റര്‍ യാത്ര കഴിഞ്ഞ് നിലത്തിറങ്ങിയ അവസ്ഥയിലായിരുന്നു ഞങ്ങള്‍. ഹോട്ടലില്‍ നിന്ന് നോക്കിയാല്‍ താഴെ ഐസ് മൂടി തണുത്തുറഞ്ഞ് നിശ്ചലമായ  സാഗനി പുഴ കാണാം. മുറിയിലെത്തി ടി.വി തുറന്നതും കേട്ടു കാലാവസ്ഥ ചാനല്‍ സുന്ദരിയുടെ മുന്നറിയിപ്പ്. രാത്രി മുതല്‍ തണുപ്പ് വീണ്ടും കൂടുമെന്നതിനാല്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് ഫ്രഞ്ച് സുന്ദരി ഇടതടവില്ലാതെ ഓര്‍മ്മിപ്പിക്കുന്നത്. യാത്രാക്ഷീണം കാരണം കൂടുതലൊന്നും  ആലോചിക്കാന്‍ നില്‍ക്കാതെ ടിവിയൊക്കെ നിര്‍ത്തി പുതച്ചുമൂടി ഉറങ്ങാന്‍ കിടന്നു. ഇനി അതിനുള്ളില്‍ ഇരുന്ന് സുന്ദരി എന്ത് പറഞ്ഞാലും എനിക്കറിയേണ്ടല്ലോ... ഇതുപോലെയുള്ള പല ഐഡിയകളും സ്വന്തമായി ഉള്ളതിനാല്‍ പേടിക്കൊരു ആശ്വാസമാണ്.

River Saguenay

രാജകീയ പ്രൌഡിയോടെ ഒഴുകുന്ന സാഗ്_നിയുടെ തീരത്തുള്ള കിഴുക്കാംതൂക്കായ മലഞ്ചെരിവിനൊരറ്റത്താണ് പ്രേതങ്ങളുടെ താഴ്വര. ബെലൂഗയും, നീല തിമിംഗലങ്ങളും തുള്ളിച്ചാടി സസുഖം വാഴുന്ന പുഴയാണ് സാഗനി. അത് ചെന്ന് ചേരുന്നതോ സെന്റ്‌.ലോറന്‍സ് നദിയിലും. സമ്പുഷ്ടമായ സമുദ്ര സമ്പത്തിനുടമകളാണ് രണ്ടു പേരും. അതിനാല്‍ സാഗ്_നി-സെന്റ്‌. ലോറന്‍സ് മറൈന്‍ പാര്‍ക്കെന്ന പേരിലൊരു അണ്ടര്‍വാട്ടര്‍ മറൈന്‍ പാര്‍ക്ക്‌ അവിടെയുണ്ട്. ബെലൂഗ സാഗ്_നി വിട്ട് എങ്ങും പോകാറില്ല, എന്നാല്‍ മറ്റു തിമിംഗലങ്ങള്‍ വിരുന്നുകാരാണ്. വന്ന് വിവരമന്വേഷിച്ചു പോകും. ആര്‍ട്ടിക് മേഖലയിലെ മത്സ്യങ്ങളായ ആര്‍ട്ടിക് കോഡും, ഗ്രീന്‍ലാന്‍ഡ്‌ ഹലിബട്ടും സാഗ്_നി പുഴയിലും പണ്ട് വസിച്ചിരുന്നുന്നാണ് പുഴയെ പഠിക്കുന്നവര്‍ പറയുന്നത്. അതാവാം ഈ പുഴക്കൊരു രാജകീയ പരിവേഷം.

Monts-Valin 

രാവിലെ എണീറ്റ്‌ കാലാവസ്ഥ ചാനലാണ് ആദ്യം നോക്കിയത്. തണുപ്പും കാറ്റും കുറഞ്ഞിട്ടൊന്നുമില്ല കൂടിയിട്ടേയുള്ളൂ. ഉള്ളി പോള പോലെ വസ്ത്രങ്ങള്‍ ഒന്നിന് മീതെ ഒന്നായി ധരിക്കുകയാണ് തണുപ്പിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. വിയര്‍ത്താല്‍ നനഞ്ഞൊട്ടാത്ത ഡ്രൈ-ഫിറ്റ്‌ വസ്ത്രത്തില്‍ തുടങ്ങി ഏറ്റവും അവസാനം കാറ്റിനെ പ്രതിരോധിക്കാനുള്ള ജാക്കെറ്റും കൂടെയാകുമ്പോള്‍ നല്ല കനപ്പെട്ട വസ്ത്രധാരണമായി. അങ്ങിനെ അഞ്ചാറ് വസ്ത്രങ്ങളൊക്കെയിട്ട് സ്നോ ഷൂവും, കുത്തി നടക്കാനുള്ള വടിയുമൊക്കെയായി പത്ത് മണിക്ക് മോണ്ട്സ് വാലിന്‍ നാഷണല്‍ പാര്‍ക്ക് (Monts-Valin National Park) ഓഫീസില്‍ ഹാജരായി. നമ്മുടെ ശകടം പാര്‍ക്ക് ഓഫീസിന്‍റെ മുറ്റത്ത് നിര്‍ത്തിയിടണം. അവിടെന്ന് പിന്നെ സ്നോ ക്യാറ്റ് എന്നൊരു പ്രത്യേക വണ്ടിയിലാണ് മലയുടെ താഴ്വരയിലേക്ക് പോണ്ടത്‌. ചക്രങ്ങളില്‍ ഐസും മഞ്ഞും കീറി മുറിച്ചു പോകാനുള്ള ബെല്‍റ്റ്‌ ഒക്കെയിട്ട് പാര്‍ക്കിന്‍റെ സ്പെഷ്യല്‍ പൂച്ചകള്‍ പത്തര മണിക്കെത്തുന്നത് വരെ ഞാന്‍ അവിടെ ഹോക്ക്-സ്കീ (Hok Ski)യിംഗിനും, സ്നോഷൂ  (Snow Shoeing)യിംഗിനും വന്ന ആളുകളുടെ തയ്യാറെടുപ്പുകള്‍  നോക്കി കൊണ്ടിരിക്കുകയായിരുന്നു.

Snow Cat - Sépaq 
       
ഞങ്ങള്‍ പോകുന്നത് സ്നോ ഷൂയിംഗിനാണ്. മോണ്ട്സ് വാലിന്‍ നാഷണല്‍ പാര്‍ക്കിലെ പ്രേതങ്ങളുടെ താഴ്വരയെന്നറിയപ്പെടുന്ന ട്രെയില്‍ (Vallée des Fantômes) സ്നോ ഷൂയിംഗിന് പ്രസിദ്ധമാണത്രേ. മൂന്നാഴ്ച മുന്‍പ് തന്നെ പാര്‍ക്ക് ഓഫീസില്‍ ഞങ്ങള്‍ വരുന്ന വിവരം പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ പൂച്ച വണ്ടിയില്‍ സ്ഥലം കിട്ടൂല.   മലഞ്ചെരിവിനറ്റം വരെ ഞങ്ങളുടെ അധീനതയിലാണെന്ന ഗര്വ്വിലാണ് മഞ്ഞിന്‍റെ വെള്ള കുപ്പായവുമിട്ട് അനങ്ങാതെ നില്‍ക്കുന്ന പൈന്‍ മരങ്ങളുടെയും സ്പ്രൂസിന്റെയും നില്‍പ്പ്. അവരെയും നോക്കി നില്‍ക്കുമ്പോഴാണ് രണ്ട് പൂച്ച വണ്ടികള്‍ എത്തിയത്. ഞങ്ങളുടെ വണ്ടിയില്‍ പതിനൊന്ന് പേരുണ്ടായിരുന്നു. പിന്നെ സാരഥിയും. സൂക്ഷിച്ചു വെക്കണമെന്ന നിര്‍ദേശത്തോടെ പാര്‍ക്കില്‍ നിന്ന് ഞങ്ങള്‍ക്ക് ഓരോ മഞ്ഞ കാര്‍ഡ്‌ തന്നിരുന്നു. അവിടെന്നെങ്ങാനും കാണാതെ പോയാല്‍ തിരയാന്‍ വരുന്നവര്‍ക്ക് എന്തെങ്കിലുമൊക്കെ വേണ്ടേ..  എല്ലാവരും വണ്ടിയില്‍ കയറി സീറ്റ്ബെല്‍റ്റ് ഇട്ട് കഴിഞ്ഞപ്പോള്‍ സ്നോ ക്യാറ്റ് മുരണ്ടു. കാടിന് നടുവിലെ വഴിയില്ലാവഴിയിലൂടെ പൂച്ച വണ്ടി ഞങ്ങളെയും കൊണ്ട് പതുക്കെപ്പതുക്കെ നീങ്ങി. ഏറ്റവും പുറകിലെ സീറ്റിലായതിനാല്‍ വഴിയുടെ എല്ലാ അവസ്ഥയും എന്‍റെ ശരീരം നന്നായി അറിയുന്നുണ്ടായിരുന്നു. ഉമ്മ പറയുന്നത് പോലെ തണ്ടലും മുതുകും വേറിടാഞ്ഞത് ഭാഗ്യം!

Snow Shoeing 


പാര്‍ക്ക് ഓഫീസില്‍ നിന്നും അന്‍പത് മിനിറ്റെടുത്തു മലയുടെ അടിവാരത്തെത്താന്‍. എല്ലാവരും അവിടെ ഇറങ്ങി സ്നോ ഷൂ കാലുകളില്‍ ഉറപ്പിച്ചു. സ്നോ ബൂട്ട്സിട്ട കാലുകളാണ് സ്നോ ഷൂയില്‍ ബെല്‍റ്റിട്ടു മുറുക്കേണ്ടത്‌. അതിത്തിരി മെനക്കേടാണ്. ഞാന്‍ അതൊക്കെ ഇട്ട് നിവര്‍ന്നു നിന്നപ്പോഴേക്കും കൂടെ വന്നവര്‍ പാതി വഴി കയറി കഴിഞ്ഞിരുന്നു. മനസ്സ് ശാന്തമാക്കുന്ന  പ്രകൃതിയുടെ മാസ്മരികത... നമ്മള്‍ സ്വയമറിയാതെ തന്നെ  അതില്‍ ലയിച്ചു പോകും.

Snow Shapes !

മരങ്ങളെ മൂടി നില്‍ക്കുന്ന മഞ്ഞ് പല രൂപങ്ങള്‍ കാട്ടി ചിലപ്പോഴൊക്കെ എന്നെ കളിപ്പിച്ചു. ആദ്യ നോട്ടത്തില്‍ തോന്നിയ രൂപമായിരിക്കില്ല തിരിഞ്ഞു നോക്കുമ്പോള്‍ അതെ മരത്തിനുള്ളത്... മുയലായും, കരടിയായും, മൂസ്സായും, മറ്റു ചിലപ്പോള്‍  കൈ കൂപ്പി വണങ്ങി നില്‍ക്കുന്ന കുട്ടിയെ പോലെയും തോന്നിച്ച് മഞ്ഞു രൂപങ്ങള്‍ എന്നെ പറ്റിച്ചു. അതിനിടക്ക് തൊലിയുരിഞ്ഞ് തണുപ്പത്ത് നില്‍ക്കുന്ന ബിര്ച്ച് മരത്തിനടുത്തേക്ക് പോയ ഞാന്‍ മഞ്ഞില്‍ പൂണ്ടു പോയി. വന്‍മരങ്ങളുടെ പാതിയും മഞ്ഞിനുള്ളിലാണ്. നൂറ്റിയന്‍പത് സെന്റിമീറ്ററോളം മഞ്ഞുണ്ടാവും ശ്രദ്ധ വേണമെന്നൊക്കെ ആ ഡ്രൈവര്‍ ചേട്ടന്‍ പറഞ്ഞതാണ്... കാലുകള്‍ പൂണ്ട് ബാലന്‍സ് തെറ്റി വീണപ്പോള്‍ മനസ്സിലായി പറഞ്ഞത് കേള്‍ക്കണമെന്ന്!

Trail to Pic Dubuc Summit

മലയുടെ ഉച്ചിയായ പീക്ക് ഡ്യുബ്യുക് സമ്മിറ്റി(Pic Dubuc Summit)ലെത്തണമെങ്കില്‍ ഇനിയും കയറണം. അവിടെയൊക്കെ കയറി തിരിച്ചിറങ്ങി വരുന്നവര്‍ എന്‍റെ പരവേശം കണ്ടിട്ടാവണം “കുറച്ചൂടെ പോയാല്‍ വിശ്രമിക്കാനൊരു സ്ഥലമുണ്ട്...” എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു. അങ്ങിനെ ഏന്തി വലിഞ്ഞ് ഒരുവിധം ഞാന്‍ അവരൊക്കെ പറഞ്ഞ ആ ഒറ്റമുറി ക്യാബിനിലെത്തി. അതിനുള്ളില്‍ എരിയുന്നൊരു നെരിപ്പോടും അതിനുചുറ്റും  കുറച്ച് മേശകളും ഇരിക്കാന്‍ ബെഞ്ചുകളുമുണ്ട്. ഒരു ഭാഗത്ത്‌ കത്തിക്കാനുള്ള വിറക് കൂട്ടിയിട്ടിരിക്കുന്നു.

Cabin

മരം കൊണ്ടുള്ള ക്യാബിനകത്ത് ചൂടുണ്ട്. സത്യത്തില്‍ അതിനകത്ത് കയറിയപ്പോഴാണ് പുറത്തെ തണുപ്പിന്‍റെ ആധിക്യമറിയുന്നത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ കുറച്ചു പെണ്‍കുട്ടികള്‍ അവിടെയിരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവരെ ബുദ്ധിമുട്ടിക്കാതെ അവര്‍ക്കൊപ്പം ഞങ്ങളും ഇരുന്നു. കയ്യുറകള്‍ക്കുള്ളില്‍ മരവിച്ചു പോയ വിരലുകള്‍ കൂട്ടി തിരുമ്മി ജീവന്‍ വെപ്പിക്കുന്ന തിരക്കിലായിരുന്ന എന്നെ നോക്കി കുട്ടികള്‍ എന്തൊക്കെയോ ഫ്രെഞ്ചില്‍ പറയുന്നുണ്ട്. ഒടുവില്‍ കുറച്ചു ഇംഗ്ലീഷ് അറിയാവുന്ന ഒരുത്തി ഞങ്ങളോട് കാര്യം അവതരിപ്പിച്ചു. “നിങ്ങള്‍ വേഗം ഭക്ഷണം കഴിച്ചിട്ട് ഞങ്ങളുടെ കൂടെ വരൂ, നമുക്ക് കഴുത്തുവരെ മൂടുന്ന മഞ്ഞില്‍ ചാടി കളിക്കാന്‍ പോവാം....” ങേ!!! അത്ര ആവേശത്തിലാണ് വിളിക്കുന്നത്‌. ബിര്‍ച്ചിനെ ഓമനിക്കാന്‍ പോയ അനുഭവം എന്നെ കൊണ്ട് “പാടില്ലാപാടില്ലാ നമ്മേ നമ്മള്‍ പാടെ മറന്നൊന്നും ചെയ്തു കൂടാ”ന്ന് ഓര്‍മ്മിപ്പിച്ചു. ഫ്രീസായി പോയ ക്യാമറയെ ചൂടാക്കിയെടുക്കുന്ന തിരക്കിലായിരുന്നു ഹുസ്സൈന്‍. അന്നത്തെ സമ്പാദ്യം മുഴുവന്‍ ഐസായാല്‍ മൂപ്പര് സഹിക്കൂല. കുട്ടികളോട് അപകടമൊന്നും വരുത്താതെ സന്തോഷത്തോടെ കളിച്ചിട്ട് വരാന്‍ പറഞ്ഞ് ഞങ്ങള്‍ അവരുടെ ക്ഷണത്തില്‍ നിന്ന് പതുക്കെ ഒഴിഞ്ഞുമാറി.ക്യാമറയെ ജീവന്‍ വെപ്പിച്ച് ഹുസ്സൈന്‍ നേരെ പോയത് നെരിപ്പോടിനടുത്തേക്കാണ്. തലയിലെ നനഞ്ഞ തൊപ്പി ഊരി ചൂടുള്ള നെരിപ്പോടിന് മുകളില്‍ വെച്ചതും അത് കരിഞ്ഞു പിടിച്ചു. പണ്ട് മഴക്കാലത്ത് വീട്ടിലെ അടുപ്പിനടിയില്‍ തുണികള്‍ ഉണങ്ങാന്‍ ഇട്ടിരുന്ന ഓര്‍മ്മയില്‍ ചെയ്തതാവും... എന്തായാലും അത് പോയി കിട്ടി. കൈയ്യില്‍ മറ്റൊന്നുണ്ടായിരുന്നതിനാല്‍ തല ഐസായില്ല. വിയര്‍ത്തതിനാല്‍ ഇട്ടിരുന്നതില്‍ നിന്ന് ഒരു സ്വെറ്റര്‍    ഊരി ബാഗില്‍ വെച്ച് വീണ്ടും കയറ്റം കയറാന്‍ തുടങ്ങി. വടിയും കുത്തി, സ്നോ ഷൂവും വലിച്ച് കിതച്ചു കിതച്ചു മല  മുകളില്‍ എത്തി... ബുദ്ധിമുട്ടി ഇവിടെയെത്തിയത് വെറുതെയായില്ല. അതുവരെ കണ്ടതൊന്നും ഒന്നുമല്ലായിരുന്നു. മലമുകളില്‍ അപ്പോഴത്തെ താപനില -49 ഡിഗ്രി! അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ അവിടെയാകെ വെച്ചിരിക്കുന്നത് രണ്ട് മരകഷ്ണങ്ങളാണ്. കാല്‍ വഴുതിയാല്‍ അപ്പുറമുള്ള കൊക്കയിലേക്ക് വളരെ എളുപ്പത്തിലെത്താം. Vallée des Fantômes എന്ന പേരിനെ അര്‍ത്ഥവത്താക്കുന്ന പോലെ ചുറ്റിലും ആകാശംമുട്ടെ വളര്‍ന്ന് നില്‍ക്കുന്ന പ്രേതങ്ങള്‍...കാറ്റിന്‍റെ കാതടിപ്പിക്കുന്ന മുരള്‍ച്ച...എത്തി വലിഞ്ഞു താഴോട്ടു നോക്കിയാല്‍ മേഘ പാളികള്‍ക്കടിയില്‍ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വെളുത്ത മലനിരകള്‍... ഒരു ചെറു മഞ്ഞുതുള്ളിയായി അതിലലിയാന്‍ ആരും കൊതിച്ചുപോകും.

Return Trail 
തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോഴാണ് വഴിയെതെന്നറിയാതെ കുഴങ്ങിയത്. ഞങ്ങളുടെ മാത്രമല്ല അതുവരെ അവിടെ എത്തിയവരുടെ ഒരു കാല്‍പ്പാടും കാണുന്നില്ല. എല്ലാം മായിച്ചുകളഞ്ഞ് വൃത്തിയാക്കിയിരിക്കുന്നു. ശാന്തമായി ഉറങ്ങുന്ന സ്വപ്നസുന്ദരിക്ക് കാവല്‍ നില്‍ക്കുന്ന പ്രേതങ്ങളുടെ വികൃതിയാവാം. കഥയിലെ കുട്ടി വഴി തെറ്റാതിരിക്കാന്‍ മഞ്ചാടിക്കുരു വഴി നീളെ ഇട്ടിട്ട് പോയതാണ് മലയിറങ്ങുമ്പോള്‍ ഓര്‍ത്തത്... നാലര മണിക്ക് പൂച്ച വണ്ടി ഞങ്ങളെ തിരിച്ചു കൊണ്ടു പോകാനെത്തും. അതിനുമുന്നേ ഡ്രൈവര്‍ പറഞ്ഞ സ്ഥലത്ത് എത്തണം. ഇറക്കി വിട്ട സ്ഥലത്ത് നിന്നും കുറച്ചൂടെ മുന്നോട്ട് നടന്നാല്‍ മറ്റൊരു ക്യാബിനിലെത്തും. പീക്ക് ഡി ലാ ഹട്ട്‌ (Pic de la Hutte) എന്നൊരു പേരുമുണ്ട് ക്യാബിന്. അതിന്‍റെ വരാന്തയില്‍ നിന്ന് കയറിയിറങ്ങി വന്ന മലയെ ബഹുമാനപുരസ്കരം നോക്കി നില്‍ക്കുകയായിരുന്ന ഞങ്ങള്‍ കേട്ടത് “സലിംഭായ്...”യെന്ന വിളിയായിരുന്നു. ഞങ്ങള്‍ അല്ലാതെ മറ്റൊരു ഏഷ്യക്കാരനും അവിടെയില്ല... പിന്നേത് സലിംഭായ്?

ചുറ്റും നോക്കിയിട്ട് വിളിച്ചയാളുടെ മുഖത്തേക്ക് നോട്ടമയച്ചപ്പോള്‍ മനസ്സിലായി അയാള്‍ വിളിച്ചത് ഹുസ്സൈനെ തന്നെയായിരുന്നെന്ന്. മഞ്ഞില്‍ ഓടിക്കുന്ന കുഞ്ഞു വണ്ടികളില്‍ (സ്നോ മൊബൈല്‍) ഹട്ടിലേക്കുള്ള വിറകും മറ്റു സാധനങ്ങളുമായി വന്നൊരു സായിപ്പാണ്‌. ഇംഗ്ലീഷ് അറിയില്ല. അയാളുടെ ജീവിതയാത്രയില്‍ എപ്പോഴെങ്കിലുമൊരു സലീംഭായ് കടന്നു വന്നിരിക്കാം. ഹുസ്സൈനെ കണ്ടപ്പോള്‍ വീണ്ടും അതൊക്കെ അയാള്‍ ഓര്‍ത്തിട്ടുണ്ടാകും. ഓര്‍മ്മപ്പെടുത്തലിന്റെ സ്നേഹം അയാളുടെ കണ്ണുകളിലുണ്ടായിരുന്നു. എന്ത് പറയണം എന്നറിയാതെ തിരിച്ചും കൈയുയര്‍ത്തി അഭിവാദ്യം ചെയ്തു. സ്നേഹപൂര്‍വ്വം ഓര്‍ത്തു വെക്കാന്‍ ഞങ്ങള്‍ക്കുമൊരു പേരായി....സലീംഭായ്.

പൂച്ച വണ്ടികള്‍ ഞങ്ങളെ കൊണ്ടു പോകാന്‍ എത്തിയിരുന്നു. ടെന്നീസ് റാക്കെറ്റ് പോലെയുള്ള സ്നോ ഷൂ അഴിച്ച് വണ്ടിയുടെ മുന്നിലുള്ള കാരിയറില്‍ ഇട്ട്, രാവിലെ കിട്ടിയ മഞ്ഞ കാര്‍ഡ്‌ ഡ്രൈവറെയും ഏല്‍പ്പിച്ച് വണ്ടിയില്‍ കയറി. പല വഴിക്ക് പോയെങ്കിലും രാവിലെ വന്നവരെല്ലാം തിരിച്ചും കൂടെയുണ്ടെന്ന് പരസ്പരം നോക്കി ഉറപ്പുവരുത്തിയതിന് ശേഷം ഞങ്ങള്‍ പ്രേതങ്ങളുടെ താഴ്വരയോട് വിട പറഞ്ഞു. വന്നുപോയ അടയാളപ്പെടുത്തലുകളൊന്നും ബാക്കിയാക്കാതെ  കണ്ടതും അനുഭവിച്ചതുമായ ഓര്‍മ്മകള്‍ മാത്രമെടുത്ത് മനസ്സില്ലാമനസ്സോടെ പൂച്ച വണ്ടിയില്‍ ഇരിക്കുമ്പോള്‍ തിരികെ വരണമെന്ന ചിന്തയിലായിരുന്നു. നിലാവുള്ള രാത്രിയില്‍  മഞ്ഞുമൂടിയ മലകളോടും മരങ്ങളോടും കിന്നരിക്കുന്ന നക്ഷത്രങ്ങളെയും നോക്കി തണുപ്പത്ത് മലമുകളിലെ കാറ്റ് മൂളുന്ന പാട്ട് കേട്ടങ്ങിനെ മതി മറന്നു നില്‍ക്കാന്‍... ഒരിക്കല്‍ മാത്രം... “My Country is not a Country… it’s winter!”  ക്യുബെക്കിനെ കുറിച്ച് ഗില്ലേസ് വിഗ്നോള്‍ട്ട് എഴുതിയ വരികളാണിത്. സ്വന്തം നാടിനെ കുറിച്ചെഴുതിയ ഗില്ലേസിന്‍റെ വരികള്‍ക്ക് മീതെ ഞാനെന്തെഴുതും??*** Hok Ski: സ്നോ ഷൂവും സ്കീയും ചേര്‍ന്നുള്ള ഒരു സങ്കര വിനോദം.

18 comments:

 1. ഏഷ്യനെറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ Feb 24 ന്പ്രസിദ്ധീകരിച്ച യാത്രാവിവരണം.
  http://www.asianetnews.tv/NRI-News-pravasam/desantharam/Chicoutimi-valley-of-ghosts-by-Mubeen-Hussain-45017

  ReplyDelete
 2. "നിങ്ങള്‍ വേഗം ഭക്ഷണം കഴിച്ചിട്ട് ഞങ്ങളുടെ കൂടെ വരൂ, നമുക്ക് കഴുത്തുവരെ മൂടുന്ന മഞ്ഞില്‍ ചാടി കളിക്കാന്‍ പോവാം....

  അവര്‍കൊപ്പം കളിക്കാന്‍ പോവാത്തതാണ് ഷിക്കുട്ടിമിയിലെ നഷ്ടം !

  ReplyDelete
  Replies
  1. ശരിയാണ്... അതറിയാം. നന്ദി സുഹൃത്തേ

   Delete
 3. പതിവിലും പുതുമയുള്ള അവതരണം.. പ്രേതമുണ്ടെന്നൊക്കെ പറഞ്ഞു പേടിപ്പിച്ച് വായനക്കാരന്‍റെ മനസ്സിനെ പിടിച്ചുകൊണ്ടുപോയി ഒരു മഞ്ഞുമലയില്‍ കളിക്കാന്‍ വിട്ട രസകരമായ പ്രതീതി..തുടര്‍ യാത്രകള്‍ക്ക് സര്‍വ്വ ആശംസകളും ...

  ReplyDelete
  Replies
  1. എന്നെ പോലെ ഇക്കാക്കും പ്രേതത്തിനെ പേടിയാണല്ലേ? മഞ്ഞു മലയില്‍ കയറിയപ്പോള്‍ ഞാനും കണ്ടു ഇഷ്ടം പോലെ... :)

   Delete
 4. ഉത്തരധ്രുവത്തിനടുത്ത് കിടക്കുന്ന വ്യത്യസ്തമായ ഭൂഭാഗങ്ങൾ കാണിച്ചുതരുന്നതിന് നന്ദി...!

  ReplyDelete
 5. അതെ, പ്രേതം.... പ്രേതം.... ന്ന് ഇടക്കിടെ ഓർമ്മിപ്പിച്ചിരിക്കുന്നതിനാൽ ഈ രാത്രിയിൽ തന്നെ വായിക്കണോ അതോ രാവിലെ മതിയോ ന്ന ശങ്കയോടെയാണ് വായിച്ചു തീർത്തത്. സാഹസികതയിൽ കമ്പമുള്ള ആൾക്കാരാണ് ല്ലേ? ഇനിയും യാത്രകൾ തുടരട്ടെ. ആശംസകൾ.

  ReplyDelete
  Replies
  1. ഹഹഹ... എന്നിട്ട് വായിച്ചല്ലോ. ഇനി കിടന്നുറങ്ങിക്കോളൂ. ഇതിന്‍റെ അടുത്ത ഭാഗം ഉടനെ എഴുതുന്നുണ്ട്. സന്തോഷം ഗീത :)

   Delete
 6. ഈ ഹുസ്സൈന്‍ ആള് കൊള്ളാമല്ലോ. മുബിയെയും കൊണ്ട് എവിടെയൊക്കെയാണ് കറങ്ങുന്നത്.ആ കവിയുടെ വരികള്‍ ശ്ശി പിടിച്ചു,കേട്ടോ

  ReplyDelete
  Replies
  1. അതെന്നെയും വല്ലാതെ ആകര്‍ഷിച്ചു... ശരിയാണ് സ്വന്തം നാടിനെ എത്ര ഭംഗിയായിട്ടാണ് വരികളില്‍ കോര്ത്തിട്ടിരിക്കുന്നത് അല്ലേ?

   Delete
 7. അല്ലെങ്കിലും മുബി എഴുതുമ്പോള്‍ വായന അനായസമായി മുന്നോട്ട് പോകുന്നതിനു പാകത്തില്‍ രസമാക്കാറുണ്ടല്ലോ. ഇവിടേയും അത് വളരെ നന്നാക്കി. കഴുത്തുവരെ മൂടുന്ന മഞ്ഞിലെ ചാടിക്കളി മനോഹരമായി.

  ReplyDelete
  Replies
  1. റാംജിയേട്ടാ... മഞ്ഞില്‍ വീണാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ ഇത്തിരി പാടാണെന്ന് എനിക്കറിയാം. :(

   Delete
 8. ഇങ്ങളിങ്ങനെ കാനഡയെക്കുറിച്ചെഴുതി എഴുതി എന്നേയും ഇങ്ങളവിടെ കൊണ്ടുവരും അധികം താമസിയാതെ... ഇങ്ങളൊന്നു ക്ഷണിച്ചിരുന്നെങ്കിൽ ഉടനെ അങ്ങട്ട്‌ വരായിരുന്നു... ഇങ്ങളെന്നെ ക്ഷണിക്കുവോ????

  പ്രതീക്ഷയോടെ കാത്തൂ..,

  ReplyDelete
  Replies
  1. ഇയ്യിങ്ങട് പോരെ കാത്തൂ... എന്തിനാ ഞാനൊന്ന് വിരുന്നു വിളിക്കാന്‍ നിക്കണേ.

   Delete
 9. സൂപ്പർ അവതരണം ..
  ഇതെല്ല്ലാം വായിക്കുമ്പോൾ ഈ പ്രേത
  ഭൂമിയൊക്കെ ഒന്ന് വന്ന് സന്ദർശിക്കണമെന്നുണ്ട് ,
  അതിന് അവിടെ പിശാച്ചുകളെ കയറ്റുമോ ആവോ അല്ലേ..
  പിന്നെ
  ഏഷ്യനെറ്റ് ഓൺ-ലൈൻ പോരട്ടലിൽ പ്രത്യക്ഷപ്പെട്ടതിന് അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. ഞാന്‍ പോയില്ലേ മുരളിയേട്ടാ... പിന്നെയെന്താ? ബ്ലോഗ്ഗര്‍മാരെ ഇഷ്ടാണെന്ന് തോന്നുന്നു. ധൈര്യായിട്ടു പോകാം.

   Delete
 10. മനോഹരം ഈ യാത്രയും വിവരണവും..കാണാത്ത ലോകം കണ്ടതിനേക്കാൾ എത്ര സുന്ദരം. പറയാൻ വാക്കുകളില്ല.

  ReplyDelete