2016 മേയ് 1, ഞായറാഴ്‌ച

ജസ്റ്റിൻ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയർ അരയന്നങ്ങൾ

ഏപ്രില്‍ മാസം മുതൽ ഒക്ടോബർ വരെ എവോൺ നദിക്കരയിലെ സ്ട്രാറ്റ്ഫോര്‍ഡ് നഗരം ഉത്സവത്തിമിര്‍പ്പിലാണ്. ഷേക്സ്പിയറുടെ ജന്മസ്ഥലമായ ഇംഗ്ലണ്ടിലെ സ്ട്രാറ്റ്ഫോര്‍ഡല്ല, ഇത് കാനഡയിലെ ഒണ്ടാറിയോ പ്രവിശ്യയിലെ സ്ട്രാറ്റ്ഫോര്‍ഡ് നഗരത്തിലെ കാര്യമാണ്. ഇവിടെയാണ്‌ കനേഡിയന്‍ പാട്ടുകാരനായ ജസ്റ്റിന്‍ ബീബര്‍ വളര്‍ന്നത്.  

ഷേക്
സ്പിയർ നാടകങ്ങളാൽ നാല് സ്ഥിരം തിയേറ്ററുകൾ ശബ്ദമുഖരിതമാകുന്ന ഏഴു മാസങ്ങളിൽ കലാസാംസ്കാരിക മേഖലയിലുള്ളവര്‍ക്കൊപ്പം ഒരു നഗരം തന്നെ ഉത്സവ ലഹരിയില്‍ ആറാടുന്നു. സ്ട്രാറ്റ്ഫോര്‍ഡ് ഷേക്സ്പിയറെൻ ഫെസ്റ്റിവൽ എന്നറിയപ്പെട്ടിരുന്ന നാടകോത്സവമാണ് ഇപ്പോള്‍ സ്ട്രാറ്റ്ഫോര്‍ഡ് ഫെസ്റ്റിവലായി പൊതുവേ നഗര പരസ്യങ്ങളില്‍ കാണുന്നത്. ഗ്രീക്ക് ആംഫിതീയറ്ററിന്‍റെയും, ഗ്ലോബ് തിയേറ്ററിന്‍റെയും ക്ലാസ്സിക്‌ ഭാവങ്ങളോടെ എവോൺ നദിക്കരയിൽ നില്‍ക്കുന്ന ഫെസ്റ്റിവല്‍ തിയേറ്ററിൽ മാക്‌ബെത്ത് കാണണം എന്നുള്ള മോഹം അങ്ങിനെ കിടക്കുന്നതിനിടയിലാണ് സ്ട്രാറ്റ്ഫോര്‍ഡിലെ മറ്റൊരു ഉത്സവ കാഴ്ച കാണാന്‍ തരായത്. 

ഉത്സവ ദിനം ഏപ്രിൽ മാസത്തെ ആദ്യത്തെ ഞായറാഴ്ചയാണ്. എന്നാലും കാലാവസ്ഥയുടെ സ്ഥിതി അനുസരിച്ച് പ്രധാന പരിപാടിയില്‍ മാറ്റങ്ങൾ പ്രതീക്ഷിച്ചു കൊണ്ടാണ് പുറപ്പെട്ടത്‌. മഞ്ഞു വീഴ്ചയും തണുപ്പുമുള്ളതിനാല്‍  ഉത്സവം നീട്ടി വെക്കാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിരുന്നു. ഓണ്‍ലൈന്‍ നോട്ടീസ് പ്രകാരം രാവിലെ പത്ത് മണി മുതൽക്കാണ്‌ പരിപാടികള്‍ തുടങ്ങുന്നത്. ഉത്സവത്തോടനുബന്ധിച്ച് എവോണ്‍ നദീത്തീരത്തെ പാര്‍ക്കിംഗ് സൗജന്യമായിരുന്നു. തണുപ്പായിട്ടും ഉത്സവത്തിരക്കിന് കുറവില്ല. താറാവുകള്‍ നീന്തി നടക്കുന്ന നദിയുടെ തീരത്ത് കുട്ടികളുടെ ബഹളമാണ്. എന്നെ കുട്ടികള്‍ക്കിടയില്‍ വിട്ട് ക്യാമറാമാൻ പടം പിടിക്കാൻ പോയി. “കം.. കം” എന്ന് വിളിക്കുമ്പോൾ താറാവുകൾ കരയിലേക്ക് വരാതെ ദൂരേക്ക്‌ പോവുകയാണ്. അത് കാണുമ്പോള്‍ കിടാങ്ങള്‍ക്ക് സങ്കടാവുന്നുണ്ട്. അവരുടെ അടുത്ത് നില്‍ക്കുന്ന കുട്ടിയല്ലാത്ത ഞാന്‍ ‘ബ്ബാ... ബ്ബാ..” ന്ന് വിളിച്ചു നോക്കി, ശബ്ദം കേട്ട ദിക്കിലേക്ക് താറാവുകള്‍ നീന്തി വരുന്നുണ്ട്, അത് കണ്ടപ്പോൾ കുട്ടികള്‍ക്കും സന്തോഷായി. പിന്നെ കോറസ്സായി ‘ബ്ബാ... ബ്ബാ..’ വിളിയായി. അതോടെ ഞാന്‍ അവിടെന്ന് വലിഞ്ഞു. ‘കുട്ടികള്‍ക്ക് പണി കൊടുത്തല്ലേന്ന്’ ചോദിച്ചുകൊണ്ട് അപ്പോഴേക്കും ഹുസൈനുമെത്തി.

കുട്ടിക്കൂട്ടങ്ങളെ വിട്ട് കുറച്ചു മുന്നോട്ട് നടന്നപ്പോൾ വേറെയൊരിടത്ത് ആളുകൾ കൂടി നില്‍ക്കുന്നു. ആ കൂട്ടത്തിലൊരാളായി ഞാനും ചേര്‍ന്നതിനാൽ ലോര്‍ഡ്‌ നെല്‍സണ്ന്‍റെയും ലേഡി ഹാമില്‍ട്ടണിന്‍റെയും പ്രണയ കഥ കേള്‍ക്കാൻ കഴിഞ്ഞു. രണ്ടു വര്‍ഷത്തോളമായി ലേഡി ഹാമില്‍ട്ടണ്‍ ലോര്‍ഡ്‌ നെല്‍സണ്‍ന്‍റെ സ്വന്തമായിട്ട്. അവരങ്ങിനെ സ്നേഹിച്ചും കലഹിച്ചും ജീവിച്ചു വരുന്നിടത്തേക്കാണ് വില്ലനായി നൈക്കിന്‍റെ വരവ്. കുറച്ചു നാളായി അവൻ ലേഡി ഹാമില്‍ട്ടണിനെ നോട്ടമിട്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം എവോൺ നദിയൊരു അങ്കത്തട്ടായി. കനകം മൂലം കാമിനി മൂലം എന്നത് അക്ഷരാര്‍ത്ഥത്തിൽ സത്യമാവുകയായിരുന്നു. പൊരിഞ്ഞ വഴക്ക് ലോര്‍ഡ്‌ നെല്‍സണും നൈക്കും തമ്മിൽ. രണ്ടു തവണ നൈക്കിന്‍റെ കഴുത്തിൽ നിന്ന് ചോര പൊടിഞ്ഞു. ഇതെല്ലാം കണ്ടാസ്വാദിക്കുന്ന ഒരേയൊരാള്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ, അത് ലേഡി ഹാമില്‍ട്ടണായിരുന്നു. മറ്റെല്ലാവരും ഇതെന്താവുന്നറിയാൻ ശ്വാസം അടക്കിപ്പിടിച്ച് കരയില്‍ നില്‍ക്കുന്നു. ഒടുവിൽ പാര്‍ക്കിലെ സന്നദ്ധ സേവകൻ വെള്ളത്തിലേക്ക്‌ എടുത്തുചാടി നൈക്കിനെ ഒതുക്കി കരയിലേക്ക് കൊണ്ട് വന്നു. മര്യാദ കേടായി പെരുമാറിയതിന് നൈക്കിനെ അഞ്ച് ദിവസം ജയിലിലും കിടത്തി. ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന അരയന്നങ്ങളുമായി സാമ്യമുണ്ട്. ഇതവരുടെ കഥയാണ്‌. അരയന്നോല്‍സവം കാണാനാണ് ഞങ്ങൾ എവോണ്‍ നദി കരയിലേ പൂര പറമ്പിലേക്ക് വന്നത്.

2016 Swan Parade @ Stratford Ontario

കഥയൊക്കെ കേട്ട് കഴിഞ്ഞപ്പോൾ എനിക്കിവരെയൊക്കെ കാണാൻ ധൃതിയായി. തിടുക്കം കൂട്ടിയിട്ടൊന്നും ഒരു കാര്യവുമില്ലാന്നറിയാം കാലാവസ്ഥ അരയന്നങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ മാത്രമേ അവരെ തണുപ്പിൽ നിന്ന് സംരക്ഷിക്കുന്ന വീട്ടിൽ നിന്ന് പുറത്തിറക്കൂ. ആനയെ ചമയങ്ങള്‍ അണിയിച്ച് പൊരിഞ്ഞ ചൂടത്ത് എഴുന്നളിച്ചാഘോഷിക്കുന്നത് കണ്ടു ശീലിച്ച നമുക്കിത് കാണുമ്പോൾ തമാശ... 1918 ല്‍ മിസ്റ്റര്‍ ജെ. സി. ഗാര്‍ഡനാണ് ആദ്യമായി രണ്ട് മ്യുട്ട് സ്വാനുകളെ സ്ട്രാറ്റ്ഫോര്‍ഡ് നഗരത്തിന് സമ്മാനിച്ചത്‌. പിന്നീട് 1967 ല്‍ എലിസബത്ത് രാജ്ഞിയുടെ രാജകീയ അരയന്ന കൂട്ടത്തില്‍ നിന്ന് ആറെണ്ണത്തിനെ കാനഡയിലേക്ക് സമ്മാനമായി കൊടുത്തയച്ചു. അതില്‍ രണ്ടെണ്ണം സ്ട്രാറ്റ്ഫോര്‍ഡിലും എത്തി. ഇപ്പോള്‍ ഇവിടെയുള്ളതെല്ലാം അവരുടെ പിന്‍ഗാമികളാണ്. അമ്പതുവര്‍ഷത്തോളം നിസ്വാര്‍ത്ഥമായി ഈ അരയന്നങ്ങളെ പരിപാലിച്ച റോബര്‍ട്ട്‌.ജെ.മില്ലറുടെ സേവനങ്ങൾ ഇപ്പോഴും എല്ലാവരും ഓര്‍ക്കുന്നു. പത്ത് വർഷം എവോണ്‍ നദി ഭരിച്ച കുപ്രസിദ്ധനായ ക്ലയ്ട് അരയന്നമായിരുന്നു റോബര്‍ട്ട്‌ മില്ലറുടെ പ്രിയ സുഹൃത്ത്. കൊലക്കുറ്റം ചുമത്തപ്പെട്ട ക്ലയ്ട് ചീത്തയായത് പ്രണയം മൂത്തിട്ടാണെന്ന് റോബര്‍ട്ട് വിശ്വസിച്ചു. ഓരോ അരയന്നങ്ങളെ കുറിച്ചും അദ്ദേഹത്തിന് മനപാഠമായിരുന്നു. അത്രയേറെ അവരെ സ്നേഹിച്ചും ശിക്ഷിച്ചും അവരുടെ കൂടെ ജീവിച്ച റോബര്‍ട്ട്‌ 2007 ലാണ് ഈ ലോകത്തോട്‌ വിട പറഞ്ഞത്. അറിയാത്ത ലോകത്തെ അരയന്നങ്ങളുടെ വീട്ടില്‍  റോബര്‍ട്ട്‌ ഏറെ സ്നേഹിച്ച ക്ലയ്ടിനൊപ്പം സന്തോഷത്തോടെ കഴിയുന്നുണ്ടാവും.


പൂര പറമ്പിലൊരു കോണിലായി ജാലവിദ്യക്കാരന്‍റെ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.  ഐസ് ക്രീം വണ്ടികളും മറ്റ് ചെറിയ സ്റ്റാളുകളുടെയും അരികില്‍ ആംബുലന്‍സും മെഡിക്കല്‍ ടീംമും, പോലീസും ജാഗ്രതയോടെ നില്‍ക്കുന്നു. അയ്യേ.. അത്യാവശ്യം വലിയൊരു കല്യാണത്തിനുള്ള ആളുകള്‍ പോലും ഇല്ലാത്ത ഈ ഉത്സവത്തിനാണോ ഇത്രയും സംരക്ഷണം. ഇതിലും വലിയ പൂരവും വെടിക്കെട്ടും നിയമങ്ങളെയൊക്കെ മറികടന്ന് യാതൊരുവിധ സുരക്ഷിത സംവിധാനങ്ങളും ഇല്ലാതെ പുഷ്പം പോലെ മ്മള് നടത്തുന്നു... സായിപ്പെന്താവോ നമ്മളെ കണ്ടു പഠിക്കാത്തേ? ജാലവിദ്യക്കാരന്‍ ഇപ്പോൾ ഒറ്റ ചക്രമുള്ള സൈക്കിൾ ചവിട്ടി അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയാണ്. കുറച്ചു സമയം അത് നോക്കി നിന്ന് ഞാൻ അടുത്ത സ്റ്റാളിലേക്ക് പോയി. അവിടെന്ന് അരയന്ന തൊപ്പി കിട്ടി. പിന്നെ ചെന്നെത്തിയത് നാടക കഥാപാത്രങ്ങളുടെ വേഷത്തിൽ നില്‍ക്കുന്ന തിയേറ്റർ ആര്‍ട്ടിസ്റ്റുകളുടെ അടുത്താണ്. അവരോട് മിണ്ടിയും പറഞ്ഞും നില്‍ക്കുമ്പോൾ ക്യാമറ മിന്നി. ഉത്സവത്തോടനുബന്ധിച്ച് കളിയൊന്നും ഇല്ല, എങ്കിലും തിയേറ്ററുകൾ മെയ്‌ മാസം ആകുമ്പോഴേക്കും സജീവമാകുമെന്നും അപ്പോൾ വീണ്ടും സ്ട്രാറ്റ്ഫോര്‍ഡിലേക്ക് വരണമെന്നൊക്കെയാണ് അവർ പറഞ്ഞത്. കുട്ടികള്‍ക്കുള്ള സ്റ്റാളില്‍ അരയന്നങ്ങളുടെ പടം വരക്കൽ മത്സരം നടക്കുന്നു. ഒരു കുസൃതിക്ക് അവള്‍ വരച്ച അരയന്നത്തിന് എന്തൊക്കെ നിറങ്ങൾ കൊടുത്തിട്ടും ഭംഗി പോരാന്ന് തോന്നിയത് കൊണ്ടാവും കൂടുതൽ ക്രയോണിനു വേണ്ടി വാശി പിടിക്കുന്നത്‌.

Stratford Police Band 

തണുപ്പ് വല്ലാതെ കൂടിയതിനാൽ തല്‍ക്കാലം പുറത്തുള്ള കറക്കം നിര്‍ത്തി അടുത്തുള്ളൊരു കെട്ടിടത്തിനകത്തേക്ക് കയറി. രണ്ടു മണിക്കാണ് കാണാൻ കാത്തിരിക്കുന്ന പരിപാടി. അരയന്നങ്ങളുടെ പരേഡ്‌! വസന്തകാലത്തിന്‍റെ തുടക്കത്തില്‍ മിക്കാവാറും അത് ഏപ്രില്‍ ആദ്യവാരത്തിൽ തന്നെയാവും, സ്ട്രാറ്റ്ഫോര്‍ഡ് പോലീസ് ബാൻഡിന്‍റെ അകമ്പടിയോടെ ഇണ ചേരുന്നതിനും കൂടൊരുക്കുന്നതിനുമായി എവോൺ നദിയിലേക്ക് അരയന്നങ്ങളെ  ഇറക്കി വിടുന്ന ചടങ്ങാണ് ‘സ്വാന്‍ പരേഡ്”. പോലിസ് ബാന്‍ഡ് എത്തി തയ്യാറെടുപ്പുകൾ നടത്താൻ തുടങ്ങിയപ്പോള്‍ പരിപാടി നടക്കുമെന്ന കാര്യമുറപ്പായി. ഇനി പോലിസ് ബാന്‍ഡ് അംഗങ്ങള്‍ ചെന്ന് നമ്മുടെ വിശിഷ്ടാതിഥികൾ താമസിക്കുന്ന മോറെസ് ഡ്രൈവിലെ ക്വാര്‍ട്ടേര്‍സ്സിൽ നിന്ന് ആചാര മര്യാദകളോടെ അരയന്നങ്ങളെ ആനയിച്ച് ലെയ്ക്ക് ഡ്രൈവിലൂടെ നടത്തി നദി കരയിലെത്തിക്കണം. ബാന്‍ഡ് വാദ്യം മുഴങ്ങിയപ്പോള്‍ റോഡിന് നടുവിലൂടെ ഓടി കളിച്ചിരുന്ന കുട്ടികൾ വേഗം റോഡരികിലേക്ക് കയറി വഴിയൊരുക്കി. പേരിനൊരു കയര്‍ ഇട്ടിട്ടുണ്ട് റോഡിനിരുവശത്തും.


ആവേശംമൂത്ത് ആളുകള്‍ റോഡിലേക്ക് പരേഡ് നടക്കുമ്പോൾ ഇറങ്ങി അരയന്നങ്ങളെ ശല്യം ചെയ്യാതിരിക്കാനാണ് ആ കയര്‍. ബാന്‍ഡ് വാദ്യം അടുത്തടുത്ത്‌ വരുന്നുണ്ട്. പതിനെട്ട് മ്യുട്ട് അരയന്നങ്ങളുടെ കൂടെ രണ്ടു ചൈനീസ് അരയന്നങ്ങളെയും പോലിസ് ബാന്‍ഡ് ആനയിച്ച് കൊണ്ട് വരുന്നു. ബാന്‍ഡ് വാദ്യങ്ങളുടെ ശബ്ദം അരയന്നങ്ങളെ അലസോരപ്പെടുത്താതിരിക്കാൻ അവർ തമ്മില്‍ ഒരു നിശ്ചിത അകലമുണ്ട്. കുണുങ്ങി കുണുങ്ങി പോലീസ് ബാന്‍ഡിന് പിറകിലായി വളണ്ടിയര്‍മാരുടെ കരുതലിൽ പ്രൌഡിയോടെ അതാ വരുന്നു. എന്തൊരു ഗമയാണ്‌... അതിനിടയില്‍ ഒരുത്തിക്ക് വാശി. നടക്കില്യാത്രേ. വളണ്ടിയര്‍ ശ്രമിച്ചു നോക്കി. ‘ഇല്യ...ഞാൻ നടക്കൂല എനിക്ക് വയ്യ...’ ഒടുവിൽ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടപ്പോൾ വളണ്ടിയർ അവളെ എടുത്തു. അറിയാത്ത ആളുകളെ കാണുമ്പോള്‍ അമ്മയുടെ ഒക്കത്തേക്ക് കയറുന്ന കുട്ടികളുടെ കുറുമ്പ് പോലെ. എവോണ്‍ നദിയുടെ കുറുകെയുള്ള സ്വാന്‍ പാലത്തിനരികിലെത്തി മറ്റുള്ളവരൊക്കെ വെള്ളത്തിലേക്ക്‌ ഇറങ്ങി കഴിഞ്ഞിട്ടാണ് വളണ്ടിയറുടെ കൈയിൽ നിന്ന് അവളിറങ്ങി വെള്ളത്തില്‍ കാത്തിരിക്കുന്ന ഇണയുടെ അടുത്തേക്ക് പോയത്. അതോടെ ഉത്സവ പരിപാടികള്‍ക്ക് സമാപനമായി. തണുപ്പ് കാരണം അധിക സമയം വെള്ളത്തിലേക്കിറക്കി വിട്ടവരുടെ കളികളൊന്നും കണ്ടു നില്‍ക്കാനായില്ല. ഇനി ഇടയ്ക്കു ഇവരെ വന്ന് കാണാം, കഥകൾ കേള്‍ക്കാം... 


  

17 അഭിപ്രായങ്ങൾ:

  1. ഏപ്രിൽ 27ന് ഏഷ്യാനെറ്റ് ഓൺലൈനിലെ 'ദേശാന്തര'ത്തിൽ പ്രസിദ്ധീകരിച്ചത്.

    മറുപടിഇല്ലാതാക്കൂ
  2. മുബിച്ചേച്ചീ,ആദ്യ വായന ഞാനാകട്ടെ.

    ഈ പോലീസുകാർ നമ്മുടെ നാടൻ കുട്ടൻ പിള്ളമാർക്ക്‌ അപമാനമാണല്ലോ.

    നേരിൽ കണ്ട രീതിയിൽ എഴുതി.ഭാവുകങ്ങൾ!!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സുധി... ഇവര്‍ Scottish യുണിഫോമാണ് ഇട്ടിരിക്കുന്നത്.

      ഇല്ലാതാക്കൂ
  3. കണ്ണിനേയും കരളിനെയും കുളിര്‍പ്പിക്കുന്ന കാഴ്ചകളായി.പതിവുപോലെ നല്ല വിവരണവും..
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. ആ പോലീസുകാരെന്തിനാന്നേ അരപ്പാവാടയിട്ടേക്കുന്നെ!!!!!!!!!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്തേട്ടാ, ഇവരുടെ ആ സ്കോട്ടിഷ് പാരമ്പര്യം നിലനിര്‍ത്താനാകും പോലീസ് ബാന്‍ഡിന് സ്കോട്ടിഷ് യൂണിഫോം.(Kilts) 2012 ലാണ് സ്ട്രാറ്റ്ഫോര്‍ഡ് പോലീസ് ബാന്‍ഡ് യൂണിഫോം Kilts ആക്കിയത്.

      ഇല്ലാതാക്കൂ
  5. നല്ല വിവരണം. പുതിയ കാഴ്ചകൾ, അനുഭവങ്ങൾ വായനക്കാർക്ക് നൽകുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ഇംഗ്ലണ്ടിലുള്ള ഒട്ടുമിക്ക പട്ടണങ്ങളും
    നദികളും കാനഡയിലും ഉണ്ടല്ലെ , പക്ഷേ
    ഇവിടെ അരയന്നോത്സവം ഇല്ല. ആ കാണാക്കാഴ്ച്ചകളെല്ലാം
    മുബി ഞങ്ങൾക്കൊക്കെ വിശദമായി കാണിച്ച് തന്നതിന് ഒരു കൊട്ടപ്പറ
    നന്ദി കേട്ടൊ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളിയേട്ടാ, കൊളോണിയല്‍ കാലത്ത് പേരിട്ടതാവും. പിന്നെ ഡല്‍ഹീന്ന് പേരുള്ള ഒരു ടൌണ്‍ഷിപ്പും ഉണ്ട് ഞങ്ങളുടെ പ്രോവിന്സില്‍..

      ഇല്ലാതാക്കൂ
  7. മുബീ....
    ഈ അരയന്നോൽസവം ഞങ്ങൾക്കു കാണാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം. വിവരണം ഇഷ്ടമായി... ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗീത, നിങ്ങള്‍ക്ക് കാണാനായി ഞാനിപ്രാവശ്യം വളരെ സഹസീകമായി എടുത്ത വീഡിയോ കണ്ടില്ലേ?

      ഇല്ലാതാക്കൂ
  8. അരയന്നോല്സവത്തിന്റെ ദൃക് സാക്ഷി വിവരണം പതിവ് പോലെ നന്നായി.

    മറുപടിഇല്ലാതാക്കൂ
  9. ഇത് മനസ്സിനും കണ്ണിനും ഒരു ഉല്‍സവം തന്നെയായി..

    മറുപടിഇല്ലാതാക്കൂ