ടോറോന്റോയിലെ ആഗാഖാൻ മ്യുസിയം സന്ദർശിക്കാൻ പറഞ്ഞത് എന്‍റെ വക്കീൽ സുഹൃത്താണ്. 'മ്യുസിയമാണെങ്കിലും ഇവിടെയോരോ കോണിലും കവിതയുണ്ട്, പ്രണയവും... നിങ്ങളവിടെ പോയി നോക്കൂ,' ഇതായിരുന്നു ഒരു ദിവസം ഉച്ചക്ക് കണ്ടപ്പോള്‍ പറഞ്ഞത്. തനിച്ചിരുന്ന് സൂഫി കവിതകൾ മൂളുന്ന വക്കീലിനെ ശ്രദ്ധിച്ചത് ഞങ്ങളുടെ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികളാണ്. അവർ വഴിയാണ് ഞാനും പരിചയപ്പെട്ടത്. സൂഫി കവിയായ ഹാഫിസിന്‍റെ കവിതകൾ നൃത്ത രൂപത്തിൽ അവതരിപ്പിച്ച പരിപാടിയുടെ വിശേഷങ്ങൾ വക്കീലമ്മ പറയുന്നത് കേട്ടപ്പോൾ മുതൽ അവിടെയൊന്ന് പോയാൽ കൊള്ളാമെന്നെനിക്കും തോന്നിയിരുന്നു.
ഷിയാ മുസ്ലിം വിഭാഗത്തിലെ ഒരു ശാഖയായ ഇസ്മയിലിയക്കാരുടെ ആത്മീയ നേതാവായ ആഗാഖാന്‍റെ പേരിലുള്ളതാണ് മ്യുസിയം. ഇസ്ലാമിക
കലകളെ പരിപോഷിപ്പിക്കാനും പരിചയപ്പെടുത്താനുമായി ആഗാഖാൻ ഡെവെലപ്പ്മെന്‍റ് നെറ്റ്‌വർക്കിന്‍റെ കീഴിൽ തുടങ്ങിയ ആദ്യത്തെ സ്ഥാപനമാണിത്. “Multi-billionaire son of a notorious playboy…” പാശ്ചാത്യ മീഡിയ
പരിചയപ്പെടുത്തുന്ന ഹിസ് ഹൈനെസ്സ് പ്രിൻസ് കരിം തന്‍റെ ഇരുപതാമത്തെ
വയസ്സിലാണ് മുത്തച്ഛനായ ഹിസ് ഹൈനെസ്സ് മെഹമൂദ് അഗാഖാൻ മൂന്നാമന്‍റെ ആഗ്രഹപ്രകാരം പതിനഞ്ച് മില്യണ്‍ വരുന്ന ഇസ്മായിലിയ വിഭാഗത്തിന്‍റെ ആത്മീയ നേതൃത്വം
ഏറ്റെടുക്കുന്നത്. ആയിരത്തി മുന്നൂറ് വര്ഷത്തെ കുടുംബ പാരമ്പര്യമാണ് ഈ
കൈമാറ്റത്തിലൂടെ മറികടന്നത്. ജനീവയിൽ ജനിച്ച്, നൈറോബിയിൽ വളർന്ന പ്രിൻസ് കരിം ഹാർവാർഡിൽ പഠിക്കുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന വിൽപ്പത്രം
വളരെ സുരക്ഷിതമായിട്ടാണത്രേ വീട്ടിലെത്തിച്ചത്. മുത്തച്ഛന്‍റെ അസുഖ വിവരമറിഞ്ഞ് ഹാർവാർഡിൽ നിന്ന് പോയ പ്രിൻസ് കരിം തിരിച്ചു വന്നത് രണ്ടു സെക്രട്ടറിമാരും
ഒരു പേർസണൽ അസിസ്റ്റന്റുമായാണ്. കൂട്ടത്തിൽ എലിസബത്ത് രാജ്ഞി പതിച്ചു
നല്‍കിയ ഹൈനെസ്സ് പട്ടവും പേരിനൊപ്പം ഉണ്ടായിരുന്നു.
കൂട്ടുകാർക്കിടയിൽ ഇതൊരു തമാശയായിരുന്നുവെന്ന് ഏതോ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്നെ പറയുന്നുണ്ട്.
ആത്മീയനേതാവ്
എന്നതിനേക്കാൾ അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത് ആഗാഖാൻ ഡെവെലപ്പ്മെന്‍റ്
നെറ്റ്‌വർക്കിന്‍റെ സാരഥിയെന്ന നിലയിലായിരിക്കണം. കാബൂൾ മുതൽ തിംബക്തൂവരെ നീണ്ടു കിടക്കുന്ന ഈ ധർമ്മ സ്ഥാപന ശൃംഖലയുടെ
പ്രവർത്തനങ്ങൾ ജാതി മതഭേദമന്യേ എല്ലാവരിലുമെത്തുന്നു പലരും അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുന്നുണ്ട്. മൂന്നാംലോകരാഷ്ട്രങ്ങളിലെ
ജനതയെ സാംസ്കാരിക ഉന്നതിയിലെത്തിക്കുകയാണ് മുഖ്യലക്ഷ്യം. തനത് കലകളെയും
വാസ്തുശില്പങ്ങളെയും നവികരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്താലേ
ലക്ഷ്യത്തിലേക്കെത്തൂ എന്നദ്ദേഹം വിശ്വസിക്കുന്നു. അത് കൊണ്ടായിരിക്കും
വിശ്വാസങ്ങളിലെ ഭിന്നതകൾ മറന്ന് പലരും ഇതിന്‍റെ ഭാഗമാകുന്നതും അദ്ദേഹം ഇത്രയേറെ
സ്വീകാര്യനായതും... ഒരു ഹെഡ് ഓഫ് സ്റ്റേറ്റിനു കൊടുക്കുന്ന ആചാരമര്യദകളോടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഈ രാജ്യമില്ലാത്ത രാജാവിനെ ആദരിക്കുന്നത്. ഇരുട്ട് മൂടി കിടന്നിരുന്ന നൈൽ നദിയുടെ തീരപ്രദേശങ്ങളിലേക്ക് വെളിച്ചമെത്തിച്ചതും, അഫ്ഗാനിസ്ഥാനിൽ നടക്കുന്ന
പുനർനിർമ്മാണങ്ങളും, തിംബക്തൂവിലെ
വികസന പ്രവർത്തനങ്ങളും അറിഞ്ഞതിൽ ചിലത് മാത്രമാണ്... പക്ഷെ ഇതൊന്നും
മ്യുസിയത്തിൽ ഒരിടത്ത് പോലും രേഖപ്പെടുത്തി വച്ചിട്ടില്ല.
ടോറോന്റോയുടെ
വടക്ക് കിഴക്ക് ഭാഗത്തായി പതിനേഴ് ഏക്കറിനുള്ളിൽ വെളുത്ത ഗ്രനൈറ്റിൽ തീർത്ത
മ്യുസിയവും, വിശാലമായ പൂന്തോട്ടവും അഞ്ചു പൊയ്കകളും, പ്രാർത്ഥന മന്ദിരവും,
ഇസ്മായിലിയ മുസ്ലിങ്ങളുടെ സാമുദായിക കേന്ദ്രവും ഉൾപ്പെടുന്നതാണ് ആഗാഖാൻ മ്യുസിയം. ജാപ്പനീസ് വാസ്തുശിൽപ്പിയായ ഫുമിഹിക്കോ മാകിയോടൊപ്പം, ഇന്ത്യയുടെ ചാൾസ് കോറിയും, ടോറോന്റോയിലെ മോറിയമ ആൻഡ് ടെഷിമ ചേർന്ന് രൂപകൽപ്പന ചെയ്തതാണ് പ്രധാന കെട്ടിടങ്ങൾ. പത്തേക്കറിൽ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടത്തിന്‍റെ നിർമ്മാണം ലബനീസ് ശിൽപ്പിയായ വ്ലാടിമർ ജോറോവികാണ് ചെയ്തിരിക്കുന്നത്. ഒരു പേർഷ്യൻ കാവ്യം പോലെ സുന്ദരമായ ഈ പൂന്തോട്ടം പൊതുജനത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. അകത്ത് കയറാൻ ഇഷ്ടമില്ലെങ്കിൽ പുറത്തിരുന്നു പ്രകൃതി സൗന്ദര്യം ആസ്വദിക്കാം.
മ്യുസിയത്തിനകത്ത് കടക്കാനുള്ള സന്ദർശക ഫീസ് ഒരാൾക്ക് ഇരുപത് കനേഡിയൻ ഡോളറാണ്. ശനിയാഴ്ചയായിട്ടും വലിയ തിരക്കൊന്നുമില്ലായിരുന്നു. നടുമുറ്റത്തിന് ചുറ്റും മശ്റബിയ രീതിയിൽ ചിത്രപണികൾ ചെയ്ത പതിമൂന്ന് മീറ്റർ ഉയരത്തിലുള്ള കണ്ണാടികളാണ്. സൂര്യ വെളിച്ചത്തിന്‍റെ തീവ്രത കുറക്കാനാണ് മശ്റബിയ ഡിസൈൻ ഉപയോഗിച്ചിരിക്കുന്നത്. സൂര്യപ്രകാശം കണ്ണാടികളിൽ തട്ടി പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ മുറ്റത്ത് കളമെഴുതുന്നതും നോക്കി ചിലർ കോഫി കുടിച്ചിരിക്കുന്നുണ്ട്. ഇപ്രാവശ്യം ക്യാമറാമാൻ ക്യാമറ കൂടെ കരുതിയിരുന്നില്ല. അത് കൊണ്ട് ഫോട്ടോ ഷൂട്ട് ഫോണിലായിരുന്നു. നടുമുറ്റത്തിന് ചുറ്റുമുള്ള വരാന്തയിൽ അമേച്ച്വർ ഫോട്ടോഗ്രാഫർമാരുടെ തിരഞ്ഞെടുത്ത ഫോട്ടോകൾ പ്രദർശിപ്പിച്ചിരുന്നു.
മ്യുസിയത്തിനകത്ത് കടക്കാനുള്ള സന്ദർശക ഫീസ് ഒരാൾക്ക് ഇരുപത് കനേഡിയൻ ഡോളറാണ്. ശനിയാഴ്ചയായിട്ടും വലിയ തിരക്കൊന്നുമില്ലായിരുന്നു. നടുമുറ്റത്തിന് ചുറ്റും മശ്റബിയ രീതിയിൽ ചിത്രപണികൾ ചെയ്ത പതിമൂന്ന് മീറ്റർ ഉയരത്തിലുള്ള കണ്ണാടികളാണ്. സൂര്യ വെളിച്ചത്തിന്‍റെ തീവ്രത കുറക്കാനാണ് മശ്റബിയ ഡിസൈൻ ഉപയോഗിച്ചിരിക്കുന്നത്. സൂര്യപ്രകാശം കണ്ണാടികളിൽ തട്ടി പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ മുറ്റത്ത് കളമെഴുതുന്നതും നോക്കി ചിലർ കോഫി കുടിച്ചിരിക്കുന്നുണ്ട്. ഇപ്രാവശ്യം ക്യാമറാമാൻ ക്യാമറ കൂടെ കരുതിയിരുന്നില്ല. അത് കൊണ്ട് ഫോട്ടോ ഷൂട്ട് ഫോണിലായിരുന്നു. നടുമുറ്റത്തിന് ചുറ്റുമുള്ള വരാന്തയിൽ അമേച്ച്വർ ഫോട്ടോഗ്രാഫർമാരുടെ തിരഞ്ഞെടുത്ത ഫോട്ടോകൾ പ്രദർശിപ്പിച്ചിരുന്നു.
മ്യുസിയത്തിലെ പ്രദർശന ഹാളിലേക്ക് കടക്കുന്നതിന് മുൻപായി കോട്ട്, ജാക്കെറ്റ്, ബാക്ക് പാക്ക് എന്നിവയൊക്കെ സൂക്ഷിച്ചു വെക്കാനുള്ള സ്ഥലത്ത് ഏൽപ്പിച്ച് കൊടുക്കണം. വിലപ്പിടിപ്പുള്ളതൊക്കെ അവരെ ഏൽപ്പിച്ച് ഞങ്ങൾ ഹാളിനകത്ത് കടന്നു. മൺപാത്രങ്ങളിലും, തുണിത്തരങ്ങളിലും, ലോഹങ്ങളിലുമുള്ള അത്യപൂർവമായ
പ്രദർശന വസ്തുകളും, കൈയെഴുത്തു പ്രതികളും, ചുവർച്ചിത്രങ്ങളും, ശിൽപ്പങ്ങളുമായി മൂന്നുറിലധികം
ശേഖരങ്ങളാണുള്ളത്. പ്രവാചകന്‍റെ മരണത്തിനുശേഷം അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന്
തുടങ്ങി വടക്കേ ആഫ്രിക്കയിലേക്കും അവിടെന്നു സ്പെയിനിലേക്കും, പിന്നീട് മറ്റ്
ദിശകളിലേക്കും വ്യാപിച്ച ഇസ്ലാമിക സംസ്കാരം ഘട്ടം ഘട്ടമായി അടയാളപ്പെടുത്തിയ
ചുവരിലെ മാറി മറിയുന്ന ഭൂപടമാണ് നമ്മെ ആദ്യം എതിരേൽക്കുന്നത്. ഞെരമ്പുകൾ തെളിഞ്ഞ് കാണുന്ന ഒരുണങ്ങിയ ഇലയുടെ പുറത്തുള്ള അറബിക് കാലിഗ്രാഫിയാണ് അതിൽ ഏറെ
ഇഷ്ടമായത്. അത് മാത്രം വീണ്ടും കാണുന്നതിനായി അവിടെത്തന്നെ കുറേനേരം നിന്നു.
ശേഖരണ
വസ്തുക്കൾ ലഭ്യമായ സ്ഥലങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ചാണെങ്കിൽ ഇറാനില്‍ നിന്ന് തുടങ്ങി
സ്പെയിൻ വരെയുള്ളതാണ് ആദ്യ ഭാഗത്ത് കാണേണ്ടത്. പിന്നെ ഇറാൻ മുതൽ തുർക്കിവരെ
അതിനുശേഷം ഇറാൻ മുതൽ ഹിന്ദുസ്ഥാൻവരെ പിന്നെ വീണ്ടും ഇറാനിൽ തന്നെ എത്തണ്ണം.
പക്ഷെ നടന്നു കണ്ടപ്പോൾ ഈ ക്രമത്തിലൊന്നുമല്ല സാധനങ്ങൾ വെച്ചിരിക്കുന്നത്
കൂടാതെ വസ്തു വിവരണങ്ങളും പരിമിതമാണ്. ഒൻപതാം നൂറ്റാണ്ടിൽ സുവർണ്ണ കുഫിക്
ലിപിയിൽ എഴുതിയ പരിശുദ്ധ ഖുറാൻ മുതൽ അനാട്ടമി, ജ്യോതിശാസ്ത്രം, ആയിരത്തൊന്ന് രാവുകൾ എന്നിവയുടെ കൈയെഴുത്ത്
പ്രതികൾ വരെ അക്കൂട്ടത്തിലുണ്ട്. ദമാസ്ക്കസിൽ നിന്ന് ഇറ്റലിയിലേക്ക് മരുന്ന്
കൊണ്ടുപോയിരുന്ന വെളുത്ത സെറാമിക് ഭരണികൾ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.
മരുന്ന് പാത്രമാണെന്ന് തോന്നില്ല അത്രയധികം പണിത്തരങ്ങളുണ്ട് അതിന് പുറത്ത്.
മരുന്നുഭരണിയും വെള്ളം
കുടിക്കാനും ശേഖരിച്ച് വെക്കാനും ഉപയോഗിച്ചിരുന്ന പാത്രങ്ങളുടെ വലിപ്പവും
കനവുമൊക്കെ നോക്കി നിൽക്കുമ്പോഴാണ് പെട്ടെന്ന് ഹാളിൽ പാട്ട് തുടങ്ങിയത്. രണ്ട്
കലാകാരന്മാർ തുർക്കിയിലെ ഒരു നാടൻ വാദ്യോപകരണവുമായി ഹാളിന്‍റെ ഓരത്തിരുന്നു
പാട്ട് പാടുന്നു. സംഗീതം ഭാഷക്ക് അതീതമാണല്ലോ... സൂഫി സംഗീതത്തിന്‍റെ മാസ്മരികതയാണോ
എന്നറിയില്ല വളരെ ഹൃദ്യമായിരുന്നു അവരുടെ ആലാപനം. ഗിറ്റാർ പോലെ
തോന്നിപ്പിക്കുന്ന ബാഗ്ലാമക്കാണ് അവരുടെ കൈയിലുണ്ടായിരുന്നത്. കരഞ്ഞുകൊണ്ട് ആ
പാട്ട് റെക്കോർഡ് ചെയ്യുന്നൊരു സ്ത്രിയെ ഞാൻ കണ്ടു. എന്ത് പാട്ടാണതെന്ന്
എന്നെനിക്കറിയില്ല പക്ഷെ പാട്ട് അവരെ എന്തൊക്കെയോ ഓർമ്മപ്പെടുത്തിയിരിക്കുന്നു.
പാട്ടുകൾ അങ്ങിനെയാണ് കാലവും ദേശവും താണ്ടി അത് നമ്മെ തേടിയെത്തും ഇരുണ്ട ഓർമ്മകളിൽ വെളിച്ചം വീശി ചിരിപ്പിക്കും, ചിലപ്പോൾ പൊട്ടിക്കരയിക്കും.
ചുറ്റി നടന്നു
കാണാൻ അധികമൊന്നുമില്ല രണ്ടു നിലകളിലാണ് മ്യുസിയം. മുകളിലാണ് ഇറാനിയൻ കവിയും, ഫോട്ടോഗ്രാഫറും, സിനിമാസംവിധായകനുമായ അബ്ബാസ് കിയാറോസ്റ്റമിയുടെ “ഡോർസ് വിത്തൌട്ട്
കീസ്” എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോ പ്രദർശനം. അടഞ്ഞു കിടക്കുന്ന അൻപത് പഴയ
മരവാതിലുകളുടെ ഫോട്ടോകൾ ഏഴടി ഉയരമുള്ള കാൻവാസിൽ പ്രിന്റ് ചെയ്തു
വെച്ചിരിക്കുന്നു. ഇറാൻ, ഇറ്റലി, മൊറോക്കോ, ഫ്രാൻസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് അബ്ബാസ് പകർത്തിയ വാതിൽ ചിത്രങ്ങളാണ്. വെളിച്ചത്തിന്‍റെ ക്രമീകരണവും, ഇടയ്ക്കു
വാതിൽ തുറക്കുന്നതിന്‍റെയും അടക്കുന്നതിന്‍റെയും കിറുകിറാ ശബ്ദവും, ഏതോ പക്ഷി പാട്ടിന്‍റെ നേർത്ത ഈണവും ചേർന്ന്‍ കൊഴുപ്പിക്കുന്ന പശ്ചാത്തലം. ഇതെല്ലാം കേട്ട് കൊണ്ട് ചിത്രങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ നട്ടുച്ച നേരത്ത് ആളൊഴിഞ്ഞൊരു തെരുവിൽ എത്തിപ്പെട്ട തോന്നലായിരുന്നെനിക്ക്. അടഞ്ഞ ഓരോ വാതിൽ കാണുമ്പോഴും ഇതിനു പിന്നിൽ എന്തായിരിക്കാമെന്ന ആകാംഷയാണ്. കരുതലും, വേദനയും, വിരഹവും, കാത്തിരിപ്പും
പ്രതിഫലിപ്പിക്കുന്ന സ്നേഹവാതിലുകൾ...
മുപ്പത്
മിനിട്ട് ദൈർഘ്യമുള്ള അബ്ബാസ് കിയാറോസ്റ്റമിയുടെ “റോഡ്സ് ഓഫ് കിയാറോസ്റ്റമി”
എന്ന ചിത്രവും കണ്ടിട്ടാണ് ഞങ്ങൾ ‘ഇസ്താംബൂൾ അന്നും ഇന്നും’ എന്ന്
പേരിട്ടിരിക്കുന്ന മുറാത്ത് ജർമന്‍റെ ഫോട്ടോ പ്രദർശനം കാണാൻ പോയത്. പാമുക്
പരിചയപ്പെടുത്തിയ ഇസ്താംബൂൾ നഗരം - അതിലെ തെരുവുകൾ ഇളം മഞ്ഞ കെട്ടിടങ്ങൾ,
ആളുകൾ, സഹഫ്ലാർ കാർസിസിയിലെ പഴയ ബുക്കുകൾ, തെരുവ് കച്ചവടക്കാർ, റിക്ഷകൾ,
കമാലും ഫുസുനും പ്രണയിച്ചു നടന്ന വഴികൾ, മഞ്ഞും തണുപ്പും, വസന്തവുമെല്ലാം
മുറാത്ത് ക്യാമറയിലൂടെ പകർത്തിയിരിക്കുന്നു. ഹാളിലേക്ക് കടക്കുന്നതിന് മുന്‍പ്
തന്നെ മ്യുസിയം ഭൂഗർഭ പാർക്കിങ്ങിലേക്ക് പോകുന്ന വഴിക്കുള്ള ചുവർ ചിത്ര
പ്രദർശനം കാണാതെ പോകരുതെന്ന് പറഞ്ഞതിനാൽ അവിടെയും ഒന്ന് പോയി. വലിയ ചുവരിൽ ഇത്തവണ മുറാത്തിന്‍റെ ഇസ്താംബൂൾ ചിത്രങ്ങളുടെ സ്ലൈഡ് ഷോയാണ്. ഓരോ പ്രാവശ്യവും അത് മാറി കൊണ്ടിരിക്കുമെന്നാണ് അറിയാനായത്. ദോഹയിലുള്ള ഇസ്ലാമിക് ആർട്ട്
മ്യുസിയവുമായി സഹകരിച്ച് മെയ് ആദ്യവാരത്തോടെ ഇവിടെ അറബി കഥകളെ ആസ്പദമാക്കി വിവിധ
കലാകാരന്മാർ ഒരുക്കുന്ന കലാ സൃഷ്ടികളുടെ പ്രദർശനം ആരംഭിക്കുമെന്ന് ടിക്കറ്റ്
കൌണ്ടറിൽ നിന്നെടുത്ത കുറിപ്പിൽ കണ്ടിരുന്നു. തീ തുപ്പുന്ന ഡ്രാഗണെയും,
പക്ഷിയെ പോലെ തോന്നിക്കുന്ന സിമുർഘും, കുതിരകളും, സിംഹത്തിന്‍റെ ഉടലും കഴുകന്‍റെ തലയും ചിറകുമുള്ള ഗ്രിഫിനുമെല്ലാം ഞാൻ സങ്കൽപ്പിച്ചു കൂട്ടിയത് പോലെയാകുമോ എന്നറിയണമെന്നുണ്ട്.
മ്യുസിയം
സമുച്ചയത്തിനുള്ളിലെ ദിവാൻ എന്ന് പേരിട്ടിരിക്കുന്ന ഭക്ഷണശാല നേരത്തെ
അടച്ചിരിക്കുന്നു. വൈകുന്നേരം ഒരു വിവാഹ പാർട്ടിയുണ്ടത്രേ. പിന്നെ അവിടെയുള്ളത്
പ്രാർത്ഥന മുറിയാണ്. അതിലേക്കു കടക്കണമെങ്കിൽ ബുക്ക് ചെയ്യണമെന്ന് തോന്നുന്നു. അതിന്‍റെ കാര്യകാരണങ്ങള്‍ ഒന്നും ചികയാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ അങ്ങോട്ട് പോയില്ല. ഇനിയൊന്നും കാണാനില്ലെന്ന് കരുതിയാണ് സൂക്ഷിക്കാൻ കൊടുത്തതൊക്കെ എടുക്കാനായി പോയത്. അപ്പോഴാണ് ഒരു
സ്വീകരണ മുറിയുടെ മാതൃകയിൽ അലങ്കരിച്ചു വെച്ചിരിക്കുന്നൊരു മുറി ശ്രദ്ധയിൽപ്പെട്ടത്.
മുറിക്ക് ചുറ്റുമുള്ള ചുവരലമാരകളിൽ നിറയെ കലാശേഖരങ്ങൾ അടുക്കി
വെച്ചിരിക്കുന്നു. ഇരിക്കാനുള്ള പരവതാനികളും ദീവാനുകളും മുറിയിൽ ഒരുക്കിയിട്ടുണ്ട്. 1966-78 വരെ യു. എന്നിൽ ഹൈ കമ്മിഷണറായിരുന്ന പ്രിൻസ്
സദറുദ്ദിൻ ആഗാഖാന്‍റെയാണ് ഈ ശേഖരങ്ങൾ. ഒരേയൊരു വ്യവസ്ഥയിൽ, അദ്ദേഹത്തിന്‍റെ മരണശേഷം ഭാര്യ മ്യുസിയത്തിലേക്ക് കൈമാറിയതാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന
ഉരുപ്പടികൾ. അവരുടെ വീട്ടിൽ ഇതെല്ലാം
എങ്ങിനെയാണോ വെച്ചിരുന്നത് അത് പോലെയായിരിക്കണം മ്യുസിയത്തിലും പ്രദർശിപ്പിക്കേണ്ടതെന്നായിരുന്നു
വ്യവസ്ഥ. അതേതായാലും തെറ്റിച്ചിട്ടില്ല. ഒരു വീടിന്‍റെ സ്വീകരണമുറിയുടെ ഊഷ്മളതയിലേക്ക് കയറി ചെല്ലുന്ന പ്രതീതിയുളവാക്കണമെന്നായിരിക്കും അവർ ഉദ്ദേശിച്ചിരിക്കുക.
അറബി കഥകളും,
കവിയരങ്ങുകളും, സൂഫി സംഗീത നിശകളും വക്കീലിനെ പോലെ എന്നെയും ഇവിടേക്ക് തിരിച്ചു
കൊണ്ട് വരുമെന്നാണ് തോന്നുന്നത്. ഗ്രനൈറ്റ് സൗധത്തിനുള്ളില്‍ നിന്ന് വായിച്ചെടുത്ത അനേകം പേര്‍ഷ്യന്‍
കാവ്യ ശകലങ്ങളില്‍ നിന്ന് ഏറ്റവും മനോഹരമായി അനുഭവപ്പെട്ടത് പേര്‍ഷ്യന്‍ കവി
മെഹ്ദി അഖാവന്‍ സലെസ്സിന്‍റെ ഈയൊരറ്റ വരിയാണ്...“Who says a leafless garden isn’t beautiful?” എന്തോ അതവിടെ ഉപേക്ഷിച്ചു പോരാന്‍
തോന്നിയില്ല. കൂടെ കൂട്ടി വക്കീല്‍ പാടി തന്ന ഹാഫിസിന്‍റെ വരികള്‍ക്കൊപ്പം,
“All the hemispheres in
existence
Lie beside an equator
In your heart…”
മഹത്തായ പേര്‍ഷ്യന്‍ പാരമ്പര്യത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ സങ്കടകരമാണ്.മറ്റ് രാജ്യങ്ങളിലാണെങ്കിലും ഇത്തരം മ്യൂസിയങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ടല്ലോ .സന്തോഷം
ReplyDeleteലണ്ടനിൽ തുടങ്ങാനിരുന്ന മ്യുസിയമാണ് ടോറോന്റോയിൽ എത്തിപ്പെട്ടത്. വെട്ടത്താൻ ചേട്ടൻ പറഞ്ഞത് പോലെ ഇത് പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് എന്തെങ്കിലുമൊക്കെ കണ്ടാൽ ആയി...
Deleteആഗാഖാന്‍ കൊട്ടാരം ഇതേ ആഗാഖാന്റെ പേരില്‍ ഉള്ളത് തന്നെയോ?
ReplyDeleteഇന്ത്യയിലുള്ള ആഗാഖാൻ കൊട്ടാരം ഇപ്പോഴത്തെ ആഗാഖാൻ രാജ്യത്തിൻ സംഭാവന ചെയ്തതാണ് എന്ന് വിക്കിപീഡിയ പറയുന്നുണ്ട്. ആഗാഖാൻ മൂന്നാമൻ ഇന്ത്യയിൽ ജനിച്ചത് കൊണ്ടായിരിക്കും.. കൂടുതൽ എനിക്കറിയില്ല മാഷേ..
Deleteഇത്തവണ വുത്യസ്തമായ യാത്രയാണല്ലോ. പുതിയ അറിവുകള്‍ പകരുന്നു ഈ കുറിപ്പ് ആദ്യമായിട്ടാണ് ഈ മ്യൂസിയത്തെ കുറിച്ച് കേള്‍ക്കുന്നതും. അപ്പൊ അടുത്ത യാത്രാവിവരണത്തിനായി കാത്തിരിക്കുന്നു
ReplyDeleteനന്ദി ഫൈസൽ :) :)
Deleteകുറേ നാൾ കൂടി വന്നതാ ഈ വഴി.അപ്പൊ ദേ നല്ലൊരു പോസ്റ്റും.നന്നായിണ്ട് എഴുതീത്.അത്രമേൽ കൌതുകത്തോടെ വായിക്കാനും തോന്നിപ്പിച്ചു.
ReplyDeleteപറഞ്ഞ പോലെ ഉമയെ ഈ വഴിക്ക് കണ്ടിട്ട് കുറെയായല്ലോ... വന്നതിലും വായിച്ചതിലും വല്യ സന്തോഷം :)
Deleteഅന്ന് നേരിട്ട് കേട്ടതിനെക്കാൾ മനോഹരമായി എഴുതിയിരിക്കുന്നു മുബീ.... ഹുസൈന്റെ ചിത്രങ്ങളുടെ അഭാവം നന്നായി അറിയുന്നുണ്ട് ട്ടോ...
ReplyDeleteങേ.. ഞാൻ കഥ പറയുമ്പോൾ ആരൊക്കെയോ ഉറങ്ങിയിരുന്നു. ഓർമ്മയുണ്ടോ?
Deleteഓരോ പോസ്റ്റും പുതിയ പുതിയ അറിവുകൾ പകരുന്നു... അഭിനന്ദനങ്ങൾ...
ReplyDeleteനന്ദി... സ്നേഹം :)
Deleteനല്ല വിവരണം.
ReplyDeleteമ്യൂസിയത്തിലെ വസ്തുശേഖരണം അതിനനുയോജ്യമായ രീതിയില്‍ ക്രമാനുസൃതമായും,
അതിനനുസരിച്ച് വ്യക്തമായ വിവരണവും വേണ്ടിയിരുന്നു എന്ന സൂചനയും നന്നായി.
ആശംസകള്‍
അവർ അത് ശരിയാക്കാനുള്ള പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. പതിയെ ശരിയാകുമായിരിക്കും തങ്കപ്പൻ ചേട്ടാ..
Deleteകവിതയും പ്രണയവും തുളുമ്പുന്ന കാനഡയിലെ
ReplyDeleteഈ ആഗാഖാന്റെ കാഴ്ച്ച ബംഗ്ലാവ് തുറന്നിട്ട് ആഗോള
ബൂലോഗർക്ക് പ്രവേശനമൊരുക്കിയതിൽ തീർച്ചയായും എല്ലാവരും
മുബിയോട് എന്നും കടപ്പെട്ടിരിക്കും കേട്ടൊ
നിങ്ങളുടെ നാട്ടില്‍ തുടങ്ങാനായിരുന്നുത്രേ പദ്ധതി. അനുമതി നിഷേധിച്ചതിനാല്‍ ഇവിടെക്ക് മാറ്റുകയായിരുന്നു മുരളിയേട്ടാ..
Delete