Sunday, August 28, 2016

റാമയിലെ പെരുംകളിയാട്ടം!

നേറ്റീവ് ഇന്ത്യന്‍സ്(Native Indians) എന്നറിയപ്പെടുന്ന വടക്കേ അമേരിക്കയിലെ ആദിമ ഗോത്ര വംശരുടെ ആഘോഷങ്ങളെ കുറിച്ച് കേട്ടറിവുണ്ടെങ്കിലും ഇപ്രവശ്യമാണ് അതിലൊന്നില്‍ പങ്കെടുക്കാനായത്. മിസ്സിസ്സാഗയില്‍ നിന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് എത്താവുന്ന ഒറിലിയ(Orillia)യിലുള്ള കാസാറാമ കമ്മ്യൂണിറ്റിയുടെ പോവോ(PowWow) ആഘോഷങ്ങൾ ഓഗസ്റ്റ്‌ 20 & 21 തിയതികളിലായി  നടക്കുന്നുണ്ട്. ജൂലൈ / ഓഗസ്റ്റ്‌ മാസങ്ങളിലാണ് ഇവരുടെ മിക്ക ആഘോഷ പരിപാടികളും, പുറമേ നിന്നുള്ളവര്‍ക്കും ഇതിൽ പങ്കെടുക്കാം.

2016 Rama First Nation PowWow
ഓഗസ്റ്റ്‌ ഇരുപത്തിയൊന്നാം തിയതിയാണ് ഞങ്ങൾ പോവോ കാണാൻ ഒറിലിയയിലേക്ക് പോയത്. മറ്റ് പലയിടത്തും കണ്ടതിനേക്കാള്‍ വ്യത്യസ്തമായിരുന്നു കാസാറാമാ കമ്മ്യൂണിറ്റി. സ്വന്തം സംസ്കാരവും മൂല്യങ്ങളും മുറുകെപ്പിടിച്ച് അടുക്കും ചിട്ടയോടും കൂടെ കാലത്തിനനുസരിച്ച് നീങ്ങുന്നവരാണ്. വളരെ പരിതാപകരമായ സ്ഥിതിയില്‍ ഗോത്രവംശരെ കണ്ടിട്ടുള്ളതിനാല്‍ ഇവരുടെ വളര്‍ച്ചയും കൂട്ടായ്മയും മനസ്സിന് ആശ്വാസമായിരുന്നു.  ഒറിലിയയിലേ കാസാറാമ കസിനോയുടെ തൊട്ടടുത്താണ് പരിപാടികള്‍ നടക്കുന്നത്. കൂറ്റൻ ബാനറുകളും ഫ്ലെക്സുമൊന്നുമില്ല. റോഡിനിരുവശവും വച്ചിരിക്കുന്ന ചെറിയ വഴിയടയാളങ്ങള്‍ ശ്രദ്ധിച്ചാലേ കാണൂ. പത്ത് മണിക്ക് ഞങ്ങള്‍ അവിടെയെത്തി. രണ്ടാള്‍ക്കുള്ള എന്‍ട്രി ഫീസ്‌ ഇരുപത് ഡോളർ കൊടുത്ത് അകത്ത് കടന്നു. പാര്‍ക്ക് ഗ്രൗണ്ടിന് ചുറ്റുമുള്ള ടെന്റുകളിൽ കച്ചവടക്കാർ സാധനങ്ങള്‍ നിരത്തി തുടങ്ങുന്നതേയുള്ളൂ. രാത്രി നല്ല മഴ പെയ്തതിനാല്‍ ചേറിലും ചളിയിലും ആളുകള്‍ തെന്നി വീഴാതിരിക്കാനായി വൈക്കോൽ നിരത്തുന്ന തിരക്കിലാണ് സംഘാടകർ. ആകെപ്പാടെ ഒരുത്സവലഹരി... ചുവപ്പ് നിറം കണ്ടതോണ്ടാവും അവിടെയെത്തിയപ്പോള്‍ മുതൽ ‘തെക്ക്ന്ന് വന്നാലും വടക്ക്ന്ന് വന്നാലും തെയ്യത്തിന് ചെമ്മാന പന്തല്..’ന്നുള്ള പാട്ടും മൂളിയാണ്‌ എന്‍റെ നടപ്പ്.

Regalia of a Powwow Participant 
പരിപാടി നടക്കുന്ന ഗ്രൗണ്ടിന് ചുറ്റുമിട്ടിരിക്കുന്ന ഇരിപ്പിടങ്ങൾ നൃത്തത്തിൽ പങ്കെടുക്കുന്നവര്‍ക്കുള്ളതാണ്, കാണാന്‍ പോകുന്നവർ അതിൽ ഇരിക്കുന്നത് മര്യാദയല്ല. സത്യത്തില്‍ പരിപാടി കഴിഞ്ഞിട്ടാണ് ഞങ്ങൾ ഇക്കാര്യമറിഞ്ഞത്. ആളുകള്‍ കസേരയും തൂക്കി പോണത് കണ്ടപ്പോൾ ഞങ്ങളും കസേരയെടുത്തൂന്നേയുള്ളൂ. അല്ലാതെ കാര്യം അറിഞ്ഞിട്ടല്ല. ബെഞ്ചുകള്‍ മിക്കതും ഒഴിഞ്ഞു കിടക്കുന്നു. മരത്തണലിലും ബെഞ്ചുകളുടെ അരികിലും ആളുകൾ നൃത്ത പരിപാടികള്‍ക്ക് തയ്യാറെടുക്കുന്ന തിരക്കിലാണ്. വൃത്താകൃതിയിലാണ് ഗ്രൗണ്ടിനു ചുറ്റും കൂടാരങ്ങളും ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരിക്കുന്നത്. മാനം കറക്കുന്നത്‌ കണ്ട് മഴ പെയ്യോന്നുള്ള സംശയം, ഉടനെ തന്നെ കുറച്ചപ്പുറത്തിരുന്ന പ്രായമായൊരാൾ തിരുത്തി. ‘ഇന്ന് മഴ പെയ്യില്ല, കുറച്ച് കഴിഞ്ഞാല്‍ മാനം തെളിയും, വെയിലിന് ചൂട് കൂടും...’ എന്‍റെ വിശ്വാസമില്ലായ്മ മുഖത്ത് പ്രകടമായത് കൊണ്ടാവും, അയാള്‍ ഒന്നും കൂടെ കടുപ്പിച്ച് പറഞ്ഞു, ‘ഞാന്‍ നേറ്റീവ് ഇന്ത്യനാണ്, ഞങ്ങള്‍ക്ക് പിഴക്കില്ല.’



പോവോ(Pow Wow) വസന്തകാല പരിപാടിയാണ്. പല ഗോത്രങ്ങള്‍ ഒന്നിച്ചു കൂടി പാട്ടും നൃത്തവുമായി ഋതുചക്രം ആഘോഷിക്കുന്നു. ചിലര്‍ക്ക് ഇതൊരു പ്രാര്‍ത്ഥനയാണ്. പ്രകൃതിയേയും മനുഷ്യനെയും ഇണക്കി ഭൂമിയിലേക്ക്‌ പറഞ്ഞയച്ച സൃഷ്ടാവിനോടും, എങ്ങിനെ ഭൂമിയിൽ ജീവിക്കണമെന്ന് പഠിപ്പിച്ച പൂര്‍വികരോടും, മുതിര്‍ന്നവരോടുമുള്ള ആദരവ് കൂടിയാണ് പോവോയിലൂടെ പ്രകടിപ്പിക്കുന്നത്. അതിനാല്‍ പോവോ നൃത്തക്കാർ ഉപയോഗിക്കുന്ന വസ്ത്രാലങ്കാരങ്ങളെ ‘കോസ്റ്റ്യൂം’ എന്ന് വിളിക്കരുത്. അതവര്‍ക്ക് അപമാനമാണ്. ‘റിഗാലിയ(Regalia)’ എന്നാണ് കടും വര്‍ണ്ണത്തിലുള്ള വസ്ത്രങ്ങളെ ബഹുമാനപൂര്‍വ്വം സംബോധന ചെയ്യേണ്ടത്. എല്ലാ വസ്ത്രത്തിലും പരുന്തിന്‍റെ തൂവലുണ്ടാകും. ചിലര്‍ക്ക് അത് പാരമ്പര്യമായി കൈമാറി കിട്ടുന്നതാണ്. ഭൂമിയിലെ ഇവരുടെ ക്ഷേമമന്വേഷിക്കാനും അനുഗ്രഹിക്കാനുമായി ദൈവം പരുന്തിനെ അയക്കുമെന്നാണ് വിശ്വാസം. വസ്ത്രത്തിൽ നിന്ന് പരുന്തിന്‍റെ തൂവൽ നിലത്ത് വീണാൽ കൊട്ടും പാട്ടും ആട്ടവുമൊക്കെ നില്‍ക്കും. പിന്നെ പ്രാര്‍ത്ഥനകൾ ചൊല്ലി നാലു ഗോത്രതലവന്മാർ തൂവലിനു ചുറ്റും നിന്ന് അത് കൈയിലെടുക്കണം. അത് കൊണ്ടാണ് വസ്ത്രാലങ്കാരങ്ങൾ അവര്‍ക്ക് ‘കോസ്റ്റ്യൂം’ അല്ലാത്തതും അത് അണിയുന്നവരെ നമുക്ക് തൊട്ട് കൂടാത്തതും.  
Wow... Wow ... PowWow!!! 
മനുഷ്യന്‍റെയും, പ്രകൃതിയുടെയും ജീവിതചക്രം ഓര്‍മ്മിപ്പിക്കുന്നതിനാണ് പോവോയില്‍ വൃത്താകൃതിയില്‍ നൃത്തംചെയ്യുന്നത്. ഓരോ വസ്ത്രവും ഓരോ സൂചനകളാണ്. കാലാവസ്ഥാപ്രവചനം നടത്തിയ കൂട്ടുകാരന്‍ പറഞ്ഞ് തന്നതിൽ നിന്ന് കുറച്ച് കാര്യങ്ങളെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയുള്ളൂ. അതിനാല്‍ സംശയ നിവാരണത്തിനായി പല നേറ്റീവ് പീപ്പിള്‍സ്‌ മാഗസിനുകളൊക്കെ തപ്പിയെടുക്കേണ്ടി വന്നു.  പാട്ടുകാരൊന്നും ഗ്രൗണ്ടിൽ ഇറങ്ങില്ല. നൃത്തം ചെയ്യുന്നവര്‍  വട്ടത്തിൽ പാട്ടിനനുസരിച്ച് നൃത്തം ചെയ്യുന്നു. പാട്ടോ കൊട്ടോ നിലച്ചാൽ നൃത്തം നിര്‍ത്തി രണ്ട് കാലും നിലത്തുറപ്പിച്ച് അനങ്ങാതെ നില്‍ക്കണം. പല ഘട്ടങ്ങളിലായാണ് ഗോത്രക്കാരും പോവോ നൃത്തക്കാരും ഗ്രൗണ്ടിലിറങ്ങുന്നത്. പന്ത്രണ്ട് മണിയായപ്പോൾ എന്‍റെ കൂട്ടുകാർ എന്നെ തനിച്ചാക്കി  സ്റ്റേജിനടുത്തേക്ക് പോയി. പരിപാടിയുടെ പ്രധാന സംഘാടകർ സ്റ്റേജിലെത്തിയിട്ടുണ്ട്. ഫസ്റ്റ് നേഷന്‍സ് പ്രതിനിധികളായ ക്രിസ് ഫേസ്സന്റും, അല്ലന്‍ മാനിട്ടോവാബിയുമാണ്‌ സ്റ്റേജിൽ. അവര്‍ പരിപാടികളെ കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഒഴിഞ്ഞ് കിടന്ന ഇരിപ്പിടങ്ങള്‍ നിറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും അലങ്കാരങ്ങളുമായി ആളുകൾ തയ്യാറായിയിട്ടുണ്ട്. അവസാന മിനുക്കുപണികൾ ധൃതിയില്‍ നടക്കുന്നു. അതിനിടയിലാണ് ആകാശത്ത് വട്ടമിട്ടു പറക്കുന്ന പരുന്തിനെ കണ്ടത്. ഗോത്രക്കാരിലെ മുതിര്‍ന്നവർ സന്തോഷത്തോടെ പുതിയ തലമുറക്ക്‌ പരുന്തിനെ കാണിച്ചുകൊടുത്തു കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. കുറച്ചു നേരം വട്ടമിട്ട് പറന്ന് പരുന്ത് എങ്ങോട്ടോ പോയി. ശുഭ ലക്ഷണങ്ങള്‍ എല്ലാമായി ഇനി പെട്ടെന്ന് പരിപാടി തുടങ്ങുമെന്നെനിക്ക്‌ തോന്നി.


Dancers at PowWow 
പോവോയിലെ പ്രധാന ഇനമാണ് ഗ്രാന്‍റ് എന്‍ട്രി(Grant Entry). വിവിധ ഗോത്രക്കാർ നൃത്താലങ്കാരങ്ങളോടെ മുതിര്‍ന്നവര്‍ക്ക് പിന്നിലായി അരങ്ങിലേക്ക് പ്രവേശിക്കുന്നു. വടക്കേ അമേരിക്കയെ ഇവര്‍ വിശേഷിപ്പിക്കുന്നത് ടെര്‍ട്ടിൽ ഐലെണ്ടെ(Turtle Island)ന്നാണ്. വടക്കേ അമേരിക്കയുടെ അവകാശികള്‍ക്ക് എന്ത് സംഭവിച്ചുവെന്നത് ചരിത്രം. എസ്. ശങ്കറിന്‍റെ ‘ചുവന്ന സൂര്യന്‍റെ അസ്തമയ’മെന്ന പുസ്തകത്തില്‍ വിശദമായി ഈ ചരിത്രം ഗ്രന്ഥകാരൻ അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം ഭൂമിയില്‍ നിന്ന് അവരെ തുടച്ചുനീക്കി അധികാരം സ്ഥാപിച്ച സംസ്കാര ശൂന്യതയുടെ വൈകൃതങ്ങള്‍ക്കൊടുവിൽ തെറ്റുകൾ ഏറ്റു പറഞ്ഞ് മാപ്പിരക്കാൻ നൂറ്റാണ്ടുകൾ കഴിയേണ്ടിവന്നു. 2008 ല്‍ മുപ്പത് മില്യൺ കനേഡിയൻ ജനതയെ പ്രതിനിധീകരിച്ച് അന്നത്തെ പ്രധാനമന്ത്രിയായ സ്റ്റീഫൻ ഹാര്‍പ്പർ ‘ഫസ്റ്റ് നേഷന്‍സി’നോട് ചെയ്ത തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ചു. “The government of Canada sincerely apologises and asks the forgiveness of the aboriginal peoples of this country for failing them so profoundly. We are sorry,” said Harper. തുടര്‍ന്ന് 2009 ല്‍ അമേരിക്കൻ പ്രസിഡന്റ്‌ ബരാക് ഒബാമയും ഈ സമൂഹത്തോട് മാപ്പ് പറഞ്ഞിരുന്നു. ഒന്നും ഒന്നിനും പരിഹാരമാവില്ലെങ്കിലും ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ അവരുടെ നിലനില്‍പ്പും സുരക്ഷിതത്വവും  അംഗീകരിക്കപ്പെട്ടതിന്‍റെ നേരിയ ആശ്വാസമുണ്ടാകും. അത്രമാത്രം...  



പ്രാര്‍ത്ഥനയോടെയാണ് ‘ഗ്രാന്‍റ് എന്‍ട്രി’ തുടങ്ങുന്നത്. ഏറ്റവും മുതിര്‍ന്ന ഗോത്ര തലവരില്‍ രണ്ടുപേരാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ആദരസൂചകമായി എഴുന്നേറ്റു നില്‍ക്കുവാനും തലയിലുള്ള തൊപ്പി മാറ്റുവാനും നിര്‍ദേശമുണ്ടായി. ഗോത്രഭാഷയില്‍ തുടങ്ങിയ പ്രാര്‍ത്ഥനയുടെ തുടര്‍ച്ച ഇംഗ്ലീഷിലുമുണ്ടായിരുന്നു. ഗ്രൗണ്ടിന്‍റെ ഒരുവശത്ത് നിന്നാണ് ഗ്രാന്‍റ് എന്‍ട്രി തുടങ്ങുന്നത്. പ്രാര്‍ത്ഥന ചൊല്ലിയ മുതിര്‍ന്നവരുടെ പിറകിലായി ‘ഈഗിള്‍ സ്റ്റാഫ്’ നില്‍ക്കുന്നു. ഒരു രാജ്യത്തിന്‌ അവരുടെ പതാക എത്രമേൽ പ്രധാനപ്പെട്ടതാണോ അതുപോലെയാണ് ഓരോ ഫസ്റ്റ് നേഷന്‍സിനും ‘ഈഗിള്‍ സ്റ്റാഫ്’. തിരഞ്ഞെടുത്തവരാണ് ഈഗിള്‍ സ്റ്റാഫ് ഉയര്‍ത്തി പിടിക്കുന്നത്‌. അടിച്ചമര്‍ത്തലിന്‍റെയും, അധിനിവേശത്തിന്‍റെയും പ്രതിബന്ധങ്ങൾ മറികടന്നുകൊണ്ട്‌ ആത്മീയമായി ശക്തിയാര്‍ജിച്ച് ഞങ്ങള്‍ ഇന്നും ഇവിടെയുണ്ടെന്ന പ്രഖ്യാപനമാണ് ഈഗിള്‍ സ്റ്റാഫ്. ഓരോ ഗോത്രസമൂഹത്തിന്‍റെയും ഈഗിള്‍ സ്റ്റാഫ് വ്യത്യസ്തമായിരിക്കും എന്നാലും അടിസ്ഥാനപരമായി അതില്‍ പരുന്തിന്‍റെ തൂവലുകൾ ഏതെങ്കിലും മൃഗതോലില്‍ ഭദ്രമായി ചേര്‍ത്തു വെള്ള പൈന്‍മരത്തിന്‍റെ തണ്ടില്‍ കെട്ടിവെക്കുന്നതാണ്. പിന്നീട് ഗോത്രങ്ങള്‍ക്കനുസരിച്ച് അലങ്കാരങ്ങള്‍ക്കും, തൂവലിന്‍റെ എണ്ണത്തിലും മാറ്റമുണ്ടാവും.


ഈഗിള്‍ സ്റ്റാഫിന് പിറകിലായി കാനഡയുടെയും, അമേരിക്കയുടെയും പതാകവാഹകരാണ്. സേനയില്‍ നിന്ന് വിരമിച്ച ഫസ്റ്റ് നേഷന്‍സാണ് പതാകകള്‍ പിടിച്ചിരിക്കുന്നത്‌. നീല നിറമുള്ള തുണിയിൽ സുവര്‍ണ്ണ ലിപിയിൽ പേരുകൾ എഴുതിയ ഒരു പതാകയും പിടിച്ച് വരുന്നവരാണ് അടുത്തത്. അവര്‍ക്ക് പിന്നില്ലായി കടുംവര്‍ണ്ണ കുപ്പായങ്ങളിൽ അലംകൃതമായി ഓരോ ഗോത്രസമൂഹത്തിലേയും നൃത്തക്കാർ. ക്രിസ്സും അല്ലനും ആവേശത്തിലാണ് ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നത്. ഈഗിള്‍ സ്റ്റാഫും മറ്റ് പതാകവാഹകരും  ഗ്രൗണ്ടിന്‍റെ നടുവിലെ കൊടി മരത്തിനു കീഴിലെത്തിയപ്പോൾ പതാകയെ വന്ദിച്ചുകൊണ്ട് പാട്ട് തുടങ്ങി. എല്ലാ കൊടികള്‍ക്കും മീതെയാണ് ഈഗിൾ സ്റ്റാഫിന്‍റെ സ്ഥാനം. പാട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങൾ ഇരുന്നു. ഇനി നൃത്തക്കാരുടെ വരവാണ്. അതിനും ചില ചിട്ടവട്ടങ്ങളുണ്ട്.

പരമ്പരാഗത നൃത്തക്കാരായ ഗ്രാസ് ഡാന്‍സുകാർ, ഫാന്‍സി ഷാൾ ഡാന്‍സുകാർ, ജിംഗിള്‍ ഡ്രസ്സ്‌ ഡാന്‍സുകാർ എന്നിവരുടെ പിന്നിലായി വിവിധ ഗോത്രത്തിലെ ആണുങ്ങളും, സ്ത്രീകളും കുട്ടികളും, അവര്‍ക്ക് പിന്നില്‍ ചെറു വാല്യകാർ, ഏറ്റവും പിന്നിൽ കുട്ടികൾ... അങ്ങിനെ വര്‍ണ്ണങ്ങളുടെ ഘോഷയാത്ര തുടങ്ങുകയായി. നിറങ്ങളുടെ പെരുംകളിയാട്ടം! വര്‍ണ്ണ തൂവലുകളും, ഷാളുകളും, മുത്തുകളും, തൊങ്ങലുകളും വച്ച് പിടിപ്പിച്ച വസ്ത്രങ്ങളും ബെല്‍റ്റുകളുമണിഞ്ഞവർ പെരുമഴയായി ഗ്രൗണ്ടിൽ പെയ്തിറങ്ങി... പെരുമ്പറ(ഡ്രം)യുടെ കൊട്ടിനൊപ്പം ആട്ടവും പാട്ടും തുടങ്ങുകയായി. രണ്ടു തരം പാട്ടുകാരുണ്ട്. ഉച്ചസ്ഥായിയായി പാടുന്ന വടക്കൻ പാട്ടുകാരും, ഗാംഭീര്യ സ്വരത്തില്‍ പാടുന്ന തെക്കൻ പാട്ടുകാരും. പാട്ടെഴുതി വെക്കില്ല. റെക്കോര്‍ഡ്‌ ചെയ്തു വീണ്ടും വീണ്ടും കേട്ടാണ് പഠിക്കുന്നത്, അല്ലെങ്കില്‍ തലമുറകളായി കൈ മാറി വരുന്നതാവാം. പാട്ടുകാരന്‍റെ തൊണ്ടയിൽ നിന്ന് വരുന്ന ശബ്ദത്തിനൊപ്പിച്ചാണ് പെരുമ്പറയിൽ കൊട്ടുന്നത്. ഹൃദയമിടിപ്പിന്‍റെ പ്രതീകമാണ് പെരുമ്പറ, അതിനാല്‍ തന്നെ പവിത്രവും.  മൃഗങ്ങളുടെ തോലു കൊണ്ടുണ്ടാക്കുന്ന പെരുമ്പറയും വളരെ പ്രിയപ്പെട്ടതാണ്. ചിലര്‍ക്ക് പരമ്പര്യമായി കിട്ടുന്നതാണ്. പെരുമ്പറയെ അനുഗ്രഹിക്കുന്ന ചടങ്ങുകളുമുണ്ടാവാറുണ്ട്. പല പാട്ടുകളാണ് മരിച്ചവരെ ആദരിക്കുന്നവ, യുദ്ധം ജയിച്ച് വരുന്നവര്‍ക്ക് വേണ്ടി, പ്രകൃതിക്ക്, പ്രണയത്തിന് അങ്ങിനെയാണ് തരംതിരിവ്.


ഗ്രൗണ്ടില്‍ പാട്ടിനൊപ്പം ആട്ടക്കാരുടെ ആട്ടവും കൊഴുത്തു. കൊട്ടും പാട്ടും മുറുകിയതോടെ കാണികളും ആവേശത്തിലായി. പലരും നിന്നിടത്ത് നിന്ന് ചുവടു വെക്കാൻ തുടങ്ങി. ഓരോ ഗോത്രസമൂഹത്തിന്‍റെ നൃത്തചുവടുകൾ തമ്മിൽ വ്യത്യാസമുണ്ട്. ഫാന്‍സി ഡ്രസ്സ്‌ ഡാന്‍സ് പേര് പോലെ തന്നെ ഫാന്‍സിയാണ്. അടുത്തിടെയാണ് ഇത് പോവോയിൽ ഉള്‍പ്പെടുത്തിയത്. ഈയൊരു ന്യൂ-ജെന്‍ നൃത്തരൂപമൊഴിച്ചാൽ ബാക്കിയെല്ലാം പരമ്പരാഗതമാണ്. വസ്ത്രങ്ങളിൽ നിറയെ കിലുക്കങ്ങൾ തുന്നിപ്പിടിപ്പിച്ചാണ് ജിംഗിൾ ഡാന്‍സുകാർ എത്തുന്നത്. എല്ലാത്തിനും ഒടുവിലാണ് ഇന്‍റെർ ട്രൈബൽ ഡാന്‍സ്. ഈ ഡാന്‍സിനു എല്ലാവര്‍ക്കും പങ്കെടുക്കാം. ഒറിജിനൽ നൃത്തക്കാരെ തൊടാതെ നമ്മളെ പോലെയുള്ള ഡ്യൂപ്ലിക്കേറ്റുകള്‍ക്ക് ഡാന്‍സ് ചെയ്യാം. ഇന്‍റെർ ട്രൈബൽ ഡാന്‍സ് തുടങ്ങിയപ്പോൾ ഞങ്ങൾ കൊട്ടുകാരെ കാണാൻ പോയി. നാലു ഗ്രൂപ്പുകളുണ്ട്‌. വലിയൊരു പെരുമ്പറ(ഡ്രം)നടുക്ക് വെച്ച് അതിലാണ് എല്ലാവരും കൊട്ടുന്നത്. പ്രധാന പാട്ടുകാരന്‍റെ ശബ്ദവ്യതിയാനമനുസരിച്ചാണ് കൊട്ട് മുറുകുന്നത്.

    
ഗിവ് എവേ (Give Away) എന്നൊരു ഇനം കൂടെയുണ്ട്. പണ്ടത്തെ ഗോത്ര നേതാക്കള്‍ അവര്‍ക്കുള്ളതെല്ലാം ദാനം ചെയ്തിരുന്നുവെത്രേ. ഗോത്രഗ്രാമത്തിലേറ്റവും ദരിദ്രന്‍ അതിന്‍റെ തലവനായിരിക്കും. തനിക്കുള്ളതെല്ലാം മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടി ദാനം ചെയ്ത് ദരിദ്രനായി ജീവിക്കുന്ന നേതാവ്... ദാനശീലത്തിന്‍റെ പ്രാധാന്യമറിയിക്കുന്നതിനാവും പോവോയിൽ ഒരു ബ്ലാങ്കറ്റ് ഡാന്‍സുണ്ട്. ബ്ലാങ്കറ്റുമായി നമുക്കടുത്തേക്ക് വരുന്ന കലാകാരന്‍മാരെ വെറുതെ മടക്കരുതെന്നാണ്. കണക്കൊന്നുമില്ല, ഉള്ളത് കൊടുക്കാം. അവര്‍ക്കുള്ളതെല്ലാമെടുത്ത് സര്‍വ്വാധിപത്യം സ്ഥാപിച്ചവർ ഈ ജന്മത്തിലിനിയെന്ത് കൊടുത്താലാണ് അതിനെല്ലാം പകരമാവുക. നിറങ്ങൾ പുഞ്ചിരിക്കുമ്പോഴും വേദനയുടെ തളര്‍ച്ച മാറാത്ത ചില നോട്ടങ്ങൾ നമ്മളെ ആഴത്തിൽ കൊത്തി വലിക്കും. ഒന്നും മറന്നിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തലാവാം!  



36 comments:

  1. റെഡ് ഇൻഡ്യാക്കാർ, അബോർജിൻസ്, നേറ്റിവ് ഇൻഡ്യൻ റിസേർവ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും, ദൂരെ ഇങ്ങിരിക്കുമ്പോൾ അതിന്റെ നേരനുഭവങ്ങൾ മനസ്സിലാക്കാൻ പ്രയാസമാണ്. ഈ ഉത്സവവിവരണം നന്നായി. അറിയാത്ത ദേശങ്ങൾ, ദേശപ്പെരുമകൾ ഇനിയും പരിചയപ്പെടുത്തുക...

    ReplyDelete
    Replies
    1. ആദ്യ വായനക്കും കമന്റിനും നന്ദി ലാസര്‍.

      Delete
    2. മുബിയുടെ വിവരണത്തിന് എസ്‌. കെ. പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യത്തിന്റെ ഒരു ടച്ച്! കാപ്പിരികളുടെ നാട്ടിൽ, ബാലിദ്വീപിലെ കാഴ്ചകൾ മുതലായവയെപ്പോലെ. ആശംസകൾ.

      Delete
    3. സന്തോഷം... സ്നേഹം ഡോക്ടര്‍ :)

      Delete
  2. ഇത്രയൊക്കെ ആചാരങ്ങൾ പാശ്ചാത്യനാടുകളിൽ നിലനിന്ന് വരുന്നെന്ന് ആദ്യ അറിവാണഇത്രയൊക്കെ ആചാരങ്ങൾ പാശ്ചാത്യനാടുകളിൽ നിലനിന്ന് വരുന്നെന്ന് ആദ്യ അറിവാണ്.

    ശരിക്കും ആട്ടവും
    പാട്ടും കാണാനും,കേൾക്കാനും കൂടെയുണ്ടായിരുന്നതുപോലെ തോന്നി .

    പിന്നെ

    ആട്ടത്തിനിടയിൽ തൂവൽ കൊഴിഞ്ഞോയെന്ന്പറഞ്ഞില്ലല്ലോ !!!! !

    ReplyDelete
    Replies
    1. തൂവലൊന്നും കൊഴിഞ്ഞില്യ... സുധി വീഡിയോ കണ്ടില്ലേ? ആ പരാതി ഇപ്രാവശ്യം തീര്‍ത്തിട്ടുണ്ട് :)

      Delete
  3. ഒരു ഗോത്ര ആഘോഷത്തിൽ പങ്കെടുത്ത പ്രതീതി. മുബി അത് നന്നായി അവതരിപ്പിച്ചു. ഗോത്ര വർഗ ആഘോഷവും ടിക്കറ്റു വച്ച് നടത്തുന്നു എന്നത് ഇന്നത്തെ കച്ചവട സംസ്കാരം ആണ് സൂചിപ്പിക്കുന്നത്. എന്നാലും ആദിമ വർഗ്ഗത്തിന്റെ ആചാരാനുഷ്ട്ടാനങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നുണ്ടല്ലോ.

    മുബി അത് പോലെ ഒരു വസ്ത്രം സംഘടിപ്പിക്കേണ്ടി ഇരുന്നു. എന്നിട്ട് അതണിഞ്ഞു ഒരു ഫോട്ടോയും.

    ReplyDelete
    Replies
    1. ബിപിന്‍, ഇവിടെ അവരുടെ ആചാരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. യൂണിവേര്‍സിറ്റികളിലും ഗോത്രാഘോഷങ്ങള്‍ നടക്കുന്നുണ്ട്. അത് പോലൊരു കുപ്പായം കിട്ടുമോന്ന് നോക്കാം...

      Delete
  4. You write so well Mubi. You are God bless talented. Keep going and keep writing. It's like we are travelling with you and getting a real time updates from the location minute by minute. Keep it up also for the sake of less fortunate like us. Very best wishes as always. Loads of love.

    ReplyDelete
    Replies
    1. നന്ദി ആഷിക്, കുറെക്കാലം കൂടിയാണ് നിന്നെ ഇവിടെ കാണുന്നത്. വായിക്കുന്നുണ്ടെന്ന് അറിയാമെന്നല്ലാതെ... സ്നേഹം :)

      Delete
  5. വിവരണങ്ങളിലും ചിത്രങ്ങളിലുമുണ്ട് ഉത്സവത്തിന്‍റെ ഉത്സാഹഛായ..ഹൃദ്യമായി.

    ReplyDelete
    Replies
    1. നന്ദി ഇക്കാ... സ്നേഹം

      Delete
  6. Replies
    1. യാത്രയിലെ ഓരോ കാഴ്ചയും അത്ഭുതം തന്നെയല്ലേ ശരീഫ്...

      Delete
  7. ഫാന്‍സി ഡ്രസ്സ്‌ ഡാന്‍സ് പേര് പോലെ തന്നെ ഫാന്‍സിയാണ്.
    കാണാനും നല്ല ഫാന്സിയാണ്, വായിക്കാനും.
    മുരളിയേട്ടന്റെ ഒരു പോസ്റ്റ്‌ നോക്കി ഇപ്പൊ പോന്നതെ ഉള്ളു.

    ReplyDelete
    Replies
    1. മനസ്സിലായി റാംജിയേട്ടാ...അത് പോലെയൊരെണ്ണം ഇവിടെയുമുണ്ട്, ഇതുവരെ കാണാന്‍ പോയിട്ടില്ല. ആ സമയത്തൊക്കെ എവിടെയെങ്കിലും അലഞ്ഞുതിരിഞ്ഞു നടക്കായിരിക്കും.

      Delete
  8. അതെ,എന്ത് കൊടുത്താലാണ് പകരമാവുക...ഇനി അത്രയെങ്കിലും അല്ലേ ചെയ്യാനാവുക....ഗോത്രസംസ്കൃതിയുടെ നാശം വിളംബരം ചെയ്തുകൊണ്ടാണല്ലോ ആധുനികരെന്നു നടിക്കുന്ന ജനത ഉയിര്‍ത്തെഴുന്നേറ്റത്..
    വയനാട്ടിലും,അട്ടപ്പാടിയിലും,മുതുവാന്‍ കോളനിയിലും,തിരുവനന്തപുരത്തെ കാണിക്കുടിയിലും കേള്‍ക്കുന്നതുപോലെയുള്ള വാദ്യഘോഷണങ്ങള്‍,,ഭാഷയ്ക്ക്‌ മാത്രമേ വ്യത്യാസമുള്ളൂ...
    അഭിനന്ദനമര്‍ഹിക്കുന്നു..ആദ്യമായാണ്‌ MUBIയുടെ പോസ്റ്റ്‌ കാണാനും വായിക്കാനും ഇടവന്നത്..തികച്ചും യാദൃശ്ചികം..അതുകൊണ്ട് തന്നെ കാണാതെ പോയതെല്ലാം നോക്കിയെടുക്കാനുള്ള തത്രപ്പാടില്‍...ഒരിക്കല്‍ കൂടി അഭിനന്ദനം..ദൂരെയുള്ള കാഴ്ചകള്‍ അനുഭവവേദ്യമാക്കിയതിനോട്...നന്ദി..

    ReplyDelete
    Replies
    1. വളരെ സന്തോഷം ഇവിടെ വന്നതിലും വായിച്ചതിലും... സ്നേഹം

      Delete
  9. ങേ! അവരുടെ കസേരയും അടിച്ചോണ്ട്‌ പോന്നോ?

    ReplyDelete
    Replies
    1. ഹുസൈന്‍ എടുക്കുന്ന ഫോട്ടോസ് അടിച്ചുമാറ്റാറുണ്ടെന്നത് സത്യം... പക്ഷെ കസേര അത് അവരുടെയല്ല :(

      Delete
  10. അവിടെ കാർണിവൽ... ഇവിടെ പോവോ.... ഇവിടെ പോവോ... അവിടെ കാർണിവൽ.... മുബിയും മുരളിഭായിയും കൂടി ഞങ്ങളെ ഇത് രണ്ടും മാറി മാറി കാണിച്ച് കൊതിപ്പിക്കുകയാണല്ലേ... ക്രൂരതയാണിത്... ക്രൂരത... :)

    ReplyDelete
    Replies
    1. ഹഹഹ... മുരളിയേട്ടന്‍ ഇവിടെയെത്തിയിട്ടില്ല. വരട്ടെ, അപ്പോള്‍ ബാക്കി കേള്‍ക്കാം :)

      Delete
  11. മനോഹരമായ വിവരണം, ഫോട്ടോസും.. Very nice....all the best!

    ReplyDelete
  12. വീണ്ടും ഒരു വർണ്ണക്കാഴ്ച്ചയുടെ കാണാ ലോകത്തേക്ക്
    മുബി നമ്മെയെല്ലാം ആനയിച്ച് കൊണ്ട് പോയിരിക്കുകയാണല്ലോ ...!

    ലോകത്തിലെ ഒട്ടുമിക്ക പുരതനമായ ഗോത്രങ്ങളിലും
    ഇത്തരം അതിമനോഹരമായ കളിയാടങ്ങൾ പിറവിയെടുത്തിട്ടുണ്ട്

    പിന്നെ

    2000 കൊല്ലം മുമ്പ് തുടക്കം കുറിച്ച മലയാളിയുടെ സ്വന്തം കൂത്തും
    കുടിയാട്ടവുമൊക്കെയാണ് ഇതിൽ ഏറ്റവും പഴക്കമുള്ള സാംസ്കാരിക ഘോഷം

    ReplyDelete
    Replies
    1. “India is the cradle of the human race, the birthplace of human speech, the mother
      of history, the grandmother of legend and the great grand mother of tradition. Our most valuable & most constructive materials in the history of man are treasured up in India only”-- Mark Twain കൂത്തും കൂടിയാട്ടവും മുരളിയേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്കോര്‍മ്മ വന്നതിതാണ്.

      Delete
  13. വര്‍ണ്ണ ശബളമായ ആഘോഷങ്ങലുടെ കഥ എങ്ങിനെയോ വിട്ടുപോയി. അവിടത്തെ ആദിവാസികള്‍ ഇപ്പോഴെങ്കിലും അംഗീകരിക്കപ്പെടുന്നുണ്ടല്ലോ.നമ്മുടെ കഥയോ ?

    ReplyDelete
    Replies
    1. മുഖ പുസ്തക സുഹൃത്ത് രണ്ടു ദിവസം മുമ്പ് ചോല നായ്ക്കരെ കുറിച്ച് കെ.വി. മോഹന്‍കുമാര്‍ "പൂ കൊഴിയും കാട്ടില്‍" എന്ന പേരില്‍ എഴുതിയ ലേഖനത്തിലെ കുറച്ചു ഭാഗം ഇട്ടിരുന്നു... കാടും, പുഴയും നമുക്ക് വേണ്ട, പിന്നെ അതിന്‍റെ അവകാശികളെയെന്തിനാ??

      Delete
  14. ഇവിടെ വന്നാല്‍ പിന്നെ കൊതിയാവും നാട് ചുറ്റാന്‍..

    ReplyDelete
    Replies
    1. അതാണ് കിനാവ് ഈ വഴിക്ക് വരാത്തത്, അല്ലേ?

      Delete
  15. മുബീ...2014ലെ ദേശീയ യുവജനോത്സവത്തിന് ലുധിയാനയില്‍ പോയപ്പോള്‍, തലയില്‍ തൂവല്‍ തൊപ്പി വച്ച് നൃത്തം ചെയ്യുന്ന നാഗാലാന്റുകാരായ ആദിവാസികളെ കണ്ടത് ഓര്‍മ്മയില്‍ വന്നു.നല്ല വിവരണം.

    ReplyDelete
    Replies
    1. നന്ദി മാഷേ... ഇവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കൊക്കെ സാമ്യമുണ്ടോന്നറിയില്ല, ചിലപ്പോ നമുക്ക് തോന്നുന്നതാവോ?

      Delete
  16. Hello Mubi

    I am also from Canada, live in Ajax. Wanted to write the comments in Malayalam but I don't have that font on my office computer .
    Read your blog and I have to say really good job. Event though I have been here for 15 years never got around going to these places. I think I should !!!

    so continue to write and keep up the great work ....

    regards
    santhosh

    ReplyDelete
    Replies
    1. Thank you Santhosh for reading my blog. It's good to know that someone is inspired to travel and get to see what's in and around they live...

      Regards,
      Mubi

      Delete