Photomanz എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Photomanz എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 ഏപ്രിൽ 2, വ്യാഴാഴ്‌ച

പാറ്റഗോണിയൻ കാറ്റും സാൻസയും

രാത്രിയിൽ കാറ്റ് അതിൻ്റെ വിശ്വരൂപം പുറത്തെടുത്തു. വെറുതെയല്ല ബോട്ട് സർവീസ് റദ്ദാക്കിയത്. കാതിൽ തുളച്ചു കയറുന്ന കാറ്റിൻ്റെ ഹുങ്കാരവും, മേൽക്കൂര ഇളകിയാടുന്ന ശബ്ദവും കേട്ട് കിടന്നു. എപ്പോഴെങ്കിലും അപായ മണി മുഴങ്ങിയാൽ എങ്ങോട്ട് ഇറങ്ങി പോകും, ഇനിയെങ്ങാനും ഉറങ്ങിയാൽ ആ മണിനാദം കേൾക്കാതെ പോയാലോ എന്ന ചിന്തയും കൂടി ചേർന്നപ്പോൾ ഉറങ്ങുന്നതിനേക്കാൾ നല്ലതാണല്ലോ ഉറങ്ങാതിരിക്കുന്നത് എന്ന അവസ്ഥയിലായി. വെളുപ്പാൻ കാലത്താണ് ഒന്നുറങ്ങാൻ കഴിഞ്ഞത് അതിനാൽ ഉണരാനും വൈകി. പ്രഭാതഭക്ഷണം ഹോസ്റ്റലിൽ ലഭ്യമായതിനാൽ പുറത്തെ അവസ്ഥയെന്താണെന്നറിയില്ലായിരുന്നു. ഉച്ചയ്ക്ക് കാറ്റിനു വീണ്ടും ശക്തി കൂടുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് കണ്ടതിനാൽ വേഗമൊന്ന് പുറത്തിറങ്ങാൻ തീരുമാനിച്ചു. പ്രതീക്ഷിച്ചത് പോലെ ഇന്ന് പോകാനിരുന്ന എംപറർ  പെൻഗ്വിൻ ട്രിപ്പും ക്യാൻസലായിട്ടുണ്ട്. തിരിച്ചു പോകാനുള്ള വിമാനത്തിൻ്റെ കാര്യവും പ്രകൃതിയുടെ കാരുണ്യത്തിന് വിട്ട് ഞങ്ങൾ അന്നത്തെ സാഹസങ്ങൾക്ക് ഇറങ്ങി.

Pic: Photomanz/ Google Collage

തണുത്ത കാറ്റിൽ പാറി പോകാതെ മഗല്ലൻ കടലിടുക്കും നഗരഭംഗിയും ഒന്നിച്ചു കാണാൻ കഴിയുന്ന സെറോ ലാ ക്രൂസാണ് ആദ്യ ലക്ഷ്യം. ഹോസ്റ്റലിലെ ജീവനക്കാരോട് പുറത്ത് പോകുന്ന കാര്യം പറഞ്ഞപ്പോൾ സൂക്ഷിക്കണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തിയിരുന്നു. വഴിനീളെ ചുവരുകളിലെ ജീവൻ തുളുമ്പുന്ന ചിത്രങ്ങളാണ് ഞങ്ങളെ വരവേറ്റത്. എത്ര ഭംഗിയിലും കൃത്യതയിലുമാണ് ഒരു നാടിൻ്റെ ചരിത്രം ഈ കലാകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. കാറ്റിനെ വകവെയ്ക്കാതെ ചിത്രങ്ങൾ നോക്കി നിന്ന് സമയം പോയതറിഞ്ഞില്ല. കാറ്റിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും മുഖം കാറ്റടിച്ചു നീറി തുടങ്ങിയപ്പോഴാണ് ചുവരുകളിൽ നിന്ന് കണ്ണെടുത്ത് ഹുസൈനെ തിരഞ്ഞത്. ബീച്ചിനടുത്ത് ഹുസൈൻ പക്ഷികളെ ക്യാമറയ്ക്കുള്ളിലാക്കുന്ന തിരക്കിലാണ്. റോഡ് മുറിച്ചു കടന്ന് പക്ഷിക്കൂട്ടങ്ങളുടെയും അവരുടെ ക്യാമറമാൻ്റെയും അടുത്തെത്തി.

Pic: Photomanz / Hussain Chirathodi 

കടലിലേക്ക് നീണ്ടുകിടക്കുന്ന മരപാലത്തിൽ ഇപീരിയൽ കോർമോറാൻ്റ (നീർ കാക്ക) പക്ഷികളുടെ സംസ്ഥാന സമ്മേളനമാണെന്ന് തോന്നുന്നു. വെള്ളത്തിലേക്ക് ഊളിയിട്ടും ആകാശത്ത് പാറിപറന്നും അവർ ആർമാദ്ദിക്കുകയാണ്. തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ ബീച്ചിലെ നടപാതയിൽ നിന്നാൽ പെൻഗ്വിനുകളെ കാണാനാകുമെന്ന് ടൂറിസം ഓഫീസിൽ നിന്ന് പറഞ്ഞിരുന്നു. അതാണ് കാറ്റുണ്ടായിട്ടും ഇങ്ങോട്ട് തന്നെ വന്നത്. പക്ഷെ ഇന്ന് ഒട്ടും തെളിമയില്ലാത്ത അവസ്ഥയാണ് കൂടാതെ തിര ശക്തിയായി അടിക്കുന്നുമുണ്ട്. അതിനാൽ നീർകാക്കകളുടെ ഉല്ലാസ തിമിർപ്പിനോട് വേഗം വിട പറഞ്ഞ് ഞങ്ങൾ ചത്വരത്തിലേക്ക് നടന്നു. ഇവിടെ ഞങ്ങൾക്ക് കാണാൻ ഒരിടം കൂടെ ബാക്കിയുണ്ട്. അതിന്നലെ കാണാൻ സാധിക്കാതെ പോയ ചത്വരത്തിനടുത്തുള്ള മഗിയോറിനോ ബോർഗറ്റെല്ലോ മ്യുസിയമാണ്.

Pic: Photomanz / Google Collage 

ഞങ്ങൾ എത്തിയപ്പോഴേക്കും മ്യുസിയം തുറന്നിരുന്നു. ഒരാൾക്ക് 7.00 യുഎസ് ഡോളറാണ് ടിക്കറ്റ് വില. ബാക്ക്പാക്കുകൾ ലോക്കറിൽ വെച്ച് ടിക്കറ്റെടുത്ത് ഞങ്ങൾ മ്യുസിയത്തിലേക്ക് കയറി. പലതും കണ്ടു പോകുന്നതിനിടയിൽ ഏറെ വിചിത്രമായി തോന്നിയത് സാൻസ(Tzanza)യെന്ന പ്രദർശനവസ്തുവായിരുന്നു. ചുങ്ങിയ തലകളെന്നും (Shrunken Heads) വിളിക്കാമെന്നൊക്കെ വായിച്ചത് വിശ്വസിക്കാനാവാതെ അതു തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ടാണ് ഹുസൈൻ ശ്രദ്ധിച്ചത്. തെക്കേ അമേരിക്കയിലെ ആമസോൺ വനാതിർത്തി പ്രദേശങ്ങളായ പെറു ഇക്വഡോർ ഭാഗങ്ങളിൽ ജീവിക്കുന്ന ഗോത്രവംശജരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്നൊരു പുരാതന ആചാരമാണ്. യുദ്ധത്തിൽ കൊല്ലപ്പെട്ട ശത്രുക്കളുടെ തലകൾ ഒരു പ്രത്യേക രീതിയിലൂടെ വലിപ്പം കുറച്ച് സൂക്ഷിക്കുന്നതാണ് 'സാൻസ' എന്ന് ചുരുക്കി പറയാം. വളരെ സങ്കീർണ്ണമായ പ്രക്രിയയിലൂടെ തല ഒരു ചെറിയ പന്തിൻ്റെ വലിപ്പത്തിലേക്ക് ചുരുങ്ങുമെത്രേ! മഗിയോറിനോ ബോർഗറ്റെല്ലോ മ്യൂസിയത്തിൽ പ്രദശിപ്പിച്ചിരിക്കുന്ന സാൻസ പാറ്റഗോണിയൻ മേഖലയിലെ മിഷനറിമാർക്ക് കിട്ടിയതാണ്. നരവംശശാസ്ത്രജ്ഞർക്ക് ആമസോൺ ഗോത്രവംശജരുടെ ഇത്തരം ആചാരരീതികളെയും സംസ്കാരത്തെയും കുറിച്ച് പഠിക്കാനും മറ്റുമായി ഇതിവിടെ സൂക്ഷിച്ചിരിക്കുകയാണ്. സാൻസ കണ്ട ക്ഷീണം മാറ്റാൻ ഞങ്ങൾ ചത്വരത്തിലെ ടാബിസ് എന്ന കാപ്പി കടയിലേക്ക് കയറി.

Pic: Mobile Click 

വൈകുന്നേരം ആറ് മണിയോടെ സാന്റിയാഗോയിലേക്ക് പറക്കണം. കറങ്ങി നടക്കാനിനി അധിക സമയമില്ലാത്തതിനാൽ കാപ്പിക്കടയിൽ നിന്ന് വേഗം ഞങ്ങളിറങ്ങി. പിറ്റേന്ന് സാന്റിയാഗോയിൽ നിന്നാണ് യുഎസ് വഴി കാനഡയിലേക്ക് മടങ്ങുന്നത്. ഹോസ്റ്റലിൽ തിരിച്ചെത്തി ബാക്ക്പാക്കുകൾ അടുക്കിപെറുക്കി ഞങ്ങൾ യാത്രയ്‌ക്കൊരുങ്ങി. LATAM എയർവെയ്‌സിലാണ് തിരിച്ചുള്ള യാത്രയും. "തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി.." എന്ന പാട്ടിലെ വരികൾ ഓർത്ത് വിമാനത്താവളത്തിലെ ഗേറ്റിലേക്ക് നടക്കുമ്പോഴാണ് ചുവരിലെ ഡിജിറ്റൽ പുസ്തകങ്ങളുടെ ലിസ്റ്റ് കണ്ടത്.

ഡിജിറ്റൽ വായന ലഭ്യമാകുന്ന സൈറ്റിൻ്റെ QR കോഡും നൽകിയിട്ടുണ്ട്. പ്രവചനാതീതമായ കാലാവസ്ഥയിൽ യാത്ര മുടങ്ങിയാൽ സമയം പോകാൻ പുസ്തകപ്രേമികൾക്ക് ഇതൊരാശ്വാസമാകും. LATAMനെ ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കിയ രിയയെ കാണുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫ്ലൈറ്റിൽ അവരില്ലായിരുന്നു. രാത്രി പതിനൊന്ന് മണിക്ക് സാന്റിയാഗോയിൽ ഇറങ്ങി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. നാളെ ചിലിയിലെ രാഷ്ട്രീയ ഭാവി തീരുമാനമാകുന്ന സുദിനമാണ്. പുണ്ട അരെനാസിലെ ചത്വരത്തിൽ തെക്കുവടക്ക് നടക്കുന്നതിനിടയിൽ ഒരു പാർട്ടിയുടെ ഇലക്ഷൻ റാലിയും അതിലെ നേതാക്കളുടെ ആവേശപ്രസംഗവും കേൾക്കണ്ടായി. ഇതൊക്കെ നമ്മളെത്ര കണ്ടതാണെന്ന മട്ടിൽ ഞങ്ങളും പങ്കെടുത്ത് വിജയിപ്പിച്ചു. നാളെയിവിടെ എന്തൊക്കെ നടക്കുമെന്നത് കാലാവസ്ഥ പോലെ ആശങ്കാജനകമാണ്.

Pic: Photomanz / Google Collage 

അതിരാവിലെയെണീറ്റ് ഞങ്ങൾ സാൻ്റിയാഗോയ്ക്ക് സമീപമുള്ള തീരദേശനഗരമായ വാൽപാറൈസോ കാണാനിറങ്ങി. പെട്ടെന്ന് തിരിച്ചെത്തണമെന്നതിനാലും സ്ഥലം അത്ര പന്തിയല്ലാത്തതിനാലും ഞങ്ങൾ ബസ് യാത്ര ഒഴിവാക്കിയതാണ്. ഉബർ ഡ്രൈവർക്ക് ഇംഗ്ലീഷ് വശമുള്ളതിനാൽ ദൂരയാത്ര വിരസമായില്ല. വാൽപാറൈസോ തെരുവുകലകൾക്ക് പേരുകേട്ടതാണ്. സഞ്ചാരികൾക്ക് ഇവിടമൊരു അപകടമേഖലയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നിട്ടും അവിടേയ്ക്ക് ഞങ്ങൾ പോയത് ഇൻറ്റി, ലൊറോ കൊയിറോൺ എന്നീ കലാകാരന്മാരുടെ സൃഷ്ടികൾ കാണാനുള്ള മോഹംകൊണ്ടാണ്. പല കുന്നുകളിലായി വ്യാപിച്ചുകിടക്കുന്ന നഗരത്തിലെ തെരുവുകളിലാണ് വർണ്ണാഭമായ ചുവർചിത്രങ്ങളുള്ളത്. 1970ലെ പിനോഷെ ഭരണകാലത്ത് രാഷ്ട്രീയ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് ഇവിടെ മ്യൂറൽ ആർട്ട് സജീവമാകുന്നത്. ആ പാരമ്പര്യം പിന്തുടർന്ന് ചരിത്രം, പ്രാദേശിക ജീവിതം, പ്രകൃതി, രാഷ്ട്രീയം, നാടോടിക്കഥകൾ എന്നിവയൊക്കെയാണ് ഇപ്പോഴത്തെ പ്രധാന പ്രമേയങ്ങൾ.

"നിങ്ങൾ ഇതുവരെ സന്ദർശിച്ച സ്ഥലങ്ങൾ പോലെ സുരക്ഷിതമല്ല. കൂട്ടമായെ നടക്കാവൂ, ഫോണിൽ സംസാരിച്ചു നടക്കരുത്, സുരക്ഷിതമെന്ന് തോന്നിയാൽ മാത്രം ചിത്രങ്ങൾ എടുക്കുക. അധിക സമയം അവിടെ നില്കാതെ പെട്ടെന്ന് തന്നെ തിരിച്ചു പോരണം". നഗരത്തിനടുത്ത്‌ എത്താറായപ്പോൾ ഡ്രൈവർ ഞങ്ങൾക്ക് നൽകിയ മുന്നറിയിപ്പ് കേട്ടതോടെ കയ്ച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാന്നുള്ള അവസ്ഥയിലായി. സിറ്റി ടൂറാണ് ബുക്ക് ചെയ്തിരുന്നത്. ആ ഓഫീസിനടുത്തു ഞങ്ങളെ ഇറക്കിയിട്ട് ആശംസകൾ നേർന്ന് ഉബർ ചേട്ടൻ പോയി. ടൂർ ഓഫീസിലേക്കുള്ള പടികൾ കയറി വാതിൽക്കൽ എത്തിയപ്പോഴാണ് അത് അടഞ്ഞു കിടക്കുകയാണെന്ന കാര്യം ശ്രദ്ധിച്ചത്. തെരുവിൽ അവിടെവിടെയായി നിൽക്കുന്ന ഒന്നോരണ്ടോ പേരൊഴിച്ചാൽ തെരുവും വിജനമാണ്. പോലീസ് വാഹനങ്ങൾ റോഡിൽ അങ്ങിങ്ങായി നിർത്തിയിട്ടിട്ടുണ്ട്. അതൊക്കെ വീക്ഷിച്ച് നിൽക്കുമ്പോഴാണ് ഹുസൈന് ടൂർ ക്യാൻസൽ ചെയ്ത സന്ദേശമെത്തുന്നത്.

അധികസമയം ഒറ്റയ്ക്ക് അവിടെ കറങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയപ്പോൾ ഞങ്ങൾ ബസ്‌സ്റ്റാന്ഡിലേക്കു നടന്നു. വാൽപാറൈസോയിൽ നിന്ന് ഉബർ വിളിക്കാതെ ബസ്സിൽ തിരിച്ചു പോകുന്നതായിരിക്കും സുരക്ഷിതമെന്ന് തോന്നിയിരുന്നു. ബസ്സ്റ്റാൻഡിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ആളുകളെ കണ്ടാലൊരു ഗുണ്ടാസംവിധാന വ്യവസ്ഥയിൽ നടന്നു പോകുന്ന സ്ഥലമാണെന്നേ തോന്നൂ. ബസ് വന്നപാടെ അതിൽ കയറിയിരുന്നു. സത്യത്തിൽ അപ്പോഴാണ് കുറച്ചൊരാശ്വാസം തോന്നിയത്. ഉച്ചയോടെ ഹോട്ടലിൽ തിരിച്ചെത്തിയ ഞങ്ങൾ കുളിച്ച് ഭക്ഷണം കഴിച്ചു വിമാനത്താവളത്തിലേക്ക് പാഞ്ഞു. സെക്യൂരിറ്റി, ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയപ്പോഴാണ് ഇലക്ഷൻ റിസൾട്ട് പുറത്ത് വരുന്നത്. പിനോഷെ കാലത്തിന് ശേഷം തീവ്രവലതു പക്ഷക്കാരനായ ഹോസെ അന്റോണിയോ കാസറ്റെയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിലിയിൽ ഇറങ്ങിയപ്പോൾ കണ്ട 'കാരണം കൊണ്ടോ, ബലപ്രയോഗം കൊണ്ടോ' (Por la razón o la fuerza "By reason or by force) എന്ന മുദ്രാവാക്യം വീണ്ടും ഓർമ്മിച്ച് സംഭവബഹുലമായ അന്നത്തെ ദിവസമോർത്ത് ഞങ്ങളൊന്ന് ദീർഘമായി നിശ്വസിച്ചു...

Pic: Hussain Chirathodi 


"Pack it in, Pack it out. Leave no trace - Preserve  and  Respect ”


                                                                                                                            (അവസാനിച്ചു )


2026 മാർച്ച് 29, ഞായറാഴ്‌ച

ഒരിടത്തുമല്ലാത്ത ഒരിടത്ത്…

പ്യൂർട്ടോ നതാലസ്സിൽ നിന്ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു ചിലിയിലെ മഗല്ലൻസ് മേഖലയുടെ തലസ്ഥാനമായ പുണ്ട അരെനാസ്സിലേക്കുള്ള ശകടം. ഭൂമിയിൽ ഒരിടത്തുമല്ലാത്ത ഒരിടമെന്നാണ് ചിലിക്കാർ ആ നഗരത്തെ വിശേഷിപ്പിക്കുന്നത്. അങ്ങനെയൊരു വിശേഷണം കേട്ടതോണ്ടാവും എവിടെയെങ്കിലും ഇതെത്തുമോ എന്നൊരു സംശയം മുളപൊട്ടിയത്. 1848ൽ ആ വഴി പോയ ഒരു ഇംഗ്ലീഷ് നാവികൻ  നഗരത്തിന് സാൻഡി പോയിന്റ് എന്ന പേര് നൽകിയെങ്കിലും പിന്നീട് സ്പാനിഷിൽ അതെ അർത്ഥം വരുന്ന  പുണ്ട അരെനസ് എന്ന് മാറ്റിയത് അധിനിവേശകാലത്തായിരിക്കണം.

Pic: Photomanz/Hussain Chirathodi 

ലോകത്തിൻ്റെ തെക്കേ അറ്റത്ത് മഗല്ലൻ കടലിടുക്കിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് പുണ്ട അരെനാസ്. ഇവിടെ നിന്നാണ് അന്റാർട്ടിക്കയിലേക്കുള്ള മിക്ക യാത്രകളുടെയും തുടക്കം. തൊട്ടടുത്തായത്  കൊണ്ടാവും ചിലിക്ക് മാത്രമാണ് അന്റാർട്ടിക്കയിൽ സ്ഥിരമായൊരു സൈനിക താവളമുള്ളത്. നഗരത്തിൽ ഞങ്ങളെത്തുമ്പോൾ 2.30 മണിയായിരുന്നു. നഗരമധ്യത്തിലെ വലിയ തണൽ മരങ്ങളിലെ ഇലകൾ കാറ്റിനോട് താളമിട്ട് ഇളകിയാടുന്നുണ്ട്. അവിടെയടുത്തുള്ള  ഹോസ്റ്റൽ കോർഡിലോറയിലാണ് താമസം ബുക്ക് ചെയ്തിരുന്നത്. ബസ്സിറങ്ങി ഗൂഗിളിനോട് വഴിചോദിച്ചു പോകാമെന്ന് കരുതിയെങ്കിലും ആ തീരുമാനം മാറ്റി ഉബർ വിളിച്ചു. ഡ്രൈവർ ഞങ്ങളെ ഒരിടത്തിറക്കിയിട്ട് ഇവിടെ തന്നെയാണെന്ന് പറഞ്ഞെങ്കിലും തെരുവിലെ കുഞ്ഞു വീടുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഹോസ്റ്റൽ കണ്ടു പിടിക്കാൻ കുറച്ചു പണിപ്പെട്ടു. എന്നാലും അവിടെ കയറിയപ്പോൾ സ്വന്തം വീടിൻ്റെ ഊഷമളതയാണ് അനുഭവപ്പെട്ടത്. ഇംഗ്ലീഷ് വശമില്ലാത്തതിനാൽ സ്പാനിഷ് ഭാഷയിലാണ് ഹോസ്റ്റൽ നടത്തിപ്പുകാർ സംവദിക്കുന്നത്. ഭക്ഷണമുറി കടന്ന് വരാന്തയിലൂടെ മുറ്റത്തേക്കിറങ്ങിയാൽ കാണുന്ന അങ്ങേയറ്റത്തെ ഒരു  ബെഡ്‌റൂം വീടാണ് ഞങ്ങൾക്ക് കിട്ടിയത്. ഹോസ്റ്റലുമായി പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ലാത്ത പാരഡൈസ്!

ഒന്ന് വിശ്രമിച്ചതിന് ശേഷം ഞങ്ങൾ നഗരം ചുറ്റാനിറങ്ങി. 1848ലൊരു  ചെറിയ സൈനിക താവളമായി സ്ഥാപിതമായതാണിത്. പനാമ കനാലിൻ്റെ നിർമ്മാണത്തിന് മുമ്പ്, അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് ശാന്ത സമുദ്രത്തിലേക്ക് പോകുന്ന കപ്പലുകളുടെ പ്രധാന ഇടത്താവളമായിരുന്നു പുണ്ട അരെനാസ്. അതാവും തെരുവിൽ ഇപ്പോഴും പഴയ കാലത്തെ ആ തിരുശേഷിപ്പുകൾ കാണുന്നത്. ഇന്ന് അന്റാർട്ടിക്കയിലേക്ക് പോകുന്ന ചില ശാസ്ത്രപര്യവേക്ഷണ സംഘങ്ങൾ നഗരത്തെ താവളമാക്കാറുണ്ടെങ്കിലും പഴയത് പോലെ കപ്പൽ തിരക്കുകളില്ല. നഗരത്തെ സ്വാധീനിച്ച കുടിയേറ്റത്തിൻ്റെ ലക്ഷണങ്ങൾ കെട്ടിടങ്ങളിൽ ദൃശ്യമാണ്. ഫ്രഞ്ച്-സ്പാനിഷ്-യൂറോപ്പ്യൻ വാസ്തുവിദ്യ വിളിച്ചോതുന്ന കൊട്ടാരങ്ങളും പള്ളികളും നഗരത്തിലെ പ്രധാന ചത്വരത്തിന് ചുറ്റിലുമുണ്ട്.

ചിലിയിലെ ഏറ്റവുമുയർന്ന ജീവിതനിലവാരമുള്ള നഗരങ്ങളിലൊന്നാണിത്. ഇവിടെയുള്ളവരുടെ അഭിപ്രായത്തിൽ ചിലിയിലാണെങ്കിലും എല്ലാം കൊണ്ടും ചിലിയിൽ നിന്ന് വളരെ അകന്നവരാണെന്നാണ്. ആട് വളർത്തലും, മത്സ്യബന്ധനവും ടൂറിസവുമാണ് ഇവിടുത്തെ പ്രധാന വരുമാനമാർഗ്ഗങ്ങൾ. അതിലേറ്റവും പ്രാധാന്യം ആടു വളർത്തലിന് തന്നെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ പുണ്ട അരെനാസിനെയൊരു സാമ്പത്തിക ശക്തിയാക്കി മാറ്റിയത് ആടുകളാണെന്നാണ് പറയുന്നത്. വെളുത്ത സ്വർണ്ണം എന്ന പേരിലാണ് ഇവരുടെ കമ്പിളി ലോകമെങ്ങും അറിയപ്പെടുന്നത്. ഈ സ്വർണ്ണത്തിന് തൊട്ടാൽ പൊള്ളുന്ന വിലയാണ്!

Pic: Photomanz/Canva Design 

തെരുവുകളിലെ മ്യൂറലുകളിൽ ചരിത്ര കഥകൾ നമുക്ക് വായിച്ചെടുക്കാം. ഒരു സ്‌കൂൾ മതിലിലെ മ്യൂറലിൽ തദ്ദേശീയരുടെ ജീവിതശൈലിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. നടന്ന് നടന്നൊടുവിൽ  ബസ്സിൽ വെച്ച് കണ്ട പാർക്കിനടുത്തെത്തി. സായാഹ്‌ന നടത്തത്തിനിറങ്ങിയ ചില ആളുകളെ പിന്തുടർന്ന് ഞങ്ങളെത്തിയത് മുനിസിപ്പൽ സെമിത്തേരിയിലാണ്. ഒരു ശ്മശാനം വിനോദസഞ്ചാര കേന്ദ്രമാകുന്നത് അല്പം അത്ഭുതകരമായി തോന്നിയതിനാൽ ഗൂഗിളിനോട് ചോദിച്ചുറപ്പിച്ചു. CNN ഉൾപ്പെടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങൾ ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് സെമിത്തേരികളിലൊന്നായി ഇതിനെ തിരഞ്ഞെടുത്തിട്ടുണ്ടെത്രെ. എന്നാൽ പിന്നെ അവിടെ കയറി ഇത്ര സുന്ദരമായ സ്ഥലത്തുറങ്ങുന്നവരെ ഒന്ന് കാണാതെ പോരുന്നത് ശരിയല്ലല്ലോ. സെമിത്തേരിയുടെ വീതിയുള്ള പ്രധാന കവാടം, അടച്ചിരിക്കുന്നു. സന്ദർശകർ അതിനടുത്തുള്ള ചെറിയൊരു ഗേറ്റിലൂടെയാണ് അകത്തേക്ക് കടക്കുന്നത്. സന്ദർശന സമയം തീർന്നതായിരിക്കുമെന്നാണ് കരുതിയതെങ്കിലും അതല്ലെന്ന്  അതിനകത്തു കയറിയപ്പോഴാണ് അറിഞ്ഞത്! 

മഗല്ലൻ കടലിടുക്കിന് സമീപത്ത് 1894ൽ സ്ഥാപിതമായ ഈ സെമിത്തേരി ഇന്ന് ചിലിയുടെ ദേശീയ സ്മാരകമാണ്. ഇതിനെ ഓപ്പൺ എയർ മ്യൂസിയം എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. മനോഹരമായി വെട്ടി ഒതുക്കിയ സൈപ്രസ് മരങ്ങൾ നിറഞ്ഞു നിൽക്കുന്ന സെമിത്തേരിയിൽ നഗര വളർച്ചയ്ക്ക് കാരണക്കാരായ വലിയ പ്രമാണിമാരുടെയും, യൂറോപ്യൻ കുടിയേറ്റക്കാരുടെയും  പ്രൗഢിയേറിയ കല്ലറകൾ കാണാം. എടുപ്പിലും മട്ടിലും ഓരോ കല്ലറയും വാസ്തുവിദ്യയുടെ അത്ഭുത സൗധങ്ങളാണ്. മാർബിളിലും കല്ലിലും കൊത്തിയെടുത്ത കൊട്ടാരതുല്യമായ ശവകുടീരങ്ങൾ അന്നത്തെ കുടുംബങ്ങളുടെ പ്രാമാണിത്തം എടുത്തു കാണിക്കുന്നുണ്ട്. സൈപ്രസ് മരങ്ങൾക്കിടയിലെ കുഞ്ഞു കൊട്ടാരങ്ങളിൽ ഉറങ്ങുന്ന ചില പ്രതാപികളുടെ കൊട്ടാരവാതിലിന് പുറത്ത് വിളക്ക് തെളിയിച്ചിട്ടുണ്ട്.

Pic: Photomanz /Canva Design 

ഈ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രമുഖരിൽ ഒരാളാണ് സംരംഭകയും ജീവകാരുണ്യപ്രവർത്തകയും ധനികയുമായ സാറാ ബ്രൗൺ. നഗരത്തിലെ  പല കെട്ടിടങ്ങൾക്കും റോഡുകൾക്കും ഇവരുടെ പേരാണ്. 1895ൽ പണിത നഗരചത്വരതിനടുത്തുള്ള ആഡംബരപൂർണ്ണമായ സാറാ ബ്രൗൺ കൊട്ടാരം ദേശീയസ്മാരകവും യൂണിയൻ ക്ലബ് ആസ്ഥാനവുമായി പ്രവർത്തിക്കുന്നു. സാറയാണ്  സെമിത്തേരിയുടെ പ്രധാന കാവാടം പണിയാൻ വലിയൊരു തുക നൽകിയത്. എന്നാലൊരു നിബന്ധനയുണ്ടായിരുന്നു. അല്ലെങ്കിലും പണമൊക്കെ വെറുതെ എടുത്തു കൊടുക്കാൻ പറ്റോ? സാറയുടെ മരണശേഷം അവരുടെ ശവമഞ്ചം സെമിത്തേരിയുടെ ഉള്ളിലേക്ക് കടന്നാൽ പ്രധാന കവാടം അടച്ചിടണമെന്നും പിന്നീട് അത് തുറക്കരുതെന്നുമായിരുന്നു കല്പന. സാറയുടെ മോഹമാണ് ആ ഗേറ്റ് അടവിന് പിന്നിൽ. നഗരത്തിൻ്റെ  കണ്ണിലുണ്ണിയായ സാറയുടെ ബിസിനസ് സംരഭങ്ങൾക്ക് അവിടുത്തെ തദ്ദേശീയരായ സെൽക്നാം വംശജരെ കൊന്നൊടുക്കിയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതായി പറയപ്പെടുന്നു. 

ബ്രൂസ് ചാറ്റ്‌വിനെ സ്വാധീനിച്ച നാവികനായ ചാൾസ് ആംഹെർസ്റ്റ് മിൽവാർഡ്  വിശ്രമിക്കുന്നതും ഇവിടെയാണ്. കുറച്ചു നേരം അതിനകത്തൂടെ നടന്ന് ഞങ്ങൾ പുറത്തിറങ്ങി. തണുത്ത കാറ്റ് ശക്തിയായി വീശി തുടങ്ങിയിരുന്നു. പിറ്റേന്ന് ടെറാ ഡെൽ ഫ്യൂഗോയിലേക്ക് കിംഗ് പെൻഗ്വിൻ കോളനി കാണാനുള്ള ക്രൂയിസിന് ബുക്ക് ചെയ്തതാണ്. അതിൻ്റെ ഓഫീസിൽ പോയി വിവരങ്ങൾ അന്വേഷിക്കണമെന്ന് തോന്നിയത് നന്നായി. അവരുടെ ഓഫീസിലേക്ക് കയറിയപ്പോഴേ മനസ്സിലായി നാളെത്തെ ക്രൂയിസ് പരിപാടി ക്യാൻസലായെന്ന്. ഫോണുകൾ നിർത്താതെ മണിയടിക്കുന്നതും ഇടതടവില്ലാതെ സോറിയെന്ന്  കേൾക്കുന്നതുമാണ് ലക്ഷണം. അന്റാർട്ടിക്കയ്ക്ക് പുറത്ത് കിംഗ് പെൻഗ്വിനുകളെ കാണാൻ കഴിയുന്ന തെക്കേ അമേരിക്കയിലെ ഏക കോളനിയാണിത്. ഹുസൈൻ്റെ ബക്കറ്റ് ലിസ്റ്റിൽ ഒന്നാമതായിരുന്നു ഇത്. അതിശക്തമായ തിരമാലകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച മഗല്ലൻ കടലിടുക്കിലൂടെ ബോട്ടിൽ വേണം അങ്ങോട്ട് പോകാൻ. കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഇനിയുള്ള രണ്ടു ദിവസം അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ ബോട്ടുകൾ ഇറക്കാൻ അനുവാദമില്ല. ടിക്കറ്റ് റീഫണ്ട് ചെയ്തു തരാമെന്നും ഇനിയെപ്പോഴാണ് സർവീസ് പുനരാംഭിക്കുകയെന്നറിയില്ലെന്നും  പറഞ്ഞപ്പോൾ അവരോട് അടുത്ത തവണ വരുമ്പോൾ കാണാമെന്ന് പറഞ്ഞിറങ്ങികാറ്റിനോട് മത്സരിക്കാൻ നമ്മളാരാണ്! നഗരത്തിലെ ഓരോ അരിമണിയും അരിച്ചു പെറുക്കാനാണ് യാത്രയിലെ നിയോഗം എന്നോർത്ത് അടുത്തുള്ള കോഫി ഷോപ്പിലേക്ക് കയറി.

Pic: Hussain Chirathodi

കാപ്പുച്ചിനോയും, ഹോട്ട് ചോക്ലേറ്റും അവിടുത്തെ പ്രത്യേകതയായ മധുരം നിറച്ച ഫ്രഞ്ച് റോളിനും ഓർഡർ കൊടുത്ത് ജാലകത്തിനരികിലെ  ഇരിപ്പിടത്തിലിരുന്നു നഗരകാഴച്ചകളിലേക്ക് കാണുംനട്ടിരുന്നു. ഇന്നും പുണ്ട അരേനാസിനെ ഓർക്കുമ്പോൾ വായിൽ ആ ഫ്രഞ്ച് റോളിൻ്റെ രുചി നിറയും! കാപ്പി കടയിൽ നിന്ന് ഞങ്ങൾ നഗരചത്വരമായ പ്ലാസ ഡി അർമാസിലേക്കാണ് നടന്നത്. നഗരത്തിലെ പ്രധാന ആഘോഷങ്ങളും ചടങ്ങുകളും ഇവിടെയാണ് നടക്കുന്നത്. കൂടാതെ, തദ്ദേശീയരായ കലാകാരന്മാരുടെ കൈവേലകൾ വിൽക്കുന്ന ചെറിയ കടകൾ, ഗായകർ, സഞ്ചാരികൾ, സമ്മേളനങ്ങൾ, ഫോട്ടോഗ്രാഫർമാർ അങ്ങനെ സാമൂഹിക ജീവിതത്തിൻ്റെ ജീവനാഡിയാണ് ഈ ചത്വരം. നഗരത്തിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഇവിടെനിന്ന് പെട്ടെന്ന് നടന്നെത്താം. 1901ൽ നിർമ്മിച്ച സേക്രഡ്‌ ഹാർട്ട് കത്തീഡ്രൽ തലയെടുപ്പോടെ ഒരുവശത്ത് നിൽക്കുന്നുണ്ട്. 


Pic: Photomanz / Canva Design

ചത്വരത്തിൻ്റെ ഒത്തനടുവിൽ 1920ൽ മഗല്ലൻ കടലിടുക്ക് കണ്ടെത്തിയ നാവികനായ ഫെർഡിനാൻഡ് മഗല്ലൻ്റെ കൂറ്റനൊരു വെങ്കലപ്രതിമയുണ്ട്. പ്രശസ്ത ശില്പി ഗില്ലെർമോ കോർഡോവ രൂപകല്പന ചെയ്ത ഈ പ്രതിമ കടലിടുക്ക് കണ്ടെത്തിയതിൻ്റെ നാന്നൂറാം വാർഷികത്തോടനുബന്ധിച്ച്‌ സ്ഥാപിച്ചതാണ്. ഇതിന് താഴെയായി തദ്ദേശീയ വംശജരായ സെൽക്നാം നിവാസിയായ ഒരാളുടെ രൂപവുമുണ്ട്. അതിൻ്റെ കാൽപാദത്തിൽ തൊടുകയോ ഉമ്മവെയ്ക്കുകയോ ചെയ്‌താൽ നമുക്ക് ഭാഗ്യമുണ്ടാവുമെന്നും വീണ്ടും പുണ്ട അരെനാസിലേക്ക് വരുമെന്നും വിശ്വസിക്കുന്നവരുണ്ട്. വിശ്വാസം അതല്ലേ എല്ലാം... അതുകൊണ്ടാണോ എന്നറിയില്ല, അവിടെ സഞ്ചാരികളുടെ തിക്കുംതിരക്കുമായിരുന്നു. ഹുസൈന് നല്ലൊരു ഫോട്ടോ കിട്ടാത്തതതിനാൽ പിന്നെയാകട്ടെയെന്ന് കരുതി ഞങ്ങൾ ഹോസ്റ്റലിലേക്ക് മടങ്ങി. അടുത്ത പോസ്റ്റോട് കൂടി പാറ്റഗോണിയൻ വിശേഷങ്ങൾ അവസാനിക്കുകയാണ്…

 

Pic: Photomanz/ Canva Design


  "Pack it in, Pack it out. Leave no trace - Preserve  and  Respect ”




2026 മാർച്ച് 21, ശനിയാഴ്‌ച

എൽ കലാഫാറ്റെയിലെ നീല പളുങ്ക് കൊട്ടാരം

Dec 10, 2025

ഇന്ന് ചിലിയൻ അതിർത്തി കടന്ന് അർജന്റീനയിലേക്കാണ് ഞങ്ങളുടെ യാത്ര. അതിരാവിലെ പുറപ്പെടുന്നതിനാൽ ഹോട്ടലിൽ നിന്ന് പ്രഭാതഭക്ഷണം പൊതിഞ്ഞു തന്നിരുന്നു. അതിർത്തിയിൽ പഴവർഗ്ഗങ്ങൾക്ക് വിലക്കുള്ളതിനാൽ ഭക്ഷണ പൊതിയിലെ ആപ്പിളും പഴവും റൂമിൽ ഉപേക്ഷിച്ച് റോഡിലേക്കിറങ്ങി. നഗരം ഉറക്കം വിട്ടുണർന്നിട്ടില്ല. വഴിയിൽ കിടന്നുറങ്ങുന്ന തെരുവ്‌ നായ്ക്കൾ മൂരി നിവർത്തി നടന്നു പോകുന്നവരെ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങൾ അടുത്തെത്തിയപ്പോൾ രണ്ടുപേർ എൻ്റെ പിറകെ കൂടിയത് ബാക്ക് പാക്കിലുള്ള ഭക്ഷണപൊതികൾ മണത്തിട്ടാവും. വെറുതെ പിന്നാലെ നടക്കണ്ട, ൻ്റെടുത്ത് പൊരിച്ച കോഴിയൊന്നുല്ല്യ രണ്ടു പച്ചക്കറി സാൻഡ് വിച്ച്‌ മാത്രേയുള്ളൂന്നൊക്കെ പറഞ്ഞെങ്കിലും അവർക്ക് വിശ്വാസമായില്ലെന്ന് തോന്നുന്നു. തലേന്ന് ഞാൻ ഇവരുടെ കാര്യം ഹോട്ടലിലെ ജീവനക്കാരോട് അന്വേഷിച്ചിരുന്നു. ഭയം വേണ്ട ജാഗ്രത മതിയെന്നും  സൗഹൃദപരമായ സമീപനമാണെന്നും കേട്ടതിനാൽ കൂടെ വരുന്നവരോട് മിണ്ടിയും പറഞ്ഞും ഞാൻ നടന്നു. കഥ പറയാൻ നിൽക്കാതെ ബ്രേക്ക് ഫാസ്റ്റ് തന്നിട്ട് പോകൂ എന്നൊരു ധ്വനി അവരുടെ മുരളലിൽ ഇല്ലാതിരുന്നില്ല!

Canva Design /Pics: Hussain Chirathodi 

കൃത്യം 6.30ന് ബസ് വന്നതും കാത്തുനിന്നവരെ ടിക്കറ്റ് നോക്കി തിട്ടപ്പെടുത്തി അതിനുള്ളിലേക്ക് കയറ്റിയതും ക്ഷണനേരം കൊണ്ട് കഴിഞ്ഞു. 8.00 മണിക്ക് ചിലിയൻ അതിർത്തി കടക്കണം, നേരം വൈകിയാൽ അതിർത്തിയിലെ തിരക്ക് കൂടുമെന്നൊക്കെ ശ്വാസം വിടാതെ ബസ്സിലെ ചേട്ടൻ സ്പാനിഷിൽ പറഞ്ഞത് പിടികിട്ടി. പറഞ്ഞ സമയത്തിന് മുമ്പ് തന്നെ ഞങ്ങൾ അതിർത്തിയിലെത്തി. ചിലിയൻ  ഇമിഗ്രേഷൻ ഓഫീസ് തുറന്നിട്ടില്ലെന്ന് കാവലിരിക്കുന്ന രണ്ട് പൂച്ചകളുടെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. ഓഫീസ് തുറന്നപ്പോൾ ബസ്സ് ഡ്രൈവർ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാൻ സഹായിച്ചതിനാൽ പത്ത് മിനിറ്റുനുള്ളിൽ ഞങ്ങൾ അതിർത്തി കടന്നു. ഒന്നൊന്നര മണിക്കൂർ നോമാൻസ് ലാൻഡിലൂടെ സഞ്ചരിച്ച് ഞങ്ങൾ അർജന്റീനയുടെ അതിർത്തിയിലെ സാന്റാ ക്രൂസ് പ്രവിശ്യയിലെത്തി. യൂണിഫോർമിട്ട പട്ടാള ഓഫീസർ കാവൽ നിൽക്കുന്ന ഒരു കുഞ്ഞു ഓഫീസിലേക്ക് ഞങ്ങൾ കയറി. പാസ്പോര്ട്ട് സ്കാൻ ചെയ്‌തു തിരികെ നൽകി "ക്ലിയർ ടു ഗോ" എന്ന് കേട്ടതും ഓടി പുറത്തിറങ്ങി. 

Pic: Photomanz/Hussain Chirathodi 

അർജന്റീനിയൻപാറ്റഗോണിയയുടെ കവാടമെന്നറിയപ്പെടുന്ന എൽ കാലാഫാറ്റെ യിലേക്കാണ് ഞങ്ങൾ പോകുന്നത്. സാന്താക്രൂസ് പ്രവിശ്യയിലെ 'ലാഗോ അർജന്റിനോ' തടാക തീരത്തുള്ള ഈ ചെറിയ പട്ടണത്തിന് വിനോദസഞ്ചാരമേഖലയിൽ ഇമ്മിണി വലിയ സ്ഥാനമുണ്ട്. എന്താണെന്നൊക്കെ വഴിയെ മനസ്സിലാവും. പ്രശസ്തമായ പെരിറ്റോ മൊറേനോ ഗ്ലേസിയർ (Perito Moreno Glacier) സന്ദർശിക്കാനുള്ള പ്രധാന താവളം എൽ കാലാഫാറ്റെയാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 'ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്കിൻ്റെ' ഭാഗമാണിത്. അതെ, ഞങ്ങൾ മൊറേനോ ഗ്ലേസിയർ കാണാനാണ് അതിർത്തി കടന്ന് മെസ്സിയുടെ നാട്ടിലെത്തിയത്. 

എൽ കാലാഫാറ്റെ പട്ടണത്തിലെത്തിയപ്പോൾ സിൽവിയ ബസ്സിൽ കയറി. അവരാണ് ഇനി ഞങ്ങളുടെ ഗൈഡ്. 'കാലാഫാറ്റെ' എന്നത് ഈ പ്രദേശത്ത് ധാരാളമായി കാണപ്പെടുന്ന മഞ്ഞപ്പൂക്കളുള്ള ചെടിയുടെ പേരാണ്. ഇതിലുണ്ടാവുന്ന ബെറി കഴിക്കുന്നവർ തീർച്ചയായും പാറ്റഗോണിയയിലേക്ക് മടങ്ങിവരുമെന്നാണ് പ്രാദേശിക വിശ്വാസം സിൽവിയ ബെറി കഥ പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. അർജന്റീനയുടെ വിനോദസഞ്ചാര വരുമാനത്തിൻ്റെ പ്രധാന ആധാരം ഈ ചെറുപട്ടണമാണെന്ന സിൽവിയയുടെ വാദം ശരിവെക്കുന്നതായിരുന്നു പുറത്തെ കാഴ്ചകൾ. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സുകളിൽ ഒന്നായ 'സൗത്ത് പാറ്റഗോണിയൻ ഐസ് ഫീൽഡ്' ഇവിടെയാണെന്ന് പഠിച്ചത് മറന്നിട്ടില്ല. കൂറ്റൻ മഞ്ഞുമലകളും, നീലനിറത്തിലുള്ള തടാകങ്ങളും, അറ്റം കാണാത്ത പുൽമേടുകളും ചേർന്ന് അപൂർവ്വമായ പ്രകൃതിഭംഗിയാൽ സമ്പന്നമായ ഈ പ്രദേശം ആഗോളതാപന പഠനങ്ങൾ നടക്കുന്ന പ്രധാന കേന്ദ്രം കൂടിയാണ്.

Pic: Photomanz / Hussain Chirathodi 

എൽ കാലാഫാറ്റെയിലൂടെ ബസ്സ് നീങ്ങുമ്പോൾ സിൽവിയയുടെ കഥകൾ കേട്ടുകൊണ്ട് ഞാൻ പുറംകാഴ്ചകൾ കാണുകയായിരുന്നു. തടിയിൽ തീർത്ത വീടുകളും പൂത്തുനിൽക്കുന്ന പനിനീർച്ചെടികളും നിറഞ്ഞ തെരുവുകളിലൂടെ സഞ്ചാരികൾ തിരക്കിട്ടു നീങ്ങുന്നു. ചിലരാകട്ടെ അർജന്റീനിയൻ പാനീയമായ മാറ്റെയും കുടിച്ചിരിക്കുന്നു. മെസ്സിയുടെ കൈയിലിത് കണ്ട് നമുക്കും പരിചയമാണല്ലോ. യെർബ മാറ്റെ ചെടിയുടെ ഇലകൾ ഉപയോഗിച്ചുണ്ടാക്കുന്ന ആ ചായയും അത് കുടിക്കുന്ന  പാത്രവും അരിപ്പ പോലെയുള്ള സ്ട്രോയ്ക്കും പ്രത്യേകതകളുണ്ട്. ആട്ടിറച്ചി ചുടുന്ന ഗന്ധം വായുവിൽ പടർന്നത് മൂക്കിലടിച്ചപ്പോൾ വിശപ്പ് പതിയെ തലപൊക്കാൻ തുടങ്ങി. രാവിലെ കൂടെ നടന്നവർക്കും ഇതു തന്നെയായിരുന്നു പ്രശ്നം. നാഷണൽ പാർക്കിലെ ഒഫീഷ്യൽ ഗൈഡാണ് സിൽവിയ. പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ പരിശോധിച്ചു അവർ അവിടെ പാലിക്കേണ്ട പ്രധാന  നിയമങ്ങൾ ഞങ്ങളെ ഓർമ്മപ്പെടുത്തി.  

ചിലിയുടെ അതിർത്തിയോട് ചേർന്ന് തെക്കൻ അർജന്റീനയിലാണ് പെരിറ്റോ മോറെനോ ദേശീയോദ്യാനം 489.69ചതുരശ്രമൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നത്. ഈ പ്രദേശം പര്യവേഷണം ചെയ്ത ഫ്രാൻസിസ്കോ മോറെനയോടുള്ള ബഹുമാനാർത്ഥമാണ് ദേശീയോദ്യാനത്തിന് അദ്ദേഹത്തിൻ്റെ പേര് നൽകിയിരിക്കുന്നത്. ഫ്രാൻസിസ്കോ മോറെനയെ അടക്കിയ ദ്വീപിനടുത്തൂടെ കടന്നു പോകുമ്പോൾ ആദരസൂചകമായി കപ്പലുകൾ മൂന്ന് വട്ടം സൈറൺ മുഴക്കാറുണ്ടെന്ന് മ്യുസിയത്തിൽ വായിച്ചതോർക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 2,952.8 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിലല്ല ലോകപ്രശസ്തമായ പെരിറ്റോ മോറെനോ ഗ്ലേസിയർ. മറിച്ച് ഇതിനോട് ചേർന്നുള്ള ലോസ് ഗ്ലേസിയർസ് നാഷണൽ പാർക്കിലാണ് (Los Glaciares National Park). എവിടെയായാലും വേണ്ടില്ല നമുക്കൊന്ന് കണ്ടാൽ മതിയെന്ന് മനസ്സിൽ പറഞ്ഞ് ഞാൻ ദൂരെ പിന്നിലേക്ക് ഓടി മറയുന്ന മഞ്ഞുമലകളെയും  നോക്കി അക്ഷമയോടെയിരുന്നു.

Pic: Photomanz /Hussain Chirathodi 

ദേശീയോദ്യാനത്തിൻ്റെ 30%ത്തോളം ഭാഗം മഞ്ഞുമലകളാണ്. ഇവിടെ നിന്നാണ് 47 വലിയ ഹിമാനികൾ ഉത്ഭവിക്കുന്നത്. അതിലെ പതിമൂന്നെണ്ണം കിഴക്കോട്ട് തിരിഞ്ഞ് അറ്റ്ലാന്റിക് സമുദ്രത്തിലേക്കാണത്രെ ഒഴുകുന്നത്. തെക്കേതാ വടക്കേതാന്നറിയാത്ത ൻ്റെ കാര്യമെന്താവോ എന്തോ! മഗല്ലാനിക് സബ്പോളാർ വനങ്ങളുടെയും പാറ്റഗോണിയൻ സ്റ്റെപ്പിന്റെയും ജൈവവൈവിധ്യമാണ് ലോസ് ഗ്ലേഷ്യേഴ്സ് നാഷണൽ പാർക്കിലേത്. ശാന്തസമുദ്രത്തിൽ നിന്നുള്ള ഈർപ്പം പർവതനിരയുടെ മറുവശത്തേക്ക് എത്തുന്നത് തടയുന്ന ആൻഡീസ് പർവതനിരകൾ കാരണമാണ് വരണ്ട പാറ്റഗോണിയൻ സ്റ്റെപ്പുകൾ രൂപപ്പെടുന്നത്. പ്രകൃതി  ഓരോരുത്തർക്കും എത്ര കൃത്യമായിട്ടാണ് പണികൾ വീതിച്ചു കൊടുത്തിരിക്കുന്നത്! 

എൽ കാലാഫാറ്റെയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയാണ് ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്. ഹിമാനികളുടെ സ്വഭാവം ശാസ്ത്രീയമായി പഠിക്കാനൊരു അത്യാധുനിക സൗകര്യമുള്ള മ്യുസിയം ഇവിടെയുണ്ട്. ലോകത്തിലെ ഭൂരിഭാഗം ഗ്ലേസിയറുകളും ഉരുകി നശിച്ചുകൊണ്ടിരിക്കുമ്പോൾ വലിപ്പം കുറയാതെ നിലനിൽക്കുന്ന ഒന്നാണത്രെ പെരിറ്റോ മൊറേനോ ഗ്ലേസിയർ. “ഐ ആം എ കോംപ്ലാൻ ഗ്ലേസിയർ” എന്നും പറഞ്ഞു ഒരിക്കലിത് വളർന്നു വലുതാകുമായിരിക്കും. ഞങ്ങൾ പാർക്കിനുള്ളിൽ എത്തിയപ്പോൾ ഉച്ചഭക്ഷണത്തിന് സമയമായിരുന്നു. ബാക്ക്പാക്കുകളും ട്രക്കിങ്ങ് പോളുകളും സഞ്ചാരികളേക്കാൾ ഉച്ചത്തിൽ കഥപറയുന്നൊരിടമായാണ്  അവിടെ ആകെയുള്ളൊരു ഭക്ഷണശാലയിലേക്ക് കയറിയപ്പോൾ തോന്നിയത്.   

Pic: Photomanz / Hussain Chirathodi 

ഭക്ഷണം കഴിച്ചതിന് ശേഷം ഗ്ലേസിയറിൻ്റെ  മുൻഭാഗം കാണുന്നതിനായി കിലോമീറ്ററുകളോളം നീളുന്ന നടപ്പാതകളിലൂടെ നടക്കാമെന്ന തീരുമാനത്തിലെത്തി. നടപ്പാതകൾ ഇരുമ്പു കമ്പികളും വലിയ ആണികളും മറ്റും ഉപയോഗിച്ച് പരമാവധി ഉറപ്പിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. കാറ്റിനെ പ്രതിരോധിക്കാനുള്ളതാണെന്ന് വ്യക്തമായിരുന്നു. മരങ്ങൾ പൊട്ടിവീഴാനുള്ള സാധ്യത കൂടുതലായതിനാൽ സഞ്ചാരികൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് ബോർഡുകൾ വഴിനീളെയുണ്ട്. ഒരു കിലോമീറ്റർ ദൂരെ നിന്ന് മഞ്ഞുമലയെ വിവിധ കോണുകളിലൂടെ ആസ്വദിക്കാനാവുന്ന വിധത്തിലാണ് ഇതിൻ്റെ സജ്ജീകരണം. ഫോട്ടോഗ്രാഫർമാരുടെ ഒരു പട തന്നെയുണ്ട് ഓരോ കോണിലും! ഇവരുടെ ഇടയിൽ കയറിയ ഹുസൈനെ അവിടെ വിട്ട് ഞാൻ മുന്നോട്ട് നടന്നു. ഏകദേശം 250 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ഹിമാനിക്ക് 70 മീറ്ററിലധികം ഉയരമുണ്ട്. സൂര്യപ്രകാശം മഞ്ഞുപാളികളിൽ തട്ടി പ്രതിഫലിക്കുന്ന നീലനിറം ആകാശനീലിമയോട് ഒരു മത്സരത്തിന് ഒരുങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു. ഈ സൗന്ദര്യ മത്സരത്തിൽ ആരായിരിക്കും വിജയിക്കുക? തണുത്ത കാറ്റും പ്രകൃതിയുടെ നിശബ്ദതയും ആ മഞ്ഞുപാളികളുടെ ഗാംഭീര്യവും ചേർന്ന് തീർക്കുന്നതൊരു മായിക ലോകം തന്നെയാണ്. 

കൂറ്റൻ മഞ്ഞുഭിത്തികളെ തൊട്ടടുത്ത് കാണാനായി തടാകത്തിലൂടെ ബോട്ടിൽ പോകാനുള്ള സൗകര്യമുണ്ട്. ഇത്രേടം വന്നതല്ലേ രണ്ടുമണിക്കുള്ള ബോട്ട് യാത്രയ്ക്ക് ഞങ്ങളുണ്ടാവുമെന്ന് സിൽവിയയോട് പറഞ്ഞിരുന്നതിനാൽ നടത്തമവസാനിപ്പിച്ച് ബോട്ട് ജെട്ടിയിലേക്കു പോയി. ശക്തിമാനായ കാറ്റിനോട് മുട്ടാൻ പേടിച്ച് എനിക്കീ ബോട്ട് യാത്രയോടൊരു താല്പര്യ കുറവുണ്ടായിരുന്നു. ബോട്ടിൻ്റെ ഡെക്കിലേക്കൊന്നും കയറാതെ ഉള്ളിൽ തന്നെയിരിക്കുമെന്നൊക്കെ പ്രതിജ്ഞയെടുത്തിട്ടാണ് അതിലേക്കു കാലെടുത്ത് വെച്ചതെങ്കിലും ബോട്ട് പുറപ്പെട്ടപ്പോൾ ശപഥമൊക്കെ കാറ്റിൽ പറത്തി ഞാനും ഡെക്കിലെത്തി. ഫോട്ടോഗ്രാഫർ ഹുസൈൻ ആദ്യമേ അവിടെയെത്തിയിരുന്നു. കൈകൂപ്പി പ്രാർത്ഥനയിലെന്ന പോലെ നിൽക്കുന്ന ഈ മഞ്ഞുമലകളുടെ വലിപ്പം അപ്പോഴാണ് ശരിക്കും കാണാനായത്! അതിനിടയിൽ ഇടയ്ക്കിടെ ഇടിമുഴക്കം കേട്ടപ്പോൾ മഴ പെയ്യുമെന്നുറപ്പിച്ച്‌  ഞാൻ വീണ്ടും ആ നീലിമയിലേക്ക് ശ്രദ്ധ തിരിച്ചു. 

Pic: Unknown Co-Traveller 

ബോട്ടിലെ അർജന്റീന പതാകയും മഞ്ഞുമലയും ചേർത്ത് ഞങ്ങളുടെ ചിത്രമെടുത്ത് തന്നത് ഫ്രാൻ‌സിൽ നിന്നുള്ള സഞ്ചാരികളാണ്. ഫ്രഞ്ച് ഭാഷയിലെ കുശലാന്വേഷണങ്ങൾ അവസാനിപ്പിച്ച് ഹുസൈൻ മക്കളെക്കായി വീഡിയോ എടുക്കുമ്പോഴാണ് വലിയൊരു മുഴക്കം കേട്ടതും തുടർന്ന് മഞ്ഞുമലയിലെ ഒരുഭാഗം താഴേക്ക് പതിക്കുന്നതും കണ്ടത്! വെള്ളത്തിലേക്ക് വീണതിനേക്കാൾ വലുതൊന്ന് അടിയിൽ നിന്ന് മുകളിലേക്ക് പൊങ്ങുന്നതും കണ്ടു. ഇതിൻ്റെ പ്രകമ്പനത്തിൽ ബോട്ടൊന്നുലഞ്ഞു. ഡെക്കിൽ നിന്നവർ ആർത്തുവിളിക്കാൻ തുടങ്ങി. ആ അനുഭവം വിവരണാതീതതമാണ്. ഇതോടെ മുകളിൽ കയറിയ ആവേശം ചുരുട്ടി മടക്കി ഞാൻ ബോട്ടിനുള്ളിലേക്ക് പാഞ്ഞിറങ്ങി. 


കുറച്ചു നേരം പതിയെ നീങ്ങി ബോട്ട് തിരികെ കരയിലേക്ക് തിരിച്ചു. അവിടെ സിൽവിയ ഞങ്ങളെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരോടു യാത്ര പറഞ്ഞു ചിലിയിലേക്കുള്ള മടക്കയാത്രയ്ക്കായി ബസ്സിലേക്ക് കയറി. ബസ്സ് അതിർത്തി ലക്ഷ്യമാക്കി പാഞ്ഞു തുടങ്ങി. രണ്ടതിർത്തികളിലേയും നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്യൂർട്ടോ നതാലസ് നഗരത്തിലിറങ്ങുമ്പോൾ രാത്രി പത്ത് മണിയായിരുന്നു. രാവിലെ എനിക്കൊപ്പം നടന്നവരൊക്കെ അവിടെവിടെയായി ചുരുണ്ടു കൂടി കിടക്കുന്നുണ്ട്. നാളെ ഇവിടെ നിന്ന് മടങ്ങുകയാണ്. അടുത്ത രണ്ടുനാൾ പ്രകൃതി താളംതെറ്റിച്ച കാര്യപരിപാടികളുമായി പുണ്ടാ ആരെനാസ്സിൽ! 

 


   "Pack it in, Pack it out. Leave no trace - Preserve  and  Respect ”


2026 ഫെബ്രുവരി 22, ഞായറാഴ്‌ച

മൈലോഡൺ ഗുഹ (Cueva del Milodón)

In Patagonia book & pic (Penguin Publishers -1977)

"എൻ്റെ അമ്മൂമ്മയുടെ ഊണുമുറിയിലെ ചില്ലിട്ട അലമാരയിൽ ഒരു കഷ്ണം തൊലി സൂക്ഷിച്ചുവെച്ചിരുന്നു. ചെറുതെങ്കിലും കട്ടിയുള്ളതും പരുപരുത്ത ചുവന്ന രോമങ്ങളോട് കൂടിയ ആ തൊലി കുത്തിവെച്ചിരുന്ന കാർഡിലെ പിന്ന് തുരുമ്പെടുത്തിരുന്നു. ആ കാർഡിൽ മങ്ങിയ കറുത്ത മഷിയിൽ എഴുതിയതൊന്നും എനിക്ക് വായിക്കാനായില്ല. "ഇതെന്താണ്?" "ബ്രോണ്ടോസോറസിൻ്റെ ഒരു കഷ്ണം." രണ്ട് ചരിത്രാതീത ജീവികളുടെ പേരുകൾ മാത്രമേ അമ്മയ്ക്ക് അറിയാമായിരുന്നുള്ളൂബ്രോണ്ടോസോറസും മാമത്തും. അത് മാമത്ത് അല്ലെന്ന് അമ്മയ്ക്ക് ഉറപ്പായിരുന്നു." പെൻഗ്വിൻ പബ്ലിഷേഴ്സ് 1977 പ്രസിദ്ധീകരിച്ച ബ്രൂസ് ചാറ്റ്വിൻ്റെ  ഇൻ പാറ്റഗോണിയ എന്ന പുസ്തകത്തിലെ തുടക്കമാണിത്. ഇതിൽ പരാമർശിക്കുന്ന തൊലി അമ്മൂമ്മയ്ക്ക് വിവാഹസമ്മാനമായി അവരുടെ ബന്ധുവായ ക്യാപ്റ്റൻ ചാർളി മിൽവാഡ് പാറ്റഗോണിയയിൽ നിന്ന് അയച്ചു കൊടുത്തതാണ്. ജീവിതത്തിൽ മറ്റൊന്നിനോടും തോന്നാത്ത ആഗ്രഹം ബ്രൂസിന് തൊലിക്കഷ്ണത്തിനോട് തോന്നിയെന്നും, അമ്മൂമ്മ എന്നെങ്കിലും ഒരിക്കൽ അത് ബ്രൂസിന് കൊടുക്കാമെന്ന് പറയുകയും ചെയ്തിരുന്നുവെത്രേ. എന്നാൽ അമ്മൂമ്മയുടെ മരണശേഷം ബ്രോണ്ടോസോറസ് കഷ്ണം വേണമെന്ന് അമ്മയോട് ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ അതെടുത്ത് ദൂരെ കളഞ്ഞെന്ന മറുപടി കുഞ്ഞ് ബ്രൂസിനെ സങ്കടപ്പെടുത്തിയിരിക്കുംബ്രൂസ് വളർന്നപ്പോൾ ഭൂമിയുടെ അങ്ങേ കോണിലേക്കുള്ള യാത്രയ്ക്ക് പ്രേരകമായതും ഇത് തന്നെയായിരിക്കണം.

Pic: Photomanz/ Canva Design

ചരിത്രാതീത കാലത്തെ രഹസ്യങ്ങൾ പേറുന്ന മൈലോഡൺ ഗുഹ(Cueva del Milodón) യിലേക്കാണ് ഞങ്ങൾ പോകുന്നത്. പാറ്റഗോണിയൻ കാറ്റേറ്റ് ദൂരെ മഞ്ഞുപുതച്ചു നിൽക്കുന്ന ആൻഡീസ്‌ പർവതനിരകളുടെ കാഴ്ചയോടൊപ്പം ജോണിൻ്റെ മൈലോഡൺ ജീവിയുടെയും ഗുഹയുടെയും കഥകളും ആസ്വദിക്കുകയായിരുന്നു. ബ്രൂസ് ചാറ്റ്വിൻ്റെ പുസ്തകത്തിലൂടെയാണ് ഞാനും മൈലോഡണും പരിചയപ്പെടുന്നത്.  "കേട്ട്ണ്ട് ..കേട്ട്ണ്ട്.. ഇതു ഞാൻ കേട്ടതാ" ന്നുള്ള ഒരു മനോഭാവമായിരുന്നെങ്കിലും കഥ ആര് പറഞ്ഞാലും കേൾക്കാനൊരു രസമാണ്. ഇതുപോലെ ഞാൻ കഥ പറഞ്ഞു തുടങ്ങിയാൽ "മ്മ്.. ആ  നൊണ കഥയല്ലേ പറഞ്ഞോ" ന്നായിരിക്കും ഒരാളുടെ ഭാവം. ജോണിനോട് അങ്ങനെ പറയാൻ പറ്റാഞ്ഞിട്ടാവും ഹുസൈൻ ഉറക്കം നടിച്ചിരിക്കുന്നത്. ഒരു കഥയിൽ മൈലോഡൺ അന്നത്തെ മനുഷ്യരെ വേട്ടയാടിയ ഭീകര ജീവിയായിട്ടാണ് അവതരിക്കുന്നത്. എന്നാൽ മറ്റൊന്നിൽ പണ്ട് കാലത്തെ മനുഷ്യർ കെട്ടിയിട്ട് വളർത്തിയിരുന്ന മൃഗമായിട്ടും പറയുന്നുണ്ട്. തദ്ദേശീയരുടെ വിശ്വാസ പ്രകാരം പാറ്റഗോണിയൻ ഉൾവനങ്ങളിൽ അതിപ്പോഴും ജീവിച്ചിരിക്കുന്നെണ്ടെന്നാണ്. ഈ വിശ്വാസത്തെ കൂട്ട് പിടിച്ച് ഇതിനെ തിരിഞ്ഞ് വരുന്ന സഞ്ചാരികളുമുണ്ട് അതിലൊരാളായിരുന്നല്ലോ ബ്രൂസും. ബ്രൂസിനെ വായിച്ചെത്തിയ ഞാനുമുണ്ട് ആ ചങ്ങലയിലെ ഇങ്ങേത്തലയ്ക്കൽ! 

Pics Mobile Clicks: Canva Design

ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച സസ്യഭുക്കായ കൂറ്റനൊരു മൃഗമാണ് പാറ്റഗോണിയയുടെ പുരാതന പാറാവുകാരനായ മൈലോഡൺ. ഇന്നത്തെ 'സ്ലോത്ത്' വർഗ്ഗത്തിൽപ്പെട്ട ഇവയ്ക്ക് പത്തടി ഉയരവും 2000 കിലോഗ്രാം ഭാരവുമുണ്ടായിരുന്നത്രെ.  ക്യൂവ ഡെൽ മൈലോഡൺ  ചിലിയിലെ പ്രധാനസ്മാരകവും വിനോദസഞ്ചാര കേന്ദ്രവുമാണ്. ആഴ്ചയിൽ  എല്ലാ ദിവസവും ഇവിടെ സന്ദർശകർക്കു പ്രവേശനമുണ്ട്. നേരത്തെ എടുത്തു വെച്ചിരുന്ന ടിക്കെറ്റുകൾ ഞങ്ങൾ ജോണിനെ ഏൽപ്പിച്ചു. ഇപ്പോൾ CONAF (നാഷണൽ ഫോറെസ്റ്ററി കോർപറേഷൻ)നാണ് ഗുഹയുടെയും അതിനോട് ചേർന്ന പ്രദേശത്തിൻ്റെയും സംരക്ഷണ ചുമതല. അവരുടെ ഓഫീസിൽ സന്ദർശകർക്കായി ഒരു വീഡിയോ പ്രദർശനമുണ്ടായിരുന്നു. ഗുഹയും അന്നത്തെ ജീവികളുടെയും മനുഷ്യരുടെയും പരിണാമചരിത്രവും അതിൻ്റെ പഠനങ്ങളുടെ പ്രാധാന്യവും വിവരിക്കുന്ന വീഡിയോ വിജ്ഞാനപ്രദമായിരുന്നു.

Mobile Clicks: Canva Design


ഗുഹയിലേക്ക് കുറച്ചു നടക്കാനുണ്ട്. പാർക്ക് റേഞ്ചർ ടിക്കറ്റുകൾ പരിശോധിച്ച്‌ ട്രെയിലിലേക്ക് കടത്തിവിട്ടു. കുറച്ചു കയറ്റിറങ്ങൾക്കൊടുവിൽ ഗുഹാ മുഖത്തെത്തി. എന്തിനെയും കീഴ്‌പ്പെടുത്താൻ ശക്തിയുള്ള പാറ്റഗോണിയൻ കാറ്റിൻ്റെ യാതൊരു ലക്ഷണവും ഗുഹയ്ക്കുള്ളിൽ അനുഭവപ്പെടുന്നില്ലായെന്നത് അത്ഭുതപ്പെടുത്തി. പ്രവേശന കവാടത്തിൽ മൈലോഡണിൻ്റെ പൂർണ്ണരൂപത്തിലുള്ള പ്രതിമ സന്ദർശകരെ സ്വാഗതം ചെയ്യാനായി നിൽപ്പുണ്ട്. ഏകദേശം 10 അടിയിലധികം (3 മീറ്റർ) ഉയരത്തിൽ നിൽക്കുന്ന പ്രതിമ കണ്ടപ്പോൾ കാൽഗറിക്കാരുടെ സ്വന്തം ഗ്രിസ്‌ലിയായ ബോസ്സിനോടൊരു സാമ്യമൊക്കെ തോന്നും. സിന്തറ്റിക് റെസിനുപയോഗിച്ചാണീ ലൈഫ്-സൈസ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഗുഹയുടെ ഇരുണ്ട പശ്ചാത്തലവും  വെള്ളമിറ്റുന്ന മേൽഭാഗവും കൂറ്റൻ പ്രതിമയും കൂടിയാകുമ്പോൾ നൂറ്റാണ്ടുകൾ പിന്നോട്ടു പോയ അനുഭവമായിരുന്നു.

1895-ൽ ജർമ്മൻ പര്യവേഷകനായ ഹെർമൻ എബർഹാർഡ് ഇവിടെ നിന്നാണ് വംശനാശം സംഭവിച്ച മൈലോഡണിൻ്റെ   തിളങ്ങുന്ന ചർമ്മവും അസ്ഥികളും കണ്ടെത്തുന്നത്. ഇത്രയും കാലം അതഴുകാതെ കിടന്നത് ശാസ്ത്രലോകത്തിന് അത്ഭുതമായിരുന്നു. പാറ്റഗോണിയയിലെ കാലാവസ്ഥയും ഗുഹയ്ക്കുള്ളിലെ പ്രത്യേക അന്തരീക്ഷവുമായിരിക്കണം ഈ അവശിഷ്ടങ്ങളെ ആയിരക്കണക്കിന് വർഷങ്ങൾ കേടുകൂടാതെ അവശേഷിപ്പിച്ചതെന്ന് പഠനങ്ങൾ പറയുന്നു.  എബർഹാർഡിന്റെ കണ്ടത്തെലിനെ തുടർന്ന് നിരവധി ശാസ്ത്രീയ പര്യവേഷണ യാത്രകൾ ഇങ്ങോട്ടുണ്ടായെങ്കിലും ചിലരെങ്കിലും ഈ അവസരങ്ങൾ മുതലെടുക്കാതിരുന്നില്ല. ഇവിടെ നിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങൾ യൂറോപ്പിലെ മ്യൂസിയങ്ങളിലേക്കും സ്വകാര്യ വ്യക്തികൾക്കും വലിയ തുകയ്ക്ക് വിറ്റവരുണ്ട്. ബ്രൂസിൻ്റെ  അമ്മൂമ്മയ്ക്ക് ലഭിച്ച മൈലോഡണിൻ്റെ ചർമ്മവും ആളുകളുടെ ഉത്തരവാദിത്വമില്ലായ്മക്ക് ഉദാഹരണമാണ്.

Pic: Photomanz 

ഇന്നും ശാസ്ത്രപഠനങ്ങളുടെ നിർണ്ണായക സ്ത്രോതസ്സാണ് ഈ ഭൂപ്രദേശങ്ങൾ. പഠനങ്ങൾക്ക് തടസ്സം വരാതിരിക്കാനായിരിക്കണം ഇടയ്ക്കിടക്ക് ഓറഞ്ച്‌ നാടകൾ ഗുഹയ്ക്കുള്ളിൽ വഴിമുടക്കുന്നുണ്ട്. ഇന്നത്തെ സ്ലോത്തുകളുടെ പൂർവ്വികനാണെങ്കിലും മൈലോഡണിന് ഭീമാകാരമായ വലിപ്പമായിരുന്നു. കാലാവസ്ഥാവ്യതിയാനവും മനുഷ്യരുടെ നിരന്തര വേട്ടയാടലുമായിരിക്കണം 10,000 വർഷങ്ങൾക്കു മുൻപ് ഇവയുടെ വംശനാശത്തിന് കാരണമായത്. മറ്റെന്തൊക്കെയായിരിക്കും  ഇനിയും ഇവിടെനിന്ന് മനുഷ്യർക്ക് ലഭിക്കാനുണ്ടാവുക? ഗുഹയിൽ നിന്ന്  നിങ്ങൾക്കെന്തറിയാമെന്നൊരു ചോദ്യമുയർന്ന പോലെ തോന്നിയതാവുമോ?  ഇരുന്നൂറ് മീറ്ററോളം നീളവും, 80 മീറ്റർ വീതിയും,  30 മിറ്ററിനടുത്ത് ഉയരവുമുള്ള  ഗുഹയുടെ മധ്യഭാഗത്ത് വെള്ളം ഒഴുകിയ അടയാളങ്ങളുണ്ട്. ഗുഹയിൽ നിന്ന് ഉതിർന്ന കല്ലും മണ്ണും വെള്ളവും കാലക്രമേണ കൂടിച്ചേർന്ന് വിചിത്രങ്ങളായ രൂപങ്ങളായി തീർന്നിട്ടുണ്ട്. എത്ര മനുഷ്യരും അവരുടെ കുടുംബങ്ങളും ജീവികളുമായിരിക്കണം ഇവിടെ കഴിഞ്ഞിട്ടുണ്ടാവുകയെന്നോർത്ത് പരിസരം മറന്ന് നിൽക്കുന്ന എന്നോട് "ദിസ് ഈസ് മാസ്സിവ്" എന്ന് പറഞ്ഞ് കൂടെ വന്ന ചിലർ തിരിഞ്ഞു നടന്നു. പാറക്കെട്ടുകളിലെ  വഴുക്കലായിരിക്കും അവരെ പിന്തിരിപ്പിച്ചിരിക്കുക.  

ഗുഹയ്ക്ക് സമീപം 'പിശാചിൻ്റെ  കസേര' എന്നറിയപ്പെടുന്ന സില്ല ഡെൽ ഡയാബ്ലോ (Silla del Diablo) പാറക്കെട്ടുണ്ട്. ഇതിൻ്റെ  മുകളിലേക്ക് കയറിയാൽ  പർവതങ്ങളുടെയും തടാകങ്ങളുടെയും അതിമനോഹരമായ കാഴ്ച കാണാം. വെറുതെയൊരു ഗുഹയിലല്ല മറിച്ച് പരിണാമങ്ങളുടെ അടയാളങ്ങൾ ഇന്നും കണ്ടെത്താനിടയുള്ള ഒരിടത്തായിരുന്നു ഞങ്ങൾ നിന്നിരുന്നത്. കഥ കേൾക്കാനുള്ള അത്യാർത്തി ഗുഹയുടെ ഭിത്തിയിൽ ചെവി ചേർത്തു വെയ്ക്കാൻ മോഹിപ്പിച്ചെങ്കിലും "നമ്മുടെ ഓരോ സ്പർശവും അവയെ നശിപ്പിക്കും." ഐസ്ലാൻഡ് യാത്രയിൽ പരിചയപ്പെട്ട ജെന്നി പറഞ്ഞത്‌ ഓർമ്മയിലെത്തി പിന്തിരിപ്പിച്ചു.

ഗുഹയോട് വീണ്ടും കാണാമെന്ന് മനസ്സാ യാത്രപറഞ്ഞ് തിരിച്ചു നടക്കുമ്പോൾ ഓറഞ്ച്‌ നിറമുള്ള ടി-ഷർട്ട് ധരിച്ച സംഘത്തിനെകാണുകയുണ്ടായി. ഏതോ പഠന കേന്ദ്രത്തിലെ ആളുകളാണ്. അവരുടെ കൈയിലുള്ള ക്യാമറയും മറ്റുപകരണങ്ങളും അത് സൂചിപ്പിക്കുന്നുണ്ടായിരുന്നു. അവർ പരസ്പരം പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും എന്തിനെ കുറിച്ചായിരിക്കും അവർ പഠിക്കുന്നതെന്നറിയാനുള്ള കൗതുകം ജോണിൻ്റെ വിളി കേട്ടതോടെ തീർന്നു. കൗതുകം ഒടിച്ചുമടക്കി എല്ലാവരും കാത്തുനിൽക്കുന്ന സുവനീർ കടയിലേക്ക് ഓടിയെത്തി. എല്ലാവരും ജോണിനോടൊപ്പം വാനിലേക്ക് നടന്നു. ടൂറിൽ പരാമർശിച്ച ഇന്നത്തെ പരിപാടികൾ അവസാനിച്ചിരിക്കുന്നു. ഞങ്ങൾ പ്യൂർട്ടോ നതാലെസിലേക്ക് മടങ്ങുകയാണ്. തലേന്ന് നഗരകവാടത്തിൽ കണ്ട ആ കൂറ്റൻ ജീവിയുടെ വാസ്ഥലത്താണ് ഞാൻ നടന്നതെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല! ഈ യാത്രയിലെ ബന്ധങ്ങളും അനുഭവങ്ങളും ഓർമ്മയുടെ നിധി കൂമ്പാരത്തിലേക്ക് ചേർത്ത് വെച്ച് അടുത്ത ദിവസത്തേയ്ക്കായി ഒരുങ്ങേണ്ടിയിരിക്കുന്നു...


  "Pack it in, Pack it out. Leave no trace - Preserve  and  Respect ”