സ്വപ്നങ്ങളെ
കുറിച്ച് എഴുതിയിടുക, പിന്നീടത് വായിച്ച് വീണ്ടും വീണ്ടും സ്വപ്നം
കാണുക... എനിക്കൊരുപാട് ഇഷ്ടമുള്ള കളിയാണിത്.
വായനയും യാത്രകളും ഏറെക്കുറെ നിശ്ചലമായി നിന്നിരുന്ന കാലത്ത് ഞാനീ കളിയിൽ
മുഴുകുമായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് യുകോണിനെ (The Klondike Gold Rush) കുറിച്ച് ബ്ലോഗിൽ എഴുതിയത്. അതിന് ശേഷം
അപ്രതീക്ഷിതമായിട്ടാണ് യുകോണിൽ നടന്ന ഡോഗ് സ്ലഡിംഗ് മത്സരത്തിൽ
പങ്കെടുത്ത ഹാങ്കിനെ കാണുന്നതും, എന്താണ് ഡോഗ് സ്ലഡിംഗെന്ന് അവരുടെ ഫാമിൽ പോയി അനുഭവിച്ചറിയുന്നതും.
അപ്പോഴും കാനഡയുടെ
വടക്കേ അറ്റത്തേക്കുള്ള യാത്ര ഒരു സ്വപ്നമായി
അവശേഷിച്ചു. ടോറോന്റോയിൽ നിന്ന് 250km അകലെയുള്ള
കാര്‍ണിയെന്ന ചെറു പട്ടണത്തിൽ മഞ്ഞുകാല വിനോദങ്ങളായ ഡോഗ് സ്ലഡിംഗും, സ്കീജോറിഗുമൊക്കെ കണ്ടും, സോഷ്യല്‍ മീഡിയയിൽ യുകോണ്‍ മത്സരങ്ങളുടെ വിവരങ്ങള്‍ വായിച്ചും കൊതി തീര്‍ത്തു.
വേനല്‍ കാലം തുടങ്ങിയത് മുതൽ ഞങ്ങളുടെ അവധിക്കാല യാത്ര തീന്മേശയിൽ ഭക്ഷണത്തേക്കാൾ ചൂടുള്ള ചര്‍ച്ചയായി.
പലതും ആലോചിച്ച് നോക്കിയെങ്കിലും തെളിഞ്ഞ് വന്നത് ‘Yukon-Larger than Life’ ലേക്കുള്ള വഴിയായിരുന്നു.
കുറഞ്ഞ അവധി ദിവസങ്ങൾ, ദൂരം, യാത്രാചിലവുകൾ അങ്ങിനെ പലതും തടസ്സം നിന്നെങ്കിലും ഒടുവില്‍ അവരെല്ലാം തോറ്റ് പിന്മാറി. വാര്‍ത്താവിനിമയ സംവിധാനങ്ങൾ ഇല്ലാതെ കാടും, മലയും,
തടാകങ്ങളും, പുഴകളും, കാട്ടു മൃഗങ്ങളും നിറഞ്ഞ ദുഷ്കരമായ ഭൂപ്രദേശങ്ങളിലൂടെയുള്ള
യാത്രയാണ്. പകിട്ടും തിരക്കുമുള്ള നഗരങ്ങളില്ല, സിറ്റിയെന്ന പേരിൽ ഭൂപടത്തിൽ
രേഖപ്പെടുത്തിയിട്ടുള്ള ചില സ്ഥലങ്ങളിലെ അന്തേവാസികളുടെ എണ്ണം പത്തിൽ താഴെയാണ്.
ഒറ്റയിരിപ്പിന് പറഞ്ഞു തീര്‍ക്കാനാവില്ല ഞങ്ങൾ കണ്ടതും അനുഭവിച്ചതും... കാനഡയിലെ
സ്വര്‍ണ്ണ കൊയ്ത്തിന്‍റെ ഓര്‍മ്മകളിൽ ഉറഞ്ഞു പോയ വീഥികളാണ് യാത്രക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
നിറംമങ്ങിയതെങ്കിലും ആ കാഴ്ചകൾ സമ്മാനിച്ച അനുഭവങ്ങൾ സമ്പന്നമായിരുന്നു.
Yukon-Alaska Trip in a Collage |
ജൂലൈ മാസം പതിനാലാം തിയതി രാവിലെ ടോറോന്റോ പിയർസൺ അന്താരാഷ്ട്ര
എയര്‍പോര്‍ട്ടിൽ നിന്ന് എയർ കാനഡ ഫ്ലൈറ്റിൽ ഞങ്ങൾ 4400 കിലോമീറ്റർ അകലെയുള്ള
വാങ്കൂവറിലേക്ക് പറന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രോവിന്‍സിലെ വാങ്കൂവർ ദ്വീപും
ടോറോന്റോയും തമ്മില്‍ മൂന്ന് മണിക്കൂർ സമയ വ്യത്യാസമുണ്ട്. നാലര മണിക്കൂർ പറന്നു
ഉച്ചയോടെ ഞങ്ങള്‍ വാങ്കൂവറിൽ ഇറങ്ങി. അവിടെന്ന് വടക്കേ അറ്റത്ത് കിടക്കുന്ന യുകോൺ
ടെറിറ്ററിയുടെ തലസ്ഥാനമായ വൈറ്റ്ഹോര്‍സിലേക്ക് വീണ്ടും വിമാനയാത്ര. വാങ്കൂവറിൽ
നിന്ന് വൈറ്റ്ഹോര്‍സിലേക്ക് ആയിരത്തി നാന്നൂറ് കിലോമീറ്റർ ദൂരമുണ്ട്. രണ്ട് മണിക്കൂർ
കൊണ്ട് പറന്നെത്താം. യുകോണ്‍ നദിയുടെ ശീഘ്രമായ ഒഴുക്ക് പായുന്ന വെളുത്ത കുതിരകളുടെ
കുഞ്ചിരോമങ്ങൾ പോലെ പണ്ട് അത് വഴി പോയവര്‍ക്ക് തോന്നിയത് കൊണ്ടാണത്രേ സ്ഥലത്തിന്
‘വൈറ്റ് ഹോര്‍സ്’ എന്ന പേര് വന്നത്. വൈകുന്നേരമായിട്ടും സൂര്യന്‍ കത്തി ജ്വലിച്ചു
നില്‍ക്കുകയാണ് അസ്തമിക്കാനുള്ളൊരു വിചാരമില്ലാതെ.
വൈറ്റ്ഹോര്‍സ് എയര്‍പോര്‍ട്ടിൽ തന്നെയുണ്ട് റെന്റ്-എ-കാറിന്‍റെ
ഓഫീസ്. ഓണ്‍ലൈൻ വഴി കാർ പറഞ്ഞു വച്ചതിനാൽ പെട്ടെന്ന് തന്നെ കാറിന്‍റെ താക്കോൽ
കിട്ടി ഞങ്ങള്‍ക്ക് പുറത്ത് കടക്കാനായി. മൂവായിരം കിലോമീറ്ററോളം പിന്നെ ഞങ്ങൾ
കറങ്ങിയത് ഈ കാറിലാണ്. വൈറ്റ്ഹോര്‍സിൽ നിന്നാണ് തുടക്കം. കാറില്‍ ജി.പി.എസ്
സംവിധാനം ഇല്ലാത്തതിനാല്‍ അത് വാങ്ങാതെ നിവര്‍ത്തിയില്ല. കൈയിലുള്ള ഫോണിനെ
വിശ്വസിച്ചു യാത്ര പുറപ്പെടാനും വയ്യ. ജി.പി.എസും, ബിസ്ക്കറ്റ്, ബ്രെഡ്, ചിപ്സ്,
വെള്ളം, നട്ട്സ് തുടങ്ങി പെട്ടെന്ന് കേടുവരാത്ത ഭക്ഷണ സാധനങ്ങളും വണ്ടിയിൽ വാങ്ങിവെക്കണം. മുപ്പത്തി
അയ്യായിരം പേര്‍ താമസിക്കുന്ന വൈറ്റ് ഹോര്‍സിൽ നിന്ന് അന്തിയുറങ്ങാൻ ഞങ്ങള്‍ തിരഞ്ഞെടുത്തത് അവിടെന്ന് 155km അകലെയുള്ള ഹെയ്ന്‍സ് ജങ്ക്ഷനെന്ന
ഗ്രാമമാണ്.
വഴിയിലുടന്നീളം ഇളം ചുവപ്പിൽ നീല നിറം കലര്‍ന്നത്
പോലെയുള്ള പൂക്കൾ വിരിഞ്ഞ് നില്‍ക്കുന്നു.
കാടിനുള്ളിലും ധാരാളമായി ഈ പൂക്കൾ കാണാം. യുകോൺ ടെറിറ്ററിയുടെ ഫ്ലോറൽ ചിഹ്നമാണ് ‘യുകോൺ
ഫ്ലവറെ’ന്ന് വിളിക്കുന്ന ഫയര്‍വീഡ്. ഇതിനൊരു പ്രത്യേകതയുണ്ട്, കാട്ടുതീ അണഞ്ഞാൽ
ആദ്യം വിരിയുക ഫയര്‍വീഡാണത്രേ. അവിടെയുള്ളവര്‍ ഫയര്‍വീഡിന്‍റെ പൂവും കായും
ചായയിലും, ഐസ് ക്രീമിലും അപ്പത്തിലുമൊക്കെ ചേര്‍ക്കും. കാട്ടിനുള്ളിൽപ്പെട്ട്
പോയാൽ ഈ ചെടി ജീവൻ നിലനിര്‍ത്തുമെന്ന വിശ്വാസവും നിലവിലുണ്ട്. ബിസ്ക്കറ്റിനും
ചിപ്സിനുമൊക്കെയൊരു പരിമിതിയുണ്ടല്ലോ? ഫയര്‍വീഡ് പൂക്കാന്‍ തുടങ്ങുന്നതോടെ വേനല്‍ക്കാലമായെന്നും
കൊഴിയാൻ തുടങ്ങിയാൽ തണുപ്പ് കാലമായെന്നുമാണ് കണക്ക്. ഫയര്‍വീഡിന്‍റെ ഭംഗിയൊക്കെ
ആസ്വദിച്ചങ്ങിനെ വരുമ്പോഴാണ് റോഡ് പണി നടക്കുന്ന അറിയിപ്പ് കണ്ടത്. സ്പീഡ്
കുറച്ച് വണ്ടി നിര്‍ത്തിയപ്പോൾ പണിക്കാരില്‍ ഒരാൾ ഞങ്ങളുടെ അടുത്തെത്തി. വേറെ
വാഹനങ്ങളൊന്നും റോഡിലില്ല. ഞങ്ങളുടെ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോൾ ഉത്സാഹത്തോടെ കാണേണ്ട
സ്ഥലങ്ങളും, കുറുക്കുവഴികളും, ചില പ്രത്യേക തരം ഭക്ഷണങ്ങൾ, അത് കിട്ടുന്നിടങ്ങളെ കുറിച്ചൊക്കെ പറഞ്ഞു ജാക്ക് വാചാലനായി. യാത്രകളിൽ മുന്‍പും ഇത് പോലെയുള്ളവരുടെ
സൂചനകൾ ഉപകാരപ്പെട്ടിട്ടുണ്ടെന്നതിനാല്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്കും താല്‍പ്പര്യമായിരുന്നു.
അലാസ്ക ഹൈവേയില്‍ ഹെയ്ന്‍സ് ഹൈവേ വന്ന് ചേരുന്നിടമായത്
കൊണ്ടാണ് ഈ സ്ഥലത്തിന് നാട്ടുകാർ ഹെയ്ന്‍സ് ജങ്ക്ഷനെന്ന പേരിട്ടത്. നാട്ടുകാരെന്ന്
പറയാന്‍ അവിടെ അഞ്ഞൂറാളുകളെയുള്ളൂ. കൂടുതലും ഗോത്രസമൂഹക്കാരാണ്. മറ്റുള്ളവർ നന്നേ
കുറവ്. ക്ലുവാനി നാഷണൽ പാര്‍ക്കി (Kluane National Park & Reserve)ലേക്കുള്ള പ്രവേശനകവാടമാണ് ഹെയ്ന്‍സ്
ജങ്ക്ഷൻ. മലകളും ബോറിയൽ കാടിന്‍റെ വന്യതയും ഒത്തുചേര്‍ന്ന സുന്ദര ഭൂമി. യുകോണിലെ
ക്ലുവാനി നാഷണൽ പാര്‍ക്കും, ബ്രിട്ടീഷ് കൊളംബിയയിലെ ടാറ്റ്ഷെന്‍ഷിൻ-അല്‍സെക് (Tatshenshini-Alsek Park)പാര്‍ക്കും, അലാസ്കയിലെ വ്രാന്‍ഗെൽ-സെന്റ്
എല്യാസ് നാഷണൽ പാര്‍ക്കും(Wrangell-St.
Elias National Park) ഗ്ളെസിയര്‍
ബേ നാഷണൽ (Glacier
Bay National Park) പാര്‍ക്കും
യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റു മാത്രമല്ല അന്തരാഷ്ട്ര തലത്തിൽ
സംരക്ഷിക്കപ്പെടുന്ന ഭൂമിയിലെ ഏറ്റവുംവലിയ സ്ഥലവും കൂടിയാണ്. Larger than life എന്നാണ് യുകോണിന്‍റെ
വിശേഷണമെങ്കിൽ ഹെയ്ന്‍സ് ജങ്ക്ഷന്‍ ഒരു പടികൂടി മുന്നിലാണ്.Extra Larger than Life!!! വമ്പന്മാരൊക്കെ
ഹെയ്ന്‍സിനെ തൊട്ടാണല്ലോ കിടക്കുന്നത്. അതാവും.
പ്രകൃതി തന്നെ ഹെയ്ന്‍സ് ജങ്ക്ഷനെത്താറായിയെന്ന സൂചനകള്‍
നല്‍കി തുടങ്ങിയിരുന്നു. റോഡിനിരുവശത്തും കൈയകലത്തില്‍ മലനിരകളാണ്. മലമുകളിൽ നിന്ന് മേഘങ്ങൾ താഴേക്കിറങ്ങി വരുന്നു. മുന്നോട്ട് പോകുന്തോറും മേഘ
കെട്ടിനുള്ളിലേക്കാണ് നൂണ്ടിറങ്ങുന്നതെന്ന് തോന്നും. ഇത്രയും
സൗന്ദര്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഹെയ്ന്‍സ് ജങ്ക്ഷനിലല്ലാതെ വേറെയെവിടെ ഞങ്ങൾ
താമസിക്കും! മഞ്ഞുരുകിയ സെന്റ് എല്യാസ് മലനിരകൾ അതിനപ്പുറമുള്ള മഞ്ഞു മൂടി കിടക്കുന്ന മൌണ്ട് ലോഗനെ കാഴ്ചയില്‍ നിന്ന് മറച്ച് പിടിക്കുന്നുണ്ട്. കാണിച്ചു തരില്ലെന്ന വാശിയിലാണ്. അത് മുഴുവൻ ചുറ്റി കാണാൻ
ഹെലിക്കോപ്റ്ററിൽ പോകാം, അല്ലെങ്കില്‍ കയറാം. രണ്ടാമത് പറഞ്ഞ കാര്യത്തിന് എന്നെ
പറ്റില്ല്യ. അപ്പോള്‍ പിന്നെ പറ്റുന്നത് പോലെ എത്തി വലിഞ്ഞും, തല ചെരിച്ചും നോക്കി എല്യാസ് മലനിരകളോട് തല്ല് പിടിക്ക്യന്നെ. മൂന്നില്‍ രണ്ടു ഭാഗവും ഐസ് മൂടികിടക്കുന്ന മലനിരകളാണ് ക്ലുവാനിയിൽ.
ലോകത്തിലെ ഏറ്റവും വലുതെന്ന് പറയപ്പെടുന്ന നോൺ-പോളാർ ഐസ് പാടങ്ങൾ
ഇവിടെയാണത്രേ. ഉരുകി ഒലിച്ചാൽ വടക്കേ അമേരിക്കയിലെ മുഴുവൻ തടാകങ്ങളും നദികളും
നിറയാനുള്ള വെള്ളം ഉണ്ടാവുമെന്നാണ് കണക്ക്. റിസര്‍ച്ചിനായി വാട്ടര്‍ലൂ യൂണിവേര്‍സിറ്റിയിൽ
നിന്ന് യുകോണിലെത്തിയ പെണ്‍കുട്ടി പറഞ്ഞത് പോലെ,"നിങ്ങളൊരിക്കല്‍ ഇവിടെ വന്നുവോ, ഇനി ഉറപ്പായും വീണ്ടും വരും." വന്യമായ നിശബ്ദതയില്‍ അലസയായി കിടക്കുന്ന പ്രകൃതിയുടെ ഭാവം മാറാന്‍ മിനിട്ടുകള്‍ മതി. നാട്ടിലേക്ക് തിരികെ പോകാന്‍ മനസ്സില്ലാതെ മലകളെ പ്രണയിച്ച് പഠനവും ഉപേക്ഷിച്ച് യുകോണില്‍ തന്നെ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഈ കുട്ടി.
ഹെയ്ന്‍സ് ജങ്ക്ഷനെന്ന ഗ്രാമത്തിൽ ഞങ്ങള്‍ക്ക്
താമസിക്കാനുള്ള സ്ഥലമെത്തിയപ്പോഴേക്കും രാത്രി എട്ട് മണിയായിരുന്നു. മുറിയില്‍
സൂര്യപ്രകാശം കടക്കാതിരിക്കാൻ ജാലകങ്ങൾ കട്ടിയുള്ള വിരികൾ കൊണ്ട് മറച്ചിരിക്കുകയാണ്.
സാധനങ്ങള്‍ മുറിയിൽ ഇറക്കിവെച്ച് ഞങ്ങള്‍ പുറത്തിറങ്ങി. അകത്ത് ആകെയിരുട്ടും
പുറത്ത് നല്ല വെളിച്ചവും! ഫസ്റ്റ് നേഷന്‍സ്(First Nations) എന്ന് വിളിക്കുന്ന ആദിമഗോത്രസമൂഹവും
സര്‍ക്കാറിന്‍റെ അധീനതയിലുള്ള പാര്‍ക്സ് കാനഡയും സംയുക്തമായാണ് ക്ലുവാനി നാഷണൽ
പാര്‍ക്കും റിസർവ് സ്ഥലങ്ങളും സംരക്ഷിക്കുന്നത്. മീന്‍പ്പിടിക്കുന്നതിന്‍റെയും
നായാട്ടിന്‍റെയും അധികാരം ആ ഭൂമിയുടെ അവകാശികള്‍ക്കല്ലാതെ മറ്റാർക്കുമില്ല. കാലവും
സമയവും നോക്കി പ്രകൃതിയെ ഹാനിക്കാതെ, വംശനാശം വരുത്താതെ ജീവജാലങ്ങളെ അതിജീവനത്തിന്
ഉപയോഗിച്ചിരുന്നത് അവരാണല്ലോ.
മലകൾ കാവൽ നില്‍ക്കുന്ന ഹരിതനീലിമയാര്‍ന്ന കാതലീൻ തടാകത്തിനരികിലൂടെ നടക്കുമ്പോഴാണ്
അവിടെ വസിക്കുന്ന കൊക്കാനീ സാല്‍മൺ മത്സ്യത്തിന്‍റെ കഥ കേട്ടത്. 1850 ല്‍ ക്ലുവാനി മലനിരകളില്‍
നിന്ന് ലോവേല്‍
ഗ്ളെസിയറെന്ന വലിയൊരു ഗ്ളെസിയർ അല്സെക് നദിയുടെ പെസഫിക്
സമുദ്രത്തിലേക്കുള്ള ഒഴുക്കിനെ തടഞ്ഞു കൊണ്ട് വന്നു പതിച്ചു. ജീവചക്രം പൂര്‍ത്തിയാക്കുന്നതിനായി
അല്സെക് നദിയിലൂടെ കാതലീൻ തടാകത്തിലെത്തിയ കൊക്കാനീ
സാല്‍മണുകള്‍ക്ക് ഗ്ളെസിയർ
വഴിയടച്ചതിനാല്‍ സമുദ്രത്തിലേക്ക് തിരിച്ചു പോകാനായില്ല.
കുറെയൊക്കെ ചത്തു പോയി. ബാക്കി വന്നവ പിന്നീട് സമുദ്രത്തിലേക്കുള്ള വഴി മറന്ന്
അവരുടെ ജീവിതചക്രം മുഴുവൻ ശുദ്ധജലതടാകങ്ങളിൽ ജീവിച്ചു തീര്‍ക്കാന്‍ തുടങ്ങി.
ആദ്യത്തെ മൂന്ന് വർഷം കാതലീനിലും പിന്നെ മുട്ടയിടുന്നതിനായി അടുത്തുള്ള മറ്റൊരു
ചെറിയ തടാകത്തിലേക്കുമാണ് പോകുന്നത്. മുട്ടയിട്ട് അവിടെവെച്ച് തന്നെ അവ
ചത്തൊടുങ്ങുന്നു. ശുദ്ധജലതടാകത്തിലെ മറ്റ് അന്തേവാസികളുമായി പൊരുത്തപ്പെടുന്നതിൽ ഈ
സാല്‍മണുകൾ
പരാജയപ്പെടുന്നുണ്ടെന്ന നിഗമനത്തില്‍ കൊക്കാനിയെ സംരക്ഷിത വിഭാഗത്തില്‍പ്പെടുത്തിയിരിക്കുകയാണ്. 2008-ലെ കണക്ക്‌പ്രകാരം ഇരുപതെണ്ണത്തില്‍ കൂടുതല്‍
ഇല്ലായിരുന്നത്രേ. അതിനാല്‍ കൊക്കാനിയെ
പിടിച്ചു മുളക് കറിവെച്ചാൽ പണിയാവും.
കാതലീന്‍
തടാകകരയിൽ അധികനേരം നില്‍ക്കാൻ തണുപ്പ് സമ്മതിക്കില്ല. സമയം പതിനൊന്ന് മണി
കഴിഞ്ഞിട്ടും ഇരുട്ട് വീഴാത്തതിനാൽ ഞങ്ങൾ കാതലീന്‍ തടാകത്തിൽ നിന്ന് കയറി വീണ്ടും ക്ലുവാനി മലനിരകള്‍ക്കരികിലൂടെ
കറങ്ങിത്തിരിഞ്ഞ് താമസസ്ഥലത്തെത്തി. പിറ്റേന്ന് പോകാനുള്ള വഴികളും മറ്റും
അടയാളപ്പെടുത്തി ഞങ്ങളുറങ്ങാൻ കിടന്നു. ഇടയ്ക്കെപ്പോഴോ ഉണര്‍ന്ന് പുറത്തേക്ക്
നോക്കിയപ്പോഴും അന്തിയായിട്ടില്ലായിരുന്നു. രാവിലെ നാലു മണിക്ക് ഉണര്‍ന്നപ്പോഴേക്കും
സൂര്യന്‍ ഉദിച്ചിട്ടുണ്ട്. എപ്പോഴാണാവോ എന്നെ പറ്റിച്ച് അസ്തമിക്കാൻ പോയത്? ഹെയ്ന്‍സും,
ക്ലുവാനി തടാകവും, ആട് മലയുമൊക്കെയായി സംഭവബഹുലമായിരുന്നു ഞങ്ങളുടെ ഹെയ്ന്‍സ് ജങ്ക്ഷനിലെ
രണ്ടാം ദിവസം. (തുടരും...)
ഒരു s.k. പൊറ്റക്കാട് ടച്ച് ഉണ്ട് എഴുത്തിനു.
ReplyDeleteഷാഹിദാണ് ആദ്യ വായനക്കാരന്‍... തുടര്‍ന്നും കൂടെയുണ്ടാവണംട്ടോ. നന്ദി
Deleteആകെ മനോഹരം.ചിത്രങ്ങൾ കൊതിപ്പിക്കുന്നു.
ReplyDelete(മൂവായിരം കിലോമീറ്ററോളം പിന്നെ ഞങ്ങൾ കറങ്ങിയത് ഈ കാറിലാണ്.
ഇതെന്നാ
വെള്ളരിക്കാപ്പട്ടണമോ ? ?)
ചിത്രങ്ങളുടെ അവകാശിയോട് പറഞ്ഞിട്ടുണ്ട് സുധി... ഓരോ സ്ഥലത്ത് എത്തിപ്പെടണ്ടേ?
DeleteWaiting
ReplyDeleteThanks...
Deleteകുറേക്കാലമായി ഇതിലേ വന്നിട്ട്. യാത്ര തുടരട്ടെ...
ReplyDeleteആശംസകൾ ....
ശരിയാണല്ലോ... വീണ്ടും വന്നൂലോ, സന്തോഷം :)
Deletevery good narration pathoo❤️😳❤️
ReplyDeleteഅമ്മിണിക്കുട്ടിയെ.... <3 <3
Deleteഎന്തൂട്ടാ പറയുക ! ഇങ്ങളു ഇങ്ങനെ ഞമ്മളെ കൊതിപ്പിച്ച് കൊതിപ്പിച്ച് മ്മളെ അങ്ങട് വേഗം എത്തിക്കുമല്ലോ... പക്ഷേ എനിക്ക് തണുപ്പ് അത്ര ഇഷ്ടല്ലാ... എന്നാലും ഇങ്ങടെ അക്ഷരങ്ങൾ എന്റെ മനസ്സിൽ ചൂടു പകർന്ന് എന്നെ അവിടെ എത്തിക്കുമെന്ന് തോന്നുന്നു.... ഇഷ്ടായി മുബീത്താ... പോരട്ടെ അടുത്തത്..��
ReplyDeleteകാര്‍ത്തൂ, എന്‍റെയൊപ്പമുണ്ടല്ലോ... പിന്നെയെന്താ? നന്ദി :)
Deleteതുടരുക..., വെയ്റ്റിങ്ങ്...
ReplyDeleteനന്ദി ലാസ്സര്‍ :)
Deleteവ്യത്യസ്ഥമായ യാത്രാനുഭവം. നമ്മൾ പതിവായി (ഇവിടെ നാട്ടിൽ) കാണുന്ന പ്രദേശവും കാലാവസ്ഥയും അല്ലല്ലോ. കൗതുകത്തോടെയാണു വായിച്ചത്.
ReplyDeleteഅല്ല, ഇവിടെ ഒന്നും പറയാന്‍ പറ്റില്ല. പ്രത്യേകിച്ച് കാനഡയുടെ North West Territories ല്‍. സന്തോഷം... :)
Deleteതുടരട്ടെ .. ഞങ്ങളും കൂടെയുണ്ട്
ReplyDeleteസ്നേഹം :)
Deleteഞാനാണ് ഇവിടെ പോയിരുന്നതെങ്കിൽ എഴുത്തൊക്കെ രണ്ടുവരി എഫ് ബി പോസ്റ്റിൽ തീരും .
ReplyDeleteഇത്ര വിശദമായി എഴുതാൻ നല്ല ക്ഷമ വേണം . :)
നന്നായിട്ടുണ്ട് മുബീ . തുടരുക .
മന്‍സൂ, എഫ്. ബി പോസ്റ്റ് കാണാറുണ്ട്. ഒന്ന് വിശദായിട്ട് നീ എഴുതിയിരുന്നെങ്കില്‍... എന്തായാലും മടിയില്ലാതെ വായിച്ചല്ലോ അത് തന്നെ സന്തോഷം.
Deleteദേശാന്തര കാഴ്ച്ചകളുടെ തട്ടകം അതിമനോഹരമായി
ReplyDeleteമോഡി പിടിപ്പിച്ച് , അവിടത്തെ സ്വർഗ്ഗീയ പൻഥാവുകളിലൂടെ
അനേക കാതം സഞ്ചരിച്ച് -- ആ കാണാക്കാഴ്ച്ചകളെല്ലാം വായനക്കാർക്ക്
പങ്കുവെക്കുവാനുള്ള ഈ കെട്ട്യോളുടെയും കെട്ട്യോന്റെയും അപാര കഴിവുകൾക്ക് നമോവാകം ..!
ഇത്തിരി അസൂസയായോടു കൂടി തന്നെ അടുത്ത ലക്കങ്ങൾക്കായി കാത്തിരിക്കുന്നു കേട്ടോ ഗെഡിച്ചി
മുരളിയേട്ടാ, മ്മടെ സിനിമായാനം ബ്ലോഗ്ഗര്‍ സംഗീതിന്‍റെ കരവിരുതാണ്. ഹുസൈന്‍റെ ഒരു ഫോട്ടോ തിരഞ്ഞെടുത്ത് അവന്‍ തന്നെ ഡിസൈന്‍ ചെയ്തു മൊഞ്ചാക്കിയതാ...Thanks Sangeeth
Deleteഅടുത്താഴ്ച പോസ്റ്റാം.. സന്തോഷം :)
ഹൊ... ഞങ്ങളെയങ്ങ് കൊല്ല്... അതായിരുന്നു ഇതിലും ഭേദം... ആ തടാകത്തിന്റെ കരയിൽ എല്ലാം മറന്ന് നിൽക്കാൻ... ഭാഗ്യം വേണം...
ReplyDeleteഎന്നെ കൊണ്ട് ഇത്രയൊക്കെ പറ്റൂ വിനുവേട്ടാ... :)
Deleteവൈറ്റ് ഹോഴ്സ്,നോണ്‍-പോളാര്‍ ഐസ്പ്പാടങ്ങള്‍,കൊക്കാനി....അങ്ങനെയങ്ങനെ എത്ര പുത്തന്‍ അറിവുകള്‍...
ReplyDeleteഅനുഭവങ്ങളും,അറിവുകളും പങ്കുവെക്കുന്നതുത്തന്നെ സന്തോഷമുള്ള കാര്യം.നന്ദി.
ആശംസകള്‍
സ്നേഹം...
Deleteഹോ ...കിടു സ്ഥലം .. കണ്ടിട്ട് ആ തടാകത്തിലേക്ക് ഒരു ചാട്ടം ചാടാൻ തോന്നി ..എന്നേലും ഈ വഴിയൊക്കെ വരാൻ ഭാഗ്യം ഉണ്ടായാൽ മതിയാരുന്നു ഈസരാ ...
ReplyDeleteഇടക്കൊന്നു ബ്രേക്ക് ആയി. വീണ്ടും ഞാനും കൂടെയുണ്ട് മുബീ ഈ യാത്രയിൽ.
ReplyDelete