Saturday, September 24, 2016

ക്ലുവാനി തടാകവും ആട് മലയും

രണ്ട് ഹൈവേകളാണ് ഹേയ്ന്‍സ് ജങ്ക്ഷനിൽ അങ്ങോട്ടും ഇങ്ങോട്ടും നീണ്ടു കിടക്കുന്നത്. ഫോട്ടോയെടുക്കാനുള്ള ആവേശത്തില്‍ ആദ്യം എങ്ങോട്ട് പോകണമെന്ന ശങ്കയിലായിരുന്നു ഹുസൈന്‍. സൂര്യ വെളിച്ചം പതിയുമ്പോൾ തിളങ്ങുന്ന ഐസ് മെഴുകിയ മലനിരകളും, ആല്‍പൈന്‍-ടുണ്ട്രാ കാടുകളുമുള്ള ഹേയ്ന്‍സ് ഹൈവേക്കാണ് അന്നത്തെ നറുക്കുവീണത്. രാവിലെ അഞ്ചു മണിക്ക് തന്നെ റോഡിലിറങ്ങിയതിനാൽ വന്യജീവികളുമായി വഴി പങ്കിടേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. 



ചിപ്മങ്കുകളും കാക്കയെപ്പോലെയുള്ള റേവനുകളും, ഇടയ്ക്കു തുള്ളിച്ചാടി കാട്ടുമുയലുകളും റോഡിന് കാവല്‍ നില്‍ക്കുന്നുണ്ട്. കുറ്റിച്ചെടികള്‍ നിറയെ ചുവന്ന മണികൾ പോലെ സോപ്പ് ബെറികൾ കായ്ച്ച് നില്‍ക്കുന്നതിനാൽ ഗ്രിസ്ലി(Grizzly Bear)യുടെ വരവുണ്ടാകുമെന്ന് പലയിടത്തും ബോര്‍ഡ്‌ വച്ചിട്ടുണ്ട്. അതിനാൽ വഴിയരികിൽ ഫോട്ടോയെടുക്കാൻ കാർ നിര്‍ത്തിയിടുമ്പോൾ ശ്രദ്ധിക്കേണ്ടിയിരുന്നു. ഹേയ്ന്‍സ് ഹൈവേയിലൂടെ അലാസ്കയിലുള്ള ഹേയ്ന്‍സിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടത്. നാല് മണിക്കൂറിലധികം വണ്ടിയോടിക്കണം. പിന്നെ തിരിച്ചും. എന്നാല്‍  240 km അകലെയുള്ള ഹേയ്ന്‍സിലെത്തുന്നത് വരെ വഴിയിൽ  ഒറ്റ പെട്രോൾ സ്റ്റേഷന്‍ പോലുമില്ലെന്ന് പാതി ദൂരം പിന്നിട്ടപ്പോഴാണ് അറിഞ്ഞത്. അതിനാല്‍ ഹേയ്ന്‍സെന്ന ലക്ഷ്യം പെട്ടെന്ന് മാറ്റുകയായിരുന്നു.

മലകള്‍ക്കിടയിലൂടെയാണ് റോഡ്‌ വെട്ടിയിരിക്കുന്നത്. അതിനാൽ കയറ്റിറക്കങ്ങള്‍ക്ക് ഒട്ടും കുറവില്ല. മഞ്ഞു കാലത്ത് ഈ റോഡുകള്‍ക്ക് ഒരു കുഴപ്പമുണ്ട്. റോഡിനടിയില്‍ നിന്ന് കട്ടിയുള്ള ഐസ് പൊങ്ങി വന്ന് ഹമ്പുണ്ടാക്കും. ഫ്രോസ്റ്റ് ഹീവ്സ്(Frost Heaves) എന്ന് വിളിക്കുന്ന ഹമ്പുകള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമുറപ്പ്. മഞ്ഞുകാലത്തുണ്ടായ ഫ്രോസ്റ്റ് ഹീവുകളെ വേനലിലാണ് ശരിയാക്കുന്നത്. റോഡിലെല്ലാം അപകടസൂചന നല്‍കുന്ന കൊടിയടയാളങ്ങൾ വച്ചിട്ടുണ്ട്. ഡാള്‍ട്ടൺ പോസ്റ്റിൽ (Dalton Post) നിന്ന് മില്യൺ ഡോളർ ഫാള്‍സ് ക്യാമ്പ്‌ഗ്രൗണ്ടിൽ (Million Dollar Falls Campground) എത്തുന്നത്‌ വരെ പലേയിടത്തും കുഞ്ഞു കൊടികൾ കണ്ടു.


St. Elias Mountain Range
സാധാരണയായി ക്യാമ്പ്‌ഗ്രൗണ്ടിൽ അതിന്‍റെയൊരു ഓഫീസുണ്ടാവും. ഇവിടെ അതൊന്നുമില്ല. എല്ലാം സെൽഫാണ്. ക്യാമ്പ്‌ ചെയ്യാനുള്ള സ്ഥലം തിരഞ്ഞെടുത്തു കഴിഞ്ഞാൽ, ഗ്രൗണ്ടിലേക്ക് കടക്കുന്നിടത്ത് വച്ചിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് പന്ത്രണ്ടു ഡോളറും ചേര്‍ത്ത് പെട്ടിയിലിട്ടാൽ നമുക്കവിടെ ക്യാമ്പ്‌ ചെയ്യാം. കൂടാരം കെട്ടാനുള്ള സാമഗ്രികൾ ഒന്നുമില്ലാത്തതിനാൽ ഞങ്ങള്‍ക്ക് ക്യാമ്പ്‌ ചെയ്യാൻ പറ്റില്ലായിരുന്നു. അവിടെയൊക്കെ നടന്ന് കാണുന്നതിനിടക്കാണ് ഇന്നലെ രാത്രി വന്ന മൂസിനെ തിരഞ്ഞ് ഒരാൾ നടക്കുന്നത് കണ്ടത്. അയാള്‍ക്ക് കൂട്ട് ഒരു ഹസ്ക്കിയാണ്. ഒരാഴ്ചയായി ഇവിടെ ക്യാമ്പ്‌ ചെയ്യുകയാണത്രേ. ഒരു വീട് വാങ്ങുകയാണെങ്കില്‍ അടുത്ത് ആശുപത്രിയുണ്ടോ,  പോസ്റ്റ്‌ ഓഫീസുണ്ടോ, കടകളുണ്ടോ, ബസ്സുണ്ടോ എന്തെല്ലാം കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടു പിടിക്കണം... ഇവിടെങ്ങളിലാകട്ടെ പ്രകൃതിയോടിണങ്ങി സ്വസ്ഥതയും  സമാധാനവും ആര്‍ഭാടമാക്കി ജീവിക്കുന്നവരോ അല്ലെങ്കിൽ അതിനായി ഇവിടെ വരുന്നവരോ ആണ്. ഏത് ദിക്കിലേക്ക് തിരിഞ്ഞാലും കാണുന്ന സെന്റ്‌ എല്യാസ് മലനിരകളും, അതില്‍ നിന്ന് ഊര്‍ന്നിറങ്ങി വരുന്ന വെള്ളി മേഘശകലങ്ങളിലും, തണുത്ത കാറ്റിലും ലയിച്ചുപോയവര്‍...  


Klukshu River near Million Dollar Campground
ക്യാമ്പ്‌ഗ്രൗണ്ടിൽ നിന്ന് കുറച്ചു ദൂരം പോയാൽ വാഹനങ്ങള്‍ക്ക് പോകാൻ പറ്റാത്തൊരു പഴയ മൈന്‍ റോഡ്‌ ഉണ്ട്. ആ റോഡിലൂടെ ആറേഴ് കിലോമീറ്റര്‍ നടന്നാൽ സാമുവൽ ഗ്ളെസിയർ കാണുമെന്ന് ക്യാമ്പ്‌ ഗ്രൗണ്ടിൽ വച്ച് കണ്ടയാള്‍ പറഞ്ഞിരുന്നു. എന്തായാലും ആ പരീക്ഷണത്തിന്‌ നില്ക്കാതെ ഞങ്ങള്‍ ക്ലുക്ഷു ഗ്രാമ (Klukshu Village)ത്തിലേക്ക് തിരിച്ചു വന്നു. ആളുകളൊക്കെ  ഉറക്കമാണെന്ന് തോന്നുന്നു. ക്ലുക്ഷു നദി (Klukshu River)യുടെ അടുത്താണ് ഈ ഗ്രാമം. ഗോത്രസമൂഹത്തിന്‍റെ മീൻ പിടിത്ത ഗ്രാമമാണ്. സാല്‍മണുകളെ പിടിക്കുന്നതും, വൃത്തിയാക്കുന്നതും  അത് ശൈത്യകാലത്തേക്ക് സൂക്ഷിച്ചു വെക്കുന്നതും വിശദമായി അവിടെ എഴുതിയും വരച്ചും വച്ചിട്ടുണ്ട്. ഗ്രാമത്തിലെ സ്ത്രീകളാണ് മീനുകളെ വെട്ടി കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിക്കുന്നത്. ശരാശരി എട്ട് കിലോ തൂക്കമുള്ള  50-70 സാല്‍മാണുകളെ ഒറ്റദിവസം കൊണ്ട് വെട്ടി വൃത്തിയാക്കുമെത്രേ. രണ്ടയിലയും കൊണ്ട് ഞാനൊക്കെ ഉച്ചവരെ ഇരിക്കും! തല്‍ക്കാലം മീന്‍ കൊട്ടയിറക്കിവെച്ച് ഞാൻ കരടിയെ കല്യാണം കഴിച്ച പെണ്‍കുട്ടിയുടെ കഥ കേള്‍ക്കാൻ പോയി. പണ്ട് ഇവര്‍ക്കിടയില്‍ അങ്ങിനെയും ഒരു പുകിലുണ്ടായത്രേ. വായിച്ചും കേട്ടും പരിചയമുള്ള ഒടി മറിയല്‍ കഥ പോലൊരെണ്ണം. അതിനുശേഷം സുന്ദരികളായ ഗോത്രപെണ്‍കുട്ടികളെ ഒറ്റയ്ക്ക് ബെറി പറിക്കാൻ പറഞ്ഞയക്കാറില്ലാത്രേ.

Klukshu Village

എട്ടു പത്ത് വീടുകളാണ് ആ ഗ്രാമത്തിൽ. മരം കൊണ്ടുള്ള നിര്‍മിതിയാണ്. ഏറുമാടങ്ങള്‍ പോലെ ഉയരത്തിൽ പണിത കൂടുകളിലാണ് ശൈത്യകാലത്തേക്കുള്ള ഇറച്ചിയും മീനുമൊക്കെ ഉണക്കി വെക്കുന്നത്. വന്യമൃഗങ്ങളുടെ കൊമ്പും, തോലും, തലയോട്ടികളും കൊണ്ടൊക്കെയാണ് ഗൃഹാലങ്കരം. അതിൽ തന്നെ കരടിയുടെ തലയോട്ടിയും കരിബൂവിന്‍റെ കൊമ്പുകളും, ഉയരത്തിലാണ് വച്ചിരിക്കുന്നത്.ഒരു കൈത്തോടിനു കുറുകെയുള്ള പാലം കടന്നാല്‍ കാടാണ്. കരടി പാലം കടന്ന് വരൂലേയെന്ന സംശയം അവിടെയുള്ളവര്‍ കാര്യാക്കിയില്ല. വരും, വരാറുണ്ട്... അതൊന്നും സാരമില്ലെന്ന മട്ടായിരുന്നു. കുറച്ചു നേരം അവിടെയൊക്കെ നടന്നു ഞങ്ങള്‍ കാടും മലയുമിറങ്ങി ഉച്ചയോടെ ഹേയ്ന്‍സ് ജങ്ക്ഷനിലെത്തി. പ്രകൃതി വിസ്മയത്തില്‍ മയങ്ങി വിശപ്പും ദാഹവുമില്ലാതായിരിക്കുന്നു. മുറിയിലെത്തി കുറച്ചു നേരം വിശ്രമിച്ച് പകൽ വെളിച്ചത്തിന്‍റെ കാഠിന്യമൊന്ന് കുറഞ്ഞിട്ട് വേണം പുറത്തിറങ്ങാന്‍.

ഒരു പാലമിട്ടാല്‍.... !!!
വൈകുന്നേരം ആറു മണിക്ക് ശേഷമിറങ്ങിയപ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു. ചാറ്റല്‍മഴ പെട്ടെന്ന് നില്‍ക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല. യുകോൺ ടെറിട്ടറിയിലെ ഏറ്റവും വലിയ തടാകമാണ് ക്ലുവാനി തടാകം. പച്ചയും നീലയും കലര്‍ന്നൊരു നിറമാണ് വെള്ളത്തിന്. പാറകളിലെ ധാതുപദാര്‍ത്ഥങ്ങളാണ് വെള്ളത്തിന്‌ ഇമ്മാതിരി നിറങ്ങൾ നല്‍കുന്നത്. കാറ്റും മഴയും കൊണ്ടാവും തടാകം കുറച്ച് ക്ഷോഭത്തിലായിരുന്നു. അതോ സ്ലിം നദി(Slim River)യില്‍ നിന്ന് വെള്ളം കിട്ടാഞ്ഞിട്ടോ? വെള്ളംകുടി മുട്ടിയാല്‍ ആര്‍ക്കായാലും ദേഷ്യം വരും. സ്ലിം നദി ഒഴുകിയെത്തിയിരുന്നത് ക്ലുവാനി തടാകത്തിലായിരുന്നു. എന്നാലൊരു ഗ്ളെസിയറിന്‍റെ വരവോടെ സ്ലിം നദി കഷ്ടകാലത്തിലായി. ക്ലുവാനി തടാകത്തിലേക്കുള്ള സ്ലിം നദിയുടെ ഒഴുക്കിനെ അത് തടഞ്ഞു. ആ നദി പേര് പോലെ തന്നെ സ്ലിമായി ഒടുവിൽ തീരെയില്ലാതെയായി. ഇപ്പോ വെള്ളപ്പൊക്കമല്ല പൊടിക്കാറ്റാണത്രേ അവിടെയുണ്ടാകുന്നത്. പുഴയൊഴുകിയ വഴിയിലെ മണ്ണൊക്കെ കുഴഞ്ഞു കിടക്കുന്നു. എന്തെങ്കിലുമൊരു പ്രതിഭാസത്തിലൂടെ സ്ലിം നദിയെ ‘മദര്‍ നേച്ചർ’ തന്നെ രക്ഷിക്കുമെന്ന വിശ്വാസത്തോടെ ആളുകൾ കാത്തിരിക്കുന്നു.

Lake Kluane

സ്ലിം നദിയും പാലവും കടന്നുവേണം ഞങ്ങള്‍ക്ക് രണ്ട് കിലോമീറ്റർ അപ്പുറമുള്ള ആട് മലയുടെ ചുവട്ടിലെ ‘തച്ചാല്‍ ദാൽ’ സന്ദര്‍ശക കേന്ദ്ര(Tachal Dhal(Sheep Mountain)Visitor Centre)ത്തിലെത്താന്‍. ഞങ്ങളെത്തിയപ്പോഴേക്കും അതടച്ചിരുന്നു. മല കയറണമെങ്കില്‍ മൂന്ന് മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ദാൽ ആടുകൾ (Dall Sheep) മലയിലുള്ളത്തിനാലാണ് അത് ആട് മലയായത്. വളഞ്ഞ കൊമ്പുകളും വെളുത്ത നിറവുമുള്ള ആടുകൾ താഴേക്കിറങ്ങി വരില്ല. മലമുകളില്‍ തന്നെയാണ് അവയുടെ വാസം. സന്ദര്‍ശക കേന്ദ്രത്തിന്‍റെ മുറ്റത്ത് വച്ചാണ് പോളിനെ പരിചയപ്പെട്ടത്‌. ആട് മലയെയും, ആടുകളെയും കുറിച്ച് പറഞ്ഞ് തന്നത് പോളാണ്. മുപ്പത്തിയഞ്ച് വര്‍ഷമായി യുകോണിലുണ്ടെങ്കിലും ഇപ്പോഴും അനുഭവിച്ച് കൊതി തീര്‍ന്നിട്ടില്ല പോളിന്. പിന്നെ വെറും ആറേഴ് ദിവസത്തേക്ക് വന്ന ഞങ്ങളുടെ കാര്യം പറയാനുണ്ടോ?

Sheep Mountain 
വളരെ പതിഞ്ഞ സ്വരത്തിലാണ് പോളിന്‍റെ സംസാരം. രാവിലെ മല കയറാന്‍ പോയപ്പോള്‍ കരടിയെ കണ്ടതും, പിറ്റേന്ന്‌ ഹെലികോപ്റ്ററിൽ മലകള്‍ക്ക് മുകളിലൂടെ പറക്കണമെന്ന് പറയുമ്പോഴും ആ നീല കണ്ണുകളില്‍ യുകോൺ അത്ഭുതങ്ങളുടെ തിരയിളക്കം! ഈ മലയും കാടും, ഐസും, പുഴകളും വിട്ട് ടോറോന്റോയുടെ തിരക്കിലേക്ക് ഒരു മടക്കം ഇനി വയ്യാത്രേ. ഇതൊക്കെ കേട്ടാല്‍ ഞാനെങ്ങിനെ തിരിച്ചു പോകും? ആടുകൾ പച്ചപ്പ്‌ തേടി മലയുടെ അപ്പുറത്തേക്ക് പോയിരിക്കാണ്, കൂടാതെ മഴയും പെയ്യുന്നുണ്ട്. ഈ സമയത്ത് നിങ്ങള്‍ മല കയറാന്‍ മുതിരെണ്ടാന്ന് പറഞ്ഞ് പോള്‍ ഞങ്ങളെ വിലക്കി. ചിലപ്പോൾ പിറ്റേന്നുള്ള യാത്രയിൽ കാണാനാകുമെന്നും പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഐസ് മൂടി നില്‍ക്കുന്ന മറ്റ് വന്‍മലകളുടെ അടുത്തായിട്ടും ആട് മലയിൽ ഒരു കാലത്തും ഐസ് കെട്ടി നില്‍ക്കില്ല. അവിടെ വസിക്കുന്ന ആടുകള്‍ക്ക് വേണ്ടിയാവും പ്രകൃതിയുടെ കരുതല്‍. ഞങ്ങൾ വീണ്ടും മലയുടെ അടിവാരത്തിലൂടെ കുറച്ചു സമയം ആടിനെയും നോക്കി നടന്നെങ്കിലും, ഞങ്ങളെ പോലെ മഴയത്ത് നടക്കുന്ന കുറുക്കനെയാണ് കണ്ടത്. ആടിനെയൊന്നും കാണാനാകാതെ ഹേയ്ന്‍സ് ജങ്ക്ഷനിലേക്ക് ഞങ്ങള്‍ തിരിച്ചു പോന്നു. രണ്ടു ദിവസത്തെ ‘ബിസ്ക്കറ്റും-നട്ട്സും’ ഭക്ഷണക്രമത്തിന് മാറ്റംവരുത്തി താമസിക്കുന്നിടത്തെ ഹോട്ടലില്‍നിന്ന് രാത്രി ചിക്കന്‍ റൈസ് കഴിച്ച് പത്തു മണിക്ക് തന്നെ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് 750 km യാത്ര ചെയ്ത് ഡവ്സൺ സിറ്റിയിലെത്തണം...       (തുടരും...)                      

19 comments:

  1. റോഡിനടിയില്‍ നിന്നും കട്ടിയുള്ള ഐസ് പൊങ്ങിവന്ന് ഹമ്പുണ്ടാക്കും എന്ന് വായിച്ചപ്പോള്‍ അത്ഭുതം.

    ReplyDelete
    Replies
    1. ഐസ് അങ്ങിനെയെന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നറിയോ... നന്ദി റാംജിയേട്ടാ

      Delete
  2. Yukon.., Sequoia... ഇങ്ങനെയുള്ള ഓരോ പേരുകൾ വണ്ടികൾക്ക് കാണുമ്പോൾ ഇതൊക്കെ എന്താണെന്ന് വിചാരിച്ചിരുന്നു. ഓരോന്ന് വായിച്ചു വരുമ്പോഴാണ് ഇതൊക്കെ വിദൂരദേശങ്ങളിലെ സ്ഥലങ്ങളും മരങ്ങളും ഒക്കെയാണെന്ന് മനസ്സിലാവുന്നത്...

    നന്നായിട്ടുണ്ട്, തുടരുക...

    ReplyDelete
    Replies
    1. അതെ... സന്തോഷം ലാസ്സര്‍

      Delete
  3. നിന്റെ എഴുത്തുകളിലൂടെ മാത്രമേ അവിടെയൊക്കെ കാണാൻ കഴിയൂ. നന്നായിട്ടുണ്ട്. ഇനിയും എഴുതൂ... (എല്ലാം ആ 'പേന 'കൊണ്ടല്ലേ എഴുതുന്നത്??)

    ReplyDelete
    Replies
    1. ഒരു സംശയവും വേണ്ട ശ്രീ, പേന അത് തന്നെ :)

      Delete
  4. ഒന്ന് വേഗം എഴുതു മുബി.. ശരിക്കും കൊതിയാകുന്നു..

    ReplyDelete
    Replies
    1. തിരക്ക് കൂട്ടല്ലേ... എഴുതാം :)

      Delete
  5. വായിച്ചു. സാഹസികമായ യാത്ര അല്ലെ മുബീ.... യാത്രാവിശേഷങ്ങൾ തുടർന്നും വരട്ടെ... ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ഗീത... കുറച്ച് സാഹസികമായിരുന്നു.

      Delete
  6. യാത്രയുടെ ത്രിൽ വായനക്കാർക്ക് കൂടി കിട്ടുന്ന എഴുത്ത് ..
    പിന്നെ എത്ര മനോഹരമായിട്ടാണ് ഇതിലെ ഓരോ ഫോട്ടോകളും
    ഒപ്പിയെടുത്തിരിക്കുന്നത് ...!
    ഇത്ര മാത്രം അതി ഭംഗികൾ പങ്കുവെച്ച യാത്രികർക്ക് ഒരു 'ബിഗ് ഹാറ്റ്സ് ഓഫ്‌' ,,,,

    ReplyDelete
    Replies
    1. ഹുസൈനോട് പറയാം മുരളിയേട്ടാ... സ്നേഹം :)

      Delete
  7. എഴുത്തും പടം പിടുത്തവും ഗംഭീരം. ഇങ്ങനെ വ്യത്യസ്ഥങ്ങളായ നിരവധി സ്ഥലങ്ങൾ കാണാൻ പറ്റുന്നത് എത്ര വലിയ ഭാഗ്യമാണ്!

    ReplyDelete
    Replies
    1. സന്തോഷം... തുടര്‍ന്നും വായിക്കുമല്ലോ?

      Delete
  8. ചിത്രങ്ങളും വിവരണവും ഒന്നിനൊന്ന് മികച്ചത്. ക്ലുവാനി തടാകം പോലെ മനസ്സിലും കുളിര്‍ നിറഞ്ഞു.

    ReplyDelete
  9. ഒന്നൊന്നര കാഴ്ചകള്‍ .എല്ലാം ഇങ്ങെനെ എങ്കിലും കാണാന്‍ കഴിയുന്നുണ്ടല്ലോ .പതിവുപോലെ നല്ല എഴുത്ത് .ഉഗ്രന്‍ ഫോട്ടോകള്‍

    ReplyDelete
  10. കരടിയെ കല്ല്യാണം കഴിച്ച പെണ്‍കുട്ടിയുടെ കഥ കേള്‍ക്കണമെന്ന് വിചാരിച്ചു......
    ഫോട്ടോക്കാഴ്ചകളും വിവരണവും മനോഹരമായി.
    ദാല്‍ ആടുകളെകാണാന്‍ യോഗമുണ്ടാകുമോ ആവോ?!
    കാണാന്‍ കഴിയുമാറാകട്ടെ!
    ആശംസകള്‍

    ReplyDelete
    Replies
    1. ആ കഥയിങ്ങിനെ,
      ബെറി പറിക്കാന്‍ സന്ധ്യക്ക്‌ പോയ പെണ്‍കുട്ടി കാട്ടില്‍ വച്ച് സുന്ദരനായ ഒരു ചെറുപ്പക്കാരനെ കാണുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. സത്യത്തില്‍ കരടിയാണ് ഈ ആള്‍മാറട്ടം നടത്തുന്നത്. പ്രേമിച്ച് പ്രേമിച്ച് ഒടുവില്‍ ഈ മനുഷ്യകരടി കുട്ടിയേയും കൊണ്ട് കാട്ടിലേക്ക് പോയി. അവിടെവെച്ച് രാത്രി കരടിയായി രൂപം മാറുന്നു. ഇനിയിപ്പോ വേറെ വഴിയില്ലല്ലോ.. അങ്ങിനെ പെണ്‍കുട്ടി അതിനോടൊപ്പം ജീവിച്ച്, രണ്ടു കുട്ടികളെയും പ്രസവിച്ചു. കാലം കുറെ കഴിഞ്ഞു പെണ്ണിന്‍റെ ആങ്ങളമാര്‍ സത്യം മനസ്സിലാക്കി കരടിയെ കൊന്ന് പെങ്ങളെയും കുട്ടികളെയും രക്ഷിക്കാന്‍ എത്തുന്നു. അങ്ങിനെ അടിപിടിയായി കരടിയെ കൊന്ന് മനുഷ്യന്മാരെയും കൊണ്ട് നാട്ടിലേക്ക് പോരുന്നു. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം എല്ലാവര്‍ക്കും മനസ്സിലായിത്രേ ഈ പെണ്ണും കുട്ടികളും കരടികളായി മാറി കൊണ്ടിരിക്ക്യാണ്ന്ന്. അപ്പോ നാട്ടുകാരും വീട്ടുകാരും അവരെ കാട്ടിലേക്ക് തന്നെ ആട്ടിപ്പായിച്ചൂന്നാണ് കഥ!

      Delete