Monday, October 10, 2016

"ചിക്കന്‍ സൂ"വും ടോപ്‌ ഓഫ് ദി വേള്‍ഡും!

1890 ലാണ് ചിക്കനില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തുന്നത്. ചിക്കന്‍ ഗോള്‍ഡ്‌ ക്യാമ്പ്‌ ഉണ്ടാകുന്നത് പിന്നെയും കുറെ കഴിഞ്ഞാണ്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെയെത്തിയ മൈക്കും കുടുംബവും സ്വര്‍ണ്ണഖനനത്തില്‍ ഏര്‍പ്പെട്ട് ചിക്കനില്‍ തന്നെ സ്ഥിരതാമസമാക്കി. മൈക്കിന്‍റെ പിന്‍ഗാമികളാണ് പെട്രോഡ്രെഡ്ജെന്ന അലാസ്കയുടെ ചരിത്ര പ്രധാനമായ സ്വര്‍ണ്ണ ഡ്രെഡ്ജിനെ(മണ്ണ് മാന്തി യന്ത്രം) സംരക്ഷിക്കുന്നത്. ഡ്രെഡ്ജിന്‍റെ അടുത്തുള്ള കുറച്ച് വസ്തുക്കളും പഴയത് പോലെത്തന്നെ ഇവര്‍ സൂക്ഷിക്കുന്നുണ്ട്.അതില്‍ ടിഷയുടെ സ്കൂളും വീടുമൊക്കെ ഉള്‍പ്പെടും.

രണ്ട് മൂന്ന് റിസോര്‍ട്ടുകളും, ആര്‍.വി (Recreational Vehicles)കള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവുമായി ഇതൊരു തിരക്കുള്ള വ്യവസായിക കേന്ദ്രമായിരിക്കുന്നു. പൈസ കൊടുത്താല്‍ കുറച്ച് ചളി മണ്ണ് കിട്ടും. അതരിച്ചു സ്വര്‍ണ്ണമെടുക്കുന്നവരെ അവിടെ കാണാം. ഒരപ്പൂപ്പന്‍ സ്വര്‍ണ്ണം അരിക്കുന്നതിനടുത്ത് ഞാന്‍ ചെന്ന് അവര്‍ ചെയ്യുന്നത് നോക്കി നിന്നു. രണ്ട് തരി കണ്ടപ്പോള്‍ തന്നെ അപ്പൂപ്പന്‍ അതെനിക്ക് കാണിച്ചു തന്ന് സന്തോഷം പങ്കുവച്ചു.സന്ദര്‍ശകര്‍ക്കായി പെട്രോഡ്രെഡ്ജ് ടൂറുമുണ്ട്. ഞങ്ങള്‍ അതിന് നിന്നില്ല കാരണം ഔട്ട്‌പോസ്റ്റില്‍ നിന്ന് കയറിയാലേ 'ചിക്കന്‍ സൂ'എന്ന സൂസന്‍ വൈറന്‍റെ ബിസിനസ് സാമ്രാജ്യത്തിലെത്തൂ.


Pedro Gold Dredge 
ചിക്കന്‍ ക്രീക്ക് കഫെ, ബാര്‍, ഗിഫ്റ്റ് ഷോപ്പ് (Chicken Creek Saloon, Café, Chicken Mercantile Emporium, Gas Station) കൂടാതെ ഒരു പെട്രോള്‍ സ്റ്റേഷനുമാണ് സൂന്‍റെ ലോകം.മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂ ജേഴ്സിയില്‍ നിന്ന് സാഹസീകനായ കൂട്ടുകാരനോടൊപ്പം അലാസ്ക്കയിലെ ചിക്കനില്‍ എത്തിയതാണ്. അത്രയെളുപ്പത്തില്‍ കീഴടക്കാന്‍ കഴിയാതെ അലാസ്ക്ക അവര്‍ക്ക് മുന്നില്‍ പ്രതിരോധിച്ചു. ഇതൊരു ജീവപര്യന്തം ശിക്ഷയാണെന്നാണ് ചിക്കനില്‍ വേരുറപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ സൂ കരുതിയത്‌. പിന്നീട് മക്കളെ വളര്‍ത്താനായി തന്‍റെ ശിക്ഷയെ ജീവിതത്തിന് അനുകൂലമാക്കി മാറ്റുകയായിരുന്നു. 

കൊടുംശൈത്യവും മഞ്ഞും മൂലം ചിക്കനിലേക്കുള്ള റോഡുകള്‍ ഒക്ടോബറാകുമ്പോഴേക്കും അടച്ചിടും. പിന്നെ മഞ്ഞുരുകുന്നത് വരെ പുറംലോകവുമായി ബന്ധമില്ലാതെ അതിനുള്ളില്‍ തന്നെ കഴിയണം. വെള്ളത്തിന് മഞ്ഞുരുക്കിയും, വിശപ്പടക്കാന്‍ തണുത്തുറഞ്ഞ പച്ചക്കറികളും, ടിന്നിലടച്ച് സൂക്ഷിച്ച ഭക്ഷണപദാര്‍ത്ഥങ്ങളും കഴിച്ച് സൂവും മക്കളും കഴിഞ്ഞുകൂടി. ഇതിനിടയില്‍ ആരെ വിശ്വസിച്ച് ഇറങ്ങിയോ അയാള്‍ അലാസ്കയെ മാത്രമല്ല കുടുംബത്തെയും ഉപേക്ഷിച്ച് പോയി. എന്തിനാണെന്ന് പോലും ആലോചിക്കാതെ ബാങ്ക് വില്‍പ്പനക്ക് വച്ച ചിക്കനിലെ ചില സ്ഥലങ്ങള്‍ സൂസന്‍ വിലക്കെടുത്തു. പുസ്തകശാലയിലെ മാനേജര്‍ പണിയാണ് ന്യൂ ജേഴ്സിയില്‍ അവര്‍ ചെയ്തിരുന്നത്. പിന്നെ അറിയാവുന്നത് പാചകം. വിശപ്പിന്‍റെ വില നന്നായി അറിഞ്ഞത് കൊണ്ട് സൂ പാചകത്തിലൂടെ ജീവിത പരീക്ഷണങ്ങളെ നേരിടാന്‍ ഉറച്ചു. വിശപ്പ്‌ തന്നെയായിരുന്നു അവരുടെ കരുത്തും രക്ഷയും...

Life in Chicken Alaska!
അതിരാവിലെ ഉണരുന്ന സൂ, സിനമൺ ബന്നും, വിവിധയിനം പൈകളും ബേക്ക് ചെയ്യുന്നു. 60 കാരിയായ സൂ തന്നെയാണ് ഇപ്പോഴും ഇതെല്ലാം ഉണ്ടാക്കുന്നത്‌. കൂടാതെ ചിക്കന്‍ വിഭവങ്ങളും ബൈസണ്‍ ചില്ലിയും, സാല്‍മന്‍ ബര്‍ഗറും അവിടെ കിട്ടുമെങ്കിലും ഏറ്റവും സ്വാദ് സൂ ഉണ്ടാക്കി തരുന്ന സിനമൺ ബന്നിന് തന്നെ.ഒറ്റയ്ക്ക് തുടങ്ങിയ സംരംഭങ്ങളില്‍ ഇപ്പോള്‍ സഹായത്തിന് ഏഴ് ജോലിക്കാരും പിന്നെ മക്കളുമുണ്ട്. കഫേയിലെ ജോലിക്കാരനാണ് ചിക്കനിലെ കാര്യങ്ങള്‍ മൊത്തത്തില്‍ പറഞ്ഞ് തന്നത്. അവന്‍ വേനലാവുമ്പോള്‍ ചിക്കനിലെത്തും സെപ്റ്റംബര്‍ പകുതിയില്‍ നാട്ടിലേക്ക് പോകും. നഗരത്തിലെ എല്ലാ തിരക്കില്‍ നിന്നും ഒഴിഞ്ഞുമാറി കുറച്ചുകാലം സ്വസ്ഥതയോടെ നില്‍ക്കാന്‍ ചിക്കനിലെ ജോലി അവനെ സഹായിക്കുമെത്രേ. ഇവിടെ ഒന്നിന്‍റെയും ഒരു ബഹളവുമില്ല. സമയത്തിന് പോലും തിരക്കില്ല!

ലോകം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ചിക്കനിലിന്നും  കത്തുകള്‍ ചൊവാഴ്ചയും, വെള്ളിയാഴ്ചയും ഹെലിക്കോപ്റ്റര്‍ വഴിയാണെത്തുന്നത്. ജനറേറ്ററുകളുടെ സഹായത്തോടെയാണ് വൈദ്യുതി ഉത്പാദനം. ഫ്ലഷ് ടോയ്ലെറ്റുകള്‍, മൊബൈല്‍ഫോണ്‍, ലാന്‍ഡ്‌ലൈന്‍ മുതലായ ആര്‍ഭാടങ്ങളൊക്കെ ചിക്കനില്‍ അന്യം. രണ്ടു സാറ്റലൈറ്റ് ഡിഷിലൂടെ വല്ലപ്പോഴും സൂ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കുന്നു. പോസ്റ്റല്‍ മാര്‍ഗ്ഗമാണ് കുട്ടികള്‍ പഠിക്കുന്നത്. ടിഷയുടെ സ്കൂളിന്‍റെ കാലം കഴിഞ്ഞത്തോടെ അവിടെ സ്കൂളുമില്ല. ആശുപത്രി ആവശ്യങ്ങള്‍ക്ക് അടുത്തുള്ള ടോകിലെത്തണം. അത്യാസന്നനിലയിലാണെങ്കില്‍ രോഗിയെ എയര്‍ ലിഫ്റ്റ്‌ ചെയ്യും. എല്ലാവര്‍ക്കും ഇവിടെ ജീവിക്കാനാവില്ല. ആ ചെറുപ്പകാരന്‍ ഉത്സാഹത്തോടെ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് തരുമ്പോള്‍ തന്നെ ആദ്യമെത്തിയവര്‍ക്ക് ഭക്ഷണമെടുത്തു കൊടുക്കുന്നുണ്ടായിരുന്നു. 

തൊപ്പി ബാര്‍!!!
ഞങ്ങള്‍ കഫേയില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്ത് ഗിഫ്റ്റ് ഷോപ്പിലേക്ക് പോയി. എല്ലാ കടകളും പരസ്പര ബന്ധിതമാണ്. ഒന്നില്‍ നിന്ന് ഒന്നിലേക്ക് ജീവനക്കാര്‍ക്ക് കടക്കാം. ഗിഫ്റ്റ് ഷോപ്പില്‍ ഞങ്ങള്‍ ചെന്നപ്പോള്‍ ആരുമില്ലായിരുന്നു. സാധനങ്ങള്‍ നോക്കുന്നിടക്ക് ഒരാള്‍ വന്ന് എന്തെങ്കിലും ആവശ്യമുണ്ടോന്ന് അന്വേഷിച്ച് തിരിച്ച് പോയി. കഫേയുടെയും ഗിഫ്റ്റ് ഷോപ്പിന്റെയും നടുവിലാണ് ബാര്‍. അവിടെന്നു കടന്നു വന്ന ജീവനക്കാരനോട് സൂ ഇവിടെയുണ്ടോന്നു ചോദിച്ചപ്പോള്‍, “പുറത്തിരിക്കുന്നുണ്ട്, കണ്ടില്ലേ?” വൈന്‍ ഗ്ലാസും പിടിച്ച് കാലും നീട്ടി പട്ടിയെ കളിപ്പിച്ചിരിക്കുന്നൊരു സ്ത്രീയെ കണ്ടിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ല.

ഗിഫ്റ്റ് കടയില്‍ നിന്നിറങ്ങി സംശയത്തോടെ ബാറിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ആ ജോലിക്കാരന്‍ ഇറങ്ങി വന്ന്, ‘നോക്കൂ ഇവര്‍ തന്നെയാണ് നിങ്ങള്‍ അന്വേഷിക്കുന്ന സൂ..” എന്ന് പറഞ്ഞ്  അവരുടെ പുറത്ത് തട്ടി അയാള്‍ അകത്തേക്ക് പോയി. സൂസനെ നോക്കിയൊന്ന് ചിരിച്ച് ഞങ്ങള്‍ ബാറിനുള്ളിലേക്ക് കയറി. അതിനുള്ളില്‍ കുപ്പികളല്ല ആകെ തൊപ്പികളാണ്. ഞാന്‍ കണ്ണൊക്കെ നല്ലോണം തിരുമ്മി വീണ്ടും നോക്കി.ഇത് കൊള്ളാല്ലോ... അത്രേം തൊപ്പികള്‍ കണ്ടപ്പോളെനിക്ക് പഴയ തൊപ്പിക്കാരന്‍റെ കഥയാണ്‌ ഓര്‍മ്മ വന്നത്. ആഹാ, തൊപ്പികള്‍ മാത്രല്ലാട്ടോ ആളുകളുടെ അടിവസ്ത്രങ്ങളും തൂക്കിയിട്ടിട്ടുണ്ട്.


സൂവും പിന്നെ ഞാനും 
ഇനി ഇത് തൊപ്പി ബാറായിരിക്കുമോ, എന്തുമാവാലോ... വിശാലമായ ലോകവും വിചിത്രമായ ആചാരങ്ങളുമല്ലേ? അതിനകത്ത് നിന്നിറങ്ങി ഉടമയോട് തന്നെ ചോദിച്ചറിയാന്‍ അടുത്ത് ചെന്നിരുന്നു. ഫോട്ടോക്ക് അനുവാദം ചോദിച്ചപ്പോള്‍ അവര്‍ സമ്മതിച്ചു. നില്‍ക്കാന്‍ വയ്യ പണിയെടുത്ത് ക്ഷീണിച്ചിരിക്ക്യാണ് അതോണ്ട് ഇരുന്നിട്ടേ ഫോട്ടോക്ക് പോസ് ചെയ്യൂന്നും ഹുസൈനോട് പറഞ്ഞു. എന്തിനാണ് ബാറില്‍ തൊപ്പികള്‍ തൂക്കിയിരിക്കണേന്ന് കൌതുകം അടക്കാനാവാതെ ഞാന്‍ ചോദിച്ചതിന് മറുപടി അറിയില്ലാന്നായിരുന്നു. ഞാന്‍ വായ പൊളിച്ചത് കണ്ടിട്ടാവണം, എപ്പോഴാണ് അങ്ങിനെയൊരു കീഴ്വഴക്കം തുടങ്ങിയത് എന്നവര്‍ക്കറിയില്ലാന്ന് കുറെ നേരത്തെ മൗനത്തിന് ശേഷം സൂ പറഞ്ഞു. 

മദ്യം കഴിച്ച് ലഹരി കയറിയ ഏതോരാള്‍ കൊടുത്ത തൊപ്പിയില്‍ തുടങ്ങിയതാണ്‌. ഇപ്പോള്‍ അവിടെ കയറി കഴിക്കുന്നവര്‍ വെറുതെ പോകില്ല തൊപ്പിയോ എന്തെങ്കിലുമൊക്കെ അവിടെ തൂക്കിയിടും ആ കീഴ്വഴക്കമിങ്ങിനെ തുടരുന്നു. ഇതുവരെ എന്തൊക്കെയുണ്ട് എത്രയെണ്ണമുണ്ട് എന്നൊന്നും നോക്കിയിട്ടില്ല. ഞങ്ങളുടെ അടുത്ത് വരുന്നവരുടെ ഇഷ്ടമാണ് ഞങ്ങളുടെയും... ഇത്രയും പറഞ്ഞു സൂ വീണ്ടും മൗനത്തിലായി. സൂ ഓര്‍മ്മകളിലേക്ക് ഊളിയിട്ടിരിക്കുന്നു. അവരില്‍ നിന്ന് കൂടുതലായി ഇനിയൊന്നും കേള്‍ക്കാനാവില്ലെന്ന് മനസ്സിലായപ്പോള്‍ ഞങ്ങള്‍ നന്ദി പറഞ്ഞിറങ്ങി. കഫേയില്‍ ഓര്‍ഡര്‍ ചെയ്ത ഉരുളക്കിഴങ്ങ് പൊരിച്ചതും സിനമൺ ബന്നും കഴിക്കുമ്പോള്‍ ഞാനോര്‍ത്തത് കൊടുംശൈത്യത്തില്‍ ഇവിടെ നില്‍ക്കുന്നവരെ കുറിച്ചായിരുന്നു. 23 പേരുള്ള ഈ സ്ഥലം ഇന്നും ഭൂപടത്തില്‍ മായാതെ നില്‍ക്കുന്നത് ഒരുപക്ഷെ ടിഷയും സൂവും കാരണമായിരിക്കും.


സൂന്‍റെ സാമ്രാജ്യം
ടിഷയുടെ സ്കൂള്‍ കാണാതെ ചിക്കനില്‍ നിന്ന് ഞങ്ങള്‍ മടങ്ങുമ്പോള്‍ മഴ ചാറാന്‍ തുടങ്ങിയിരുന്നു. കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ചിട്ടാണ് അവിടെന്ന് പുറപ്പെട്ടത്‌. ഇനി 'ടോപ്‌ ഓഫ് ദി വേള്‍ഡ്' ഹൈവേയിലൂടെ ഡവ്സണ്‍ സിറ്റിയെത്തുന്നത് വരെ സര്‍വീസ് സ്റ്റേഷനുകളില്ല. റോഡിന്‍റെ അവസ്ഥയും കാലാവസ്ഥയുമെല്ലാം പ്രവചനാതീതമാണ്. ഇടുങ്ങിയ റോഡ്‌ വളഞ്ഞു തിരിഞ്ഞു മലമുകളിലേക്ക് കയറി പോവും. ഇതുവരെ മലനിരകളുടെ മടി തുരന്നുള്ള വഴിയിലൂടെയായിരുന്നു സഞ്ചാരമെങ്കില്‍ ഇനി 4000 അടി മുകളിലേക്കാണ്...


R.V. Truck returning to Alaska from Top of the World
കാനഡയുടെ യുകോണ്‍ ഹൈവേ 9 അലാസ്കയുടെ ടെയ്ലര്‍ ഹൈവേ 5 മായി കൂടിച്ചേര്‍ന്ന് ടോപ്‌ ഓഫ് ദി വേള്‍ഡ് ഹൈവേയാകുന്നു. ഇവിടെന്നുള്ള കാഴ്ചകളുടെ മനോഹാരിത യാത്രക്കാരെയും ഫോട്ടോഗ്രാഫര്‍മാരെയും വീണ്ടും വീണ്ടും ഇങ്ങോട്ട് ക്ഷണിച്ചു വരുത്തും. ഒക്ടോബര്‍ രണ്ടാം വാരത്തോടെ ഈ ഹൈവേ അടച്ചിടും. മഞ്ഞ് വീഴ്ച തുടങ്ങിയാല്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഹൈവേ ഗതാഗതയോഗ്യമല്ലാതെയായി തീരുന്നത് കൊണ്ടാണ്. സ്നോ മൊബൈലോ, സ്കീയിങ്ങോ മാത്രമേ പിന്നെ ഇതിലൂടെ നടക്കൂ.റോഡ്‌ ഒഴിഞ്ഞ് കിടക്കുന്നത് കണ്ട് സ്പീഡ് കൂട്ടണ്ട. വാഹനത്തിന്‍റെ സ്പീഡ് നന്നായി കുറച്ചിട്ട് വേണം ഈ 300 km ചുരം കയറാന്‍. മഴയുടെ വരവ് ഞങ്ങളെ ചെറുതായി പരിഭ്രമിപ്പിച്ചിരുന്നു. വലിയ വാഹനങ്ങള്‍ കുറവായിരുന്നെങ്കിലും ബൈക്ക് യാത്രികരുണ്ട്.


Biker enjoying his ride


ഫോട്ടോയെടുക്കാന്‍ കാറ് നിര്‍ത്തി ഞങ്ങള്‍ ഇറങ്ങി. പര്‍വ്വതശിഖരങ്ങളെ തഴുകി നീങ്ങുന്ന മേഘകൂട്ടങ്ങളും നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന നിത്യഹരിത വനവും അവയെ  ചൂഴ്ന്ന് നില്‍ക്കുന്ന ഗൂഡമായ നിശബ്ദതയും... കാട്ടു പൂക്കളുടെ ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്നു. എവിടെയോ കുറ്റിച്ചെടികള്‍ വകഞ്ഞുമാറ്റുന്ന ശബ്ദം. ഞങ്ങള്‍ പെട്ടെന്ന് കാറില്‍ കയറി. കുറച്ച് മുന്നോട്ട് പോയതും കണ്ടു ഒരു പെൺ മൂസ് കുന്നിറങ്ങി റോഡിനെ ലക്ഷ്യമാക്കുന്നത്. കാറിന്‍റെ ശബ്ദം കേട്ടിട്ടാവും അത് റോഡിലേക്കിറങ്ങാതെ കുന്നിന്‍ മുകളിലേക്ക് ഓടി മറഞ്ഞു. അതേതായാലും നന്നായി. വീതി കുറവുള്ള ഹൈവേ ആയതിനാല്‍ മൂസ് റോഡിലേക്ക് കടക്കുമ്പോള്‍ കാറ് വശത്തേക്ക് ഒതുക്കിയാല്‍ ടോപ്‌ ഓഫ് ദി വേള്‍ഡില്‍ നിന്ന് താഴെയെത്താനൊരു ബുദ്ധിമുട്ടുണ്ടാവില്ല.Cloudy & Dark - Another view from Top of the World

മലമുകളില്‍ തന്നെയാണ് കനേഡിയന്‍ കസ്റ്റംസ്. അവിടെയുള്ള ചോദ്യോത്തര പംക്തി കഴിഞ്ഞ് ഞങ്ങള്‍ ചുരമിറങ്ങി. പുഴ കടന്നാലേ ഞങ്ങള്‍ക്ക് അക്കരെയുള്ള ഡവ്സണ്‍ സിറ്റിയിലെത്താന്‍ കഴിയൂ. ആറു മണിക്കൂറായി ഞങ്ങള്‍ ലോകത്തിന്‍റെ നെറുകയിലേക്ക് കയറാന്‍ തുടങ്ങിയിട്ട്. ആ നെറുകില്‍ നിന്നിറങ്ങി വരുമ്പോഴാണ് റോഡിനരികിലൂടെ നടക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടത്. അയാള്‍ ഏത് വഴിയാണ് അവിടെയെത്തിയതെന്ന് ഭൂപടം തലതിരിച്ച് പിടിച്ച് നോക്കിയിട്ട് പോലുമെനിക്ക് മനസ്സിലായില്ല. ഞങ്ങള്‍ അടുത്തെത്തിയപ്പോള്‍ അയാള്‍ കൈ കാണിച്ചു. പുഴ കരയിലേക്ക് ലിഫ്റ്റ്‌ വേണം. ഞാനിറങ്ങി പിന്‍സീറ്റിലെ സാധനങ്ങള്‍ ഒതുക്കി വച്ച് അയാള്‍ക്ക് ഇരിക്കാന്‍ ഇടമുണ്ടാക്കി. 


ഇങ്ങിനെയാണ്‌ ടോപ്‌ ഓഫ് ദി വേള്‍ഡിലെ റോഡ്‌ ...

ഡവ്സണില്‍ പെയിന്റിംഗ് ജോലി കിട്ടിയിട്ടുണ്ട്, ഹൈക്കിംഗ് കഴിഞ്ഞ് തിരിച്ച് വരികയാണെന്നുമൊക്കെ പറയുന്നതിനിടയില്‍ അയാള്‍ക്ക് യുകോണ്‍ നദിയുടെ കരയില്‍ നിന്ന് സ്വര്‍ണ്ണകട്ടി കിട്ടിയിട്ടുണ്ടെന്നും ഞങ്ങളോട് പറഞ്ഞു. പുഴക്കരയിലേക്ക് നീളുന്ന മണ്‍റോഡിലെത്തിയപ്പോള്‍ അയാളിറങ്ങി. അവിടെയുള്ള ബെഞ്ചില്‍ സാധനങ്ങളൊക്കെ ഇറക്കി വച്ച് അയാള്‍ മണ്ണില്‍ പരതാന്‍ തുടങ്ങിയിരുന്നു. കടവില്‍ വണ്ടി നിര്‍ത്തി ഞങ്ങള്‍ അക്കരെ പോയ ഫെറി ബോട്ട് തിരിച്ചെത്തുന്നതും കാത്തു നിന്നു. 

കാനഡ സര്‍ക്കാര്‍ വകയാണ് ഈ സൗജന്യ ഫെറി സര്‍വീസ്. യുകോണ്‍ പുഴയ്ക്കു കുറുകെ പാലമില്ല. അക്കരെയിക്കരെ കടക്കാനുള്ള ഏക മാര്‍ഗം ഫെറിയാണ്. മഞ്ഞുകാലമായാല്‍ പുഴയിലെ വെള്ളം തണുത്ത് ഐസാകുമ്പോള്‍ സ്കീയിംഗ്, ഡോഗ് സ്ലജ്, സ്നോ മൊബൈല്‍ എന്നീവ ഉപയോഗിച്ച് ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും കടക്കും. ആ സമയത്ത് ഇതിലൂടെയൊക്കെ നടക്കുന്ന കലാപരിപാടിയാണ് യുകോണ്‍ ക്വസ്റ്റ്. പുഴയൊരു സംഭവമാണ്ന്നൊക്കെ എനിക്ക് തോന്നി തുടങ്ങിയത് വെറുതയല്ല, ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാന്‍ തീരുമാനിക്കുമെന്ന മട്ടിലാണ് ഒഴുക്ക്!  പേരില്‍ മാത്രം പുഴയായി മാറിയ ഭാരതപ്പുഴയും മുന്നില്‍ കാണുന്നതും തമ്മിലുള്ള അന്തരമോര്‍ത്ത് ഞാനവിടെയിരുന്നു...                              (തുടരും..)                              

15 comments:

 1. പഴയ പോസ്റ്റുകള്‍ എല്ലാം ഈ പേജിലുണ്ട്,

  https://mubidaily.blogspot.ca/p/yukon.html

  ReplyDelete
 2. "ചിക്കന്‍ സൂ" എന്ന സൂസന്‍ വൈറന്‍റെ സാമ്രാജ്യവുമൊക്കെെ ജിജ്ഞാസയോടെ വായിച്ചു.യുകോണ്‍നദി തീരത്തെ സ്വര്‍ണ്ണത്തിരച്ചിലും...........
  ജീവിതം ഏതെല്ലാം വഴികളിലൂടെ ഒഴുകുന്നു..ഒഴുകിക്കൊണ്ടിരിക്കുന്നു...
  വിവരണവും ഫോട്ടോകളും നന്നായിട്ടുണ്ട്
  ആശംസകള്‍

  ReplyDelete
  Replies
  1. ജീവിതം ഒഴുകിക്കൊണ്ടേയിരിക്കുന്നു... നന്ദി തങ്കപ്പന്‍ ചേട്ടാ :)

   Delete
 3. വിവരണങ്ങൾ മനോഹരമായി ഒപ്പം ഫോട്ടോസും.. ആശംസകൾ മുബീ.

  ReplyDelete
 4. 'വിശപ്പിന്‍റെ വില നന്നായി
  അറിഞ്ഞത് കൊണ്ട് സൂ പാചകത്തിലൂടെ
  ജീവിത പരീക്ഷണങ്ങളെ നേരിടാന്‍ ഉറച്ചു.
  വിശപ്പ്‌ തന്നെയായിരുന്നു അവരുടെ കരുത്തും
  രക്ഷയും...'

  ചെന്നെത്തിപ്പെടാൻ പെടാപാടുപെടുന്ന
  നാട്ടിലെ സൂ' വിന്റെ കഥമാത്രമല്ല ആ നാടിന്റെ
  മനോഹാരിതയും കഥയും നന്നായി ചൊല്ലിയാടിയിരിക്കുന്നു ..

  ReplyDelete
  Replies
  1. ചില ജീവിതങ്ങള്‍ അത്ഭുതങ്ങളാവുന്നു മുരളിയേട്ടാ... യാത്രകള്‍ കൂടുതല്‍ അര്‍ത്ഥവത്താകുന്നു ഇവരെയൊക്കെ കണ്ടുമുട്ടുമ്പോള്‍!

   Delete
 5. ചിക്കന്‍ എന്ന് കണ്ടപ്പോള്‍ ഓടിവന്നതായിരുന്നു....എന്നാലും അണ്ടര്‍വെയറുകള്‍ തൂക്കി പോകുന്നത് കഷ്ടം തന്നെ!

  ReplyDelete
  Replies
  1. ഹഹഹ മാഷേ, ചിക്കനെന്നു കേട്ടാ ഞാനും അവിടെ ചാടിയിറങ്ങിയത്!

   Delete
 6. ഞാനിത്‌ വായിച്ചിരുന്നുവല്ലോ.കമന്റിട്ടെന്നാണോർമ്മ.കാണുന്നില്ല.ബാക്കി വായിക്കട്ടെ.

  ReplyDelete