Friday, October 7, 2016

ടിഷ നടന്ന വഴികളിലൂടെ...

ടോക്കി(Tok)ലെത്തുന്നത് വരെ കുറച്ച് നേരം ഹിസ്റ്ററി ക്ലാസ്സിലെ കഥ കേട്ടിരിക്കാം. 1896 ഓഗസ്റ്റിലാണ് ക്ലോണ്ടിക് പുഴയുടെ പോഷക നദിയായ റാബിറ്റ്ക്രീക്കില്‍ മൂന്ന് പേര്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയത്. മൂന്ന് പേരില്‍ ഒരാള്‍ക്ക്‌ പുഴയില്‍ നിന്ന് സ്വര്‍ണ്ണകട്ടി കിട്ടിയപ്പോള്‍ മറ്റുള്ളവർ പുഴയിലെ ഇളകിയ പാറകൾ മറിച്ചിട്ട് നോക്കാന്‍ തുടങ്ങിയെത്രേ. മൂവര്‍ സംഘത്തിലെ കാര്‍മാക്കിന്‍റെ രേഖപ്പെടുത്തൽ ഇങ്ങിനെയാണ്‌, ‘ചീസ് സാന്‍ഡ്വിച്ച്’ പോലെയായിരുന്നു പാറകള്‍ക്കിടയിൽ സ്വര്‍ണ്ണം കിടന്നിരുന്നതെന്നാണ്.


Courtesy: Google Image

വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. യുകോണില്‍ നിന്നും അലാസ്കയിൽ നിന്നും ആളുകൾ ക്ലോണ്ടിക് നദിയുടെ പരിസരങ്ങളില്‍ തമ്പടിച്ചു 'ഓരോ മണ്‍തരിയും അരിച്ചുപെറുക്കി.' എട്ട് കിലോമീറ്റര്‍ നീളം പോലുമില്ലാത്ത എല്‍ഡറാഡോ നദിയിൽ നിന്ന് കിട്ടിയത് മുപ്പത് മില്യൺ വിലമതിക്കുന്ന സ്വര്‍ണ്ണ ശേഖരമാണ്. 1988 ലെ മൂല്യമനുസരിച്ച് മുപ്പതു മില്യണ്‍ 675 മില്യണ്‍ ഡോളറിന് സമമായിരുന്നു. പരന്ന പാത്രത്തില്‍ പുഴയിലെ മണ്ണും വെള്ളവും കോരിയെടുത്ത് അരിച്ചരിച്ചാണ് ആദ്യമൊക്കെ സ്വര്‍ണ്ണമെടുത്തിരുന്നത്.

Klondike Loop Google Map Image 

1897-ല്‍ സാൻ ഫ്രാന്‍സിസ്കോയിൽ സ്വര്‍ണ്ണവുമായി ഒരാവിക്കപ്പൽ അടുക്കുന്നത് വരെ പുറംലോകം ഇതൊന്നും അറിഞ്ഞില്ല. കയറു കെട്ടിയ പെട്ടികളില്‍ സ്വര്‍ണ്ണവുമായെത്തുന്നവരെ പിന്തുടരാൻ നിരവധി പേരുണ്ടായി. യുകോണിന്‍റെയും അലാസ്കയുടെയും മണ്ണിൽ ഒളിച്ചിരിക്കുന്ന നിധി ആര്‍ക്കും എടുക്കാമെന്നൊക്കെയുള്ള അന്നത്തെ വാര്‍ത്തകൾ ആളുകളെ ഇങ്ങോട്ട് കൂട്ടത്തോടെ ആകര്‍ഷിച്ചു. ആവിക്കപ്പലില്‍ യുകോൺ നദിയിലൂടെ ഡവ്സണ്‍ നഗരത്തിലെത്തുകയെന്നത് ചിലവേറിയതിനാല്‍ പലരെയും സംബന്ധിച്ച് അങ്ങിനെയൊരു യാത്ര സാധ്യമല്ലായിരുന്നു. അതിനാല്‍ ഉള്ളതെല്ലാം വിറ്റ് കുടിയേറ്റക്കാര്‍ കാല്‍നടയായിട്ടാണ് ഡവ്സണിലെത്താൻ ശ്രമിച്ചത്. കാടും, മലയും വന്യജീവികളും, തണുപ്പും, മഞ്ഞും ഒന്നും ഈ കുടിയേറ്റത്തെ ബാധിച്ചില്ല. “പുവര്‍ മാന്‍സ് ട്രെയില്‍” എന്ന് പേരിട്ട സ്കാഗ് വേ ട്രെയിലും ദ്യേയ ട്രെയിലും ആളുകളെയും കുതിരകളെയും കൊണ്ട് നിറഞ്ഞു. ചെങ്കുത്തായ മലനിരകൾ വെറുതെ കയറി പോവുകയായിരുന്നില്ല, ഓരോരുത്തരും നൂറ് പൗണ്ടിലധികം തൂക്കം വരുന്ന സാധനങ്ങള്‍ പുറത്ത് ഏറ്റുകയും ചെയ്തിരുന്നു.

Photo Courtesy: Google Images
മനുഷ്യരെ പോലെ കുതിരകളുടെ പുറത്തും കെട്ടുകൾ ഉണ്ടായിരുന്നു. രണ്ടടി വീതിയുള്ള വഴിയില്‍ വഴുക്കിയും കുഴഞ്ഞും വീഴുന്ന മനുഷ്യരെയും മൃഗങ്ങളെയും അവിടെത്തന്നെ ഉപേക്ഷിച്ച് മറ്റുള്ളവര്‍ മുന്നോട്ട് നടന്നു. കാരണം മഞ്ഞുകാലമാകുന്നതിന് മുന്‍പേ അവര്‍ക്ക് യുകോൺ പുഴ കടക്കണം ഇല്ലെങ്കിൽ കൊടും തണുപ്പിൽ ശേഷിക്കുന്ന ജീവനുകൾ കൂടെ പൊലിയും. ഒരു വര്‍ഷം മുഴുവൻ ട്രെയിലുകളിലൂടെ നടന്നും നിരങ്ങിയും കുടിയേറ്റക്കാർ ലക്ഷ്യം കണ്ടു.  ഏകദേശം 100,000 ആളുകള്‍ സ്വര്‍ണ്ണ നിധി തേടി പുറപ്പെട്ടിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതില്‍ 40,000 പേരാണ് ക്ലോണ്ടികില്‍ എത്തിയത്, അതിൽ തന്നെ വളരെ കുറച്ചുപേര്‍ക്കേ ഭാഗ്യനിക്ഷേപം കണ്ടെത്താനായുള്ളൂ. ആണും പെണ്ണും കുട്ടികളും, മൃഗങ്ങളും എല്ലാം ഈ കുടിയേറ്റത്തിന്‍റെ ഭാഗമായി. ചിലര്‍ അതിജീവിച്ചു മറ്റു ചിലർ പാതി വഴിയിൽ പൊലിഞ്ഞുപോയി... കണ്ണിലും മനസ്സിലും സ്വപ്നവും ആര്‍ത്തിയും നിറച്ച് തന്‍റെ അടുത്തേക്ക് വരുന്ന മക്കളെ തൃപ്തരാക്കുവാൻ അമ്മയ്ക്കും കഴിഞ്ഞില്ല. രണ്ട് വര്‍ഷം കൊണ്ട് ഈ കനകക്കനി മാമങ്കത്തിന് തിരശീല വീണു. ഭൂമി കുഴിച്ചും അരിച്ചും പെറുക്കിയും ഒന്നും കിട്ടാതെയായപ്പോൾ മക്കളെല്ലാം മറ്റൊരു പച്ചപ്പ്‌ തേടി പോയി. ബാക്കി കഥയൊക്കെ പോകും വഴിയേ പറയാം.

Taylor Hwy - Alaska Route 5

കഥ കേട്ടിരുന്നതിനാല്‍ ടോക്കിലേക്കുള്ള വഴിയെങ്ങാനും തെറ്റിയോന്ന് സംശയിക്കുന്നുണ്ടാകും. ഇല്ല്യ... പക്ഷെ ടോക്കിലേക്ക് നേരെ പോകുന്നതിന് പകരം ചിക്കെനില്‍ ഇറങ്ങി. പത്തിരിയും കോഴിക്കറിയും കഴിക്കാനാണെന്ന് തെറ്റിദ്ധരിക്കരുത്, ഇതൊരു സ്ഥലമാണ്. അധികം സംസാരമില്ലെങ്കിലും ചിക്കന്‍ അലാസ്കയോളം വരില്ല ടോക്ക്. ടെയ്ലര്‍ ഹൈവേയിലെ (അലാസ്ക റൂട്ട് 5) മൈല്‍ പോസ്റ്റ്‌ 66 ലെ ഒരു ചെറിയ ഗ്രാമമാണ് ചിക്കന്‍. വേനലിലെ ജനസംഖ്യ 23 പേരാണെങ്കില്‍ സെപ്റ്റംബർ മുതല്‍ മഞ്ഞുകാലം തീരുന്നത് വരെ 7 പേര്‍ മാത്രമായി കുറയുന്ന സ്ഥലമാണ്. ഇവിടെയെന്താ കാര്യമെന്നല്ലേ? സ്ഥലത്തിന്‍റെ പേര് മുതല്‍ കുറെയേറെ പ്രത്യേകതകള്‍ ഇവിടെയുണ്ട്. 


Duplicate Chicken - Ptarmigan

സ്വര്‍ണ്ണ ഖനനത്തിനായി ഇതിലെ പോയ ആളുകളാണ് ഈ സ്ഥലം കണ്ടെത്തിയത്. ചിലരൊക്കെ കൂടുതല്‍ ദൂരം മുന്നോട്ട് പോകാതെ ഇവിടെത്തന്നെയങ്ങ് കൂടി. കോഴിയോട് രൂപസാദൃശ്യമുള്ള പാര്‍മിജാന്‍ (Ptarmigan)പക്ഷികള്‍ ഒരുപാടുണ്ട് ചിക്കനില്‍. പാര്‍മിജാന്‍ എന്നെഴുതാന്‍ അറിയാതെ, ആകെ എഴുതാന്‍ അറിയാവുന്ന 'ചിക്കന്‍' എന്നെഴുതി ഈ നാടിന് അവരൊരു പേരിട്ട് എഴുത്ത് കുത്തുകള്‍ തുടങ്ങി. അങ്ങിനെ പാര്‍മിജാന്‍ പേര് മാറി ചിക്കനായി. ഇനിയുമുണ്ട് അവിടെ കുറെയേറെ കാര്യങ്ങള്‍. "സൂപ്പര്‍സ്റ്റാര്‍ ആരെന്ന് കേട്ടാല്‍...." പാട്ടില്‍ ഒരുത്തരമുണ്ട്, എന്നാല്‍ ചിക്കനില്‍ ഒന്നിലേറെ സ്റ്റാറുകളുണ്ട്. 



 പൊരിച്ച കോയീന്‍റെ മണം....

1927 ല്‍ ചിക്കനില്‍ ടീച്ചറുടെ ജോലി കിട്ടി വരുന്ന 19 വയസ്സുള്ള പെണ്‍കുട്ടിയാണ് ആനി ഹോബ്സ്. ആനിയുടെ അതിജീവനത്തിന്‍റെ കഥ പുറംലോകം അറിയുന്നത് ‘ടിഷ’ എന്ന പുസ്തകത്തിലൂടെയാണ്. റോബര്‍ട്ട്‌ സ്പെച്ചെന്ന എഡിറ്ററോട് ആനി സ്വന്തം  കഥ പറയുകയാണ്‌. മിസോറിയില്‍ ജനിച്ചുവളര്‍ന്ന ആനി ഒര്‍ഗിയോണില്‍ ജോലി ചെയ്യുമ്പോഴാണ് അലാസ്കയില്‍ പഠിപ്പിക്കാനുള്ള അവസരം ലഭിക്കുന്നത്. ആവി കപ്പലില്‍ ആനി യുകോണ്‍ നദി കടന്ന് ഈഗിളില്‍ എത്തുന്നു.


Photo Courtesy: Google Image

നൂറ് കി.മി അകലെയുള്ള സ്വര്‍ണ്ണഖനിക്കാരുടെ കോളനിയായ ചിക്കനിലെ സ്കൂളിലാണ് ആനിക്ക് ജോലി കിട്ടിയിരിക്കുന്നത്. അവിടെയെത്തണമെങ്കില്‍  പാക്ക് ട്രെയിനിനെ ആശ്രയിക്കണം. മനുഷ്യരെയും സാധനങ്ങളെയും കൊണ്ട് പോകുന്ന  കുതിരകളുടെയും  കോവര്‍കഴുതകളുടെയും നീണ്ട നിരയാണ് പാക്ക് ട്രെയിന്‍. നാല് ദിവസത്തെ യാത്രയിലെ ദുരിതങ്ങളോ, അലാസ്കയുടെ വിജനതയോ, വന്യമായ കാലാവസ്ഥയെ കുറിച്ചൊന്നും ഈ പെണ്‍കുട്ടിക്ക് യാതൊരറിവുമില്ലായിരുന്നു. പാക്ക് ട്രെയിന്‍ യാത്രയില്‍ ആനിക്ക് കിട്ടുന്ന കൂട്ടാണ് മി. സ്ട്രോങ്ങ്‌. 

ടിഷയെന്ന പുസ്തകത്തില്‍ മി.സ്ട്രോങ്ങിനെ കുറിച്ച് പരാമര്‍ശമുണ്ട്. ഇടയ്ക്കിടയ്ക്ക് ഓരോ സ്ഥലങ്ങളില്‍ നിര്‍ത്തി നിര്‍ത്തിയാണ് പാക്ക് ട്രെയിനിന് മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നുള്ളൂ. കുതിരപ്പുറത്തുള്ള യാത്രയും എല്ല് തുളക്കുന്ന തണുപ്പും ആനിയെ തളര്‍ത്തി. ക്ലേശമെല്ലാം സഹിച്ച് ചിക്കനിലെത്തിയപ്പോഴാകട്ടെ അവിടെയും സ്ഥിതി മറിച്ചായിരുന്നില്ല. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത ചിക്കനില്‍ ആനിയുടെ സഹായത്തിനെത്തുന്നത് എസ്കിമോകളാണ്. ഗോത്ര വംശമായ ഇന്ത്യക്കാരോടും എസ്കിമോകളോടും വെളുത്ത വര്‍ഗക്കാരായ ഖനി തൊഴിലാളികള്‍ കാണിക്കുന്ന വിവേചനപരമായ പെരുമാറ്റങ്ങള്‍ ആനിയെ വേദനിപ്പിച്ചു. അനീതിക്കെതിരെ ശബ്ദിച്ചു കൊണ്ട് ആനിയെന്ന പെണ്‍കുട്ടിയും വളര്‍ന്നു.


ഒരു വിധം സമാധാനപരമായി പത്ത് കുട്ടികളെയും വച്ച് സ്കൂള്‍ നടത്തി കൊണ്ട് പോകുമ്പോഴാണ് ഗോത്രവംശത്തിലെ ‘ചക്ക്’ പഠിക്കാന്‍ എത്തുന്നത്. സംസാരശേഷി കുറവുള്ള ചക്കിന് ടീച്ചറെന്നു വിളിക്കാന്‍ പ്രയാസമായിരുന്നു. ടിഷയെന്നാണ് അവന്‍ ആനിയെ വിളിച്ചത്. അങ്ങിനെ അത് ടിഷയുടെ സ്കൂളായി. ഖനി തൊഴിലാളികളുടെ കണ്ണിലെ കരടായ ആനിക്ക് മറ്റൊരു എതിര്‍പ്പും നേരിടേണ്ടിയിരുന്നു. സ്കൂളില്‍ പെയിന്റ് അടിക്കാനും മറ്റ് സഹായങ്ങള്‍ക്കുമായി വന്ന എസ്കിമോ ചെറുപ്പകാരനുമായി ആനി അടുപ്പത്തിലായി. 

ആനിയെ ഇഷ്ടമായിരുന്നെങ്കിലും പ്രണയത്തോട് ഗോത്രവംശക്കാര്‍ മുഖം കറുപ്പിച്ചു. ഒടുവില്‍ എല്ലാത്തിനോടും ഒറ്റയ്ക്ക് പൊരുതി ആനിയും കൂട്ടുകാരനായ ഫ്രെഡും ഈഗിളില്‍ വച്ച് വിവാഹിതരാവുകയും പത്ത് ഗോത്രകുട്ടികളെ ദത്തെടുത്തു വളര്‍ത്തുകയും ചെയ്തു. 1965 ല്‍ ഫ്രെഡ് ആനിയേയും കുട്ടികളെയും തനിച്ചാക്കി ഈ ലോകത്തോട്‌ വിട പറഞ്ഞു. ദത്തെടുത്ത പത്ത് കുട്ടികളില്‍ ഒരാള്‍ ചകായിരുന്നു. പക്ഷെ മുതിര്‍ന്നപ്പോള്‍ ചക്കിന് ടി.ബി. പിടിപ്പെട്ട് മരണത്തിന് കീഴടങ്ങി. മറ്റ് കുട്ടികളെല്ലാം ജോലിക്കാരായി രാജ്യത്തിന്‍റെ പല ഭാഗങ്ങളിലേക്ക് ചേക്കേറി. ആനി കുറേക്കാലം ലിനെന്ന മകളോടൊപ്പം ചിക്കനില്‍ താമസിച്ചിരുന്നു. 1987ലാണ് ആനിയുടെ മരണം രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ്ണഖനികള്‍ ആളുകളെ കൈയൊഴിഞ്ഞപ്പോള്‍ ചിക്കനും വിജനമായി.

ടിഷക്കിന്നും വായനക്കാരുണ്ട്. വായിച്ചറിഞ്ഞ് പോയതാണെങ്കിലും പെര്‍മാഫ്രോസ്റ്റില്‍ ഇളകിയാടുന്ന ടിഷയുടെ സ്കൂളും, താമസിച്ചിരുന്ന വീടും കാണാനെനിക്ക് കഴിഞ്ഞില്ല. മൈക്കിന്‍റെ ചിക്കന്‍ ഗോള്‍ഡ്‌ ക്യാമ്പാണ് ഇതെല്ലാം സംരക്ഷിക്കുന്നത്. അവിടെക്കുള്ള സന്ദര്‍ശക സമയം ഞങ്ങളെത്തുമ്പോഴേക്കും കഴിഞ്ഞിരുന്നു. ഇനിയൊരിക്കല്‍ വരുമ്പോളെനിക്ക് ചക്ക് പഠിച്ച മുറിയിലിരുന്ന് ടിഷ വായിച്ച് ആനിയെ അറിയണം...                                          (തുടരും)
                                                                                                                                                            

6 comments:

  1. 'ഗോൾഡ് റഷ്' എന്നൊരു പ്രതിഭാസത്തെ കുറിച്ച് വായിച്ചിട്ടുണ്ട്. ഭൂമിക കാണാൻ വെയ്റ്റ് ചെയ്യുന്നു...

    ചിത്രങ്ങൾ വളരെ നന്ന്...!

    ReplyDelete
    Replies
    1. ഞങ്ങള്‍ എല്ലാ ഭാഗത്തും എത്തിയോന്നറിയില്ല... നന്ദി ലാസ്സര്‍

      Delete
  2. ഹിസ്റ്ററി ക്ലാസ്സിലെ കഥയും ടിഷയുടെ കഥയും വായിച്ചാസ്വദിച്ചങ്ങനെ......
    ഫോട്ടോകളും നന്നായി
    ആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹം തങ്കപ്പന്‍ ചേട്ടാ... :)

      Delete
  3. ടിഷക്കിന്നും വായനക്കാരുണ്ട് ...
    ആനിയുടെ പ്രണയവും ജീവിതകഥയും
    ഒരു നാടോടിക്കഥ പോലെയാണ് ഈ പടിഞ്ഞാറൻകാർക്ക് .
    ഈ കഥയും പരിസരങ്ങളും മുബി വായക്കാർക്ക് കൂടി പരിചയപ്പെടുത്തിയതിൽ
    ഏവരും മുബിയോട് കടപ്പെട്ടിരിക്കും കേട്ടോ

    ReplyDelete
  4. ടിഷയുടെ സ്കൂളും നാട്ടിന്‍പുറം പോലെയുള്ള കാഴ്ചകളും എല്ലാം മനോഹരം മുബീ...

    ReplyDelete