Wednesday, October 19, 2016

പാതി കണ്ട കിനാവ്‌..

കരമാര്‍ഗ്ഗം ആര്‍ട്ടിക് സര്‍ക്കിള്‍ കടന്ന് ആര്‍ട്ടിക് സമുദ്രത്തിനടുത്തെത്താന്‍ കാനഡയില്‍ നിന്ന് ആകെയൊരു വഴിയേയുള്ളൂ. ആ വഴിയിലൂടെ ഒരു യാത്ര... അതൊരു സ്വപ്നമായിരുന്നു. രണ്ടേരണ്ട് വാക്കിലൊതുങ്ങുന്ന ആ സ്വപ്നമാണ് ഞങ്ങളുടെ മുന്നില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നത്. ഡംപ്സ്റ്റര്‍ ഹൈവേ!!ആര്‍ക്ക് മുന്നിലും അത്ര പെട്ടെന്ന് കീഴടങ്ങാത്ത പരുക്കന്‍ പ്രകൃതം. "Rough and Tough". തേച്ചുമിനുക്കിയ ഇവിടുത്തെ സാധാരണ റോഡുകളില്‍ നിന്ന് വ്യത്യസ്തമായി മുഖംമിനുക്കാത്ത ചരല്‍ റോഡാണ് ഡംപ്സ്റ്റര്‍ ഹൈവേയില്‍. ഇമ്മാനുവേല്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു, Be respectful to the D.Hwy..."  


Road to the Arctic- Dempster Hwy
ഡവ്സണിലെ ക്ലോണ്ടിക് ഹൈവേയില്‍ നിന്ന് ഇനുവിക്ക് വരെയുള്ള 737.5കി.മി ദൂരത്തില്‍ ഈ ഹൈവേയിലെ ഏറ്റവും അടുത്ത സര്‍വീസ് സ്റ്റേഷന്‍ 370കി.മി അകലെയാണ്. അതാണ്‌ ഈഗിള്‍ പ്ലേയ്ന്‍. അത് വരെ എത്തിയാല്‍ എവ്ലിന്‍ നടത്തുന്ന മോട്ടലും, ഗ്യാസ് സ്റ്റേഷനും, എയര്‍സ്ട്രിപ്പും ആര്‍. വി ക്യാമ്പ്‌സൈറ്റും, വാര്‍ത്താവിനിമയ സൗകര്യങ്ങളും യാത്രികര്‍ക്ക് ലഭ്യമാണ്. എന്നാല്‍ അവിടെയെത്തുന്നത് വരെ വഴി തീര്‍ത്തും വിജനമാണ്. വന്യമായ കാടും, റോഡിലേക്ക് കയറി വരുന്ന ഗ്രിസിലി കരടികളും, മൂസുകളും, മാനുകളും മാത്രമേ തുണയുണ്ടാവൂ. എട്ടടിയോളം നീളവും എഴുന്നൂറ് പൗണ്ടിലധികം തൂക്കവുമുള്ള ഗ്രിസിലി കരടികള്‍ വേനലില്‍ സ്വൈരവിഹാരം നടത്തുന്ന ഹൈവേയാണ്. വര്‍ഷത്തിലെ ആദ്യത്തെ മഞ്ഞ് വീഴ്ച കഴിഞ്ഞാലുടനെ റെയിന്‍ ഡിയറുകള്‍ (Caribou) കൂട്ടത്തോടെ ഡംപ്സ്റ്റര്‍ ഹൈവേയിലൂടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോകും. ഹൈവേ ഈ സമയത്തൊരു കരിബൂ കടലായി മാറും... 


It's a wild dream
കാണാന്‍ ഓമനത്തമുണ്ടെങ്കിലും ഗ്രിസിലികളുടെ സ്വഭാവം അത്ര നന്നല്ലാട്ടോ. ചില നേരത്ത് വളരെ ശാന്തരായി നടക്കുമെങ്കിലും മിക്കപ്പോഴും അതിന്‍റെ സ്വഭാവം അതിന് തന്നെ പിടിക്കാത്ത പോലെയാണ്. പ്രത്യേകിച്ച് ഇഷ്ട വിഭവമായ സോപ്പ് ബെറിയൊക്കെ കായ്ച്ച് നിക്കണ സമയത്തും, അമ്മയും മക്കളും നടക്കാനിറങ്ങുമ്പോഴുമൊക്കെ ഗ്രിസിലികള്‍ അക്രമാസക്തരാകും. അതോണ്ട് ഈ ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ മൂപ്പരെ വഴിയില്‍ വച്ച് കണ്ടാല്‍ ഭക്ഷണം കൊടുത്ത് ഓമനിക്കാന്‍ നില്‍ക്കരുത്... ഈ ഭാഗങ്ങളില്‍ ഹൈക്കിങ്ങിന് പോകുമ്പോള്‍ പെപ്പര്‍ സ്പ്ര, വിസില്‍, വടി തുടങ്ങിയ ആയുധങ്ങള്‍ കൈയില്‍ കരുതണമെത്രേ. സമയമായില്ലെന്ന് തോന്നുന്നു,ഞങ്ങളിതുവരെ തമ്മില്‍ കണ്ടിട്ടില്ല. എന്നാല്‍ ഇതേ സമയത്ത് ഞങ്ങളുടെ ചെറിയ മകന്‍ കുട്ടികള്‍ക്കുള്ള ആര്‍മി കേഡറ്റ് ട്രെയിനിംഗിന്‍റെ ഭാഗമായി ആല്‍ബര്‍ട്ടയിലെ വൈപാറൌസ് (Waiparous Village, Alberta)വില്ലേജിലായിരുന്നു താമസിച്ചിരുന്നത്. കുട്ടികളുടെ ബേസ് ക്യാമ്പില്‍ ഗ്രിസിലി വിവരമന്വേഷിക്കാന്‍ ചെന്നിരുന്നൂത്രേ! അങ്ങോട്ട്‌ പോകേണ്ട വല്ല കാര്യവുമുണ്ടോ അതിന്? 


Yaseen on the trail- Banff National Park (Molar Pass), Alberta 
ഡംപ്സ്റ്റര്‍ ഹൈവേയിലേക്ക് കയറുന്നതിന് മുന്നേ കുറച്ച് കാര്യങ്ങള്‍ കൂടി അറിയുന്നത് നല്ലതാണ്. അവിടെ വച്ച് അപകടമുണ്ടായാല്‍ എമര്‍ജെന്‍സി സര്‍വിസുകള്‍ ലഭ്യമാകാന്‍ മണിക്കൂറുകളോ, ദിവസങ്ങളോ എടുക്കും.  ഡംപ്സ്റ്റര്‍ ഹൈവേയുടെ പ്രധാന ഭക്ഷണം വാഹനങ്ങളുടെ ടയറാണ്. അതിലൂടെ പോകുന്നെങ്കില്‍ സ്റ്റെപ്പിനി കൂടാതെ ഒന്നോ രണ്ടോ ടയറുകള്‍ അധികമായി കരുതണം. വിശപ്പും ദാഹവും ഹൈവേയാണെങ്കിലും ഉണ്ടാവും. അപ്പോള്‍ ടയര്‍ മാത്രം പോരാ, ഇന്ധനവും കൂടുതല്‍ വേണം. ഇത് രണ്ടും നിര്‍ബന്ധമായും വേണ്ടതാണ്. റെന്റ്-എ-കാര്‍ എടുക്കുമ്പോള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഞങ്ങള്‍ക്ക് കിട്ടിയ വാഹനത്തില്‍ എക്സ്ട്രാ ടയറില്ലായിരുന്നു. പിന്നെ ഡംപ്സ്റ്റര്‍ ഹൈവേയിലേക്ക് പോകുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ഈവക പ്രശനങ്ങളൊക്കെ കൂട്ടിയും കിഴിച്ചുമൊടുവില്‍ ഞങ്ങള്‍ തീരുമാനത്തിലെത്തി. നനഞ്ഞ സ്ഥിതിക്ക് ഇനി...


Dominik from Belgium - Hero!
ഡവ്സൺ സിറ്റിയില്‍ നിന്ന് ഡംപ്സ്റ്റര്‍ ഹൈവേയിലേക്ക് തിരിയുന്ന റോഡിലെ അവസാനത്തെ പെട്രോള്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് ഡൊമിനിക്കിനെ കണ്ടത്. ആളില്ലാത്ത പെട്രോള്‍ സ്റ്റേഷനായിരുന്നു. അവിടെ ഇന്ധനം നിറക്കാന്‍ കഴിയാതെ നില്‍ക്കുകയാണ്‌ കക്ഷി. ആവശ്യം നമുക്കാണല്ലോ, ചെറിയ സ്പാനറും വലിയ സ്പാനറും ഒക്കെ എടുത്ത് ഹുസൈന്‍ ഇറങ്ങി. അവര്‍ പെട്രോള്‍ ഫില്ലിംഗിന്‍റെ ലോക്ക് ശരിയാക്കുമ്പോള്‍ ഞാന്‍ ഡൊമിനിക്കിന്‍റെ ബൈക്കിനെ വലംവെക്കുകയായിരുന്നു. ബെല്‍ജിയമാണ് ഡൊമിനിക്കിന്‍റെ സ്വദേശം. അവിടെന്ന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്‌ ഇറങ്ങിയതാണ്. അര്‍ജന്റീനയില്‍ പോയി വടക്കേ അമേരിക്കയുടെ വെസ്റ്റ്-കോസ്റ്റ് ഒക്കെ കറങ്ങി അലാസ്കയിലൂടെ ആര്‍ട്ടിക്കില്‍ പോയിട്ടുള്ള വരവാണ്. തിരിച്ച് അര്‍ജന്റീനയിലേക്കാണ്, അതിനിടക്ക് ഞങ്ങളെ കാണുകയെന്ന നിയോഗം കൂടെ ബാക്കിയുണ്ടാകും... 

കുടുകുടു ശബ്ദമുണ്ടാക്കി പാഞ്ഞ് പോകുന്ന ബൈക്ക് യാത്രികരെ ഭയം കലര്‍ന്ന ആരാധനയോടെ നോക്കുന്നെനിക്ക്‌ ഡൊമിനിക് ബൈക്ക് യാത്രയെക്കുറിച്ചും, അയാളുടെ ബൈക്കും അതിന്‍റെ അരികിലുള്ള പെട്ടികളും സാധനങ്ങളുമൊക്കെ കാണിച്ച് തന്ന് ക്ഷമയോടെ എന്‍റെ മരമണ്ടന്‍ സംശയങ്ങള്‍ തീര്‍ത്തു തന്നു. "Notorious, The Dark Roasted" എന്നൊക്കെ വിശേഷിപ്പിക്കുന്ന പനാമ-കൊളംബിയ അതിര്‍ത്തിയായ ഡാരിയന്‍ ഗാപ്‌(Darien Gap)കടന്നതൊക്കെ വിവരിച്ചത് കേട്ട് ഞാന്‍ അയാളുടെ ഫാനായി. ഭൂപടങ്ങളില്‍ യാത്രാവഴികള്‍ പരസ്പരം നോക്കി “safe drive” എന്നാശംസിച്ച്‌ ഞങ്ങള്‍ പിരിയുമ്പോള്‍ ഡൊമിനിക് ബൈക്ക് ആരാധികക്കൊരു കാര്‍ഡ്‌ ഒപ്പിട്ട് തരികയും ചെയ്തു. ഡയറിയില്‍ ബ്ലോഗ്‌ ഐഡി കുറിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടാണ് ഡൊമിനിക് അത്ഭുതപ്പെടുത്തിയത്. മലയാളത്തിലാണ് മനസ്സിലാവില്ലാന്നൊക്കെ പറഞ്ഞിട്ടും രക്ഷയുണ്ടായില്ല. എന്തായോ എന്തോ? 


No words to explain the beauty
ഡംപ്സ്റ്റര്‍ ഹൈവേക്ക് എന്താണ് ഇത്ര പ്രത്യേകതയെന്നല്ലേ? കട്ടിയുള്ള ഐസിന് മുകളിലാണ് റോഡ്‌. മണ്ണിട്ട്‌ ഉയര്‍ത്തിയ ഐസ് റോഡില്‍ നാലടിയില്‍ കൂടുതല്‍ കട്ടിയില്‍ ചരലിട്ട് അമര്‍ത്തിയിരിക്കുകയാണ്. ഈ ചരല്‍ പാഡാണ് താഴെയുള്ള പെര്‍മാ ഫ്രോസ്റ്റിനെ സംരക്ഷിക്കുന്നത്. ഇല്ലെങ്കില്‍ ഐസ് ഉരുകി റോഡ്‌ താഴും. ഇത് പോലെയുള്ള റോഡില്‍ ടാര്‍ ചെയ്യാന്‍ പറ്റില്ല. പ്രത്യേക തരം നിര്‍മ്മിതിയാണ്‌. മഞ്ഞുകാലത്ത് റോഡിനടിയില്‍ നിന്ന് ഐസ് പൊങ്ങി വന്ന് ഹമ്പ് ഉണ്ടാക്കും. മഞ്ഞായാലും വെയിലായാലും ഹൈവേ പ്രശ്നക്കാരന്‍ തന്നെയാണ്. നിശബ്ദതക്ക് പോലും നിശബ്ദതയുണ്ടെന്ന് അതിലൂടെ യാത്ര ചെയ്‌താല്‍ മനസ്സിലാവും. 12-16 മണിക്കൂറാണ് പരിചയസമ്പന്നരുടെ ഹൈവേ ഡ്രൈവിംഗ് സമയം.

ഡവ്സണില്‍ നിന്ന് ഇനുവിക്ക് വരെയുള്ള ഹൈവേയുടെ ബാക്കി ഭാഗം 2017ല്‍ കാനഡയുടെ 150 പിറന്നാളിന് തുറക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ഇനുവിക്കിലെത്തിയാല്‍ മെക്കെന്‍സീ നദിയിലൂടെ ആര്‍ട്ടിക് സമുദ്രത്തിന്‍റെ ഭാഗമായ ബ്യുഫോര്‍ട്ട്‌കടലിത്തീരത്തുള്ള ടുക്ക്റ്റോയാക്ടുക് ഗ്രാമത്തിലെത്തണമെങ്കില്‍ ബോട്ടുപയോഗിക്കണം. ബോട്ടില്‍ പോകാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് വിമാനമാര്‍ഗ്ഗം ടുക്കിലേക്ക് പോകാം. ഈ സൗകര്യങ്ങള്‍ വേനല്‍ക്കാലത്താണ്. ശൈത്യകാലത്ത് മെക്കെന്‍സീ നദി തണുത്തുറച്ച് ഐസായാല്‍ വാഹനത്തില്‍ തന്നെ ഐസ് റോഡിലൂടെ വണ്ടിയോടിച്ച് ടുക്കിലെത്താം. "വേനലില്‍ റോഡില്ല, മഞ്ഞു കാലത്ത് റോഡുണ്ട്" എന്ന സ്ഥിതിയാണ് ഹൈവേയുടെ പണി പൂര്‍ത്തിയാകുന്നതോടെ മാറുന്നത്. 


Cycling in Dumpster Hwy
മഞ്ഞു കാലത്ത് മാത്രമേ റോഡ്‌ പണി നടക്കൂ എന്നതിനാലാണ് 2014ല്‍ തുടങ്ങിയ പ്രൊജക്റ്റ്‌ ഇത്രയും നീണ്ടത്. 300 മില്യണ്‍ ഡോളര്‍ ചിലവില്‍ നിര്‍മ്മിക്കുന്ന ഹൈവേയുടെ സംരക്ഷണത്തിന് ഓരോ കൊല്ലവും സര്‍ക്കാര്‍ ചിലവിടുന്നത്‌ രണ്ട് മില്ല്യൺ ഡോളറിനടുത്താണ്. മണ്ണിനടിയിലെ പെര്‍മാഫ്രോസ്റ്റും, കാറ്റും കാരണം മരങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ഞും ചെരിഞ്ഞും കാല് നിലത്തുറക്കാത്ത തരം നില്‍പ്പാണ്. എല്ലാംകൂടി മറിഞ്ഞുകെട്ടി വീഴുമെന്ന് തോന്നും കണ്ടാല്‍. ഒഗ്ലിവീ(Oglivie), റിച്ചാര്‍ഡ്‌സണ്‍ മലനിരകള്‍ക്കിടയിലൂടെയാണ് ഹൈവേ. ഉള്ളിലേക്ക് പോകുന്തോറും മരങ്ങള്‍ കുറഞ്ഞ് ആകാശം വലുതാകും. ആല്‍പൈന്‍-ടുണ്ട്രാ ഭൂപ്രകൃതിയാണ്. വഴിയില്‍ പല നിറത്തില്‍ കാട്ടു പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നുണ്ട്. ഡ്യൂപ്ലിക്കേറ്റ്‌ ചിക്കനായ പാര്‍മിജാന്‍ അവക്കിടയിലൂടെ ഓടി നടക്കുന്നു. കാറ്റിന്‍റെ ചൂളംവിളി മാത്രമാണാകെ കേള്‍ക്കുന്നത്. വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവാത്ത അനുഭവമാണ്... ഹൈവേയുടെ തുടക്കത്തിലെ ഇങ്ങിനെയാണ്‌ അപ്പോള്‍ ആര്‍ട്ടിക് സെര്‍ക്കിളില്‍ എത്തിയാലെന്തായിരിക്കും! 


ഗ്രിസ്‌ലികള്‍ ഓടി കളിക്കുന്നിടത്ത് മീന്‍ പിടിച്ചു രസിക്കുന്നു...
മുപ്പത്തിനാല് വയസ്സായ ഈ ഹൈവേക്കൊരു കഥയുണ്ട്. കാനഡയുടെ നോര്‍ത്ത്-വെസ്റ്റ് ടെറിട്ടറികളുടെ സംരക്ഷകരായ മൌണ്ടി പോലീസ് എല്ലാ വര്‍ഷവും മഞ്ഞുകാലത്ത് ഡവ്സണില്‍ നിന്ന് ഫോര്‍ട്ട്‌ മക്ഫേര്‍സണിലേക്ക് നായ്ക്കളെയും കൂട്ടി സ്ലെജില്‍ പട്രോളിംഗ് നടത്താറുണ്ട്‌. 1905 മുതലുള്ള പഴയൊരു വഴിയാണ് പിന്നീട് പുതുക്കി ഹൈവേയായത്‌. 1910 ഡിസംബറില്‍ പതിവ് പോലെയുള്ള പട്രോളിംഗിന് പോയ നാലംഗത്തിന് വഴി തെറ്റി. തണുപ്പും വിശപ്പും കൊണ്ട് തളര്‍ന്ന പോലീസുകാര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. രണ്ട് മാസം കഴിഞ്ഞിട്ടും ഇവരെ കാണാതായപ്പോള്‍ തിരഞ്ഞു പോയ സംഘത്തെ നയിച്ചത് W.J.D. Dempster എന്ന സഹസീകനായ ഇന്‍സ്പെക്ടറായിരുന്നു. ഒരു മാസത്തിനുള്ളില്‍ മരണമടഞ്ഞ സുഹൃത്തുക്കളുടെ മൃതദേഹവുമായി ഡംപ്സ്റ്റര്‍ സംഘം തിരിച്ചെത്തി. ഡംപ്സ്റ്റര്‍ സംഘത്തിന്‍റെ വഴികാട്ടിയായിരുന്ന ചാള്‍സ് സ്റ്റെവാര്‍ട്ടെന്ന ഗോത്രവംശകന്‍റെ പേരും സേവനവും പോലീസ് സേനയുടെ നേട്ടത്തിനൊപ്പം പരാമര്‍ശിക്കാതെ ഈ ചരിത്രം മുഴുവനാകില്ല.

ഉത്തരധ്രുവത്തിന്‍റെ കാവല്‍ക്കാരനെന്നു സ്വയം വിശേഷിപ്പിച്ച ഹാരി വാള്‍ഡ്രോണിനെ കുറിച്ചും പറയാം. ഖനനതൊഴിലാളിയായി യുകോണിലെത്തിയ ഹാരി പിന്നീട് റോഡ്‌ നിര്‍മ്മാണ മേഖലയിലേക്ക് മാറി. ഈഗിള്‍ പ്ലേയിനില്‍ തമ്പടിച്ച്  ഡംപ്സ്റ്റര്‍ ഹൈവേ നിരപ്പാക്കുന്ന പണിയായിരുന്നു ഹാരിക്ക് സ്ഥിരം കിട്ടിയിരുന്നത്. യുകോണിനെ സ്നേഹിച്ച പോലെ ഹാരി ഡംപ്സ്റ്റര്‍ ഹൈവേയും സ്നേഹിച്ചു. ടൂര്‍ ഗൈഡായ സുഹൃത്തിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരിക്കല്‍ കുറച്ച് ടൂറിസ്റ്റുകള്‍ക്ക് ഡംപ്സ്റ്റര്‍ കഥകള്‍ പറഞ്ഞ് കൊടുത്തതോടെ ഹാരിയുടെ ജീവിതം വഴി മാറി. 1983 മുതല്‍ 1990ല്‍ അസുഖബാധിതനായി വൈറ്റ്ഹോര്‍സിലേക്ക് പോകുന്നത് വരെ ഹാരി ആര്‍ട്ടിക് സര്‍ക്കിളിന്‍റെ കാവല്‍ക്കാരനായി. ടോപ്‌ ഹാറ്റും, കോട്ടുമണിഞ്ഞ്‌, വടിയും പിടിച്ച് ഷാംപെയിനും നുണഞ്ഞ് ആടുന്ന കസേരയിലിരിക്കുന്ന ഹാരിയെ കണ്ടവരാരും മറന്നില്ല. യുകോണ്‍ ടൂറിസം അധികൃതര്‍ ഗുഡ്-വില്‍ അംബാസഡറായി ഹാരിയെ അംഗീകരിക്കുകയുണ്ടായി. 2010ല്‍ മരണപ്പെട്ടപ്പോള്‍  ഹാരിയുടെ ചിതാഭസ്മം ആര്‍ട്ടിക് സര്‍ക്കിളില്‍ വിതറുകയാണത്രേ ചെയ്തത്.


Harry Waldron - Pic Courtesy: Google Images 

ഡംപ്സ്റ്റര്‍ ഹൈവേയുടെ അടുത്തെത്തി, ഇനി കാണാതെ പോകുന്നതെങ്ങിനെ... ഞങ്ങള്‍ രണ്ടും കല്‍പ്പിച്ച് ഹൈവേയിലേക്ക് കയറി. റോഡും, കാടും നമുക്ക് സ്വന്തം. ഞങ്ങള്‍ക്ക് കൂട്ടായി അപ്പോള്‍ വേറെയാരുമുണ്ടായിരുന്നില്ല. ആദ്യായിട്ടല്ലേ സ്പീഡ് അറുപതിന് മുകളില്‍ കൂടരുതെന്ന തദേശവാസികളുടെ ഉപദേശമനുസരിച്ച് വളരെ പതുക്കെയാണ് പോക്ക്. രണ്ട് വാഹനങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും കടക്കാനുള്ള വീതിയുണ്ട്.ഹൈവേയിലൂടെ 200 കിലോമീറ്ററെ പോകൂന്നൊക്കെ പറഞ്ഞത് രണ്ടാളും മറന്നു. സാറ്റലൈറ്റ് ഫോണില്ല, ടയറില്ല, പെപ്പര്‍ സ്പ്രേയില്ല, ഇന്ധനവുമില്ല, ആകെയുള്ളത് കാറും, ഞങ്ങളും മാത്രം...


Tombstone Territorial Park, Dumpster Hwy
ഹൈവേയിലൂടെ ഒരുമണിക്കൂറിലധികം ഡ്രൈവ് ചെയ്‌താല്‍ ടോംബ്സ്റ്റോണ്‍ ടെറിട്ടോറിയല്‍ പാര്‍ക്കിലെത്തും. ഫസ്റ്റ് നേഷന്‍സിന്‍റെ പരമ്പരാഗത പ്രദേശമാണ്. അവര്‍ക്കാണ് 2200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ പാര്‍ക്കിന്‍റെ സംരക്ഷണാവകാശം. പാര്‍ക്കിന്‍റെ ഓഫീസില്‍ കയറി അവിടെയുള്ള ഒരു സ്റ്റഡി ക്ലാസ്സില്‍ പങ്കെടുത്തു. മുയലിന്‍റെ കുടുംബത്തില്‍പ്പെട്ട പിക്ക/റോക്ക് റാബിറ്റിനെ കുറിച്ചും ഓഫീസര്‍ പറഞ്ഞു തന്നു. സുവോളജിക്കാരായ ഞങ്ങള്‍ക്ക് വീണ്ടും സുവോളജി ക്ലാസ്സിലിരിക്കുന്ന പ്രതീതിയായിരുന്നു. വാലില്ലാത്ത പിക്കയുടെ നിറം അവിടുത്തെ പാറകളുടെ പോലെ ഒരു ചാര നിറമാണ്. കണ്ടുകിട്ടാന്‍ പ്രയാസമുള്ള പിക്കയെ ഉപദ്രവിക്കുന്നത് ലക്ഷണക്കേടായിട്ടാണ് ഗോത്രവംശര്‍ കണക്കാക്കുന്നത്.


Pika - Rock Rabbit / Photo: Google Image

പാര്‍ക്കിലെ ഹൈക്കിംഗ് ട്രെയിലുകളുടെ പ്രത്യേകതയും, എടുക്കേണ്ട മുന്‍കരുതലുകളും കാണാന്‍ സാധ്യതയുള്ള മൃഗങ്ങളെ കുറിച്ചൊക്കെയാണ് പിന്നെ വിവരിച്ചത്. നല്ലൊരു ക്ലാസ്സായിരുന്നു. ഒരു ദിവസത്തെ ഹൈക്കിംഗായാലും, കുറച്ച് ദിവസം നീണ്ടു നില്‍ക്കുന്ന ബാക്ക് കണ്‍ട്രി ഹൈക്കിംഗായാലും പാര്‍ക്ക് ഓഫീസില്‍ പറയാതെ പോകാന്‍ പാടില്ല. എന്തെങ്കിലും പറ്റിയാല്‍ ഫോണ്‍ ചെയ്തു വിവരമറിയിക്കാനൊന്നും പറ്റില്ലല്ലോ. പാര്‍ക്കില്‍ നിന്നിറങ്ങി കുറച്ച് ദൂരം പോയപ്പോള്‍ സൈക്കിളില്‍ ഡംപ്സ്റ്റര്‍ ഹൈവേയിലൂടെ പോകുന്ന രണ്ടുപേരെ കണ്ടു. അവരെ കണ്ടതോടെ ഞങ്ങളുടെ ആവേശംമൂത്തു, പിന്നെയും നൂറു കിലോമീറ്റര്‍ ദൂരം കൂടി പോയിട്ടാണ് മനസ്സില്ലാമനസ്സോടെ തിരിച്ചു ഡവ്സണിലേക്ക് പോന്നത്. ഉത്തരധ്രുവത്തിലേക്കിനിയും ദൂരമുണ്ട്... ഹൈവേ മുഴുവനായി ആസ്വദിക്കാന്‍ രണ്ടു ദിവസം വേണമെന്നിരിക്കെ ഞങ്ങളുടെ ഈ മിന്നല്‍ പര്യടനം കൊണ്ട് ഒന്നുമായിട്ടില്ല. പാതി കണ്ട ഈ കിനാവ്‌ മനസ്സില്‍ അണയാതെ എരിയുകയാണ്...       (തുടരും..)
                                                                                                   

                                                
                                                                                           

14 comments:

 1. "പാതി കണ്ട കിനാവ് " പൂർത്തീകരിക്കട്ടെ. യാത്രാവിവരണങ്ങളും, ചിത്രങ്ങളും ഇഷ്ടമായി. ഇനിയും യാത്രകൾ തുടരട്ടെ.. ആശംസകൾ

  ReplyDelete
  Replies
  1. ഇപ്രാവശ്യം ഒട്ടും വൈകിച്ചില്ല ആദ്യം തന്നെ വായിച്ചൂലേ... സന്തോഷം ഗീത :)

   Delete
 2. 'വൈൾഡ് ലൈക്' എന്ന ചലച്ചിത്രം ഈയടുത്താണ് കണ്ടത്. ഇതേ ഭൂമിക - ഗ്രിസ്‌ലിയും പെപ്പർസ്പ്രേയും ഒക്കെയുണ്ട്...

  തുടരുക, പിന്തുടരുന്നു...

  ReplyDelete
  Replies
  1. അതെ, അതിലുണ്ട് അതെല്ലാം... നന്ദി

   Delete
 3. പോകെപ്പോകെ ഒരു സാഹസികയാത്രയുടെ ചേലുണ്ട്!
  ഇഷ്ടായി...
  ആശംസകള്‍

  ReplyDelete
  Replies
  1. ഒരു സാഹസം തന്നെയായിരുന്നു തങ്കപ്പന്‍ ചേട്ടാ!

   Delete
 4. ഈ ഹുസൈന്‍ ഒരു പുലിയാണല്ലോ

  ReplyDelete
  Replies
  1. എലിയാണെന്ന് പറഞ്ഞ് ചിരിക്കുന്നു :)

   Delete
 5. ഞാന്‍ വിചാരിച്ചു സ്റ്റെപ്പിനി ടയര്‍ ഇല്ലാതെ നിങ്ങള്‍ രണ്ടുപേരും ധ്രുവം കണ്ട് തിരിച്ചെത്തുമെന്ന്... എന്നാലും വല്ലാത്ത റിസ്കി യാത്രയായിപ്പോയി...

  ReplyDelete
  Replies
  1. വിനുവേട്ടാ, ഞങ്ങളുടെ കാറായിരുന്നെങ്കില്‍ പോയേനെ. ഇതിപ്പോ ആരാന്‍റെ മൊതലെടുത്തു കളിക്കുമ്പോള്‍ ഒരു മര്യാദയൊക്കെ വേണ്ടേ?

   Delete
 6. പാതി കണ്ട കിനാവൊക്കെ ശരി തന്നെ.ആ ചരൽ നിറഞ്ഞ വഴിയിലൂടെ ടയറിനെ അവഗണിച്ച്‌ പോയത്‌ അപാര ധൈര്യം തന്നെ.

  കാറിൽ പോകുന്നതിനെന്നാത്തിനാ ചേച്ചീ കുരുമുളക്സ്പ്രേ?

  (ഡയറിയില്‍ ബ്ലോഗ്‌ ഐഡി കുറിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടാണ് ഡൊമിനിക് അത്ഭുതപ്പെടുത്തിയത്. മലയാളത്തിലാണ് മനസ്സിലാവില്ലാന്നൊക്കെ പറഞ്ഞിട്ടും രക്ഷയുണ്ടായില്ല. എന്തായോ എന്തോ)? ..ഇനി ബ്ലോഗിൽ മനസ്സിലാകിയേലാത്ത ഭാഷയിൽ കമന്റ്‌ വരുമോ ആവോ?

  ReplyDelete
  Replies
  1. സുധി, വണ്ടി വഴിയില്‍ കേടു വന്ന് പുറത്തിറങ്ങി നില്‍ക്കേണ്ടി വരികയാണെങ്കില്‍ സ്വയം രക്ഷക്കാണ് ആ സ്പ്രേ! നിര്‍ത്തിയിട്ട വാഹങ്ങളുടെ അടുത്തും ഗ്രിസ്‌ലി വരും. ഡൊമിനിക്കിനെ അന്വേഷിക്കുന്നുണ്ട് ഞങ്ങള്‍...

   Delete
 7. വീണ്ടും മനോഹരമായ ഒരു 'എപ്പിസോഡ്‌ '
  സാഹസികമായ ഈ യാത്രകൾ തുടരുക
  ഞങ്ങൾ വായനക്കാരൊക്കെ കോരിത്തരിക്കട്ടെ ..

  ReplyDelete
  Replies
  1. ഓരോരോ പിരാന്തുകളാണ് മുരളിയേട്ടാ...

   Delete