Friday, October 21, 2016

രുചിക്കാന്‍ കാല്‍വിരല്‍ കോക്ക്‌ടെയിലും!


ഡംപ്സ്റ്റര്‍ ഹൈവേയില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ ആരോ ശക്തമായി പിന്നിലേക്ക്‌ പിടിച്ചു വലിക്കുന്നത് പോലെയായിരുന്നു ഞങ്ങള്‍ക്ക്. ടോംബ്സ്റ്റോൺ പാര്‍ക്കിലെ ഗ്രിസ്‌ലി ലെയ്ക് ട്രെയിലില്‍ രണ്ടുദിവസത്തെ ഹൈക്കിംഗ് സ്വപ്നമായി തന്നെ അവശേഷിക്കുകയാണ്. പിന്നെ ഉത്തരധ്രുവവും... കണ്ടെതെല്ലാം സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോന്ന് തീര്‍ച്ചയില്ലാതെ അനുഭവിച്ചതിന്‍റെ ലഹരിയില്‍ വാക്കുകള്‍ നഷ്ടപ്പെട്ട് ഞങ്ങളിരുന്നു. ഹൈവേയില്‍ നിന്ന് പുറത്തെത്തിയ ഉടനെ അടുത്തുള്ള സര്‍വീസ് സ്റ്റേഷനില്‍ കയറി വണ്ടിയെ പരിശോധിച്ചു. കാര്യമായ പരിക്കൊന്നും കാണാനില്ലായിരുന്നു. പക്ഷെ വെളുത്ത കാറ് ചേറിലും ചളിയിലും മുങ്ങി ഒരുമാതിരിപ്പെട്ട കോലമായിട്ടുണ്ട്. അത് കണ്ടാല്‍ കാറ് തന്ന മുതലാളിയുടെ നിറം മാറും. മൂന്ന് വട്ടം പവര്‍ വാഷ് ചെയ്ത് അതിനെ സുന്ദരനാക്കി താമസസ്ഥലത്തെ പാര്‍ക്കിങ്ങില്‍ കൊണ്ടിട്ടു. കുറച്ചു നേരം വിശ്രമിച്ച് വൈകുന്നേരം ഏഴു മണിയോടെയാണ് ഡവ്‌സണ്‍ കാണാന്‍ ഇറങ്ങിയത്‌. 

Colourful Dawson City

'Time is pickled in Dawson..'എന്ന് ഡവ്‌സണെ കുറിച്ച് കേട്ടത് ശരിയായിരുന്നു. കണ്ണില്‍ സ്വപ്നം നിറച്ച് പൊന്ന് വിളഞ്ഞ നാടിന്‍റെ ഓര്‍മ്മയില്‍ നടക്കുന്നവരെ വഴി നീളെ കാണാം. തിരക്ക് കുറഞ്ഞ തെരുവുകള്‍ക്കിരുവശത്തും പഴയ മട്ടിലുള്ള കടകളാണ്. അതില്‍ തുന്നല്‍ക്കടകള്‍, ഡാന്‍സ്ബാറുകള്‍, മദ്യശാലകള്‍, പത്രമോഫീസുകള്‍, ബാങ്കുകള്‍, വസ്ത്രാലയങ്ങള്‍, സ്വര്‍ണ്ണ കടകള്‍, പലചരക്കുകടകള്‍ വീടുകള്‍ എല്ലാമുണ്ട്. ഇന്ന് വിജനമായി കിടക്കുന്നുണ്ടെങ്കിലും പണ്ട് ഈ തെരുവുകളിലെ തിരക്ക് ഓര്‍ത്തുപോയി. ഒരായിരം കഥകളുടെ ഭാരവും താങ്ങി നില്‍ക്കുകയാണ് ഓരോ കെട്ടിടവും. ഒന്നും പൊളിച്ച് കളഞ്ഞിട്ടില്ല, സന്ദര്‍ശര്‍കരുടെ കാല്‍പ്പെരുമാറ്റങ്ങള്‍ മാത്രമാണ് ഇന്ന് ഡവ്‌സണ്‍ തെരുവുകളെ ജീവസ്സുറ്റതാക്കുന്നത്. സുവര്‍ണ്ണകാലം വീണ്ടും തിരികെയെത്തുമെന്ന പ്രതീക്ഷയോടെ നില്‍ക്കുകയാണ് മനുഷ്യരെ പോലെ ഈ കെട്ടിടങ്ങളുമെന്ന് തോന്നും.


Old is Gold

1922ല്‍ നിര്‍മ്മിച്ച്‌ അരനൂറ്റാണ്ടോളം യുകോണ്‍ നദിയിലൂടെ ഓടിത്തിമിര്‍ത്ത എസ്. എസ് കെനോയെന്ന ആവിക്കപ്പല്‍ തിരക്കൊഴിഞ്ഞ് കരയില്‍ നങ്കൂരമിട്ട് വിശ്രമ ജീവിതം നയിക്കുകയാണ്. അന്ന് കെനോയുടെ പോക്കുവരവുകള്‍ക്കനുസരിച്ചായിരുന്നു ഡവ്സണിലെ ആളുകളുടെ ജീവിതം. ഇന്ന് സന്ദര്‍ശകര്‍ കാണാന്‍ കയറുമ്പോള്‍ മാത്രമാണ് അതിലാളനക്കമുണ്ടാവുന്നത്. ചരിത്ര സ്മാരകമായി കെനോയെ നിലനിര്‍ത്തിയിരിക്കുകയാണ്. കെനോക്ക് ചുറ്റുമുള്ള പുല്‍ത്തകിടിയില്‍ ചരിത്രത്തിന്‍റെ പല കുറിപ്പുകളും ആളുകള്‍ക്ക് വായിച്ചറിയാന്‍ പാകത്തില്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. വായനക്കിടയില്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ അതുവരെ വായിച്ച കാലവും ചരിത്രവുമെന്നില്‍ നിന്നടര്‍ത്തിയെടുത്ത് കുസൃതി ചിരിയോടെ യുകോണ്‍ നദിയൊഴുകുന്നു... 


S.S. Keno
'If you are not close to the river you are lost...'നേറ്റീവ് ഇന്ത്യക്കാര്‍ നദികളെ കുറിച്ച് പറയുന്നതാണിത്. നദിതടസംസ്കാരങ്ങളെ എത്ര ഭംഗിയായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ഇതൊക്കെ ചിന്തിച്ചു കൂട്ടുമ്പോഴാണ് റോഡിന് എതിര്‍വശത്തുള്ള പഴകിയൊരു കെട്ടിടം ദൃഷ്ടിയില്‍ പതിഞ്ഞത്. ങേ! എനിക്കെന്തോ പറ്റിയതായിരിക്കുമെന്ന് കരുതി കണ്ണ് തിരുമ്മി തിരുമ്മി നോക്കി...ആ കെട്ടിടത്തിന്‍റെ മുകളിലെ നിലയില്‍നിന്ന് ഒരു പെണ്ണ് എന്നെ മാടി വിളിക്കുന്നു. സത്യായിട്ടും എന്‍റെ കണ്ണോണ്ട് കാണുന്നതല്ലേ, തെറ്റൂല. സംശയം തീര്‍ക്കാന്‍ യുകോണ്‍ നദീനെ ഫോട്ടോയെടുത്ത് ഉപദ്രവിക്കുന്ന ഹുസൈനെ വിളിച്ചോണ്ട് വന്ന് കാണിച്ചുകൊടുത്തു. ആദ്യം മൂപ്പരും ഒന്ന് പകച്ചു, പിന്നെ പറഞ്ഞു, "ഏതായാലും വിളിച്ചതല്ലേ പോയി നോക്കാ"ന്ന്. റോഡ്‌ മുറിച്ചു കടക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് സംഗതി മനസ്സിലായി. ജാലകവിരികള്‍ക്കിടയില്‍ വച്ചിരിക്കുന്ന പ്രതിമയാണ്. പാലമരത്തിലെ യക്ഷിയെ പരിചയമുണ്ട്, എന്നാല്‍ ഇവിടെയൊന്നിനെ പ്രതീക്ഷിച്ചില്ല! 

ദേ വിളിക്കുന്നു...   

കണ്ണടച്ചു തുറക്കുമ്പോഴേക്കും ദാരിദ്യ്രത്തില്‍നിന്നു സമൃദ്ധിയിലേക്ക് എടുത്തെറിയപ്പെട്ട ജീവിത കഥകളാണ് ആദ്യകാലത്ത് ഡവ്സണില്‍ നിന്ന് പുറത്തു വന്നത്. സ്വര്‍ണ്ണക്കട്ടികള്‍ പോക്കെറ്റിലിട്ട് അതെങ്ങിനെ ചിലവഴിക്കണമെന്ന് അറിയാതെ ഒയ്സ്റ്ററും, കാവിയെറും, ഷാംപെയിനും തീന്മേശയില്‍ ദിവസവും വിളമ്പിയിരുന്നവരെ പറ്റി നിറം പിടിപ്പിച്ച കഥകള്‍ പത്രപംക്തികളില്‍ നിറഞ്ഞു. വെറും ബീന്‍സ് മാത്രം മൂന്ന് നേരം കഴിച്ച് കിടന്നുറങ്ങുന്നവരുടെ കാര്യങ്ങള്‍ ആരുമെവിടെയും എഴുതിയില്ല, ഇനി അഥവാ എഴുതിയെങ്കില്‍ തന്നെ ആരും വിശ്വസിച്ചില്ല. ഫാഷന്‍ ലോകത്തെ അവസാന വാക്കായ പാരീസില്‍ നിന്ന് 1500 ഡോളര്‍ വിലയുള്ള വസ്ത്രങ്ങള്‍ ഡവ്സണില്‍ എത്തിച്ച്  അതണിഞ്ഞു നടക്കുന്ന ഡാന്‍സ് ബാറുകളിലെ പെണ്‍കൊടികള്‍ തെരുവിന് പുത്തരിയല്ലാതെയായി. അല്ലറചില്ലറ പ്രശ്നങ്ങളല്ലാതെ വലിയ കുറ്റകൃത്യങ്ങളോ കൊലപാതകങ്ങളോ ഗോള്‍ഡ്‌ റഷ് കാലത്ത് ഡവ്സണിലുണ്ടായിട്ടില്ല. അതിന് കാരണക്കാരായ ഡവ്സണിലെ നിയമപാലകരുടെ അന്നത്തെ ദിവസവേതനം $1.25 ആയിരുന്നുവെത്രേ.


Gambling Hall & Dance Bar

സ്വര്‍ണ്ണഖനികളെക്കാളും ആളുകളുടെ ഭാഗ്യവും നിര്‍ഭാഗ്യവും നിശ്ചയിച്ചത് ചൂതാട്ടകേന്ദ്രങ്ങളും വ്യഭിചാരശാലകളുമായിരുന്നു. ഇന്നും സ്ഥിതിയില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് തോന്നുന്നു. ചൂതാട്ടകേന്ദ്രങ്ങളിലെ രാത്രി ജീവിതം ആസ്വദിക്കാന്‍ മാത്രമായി ഡവ്‌സണിലെത്തുന്നവരുണ്ട്. അലാസ്കയിലെ വൈല്‍ഡ്‌ലൈഫ് റെഫ്യുജിലെ സ്റ്റാഫ് ഞങ്ങള്‍ ഡവ്സണിലേക്ക് പോകുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഹുസൈനോട് പേഴ്സിലെ പൈസ സൂക്ഷിച്ചോളൂന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഡൈമണ്ട് ടൂത്ത് ഗേര്‍ട്ടീസിലെ ഗാംബ്ലിംഗ് ഹാളിലെ നൈറ്റ്‌ ഷോ ദേശവാസികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും ഒരു പോലെ ഹരമാണ്. കാനഡ നാഷണല്‍ ഫിലിം ബോര്‍ഡിന്‍റെ ഷോര്‍ട്ട് ഫിലിമായ "സിറ്റി ഓഫ് ഗോള്‍ഡി"ല്‍ ഡവ്സണിന്‍റെ സുവര്‍ണ്ണ കാലം വളരെ നന്നായി പ്രതിപാദിച്ചിട്ടുണ്ട്. 

Newspaper Office

മറ്റു പല സ്ഥലങ്ങളെയും പിന്തള്ളി ഡവ്‌സണ്‍ പരിഷ്കാരങ്ങളില്‍ മുന്‍പന്തിയിലെത്തി. ജീവിതം ആസ്വദിക്കാനും, നരകിക്കാനുമുള്ളതെല്ലാം ഡവ്സണില്‍ പല നിലയിലും ലഭ്യമായി. അങ്ങിനെയൊന്നിലേക്കായി എന്‍റെ കണ്ണ്. ബോംബെ പെഗ്ഗി! നാടുമായി എന്ത് ബന്ധമാണ് ഡവ്സണിലെ ഈ പഴകിയ കെട്ടിടത്തിനുള്ളതെന്നറിയാന്‍ ആകാംഷയായിരുന്നു. നൂറ് വര്ഷം പഴക്കമുള്ള ബോംബെ പെഗ്ഗിക്ക് പല മുഖങ്ങളാണ്‌. മൈനിംഗ് ഓഫീസായും, വീടായും, വേശ്യാലയമായും, സത്രമായും അതിന്‍റെ കര്‍മ്മങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു.

Bombay Peggy's Inn 

രണ്ടാംലോക മഹായുദ്ധ കാലത്ത് മരണമടഞ്ഞതാണെന്നു വിശ്വസിക്കുന്ന ഒരു ബ്രിട്ടീഷ്‌ പൌരന്‍റെ ഭാര്യയായിരുന്നുവെത്രേ ഇന്ത്യക്കാരിയായ പെഗ്ഗി ഡോര്‍വെല്‍. അവരെങ്ങിനെ യുകോണിലെത്തിയെന്നതിനൊക്കെ പല കഥകളുമുണ്ട്. 1957 ലാണ് പെഗ്ഗി ഡവ്സണിലെ ഈ വീട് വാങ്ങുന്നത്. കുട്ടികള്‍ക്ക് മിഠായി കൊടുക്കുകയും, സുഹൃത്തുക്കളെ കൈയയച്ച് സഹായിക്കുകയും ചെയ്തിരുന്ന സമ്പന്നയായ പെഗ്ഗി വീട്ടില്‍ വേശ്യാലയം നടത്തിയിരുന്നുവെന്നാണ് നാട്ടുകാരുടെ അറിവ്. നിഗൂഢമായിരുന്നു അവരുടെ ജീവിതം. എന്തായാലും 1980 ആയപ്പോഴേക്കും ആരോഗ്യവും പ്രതാപവും മങ്ങിയപ്പോള്‍ അവര്‍ വാങ്കൂവറിലേക്ക് പോയെന്നും അവിടെവെച്ച് മരണപ്പെട്ടുവെന്നും പെഗ്ഗിയുടെ അടുത്ത സുഹൃത്തുക്കള്‍ അവകാശപ്പെടുന്നു.

പുതിയ ഉടമസ്ഥര്‍ പെഗ്ഗിയുടെ പേര് തന്നെയാണ് അവരുടെ ബിസിനസ്സിനും ഉപയോഗിച്ചിരിക്കുന്നത്. അത്രമേല്‍ പെഗ്ഗിക്ക് ആ നാട്ടില്‍ സ്വാധീനമുണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. വിക്ടോറിയന്‍ മാതൃകയില്‍ നവീകരിച്ച ഒന്‍പത് കിടപ്പു മുറികളുള്ള  ഈ കെട്ടിടം പെഗ്ഗിക്ക് പോലും തിരിച്ചറിയാത്തവണ്ണം മാറ്റിയിരിക്കുന്നു. 
മൂന്ന് മണിക്ക് ശേഷം തുറക്കുന്ന പബ്ബും ഇപ്പോള്‍ അവിടെയുണ്ട്. പബ്ബിനകത്ത് പെഗ്ഗിയുടെ വലിയൊരു ചിത്രം പുതിയ നടത്തിപ്പുക്കാര്‍ വച്ചിട്ടുണ്ടത്രേ. പെഗ്ഗിയുടെ കെട്ടിടം കണ്ടുപിടിക്കാന്‍ കുറച്ചു പ്രയാസപ്പെട്ടു. പുറത്തുള്ള ഫലകത്തില്‍ "ബോംബെ പെഗ്ഗി"യെന്നു വളരെ ചെറുതായിട്ടാണ് എഴുതിയിരിക്കുന്നത്. "Inn" എന്ന് വലിയ അക്ഷരത്തില്‍ കൊടുത്തിട്ടുണ്ട്‌. പ്രധാന വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പുറമേ നിന്ന് ഇതെല്ലാം കണ്ട്, കുറച്ച് ചിത്രങ്ങളുമെടുത്ത് ഞങ്ങള്‍ അവിടെന്ന് പോന്നു. മറ്റൊരു വിശേഷപ്പെട്ട സാധനം ഡവ്സണില്‍ കിട്ടും. Sourtoe Cocktail!! ഒന്ന് നില്‍ക്കൂ, കേട്ടപാതി ഓടാന്‍ നില്‍ക്കണ്ട. ഓടി ചെന്ന് ചോദിച്ചാലൊന്നും അത് കിട്ടൂല. അതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ടേ.. 1973 ല്‍ സ്ഥാപിതമായൊരു ഡവ്സണ്‍ ചടങ്ങ്. ഡൌണ്‍ടൌണ്‍ ഹോട്ടലിലാണ് മദ്യത്തില്‍ മുറിഞ്ഞ കാല്‍വിരലിട്ടു സല്‍ക്കരിക്കുന്നത്. പോകുന്നവര്‍ കാലിലെ വിരലൊക്കെ സൂക്ഷിക്കുന്നത് നല്ലതാണ്. 100,000 അധികം ആളുകളുള്ള ഒരു ക്ലബ്ബില്‍ അംഗമാവുകയാണ് കാല്‍വിരല്‍ സ്പെഷ്യല്‍ മദ്യം രുചിക്കാന്‍ ആദ്യം ചെയ്യേണ്ടത്. ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിന്‍റെ നേരെ എതിര്‍വശത്തുള്ള ഡൌണ്‍ടൌണ്‍ ഹോട്ടലിലാണ് ഈ മദ്യ സല്‍ക്കാരം. ആ കാല്‍വിരല്‍ അറിയാതെ വിഴുങ്ങിയാല്‍ $500 ഫൈന്‍ അടക്കണം. അതുകൊണ്ട് മദ്യപ്രേമികള്‍ സൂക്ഷിക്കുക. അവിടെത്തെ പ്രധാന നിയമം ഇതാണ്, You can drink it fast, you can drink it slow, but your lips have gotta touch the toe.”

മദ്യത്തിന്‍റെ റെസിപ്പിയോ,അതിനിങ്ങിനെയും...

1 ഔണ്‍സ്(മിനിമം)മദ്യവും, 1 നിര്‍ജ്ജലീകരിച്ച പെരുവിരലും


അതിനകത്തേക്ക് മദ്യം കഴിക്കാന്‍ കൂട്ടുകാരെ വെല്ലുവിളിച്ച് കയറി പോകുന്ന ധീരരെ നോക്കി ഞങ്ങള്‍ ഹോട്ടല്‍ ലോബിയില്‍ കോഫിയും കുടിച്ചിരുന്നു. ഇതെങ്ങിനെ ഒരു ചടങ്ങായിയെന്നല്ലേ? 

ഇവിടെ കിട്ടും...

1920 ല്‍ മദ്യം ഒളിച്ചു കടത്തുന്ന രണ്ടു സഹോദരന്മാര്‍  മഞ്ഞുകാലത്ത് സ്ലെഡില്‍ സാധനം കടത്തുന്നതിനിടയില്‍ പോലീസുകാരെ പേടിച്ചു കുറെ സമയം മഞ്ഞത്ത് ട്രെയിലില്‍ ചിലവഴിച്ചുത്രേ. തണുപ്പ് കയറി ഒരാളുടെ കാലിലെ പെരുവിരല്‍ മരവിച്ചു പോയി. വല്ല ആവശ്യവുമുണ്ടായിരുന്നോ? ചീഞ്ഞഴുകുന്ന അവസ്ഥ ഒഴിവാക്കാനായി കൈയിലുണ്ടായിരുന്ന മഴു കൊണ്ട് അനിയന്‍ ചേട്ടന്‍റെ വിരല്‍ മുറിച്ചു. അണുബാധയുണ്ടാകാതിരിക്കാന്‍ മുറിഭാഗം റം ഉപയോഗിച്ച് കഴുകിയെത്രേ. എന്ത് കാര്യത്തിനാണെന്ന് അറിയില്ല മുറിച്ചെടുത്ത ആ പെരുവിരല്‍ അവര്‍ മദ്യത്തില്‍ സൂക്ഷിച്ചു വച്ചു. ഈ സഹോദരന്മാര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. മൌണ്ടി പോലീസ് പിടിച്ചിരിക്കാമെന്നാണ് പൊതുവിലുള്ള വിശ്വാസം.

പിന്നീട് കുറെക്കാലം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ടൊരു 
ക്യാബിന്‍ വൃത്തിയാക്കുമ്പോള്‍ ക്യാപ്റ്റന്‍ ഡിക്കിന് കുപ്പിയില്‍ സൂക്ഷിച്ചു വച്ച ഈ അമൂല്യ വസ്തു കിട്ടിയതോടെ അതിന് പണിയായി. സുഹൃത്തുക്കളുമായി ആലോചിച്ച് ക്യാപ്റ്റനാണ് ക്ലബ്‌ തുടങ്ങിയതും നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതും. എന്തെല്ലാം തരം മനുഷ്യരാണ്! ഇതുവരെ ക്ലബിന് പത്ത് വിരലുകള്‍ പലരില്‍ നിന്ന് സംഭാവനയായി ലഭിച്ചിട്ടുണ്ടത്രേ. വായിച്ചപ്പോള്‍ നിങ്ങളും കാലിലെ വിരല്‍ നോക്കിയില്ലേ? സാരല്യ ഞാനവിടെന്ന് പോരുന്നതുവരെ ഷൂസ് ഊരിയിട്ടില്ല...                                       (തുടരും)

16 comments:

 1. എന്തെല്ലാം വിചിത്രമായ ആചാരങ്ങള്‍ .എന്തായാലും പഴയ ചരിത്രം സംരക്ഷിക്കാനുള്ള അവരുടെ ശ്രമം നമുക്കും കണ്ടു പഠിക്കാവുന്നതാണ്

  ReplyDelete
  Replies
  1. എന്നാലും വെട്ടത്താന്‍ ചേട്ടാ ഇത് വല്ലാത്ത ആചാരമായി പോയി! എത്രകാലം പഴക്കമുള്ള വിരലോക്കെയാണാവോ അത്...

   Delete
 2. "City of Gold" കണ്ടതിനുശേഷം, ചരിത്രത്തിലെ നിലനില്പിനുള്ള തന്ത്രങ്ങള്‍ ആചാരങ്ങളാകുകയും, ആ ആചാരങ്ങള്‍ പരിഷ്കാരങ്ങളായി മാറുകയും ചെയ്ത വിവരങ്ങള്‍ മനോഹരമായി എഴുതിയിരിക്കുന്നതും വായിച്ചു.
  ആശംസകള്‍

  ReplyDelete
  Replies
  1. City of Gold നല്ലൊരു ഷോര്‍ട്ട് ഫിലിംമാണ്. മുഴുവനായി ആ ചരിത്രം എനിക്കെഴുതാനുള്ള അറിവെനിക്കില്ല. അതോണ്ടാണ് ആ ലിങ്ക് ഷെയര്‍ ചെയ്തത്.

   Delete
 3. ഹൊ...! ഞെട്ടിപ്പോയി... കിഴക്കനേഷ്യൻ രാജ്യങ്ങളിൽ മാത്രമല്ല ഡവ്‌സണിൽ പോയാലും മനഃസമാധാനമായി ഒന്നും കഴിക്കാൻ പറ്റില്ല അല്ലേ...?

  ReplyDelete
  Replies
  1. വിനുവേട്ടാ... ഈ സാധനം ആ പ്രത്യേക സ്ഥലത്ത് മാത്രമേ കിട്ടൂ, കൂടാതെ ഒരു ക്ലബ്‌ ഉണ്ട് അതില്‍ മെമ്പര്‍ഷിപ്പ് എടുക്കുകയും വേണം. പട്ടാമ്പിക്കാരിക്ക് പിന്നെ കാപ്പി കുടിച്ചപ്പോഴും സംശയമായീന്ന് മാത്രം!

   Delete
 4. മുബീൻ& ഹുസൈൻ,
  കണ്ടത് കടലാസിലാക്കി മറ്റുള്ളവർക്കു കൂടി കാണിച്ചു കൊടുക്കാനും കാണാത്തത് തേടിപിടിച്ചു കൊടുക്കാനുമുള്ള നിങ്ങളുടെ ഈ മത്സരം ലോകത്തിന് മാതൃകയാണ്.
  നന്ദി..

  ReplyDelete
  Replies
  1. സ്നേഹം സേതുവേട്ടാ... ഓരോരോ ലോകങ്ങള്‍ അല്ലാതെ ഞാനെന്താ പറയാ :)

   Delete
 5. മദ്യത്തിൽ വിരൽ.കൊള്ളാം ഇനിയുമുണ്ടോ ഇങ്ങനത്തെ മനോഹരാചാരങ്ങൾ!!!?!!!!?

  ബാക്കി
  കൂടി
  വായിക്കട്ടെ .

  ReplyDelete
  Replies
  1. ഉണ്ടാവും സുധി ആര്‍ക്കറിയാം...

   Delete
 6. സേതു ഭായ് പറഞ്ഞത് തന്നെ...
  ഞാൻ ഒന്നുകൂടി അടിവരയിട്ട് പറയുന്നു ...
  'മുബീൻ& ഹുസൈൻ ഭായ് ,
  കണ്ടത് കടലാസിലാക്കി മറ്റുള്ളവർക്കു കൂടി കാണിച്ചു കൊടുക്കാനും
  കാണാത്തത് തേടിപിടിച്ചു കൊടുക്കാനുമുള്ള നിങ്ങളുടെ ഈ മത്സരം
  ലോകത്തിന് മാതൃകയാണ്...'

  ReplyDelete
  Replies
  1. അത്രയോന്നുമില്ല മുരളിയേട്ടാ, നമ്മളും ഇത് പോലെ കുറെ സ്ഥലങ്ങളിലേക്ക് വായനയിലൂടെ യാത്ര ചെയ്തിട്ടില്ലേ?? ശ്രമിക്ക്യാണ്...

   Delete
 7. രസകരമായ അറിവുകള്‍ ,,തുടരും എന്നത് കൊണ്ട് വീണ്ടും വരാം ...

  ReplyDelete
  Replies
  1. യുകോണിന്‍റെ പഴയ പോസ്റ്റുകള്‍ കൂടെ വായിക്കണേ ഫൈസല്‍. യുകോണ്‍/അലാസ്ക പേജില്‍ ലിങ്കുകളുണ്ട്. ഒഴിവു പോലെ മതിട്ടോ :)

   Delete
 8. യാത്ര ..എന്തൊക്കെ ആചാരങ്ങളിലൂടെ...രസകരം മുബീ.

  ReplyDelete
  Replies
  1. നന്ദി ചേച്ചി...

   Delete