Wednesday, October 26, 2016

ചാര്‍ളിയും ജെനിയും കണ്ട ഇന്ത്യ

ഡവ്സണ്‍- Easy to Love & Difficult to Leave, തെരുവുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞുതിരിഞ്ഞു നടക്കുമ്പോളെനിക്കും തോന്നി കേട്ടത് ശരിയാണെന്ന്. ഹാന്‍ ഭാഷ സംസാരിക്കുന്നവരുടെ പിന്‍ഗാമികളാണ് യുകോണിലെ ഗോത്രവംശര്‍. സ്വര്‍ണ്ണ കമ്പം തീര്‍ന്ന ആശ്വാസത്തോടെ ഇവിടേയ്ക്ക് തിരിച്ചു വന്നവരും, കലാകാരന്മാരും, ഡവ്സണെ മാത്രം സ്നേഹിച്ചിവിടെ കൂടിയവരുടെയും നാടാണിത്.View of Dawson City and Yukon River from Midnight Dome
വിശപ്പ്‌ സഹിക്കാന്‍ വയ്യാതെയായപ്പോള്‍ ഡവ്സണ്‍ പള്ളിയുടെ അടുത്ത് കണ്ട ഒരു ചൈനീസ്‌ ഭക്ഷണശാലയിലേക്ക് കയറി. പച്ചക്കറി ചോറും, കോണ്‍ സൂപ്പും ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് കുശലം പറയാനായി ചാര്‍ളിയെത്തി. ഞങ്ങള്‍ രണ്ടു കൂട്ടര്‍ മാത്രമേ ഭക്ഷണശാലയിലുള്ളൂ. ലോകത്തിലെ പല സ്ഥലങ്ങളിലും കറങ്ങി നടന്ന് ഒടുവില്‍ താമസിക്കാന്‍ ചാര്‍ളി തിരഞ്ഞെടുത്തത് ഡവ്സണ്‍ സിറ്റിയാണ്. ചാര്‍ളിയോട് പരിഭവമില്ലാതെ ഭാര്യയും മക്കളും ടോറോന്റോയിലും കഴിയുന്നു. എഴുപതുകളിലാണ് ചാര്‍ളി ഇന്ത്യയിലെത്തുന്നത്. സ്വന്തം നാടിനെ കുറിച്ച് മറ്റൊരാളില്‍നിന്ന് കേള്‍ക്കുന്നത് എപ്പോഴും കൌതുകമാണ്. അവരെങ്ങിനെയാണ് നമ്മളെ കാണുന്നതെന്നറിയാന്‍... നിങ്ങളുടെ നാട്ടിലെല്ലാമുണ്ട് സാംസ്‌കാരിക വൈവിധ്യം, സമ്പത്ത് അത് പോലെ ദാരിദ്ര്യവും കഷ്ടപ്പാടും. എല്ലാംകൂടെ ഒന്നിച്ചു കാണണമെങ്കില്‍ കുറച്ചുകാലം ബോംബെയില്‍ താമസിച്ചാല്‍ മതിയെന്നാണ് ചാര്‍ളിയുടെ കണ്ടുപിടുത്തം. വര്‍ത്തമാനത്തില്‍നിന്ന്‌ അയാള്‍ക്ക്‌ ബോംബെയോട് ഒരിഷ്ടകൂടുതലുണ്ടെന്ന് തോന്നി. ചാര്‍ളി കണ്ട ഇന്ത്യയിലെ ഏക വില്ലന്‍ കൊതുകാണ്. കുറേക്കാലമായില്ലേ യുകോണില്‍ വന്നിട്ട്, നിങ്ങള്‍ക്ക് സ്വര്‍ണ്ണം കിട്ടിയോന്ന് ചോദിച്ചപ്പോള്‍, എന്‍റെ കഴുത്തില്‍ കിടക്കുന്ന മാല ചൂണ്ടിക്കാട്ടി "ഇപ്പോള്‍ ഇന്ത്യക്കാരുടെ കൈവശമല്ലേ കൂടുതല്‍ സ്വര്‍ണ്ണമുള്ള"തെന്നായിരുന്നു ഉത്തരം. തര്‍ക്കിക്കാനൊന്നും നിന്നില്ല...


Couldn't see inside... Don't know much about 'Masonic Temple'

ഞങ്ങള്‍ക്കുള്ള സൂപ്പും കൊണ്ട് വന്നത്
ഭക്ഷണശാലയിലേ ജോലിക്കാരിയായ ജെനിയാണ്. ഇന്ത്യാന്ന് കേട്ടതോടെ ന്യൂഫൌണ്ട്ലാന്‍ഡ്ക്കാരിയായ ജെനിക്ക് ആവേശമായി. "കേരള"ത്തില്‍ നിന്നാണെന്നു കൂടി പറഞ്ഞപ്പോള്‍ ജെനിയുടെ ആവേശം പിടിവിട്ടു. കണ്ണുകള്‍ വിടര്‍ത്തി "കൊച്ചിയിലെ ബാബുവിനെ അറിയോ?"ന്നുള്ള ചോദ്യത്തിനെന്ത് മറുപടി പറയണമെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. 2015ല്‍ ഇന്ത്യയില്‍ പോയി മൂന്നു മാസം നിന്നിരുന്നു. ഹൈദരാബാദില്‍ ഒരു സുഹൃത്തിനോടൊപ്പമാണ് താമസിച്ചത്. അവരുടെ കൂടെയാണ് കൊച്ചിയിലെ ബാബുവിന്‍റെ വീട്ടിലെത്തിയത്. മറ്റെന്തിനെക്കാളും ജെനിയുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് ബാബുവിന്‍റെയോ അതല്ലെങ്കില്‍ അവരുടെ ബന്ധുവിന്‍റെയോ കല്യാണത്തില്‍ പങ്കെടുത്തതിന്‍റെ അനുഭവങ്ങളാണ്. കഴുത്തിലും, കൈയിലും നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച്, തിളങ്ങുന്ന പട്ടു സാരിയുടുത്ത, തലയില്‍ മുല്ലപ്പൂ ചൂടിയ പെണ്ണുങ്ങളെയും വാഴയിലയില്‍ കഴിച്ച സദ്യയും പറഞ്ഞിട്ടും പറഞ്ഞിട്ടും ജെനിക്ക് മതിവരുന്നില്ല. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ തന്നെ വയറുനിറഞ്ഞു. പിറ്റേന്ന് ഞങ്ങള്‍ ഡവ്സണില്‍ നിന്ന് മടങ്ങുകയാണ്. അത് കേട്ടതും ചാര്‍ളിയും ജെനിയും ഉറപ്പിച്ചു പറഞ്ഞു, "നിങ്ങളുടെ മനസ്സിവിടെയാണ് തീര്‍ച്ചയായും തിരിച്ചു വരും..." 

Midnight Photo from Midnight Dome

രാത്രി പതിനൊന്ന് മണിക്ക് വെയിലാറിയപ്പോഴാണ് ഞങ്ങള്‍ കുന്ന് കയറി മിഡ്നൈറ്റ്‌ ഡോമി(
Midnight Dome)ലെത്തുന്നത്. 2911 അടി മുകളില്‍ നില്‍ക്കുന്ന ഒരു മെറ്റമോര്‍ഫിക്ക് പാറയാണ്‌ ഡോം. ഡവ്സണ്‍ നഗരത്തില്‍ നിന്ന് തന്നെയാണ് കുന്നിലേക്കുള്ള വഴി. നടന്നിട്ടോ, വാഹനത്തിലോ കുന്ന് കയറാം. 1899ല്‍ ഒരു കൂട്ടം ആളുകള്‍ ക്യാപ്റ്റന്‍ ജാക്കിന്‍റെ നേതൃത്വത്തില്‍ പന്ത്രണ്ട് മണിക്ക് സൂര്യന്‍ അസ്തമിക്കുന്നത് കാണാന്‍ കയറി പാറപ്പുറത്ത് കാത്തിരുന്നൂത്രേ. പക്ഷെ അന്ന് സൂര്യന്‍ അരമണിക്കൂര്‍ മുന്നേ അസ്തമിച്ച് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഉദിച്ച് ആളുകളെ പറ്റിച്ചു. എങ്കിലും നിരാശരാകതെ അവര്‍ കവിത ചൊല്ലിയും, പാട്ട് പാടിയും തിന്നും കുടിച്ചും കാണാതെ പോയ അസ്തമയം നന്നായിട്ടാഘോഷിച്ചു. 

1925 ലാണ് ടൂറിസ്റ്റുകള്‍ക്കായി റോഡ്‌ വെട്ടിയത്. കുന്നുംപുറത്ത് എത്തിയാല്‍ ഡവ്സണ്‍ സിറ്റിയും അതിനിടയിലൂടെ ഒഴുകുന്ന യുകോണ്‍ നദിയും ഒന്നിച്ചു കാണാം. പച്ച പുതച്ച് അലസമായി കിടക്കുന്ന നഗരവും അതിനടുത്ത് തിളങ്ങുന്ന വെള്ളിയരഞ്ഞാണം പോലെ യുകോണ്‍ നദിയും! വാഹനവുമായി കുന്നു കയറിയ ഒരാള്‍ക്ക്‌ ഇടതും വലതും മാറിപ്പോയി. പാറയെ ചുറ്റി വേണം വാഹനം താഴേക്കിറക്കാന്‍, യാത്രികരെ സഹായിച്ച് ഹുസൈന്‍ തിരിച്ചെത്തി പടം പിടിത്തം തുടങ്ങി. ഞാന്‍ പരിസരം വീക്ഷിച്ച് പാറയുടെ അടുത്തായിട്ടിരിക്കുന്ന മരത്തിന്‍റെ ബെഞ്ചിലിരിന്നു. അതില്‍ “Top of the Life എന്ന് കൊത്തിവെച്ചിട്ടുണ്ട്. അവിടെയിവിടെയായി ഏതോ കമിതാക്കളുടെ തീവ്രമായ പ്രണയ സന്ദേശങ്ങളുമുണ്ട്. 
പാറയുടെ മുകളില്‍ നിന്ന് യുകോണ്‍ നദിയെ കണ്ടപ്പോള്‍, "If you are not close to the river you are lost."ന്ന് എവിടെയോ വായിച്ച ഗോത്രവംശ മൊഴിയാണ് ഓര്‍ത്തത്‌. ഒറ്റവാചകത്തില്‍ നദീതടസംസ്കാരത്തെ എത്ര ആഴത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. കുന്നില്‍ നിന്ന് സ്റ്റെപ്പുകള്‍ വഴി കുറച്ചു ദൂരമിറങ്ങിയാലൊരു വ്യൂ പോയിന്റ്‌ ഉണ്ട്. മുകളില്‍ നിന്ന് കാണുന്നത് പോലെ അത്ര ആകര്‍ഷകമല്ല താഴെ നിന്ന് നോക്കുമ്പോള്‍. അത് കൂടാതെ പാരാഗ്ലൈഡിംഗ് ചെയ്യുന്നവരുടെ ലോഞ്ചിംഗ് സ്ഥലവും കൂടിയാണത്രേ ഈ പാതിരാഡോം. മാനത്ത് മഴക്കോള് കണ്ടപ്പോള്‍ ഞങ്ങള്‍ കുന്നിറങ്ങി. അപ്പോഴും സൂര്യന്‍ വിശ്രമിക്കാന്‍ ഒരുങ്ങിയിട്ടില്ല. 


Dawson City Fire Station

കുന്നിറങ്ങി ഞങ്ങളെത്തിയത് അഗ്നിബാധയേറ്റൊരു കെട്ടിടത്തിന് മുന്നിലായിരുന്നു. കത്തികയറിയത് പോലെ കത്തി നശിക്കുകയായിരുന്നോ ഡവ്സണ്‍? 1898, 1899, 1900 എന്നീ വര്‍ഷങ്ങളിലുണ്ടായ അഗ്നിബാധ ഡവ്സണെ തളര്‍ത്തിയിരുന്നു. ആദ്യത്തെ അഗ്നിബാധയുണ്ടായതൊരു ഡാന്‍സ് ബാറിലാണ്. അറിഞ്ഞോ അറിയാതെയോ ആദ്യത്തെയും രണ്ടാമത്തെയും അഗ്നിബാധയുടെ കാരണക്കാരി ഒരേ വ്യക്തിയായിരുന്നത്രേ. രണ്ട് അത്യാഹിതത്തില്‍ നിന്നും അവര്‍ രക്ഷപ്പെട്ടുവെന്നാണറിഞ്ഞത്. പ്രകൃതി തന്നെ നടത്തിയൊരു ശുദ്ധി കലശമായിരിക്കുമോ? പരിഷ്കാരങ്ങള്‍ പുഴ കടന്നെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഗോത്രവംശരുടെ സ്വസ്ഥതയുടെ അടിത്തറയിളകി. ചിലരെല്ലാം അവിടം വിട്ടു പോയി. നാടുവിട്ടുപോകാത്തവരാകട്ടെ സ്വന്തം നാട്ടില്‍ രണ്ടാംതര പൗരന്മാരായി കഴിയേണ്ടി വന്നു. 

കാനഡയുടെ ചരിത്രത്തില്‍ കറുത്ത അടയാളമായി രേഖപ്പെടുത്തിയ “റെസിഡന്‍ഷ്യല്‍ സ്കൂള്‍ ” സംഭവുമായി ക്ലോണ്ടിക് ഗോള്‍ഡ്‌ റഷിനെന്തെങ്കിലും ബന്ധമുണ്ടോന്നറിയില്ല. പാര്‍ക്കുകളിലും നടപാതകള്‍ക്കരികിലും അന്ന് ചെയ്ത പോയ തെറ്റിനുള്ള സര്‍ക്കാരിന്‍റെ മാപ്പപേക്ഷയും ആളുകളുടെ ഓര്‍മ്മക്കുറിപ്പുകളും കൊത്തിവെച്ചിരിക്കുന്ന ഫലകങ്ങള്‍ കുറെയേറെയുണ്ട്. “കള്‍ച്ചറല്‍ ജെനോസൈഡ്(Cultural Genocide)” എന്ന പ്രയോഗത്തിലൂടെയാണ് ഇതിനെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുമ്പോള്‍ വിശേഷിപ്പിച്ചത്‌. പലര്‍ക്കും അതത്ര ദഹിച്ചില്ലെങ്കിലും അദ്ദേഹം അതില്‍ തന്നെ ഉറച്ചുനിന്നു. 

ഗോത്രവംശരുടെ കുട്ടികളെ പിടിച്ചു കൊണ്ട് പോയി അവരെ പരിഷ്കാരികളാക്കാന്‍ ചര്‍ച്ചും, സര്‍ക്കാരും ചേര്‍ന്ന് ചെയ്ത കൊടും ക്രൂരത. നാലായിരത്തിലധികം കുട്ടികള്‍ മരണപ്പെട്ടു. ശാരീരികമായും മാനസീകമായും കുട്ടികളെയും മാതാപിതാക്കളെയും സഹോദരങ്ങളെയും തമ്മിലകറ്റിയും, പുതിയ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിച്ചും പരിഷ്കൃത സമൂഹം ചെയ്ത ക്രൂരതകള്‍ക്ക് കൈയും കണക്കുമില്ല. മാതൃഭാഷ സംസാരിക്കാതിരിക്കാന്‍ കുട്ടികളെ അതിക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കിയിട്ടുണ്ട്. ജീവനോടെ ബാക്കിയായവരുടെ സാക്ഷ്യപ്പെടുത്തലുകള്‍ ഉള്‍പ്പെടുന്ന ഡോക്യുമെന്റ്രിയുടെ ലിങ്കും ഇതിനോടൊപ്പം ചേര്‍ക്കുന്നു. 

ഒരു തലമുറയെ ബാധിച്ച ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാനാവാതെ ഇന്നും ഗോത്രസമൂഹം സത്വം മറന്ന് വഴി തെറ്റിയലയുകയാണ്. 1966ല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് വിശപ്പും തണുപ്പും സഹിക്കാതെ മരിച്ച ചാര്‍ളിയുടെ വാര്‍ത്തയാണ് ഗോത്രവംശക്കാരുടെ കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ അന്വേഷിക്കാന്‍ വഴിത്തിരിവായത്‌. പുതിയ തലമുറയിലെ ചിലരെ ഞങ്ങളുടെ യാത്രക്കിടയില്‍ കണ്ടിരുന്നു. ഉത്സാഹവും ഉണര്‍വ്വുമുള്ള മുഖങ്ങള്‍ക്കൊപ്പം നിരാശയും ദാരിദ്ര്യവും കൊണ്ട് ലഹരിയില്‍ അഭയംതേടി ഇരുണ്ടവരുമുണ്ട്.


അരിച്ചരിച്ച്  പാത്തൂനും കിട്ടി രണ്ട് തരി പൊന്ന്..
പിറ്റേന്ന് രാവിലെ ഇന്‍ഫോര്‍മേഷന്‍ സെന്‍റര്‍ തുറക്കുന്ന സമയത്ത് തന്നെ അവിടെയെത്തണമെന്ന് നിശ്ചയിച്ചിരുന്നു. എപ്പോള്‍ ചെന്നാലും അത് അടഞ്ഞ് കിടക്കുന്നതാണ് കണ്ടിട്ടുള്ളത്. താമസസ്ഥലത്ത് നിന്ന് ചെക്ക് ഔട്ട്‌ ചെയ്തു ഞങ്ങള്‍ സെന്‍ററിലെത്തി. പുറമേ നിന്ന് നോക്കിയപ്പോള്‍ തുറന്ന ലക്ഷണമൊന്നും കണ്ടില്ല. മുട്ടുവിന്‍ തുറക്കപ്പെടുമെന്നല്ലേ... വെറുതെ മുട്ടി നോക്കി. അത് തുറന്നിരിക്ക്യായിരുന്നു. കയറിയത് വെറുതെയായില്ല. എനിക്കൊരു "യുകോണ്‍ പാസ്പോര്‍ട്ട്" കിട്ടി. ക്ലോണ്ടിക് ലൂപ്പില്‍ ഞങ്ങള്‍ വിട്ടുപോയ കുറെ സ്ഥലങ്ങളും സ്ഥാപനങ്ങളും അതിലുണ്ടായിരുന്നു. ഇനി പോകുന്ന സ്ഥലങ്ങളിലെ ഇന്‍ഫോര്‍മേഷന്‍ സെന്‍ററില്‍ നിന്ന് മുദ്രവെപ്പിച്ച് അങ്ങിനെ അതില്‍ കൊടുത്തിരിക്കുന്ന എല്ലാ സ്ഥലങ്ങളും പൂര്‍ത്തിയായാല്‍ തിരിച്ചു കൊണ്ട് വന്നു കൊടുക്കണം. സമ്മാനമുണ്ടത്രേ... ടൂറിസം ഇങ്ങിനെയും പ്രചരിപ്പിക്കാമെന്ന് മനസ്സിലായി.


Things available in a grocery store, Dawson City during 1941

പണ്ടത്തെ സ്വര്‍ണ്ണഖനനത്തിന്‍റെയും, സ്വര്‍ണ്ണം  അരിച്ചെടുക്കുന്നതിന്‍റെയും ഡെമോ ഒരു പെണ്‍കുട്ടി കാണിച്ചു തന്നു. മണ്ണുമാന്തിയെന്ത്രങ്ങളെ ക്രീക്കുകളിലെ രാക്ഷസന്മാരെന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. ഭൂമിതുരന്നു അരിച്ചെടുത്ത്‌ യന്ത്രങ്ങള്‍ തുപ്പിയ മണ്ണിന്‍റെ അവശിഷ്ടങ്ങള്‍ നഗരത്തില്‍ പുഴുക്കളെ പോലെ കിടക്കുന്നുണ്ട്. ഡോമിന്‍റെ മുകളില്‍ നിന്ന് നോക്കുമ്പോഴാണ് ശരിക്കുമങ്ങിനെ തോന്നുക. ഡെമോ കഴിഞ്ഞപ്പോള്‍ ഞാന്‍  അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍ കാണാന്‍ ചുറ്റി നടന്നു. ചെറിയ ചെറിയ കണ്ണാടി കൂടുകളില്‍ വൃത്തിയായി അടുക്കിവെച്ചിരിക്കുന്നതില്‍ അന്നവിടെ കിട്ടിയിരുന്നതെല്ലാമുണ്ട്. പത്രങ്ങള്‍, കലണ്ടറുകള്‍, ലെഡ്ജെറുകള്‍, അവശ്യ സാധനങ്ങളുടെ വില വിവരപട്ടിക, പാത്രങ്ങള്‍, വസ്ത്രങ്ങള്‍, പലതരം ടിന്‍ ഫുഡുകള്‍, വിളക്കുകള്‍ അങ്ങിനെ കുറെയേറെ വസ്തുവകകള്‍...വടക്കിലെ പാരീസ് എന്ന് വിളിച്ചിരുന്ന ഡവ്സണില്‍ അന്ന് ലഭ്യമായിരുന്ന പല സാധനങ്ങളും ഞാനൊക്കെ കാണുന്നത് അടുത്ത കാലത്താണ്. കപ്പല്‍ മാര്‍ഗ്ഗമായിരിക്കാം മിക്കതും ഇവിടെ എത്തിയിരിക്കുക അതല്ലെങ്കില്‍ ആളുകള്‍ ചുമന്നുകൊണ്ടു വന്നതുമാകാം. വാമൊഴികളെക്കാള്‍ കത്തുകളിലാണ് പുറംലോകത്തെ ജീവിതങ്ങള്‍ അടയാളപ്പെടുത്തപ്പെട്ടത്. അങ്ങിനെയൊരു കത്ത് ഞങ്ങള്‍ അവിടെ കണ്ടു. 1897 ല്‍ എഴുതിയതാണ്. അതില്‍ എല്ലാമുണ്ട്. ജീവിതം, മരണം, സ്നേഹം, വിരഹം.... ഭാഷയില്‍ വ്യത്യാസമുണ്ടെങ്കിലും  അതിലെ വരികള്‍ ഏറെ സുപരിചിതമാണ്. ഉപേക്ഷിച്ചില്ല, പടമെടുത്ത് കൂടെ കൂട്ടി... അവിടെന്ന് ഇറങ്ങുമ്പോള്‍ മനസ്സ് കനംവെച്ചിരുന്നു. ഇനിയുമറിയാനും, കേള്‍ക്കാനും ബാക്കിയുണ്ടെന്ന തോന്നലാകാം. വിരുന്നുവന്നവരെല്ലാം ഉപേക്ഷിച്ചു പോകുമ്പോള്‍ യാത്രയാക്കിയ അതെ നിസ്സംഗതയോടെ നില്‍ക്കുന്ന ഡവ്സണ്‍ നഗരത്തെ വിട്ട് ഞങ്ങള്‍ ക്ലോണ്ടിക് ഹൈവേയിലൂടെ തിരിച്ചു പോവുകയാണ് വൈറ്റ്ഹോര്‍സിലേക്ക്...                                                                                (തുടരും...)                                                                                                            

ആരാണാവോ കോഴികൂട് തുറന്നിട്ട്‌ പോയത്???


 
       
 17 comments:

 1. ഗോത്രവംശജർക്ക്‌ ലോകത്തെല്ലായിടത്തും ഒരേ അനുഭവമായിരിക്കുമല്ലേ ചേച്ചീ?സ്വത്വം നിലനിർത്താൻ പാടുപെടുന്ന ഒരു പറ്റം ആൾക്കാർ.കഷ്ടം തന്നെ.
  ചിത്രങ്ങളെല്ലാം മനോഹരം.
  തുടരട്ടെ.ഗോത്രവംശജർക്ക്‌ ലോകത്തെല്ലായിടത്തും ഒരേ അനുഭവമായിരിക്കുമല്ലേ ചേച്ചീ?സ്വത്വം നിലനിർത്താൻ പാടുപെടുന്ന ഒരു പറ്റം ആൾക്കാർ.കഷ്ടം തന്നെ.
  ചിത്രങ്ങളെല്ലാം മനോഹരം.
  തുടരട്ടെ.

  ReplyDelete
  Replies
  1. അവര്‍ക്ക് എവിടെയും നിലനില്‍പ്പില്ലാതെയായി സുധി... ആദ്യ വായനക്കും കമന്‍റിനും നന്ദിട്ടോ :)

   Delete
 2. "മുട്ടുവിന്‍ തുറക്കപ്പെടും" എത്ര ശരി!
  ഗോത്രവംശത്തിന്‍റെ ദുരന്തം നൊമ്പരമായി....
  ഹൃദ്യമായ വിവരണം.ഫോട്ടോകളും ആകര്‍ഷകമായി.
  ആശംസകള്‍
  ReplyDelete
  Replies
  1. അതെ തങ്കപ്പന്‍ ചേട്ടാ, അറിയുന്തോറും നൊമ്പരമേറുകയാണ്...

   Delete
 3. പൊന്നരിച്ചെടുക്കണ പാത്തു 😌😌! നന്നായിരിക്കുന്നു !!

  ReplyDelete
  Replies
  1. ഹിഹിഹി... ന്‍റെ അമ്മിണിക്കുട്ടിയേ, കിട്ടീത് കാണണേച്ചാല്‍ ഭൂതക്കണ്ണാടി വെച്ച് നോക്കണം...

   Delete
 4. കള്ച്ചറല്‍ ജനോസൈട് എല്ലായിടത്തും ഉണ്ട് .അവിടെ പട്ടണ വാസിയും അവന്‍റെ പാതിരിമാരുമായിരുന്നെങ്കില്‍ ഇവിടെ നമ്മുടെ സമൂഹവും ആദിവാസികളോട് ചെയ്തിരുന്നത് അത് തന്നെ .ഇപ്പോഴും അവരെ നമ്മുടെ രീതിയില്‍ ഉധ്ധരിക്കാനുള്ള ശ്രമമല്ലേ നടക്കുന്നത് ?

  ReplyDelete
  Replies
  1. ശരിയാണ്... ഇനിയും നമ്മള്‍ നിര്‍ത്തിയിട്ടില്ല. "Cultural Genocide" വല്ലാത്തൊരു ഭീതി ജനിപ്പിക്കുന്നുണ്ട് :(

   Delete
 5. പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹം ലോകത്തെവിടെയും ഒരു പോലെ തന്നെ... വളരെ വിജ്ഞാനപ്രദമായ യാത്രാവിവരണം...

  രാത്രി പതിനൊന്ന് മണിക്ക് വെയിൽ താഴ്ന്നിട്ട് മല കയറാൻ പോയ കാര്യം ഓർത്തിട്ട് ചിരി വന്നു... ഒന്ന് രാത്രിയായി കാണാൻ ആ നാട്ടുകാർക്ക് കൊതിയാവുന്നുണ്ടാവും അല്ലേ?

  ReplyDelete
  Replies
  1. വേനല്‍ കാലത്ത് രാത്രിയാകില്ല, തണുപ്പിന് സൂര്യനെ കാണുല്ല്യാ... ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്ന്ന് പറഞ്ഞ പോലെയാണ്.

   Delete
 6. ഗോത്രവംശം നേരിടുന്ന പീഢനങ്ങൾ.... പ്രത്യേകിച്ച് കുട്ടികൾക്ക് നേരിടേണ്ടി വന്ന അതിക്രൂരമായ പീഢനങ്ങൾ എന്നു വായിച്ചപ്പോൾ അങ്ങേയറ്റം വേദന തോന്നുന്നു....
  ഒരുപാട് അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്ന ഈ യാത്രാവിവരണം വളരെ ആകർഷകമാകുന്നു മുബീ... ആട്ടെ കോഴിക്കൂട്ടിൽ കയ്യിട്ടിട്ടു എന്ത് കിട്ടി?

  ReplyDelete
  Replies
  1. ഒന്നും കിട്ടിയില്ല ഗീത. അതവിടെ കണ്ടപ്പോള്‍ നാടും വീടും ഓര്‍മ്മ വന്നു...

   Delete
 7. മുബിയുടെ കൈയ്യിൽ
  നിന്നും വീണ്ടും ഒരു നല്ല ചരിതം കൂടി ..
  ഏത് നാട്ടിലും ഗോത്ര വംശീയർ പീഡനങ്ങൾക്ക്
  ഇരയായി തീരുന്നു ഒപ്പം അവരുടെ തനതായ സംസ്‌കൃതികളും അല്ലെ

  ReplyDelete
  Replies
  1. എന്തുകൊണ്ട് എല്ലായിടത്തും?? ഇപ്പോഴും തുടരുകയാണല്ലോ, വിട്ടു കൊടുക്കില്ലെന്ന വീറോടെ അവര്‍ പൊരുതുന്നുണ്ട്... Dakota Access Pipeline Protest സംഭവ വികാസങ്ങള്‍ നേരിയ പ്രതീക്ഷയുണര്‍ത്തുന്നുണ്ടല്ലേ മുരളിയേട്ടാ..

   Delete