2017 ഫെബ്രുവരി 26, ഞായറാഴ്‌ച

വഴി മുടക്കിയും വിരുന്നൂട്ടിയുമൊരു ദ്വീപ്‌!

നൂറ്റിയൻപത് വർഷങ്ങൾക്കുശേഷം 2010 ഏപ്രിലിൽ തെക്കേ ഐസ് ലാൻഡിലെ Eyjafjallajokullയെന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. സാധാരണയായി Eyjafjallajokullനോടൊപ്പം ഇരുപ്പത്തിയഞ്ചു കിലോമീറ്റർഅകലെ കിടക്കുന്ന കട്ടലയും ഇളകി മറിയാറുണ്ട്. 2010ൽകട്ടല പിണക്കത്തിലായിരുന്നിരിക്കണം. മൂപ്പരുടെ അനക്കമൊന്നുമുണ്ടായില്ലശാസ്ത്രലോക കണക്ക് പ്രകാരം അന്നത്തേത് വളരെ  വീര്യം കുറഞ്ഞൊരു വിസ്ഫോടനമായിരുന്നത്രേ. ഉവ്വ്, എന്നിട്ടാണോ അന്ന് അഗ്നിപർവ്വതം പുറന്തള്ളിയ ചാരം ഇംഗ്ലണ്ടിലും, ജർമ്മനിയിലും, റഷ്യയുടെ പടിഞ്ഞാറെ അറ്റംവരെയെത്തിയതും യൂറോപ്യൻ വ്യോമമേഖല സ്തംഭിച്ചതും? ഒരാഴ്ചയിലധികം യുറോപ്പിലേക്കുള്ള എല്ലാ വിമാന സർവീസുകളും മുടങ്ങി. സാരല്യ... ചെറുതല്ലേന്നൊക്കെ അവര്‍ക്ക് പറയാം, പക്ഷെ എനിക്കങ്ങിനെ തോന്നിയില്ല. കാരണം സൗദിയില്‍ കിടന്നിരുന്ന എന്നെയും "ക്ഷ" വരപ്പിക്കാന്‍ Eyjafjallajokullന്‍റെ തുമ്മലിനായീലോപ്പോൾകട്ടലയും കൂടെ കൂടിയിരുന്നെങ്കിലോ?


Eyjafjallajokull Eruption 2010 - Photo Courtesy: Google Images
ഐസ് ലാന്‍ഡ്‌ ഭാഷയില്‍ ദ്വീപ്‌, പര്‍വതം, ഹിമപ്പരപ്പ് എന്നീ അര്‍ത്ഥങ്ങള്‍ വരുന്ന പേരുകള്‍  ഒന്നിച്ചു ചേരുന്നതാണ് Eyjafjallajokull. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ന്യൂസ്‌ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇത്ര വലിയ പേര് നാവില്‍ വഴങ്ങാത്തതിനാല്‍ അവരതിനെ വെട്ടിച്ചുരുക്കി  E15 എന്നാക്കി. Eyjafjallajokullയെന്ന പേരിന്‍റെ ആദ്യാക്ഷരത്തോടൊപ്പം ബാക്കി വരുന്ന അക്ഷരങ്ങങ്ങളുടെ എണ്ണവും കൂട്ടിയിട്ടാണ് E15 എന്ന പേര് റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടാക്കിയത്. മിടുക്കര്‍!! Eyjafjallajokull ഇടയ്ക്കിടയ്ക്ക് പൊട്ടിത്തെറിച്ച് വില കളയാറില്ല അത് കൊണ്ട് എന്‍റെ കഥ വായിച്ച് പേടിക്കണ്ട. തന്നെ കൊണ്ടാവും പോലെ യൂറോപ്യൻ ലോകത്തെ വിറപ്പിച്ച ഈ വില്ലന്‍ ഞങ്ങള്‍ക്ക് പണി തന്നതെങ്ങിനെയാന്നല്ലേ? എല്ലാം കെട്ടിപ്പെറുക്കി പാസ്പോര്‍ട്ടില്‍ എക്സിറ്റടിച്ച് സൗദിയില്‍ നിന്ന് കാനഡയിലേക്കുള്ള വിമാനം കയറാന്‍ തുടങ്ങിയപ്പോഴല്ലേ എങ്ങാണ്ടൊരിടത്തെ പ്രകൃതിയുടെ വികൃതി ഞങ്ങളുടെ യാത്ര മുടക്കിയത്. അന്നുവരെ ഓര്‍ക്കാതിരുന്ന ഐസ് ലാന്‍ഡ്‌, 'ഇനിയെന്നെ ഓര്‍ത്തോളൂ'ന്നും പറഞ്ഞ് പിന്നീട് ഒരാഴ്ചക്കാലം ഞങ്ങളുടെ ഉറക്കം കെടുത്തി. 
 
Iceland's dramatic landscape - Photography: Hussain Chirathodi
    
ഏഴ് വര്‍ഷങ്ങൾക്ക് ശേഷം ഐസിനേക്കാള്‍ തീയും പുകയും നിറഞ്ഞ “ഐസ് ലാൻഡി”ലേക്കുള്ള യാത്ര അപ്രതീക്ഷിതമായിരുന്നു. പലരും ചോദിച്ചത് പോലെ കാനഡയിലെ ഐസും തണുപ്പും പോരാഞ്ഞിട്ടാണോ അങ്ങോട്ട്‌ പോയത്. അല്ല... ഈ യാത്ര അന്നേ കുറിച്ചിട്ടതായിരിക്കണം. ഒരിക്കല്‍ ഭീമാകാരമായ രൂപം പൂണ്ട് വഴിമുടക്കിയത് എന്നെങ്കിലും നടക്കാനിരിക്കുന്ന യാത്രയുടെ വിത്ത് പാകാനായിരിക്കുമോ?ഞാനറിയാതെതന്നെ ഈ യാത്രക്കുള്ള ഒരുക്കങ്ങള്‍ കാലേകൂട്ടി നടന്നിരുന്നു. ലൈബ്രറിയിലെ അലച്ചിലില്‍ കിട്ടിയ സാറാ മോസ്സിന്‍റെ  “Names for the Sea – Strangers in Iceland” എന്ന പുസ്തകം വായിക്കുമ്പോഴൊന്നും അങ്ങോട്ടുള്ള യാത്ര സ്വപ്നത്തില്‍പ്പോലുമുണ്ടായിരുന്നില്ല. വൗ എയറിന്‍റെ (WOW Air) ഓഫര്‍ അപ്രതീക്ഷിതമായാണ് മുന്നിലെത്തിയത്. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു...

ആര്‍ട്ടിക് സര്‍ക്കിളിന്‍റെ തെക്കുഭാഗത്തുള്ള  ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാഷ്ട്രമായ ഐസ് ലാൻഡിലെ ജനസംഖ്യ നാലു ലക്ഷത്തിനടുത്തില്ല. അതായത് ചില സമയത്ത് പെരിന്തല്‍മണ്ണ അങ്ങാടിയില്‍ കൂടുന്നത്രയും ആളുകളൊന്നും അവിടെയില്ല. മനുഷ്യവാസമില്ലാതെ കിടന്നിരുന്ന ഐസ് ലാൻഡില്‍ 870 ല്‍ നോര്‍വേയില്‍ നിന്നുള്ള വൈക്കിംങ്ങുകളാണ് ആദ്യമായെത്തുന്നത്. പ്രക്ഷുബ്ധമായ നോര്‍ത്ത് അറ്റ്‌ലാന്‍ടിക് സമുദ്രത്തത്തോടും പുകയുന്ന അഗ്നിപര്‍വ്വതങ്ങളോടും മല്ലിട്ട് അവര്‍ ദ്വീപിനെ വരുതിയിലാക്കി. ഐസ് കുറവുള്ള ഐസ് ലാന്‍ഡിനെങ്ങിനെ ആ പേര് കിട്ടിയെന്നതിനൊരു കഥയോക്കെയുണ്ട്. പണ്ടെങ്ങോ നോര്‍വേയില്‍ യുദ്ധമുണ്ടായപ്പോൾ പേടിച്ചോടിയ ചിലര്‍ ഐസ് ലാന്‍ഡിലെത്തി  അവിടെ താമസിക്കാന്‍ തുടങ്ങിയത്രേ. ശത്രുക്കള്‍ പിന്തുടര്‍ന്നെത്താതിരിക്കാന്‍ ഐസ് മൂടി കിടക്കുന്ന വലിയൊരു ദ്വീപിലാണ് അവരെത്തിയിരിക്കുന്നതെന്നും തൊട്ടടുത്ത്‌ പച്ചപ്പ്‌ നിറഞ്ഞ മറ്റൊരു ദ്വീപ് കാണുന്നുണ്ടെന്നുമൊക്കെ നാട്ടിലുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. അങ്ങിനെ ഐസ് മൂടി കിടക്കുന്ന ദ്വീപ്‌ ഗ്രീന്‍ലാന്‍ഡും ഐസ് കുറവുള്ള ദ്വീപ്‌ ഐസ് ലാന്‍ഡുമായത്രേ. അവരെ തിരഞ്ഞു വന്നവര്‍ ഗ്രീന്‍ ലാന്‍ഡിലെത്തിയിരിക്കാമെന്നു വിശ്വസിച്ച് നമുക്ക് കഥ അവസാനിപ്പിക്കാം. ‘കഥകളുടെ ദ്വീപ്‌’ എന്ന ഓമനപ്പേരുള്ള ഐസ് ലാന്‍ഡില്‍ കഥകള്‍ക്കാണോ പഞ്ഞം?

ഐസ് ലാന്‍ഡെന്ന പേരു കൊണ്ടായിരിക്കും അഗ്നിപര്‍വ്വതങ്ങളുടെ ചൂടും പുകയുമൊന്നുമെന്‍റെ ചിന്തയിലില്ല. മഞ്ഞും തണുപ്പും ഐസ് ഡ്രൈവിങ്ങും, അറോറയുമൊക്കെ മനസ്സില്‍ നിറച്ച് ഫെബ്രുവരി പതിനൊന്നാം തിയതി ആറുമണിക്ക് ടോറോന്റോയില്‍ നിന്ന് ഞങ്ങള്‍ വൗ എയറില്‍ കയറി കൂടി. ആറു മണിക്കൂറുള്ള വിമാനയാത്ര കഴിഞ്ഞ് ഞങ്ങള്‍ കേഫ്ലാവിക്കില്‍(Keflavik) ഇറങ്ങുമ്പോള്‍ ഐസ് ലാന്‍ഡ്‌ സമയം ഫെബ്രുവരി പന്ത്രണ്ട് രാവിലെ അഞ്ച് മണിയാണ്. സാഹിത്യ നഗരത്തിലേക്ക് സ്വാഗതമെന്നെഴുതി വെച്ചത് കണ്ട് ഉറക്കം തൂങ്ങി നടന്നിരുന്ന ഞാന്‍ കണ്ണ് മിഴിച്ചു. വിമാനത്താവളം തലസ്ഥാന നഗരിയായ റെയ്ക്യാവിക്കി(Reykjavik)ല്‍ നിന്ന് 40km അകലെയാണ്. 2011 ലാണത്രേ റെയ്ക്യാവിക്കിനെ യുനെസ്ക്കോ സിറ്റി ഓഫ് ലിറ്ററെച്ചറായി നാമനിര്‍ദ്ദേശം ചെയ്തത്. 

ഇമിഗ്രേഷന്‍ കൌണ്ടറിനടുത്തുള്ള  ചുവരില്‍ കണ്ട ഉദ്ധരണിയുടെ അര്‍ത്ഥം ചികയുന്ന തിരക്കിലാണ് ഞാന്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാഷയും, സാഹിത്യവും പോലെ അലൗകികമായ സൗന്ദര്യവും നമ്മളെ കീഴ്പ്പെടുത്തുമെന്നാണ് വായിച്ചറിഞ്ഞിട്ടുള്ളത്‌. ചുവരെഴുത്ത് തിരിച്ചും മറിച്ചും വായിച്ചിട്ട് മനസ്സിലാവാത്തത് കൊണ്ട് മൊബൈല്‍ഫോണില്‍ അത് പകര്‍ത്തുന്ന സായിവിനോട് ചോദിച്ചു. 'എനിക്കറിയില്ല... ആരോടെങ്കിലും ചോദിക്കാനാണ് പകര്‍ത്തി വെക്കുന്നത്. ചോദിക്കുമ്പോള്‍ മറന്നു പോകരുതല്ലോ"ന്ന് ഉത്തരവും കിട്ടി. യാത്രയിലെ ആദ്യത്തെ സ്റ്റഡി ക്ലാസ്സ്‌ അവിടെ തുടങ്ങി.  ഞാനും കുറിച്ചിട്ടു. തിരിച്ചെത്തിയിട്ടാണ് വീണ്ടും ഞാനത് ചികയാന്‍ പോയത്. കുറെ തപ്പിയപ്പോള്‍ ഉദ്ധരണിയുടെ ബാക്കി ഭാഗം കിട്ടി. സാഹസീകരായ വൈക്കിങ്ങുകളെ മനസ്സിലാക്കാന്‍ എന്‍റെ കുഞ്ഞു ബുദ്ധി പോരല്ലോ... 

 Better weight
than wisdom
a traveller cannot carry. (Hávamál  the sayings of the Vikings, as seen in Keflavik Airport)
The poor man’s strength
in a strange place,
worth more than wealth. 


  

"നിഗൂഢമായ വരികള്‍ പോലെയാണീ ഭൂപ്രദേശവും. നിനക്കറിയില്ല. അനുഭവിച്ചറിയാന്‍ വരൂ..." സള്‍ഫറിന്‍റെ നേര്‍ത്ത ഗന്ധമുള്ള കാറ്റാണോ ഇതെന്‍റെ ചെവിയില്‍ മൂളിയത്?                                            (തുടരും)


31 അഭിപ്രായങ്ങൾ:

  1. കാത്തിരിക്കുകയായിരുന്നു മുബി.... കഥയും കാര്യവും മുഴുവന്‍ പോരട്ടെ!

    മറുപടിഇല്ലാതാക്കൂ
  2. ഓഹ്..., അവിടെയുമെത്തിയോ...? യാത്ര മുഴുവൻ ഭൂമിയുടെ വടക്കേയറ്റത്തേയ്ക്കാണല്ലോ...!

    ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹഹഹ... എന്തെങ്കിലുമൊരറ്റത്ത് എത്തേണ്ടേ?? നന്ദി ലാസര്‍

      ഇല്ലാതാക്കൂ
  3. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  4. ഈ പോസ്റ്റിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി... !
    കൊതിപ്പിക്കുന്ന വിവരണം , മുഴുവൻ പോരട്ടെ...

    മറുപടിഇല്ലാതാക്കൂ
  5. മുബി വാക്കി വേഗം തരണേ.ഫോട്ടോസും വിഡിയോസും കണ്ടത് മുതൽ ഇതിനായി കാത്തിരിക്കുകയായിരുന്നു ��

    മറുപടിഇല്ലാതാക്കൂ
  6. ഈ റെയ്ക് ജാവിക്കിലല്ലേ പണ്ട് നമ്മുടെ ഫിഷറും സ്പാസ്ക്കിയും ഏറ്റു മുട്ടിയത്‌ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ... ആ ചതുരംഗ കളി നടന്നത് അവിടെയാണ്. 1972 അമേരിക്കയില്‍ നിന്നുള്ള ഫിഷറും സോവിയറ്റ്‌ യൂണിയനില്‍ നിന്നുള്ള സ്പാസ്ക്കിയും. ശീതയുദ്ധ സമയത്ത് നടന്നതിനാല്‍ കളിക്കൊരു രാഷ്ട്രീയ പരിവേഷവുമുണ്ടായിരുന്നൂല്ലേ വെട്ടത്താന്‍ ചേട്ടാ?

      ഇല്ലാതാക്കൂ
    2. ഭയങ്കര നാടകീയമായിരുന്നു കാര്യങ്ങള്‍ .ഫിഷര്‍ പ്രതിഭാശാലിയായ ഒരു വട്ടന്‍ .അയാളെ തോല്‍പ്പിക്കാന്‍ കളി നടക്കുന്നിടത്ത് തുറിച്ചു നോട്ടക്കാരെ വരെ സോവ്യറ്റ് യൂണിയന്‍ ഏര്‍പ്പെടുത്തി .ചെസ്സ്‌ കളി ജനകീയമായത് ഈ മത്സരത്തോടെയാണ്

      ഇല്ലാതാക്കൂ
    3. ഉവ്വോ? കളിക്ക് പിന്നിലെ ഈ കാര്യമെനിക്ക് അറിയില്ലായിരുന്നു...

      ഇല്ലാതാക്കൂ
  7. അവിടെയും എത്തിയല്ലേ...? പോരട്ടെ യാത്രാവിവരണങ്ങൾ...

    പച്ചപ്പ് നിറഞ്ഞതെന്നും പറഞ്ഞ് പറ്റിച്ച ആ ഗ്രീൻലാന്റിലായിരുന്നൂട്ടോ നമ്മുടെ ജാക്ക് ഡെസ്ഫോർജും ജോ മാർട്ടിനും ഇലാനയും ആർണി ഫാസ്ബെർഗും ഗൂഡ്രിഡ് റസ്മുസെനും ഒക്കെ നിറഞ്ഞാടിയത്... ഓർമ്മയില്ലേ, ഈസ്റ്റ് ഓഫ് ഡെസലേഷൻ...?


    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പിന്നല്ലാതെ വിനുവേട്ടാ... എന്നിട്ട് ഞാന്‍ തെളിവെടുപ്പിന് പോയത് ഇവിടെ മഞ്ഞു മൂടി കിടക്കുന്ന സാഗ്_നിയിലും!! അവരുടെ സ്കീയിംഗ് ഒക്കെ കണ്ട് കൊതിപിടിച്ച് പോയതല്ലേ ഞാന്‍...

      ഇല്ലാതാക്കൂ
  8. കഥകള്‍ കേള്‍ക്കട്ടെ,കാത്തിരിക്കാം...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. തങ്കപ്പന്‍ ചേട്ടാ നമുക്കെല്ലാവര്‍ക്കും ഒന്നിച്ചു പോകാം ഐസ് ലാന്‍ഡ്‌ കാണാന്‍... :)

    മറുപടിഇല്ലാതാക്കൂ
  10. എന്നാ പോവല്ലേ ....ഞാനും കൂടെ കൂടുന്നു ..

    മറുപടിഇല്ലാതാക്കൂ
  11. അപ്പോ അങ്ങനെയാണല്ലേ ഐസ്‌ലാന്റും ഗ്രീന്‍ലാന്റും ഉണ്ടായത്!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെയാത്രേ... സ്കൂളിൽ വെറുതെ ഓരോന്ന് പഠിച്ചു സമയം കളഞ്ഞു..

      ഇല്ലാതാക്കൂ
  12. സൾഫറിന്റെ ഗന്ധമുള്ള
    കാറ്റു തുളച്ച് മേഘങ്ങൾക്ക് മീതെ
    കൂടിയുള്ള ഒരു അപാരയാത്ര തന്നെയാണിത്
    കേട്ടോ മുബി

    മറുപടിഇല്ലാതാക്കൂ
  13. ഇപ്പോൾ ആ സൾഫർ ഗന്ധം എനിക്കും മണക്കുന്നുണ്ട്...

    മറുപടിഇല്ലാതാക്കൂ
  14. ഞാനും വരുന്നു.Eyjafjallajokullന്റെ മലയാളം ഒന്നെഴുതിത്തന്നേ മുബിച്ചേച്ചീ.

    മറുപടിഇല്ലാതാക്കൂ