Sunday, March 26, 2017

ഐസ് ലാന്‍ഡ് വൃത്താന്തങ്ങള്‍

കറുത്ത മണലില്‍ വജ്രം പോലെ തിളങ്ങുന്ന ഐസ് കട്ടകള്‍ പതിഞ്ഞു കിടക്കുന്ന ഡൈമണ്ട് ബീച്ചിലിറങ്ങിയില്ല. വൈകുന്നേരമായപ്പോഴേക്കും കാറ്റും, മഴയും, തണുപ്പും കൂടുതലായി. പിറ്റേന്നാണ് ഞങ്ങള്‍ക്ക് ടോറോന്റോയിലേക്ക് മടങ്ങേണ്ടത്. ഇനിയും നേരം വൈകുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് ബീച്ച് കണ്ടിട്ടും കാണാത്ത മട്ടില്‍ പോന്നത്. റോഡുകളുടെ സ്ഥിതിയൊക്കെ ഏകദേശം അറിയുന്നതിനാല്‍ അധികം ചുറ്റി നടക്കാതെ രാത്രി തന്നെ കെഫ്ലാവിക്കിലെത്തുകയാണ് നല്ലതും.

നേരത്തെ പറഞ്ഞിരുന്നില്ലെങ്കിലും കെഫ്ലാവിക്കിലാദ്യം താമസിച്ച സ്ഥലത്ത് തന്നെ ഞങ്ങള്‍ക്ക് അന്തിയുറങ്ങാനിടം കിട്ടി. അടുത്ത ദിവസം രാവിലെ പതിനൊന്ന് മണിക്ക് വിമാനത്താവളത്തിലെത്തണം. റെയ്ക്യാവിക്കില്‍ കാണാന്‍ ബാക്കിവെച്ചു പോയൊരു സ്കൂളുണ്ട്. രാവിലെ അവിടെയെത്താന്‍ പറ്റുമോന്നാണ് റൂമിലെത്തി നെറ്റ് സൗകര്യം കിട്ടിയപ്പോള്‍ നോക്കിയത്. വെള്ളിയാഴ്ച നാലുമണിക്കേ സ്കൂളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. എന്തെങ്കിലുമൊന്നു നടക്കില്യാന്നു ഉറപ്പിച്ചാല്‍ പിന്നെ സമാധാനായിട്ടുറങ്ങാം. എട്ടരക്ക് ഇറങ്ങിയാലും നാല്‍പ്പത് കി.മി അകലെയുള്ള റെയ്ക്യാവിക്കിലെത്തി അവിടെ കറങ്ങി തിരികെയെത്തുക പ്രായോഗികമായി ബുദ്ധിമുട്ടാണ്. അതിനാല്‍ രാവിലെ കെഫ്ലാവിക്കിലൊരു പഴയ വിളക്കുമാടം കണ്ട്, കാറിനെ കുളിപ്പിച്ച് സുന്ദരനാക്കി തിരികെ കൊടുത്ത് എയര്‍പ്പോര്‍ട്ടില്‍ വിശ്രമിക്കാമെന്ന തീരുമാനമായി. 

രാവിലെത്തെ കാറ്റും മഴയും ലൈറ്റ് ഹൗസ് യാത്ര അത്ര സുഖകരമാക്കിയില്ല. അതിനാല്‍ വേറെയൊരിടത്തും പോകാതെ കാറിനെ കുളിപ്പിച്ച് വൃത്തിയാക്കി തിരിച്ചേല്‍പ്പിക്കുന്ന അവസാനവട്ട ജോലി തീര്‍ക്കാമെന്നു കരുതി. റെന്റ്-എ-കാര്‍ ഓഫീസിലെത്തിക്കുന്നതിന് പകരം ജി.പി.എസ് ഞങ്ങളെ വിമാനത്താവളം മുഴുവന്‍ വട്ടംകറക്കി കളിപ്പിച്ചു. ഭാഗ്യം റണ്‍വേയിലൊന്നും കൊണ്ടാക്കിയില്ല. സ്വഭാവമനുസരിച്ച് അങ്ങിനെ ചെയ്യേണ്ടതാണ്. അവസാനം കാര്‍ തിരിച്ചു കൊടുത്ത് എയര്‍പ്പോര്‍ട്ടിലെത്തിയപ്പോഴേക്കും സമയമായിരുന്നു. ഫ്ലൈറ്റ് കയറുന്നതിന് മുമ്പ് ആ സ്കൂളിന്‍റെ കാര്യം പറയാം. അതാണ് എല്‍ഫ് സ്കൂള്‍(The Elf School). ഐസ് ലാന്‍ഡുകാരോട് ചോദിച്ചാല്‍ പറയാതെ പറയുന്നൊരു കാര്യമുണ്ട്. എല്‍ഫുകള്‍ അഥവാ അദൃശ്യമനുഷ്യരെ കുറിച്ചാണത്. ഐസ് ലാന്‍ഡ് ഐതിഹ്യങ്ങളിലും നാടോടി കഥകളിലും മാത്രമല്ല രാജ്യത്തെവിടെയും ഇപ്പോഴും ഇവരുടെ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അന്നാട്ടിലെ ജനങ്ങള്‍. അത് കൊണ്ടായിരിക്കും കുട്ടിച്ചാത്തന്മാരെ പറ്റി പഠിക്കാനായൊരു സ്കൂള്‍ തന്നെയുള്ളത്! 13 സ്പെഷ്യല്‍ കുട്ടിച്ചാത്തന്മാരുണ്ടെത്രേ...

A troll house for trolls found near a building

മഞ്ഞുകാലത്ത് സ്നേഹമുള്ള മാലാഖമാരുടെ കാവലിലാണ് നമ്മളെന്ന് ഐസ് ഗുഹയിലേക്ക് പോകുമ്പോള്‍ റ്റാമി പറഞ്ഞിരുന്നു. വേനലിലാണത്രേ ‘ട്രോളെ’ന്ന് വിളിക്കുന്ന ക്രൂരന്മാര്‍ ഇറങ്ങുക. ഐസ് ലാന്‍ഡിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടായിരിക്കുമോ ആളുകള്‍ ഇപ്പോഴും ഇതിലെല്ലാം വിശ്വസിക്കുന്നത്. ഭൂമിക്കടിയില്‍ ഉറങ്ങിക്കിടക്കുന്ന സത്വം ഉണര്‍ന്നാലുണ്ടാകുന്ന അവസ്ഥയെന്താണെന്ന് അനുഭവസ്ഥരോളം പറയാന്‍ നമുക്കും കഴിയില്ലല്ലോ. ഐസ് ലാന്‍ഡില്‍ എവിടെപ്പോയാലും കാണാം കളിവീടുകള്‍. മാവിന്‍റെ ചോട്ടില്‍ കളിവീടുണ്ടാക്കി കളിച്ചിരുന്നതാണ് അത് കാണുമ്പോള്‍ ഓര്‍മ്മ വരിക. അത്രയും ചെറുതായി ഭംഗിയുള്ള വീടുകള്‍ ചിലയിടത്ത് പണിതു വച്ചിട്ടുണ്ട്. മേല്‍ക്കൂരയില്‍ പായല്‍ മൂടിയുള്ള അവയുടെ നില്‍പ്പ് പുറമേ നിന്ന് വരുന്നവരില്‍ കൌതുകമുണര്‍ത്തും. ഇത്തരം കളിവീടുകള്‍ ട്രോളുകളെന്നും/എല്‍ഫുകളെന്നുമൊക്കെ വിളിക്കുന്ന അദൃശ്യ മനുഷ്യര്‍ താമസിക്കുന്ന ഇടങ്ങളാണ്. ഇതൊന്നും പറയാതെ ഐസ് ലാന്‍ഡ്‌ കാഴ്ചകള്‍ മുഴുവനാകില്ല.

റോഡിനരികിലും ലാവാപാടങ്ങളിലും പായല്‍ മൂടിയ ഗുഹകളുണ്ടാവും. അല്ലെങ്കില്‍ കല്ലുകള്‍ കൂട്ടിയിട്ടിട്ടുണ്ടാകും. ഇതിലൊക്കെ തൊട്ടാലും കയറിയാലും പ്രശ്നമാണ്. പുതിയ റോഡ്‌ ഉണ്ടാക്കുമ്പോള്‍ അവിടെ താമസിച്ചിരുന്ന എല്‍ഫുകളെ സുരക്ഷിതരായി മാറ്റി പാര്‍പ്പിച്ചിരിക്കുന്ന സ്ഥലങ്ങളാണ് ആ കല്ലുകള്‍. ക്രിസ്മസ് രാത്രിയില്‍ എല്‍ഫുകള്‍ അവര്‍ക്കിടയില്‍ പാര്‍ട്ടികള്‍ നടത്തുമെന്നും, അതുകൂടാതെ ആളുകളും അവര്‍ക്ക് വേണ്ടി പാര്‍ട്ടികള്‍ നടത്താറുണ്ടെന്നൊക്കെയാണ്. ഇതൊക്കെ വെറും കഥകളാണോ സത്യമാണോന്നൊന്നുമറിയില്ല. അവരുമായി സംസാരിക്കാനും ഇടപഴകാനും കഴിയുന്നവരൊക്കെ ഐസ് ലാന്ഡിലുണ്ടത്രേ. വിശ്വാസം അതല്ലേയെല്ലാം... Strangers in Iceland എഴുതിയ സാറക്കും ഈ കഥകളില്‍ കൌതുകം കൂടിയപ്പോഴാണ് എല്‍ഫുകളുമായി സംസാരിക്കാറുണ്ടെന്ന് അവകാശപ്പെട്ടൊരാളുടെ അടുത്ത് പോകുന്നത്. അവര്‍ ആ അനുഭവം പുസ്തകത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. എനിക്കാരെയും കിട്ടിയില്ല. കേയ്റ്റിനോട് ചോദിച്ചപ്പോള്‍, ഞാനും അത് പോലെയൊരാളാണെന്ന് വിചാരിച്ചേക്കെന്നു പറഞ്ഞ് കളിയാക്കി... സായിപ്പ് കുട്ടിച്ചാത്തന്മാരെയും കണ്ടില്ല, അവരുടെ സ്കൂളില്‍ പോകാനും പറ്റിയില്ല.


വളരെ പ്രശസ്തമാണ് ഐസ് ലാന്‍ഡ് സ്വറ്ററുകള്‍. ഒമ്പതാം നൂറ്റാണ്ടില്‍ വൈക്കിങ്ങുകളോടൊപ്പം എത്തിയ ആടുകളുടെ തലമുറകളാണ് ഇപ്പോഴും അവിടെയുള്ളത്. അവയുടെ രോമത്തില്‍ നിന്നാണ് സ്വറ്ററുകളും മറ്റും കൈകൊണ്ട് നെയ്തെടുക്കുന്നത്. വട്ടത്തിലുള്ള ഡിസൈനുകളാണ് മിക്കതിലും. ഗോള്‍ഡന്‍ സെര്‍ക്കിള്‍, റിംഗ് റോഡ്‌, Lopapeysa (Icelandic Sweater) എല്ലാം നമ്മളെ വട്ടത്തില്‍ കറക്കും. ഐസ് ലാന്‍ഡുകാര്‍ അപൂര്‍വ്വമായെ സ്വറ്ററിനു മുകളില്‍ ഞങ്ങളെ പോലെ വലിയ ജാക്കറ്റ് ധരിക്കുന്നത് കണ്ടിട്ടുള്ളൂ. അതിന്‍റെ ആവശ്യമില്ലെന്നാണ് സ്വറ്ററുകടയിലെ സുഹൃത്ത് പറഞ്ഞത്. Lopapeysa കനംകുറഞ്ഞതാണെങ്കിലും ദൃഢതയുള്ളതും, വെള്ളം നനയാത്തതുമാണത്രെ. പിന്നെ ആവശ്യത്തിന് ചൂടും ശരീരത്തിനു കിട്ടും. പിന്നെ ജാക്കറ്റിന്‍റെ ആവശ്യമില്ലല്ലോ. എന്നാലൊന്ന് വാങ്ങി പരീക്ഷിക്കാന്ന് വിചാരിച്ചപ്പോ പോക്കറ്റ് ദയനീയമായി കരഞ്ഞു. കാണാനും തൊട്ടുനോക്കാനും ചിലവൊന്നുമില്ലാത്തതിനാല്‍, സാധനമെന്താണെന്ന് കണ്ട് മനസ്സിലാക്കി അവിടെന്നിറങ്ങി. ബോര്‍ഡിംഗിന് നേരമായില്ല, ഒരു ഐസ് ലാന്‍ഡ് ക്രിസ്മസ് കാര്യം കൂടി പറയാം...

മരങ്ങളില്ലാത്ത ഐസ് ലാന്‍ഡുകാര്‍ക്ക് ക്രിസ്മസിന് അലങ്കരിക്കാന്‍ മരം കൊടുത്തയച്ചിരുന്നത് നോര്‍വേയായിരുന്നു. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ഈ കീഴ്വഴക്കം 2014 മുതല്‍ നിര്‍ത്തലാക്കാന്‍ നോര്‍വേ സര്‍ക്കാര്‍ തീരുമാനിച്ചു. ഐസ് ലാന്‍ഡിലെയും നോര്‍വേയിലെയും ജനങ്ങളുടെ പ്രതിഷേധത്തില്‍ ആ വര്‍ഷം നോര്‍വേ തീരുമാനം മാറ്റി. 1951 മുതല്‍ തുടര്‍ന്ന് വരുന്ന ചടങ്ങാണ് നോര്‍വേ സര്‍ക്കാര്‍ ഭാരിച്ച ചരക്ക് കൂലിയുടെ കാരണം പറഞ്ഞ് വെട്ടിയിട്ടത്. കഴിഞ്ഞ വര്‍ഷവും മരം കിട്ടിയിലെന്നാണ് തോന്നുന്നത്. നോര്‍വേയില്‍ നിന്നുള്ള ക്രിസ്മസ് മരത്തിന് രാജകീയമായ സ്വീകരണമാണ് റെയ്ക്യാവിക്കില്‍ ലഭിച്ചിരുന്നത്. ട്രീ അലങ്കരിക്കുന്നതിന്‌ രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്ന് മുതിര്‍ന്നവരും കുട്ടികളുമൊക്കെ റെയ്ക്യാവിക്കിലെത്തി അതൊരാഘോഷമാക്കിയിരുന്നു... എന്തായാലും നോര്‍വേയില്‍ നിന്ന് മരം തരൂലാന്ന് കട്ടായം പറഞ്ഞതോടെ ഐസ് ലാന്‍ഡുകാര്‍ ഗ്രീന്‍ഹൗസുകളില്‍ മരം വളര്‍ത്താന്‍ തുടങ്ങി. അല്ല പിന്നെ, ദിവസവും പ്രകൃതിയോട് മല്ലിട്ട് കഴിയുന്നവരോടാണ് കളി!

ഇനി പുതുമ മാറാത്ത വാര്‍ത്തയാണ്. 2017ലെ അന്താരാഷ്ട്ര വനിതാദിനം എല്ലാവരും പതിവുപോലെ ഗംഭീരമാക്കി. പക്ഷെ ഐസ് ലാന്‍ഡില്‍ നിന്ന് അന്നേ ദിവസം കേട്ട പ്രഖ്യാപനം കുറച്ചു പേരെങ്കിലും ശ്രദ്ധിച്ചു കാണും... On International Women’s Day Iceland became the first country in the world to force companies to prove they pay all employees the same regardless of gender, ethnicity, sexuality or nationality. സ്വിറ്റ്സര്‍ലന്‍ഡിലും, അമേരിക്കയിലെ മിനോസോട്ടയിലും ഇത് പോലെയൊരു പദ്ധതിയുണ്ടെങ്കിലും ഐസ് ലാന്‍ഡായിരിക്കും ഇതൊരു നിര്‍ബന്ധിത കാര്യമാക്കുന്നത്. പുതിയ നിയമപ്രകാരം ഇരുപ്പത്തിയഞ്ചോ അധികമോ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും സര്‍ക്കാരില്‍ നിന്ന് “Pay Equality Certificate” കമ്പനി നടത്തിപ്പിന് നേടിയിരിക്കണം... ഒരു കുഞ്ഞു രാജ്യത്തെ അഗ്നിപര്‍വ്വതങ്ങള്‍ മാത്രമല്ല വാര്‍ത്തകളും മറ്റുള്ളവരെ പൊറുതി മുട്ടിക്കും. ചെറിയ വിളക്കാണെങ്കിലും വഴികാട്ടാന്‍ അത് മതി... വലിയവര്‍ പിന്തുടരുമെന്ന് കരുതാം, ഇന്നല്ലെങ്കില്‍ നാളെ...

ഐസ് ലാന്‍ഡ് വിശേഷങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമമിടുകയാണ്‌. കാണാനും അറിയാനും കുറെയേറെ ബാക്കിവെച്ചിട്ടാണ് ഐസ് ലാന്‍ഡില്‍ നിന്ന് തിരികേ പോന്നത്. ഒറ്റയൊരു യാത്ര കൊണ്ട് കണ്ടു തീര്‍ക്കാവുന്നതല്ലല്ലോ ഭൂമിയിലൊരിടവും. ഇനിയും യാത്രികര്‍ ഇത് വഴി കടന്നു പോകും, വ്യത്യസ്തമായ അനുഭവങ്ങളും കഥകളും പങ്കുവെക്കപ്പെടും... നമുക്ക് കാത്തിരിക്കാം... യാത്രക്കാരെ കുറിച്ച് വൈക്കിങ്ങുകള്‍ പറഞ്ഞതെന്താണെന്നും കൂടി കേള്‍ക്കാം,

He who has travelled
can tell what spirit
governs the men he meets...


                                                                                                                      (അവസാന ഭാഗം)


Friday, March 24, 2017

ചൊവ്വയിലല്ല...ഭൂമിയിലൊരിടത്ത്...

യാത്രയുടെ പ്ലാനുകള്‍ അടിക്കടി മാറിയിരുന്നതിനാല്‍ ഹോഫിനില്‍ രാത്രി തങ്ങാനുള്ള സൗകര്യമൊന്നും മുന്‍കൂട്ടി ഏര്‍പ്പെടുത്തിയിട്ടില്ലായിരുന്നു. വളരെ ചെറിയൊരു പട്ടണമാണ് ഹോഫിന്‍. അതിനാല്‍ വിരലിലെണ്ണാവുന്ന ഹോട്ടലുകളെ അവിടെയുള്ളൂ. പ്രധാനപ്പെട്ട രണ്ടു സ്ഥലങ്ങളുടെ ഇടയ്ക്കു കിടക്കുന്നതിനാല്‍ ഇവിടെ പെട്ടെന്ന് താമസിക്കാന്‍ ഇടം കിട്ടുക പ്രയാസവുമാണ്. ഒന്നുരണ്ട് ചുറ്റലിന് ശേഷം ഒരു ഗസ്റ്റ് ഹൗസില്‍ മുറി കിട്ടി. മുറിയിലെത്തി ആദ്യം ചെയ്തത് ബൂട്ട്സുകളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന മണ്ണ് കഴുകി കളയലാണ്. കുറെ സമയം ഉരച്ചിട്ടാണ് മണ്ണിളകിയത്... എന്ത് പശയായിരിക്കും മണ്ണിലുള്ളത്

പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്ന് പതിവ് സമയത്തിറങ്ങി. മഴയുടെ ലക്ഷണമൊന്നും കണ്ടില്ല, അഞ്ചാറു ദിവസായില്ലേ മഴയോടൊപ്പം കൂട്ട്കൂടിയിട്ട്.. അതാവും കുറച്ചു നേരം വിട്ട് നിന്നപ്പോള്‍ പ്രയാസമായത്. ഏതോ പുഴകരികില്‍ നിര്‍ത്തിയപ്പോള്‍ അവിടെയുണ്ട് ജര്‍മനിയില്‍ നിന്നുള്ള രണ്ട് ക്യാമറാമാനുകള്‍, ക്യാമറകളുടെ കയ്യും കാലുമൊക്കെ പിടിച്ചു നില്‍ക്കുന്നു. ഫോട്ടോഗ്രാഫര്‍ ചാടിയിറങ്ങി, മൂന്നാളും കൂടെ ക്യാമറയിലെ ചിത്രങ്ങള്‍ നോക്കി ഫോട്ടോഗ്രാഫി ഭാഷയില്‍ സംസാരം തുടങ്ങിയപ്പോള്‍ ഞാനവിടെന്നു മുങ്ങി. എന്‍റെ പ്രഭാതസവാരി കഴിഞ്ഞു വന്നപ്പോഴേക്കും പരസ്പരം ശുഭയാത്രകള്‍ നേര്‍ന്ന് ക്യാമറാകൂട്ടം പിരിയാന്‍ തുടങ്ങിയിരുന്നു.



ഹോഫിനില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രയുണ്ട് ജോകുള്‍സര്‍ലോണിലേക്ക്. ഐസ് ലാന്‍ഡില്‍ ഐസ്സില്ലേന്നുള്ള ചോദ്യത്തിന് മറുപടിയാണീ അത്ഭുതം.. ഇടത് വശത്ത് നിന്ന് അറ്റ്ലാന്റിക്കിന്‍റെ മുരള്‍ച്ച കേള്‍ക്കാം. പെട്ടെന്നാണ് വലത്തുവശത്തെ മലകള്‍ക്ക് താഴെ ഒരു കൂട്ടം റൈന്‍ ഡിയറുകള്‍ മേയുന്നത് കണ്ണില്‍പ്പെട്ടത്. വണ്ടി നിര്‍ത്തി ഞങ്ങള്‍ അതിനടുത്ത് എത്തിയപ്പോഴേക്കും അവര്‍ നടന്നകലാന്‍ തുടങ്ങിയിരുന്നു. റൈന്‍ ഡിയറുകളെ അതിന്‍റെ സ്വാഭാവികമായ പരിസ്ഥിതിയില്‍ കാണണമെന്നത് ഒരാഗ്രഹമായിരുന്നു. തിരിച്ചു നടക്കുമ്പോഴേക്കും മഴയും കൂട്ടിനെത്തി.


Reindeer 
ജോകുള്‍സര്‍ലോണെന്ന തെക്കേ ഐസ് ലാന്‍ഡിലെ ഗ്ലേസിയര്‍ ലഗൂണ്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ്. റിംഗ് റോഡിലെ ജോകുള്‍സര്‍ലോണ്‍ പാലം കടക്കുന്നതിന് മുമ്പായി സൈഡ് റോഡിലേക്ക് കയറിയാലാണ് Jökulsárlón or Glacier’s-River-Lagoon ന്ന് വിളിക്കുന്ന ഐസ്മാടങ്ങള്‍ക്കരികിലെത്തുക. യൂറോപ്പിലെ ഏറ്റവുംവലിയ ഗ്ലേസിയറായ Vatnajökull - ഐസും, ഗ്ലേസിയര്‍ നാവുകളും, ലാവാപാടങ്ങളും കൊണ്ട് സമ്പന്നമാണ്. Vatnajökullന്‍റെ പല ഗ്ലേസിയര്‍ നാവുകളിലൊന്നാണ് ജോകുള്‍സര്‍ലോണ്‍. ഗ്ലേസിയറില്‍ നിന്ന് ഉരുകി ഒലിച്ചിറങ്ങുന്ന വെള്ളവും, അടര്‍ന്നു വീഴുന്ന ഐസ് കട്ടകളും ചേര്‍ന്നുണ്ടായതാണ് ലഗൂണ്‍. ലഗൂണിന്‍റെ ഇപ്പോഴത്തെ അളവ് 25 ചതുരശ്ര കി.മീറ്ററാണ്. 1932 വരെ ഇത് കട്ടിയുള്ള ഗ്ലേസിയല്‍ ഐസിനാല്‍ മൂടപ്പെട്ടു കിടക്കുകയായിരുന്നു. ഇന്നിപ്പോള്‍ വര്‍ഷംതോറും പല കാരണങ്ങളാല്‍  മുന്നൂറടി ഐസ് അടര്‍ന്നു വീഴുന്നുണ്ട്‌. ഓരോ അടര്‍ച്ചയിലും ലഗൂണിന്‍റെ രൂപം മാറും. അതിനാല്‍ ഒരിക്കല്‍ കണ്ടത് പോലെയായിരിക്കില്ല മറ്റൊരിക്കല്‍ കാണുമ്പോള്‍! ഐസ്മാടങ്ങളുള്ള ജോകുള്‍സര്‍ലോണ്‍ തടാകത്തിന് നല്ല ആഴമുണ്ട്. 260 മി. താഴ്ചയുള്ളയിടങ്ങളുണ്ട് തടാകത്തില്‍. സമുദ്രത്തിലെ ഉപ്പിന്‍റെ അംശവും, തടാകത്തിലെ ശുദ്ധജലവും ചേരുന്നത് കൊണ്ടാണ് ലഗൂണിന് നീലയും പച്ചയും കലര്‍ന്ന നിറമെന്ന് ശാസ്ത്രം.

Glacier Tongue - Jökulsárlón
ഗ്ലേസിയര്‍ നാവും, തടാകവും, ഐസ് കട്ടകളും, മറുവശത്തെ കറുത്ത മണലുള്ള ബീച്ചുമെല്ലാം എത്ര കൃത്യതയോടെയാണ് മഹാകലാകാരന്‍ ചേര്‍ത്തു വച്ചിരിക്കുന്നത്... ഞങ്ങള്‍ തടാകത്തിനടുത്തേക്ക് നടന്നു. തെളിഞ്ഞ വെള്ളത്തില്‍ ഇളം നീലയും പച്ചയും നിറത്തിലുള്ള ഐസ് കുന്നുകള്‍ക്ക് കാന്തികാകര്‍ഷണമുള്ളത് പോലെ. ആ തോന്നല്‍ വളരെ അപകടം പിടിച്ചതാണെന്ന് പലരും മുന്നറിയിപ്പ് തന്നിട്ടുണ്ടായിരുന്നു. തടാകം പുറമേ കാണുന്നത് പോലെയല്ല, ആകര്‍ഷണത്തില്‍പ്പെട്ട് നീന്താന്‍ തോന്നിയാല്‍ ശക്തമായ അടിയൊഴുക്ക് നമ്മളെയും കൊണ്ട് പോകും. ഇവിടെന്ന് തുടങ്ങിയതേ ഓര്‍മ്മയുണ്ടാവൂ, കൊട്ടിക്കലാശം അറ്റ്ലാന്റിക്കിലായിരിക്കും. വെള്ളത്തിനു താഴെ മറഞ്ഞു കിടക്കുന്ന വമ്പന്‍ ഐസ്മലകളുടെ ഒരറ്റം മാത്രമാണ് മുകളില്‍ കാണുന്നത്. Tip of the Iceberg യെന്ന പ്രയോഗം ശരിക്കും മനസ്സിലായി. പുറമേക്ക് കാണുന്ന ഐസ് മലകളെപ്പോഴാണ് മര്‍ദ്ദത്തില്‍ വ്യത്യാസം വന്ന് കീഴ്മേല്‍ മറിയുകയെന്നറിയില്ല. അതിന്മേല്‍ കയറുന്നതും അപകടം. ഷാരൂഖ്‌ ഖാനും, കജോളും (Dilwali Film Gerua Song), ജസ്റ്റിന്‍ ബീബറും(I'll Show You) ഒക്കെ കയറി പാടുന്നത് കണ്ടിട്ടുണ്ടല്ലോ...അവര്‍ക്കാകാം പിന്നെ നമുക്കായാലെന്താന്നാണ്? ഐസ് പാളിയുടെ മുകളില്‍ നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത പെണ്‍കുട്ടിയുടെ കൂക്കിവിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്. കയറി നിന്ന ഐസ് തെന്നി നീങ്ങിയതാണ്...

Tip of the Iceberg!!!
തടാക തീരത്തുള്ള കുന്നിനു മുകളില്‍ കയറി ക്യാമറ നിറച്ചതിനു ശേഷമാണ് അടുത്ത് കണ്ട കഫേയിലേക്ക് കയറിയത്. വിരലുകള്‍ തണുത്ത് വേദനിച്ചു തുടങ്ങിയിരുന്നു. കൈകളൊക്കെ തിരുമ്മി ചൂടാക്കുമ്പോഴാണ് ഹുസൈന്‍ ഐസ് ഗുഹകളിലേക്കുള്ള ടിക്കറ്റുമായി വന്നത്. പ്രധാന ഐസ് ഗുഹയില്‍ പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടായതിനാല്‍ അടച്ചിട്ടിരിക്കുകയാണെന്ന് കഫേയിലെ ടൂര്‍ ഓപ്പറേറ്റര്‍ ടിക്കെറ്റ് എടുക്കുമ്പോള്‍ തന്നെ പറഞ്ഞിരുന്നു. അത് കൊണ്ട് അങ്ങോട്ട്‌ പോകുന്നില്ല. ഒരു മണിക്കാണ് ഞങ്ങള്‍ക്കുള്ള ജീപ്പ് റെഡിയായത്. ഐസ് ലാന്‍ഡ്‌ റോഡുകളില്‍ കണ്ടിരുന്ന സ്പെഷ്യല്‍ സുപ്പര്‍ ജീപ്പിലേക്ക് ഞങ്ങള്‍ കയറി. നിറയെ സ്റ്റഡുകള്‍ പതിച്ച വലിയ ടയറുകളാണ് ഇതിന്‍റെ പ്രത്യേകത. പുഴ നീന്താനും, ഐസും, മലയും കുന്നുമൊക്കെ കയറിയിറങ്ങാനും പാകത്തിലാണത്രെ ഇതിന്‍റെ നിര്‍മിതി. വീതി കുറവുള്ള ഒറ്റ വരി പാതയില്‍ എതിരെ വന്നിരുന്ന സൂപ്പര്‍ ജീപ്പുകള്‍ ഞങ്ങള്‍ക്കൊരു തലവേദനയായിരുന്നു. റോഡിന്‍റെ പകുതി അവര്‍ക്ക് തന്നെ വേണം.




Super Jeep
രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഞങ്ങള്‍ പത്തു പേരെ നയിക്കുന്നത് റ്റാമിയാണ്. സീറ്റ്ബെല്‍ട്ടിടണമെന്ന് റ്റാമി കയറിയപ്പാടെ നിര്‍ദ്ദേശിച്ചു. കാരണം അതുപോലെയായിരിക്കും സാരഥിയായ കേയ്റ്റിന്‍റെ പറപ്പിക്കലെന്നാണ് അവര്‍ പറഞ്ഞത്. ശരിയാണ് റിംഗ് റോഡില്‍ നിന്ന് മാറി ഞങ്ങളൊരു മലയടിവാരത്തിലേക്കിറങ്ങി. ആ വഴിയിലൂടെ സാധാരണ വാഹനങ്ങളുമായി വരാന്‍ പറ്റില്ല. കുന്നുകളും, വലിയ കല്ലുകള്‍ കയറിയിറങ്ങിയും, ചെരിഞ്ഞും വളഞ്ഞും സൂപ്പര്‍ ജീപ്പിലൊരു സൂപ്പര്‍ റൈഡായിരുന്നു. ഭക്ഷണമൊന്നും കഴിക്കാഞ്ഞത് നന്നായി. ഒരു ചരല്‍ പ്രദേശത്ത് കേയ്റ്റ് ജീപ്പ് നിര്‍ത്തി. അതിനപ്പുറത്തേക്കൊരു വാഹനങ്ങള്‍ക്ക് പ്രവേശനമില്ല, നടക്കണം. ഇതുവരെ കണ്ട ഐസ് ലാന്‍ഡല്ല ഇത്... നാസയുടെ ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ചൊവ്വാഗ്രഹത്തിലാണോ ഞങ്ങളെ കേയ്റ്റിറക്കി വിട്ടത്? വലിയ കല്ലുകള്‍ നിറഞ്ഞ തരിശുഭൂമി, ചിലയിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നു, ഒരുവശത്ത് ഗ്ലേസിയര്‍ മറുഭാഗത്ത്‌ അത്രയൊന്നും സജീവമല്ലാത്ത ഒരു അഗ്നിപര്‍വ്വതം. റ്റാമിയാണ് പറഞ്ഞത് ബഹിരാകാശ സഞ്ചാരികള്‍ അവരുടെ മൂണ്‍ലാന്‍ഡറുകളുമായി ഇവിടെ പരിശീലനത്തിന് വരാറുണ്ടെന്ന്!

Ice Cave Tour
പണ്ടിവിടെ കാടായിരുന്നൂത്രേ. അഗ്നിപര്‍വ്വതം സംഹാര രൂപമെടുത്താല്‍ പിന്നെ പറയേണ്ടല്ലോ? ഇനിയെന്നാണിതിന്‍റെ അടുത്ത ഉയിര്‍പ്പെന്നുള്ളത് നോക്കിയിരിക്കുകയാണത്രേ... മലക്ക് മുകളില്‍ വെളുത്ത നിറമുള്ള പക്ഷികള്‍ പറക്കുന്നുണ്ട്‌. ഞാന്‍ നോക്കി നില്‍ക്കുന്നത് കണ്ടിട്ടാവണം റ്റാമി പക്ഷി കഥ പറഞ്ഞു തന്നു. എലിഫന്‍റ് ബേര്‍ഡ്‌സെന്നാണെത്രെ ഈ കുഞ്ഞു പക്ഷികളെ വിളിക്കുന്നത്‌. കടല്‍കാക്കളെ പോലെയിരിക്കുന്ന Fýll പക്ഷികള്‍ മഹാ കുസൃതിയാണ്. ആളുകളെ അടുത്ത് കണ്ടാല്‍ മുഖത്തേക്ക് ഛര്‍ദ്ദിച്ചിട്ടാണ് സ്നേഹം പ്രകടിപ്പിക്ക്യ. ഫില്‍ പക്ഷിയുടെ ഛര്‍ദ്ദല്‍ വസ്ത്രത്തിലായാല്‍ പിന്നെ കത്തിച്ചു കളയുകയെ നിവര്‍ത്തിയുള്ളൂ. അത്രയ്ക്ക് വൃത്തിക്കെട്ട നാറ്റമാണത്രേ. അയ്യേ... കല്ലില്‍ ചവിട്ടിയും വെള്ളത്തിലൂടെ നടന്നും, പല നിറങ്ങളിലുള്ള കല്ലുകള്‍ പെറുക്കിയും അന്യഗ്രഹജീവികളായി നടന്നെത്തിയത്‌ ഗ്ലേസിയറിനു മുന്നിലാണ്. ഗ്ലേസിയറിനു കീഴില്‍ നില്‍ക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും യാതൊരു മുന്നറിയിപ്പും തരാതെയാണ് ഐസ് അടര്‍ന്നു വീഴുകയെന്നുമൊക്കെ റ്റാമി പറയുന്നുണ്ട്. 

Beneath the Glacier

എവിടെയാണ് നില്‍ക്കുന്നതെന്ന് നമ്മളെ അനുനിമിഷം അത്ഭുതപ്പെടുത്തുന്ന സ്ഥലം. നീല നിറത്തില്‍ ഗ്ലേസിയറായും,  കറുപ്പിലും ചുവപ്പിലുമുള്ള പര്‍വ്വതമായും ഭീമാകാരമായ രൂപമെടുത്ത്‌ നില്‍ക്കുന്ന പ്രകൃതിയുടെ വന്യത! കാലുറപ്പിച്ചു നില്‍ക്കുന്നിടത്ത് അപ്രതീക്ഷിതമായി വെള്ളം പൊങ്ങി വരാം... മലമുകളില്‍ നിന്ന് താഴേക്കു വീണ പാറകളും, വെള്ളം ഒലിച്ചിറങ്ങുന്ന ചെറിയ അരുവികളും താണ്ടി നടക്കുന്നു ദുര്‍ബലരായ കുറച്ചു മനുഷ്യര്‍. ഐമാക്സ് തിയേറ്ററില്‍ Interstellar സിനിമ കണ്ട്, സ്ഥലകാലബോധം നഷ്ടപ്പെട്ടെനിക്ക് ആഴ്ചയും സമയവുമൊക്കെ മാറിയ കഥ റ്റാമിയോട് പറഞ്ഞപ്പോഴാണ്, ‘നീയിപ്പോള്‍ നില്‍ക്കുന്നത് അതിന്‍റെ ഷൂട്ടിംഗ് സ്ഥലത്താണെന്ന്’ അവള്‍ ചിരിച്ചു കൊണ്ട് പറയുന്നത്. സിനിമയില്‍ രണ്ട് ഗ്രഹങ്ങളായി കാണിക്കുന്ന സ്ഥലങ്ങള്‍ ഐസ് ലാന്‍ഡില്‍ തൊട്ട് തൊട്ടാണ് കിടക്കുന്നത്. James Bond (Die Another Day) സിനിമയില്‍ ഐസിലൂടെ കാര്‍ ഓടിച്ചത് ഈ ഗ്ലേസിയറിന് മുകളിലായിരുന്നു. ആ രംഗം ചിത്രീകരിക്കുമ്പോള്‍ കാര്‍ വഴുതി അപകടം ഉണ്ടാവുകയും ചെയ്തു. പിന്നെ Tomb Raider, അതും ഇവിടെ തന്നെ. മൊത്തത്തില്‍ ഐസ് ലാന്‍ഡ് ഒരു സൂപ്പര്‍ സ്റ്റാറാണ്!

Is it on Earth, seriously??

ഗ്ലേസിയറിന് മുകളിലൂടെയും ഹൈക്കിംഗ് ചെയ്യാം. പക്ഷെ റ്റാമിക്ക് അതിനോട് അത്ര യോജിപ്പില്ല. മഴു വെച്ച് ഐസ് കൊത്തുമ്പോഴും, ബൂട്ട്സിലെ മുള്ളുകളും ഗ്ലേസിയറില്‍ വിള്ളലുണ്ടാക്കുമെന്നാണ് അവരുടെ പക്ഷം. എത്രത്തോളം മനുഷ്യ സ്പര്‍ശം ഏല്‍ക്കാതെ ഇരിക്കുന്നുവോ അത്രയും നല്ലത്... ശരിയാണെന്നെനിക്കും തോന്നി. ഐസ് ഗുഹക്ക് മുന്നില്‍ ഞങ്ങളെ നിര്‍ത്തി റ്റാമി അതിനുള്ളിലേക്ക്‌ നൂണ്ടു പോയി. ഇറങ്ങി വന്ന് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടു കുട്ടികളെ അതിനകത്തേക്ക് വിട്ടു. It’s awesome!ന്നും പറഞ്ഞു അവര്‍ മുട്ടിലിഴഞ്ഞു പുറത്തിറങ്ങി. പിന്നെ ഓരോരുത്തരായി അതിനകത്തേക്ക് നൂണ്ടു പോയി. സ്ഫടികം പോലെ തിളങ്ങുന്ന ഐസിനുള്ളില്‍ കുടുങ്ങിയ കല്ലുകളും, അഗ്നിപര്‍വ്വത ചാരവും വ്യക്തമായി കാണാം. തലക്ക് മുകളില്‍ നീല നിറമുള്ള ഐസും താഴെ കൈകുത്തിയാലോ ചവിട്ടിയാലോ കുഴിഞ്ഞു പോകുന്ന തരത്തില്‍ ചരലുമാണ്. അവിടെന്ന് പുറത്തിറങ്ങി ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. റ്റാമിക്ക് അവരുടെ ക്യാമ്പില്‍ നിന്ന് വാക്കിടോക്കിയില്‍ സന്ദേശങ്ങള്‍ എത്തുന്നുണ്ട്.

Inside an Ice Cave

പാറകളും, അരുവികളും, ചരലും മണലും നിറഞ്ഞ പ്രതലത്തില്‍ നിന്ന് ചുറ്റും നോക്കുമ്പോള്‍ ഭൂമിയിലാണെന്ന് വിശ്വസിക്കാനാവാതെ എത്ര വട്ടമാണ് ഞാന്‍ നിന്നിടത്ത് തന്നെ നിന്നു പോയത്! ദാഹിച്ചപ്പോള്‍ ലാവാകല്ലുകള്‍ക്കിടയിലൂടെ ഗ്ലേസിയറില്‍ നിന്നുരുകിയൊലിച്ചിറങ്ങുന്ന വെള്ളം മതിയാവോളമെല്ലാവരും കോരികുടിച്ചു. വെള്ളത്തിനെന്തൊരു സ്വാദ്... കഥകളൊക്കെ പറഞ്ഞ് ഞാനും റ്റാമിയുമാണ് മുന്നില്‍ നടക്കുന്നത്. മറ്റുള്ളവര്‍ ഫോട്ടോയെടുക്കുന്ന തിരക്കിലാണ്. കുറച്ചു നടന്നപ്പോള്‍ ചോക്ലേറ്റ് പുഡിംഗ് ഉണ്ടാക്കി വച്ചത് പോലെ സുന്ദരമായ മണല്‍പ്പരപ്പിനടുത്തെത്തി. കൊതി മൂത്ത് വായില്‍ വെള്ളം നിറച്ച് ഞാന്‍ നില്‍ക്കുമ്പോള്‍ റ്റാമി പെണ്ണ് അപ്പുറം കടന്നു. എങ്ങിനെയാണ് കടന്നതെന്ന് ഞാന്‍ കണ്ടില്ല. കേള്‍ക്കാന്‍ കഥ ബാക്കിയുള്ളതിനാല്‍ ഞാനും ആ പുഡിംഗിലൂടെ നടന്നു. ഞാന്‍ റ്റാമിയുടെ അടുത്തെത്തിയില്ല. എന്‍റെ കാലുകള്‍ താഴ്ന്നു പോകുകയല്ലാതെ പൊക്കാന്‍ പറ്റുന്നില്ല... റ്റാമീന്നുള്ള ദയനീയ വിളി കേട്ടപ്പോഴേക്കും റ്റാമിയും കൂട്ടത്തിലുള്ള മറ്റൊരു ചേട്ടനും ഓടിയെത്തി എന്നെ വലിച്ചു കയറ്റി. ഇതാണ് ഞാന്‍ കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞ ക്വിക്ക് സാന്‍ഡ്‌!

Naturally filtered Glacier Water

ഭാഗ്യത്തിന് ഞാന്‍ ചവിട്ടിയത് പാകപ്പെട്ടു വരുന്നൊന്നിലായിരുന്നു. എനിക്ക് പിറകില്‍ വന്നവരാരും പിന്നെ ചോക്ലേറ്റ് പുഡിംഗിന്‍റെ സൗന്ദര്യത്തില്‍ മയങ്ങാതെ വഴുക്കുന്ന പാറകളിലൂടെ നടന്നു. ക്വിക്ക് സാന്ഡിലകപ്പെട്ടാല്‍ നില്‍ക്കരുത് പെട്ടെന്ന് നടക്കണം, പറ്റിയില്ലെങ്കില്‍ അതില്‍ മലര്‍ന്നു കിടക്കണമെന്നൊക്കെ പിന്നെ റ്റാമിയുടെ വക സ്റ്റഡി ക്ലാസ്സ്‌ കേള്‍ക്കുമ്പോഴാണ് ഞാന്‍ ചോക്ലേറ്റ് പുഡിംഗ് രുചിച്ചു നോക്കിയ കാര്യം ഹുസൈന്‍ അറിയുന്നത്. ഇന്റര്‍സ്റ്റെല്ലാര്‍ സിനിമ കണ്ടപ്പോലെയൊര് വികാരമായിരുന്നു എല്ലാവരിലും. ഭൂമിയിലായിരുന്നുവെന്ന്  വിശ്വസിക്കാന്‍ പ്രയാസപ്പെട്ടു നടന്നുവരുന്ന ഞങ്ങളെ കാത്ത് സൂപ്പര്‍ ജീപ്പില്‍ ക്ഷമയോടെ കേയ്റ്റ് ഇരിക്കുന്നുണ്ടായിരുന്നു. മൂന്ന് മണിയോടെ ഞങ്ങള്‍ കഫേയില്‍ തിരിച്ചെത്തി. എല്ലാവരോടും യാത്ര പറഞ്ഞ് പിരിഞ്ഞതിനുശേഷം ഞങ്ങള്‍ പാലം കടന്ന് ആള്‍ത്തിരക്കില്ലാതെ ഗ്ലേസിയര്‍ കാണാനായി തടാകത്തിന്‍റെ മറുഭാഗത്തെത്തി. അവിടെന്ന് മതിയാവോളം ലഗൂണിന്‍റെ സൗന്ദര്യം ആസ്വദിച്ച് ഞങ്ങള്‍ മടങ്ങി. തിരിച്ചു നടക്കുമ്പോള്‍ സിനിമയില്‍ വെള്ളമെന്ന് കേള്‍ക്കുമ്പോഴേക്കും പപ്പു ചേട്ടന്‍ ചാടിച്ചാടി പോകുന്ന പോലെയായി മണലു കണ്ടാല്‍ ഞാനും....                                                                                                                                                                                                                   (തുടരും)                                                                                                                        

Saturday, March 18, 2017

വിസ്മയങ്ങളുടെ കലവറ!

മഞ്ഞുകാലത്ത് കുറഞ്ഞ പകല്‍ വെളിച്ചമേ ലഭിക്കുകയുള്ളൂവെന്നതിനാല്‍ ഞങ്ങള്‍  രാവിലെ എട്ടരക്ക് തന്നെ പുറപ്പെടും. നഗരത്തില്‍ നിന്ന് പുറത്ത് കടക്കുമ്പോഴേക്കും വെളിച്ചം വീണു തുടങ്ങും. അക്യുറെയ്റിയില്‍ നിന്ന് ഒന്നേകാല്‍ മണിക്കൂര്‍ ഡ്രൈവുള്ള ലേയ്ക്ക് മൈവാറ്റി(Lake Mývatn)നാണ് അടുത്ത ലക്‌ഷ്യം. റിംഗ് റോഡിലേക്ക് കയറിയെങ്കിലും തോരാതെ പെയ്യുന്ന മഴ കാരണം വഴിക്ക് റോഡ്‌ ബ്ലോക്ക്‌ പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പും കൈയില്‍ പിടിച്ചാണ് പോകുന്നത്. റിംഗ് റോഡ്‌ മാത്രമല്ല റൂട്ട് 848-ഉം മൈവാറ്റിന്‍ തടാകത്തെ ചുറ്റിയാണ്‌ കടന്നുപോകുന്നത്.

ലേയ്ക്ക് മൈവാറ്റിനും പരിസരപ്രദേശങ്ങളും ചില സിനിമകളിലും സീരിയലുകളിലുമൊക്കെ മുഖം കാണിച്ചിട്ടുണ്ട്. സിനിമാതാരത്തിന്‍റെ ഗമയൊന്നും കാണിക്കാതെ നില്‍ക്കുന്നത് വിനയം നിറഞ്ഞു തുളുമ്പിയിട്ടൊന്നുമല്ല, അതിലും വലിയ സംഗതികളൊക്കെയാണ് മൂപ്പരുടെ കൈവശം.. നിങ്ങളുടെ ഈ സിനിമയൊക്കെ ഇന്നലെയുണ്ടയതല്ലേന്നാണ് ഭാവം! തടാകത്തിന്‍റെ തെക്കേ കരയിലുള്ള Skútustaðir എന്ന സ്ഥലമാണ് ഞങ്ങള്‍ക്കാദ്യം കാണേണ്ടത്. പ്രകൃതിയുടെ അസാധാരണമായ പ്രതിഭാസം നടന്നയിടമാണ്. പക്ഷെ അതിന്‍റെതായ ലക്ഷണമൊന്നും പുറമേ കാണുന്നില്ല. അതായത് വഴികാട്ടിയായൊരു ബോര്‍ഡോ, വളച്ചുകെട്ടലോ, ഒറ്റ നോട്ടത്തില്‍ പുറത്തെവിടെയുമില്ല. റോഡരികില്‍ പെട്രോള്‍ സ്റ്റേഷനും അതിനോട് ചേര്‍ന്ന കടയും കണ്ടപ്പോള്‍ ഞങ്ങളിറങ്ങി കടയിലന്വേഷിച്ചു. റോഡിനപ്പുറത്തൊരു വഴിയുണ്ട് നടന്നു പോണമെന്നൊക്കെയുള്ള  വിശദ വിവരങ്ങള്‍  അവിടെന്നാണ് ലഭിച്ചത്.

Lake Mývatn & Psuedo Craters
റോഡ്‌ മുറിച്ചു കടന്നാല്‍ ചെറിയൊരു പാര്‍ക്കിംഗ് സ്ഥലമാണ്. അവിടെന്ന് താഴേക്കൊരു നടപ്പാത കാണാം. കടയിലെ സ്ത്രീ പറഞ്ഞതനുസരിച്ച് അതിലൂടെയാണ് പോകേണ്ടത്. ഇപ്രാവശ്യം ക്യാമറയെ മഴക്കോട്ടൊക്കെ ഇടീച്ച്‌ സുന്ദരനാക്കിയിട്ടാണ് ഞങ്ങളിറങ്ങിയത്. ചതുപ്പ് പ്രദേശമാണ്. നടക്കാനുള്ള വഴിയില്‍ ചരലിട്ടിട്ടുണ്ട്. ചുറ്റിലും  മണ്ണും ചളിയും പിന്നെ ഐസും വേറെയെന്ത് വേണം? പൂച്ച നടത്തത്തിന് പറ്റിയ സ്ഥലം. മുന്നില്‍ നടക്കുന്ന സായിപ്പ് ഐസിന് മീതെ കൂടെ നടക്കൂ. “You have boots, skate...” എന്തൊരു സ്നേഹം! മ്മക്ക് പാകം ചേറും ചളിയുമാണെന്ന് സായിവിനുണ്ടോ അറിയുന്നു. അല്ലാതെ പേടിച്ചിട്ടല്ല.. ഇത്രയൊക്കെ പണിപ്പെട്ട് എങ്ങോട്ടാന്നല്ലേ? അഗ്നിപര്‍വ്വതത്തിന്‍റെ അപരനായ Pseudo Craters കാണാനാണ് പോകുന്നത്. 2300 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായൊരു അഗ്നിപര്‍വ്വത വിസ്ഫോടനത്തില്‍ ലാവ ഒഴുകി ആര്‍ട്ടിക് സമുദ്രംവരെയെത്തിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കാടും, പുഴയും തടാകമൊന്നും ലാവയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയില്ല. അങ്ങിനെ ഒഴുകി വഴിയിലുള്ള തടാകത്തില്‍ ലാവയെത്തി. ചൂടുള്ള ലാവ തണുത്ത വെള്ളത്തിന് മുകളിലൂടെ ഒഴുകിയപ്പോള്‍ രൂപപ്പെട്ട മര്‍ദ്ദത്തില്‍ കനത്ത വിസ്ഫോടനങ്ങളുണ്ടായി. അതില്‍ ജന്മമെടുത്തതാണിവിടെയുള്ള ക്രേറ്ററുകള്‍. കാഴ്ചയില്‍ ഒറിജിനല്‍ ക്രേറ്ററുകള്‍ പോലെതന്നെയാണ്. പക്ഷെ ഭൂമിക്കടിയിലെ എരിച്ചിലും പുകച്ചിലുമൊന്നുമില്ല. ഒറ്റ പൊട്ടലോടെ വീര്യം തീര്‍ന്നു. തടാകത്തില്‍ കുറെയധികം ക്രേറ്ററുകളുണ്ട്. മിക്കതിനടുത്തേക്കും നടന്നു പോകാം. രണ്ടു ക്രേറ്റര്‍ ഞങ്ങള്‍ നടന്നു കണ്ടു. ചൊവ്വാഗ്രഹത്തിലും ഇതു പോലെയുള്ള ക്രേറ്ററുകള്‍ കണ്ടെത്തിയിട്ടുണ്ടത്രേ. അല്ലെങ്കിലും ഐസ് ലാന്‍ഡിലെ ചിലയിടങ്ങളില്‍ നില്‍ക്കുമ്പോള്‍ ഭൂമിയില്‍ തന്നെയാണോന്ന് എനിക്കെന്നെ സംശയം തോന്നാറുണ്ട്. നാല്‍പ്പത് കുഞ്ഞു ദ്വീപുകളുള്ള ഈ തടാകത്തിന്‍റെ ശരിയായ വലിപ്പം കാണാന്‍ ഹെലികോപ്റ്ററില്‍ പോയി നോക്കേണ്ടി വരും. വേനലില്‍ ഒരുപാട് പക്ഷികള്‍ വിരുന്നു വരുന്നിടമായതിനാല്‍ പക്ഷി നിരീക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണിത്. വിരുന്നുവന്നവര്‍ കൂടുകൂട്ടി, മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് മഞ്ഞു കാലമാകുമ്പോഴേക്കും തിരിച്ചു പോകും. പക്ഷികളുടെ കാര്യമൊക്കെ അവിടെ വിശദമായി എഴുതി വച്ചിട്ടുണ്ട്.


Dimmuborgir & Hverfjall Crater at the back 
ക്ഷീണിച്ച് പിന്‍വാങ്ങിയ മഴ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി. ക്യാമറക്ക് മാത്രമേ മഴക്കോട്ടുള്ളൂ. ഞങ്ങള്‍ മഴ കൊണ്ട് നടന്നു. കറുത്ത നഗരമെന്ന് വിളിക്കുന്ന ഡിമ്മുബോര്‍ഗി(Dimmuborgir)റും ഇവിടെയാണ്‌. മൂടലുണ്ടെങ്കിലും ക്രേറ്ററിന് മുകളില്‍ നില്‍ക്കുമ്പോള്‍ കാണാം ഇരുണ്ട പാറക്കൂട്ടങ്ങള്‍. പ്രധാന റോഡില്‍ നിന്ന് ചരല്‍ റോഡിലൂടെ കുറച്ച് ദൂരമുള്ളിലേക്ക് പോണം കറുത്ത നഗരത്തിനടുത്തെത്താന്‍. വാഹനങ്ങള്‍ കൂടുതല്‍ കടന്നു പോയിട്ടാണോ, മഴ പെയ്യുന്നതിനാലാണോ ചരല്‍ റോഡ്‌ ഇടിഞ്ഞിട്ടുണ്ട്. പല ആകൃതിയിലും വലിപ്പത്തിലുമുള്ള കറുത്ത ലാവാ തൂണുകളും ഗുഹകളും നിറഞ്ഞ പാടങ്ങളാണ് ഇരുവശത്തും. ആളുകള്‍ ഉപേക്ഷിച്ചു പോയ ഏതോ പുരാതന നഗരം പോലെ തോന്നിക്കും മുകളില്‍ നിന്ന് നോക്കിയാല്‍.. അതിനാലായിരിക്കണം കറുത്ത നഗരമെന്ന പേര് വീണത്‌.

മഴയില്ലായിരുന്നുവെങ്കില്‍ അതിനിടയിലൂടെ നടന്ന് ഗുഹക്കുള്ളിലെ പള്ളിയും ചൂടുറവയുമൊക്കെ കണ്ട് വരായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങിനെ നടക്കുന്നത് പന്തിയല്ല. വെള്ളം കെട്ടി നില്‍ക്കുന്നുണ്ട് വഴികളില്‍. ഞങ്ങള്‍ക്ക് മുന്നേ നടക്കാന്‍ പോയവര്‍ ശ്രമം ഉപേക്ഷിച്ചു മടങ്ങി വരുന്നുണ്ടായിരുന്നു. ലാവ ഒഴുകിയെത്തിയ കാര്യമാദ്യം  പറഞ്ഞല്ലോ അത് വന്ന വഴികളുടെ അവസ്ഥയാണിത്. വലിപ്പവും ആകൃതിയും കണ്ട് ലാവാ തുണുകളില്‍ പിടിച്ചു കയറരുതെന്ന് നിര്‍ദ്ദേശമുണ്ട്. അവ പൊടിയുമെന്ന് മാത്രമല്ല അവിടെയുള്ള പരുന്തുകളുടെ പാര്‍പ്പിടങ്ങളും നശിപ്പിക്കുമെന്നതിനാലാണ് വിലക്ക്. ജനപ്രീതിയാര്‍ജ്ജിച്ച Game of Thorne ടി.വി ഷോയുടെ സീസണ്‍ ത്രീ ലൊക്കേഷനായിരുന്ന സ്ഥലം കൂടിയാണിത്. മനുഷ്യര്‍ വികൃത ജന്തുകളുമായി ഏറ്റുമുട്ടിയ സ്ഥലം... ഐസ് ലാന്‍ഡ് നാടോടി കഥകളില്‍ നല്ല കുട്ടികള്‍ക്ക് മധുരവും കുസൃതികള്‍ക്ക് ചീഞ്ഞ ഉരുളക്കിഴങ്ങുമായി വരുന്ന അപ്പൂപ്പന്‍റെ വീടും ഇതിനുള്ളിലെ ഒരു ഗുഹയിലാണത്രേ. ശോ! ഒന്ന് കാണായിരുന്നൂ...


Mt. Námafjall
ഡിമ്മുബോര്‍ഗിറില്‍ നിന്ന് നോക്കിയാല്‍ ആകാശത്തേക്കുയരുന്ന പുക ചുരുളുകള്‍ കാണാം. വീടുകളുടെ പുകകുഴലില്‍ നിന്നാണെന്ന് തെറ്റിദ്ധരിക്കരുത്. അതെന്താണെന്ന് അന്വേഷിച്ചു പോകുന്ന വഴിക്കാണ് Hverfjall Crater. ബഹിരാകാശ ചിത്രങ്ങളില്‍ പോലും വ്യക്തമായി പതിയുന്ന സാധനം. 1 കി.മി വ്യാസമുണ്ട്‌ ഈ അഗ്നിപര്‍വ്വതമുഖത്തിന്. അതിന്‍റെ മുകളിലേക്ക് ആളുകള്‍ക്ക് കയറാനുള്ള വഴി  അടച്ചിട്ടിരുന്നതിനാല്‍ ഞങ്ങള്‍ക്ക് താഴെ നിന്ന് കണ്‍നിറയെ കാണാനേ സാധിച്ചുള്ളൂ. വാശിപിടിച്ചു കയറി പോകാന്‍ പറ്റില്ലല്ലോ... Krafla Volcanic Area യിലുള്ള Mt. Námafjall ന്‍റെ അടിവാരത്തിലുള്ള Hevrir ജിയോതെര്‍മല്‍ പാടങ്ങളില്നിന്നാണ് ശക്തിയില്‍ പുക ഉയരുന്നത്. മലയാകെ ഐസ് മൂടിയിരിക്കുകയാണ്. അതുകണ്ട് തണുപ്പനാണെന്ന് കരുതരുത്. ഉള്ളിലെ ചൂട് കൊണ്ട് മുകളിലെ ഐസിനെ ഉരുക്കി അപ്രതീക്ഷിതമായി വെള്ളപൊക്കം, ഹിമപാതം എന്നിവയൊക്കെയുണ്ടാക്കാന്‍ ബഹുമിടുക്കനാണ്‌. പുള്ളി വെറുതെയിരുന്ന് സമയം കളയാറില്ല. അതിനടുത്തുള്ള പാടങ്ങളിലെ മണ്ണാണ് ശക്തിയില്‍ പുകയുന്നത്‌. പുകയും, സള്‍ഫറിന്‍റെ മണവും സഹിക്കാമെങ്കില്‍ തിളയ്ക്കുന്ന മണ്ണിനിടയിലൂടെ നടക്കാം. അധികൃതര്‍ അടയാളപ്പെടുത്തിയ ഇടം നോക്കി ശ്രദ്ധിച്ച് നടക്കണമെന്ന് മാത്രം.


Hverir Geothermal Fields
കുറച്ചു സമയത്തേക്ക് ആകെയൊരു വിമ്മിഷ്ടമായിരുന്നു. എന്നാലും ഞങ്ങള്‍ തിളയ്ക്കുന്ന മണ്ണിനരികിലൂടെ നടന്നു. വളരെ ശക്തിയിലാണ് ആവി പൊങ്ങുന്നത് അത് കൊണ്ട് തന്നെ ചൂടിനു കുറവുണ്ടാവില്ലല്ലോ. പല നിറങ്ങള്‍ മണ്ണില്‍ ഒഴുകി പരക്കുന്നുണ്ട്. ബൂട്ട്സിലും വസ്ത്രങ്ങളിലും ഒട്ടി പിടിക്കുന്നൊരുതരം പശയുള്ള മണ്ണ്. Mud Pools, Mud Pots, Fumeroles ന്നൊക്കെ ഭൂമിശാസ്‌ത്രജ്ഞര്‍  പേരിട്ടിരിക്കുന്ന സാധനങ്ങളാണ് ഏക്കറുകണക്കിന് സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നത്. താരതമ്യേന ചൂട് കുറഞ്ഞ സ്ഥലത്തിലൂടെയായിരിക്കണം ആളുകളെ നടക്കാന്‍ അനുവദിച്ചിരിക്കുന്നത്. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കാത്തൊരനുഭവമാണ് അരമണിക്കൂര്‍ നടത്തം സമ്മാനിച്ചത്‌. ഒരു പുല്‍കൊടി പോലുമില്ലാതെ തരിശായി കിടക്കുകയാണ് ഭൂമി. മണ്ണില്‍ അമ്ലാമ്ശം കൂടുതലായതിനാല്‍ ഒരുതരത്തിലുള്ള ജീവജാലങ്ങളുമവിടെയില്ല. അതിനാല്‍ കൂടുതല്‍ സമയം അവിടെ ചിലവഴിക്കുന്നത് നമുക്കും കേടാണ്. ചെറിയ നീര്‍ച്ചാലുകളിലൂടെ ഒഴുകുന്ന വെള്ളവും ഉപയോഗശൂന്യമാണ്. ബൂട്ട്സില്‍ ഒട്ടിയിരിക്കുന്ന മണ്ണ് കഴുകി കളയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രകൃതിയുടെ എന്തെല്ലാം മാന്ത്രിക വിസ്മയങ്ങളാണ് ഐസ് ലാന്‍ഡിലൂടെ കാണുന്നത്.. ആ വലിയ പാഠപുസ്തകത്തിലെ ആദ്യവരിയില്‍ വിരലുടക്കി നില്‍ക്കുകയാണ് ഞാനിപ്പോഴും. Hverir Geothermal Field Youtube Link

Mud Pot!

നരകമെന്നു ഓമനപ്പേരിട്ട് വിളിക്കുന്ന വിറ്റിയെന്ന ക്രേറ്ററിലേക്ക് പോയില്ല. ഇതുവരെ കണ്ടത് തന്നെയെനിക്ക് ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറമായിരുന്നു. Reykjahlíð ന്നൊരു ചെറിയ ടൌണ്‍ഷിപ്പിലാണ് ജിയോതെര്‍മല്‍ പ്ലാന്‍റ്. ചൂടുറവയില്‍ നിന്ന് വൈദ്യതി ഉല്‍പ്പാദിപ്പിക്കുന്നതിവിടെയാണ്. അത്രയും ചൂടുണ്ടായിരിക്കും, അതിനടുത്തെ വെള്ളക്കെട്ടിലില്‍ നീന്താനോ, തൊടാനോ പാടില്ലാന്നു സൂചനാ ബോര്‍ഡില്‍ വലിപ്പത്തില്‍ എഴുതി വച്ചിട്ടുണ്ട്. കണ്ണിന് നീറ്റല്‍ അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ അവിടെന്ന് പോന്നു. മുന്നോട്ടുള്ള റോഡിന്‍റെ സ്ഥിതിയൊന്നും അറിയില്ല. റോഡിനിരുഭാഗത്തും തണുത്തുറഞ്ഞു കിടക്കുന്ന ഐസ് പാടങ്ങളാണ്. അതിനു പിന്നിലായിട്ട് Vatnajökull Glacier - യൂറോപ്പിലെ ഏറ്റവും വലിയ ഗ്ളെസിയറും, മലകളുമൊക്കെ കാണാം. ഇപ്പോഴും സജീവമായ Grimsvotn അഗ്നിപര്‍വ്വതത്തെ ആരും കാണാതെ ഐസിട്ട് മൂടി ഒളിപ്പിച്ചു വച്ചിട്ട് ഒന്നും അറിയാത്തത് പോലെ ഇരിക്ക്യാ Vatnajökull. അഥവാ ഒന്ന് തുമ്മിയാല്‍ ലാവയും, ഹിമാപാതവും, വെള്ളപ്പൊക്കവും ഒന്നിന് പിറകെ ഒന്നായിയെന്തൊരു പുകിലായിരിക്കും! ഓര്‍ത്തപ്പോള്‍ തന്നെ ഞാന്‍ കണ്ണടച്ചിരിപ്പായി. ഐസ് പാടങ്ങളില്‍ കരീബൂവിനെ കാണുന്നുണ്ടോന്ന് നോക്ക്ന്ന് പറഞ്ഞപ്പോഴാണ് കണ്ണ് തുറന്നത്. കരിബൂവിനെയും, മലകള്‍ പുകയുന്നുണ്ടോന്നൊക്കെ നോക്കി ഞാന്‍ തളര്‍ന്നു. എപ്പോഴാണ് അരുതാത്തത് തോന്നുകായെന്നറിയില്ലല്ലോ. ഇതിനിടയില്‍ ഐസും, വെള്ളവും മൂടി കിടക്കുന്ന ചില സൈഡ് റോഡുകളൊക്കെ അടച്ചിട്ടിരിക്കുന്നത് കണ്ടു. ഏതെങ്കിലും ഗ്രാമത്തിലേക്കുള്ള വഴികളായിരിക്കണം.



റിംഗ് റോഡിലൂടെ വളഞ്ഞു തിരിഞ്ഞു പോകേണ്ടെന്ന് കരുതി 19 കി.മിറ്റര്‍ മാത്രമുള്ള റൂട്ട് 939 ലേക്ക് ഞങ്ങള്‍ തിരിഞ്ഞു. മലമുകളില്‍ നിന്ന് കുത്തനെയുള്ള ഇറക്കമാണ്. അരുവികളും, പുഴകളും വെള്ളച്ചാട്ടങ്ങളുമൊക്കെ നമുക്ക് താഴെയുണ്ട്. ചരല്‍ റോഡാണ്. കൂട്ടിന് മഴയും മൂടലുമുണ്ട്. മഞ്ഞുകാലത്ത് ഒരിക്കലും ഡ്രൈവ് ചെയ്യാന്‍ പാടില്ലാത്ത റൂട്ടാണെത്രേ ഈ ഓക്സി പാസ്‌(Öxi Pass from Egilsstadir to Hofn).   ഐസ് ലാന്‍ഡിലെ കുപ്രസിദ്ധമായ എഫ്റോഡിന്‍റെ കുഞ്ഞു പതിപ്പിലൂടെയാണ് ഞങ്ങള്‍ ഹോഫിനെന്ന ചെറിയ പട്ടണത്തില്‍ അന്തിക്കെത്തിയത്. ആ റോഡിന്‍റെ വിശേഷമൊക്കെ ഞങ്ങള്‍ക്ക് പറഞ്ഞ് തന്നത് ഹോഫിനിലെ ഗസ്റ്റ് ഹൗസില്‍വെച്ചു കണ്ട സുഹൃത്താണ്.. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കൂറ(പാറ്റ) ചന്തക്ക് പോയത് പോലെ ഞങ്ങളൊന്ന് എഫ് റോഡിലൂടെ പോയി വന്നു. 


F-Road / Mountain Road എന്ന് വിളിക്കുന്ന റോഡുകള്‍ കടന്നു പോകുന്ന വഴിയില്‍ പുഴകള്‍ക്ക് മീതെ അപൂര്‍വ്വമായേ പാലങ്ങളുണ്ടാവൂ. വാഹനം കൊണ്ട് വേണം പുഴ കടക്കാന്‍. ഭാഗ്യത്തിന് ഞങ്ങള്‍ വന്ന വഴിയില്‍ പാലമൊക്കെയുണ്ടായിരുന്നു. റോഡിനരികില്‍ ചരലും മണലും കാണുമ്പോള്‍ ഇറക്കി നിര്‍ത്തിയാല്‍ പിന്നെ വലിച്ചെടുക്കേണ്ടി വരുത്രേ. മരുഭൂമിയില്‍ ആളെ വിഴുങ്ങുന്ന ചുഴികളുണ്ടെന്ന് കേട്ടിട്ടില്ലേ അത് പോലെ മണ്ണ് നമ്മളെ വിഴുങ്ങും. ‘Quick Sand’ എന്നൊക്കെ സുന്ദരമായിട്ട് വര്‍ണ്ണിക്കാം. ആ മഹാത്ഭുതമെന്താണെന്ന് ഞാനനുഭവിച്ചത് അടുത്ത ദിവസമാണ്.  അതാണ്‌ പാത്തൂ, ഒന്നും വെറുതെ വിടൂല... വിളിച്ചു വരുത്തും!                                                                                                                                     (തുടരും)                                                                                                                                             


Wednesday, March 15, 2017

തെരുവുകള്‍...അലസം, സുന്ദരം!

അക്യുറെയ്റിയില്‍ ഞങ്ങളെത്തുമ്പോള്‍ ഒന്‍പത് മണി കഴിഞ്ഞിരുന്നു. സ്വപ്നം പോലെയൊരു ദിവസം കഴിഞ്ഞതോണ്ടാവും രാത്രിക്ക് പതിവിലേറെ സൗന്ദര്യമുള്ളതായി തോന്നിയത്. ഐസ് ലാന്‍ഡിലെ ഏറ്റവും നീളമുള്ള ഫിയോര്‍ഡായ ഇജാഫിയോര്‍ഡോറിന്‍റെ (Eyjafjörður) ഏറ്റവും താഴെ കിടക്കുന്ന സ്ഥലമായ അക്യുറെയ്റിയില്‍ 1778 ല്‍ ആകെ പന്ത്രണ്ട് ആളുകളെയുണ്ടായിരുന്നുള്ളൂ. അന്നത്തെ ജനസംഖ്യ വെച്ച് നോക്കുമ്പോള്‍ ഇന്ന് ഇവിടെ തിരക്കേറിയിരിക്കുന്നു. അക്യുറെയ്റിയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ ഫെറിയില്‍ പോയാല്‍ ജനവാസമുള്ള ഗ്രിമ്സേയ്(Grimsey) ദ്വീപിലെത്താം. ആര്‍ട്ടിക് സെര്‍ക്കിള്‍ കടന്നുപോകുന്നത് ഇതിലൂടെയാണ്. ഫെറി നമുക്ക് ആവശ്യമുള്ളപ്പോഴൊന്നും ഉണ്ടാവില്ല. ആഴ്ചയില്‍ മൂന്നു ദിവസം മാത്രമേ സര്‍വീസുള്ളൂ. കണ്ണടച്ച് തുറക്കുന്നതിനുമുമ്പേ തീരുന്ന ഏഴ് ദിവസത്തില്‍നിന്ന്‌ ഒന്ന് ഫെറിക്കായി മാറ്റിവെക്കാനില്ലായിരുന്നു, അത് കൊണ്ട് നിര്‍ദ്ദയമായി ഗ്രിമ്സേയ്നെ ലിസ്റ്റില്‍ നിന്ന് വെട്ടി മാറ്റി.


മഴ... മഴ, കുട കുട!! കാലാവസ്ഥ വീണ്ടും പഴയപടിയായി. മഴയത്ത് മീന്‍ പിടിക്കാന്‍ പോകുന്നത് രസികന്‍ ഏര്‍പ്പാടാണ്. അതിനാല്‍ അടുത്തുള്ള ഹുസാവിക്(Husavik) എന്ന മീന്‍പിടുത്ത ഗ്രാമത്തിലേക്ക് ക്യാമറയുമായി പുറപ്പെട്ടു. ചൂണ്ട, വല ഇത്യാദി ഉപകരണങ്ങളിലൂടെ മീന്‍ പിടിച്ച പഴങ്കഥകള്‍ വീണ്ടും ആവര്‍ത്തിച്ച് ചരിത്രം സൃഷ്ടിക്കാനൊട്ടും താല്‍പ്പര്യമില്ലാത്തതിനാലാണ് ഇത്തവണ ക്യാമറ മാത്രമെടുത്തത്. കാലം പോയൊരു പോക്ക്! മീൻപിടിക്കാൻ  പോകുന്ന വഴിക്കാണ് ഈശ്വരന്മാരുടെ വെള്ളച്ചാട്ടം. എല്ലാം ഈശ്വരന്‍റെയല്ലേഇതെന്തായിത്ര പറയാനെന്നു ചോദിക്കരുത്. വെള്ളച്ചാട്ടത്തിന്‍റെ പേരങ്ങിനെയാണ്ഞാനായിട്ട് ഇട്ടതല്ല. ഹുസാവിക്കിലെ Goðafoss വെള്ളച്ചാട്ടമാണ് തദ്ദേശവാസികള്‍ ഈശ്വരന് അങ്ങോട്ട്‌ പതിച്ചു നൽകിയത്. പേര് വായിച്ചപ്പോൾ തോന്നിയില്ലേ?  Goðafoss വെള്ളച്ചാട്ടമുള്ളത് ഗ്ളെസിയല്‍ പുഴയിലാണ്. അതൊഴുകുന്നതോ ഏഴായിരം വര്‍ഷം പഴക്കമുള്ള ലാവാ പാടത്തിലൂടെയും. മഴയും, കുഴഞ്ഞ മണ്ണും, വഴുവഴുപ്പുള്ള പാറകളും, ഐസുമൊക്കെ കടന്ന് വെള്ളച്ചാട്ടത്തിനരികിലെത്താം. അതിന് മുമ്പൊരു കഥ കേള്‍ക്കാം..

ക്യാമറാമാനോടൊപ്പം ഞാന്‍!
ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായത്  ക്രിസ്തീയവിശ്വാസം ഐസ് ലാന്‍ഡില്‍ വേരുപിടിക്കുന്ന സമയമാണ് കഥയുടെ പശ്ചാത്തലം. പഴയ നോര്‍ഡിക് ദൈവങ്ങളെ ആരാധിച്ചിരുന്നവരും പുതിയ വിശ്വാസികളും തമ്മില്‍ അടിയായത്രേ. തല്ല് കൂടിയിട്ടൊന്നും കാര്യല്യ ഐസ് ലാന്‍ഡ് ഒരു ക്രിസ്ത്യന്‍ രാജ്യമാകുമെന്ന വിശ്വാസത്തിലൊരാള്‍ അയാളുടെ കൈവശമുണ്ടായിരുന്ന വിഗ്രഹങ്ങളെല്ലാമെടുത്ത് വെള്ളച്ചാട്ടത്തിലേക്ക് എറിഞ്ഞു. അങ്ങിനെയാണ് ഇത് ഈശ്വരന്മാരുടെ സ്വന്തം  വെള്ളച്ചാട്ടമായത്. വേനൽക്കാലത്ത് മാത്രം തുറക്കുന്നൊരു പള്ളിയുണ്ട് ഇതിനടുത്ത്, ഇനി പള്ളിക്ക് കഥയുമായി എന്തെങ്കിലും ബന്ധമുണ്ടോന്ന് അറിയില്ലാട്ടോ..

കഥ കേട്ട ക്ഷീണമകറ്റാന്‍ അടുത്തുള്ള കാപ്പിക്കടയിലൊന്ന് കയറി. അവിടെ കാപ്പി കുടിക്കുന്നവരോട് കുശലം പറഞ്ഞിരിക്കുന്നതിനിടയിലാണ് സംസാരം കാലാവസ്ഥയിലേക്ക് നീങ്ങിയത്. മുന്നിലുള്ള റോഡ്‌ ചൂണ്ടിക്കാട്ടി അവരിലൊരാള്‍ പറഞ്ഞു, 'മഞ്ഞുകാലത്ത് സ്ഥിരമായി മഞ്ഞു മൂടി റോഡൊന്നും കാണില്ലായിരുന്നു. രണ്ടു വര്‍ഷത്തോളമായി മഞ്ഞും, തണുപ്പും കുറവാണ്...' ഇത് കേട്ടപ്പോഴാണ് അന്ന് രാവിലെ കണ്ട പത്ര വാര്‍ത്ത ഓര്‍മ്മവന്നത്. തണുത്ത കാറ്റ് പമ്പ് ചെയ്ത് ആര്‍ട്ടിക്കിനെ വീണ്ടും മരവിപ്പിക്കാന്‍ ശാസ്‌ത്രജ്ഞര്‍ ആലോചിക്കുന്നുവെന്ന്. ഇനിയിപ്പോ കാറ്റല്ലേ ബാക്കിയുള്ളൂ, മറ്റെല്ലാം ഒരുവിധമായല്ലോ... വാര്‍ത്ത ഇവിടെ വായിക്കാം. CBC News

Husavik Church
ഹുസാവികിലേക്ക് ഞങ്ങള്‍ യാത്ര തുടര്‍ന്നു. മഴ പെയ്തൊഴിയാതെ കൂടെ തന്നെയുണ്ട്‌. ജി.പി.എസിനെ ഞാനിപ്പോള്‍ മൈന്‍ഡ് ചെയ്യാറില്ല. ഇടയ്ക്ക് തലതിരിച്ചു പിടിക്കാറുണ്ടെങ്കിലും മാപ്പിനോട് സ്നേഹം കൂടി. മരം കൊണ്ട് നിര്‍മ്മിച്ച ഒരു പഴയ പള്ളിയാണ് ഈ മത്സ്യബന്ധന ഗ്രാമത്തിലെ പ്രധാന നാഴികക്കല്ല്. ഹുസാവികിലേക്ക് കടക്കുമ്പോഴേ പള്ളി കാണാം. 1907 ല്‍ പള്ളി പണിയാന്‍ നോര്‍വേയില്‍ നിന്നാണത്രേ മരങ്ങള്‍ കൊണ്ടു വന്നത്. അല്ലാതിവിടെ മാവും, പ്ലാവും, തേക്കൊന്നുമില്ലല്ലോ മുറിച്ച് തോന്നീത് കാണിക്കാന്‍. ആകെയുള്ള തിരക്ക് തുറമുഖത്തിന് സമീപത്താണ്. Whale Watching ടൂര്‍ കമ്പനികളും, കൊച്ചു വീടുകളും, ഭക്ഷണശാലകളും, സുവനീര്‍ കടകളും പിന്നെ കോഫീ ഷോപ്പുകളും തീര്‍ന്നു.. നഗരത്തിന്‍റെ പത്രാസ്. മിക്ക കടകള്‍ക്കു മുന്നിലും കുട്ടികളെ കിടത്തുന്ന വണ്ടികള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. അമ്മമാര്‍ അകത്ത് കാപ്പി കുടിച്ച് വര്‍ത്തമാനം പറയുകയോ, പുസ്തകം വായിക്കുകയോ, ഷോപ്പിംഗ്‌ ചെയ്യുന്ന തിരക്കിലോ ആവും. കുഞ്ഞു മക്കളെ മടിയില്‍ നിന്നിറക്കാത്ത നമുക്കിത് കാണുമ്പോള്‍ അസ്വസ്ഥതയാണെങ്കില്‍ ഐസ് ലാന്‍ഡില്‍ ഇതൊരു പുതുമയല്ല. അമ്മമാര്‍ തിരികെയെത്തുന്നതുവരെ കുഞ്ഞുങ്ങള്‍ തെരുവില്‍ സുരക്ഷിതരാണ്. ആ നാട്ടിലെങ്കിലും കുഞ്ഞുങ്ങള്‍ നിര്‍ഭയരായി വളരട്ടെ. അതൊക്കെ കണ്ടിട്ടെങ്കിലും നമുക്കാശ്വസിക്കാം.


മഴയൊന്നും വക വെക്കാതെ ഞങ്ങള്‍ തെരുവിലൂടെ നടന്നു. അവിടെയൊരു വെയ്ല്‍ മ്യുസിയം കാണാനായി നോക്കി വച്ചിരുന്നു. രണ്ടു പ്രാവശ്യം തെക്കോട്ടും വടക്കോട്ടും നടന്നിട്ട് അതിന്‍റെ യാതൊരു ലക്ഷണവുമില്ല. ഒരു മ്യുസിയമല്ലേ ഇതെവിടെ ഒളിപ്പിച്ച് വെക്കാനാണ്? അവസാനം ഞങ്ങളത് കണ്ടുപിടിച്ചു. നമ്മുടെ നാട്ടിലെ ഗോഡൗണ് പോലെയൊരെണ്ണത്തിനകത്താണ്. തുരുമ്പ് പിടിച്ച ഗോവണിയും, കുത്തിവരഞ്ഞ പുറംചുവരുകളുമുള്ള ഈ കെട്ടിടം കണ്ടിട്ടും ശ്രദ്ധിക്കാതെയാണ് അങ്ങോട്ടുമിങ്ങോട്ടും ഞങ്ങള്‍ നടന്നിരുന്നത്. ഇതിനകത്തായിരിക്കും മ്യുസിയമെന്ന് വിചാരിച്ചതേയില്ല. അകത്ത് രണ്ട് ജീവനക്കാരുണ്ട്. മ്യുസിയത്തിന്‍റെ അറ്റകുറ്റപണികള്‍ നടക്കുകയാണെന്ന് ടിക്കറ്റെടുക്കുമ്പോള്‍ ജീവനക്കാര്‍ ക്ഷമാപണത്തോടെ പറഞ്ഞു. ഡാറ്റാ ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ അവരെ സഹായിച്ചതിന് ശേഷമാണ് ഞങ്ങൾ മ്യുസിയത്തിനകത്തെ കാഴ്ചകളിലേക്ക് തിരിഞ്ഞത്.  


1997ല്‍ ഒരു ഭക്ഷണശാലയുടെ അരികുപറ്റി തുടങ്ങിയ പ്രദര്‍ശനശാലയാണ് 2000ല്‍ യു.എന്നിന്‍റെ പരിസ്ഥിതി ടൂറിസം അവാര്‍ഡിനര്‍ഹമായ ഈ മ്യുസിയം. പല സ്ഥലങ്ങള്‍ മാറി മാറി ഇപ്പോള്‍ മ്യുസിയം നില്‍ക്കുന്നത് പഴയൊരു അറവുശാലയിലാണ്. കാണാനൊരു ലുക്കില്ലാന്നെയുള്ളൂ അകത്ത് അപൂര്‍വ്വ ശേഖരണങ്ങളൊക്കെയുണ്ട്. സ്പേം വെയിലി(Sperm Whale)ന്‍റെ താടിയെല്ലിന് എന്നെക്കാള്‍ രണ്ടിരട്ടി വലിപ്പമുണ്ട്‌. അതിനടുത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ തീരെ ചെറുതായത് പോലെ. ഒറ്റകൊമ്പുള്ള നാര്‍വാല്‍ തിമിംഗലത്തിന്‍റെ അസ്ഥി ഉള്‍പ്പെടെ കുറെയേറെ കൂറ്റന്‍ മുള്ളുകളും പല്ലുകളും നിറഞ്ഞതാണ്‌ പ്രധാന മുറി. അതിനടുത്തുള്ള ചെറിയ മുറികളിലാണ് ഡോക്യുമെന്റ്റി പ്രദര്‍ശനവും കുട്ടികള്‍ക്കുള്ള മ്യുസിയവും, ലൈബ്രറിയും. ന്യൂസിലാന്‍ഡിലാണ് ഫെബ്രുവരിയില്‍ കരയില്‍ കുടുങ്ങിയ 300 തിമിംഗലങ്ങള്‍ കടലിലേക്ക്‌ തിരിച്ചു പോകാനാവാതെ ചത്തത്. വളണ്ടിയര്‍മാര്‍ ബാക്കിയുള്ളതിനെ കടലിലേക്ക്‌ തിരിച്ചു വിട്ടെങ്കിലും എന്ത് കൊണ്ട് ഇത്രയധികം തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരക്കടിഞ്ഞുവെന്ന ചോദ്യത്തിനു ഉത്തരമായില്ല... New Zealand Whale Stranding 2017. അവിടെ അന്ന് പ്രദര്‍ശിപ്പിച്ചിരുന്ന ഡോക്യുമെന്റ്റിയും “Whale Hunting &  Whale Stranding” എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു. അത് കണ്ടതോടെ, “Whale Watching” എന്ന കലാപരിപാടി വേണ്ടെന്നു വെച്ചു.

മ്യുസിയത്തില്‍ നിന്നിറങ്ങി ഞങ്ങള്‍ അക്യുറെയ്റിയിലേക്ക് തിരിച്ചു. വൈകുന്നേരത്തോടെ മഴയ്ക്ക് കുറവുണ്ടാകുമെന്നാണ് പ്രവചനം. ഞങ്ങള്‍ എത്തുമ്പോഴേക്കും മഴ തോര്‍ന്നിരുന്നു. താമസിക്കുന്ന സ്ഥലത്ത് കാറിനെ വിശ്രമിക്കാന്‍ വിട്ട്, ഞങ്ങള്‍ തെരുവുകളിലൂടെ നടക്കാന്‍ ഇറങ്ങി. നിരത്തുകളിലെ വഴിവിളക്കുകളെല്ലാം തെളിഞ്ഞിട്ടുണ്ട്. പഴയ ക്യുബെക് നഗരത്തെ ഓര്‍മ്മിപ്പിക്കും അക്യുറെയ്റിയിലെ തെരുവുകള്‍. ഐസ് ലാന്‍ഡിലെ പ്രശസ്തമായ 'യൂണിവേഴ്സിറ്റി ഓഫ് അക്യുറെയ്റി(Háskólinn á Akureyri)'യും ഈ ചെറിയ നഗരത്തില്‍ തന്നെയാണ്. നഗരത്തിനുള്ളില്‍ ബസ്‌ യാത്രകള്‍ ഫ്രീയാണെന്ന് വായിച്ചിരുന്നു. സമയക്കുറവ് മൂലം പരീക്ഷിച്ചില്ല. കാല്‍നടക്കാരുടെ തെരുവെന്നറിയപ്പെടുന്ന Göngugatan തെരുവിലാണ് ഭക്ഷണശാലകളും, ലൈബ്രറികളുംആര്‍ട്ട്‌ മ്യുസിയങ്ങളും, ഷോപ്പിംഗ്‌ സെന്‍ററുകളുമെല്ലാം. തെരുവിലൂടെ അലസമായി നടക്കുന്നതിനിടയിലാണ് അടഞ്ഞു കിടക്കുന്ന ഇന്ത്യന്‍ കറി ഹട്ട് കണ്ടത്. വിഭവങ്ങളുടെ ലിസ്റ്റിനൊപ്പം മാര്‍ച്ചിലെ തുറക്കൂന്ന് വാതിലിന് പുറത്തെഴുതിയിട്ടിരിക്കുന്നു.

Akyureri - distant view
നഗരത്തിന് കീഴെ സമുദ്രമാണ്. അതുകൊണ്ട് മേലോട്ടാണ് വളര്‍ന്ന് വികസിക്കുന്നത്. തെരുവിന്‍റെ മുകളിലായാണ് Akureyrarkirkja Church. 1940 ല്‍ പണിത ഈ പള്ളി അക്യുറെയ്റിയിലെ പ്രധാന ആകര്‍ഷണമാണ്. പടികള്‍ കയറിവേണം പള്ളി മുറ്റത്തെത്താന്‍. പള്ളിയിലെ ചില ജാലകങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ടുവന്നതാണെത്രെ. രണ്ടാംലോകമഹായുദ്ധകാലത്ത് നാസികളുടെ ബോംബാക്രമണത്തില്‍ പള്ളിയുടെ ജാലകങ്ങള്‍ മാത്രം നശിക്കാതെ ബാക്കിയായെന്നൊരു കഥ കൂടിയുണ്ട്. കുറച്ചു പടികള്‍ കയറിയാല്‍ ഇടതു വശത്തായി ഒരാള്‍ക്ക്‌ നടന്നു പോകാന്‍ മാത്രം വീതിയുള്ള ഒരു നടപ്പാതയുണ്ട്. ഇതെങ്ങോട്ട് പോകുമെന്നറിയാനായി അതിലൂടെ നടന്നു. ചെന്നെത്തുന്നത് ഐസ് ലാന്‍ഡിലെ പ്രശസ്ത കവിയായ Rev. Matthias Jochumson ന്‍റെ വീടിന് മുന്നിലാണ്. 1903-1920 വരെ അദ്ദേഹം ജീവിച്ചിരുന്നത് ഇവിടെയാണെന്നും ഇപ്പോള്‍ അതൊരു സ്മാരകമായി സംരക്ഷിക്കുകയാണെന്നും വീടിനടുത്ത് രേഖപ്പെടുത്തി വച്ചിട്ടുണ്ട്. വീടിനെയൊന്നു വലംവെച്ച്‌ തിരികെ വീണ്ടും പള്ളിയിലേക്കുള്ള പടികള്‍ കയറി. അവിടെന്ന് നോക്കിയാല്‍ നഗരം മുഴുവനായി കാണാം.



പള്ളിയില്‍ നിന്നിറങ്ങി വന്ന ഗായക സംഘത്തോടൊപ്പം ഞങ്ങളും തിരിച്ചിറിങ്ങി നേരെ കടല്‍ക്കരയിലേക്ക് നടന്നു. തണുത്ത കാറ്റും കൊണ്ട് അധികനേരം നില്‍ക്കാനാവില്ല, എന്നാലുമൊന്നു ചുറ്റി വന്നു. 'കടല്‍ക്കര കണ്ടു... കപ്പല്‍ കണ്ടു...' രാത്രി ഭക്ഷണം കഴിക്കാനായി തെരുവോരത്തുള്ള ആളൊഴിഞ്ഞ കടയിലേക്ക് കയറി. അവിടെ മിക്കതും മീന്‍ വിഭവങ്ങളാണ്. എഴുതി വച്ചിരിക്കുന്നത് ഐസ് ലാന്‍ഡിക്കിലും. എന്ത് പറയണമെന്നറിയാതെ മെനു കാര്‍ഡും പിടിച്ചു നില്‍ക്കുന്ന ഞങ്ങളുടെ അടുത്തേക്ക് വന്നൊരാള്‍, ‘ഇവിടുത്തെ സൂപ്പ് കഴിക്കൂ. നല്ലതാണ്. ഞാനത് കഴിക്കാനായി മാത്രമാണ് ഇവിടെ വരുന്നതെന്ന്’ പറഞ്ഞ് ഞങ്ങളുടെ കണ്‍ഫ്യുഷന്‍ മാറ്റി. ആ സുഹൃത്ത്‌ ഓര്‍ഡര്‍ ചെയ്തത് തന്നെ ഞങ്ങളും പറഞ്ഞു. പേര് പറയാന്‍ അറിയില്ലെങ്കിലും നല്ല സ്വാദുണ്ടായിരുന്നു ആ ഫിഷ്‌ സൂപ്പിന്. ചൂടുള്ള ഫിഷ്‌ സൂപ്പും ഉരുളക്കിഴങ്ങ് പൊരിച്ചതും കഴിച്ച് ഞങ്ങള്‍ ഹോട്ടലിലേക്ക് നടന്നു. ഇനി നാളെ വീണ്ടും പുകയുന്ന അഗ്നിപര്‍വ്വതങ്ങള്‍ക്കരികിലേക്കാണ് യാത്ര.                                     (തുടരും)