Friday, March 24, 2017

ചൊവ്വയിലല്ല...ഭൂമിയിലൊരിടത്ത്...

യാത്രയുടെ പ്ലാനുകള്‍ അടിക്കടി മാറിയിരുന്നതിനാല്‍ ഹോഫിനില്‍ രാത്രി തങ്ങാനുള്ള സൗകര്യമൊന്നും മുന്‍കൂട്ടി ഏര്‍പ്പെടുത്തിയിട്ടില്ലായിരുന്നു. വളരെ ചെറിയൊരു പട്ടണമാണ് ഹോഫിന്‍. അതിനാല്‍ വിരലിലെണ്ണാവുന്ന ഹോട്ടലുകളെ അവിടെയുള്ളൂ. പ്രധാനപ്പെട്ട രണ്ടു സ്ഥലങ്ങളുടെ ഇടയ്ക്കു കിടക്കുന്നതിനാല്‍ ഇവിടെ പെട്ടെന്ന് താമസിക്കാന്‍ ഇടം കിട്ടുക പ്രയാസവുമാണ്. ഒന്നുരണ്ട് ചുറ്റലിന് ശേഷം ഒരു ഗസ്റ്റ് ഹൗസില്‍ മുറി കിട്ടി. മുറിയിലെത്തി ആദ്യം ചെയ്തത് ബൂട്ട്സുകളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന മണ്ണ് കഴുകി കളയലാണ്. കുറെ സമയം ഉരച്ചിട്ടാണ് മണ്ണിളകിയത്... എന്ത് പശയായിരിക്കും മണ്ണിലുള്ളത്

പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്ന് പതിവ് സമയത്തിറങ്ങി. മഴയുടെ ലക്ഷണമൊന്നും കണ്ടില്ല, അഞ്ചാറു ദിവസായില്ലേ മഴയോടൊപ്പം കൂട്ട്കൂടിയിട്ട്.. അതാവും കുറച്ചു നേരം വിട്ട് നിന്നപ്പോള്‍ പ്രയാസമായത്. ഏതോ പുഴകരികില്‍ നിര്‍ത്തിയപ്പോള്‍ അവിടെയുണ്ട് ജര്‍മനിയില്‍ നിന്നുള്ള രണ്ട് ക്യാമറാമാനുകള്‍, ക്യാമറകളുടെ കയ്യും കാലുമൊക്കെ പിടിച്ചു നില്‍ക്കുന്നു. ഫോട്ടോഗ്രാഫര്‍ ചാടിയിറങ്ങി, മൂന്നാളും കൂടെ ക്യാമറയിലെ ചിത്രങ്ങള്‍ നോക്കി ഫോട്ടോഗ്രാഫി ഭാഷയില്‍ സംസാരം തുടങ്ങിയപ്പോള്‍ ഞാനവിടെന്നു മുങ്ങി. എന്‍റെ പ്രഭാതസവാരി കഴിഞ്ഞു വന്നപ്പോഴേക്കും പരസ്പരം ശുഭയാത്രകള്‍ നേര്‍ന്ന് ക്യാമറാകൂട്ടം പിരിയാന്‍ തുടങ്ങിയിരുന്നു.



ഹോഫിനില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രയുണ്ട് ജോകുള്‍സര്‍ലോണിലേക്ക്. ഐസ് ലാന്‍ഡില്‍ ഐസ്സില്ലേന്നുള്ള ചോദ്യത്തിന് മറുപടിയാണീ അത്ഭുതം.. ഇടത് വശത്ത് നിന്ന് അറ്റ്ലാന്റിക്കിന്‍റെ മുരള്‍ച്ച കേള്‍ക്കാം. പെട്ടെന്നാണ് വലത്തുവശത്തെ മലകള്‍ക്ക് താഴെ ഒരു കൂട്ടം റൈന്‍ ഡിയറുകള്‍ മേയുന്നത് കണ്ണില്‍പ്പെട്ടത്. വണ്ടി നിര്‍ത്തി ഞങ്ങള്‍ അതിനടുത്ത് എത്തിയപ്പോഴേക്കും അവര്‍ നടന്നകലാന്‍ തുടങ്ങിയിരുന്നു. റൈന്‍ ഡിയറുകളെ അതിന്‍റെ സ്വാഭാവികമായ പരിസ്ഥിതിയില്‍ കാണണമെന്നത് ഒരാഗ്രഹമായിരുന്നു. തിരിച്ചു നടക്കുമ്പോഴേക്കും മഴയും കൂട്ടിനെത്തി.


Reindeer 
ജോകുള്‍സര്‍ലോണെന്ന തെക്കേ ഐസ് ലാന്‍ഡിലെ ഗ്ലേസിയര്‍ ലഗൂണ്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ്. റിംഗ് റോഡിലെ ജോകുള്‍സര്‍ലോണ്‍ പാലം കടക്കുന്നതിന് മുമ്പായി സൈഡ് റോഡിലേക്ക് കയറിയാലാണ് Jökulsárlón or Glacier’s-River-Lagoon ന്ന് വിളിക്കുന്ന ഐസ്മാടങ്ങള്‍ക്കരികിലെത്തുക. യൂറോപ്പിലെ ഏറ്റവുംവലിയ ഗ്ലേസിയറായ Vatnajökull - ഐസും, ഗ്ലേസിയര്‍ നാവുകളും, ലാവാപാടങ്ങളും കൊണ്ട് സമ്പന്നമാണ്. Vatnajökullന്‍റെ പല ഗ്ലേസിയര്‍ നാവുകളിലൊന്നാണ് ജോകുള്‍സര്‍ലോണ്‍. ഗ്ലേസിയറില്‍ നിന്ന് ഉരുകി ഒലിച്ചിറങ്ങുന്ന വെള്ളവും, അടര്‍ന്നു വീഴുന്ന ഐസ് കട്ടകളും ചേര്‍ന്നുണ്ടായതാണ് ലഗൂണ്‍. ലഗൂണിന്‍റെ ഇപ്പോഴത്തെ അളവ് 25 ചതുരശ്ര കി.മീറ്ററാണ്. 1932 വരെ ഇത് കട്ടിയുള്ള ഗ്ലേസിയല്‍ ഐസിനാല്‍ മൂടപ്പെട്ടു കിടക്കുകയായിരുന്നു. ഇന്നിപ്പോള്‍ വര്‍ഷംതോറും പല കാരണങ്ങളാല്‍  മുന്നൂറടി ഐസ് അടര്‍ന്നു വീഴുന്നുണ്ട്‌. ഓരോ അടര്‍ച്ചയിലും ലഗൂണിന്‍റെ രൂപം മാറും. അതിനാല്‍ ഒരിക്കല്‍ കണ്ടത് പോലെയായിരിക്കില്ല മറ്റൊരിക്കല്‍ കാണുമ്പോള്‍! ഐസ്മാടങ്ങളുള്ള ജോകുള്‍സര്‍ലോണ്‍ തടാകത്തിന് നല്ല ആഴമുണ്ട്. 260 മി. താഴ്ചയുള്ളയിടങ്ങളുണ്ട് തടാകത്തില്‍. സമുദ്രത്തിലെ ഉപ്പിന്‍റെ അംശവും, തടാകത്തിലെ ശുദ്ധജലവും ചേരുന്നത് കൊണ്ടാണ് ലഗൂണിന് നീലയും പച്ചയും കലര്‍ന്ന നിറമെന്ന് ശാസ്ത്രം.

Glacier Tongue - Jökulsárlón
ഗ്ലേസിയര്‍ നാവും, തടാകവും, ഐസ് കട്ടകളും, മറുവശത്തെ കറുത്ത മണലുള്ള ബീച്ചുമെല്ലാം എത്ര കൃത്യതയോടെയാണ് മഹാകലാകാരന്‍ ചേര്‍ത്തു വച്ചിരിക്കുന്നത്... ഞങ്ങള്‍ തടാകത്തിനടുത്തേക്ക് നടന്നു. തെളിഞ്ഞ വെള്ളത്തില്‍ ഇളം നീലയും പച്ചയും നിറത്തിലുള്ള ഐസ് കുന്നുകള്‍ക്ക് കാന്തികാകര്‍ഷണമുള്ളത് പോലെ. ആ തോന്നല്‍ വളരെ അപകടം പിടിച്ചതാണെന്ന് പലരും മുന്നറിയിപ്പ് തന്നിട്ടുണ്ടായിരുന്നു. തടാകം പുറമേ കാണുന്നത് പോലെയല്ല, ആകര്‍ഷണത്തില്‍പ്പെട്ട് നീന്താന്‍ തോന്നിയാല്‍ ശക്തമായ അടിയൊഴുക്ക് നമ്മളെയും കൊണ്ട് പോകും. ഇവിടെന്ന് തുടങ്ങിയതേ ഓര്‍മ്മയുണ്ടാവൂ, കൊട്ടിക്കലാശം അറ്റ്ലാന്റിക്കിലായിരിക്കും. വെള്ളത്തിനു താഴെ മറഞ്ഞു കിടക്കുന്ന വമ്പന്‍ ഐസ്മലകളുടെ ഒരറ്റം മാത്രമാണ് മുകളില്‍ കാണുന്നത്. Tip of the Iceberg യെന്ന പ്രയോഗം ശരിക്കും മനസ്സിലായി. പുറമേക്ക് കാണുന്ന ഐസ് മലകളെപ്പോഴാണ് മര്‍ദ്ദത്തില്‍ വ്യത്യാസം വന്ന് കീഴ്മേല്‍ മറിയുകയെന്നറിയില്ല. അതിന്മേല്‍ കയറുന്നതും അപകടം. ഷാരൂഖ്‌ ഖാനും, കജോളും (Dilwali Film Gerua Song), ജസ്റ്റിന്‍ ബീബറും(I'll Show You) ഒക്കെ കയറി പാടുന്നത് കണ്ടിട്ടുണ്ടല്ലോ...അവര്‍ക്കാകാം പിന്നെ നമുക്കായാലെന്താന്നാണ്? ഐസ് പാളിയുടെ മുകളില്‍ നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത പെണ്‍കുട്ടിയുടെ കൂക്കിവിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്. കയറി നിന്ന ഐസ് തെന്നി നീങ്ങിയതാണ്...

Tip of the Iceberg!!!
തടാക തീരത്തുള്ള കുന്നിനു മുകളില്‍ കയറി ക്യാമറ നിറച്ചതിനു ശേഷമാണ് അടുത്ത് കണ്ട കഫേയിലേക്ക് കയറിയത്. വിരലുകള്‍ തണുത്ത് വേദനിച്ചു തുടങ്ങിയിരുന്നു. കൈകളൊക്കെ തിരുമ്മി ചൂടാക്കുമ്പോഴാണ് ഹുസൈന്‍ ഐസ് ഗുഹകളിലേക്കുള്ള ടിക്കറ്റുമായി വന്നത്. പ്രധാന ഐസ് ഗുഹയില്‍ പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടായതിനാല്‍ അടച്ചിട്ടിരിക്കുകയാണെന്ന് കഫേയിലെ ടൂര്‍ ഓപ്പറേറ്റര്‍ ടിക്കെറ്റ് എടുക്കുമ്പോള്‍ തന്നെ പറഞ്ഞിരുന്നു. അത് കൊണ്ട് അങ്ങോട്ട്‌ പോകുന്നില്ല. ഒരു മണിക്കാണ് ഞങ്ങള്‍ക്കുള്ള ജീപ്പ് റെഡിയായത്. ഐസ് ലാന്‍ഡ്‌ റോഡുകളില്‍ കണ്ടിരുന്ന സ്പെഷ്യല്‍ സുപ്പര്‍ ജീപ്പിലേക്ക് ഞങ്ങള്‍ കയറി. നിറയെ സ്റ്റഡുകള്‍ പതിച്ച വലിയ ടയറുകളാണ് ഇതിന്‍റെ പ്രത്യേകത. പുഴ നീന്താനും, ഐസും, മലയും കുന്നുമൊക്കെ കയറിയിറങ്ങാനും പാകത്തിലാണത്രെ ഇതിന്‍റെ നിര്‍മിതി. വീതി കുറവുള്ള ഒറ്റ വരി പാതയില്‍ എതിരെ വന്നിരുന്ന സൂപ്പര്‍ ജീപ്പുകള്‍ ഞങ്ങള്‍ക്കൊരു തലവേദനയായിരുന്നു. റോഡിന്‍റെ പകുതി അവര്‍ക്ക് തന്നെ വേണം.




Super Jeep
രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഞങ്ങള്‍ പത്തു പേരെ നയിക്കുന്നത് റ്റാമിയാണ്. സീറ്റ്ബെല്‍ട്ടിടണമെന്ന് റ്റാമി കയറിയപ്പാടെ നിര്‍ദ്ദേശിച്ചു. കാരണം അതുപോലെയായിരിക്കും സാരഥിയായ കേയ്റ്റിന്‍റെ പറപ്പിക്കലെന്നാണ് അവര്‍ പറഞ്ഞത്. ശരിയാണ് റിംഗ് റോഡില്‍ നിന്ന് മാറി ഞങ്ങളൊരു മലയടിവാരത്തിലേക്കിറങ്ങി. ആ വഴിയിലൂടെ സാധാരണ വാഹനങ്ങളുമായി വരാന്‍ പറ്റില്ല. കുന്നുകളും, വലിയ കല്ലുകള്‍ കയറിയിറങ്ങിയും, ചെരിഞ്ഞും വളഞ്ഞും സൂപ്പര്‍ ജീപ്പിലൊരു സൂപ്പര്‍ റൈഡായിരുന്നു. ഭക്ഷണമൊന്നും കഴിക്കാഞ്ഞത് നന്നായി. ഒരു ചരല്‍ പ്രദേശത്ത് കേയ്റ്റ് ജീപ്പ് നിര്‍ത്തി. അതിനപ്പുറത്തേക്കൊരു വാഹനങ്ങള്‍ക്ക് പ്രവേശനമില്ല, നടക്കണം. ഇതുവരെ കണ്ട ഐസ് ലാന്‍ഡല്ല ഇത്... നാസയുടെ ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ചൊവ്വാഗ്രഹത്തിലാണോ ഞങ്ങളെ കേയ്റ്റിറക്കി വിട്ടത്? വലിയ കല്ലുകള്‍ നിറഞ്ഞ തരിശുഭൂമി, ചിലയിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നു, ഒരുവശത്ത് ഗ്ലേസിയര്‍ മറുഭാഗത്ത്‌ അത്രയൊന്നും സജീവമല്ലാത്ത ഒരു അഗ്നിപര്‍വ്വതം. റ്റാമിയാണ് പറഞ്ഞത് ബഹിരാകാശ സഞ്ചാരികള്‍ അവരുടെ മൂണ്‍ലാന്‍ഡറുകളുമായി ഇവിടെ പരിശീലനത്തിന് വരാറുണ്ടെന്ന്!

Ice Cave Tour
പണ്ടിവിടെ കാടായിരുന്നൂത്രേ. അഗ്നിപര്‍വ്വതം സംഹാര രൂപമെടുത്താല്‍ പിന്നെ പറയേണ്ടല്ലോ? ഇനിയെന്നാണിതിന്‍റെ അടുത്ത ഉയിര്‍പ്പെന്നുള്ളത് നോക്കിയിരിക്കുകയാണത്രേ... മലക്ക് മുകളില്‍ വെളുത്ത നിറമുള്ള പക്ഷികള്‍ പറക്കുന്നുണ്ട്‌. ഞാന്‍ നോക്കി നില്‍ക്കുന്നത് കണ്ടിട്ടാവണം റ്റാമി പക്ഷി കഥ പറഞ്ഞു തന്നു. എലിഫന്‍റ് ബേര്‍ഡ്‌സെന്നാണെത്രെ ഈ കുഞ്ഞു പക്ഷികളെ വിളിക്കുന്നത്‌. കടല്‍കാക്കളെ പോലെയിരിക്കുന്ന Fýll പക്ഷികള്‍ മഹാ കുസൃതിയാണ്. ആളുകളെ അടുത്ത് കണ്ടാല്‍ മുഖത്തേക്ക് ഛര്‍ദ്ദിച്ചിട്ടാണ് സ്നേഹം പ്രകടിപ്പിക്ക്യ. ഫില്‍ പക്ഷിയുടെ ഛര്‍ദ്ദല്‍ വസ്ത്രത്തിലായാല്‍ പിന്നെ കത്തിച്ചു കളയുകയെ നിവര്‍ത്തിയുള്ളൂ. അത്രയ്ക്ക് വൃത്തിക്കെട്ട നാറ്റമാണത്രേ. അയ്യേ... കല്ലില്‍ ചവിട്ടിയും വെള്ളത്തിലൂടെ നടന്നും, പല നിറങ്ങളിലുള്ള കല്ലുകള്‍ പെറുക്കിയും അന്യഗ്രഹജീവികളായി നടന്നെത്തിയത്‌ ഗ്ലേസിയറിനു മുന്നിലാണ്. ഗ്ലേസിയറിനു കീഴില്‍ നില്‍ക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും യാതൊരു മുന്നറിയിപ്പും തരാതെയാണ് ഐസ് അടര്‍ന്നു വീഴുകയെന്നുമൊക്കെ റ്റാമി പറയുന്നുണ്ട്. 

Beneath the Glacier

എവിടെയാണ് നില്‍ക്കുന്നതെന്ന് നമ്മളെ അനുനിമിഷം അത്ഭുതപ്പെടുത്തുന്ന സ്ഥലം. നീല നിറത്തില്‍ ഗ്ലേസിയറായും,  കറുപ്പിലും ചുവപ്പിലുമുള്ള പര്‍വ്വതമായും ഭീമാകാരമായ രൂപമെടുത്ത്‌ നില്‍ക്കുന്ന പ്രകൃതിയുടെ വന്യത! കാലുറപ്പിച്ചു നില്‍ക്കുന്നിടത്ത് അപ്രതീക്ഷിതമായി വെള്ളം പൊങ്ങി വരാം... മലമുകളില്‍ നിന്ന് താഴേക്കു വീണ പാറകളും, വെള്ളം ഒലിച്ചിറങ്ങുന്ന ചെറിയ അരുവികളും താണ്ടി നടക്കുന്നു ദുര്‍ബലരായ കുറച്ചു മനുഷ്യര്‍. ഐമാക്സ് തിയേറ്ററില്‍ Interstellar സിനിമ കണ്ട്, സ്ഥലകാലബോധം നഷ്ടപ്പെട്ടെനിക്ക് ആഴ്ചയും സമയവുമൊക്കെ മാറിയ കഥ റ്റാമിയോട് പറഞ്ഞപ്പോഴാണ്, ‘നീയിപ്പോള്‍ നില്‍ക്കുന്നത് അതിന്‍റെ ഷൂട്ടിംഗ് സ്ഥലത്താണെന്ന്’ അവള്‍ ചിരിച്ചു കൊണ്ട് പറയുന്നത്. സിനിമയില്‍ രണ്ട് ഗ്രഹങ്ങളായി കാണിക്കുന്ന സ്ഥലങ്ങള്‍ ഐസ് ലാന്‍ഡില്‍ തൊട്ട് തൊട്ടാണ് കിടക്കുന്നത്. James Bond (Die Another Day) സിനിമയില്‍ ഐസിലൂടെ കാര്‍ ഓടിച്ചത് ഈ ഗ്ലേസിയറിന് മുകളിലായിരുന്നു. ആ രംഗം ചിത്രീകരിക്കുമ്പോള്‍ കാര്‍ വഴുതി അപകടം ഉണ്ടാവുകയും ചെയ്തു. പിന്നെ Tomb Raider, അതും ഇവിടെ തന്നെ. മൊത്തത്തില്‍ ഐസ് ലാന്‍ഡ് ഒരു സൂപ്പര്‍ സ്റ്റാറാണ്!

Is it on Earth, seriously??

ഗ്ലേസിയറിന് മുകളിലൂടെയും ഹൈക്കിംഗ് ചെയ്യാം. പക്ഷെ റ്റാമിക്ക് അതിനോട് അത്ര യോജിപ്പില്ല. മഴു വെച്ച് ഐസ് കൊത്തുമ്പോഴും, ബൂട്ട്സിലെ മുള്ളുകളും ഗ്ലേസിയറില്‍ വിള്ളലുണ്ടാക്കുമെന്നാണ് അവരുടെ പക്ഷം. എത്രത്തോളം മനുഷ്യ സ്പര്‍ശം ഏല്‍ക്കാതെ ഇരിക്കുന്നുവോ അത്രയും നല്ലത്... ശരിയാണെന്നെനിക്കും തോന്നി. ഐസ് ഗുഹക്ക് മുന്നില്‍ ഞങ്ങളെ നിര്‍ത്തി റ്റാമി അതിനുള്ളിലേക്ക്‌ നൂണ്ടു പോയി. ഇറങ്ങി വന്ന് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടു കുട്ടികളെ അതിനകത്തേക്ക് വിട്ടു. It’s awesome!ന്നും പറഞ്ഞു അവര്‍ മുട്ടിലിഴഞ്ഞു പുറത്തിറങ്ങി. പിന്നെ ഓരോരുത്തരായി അതിനകത്തേക്ക് നൂണ്ടു പോയി. സ്ഫടികം പോലെ തിളങ്ങുന്ന ഐസിനുള്ളില്‍ കുടുങ്ങിയ കല്ലുകളും, അഗ്നിപര്‍വ്വത ചാരവും വ്യക്തമായി കാണാം. തലക്ക് മുകളില്‍ നീല നിറമുള്ള ഐസും താഴെ കൈകുത്തിയാലോ ചവിട്ടിയാലോ കുഴിഞ്ഞു പോകുന്ന തരത്തില്‍ ചരലുമാണ്. അവിടെന്ന് പുറത്തിറങ്ങി ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. റ്റാമിക്ക് അവരുടെ ക്യാമ്പില്‍ നിന്ന് വാക്കിടോക്കിയില്‍ സന്ദേശങ്ങള്‍ എത്തുന്നുണ്ട്.

Inside an Ice Cave

പാറകളും, അരുവികളും, ചരലും മണലും നിറഞ്ഞ പ്രതലത്തില്‍ നിന്ന് ചുറ്റും നോക്കുമ്പോള്‍ ഭൂമിയിലാണെന്ന് വിശ്വസിക്കാനാവാതെ എത്ര വട്ടമാണ് ഞാന്‍ നിന്നിടത്ത് തന്നെ നിന്നു പോയത്! ദാഹിച്ചപ്പോള്‍ ലാവാകല്ലുകള്‍ക്കിടയിലൂടെ ഗ്ലേസിയറില്‍ നിന്നുരുകിയൊലിച്ചിറങ്ങുന്ന വെള്ളം മതിയാവോളമെല്ലാവരും കോരികുടിച്ചു. വെള്ളത്തിനെന്തൊരു സ്വാദ്... കഥകളൊക്കെ പറഞ്ഞ് ഞാനും റ്റാമിയുമാണ് മുന്നില്‍ നടക്കുന്നത്. മറ്റുള്ളവര്‍ ഫോട്ടോയെടുക്കുന്ന തിരക്കിലാണ്. കുറച്ചു നടന്നപ്പോള്‍ ചോക്ലേറ്റ് പുഡിംഗ് ഉണ്ടാക്കി വച്ചത് പോലെ സുന്ദരമായ മണല്‍പ്പരപ്പിനടുത്തെത്തി. കൊതി മൂത്ത് വായില്‍ വെള്ളം നിറച്ച് ഞാന്‍ നില്‍ക്കുമ്പോള്‍ റ്റാമി പെണ്ണ് അപ്പുറം കടന്നു. എങ്ങിനെയാണ് കടന്നതെന്ന് ഞാന്‍ കണ്ടില്ല. കേള്‍ക്കാന്‍ കഥ ബാക്കിയുള്ളതിനാല്‍ ഞാനും ആ പുഡിംഗിലൂടെ നടന്നു. ഞാന്‍ റ്റാമിയുടെ അടുത്തെത്തിയില്ല. എന്‍റെ കാലുകള്‍ താഴ്ന്നു പോകുകയല്ലാതെ പൊക്കാന്‍ പറ്റുന്നില്ല... റ്റാമീന്നുള്ള ദയനീയ വിളി കേട്ടപ്പോഴേക്കും റ്റാമിയും കൂട്ടത്തിലുള്ള മറ്റൊരു ചേട്ടനും ഓടിയെത്തി എന്നെ വലിച്ചു കയറ്റി. ഇതാണ് ഞാന്‍ കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞ ക്വിക്ക് സാന്‍ഡ്‌!

Naturally filtered Glacier Water

ഭാഗ്യത്തിന് ഞാന്‍ ചവിട്ടിയത് പാകപ്പെട്ടു വരുന്നൊന്നിലായിരുന്നു. എനിക്ക് പിറകില്‍ വന്നവരാരും പിന്നെ ചോക്ലേറ്റ് പുഡിംഗിന്‍റെ സൗന്ദര്യത്തില്‍ മയങ്ങാതെ വഴുക്കുന്ന പാറകളിലൂടെ നടന്നു. ക്വിക്ക് സാന്ഡിലകപ്പെട്ടാല്‍ നില്‍ക്കരുത് പെട്ടെന്ന് നടക്കണം, പറ്റിയില്ലെങ്കില്‍ അതില്‍ മലര്‍ന്നു കിടക്കണമെന്നൊക്കെ പിന്നെ റ്റാമിയുടെ വക സ്റ്റഡി ക്ലാസ്സ്‌ കേള്‍ക്കുമ്പോഴാണ് ഞാന്‍ ചോക്ലേറ്റ് പുഡിംഗ് രുചിച്ചു നോക്കിയ കാര്യം ഹുസൈന്‍ അറിയുന്നത്. ഇന്റര്‍സ്റ്റെല്ലാര്‍ സിനിമ കണ്ടപ്പോലെയൊര് വികാരമായിരുന്നു എല്ലാവരിലും. ഭൂമിയിലായിരുന്നുവെന്ന്  വിശ്വസിക്കാന്‍ പ്രയാസപ്പെട്ടു നടന്നുവരുന്ന ഞങ്ങളെ കാത്ത് സൂപ്പര്‍ ജീപ്പില്‍ ക്ഷമയോടെ കേയ്റ്റ് ഇരിക്കുന്നുണ്ടായിരുന്നു. മൂന്ന് മണിയോടെ ഞങ്ങള്‍ കഫേയില്‍ തിരിച്ചെത്തി. എല്ലാവരോടും യാത്ര പറഞ്ഞ് പിരിഞ്ഞതിനുശേഷം ഞങ്ങള്‍ പാലം കടന്ന് ആള്‍ത്തിരക്കില്ലാതെ ഗ്ലേസിയര്‍ കാണാനായി തടാകത്തിന്‍റെ മറുഭാഗത്തെത്തി. അവിടെന്ന് മതിയാവോളം ലഗൂണിന്‍റെ സൗന്ദര്യം ആസ്വദിച്ച് ഞങ്ങള്‍ മടങ്ങി. തിരിച്ചു നടക്കുമ്പോള്‍ സിനിമയില്‍ വെള്ളമെന്ന് കേള്‍ക്കുമ്പോഴേക്കും പപ്പു ചേട്ടന്‍ ചാടിച്ചാടി പോകുന്ന പോലെയായി മണലു കണ്ടാല്‍ ഞാനും....                                                                                                                                                                                                                   (തുടരും)                                                                                                                        

18 comments:

  1. ഹൊ... വല്ലാത്തൊരു രക്ഷപെടലായിപ്പോയി അല്ലേ... ഭാഗ്യം...

    മണൽ... മണൽ... ദേ അവിടെ മണൽ... അപ്പുറത്ത് മണൽ... :)

    ReplyDelete
    Replies
    1. വിനുവേട്ടാ... സത്യായിട്ടും ഇപ്പോ പേടിയായി!

      Delete
  2. ഈ പോസ്റ്റ് വായിക്കുമ്പോ , ഞാൻ ഭൂമിശാസ്ത്ര ക്ലാസ്സിലാണോയെന്ന് തോന്നിപ്പോയി... ! ഗ്ലേസിയറിലെ വെള്ളത്തിന്റെ സ്വാദ് കനേഡിയൻ റോക്കീസിലെ ഗ്ലേസിയറിൽ നിന്ന് രുചിച്ചറിഞ്ഞത് ഓർമ്മ വന്നു ട്ടോ...

    ആ സാൻഡി പുഡിങ്ങിന്റെ രുചി എങ്ങനെയുണ്ടായിരുന്നു...? :)
    പടം പിടുത്തക്കാരന് അഭിനന്ദനത്തിന്റെ ഒരു പൂച്ചെണ്ടുണ്ടേയ് ... !!

    ReplyDelete
    Replies
    1. ഗ്ലേസിയര്‍ വെള്ളം തന്നെയാണ് കടകളില്‍ വില്‍ക്കുന്നതും. വിലകൊടുത്ത് വാങ്ങാതെ വാട്ടര്‍ ബോട്ടിലില്‍ പറ്റുന്നിടത്തുന്നൊക്കെ നിറയ്ക്കും.. ഹിഹിഹി എനിക്കിപ്പോഴും അതിന്‍റെ രൂപം ഓര്‍മ്മ വരുമ്പോള്‍ കൊതി തോന്നും. എന്ത് നന്നായിട്ടാ സെറ്റ് ചെയ്യാന്‍ വച്ചേക്കണേ!നന്ദി ചേച്ചി :)(അത് ഹുസൈന്‍റെ വക)

      Delete
  3. മഞ്ഞുമലകളുടെ ഭൂമിശാസ്ത്രം യാത്ര വിവരണത്തിലൂടെ പഠിപ്പിച്ചു തന്നല്ലോ. ഗ്ലേസിയര്‍ നാവും, തടാകവും, ഐസ് കട്ടകളും, മറുവശത്തെ കറുത്ത മണലുള്ള ബീച്ചുമെല്ലാം എത്ര കൃത്യതയോടെയാണ് ആ മഹാകലാകാരന്‍ ചേര്‍ത്തു വച്ചിരിക്കുന്നത്...

    ReplyDelete
    Replies
    1. എന്നെ കൊണ്ട് കഴിയുന്നത്‌ പോലെ പറയാന്‍ ശ്രമിച്ചിട്ടുണ്ട് മാഷേ... വായിക്കുന്നവരെ കൂടെ യാത്ര ചെയ്യിക്കാന്‍ കഴിഞ്ഞൂന്നറിയുന്നതാണ് ഏറ്റവും സന്തോഷം... സ്നേഹം :)

      Delete
  4. ഒരു കവിത പോലെ സുന്ദരമായ വിവരണം .. നന്നായിരിക്കുന്നു ആശംസകൾ

    ReplyDelete
    Replies
    1. നന്ദി... സ്നേഹം പുനലൂരാന്‍

      Delete
  5. ഇത്രയും മനോഹരമായ വിവരണം അടുത്തകാലത്തൊന്നും വായിച്ചിട്ടില്ല..ആശംസപ്പൂക്കള്‍
    -പെരുമാതുറ ഔറ0ഗസീബ്
    അബുദാബി

    ReplyDelete
    Replies
    1. വായിച്ച് ഇഷ്ടായിയെന്നറിയിച്ചതില്‍ സന്തോഷം സുഹൃത്തേ...

      Delete
  6. സൂക്ഷിച്ചൊക്കെ നടക്കണ്ടേ ചേച്ചീ!!!




    ഐസ്‌ ഗുഹയ്ക്കകത്തിരിക്കുന്ന ഫോട്ടൊ!!!ഹോ.സമ്മതിക്കണം..

    ReplyDelete
    Replies
    1. അടുത്ത തവണ ശ്രദ്ധിക്കാം സുധി... ഹുസൈനോട് പറയാട്ടോ :)

      Delete
  7. പരിചിതമല്ലാത്ത ഭൂപ്രദേശങ്ങളുടെ ലഹരി...

    എഴുത്തിൽ നിന്നും ചിത്രങ്ങളിൽ നിന്നും അത് അനുഭവിക്കാനാവുന്നുണ്ട്...!

    തുടർഭാഗങ്ങൾക്കായി ആകാംക്ഷയോടെ...

    ReplyDelete
    Replies
    1. സത്യം... തീർത്തും അവിശ്വസനീയമാണ് ലാസ്സർ!

      Delete
  8. ഭൂമിയിലെ സുന്ദരമായ ഒരു ചൊവ്വ
    അത്ഭുതം തോന്നുന്നു ഈ കാഴ്ച്ചകളെല്ലാം കണ്ടിട്ട് .!
    നിങ്ങളെ സമ്മതിച്ചിരിക്കുന്നു കേട്ടോ യാത്രികരെ

    ReplyDelete
    Replies
    1. ഈ അത്ഭുതം ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല മുരളിയേട്ടാ...ഭൂമിയെ കുറിച്ച് എത്രയോ പരിമിതമായ അറിവും കൊണ്ടാണ് ഞാനൊക്കെ നടക്കുന്നത്!

      Delete
  9. സിനിമകണ്ട്‌ സ്ഥലകാലബോധം നഷ്ടപ്പെട്ടആള്‍ ആ സ്ഥലത്തുതന്നെ എത്തിച്ചേര്‍ന്നല്ലോ!
    അതിശയിപ്പിക്കുന്ന സാഹസികയാത്രത്തന്നെ!!
    ഈ പോസ്റ്റ് ആദ്യമേ ഓടിച്ചുവായിച്ചിരുന്നു.പുനര്‍വായനയിലാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്.
    ആശംസകള്‍

    ReplyDelete
  10. സിനിമയിൽ ആരുടെയെങ്കിലും കരവിരുതായിരിക്കുമെന്നാണ് കരുതിയത്. ഭൂമിയിലെ ഒരിടമാവുമെന്ന് ഒട്ടും നിനച്ചില്ല... നന്ദി തങ്കപ്പൻ ചേട്ടാ :)

    ReplyDelete