2017 ജൂലൈ 3, തിങ്കളാഴ്‌ച

Canada 150

Constitution Act, 1867 എന്ന നിയമനിര്‍മ്മാണ വ്യവസ്ഥിതിയിലൂടെ 1867 ജൂലൈ ഒന്നാം തിയതിയാണ് കാനഡ നിലവില്‍ വന്നത്. ഇന്നിപ്പോള്‍ കാനഡക്ക് നൂറ്റിയന്‍പത് വയസ്സ് തികഞ്ഞിരിക്കുന്നു. നാടെങ്ങും ആഘോഷത്തിമര്‍പ്പിലാണ്. ജൂണ്‍ അവസാനവാരത്തോടെ സ്കൂളുകള്‍ വേനലാവധിക്ക് അടച്ചതോടെ കുട്ടികളുടെ കാനഡാ ഡേ ആഹ്ളാദത്തിന് കൊടിയേറി. നാനാവര്‍ണ്ണത്തിലുളള പതിമൂന്ന് ചതുര്‍ഭുജങ്ങളെ മേപ്പിള്‍ ഇലയുടെ ആകൃതിയില്‍ ചേര്‍ത്തുവെച്ചതാണ് കാനഡാ ഡേ 150 യുടെ ലോഗോ. യുവതലമുറക്കായിരുന്നു ലോഗോ തിരഞ്ഞെടുക്കാനുള്ള അവസരം കൈവന്നത്. അതിനായി മത്സരവും സംഘടിപ്പിച്ചു. നാഷണല്‍ ഡിസൈന്‍ മത്സരത്തിന് ലഭിച്ച മുന്നൂറ് എന്ട്രികളില്‍ നിന്ന് തിരഞ്ഞെടുത്തത് വാട്ടര്‍ലൂ യൂണിവേര്‍സിറ്റിയിലെ രണ്ടാം വര്‍ഷ ഡിജിറ്റല്‍ ആര്‍ട്ട് വിദ്യാര്‍ത്ഥിനിയായ അരിയാനാ കുവിന്‍ വരച്ച ചിത്രമാണ്. 2002 ല്‍ മാതാപിതാക്കളോടൊപ്പം ഹോങ്ങ് കോങ്ങില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയതാണ് അരിയാനാ. പതിമൂന്ന് പ്രോവിന്‍സുകളെ കാനഡയുടെ പ്രതീകമായ മേപ്പിള്‍ ഇലയില്‍ ഒന്നിച്ചു ചേര്‍ത്ത് നാനാത്വത്തിലെ ഏകത്വത്തിന് യുവതയുടെ പുത്തന്‍ പ്രതീക്ഷ...

Pic: Google Image 

കാനഡയുടെ ദേശീയഗാനമായ “O Canada! Our home and native land!” ടോറോന്റോ സിംഫണി ഓര്‍ക്കസ്ട്ര പന്ത്രണ്ട് വിവിധ ഭാഷകളില്‍ പാടി റെക്കോര്‍ഡ്‌ ചെയ്തു. ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷും ഫ്രെഞ്ചും കൂടാതെ മന്ദാരിന്‍, പഞ്ചാബി, തമിഴ്, സ്പാനിഷ്‌, ജര്‍മന്‍, ഇറ്റാലിയന്‍, അറബിക്, ക്രീ, ടാഗലോഗ്, അമേരിക്കന്‍ സൈന്‍ ലാംഗ്വേജിലും ഗായകര്‍ ആലപിച്ചു. ലോകത്തിന്‍റെ വിവിധ ഭാഷകളില്‍ "Our Shared Anthem"മെന്ന ആശയത്തില്‍ ഒറ്റ ശബ്ദമായി മാറി കാനഡയുടെ ദേശീയഗാനം. മലയാളികള്‍ക്ക് ‘മലയാലം’ അറിയാത്തതിനാലും സംസാരിക്കാത്തതിനാലും രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ മലയാളത്തിലും പാടേണ്ടി വന്നേനെ... അതിനാല്‍ കനേഡിയനേക്കാള്‍ കനേഡിയനായി ഇംഗ്ലീഷില്‍ പാടി, തമിഴിലും പഞ്ചാബിലും പാടിയവരെ നോക്കി ചിരിച്ചു. വേറെ വലിടത്തുമാണെങ്കില്‍ കാണായിരുന്നു പൂരം. 

ഫ്രണ്ട്സ് ഓഫ് ലൈബ്രറി സ്പോണ്‍സര്‍ ചെയ്യുന്നൊരു പരിപാടിക്ക് മിസ്സിസ്സാഗയിലെ വായനാശാലകള്‍ തുടക്കമിട്ടിട്ടുണ്ട്. “ഒരു പുസ്തകം, ഒരു മിസ്സിസ്സാഗ(One Book, One Mississauga)” പരിപാടിയില്‍ തിരഞ്ഞെടുക്കുന്ന കനേഡിയന്‍ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായനക്കായി പരിചയപ്പെടുത്തുന്നു. ഓരോ മാസവുമോരോ പുസ്തകങ്ങളായിരിക്കും. ജൂലൈ ഒന്നിന് തിരഞ്ഞെടുത്തത് Frances Itani യുടെ Requeim’മെന്ന നോവലാണ്‌. മാസാവസാനം വായനാശാലകളില്‍ ചര്‍ച്ചകളും, സംവാദങ്ങളുമൊക്കെയുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പല പുസ്തകങ്ങളും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൃസ്വചിത്രങ്ങളുടെ പ്രദര്‍ശനങ്ങളും വായനാശാലകളില്‍ നടന്നിരുന്നു.



ജൂലൈ ഒന്നിന് Paint the Town Red” എന്ന് പരസ്യപ്പെടുത്തിയിരുന്ന മിസ്സിസ്സാഗയുടെ കാനഡ ഡേ പരേഡ് പോര്‍ട്ട്‌ ക്രെഡിറ്റില്‍ പന്ത്രണ്ട് മണിക്കാരംഭിച്ചു. ആഘോഷങ്ങളുടെ ഭാഗമാകാന്‍ ഞങ്ങള്‍ പോര്‍ട്ട്‌ ക്രെഡിറ്റിലേക്കാണ് പോയത്. കാനഡയില്‍ ആദ്യമെത്തിയപ്പോള്‍ താമസിച്ചത് അവിടെയായതിനാല്‍ എപ്പോഴും 'ഹോം ആന്‍ഡ്‌ നേറ്റീവ് ലാന്‍ഡി'നോട് കുറച്ചധികം സ്നേഹമുണ്ട്. പത്ത് മണിയോടെ പരേഡിനുള്ള ഒരുക്കങ്ങള്‍ക്കായി പ്രധാന വീഥിയായ ലേയ്ക്ക് ഷോര്‍ റോഡ്‌ അടച്ചിട്ടു. ചുവപ്പും വെള്ളയും നിറങ്ങളില്‍ വസ്ത്രങ്ങളണിഞ്ഞ് കൈയില്‍ പാതകകളുമായി റോഡിനിരുവശവുമുള്ള നടപ്പാതകളില്‍ കാണികള്‍ ഇരിപ്പുറപ്പിച്ചിരുന്നു. വാഹനങ്ങളുടെ തിരക്കില്ലാതെ റോഡില്‍ കളിക്കാന്‍ കിട്ടിയവസരം കുട്ടികള്‍ ശരിക്കും പ്രയോജനപ്പെടുത്തി. ആഘോഷങ്ങളുടെ പ്രതിഫലനം കുട്ടികളുടെ മുഖത്താണ് പെട്ടെന്ന് കാണാനാവുക. അവരുടെ കളിയും ചിരികളും  മുതിര്‍ന്നവരിലേക്കും ഒഴുകിയെത്താന്‍ താമസമുണ്ടായില്ല. സൈറന്‍ മുഴക്കി പോലിസ് വാഹനം പുറപ്പെട്ടത്തോടെ അതുവരെ കൈയ്യടക്കി വച്ചിരുന്ന റോഡ്‌ മനസ്സില്ലാമനസ്സോടെയാണെങ്കിലും കുട്ടികള്‍ വിട്ടുകൊടുത്തു.


One & Only Hazel Macallion... Respect!
നാടിന്‍റെ നൂറ്റിയന്‍പതാം പിറന്നാള്‍ പരേഡ് നയിച്ചത് മറ്റാരുമല്ല, 36 വര്‍ഷം മിസ്സിസ്സാഗ മേയറായി സേവനമനുഷ്ഠിച്ച 96കാരിയായ ഹേസല്‍ മക്കാലിയോണെന്ന രത്നമായിരുന്നു. 2014ല്‍ വിരമിച്ചിട്ടും പ്രായം തളര്‍ത്താത്ത മനസ്സുമായി മിസ്സിസ്സാഗക്കൊപ്പം ആവേശവും അഭിമാനവുമായി അവരുണ്ട്. ചുവപ്പും വെള്ളയും വസ്ത്രത്തില്‍ പരേഡിന്‍റെ ഗ്രാന്‍ഡ്‌ മാര്‍ഷലായി ഹേസലിനെ കണ്ടതും ജനങ്ങള്‍ ആവേശത്തിലായി. അവര്‍ക്ക് പിന്നിലായി മിസ്സിസ്സാഗയുടെ മേയറായ ബോണി ക്രോംമ്പി, എംപിമാര്‍, എംപിപിമാര്‍, വാര്‍ഡ്‌ കൌണ്‍സിലര്‍മാര്‍, പോലീസ് മേധാവികള്‍, മുന്‍ റിസേര്‍വ് യൂണിറ്റ് അംഗങ്ങള്‍, ഫസ്റ്റ് നേഷന്‍സ് പ്രതിനിധികളെന്നിവരുമുണ്ടായിരുന്നു. രണ്ടുദിവസത്തെ പരിപാടികളുടെ സുഗമമായ പര്യവസാനത്തില്‍ നന്ദി പറയേണ്ടത് വളണ്ടിയര്‍മാരോടാണ്.



ഇന്ന് വിരളമായി മാത്രം റോഡിലിറങ്ങുന്ന കുറെ  കാറുകളും പരേഡിലുണ്ടായിരുന്നു. എന്‍റെയരികിലിരുന്ന വ്യക്തി ഓരോ കാറ് കാണുമ്പോഴും അതിന്‍റെ മോഡല്‍, കമ്പനി തുടങ്ങിയ വിവരങ്ങള്‍ പറഞ്ഞു തന്നു. വീട്ടിലെ കാറിന്‍റെ കാര്യം ചോദിച്ചാല്‍ മേലോട്ട് നോക്കുന്ന എന്നോടാണ് അദ്ദേഹമിതൊക്കെ പറഞ്ഞത്. മിസ്സിസ്സാഗയിലെ സാംസ്കാരികവൈവിധ്യം വിളിച്ചോതുന്ന വിധത്തിലായിരുന്നു പരേഡിലെ മറ്റു പ്രകടനങ്ങള്‍. ഒടുവിലത്തെ സംഘത്തോടൊപ്പം ഞങ്ങളും ചേര്‍ന്നു. ചുവപ്പും വെള്ളയും അലകളായി എല്ലാവരും കേക്ക് മുറിക്കുന്നിടത്തെത്തി. ദേശീയപാതകയുടെ മാതൃകയിലാണ് കേക്കുണ്ടാക്കിയിരിക്കുന്നത്. ‘ഹാപ്പി കാനഡ ഡേ’ ആര്‍പ്പുവിളികളുമായി ഞങ്ങളുടെ സ്വന്തം ഹേസലാണ് കേക്ക് മുറിച്ച് എല്ലാവരെയും ഹാപ്പിയാക്കിയത്.

Pic Courtesy: Paint the Town Red FB post

ഉച്ചക്ക് രണ്ടുമണിയോടെ ഞങ്ങള്‍ വീട്ടിലെത്തി. രാത്രി പത്ത് മണിക്കുള്ള കരിമരുന്ന്പ്രയോഗം കാണാന്‍  പോര്‍ട്ട്‌ ക്രെഡിറ്റില്‍ പോകാതെ ഇരുപത് മിനിട്ട് അകലെയുള്ള സെലിബ്രേഷന്‍ സ്ക്വയറിലേക്കാണ് പോയത്. ഒന്‍പത് മണിക്ക് സ്ക്വയറിലെത്തുമ്പോള്‍ അവിടെ പാട്ടും ഡാന്‍സും തകര്‍ക്കുകയാണ്. കാനഡയിലെ ഒരാഘോഷവും ടിം ഹോര്‍ട്ടന്‍സില്ലാതെ പൂര്‍ണ്ണമാകില്ലെന്നാണ് ടിംസ് കാപ്പിക്കായി ക്യൂ നില്‍ക്കുന്നവരെ കണ്ടാല്‍ തോന്നുക. തിരക്കൊഴിഞ്ഞൊരു പുല്‍ത്തകിടിയില്‍ ഇരുന്നെങ്കിലും ഫോട്ടോയെടുക്കാന്‍ പറ്റിലെന്ന കാരണത്താല്‍ അവിടെന്നു മാറി. മറ്റൊരിടത്ത് ചെന്നിരുന്നു ക്യാമറ ഉറപ്പിച്ചുകഴിഞ്ഞപ്പോഴാണ് ആദ്യം ഇരുന്നിടത്ത് ഫോണ്‍ ഇട്ടിട്ടു പോന്നത് ഓര്‍ത്തത്. കാനഡാ ഡേയില്‍ മറവിയെനിക്ക് മാത്രമല്ല സംഭവിച്ചത്. 

ഒട്ടവയിലെ പാര്‍ലമെന്റ് ഹില്ലില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രസംഗിച്ചപ്പോള്‍ പതിമൂന്ന് പ്രോവിന്‍സുകളില്‍ ഒന്നായ ആല്‍ബേര്‍ട്ടയെ മറന്നു പോയി... ഞാനൊരു ഫോണേ മറന്നുള്ളൂ, ട്രൂഡോ സ്വന്തം രാജ്യത്തെ ഒരു പ്രോവിന്‍സിനെ തന്നെ മറന്നു! സാരല്യ, ഞങ്ങളതൊക്കെ ക്ഷമിക്കും. സന്തോഷം കൂടിയപ്പോള്‍ സംഭവിച്ചതാണെന്നും, സോറിയും, ഐ ലവ് യു ആല്‍ബേര്‍ട്ടാന്നും പറഞ്ഞ് സംഗതി പരിഹരിച്ചു. ഞാന്‍ ഫോണ്‍ തപ്പിയിറങ്ങി. ഫോണ്‍ കളഞ്ഞ് കിട്ടിയവര്‍ അത് പോലിസിനെ ഏല്‍പ്പിച്ചൂന്ന് പറഞ്ഞപ്പോള്‍ ആശ്വാസമായി. സോറിയും, താങ്ക്യുവും സമാസമം ചേര്‍ത്ത് പീല്‍ പോലീസിന് കൊടുത്ത് ഫോണും വാങ്ങി ഞാന്‍  മരത്തിന് ചുവട്ടിലെത്തി. പത്ത് മണിയായിട്ടും ഒന്നും സംഭവിക്കുന്നില്ല. ചെറുതായി കാറ്റ് വീശുന്നുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് തോന്നിയാല്‍ അധികൃതര്‍ക്ക് പരിപാടി റദ്ദാക്കാന്‍ ഒട്ടും സമയം വേണ്ട. കാറ്റില്‍ കാങ്കര്‍ പുഴുക്കള്‍ മരത്തില്‍നിന്ന് താഴേക്ക് വീഴാന്‍ തുടങ്ങി. സിറ്റിയിലെ മരങ്ങളെ ബാധിച്ചിരിക്കുന്ന പുഴുശല്യത്തെ കുറിച്ച് വേനലാരംഭത്തില്‍ തന്നെ പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു. ദേഹത്തു നിന്ന് പുഴുക്കളെയൊക്കെ തട്ടിമാറ്റുന്നിടക്ക് ശബ്ദങ്ങളും നിറങ്ങളും സമന്വയിപ്പിച്ച് ആകാശകാഴ്ചകളാരംഭിച്ചു. 



കാനഡയില്‍ ‘കോസ്റ്റ് ടു കോസ്റ്റ്’ ഈ ആഹ്ളാദമെല്ലാം പങ്കിടുമ്പോള്‍ ഭൂമിയുടെ അവകാശികളില്‍ ചിലര്‍ ശക്തമായ പ്രതിഷേധത്തിലാണ്. അധിനിവേശത്തിന്‍റെ വാര്‍ഷികാഘോഷങ്ങളാണെന്ന കാരണത്താല്‍ ടര്‍ട്ടില്‍ ഐലണ്ടിന്‍റെ(North America) അവകാശികള്‍(First Nations) മാറിനില്‍ക്കുകയാണ്. ഭൂമിയുടെയും വെള്ളത്തിന്‍റെയും സംരക്ഷണം രാജ്യനേതൃത്വം വിസ്മരിക്കുന്നുവെന്ന പരാതിയും, അവരുടെ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇടപ്പെടുന്നതില്‍ വരുത്തുന്ന വീഴ്ചയും ചോദ്യംചെയ്തു കൊണ്ട് പാര്‍ലമെന്റ് മൈതാനിയില്‍ ടീപീ കെട്ടിയുണ്ടാക്കി സമരം ചെയ്യുന്ന നേതാക്കളെ ട്രൂഡോ സന്ദര്‍ശിച്ചിരുന്നു. പീസ്‌ ടവറിനടുത്തായി ഉയര്‍ന്ന ടീപീ കാനഡയിലെ ജനങ്ങളോട് നിശബ്ദമായി പറഞ്ഞത്, വാക്ക് കൊണ്ടും പ്രവര്‍ത്തികൊണ്ടും അവര്‍ വീണ്ടും വീണ്ടും മുറിവേല്‍പ്പിക്കപ്പെടുകയാണെന്നായിരുന്നു. ടീപീ അവിടെയുണ്ടായത് ആര്‍ക്കും പ്രശ്നമായില്ല. സുരക്ഷാപരിശോധനയുടെ ഭാഗമായി നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വന്നത് മാത്രമാണ് ജനങ്ങളെ അസ്വസ്ഥരാക്കിയത്.

Iliraഎന്ന ഇനുവിറ്റ് വാക്കിലൂടെ അവരന്നനുഭവിച്ച നിസ്സാഹയത The Right to be Cold(Sheila Watt-Cloutier)’ല്‍ എഴുത്തുകാരി വിശദീകരിക്കുന്നുണ്ട്. പിതാവിന്‍റെ തെറ്റുകള്‍ക്ക് ട്രൂഡോ ഫസ്റ്റ് നേഷന്‍സിനോട് മാപ്പ് പറഞ്ഞിരുന്നു. സങ്കീര്‍ണ്ണമായ പ്രശ്നങ്ങളാണ്. ഒറ്റരാത്രി കൊണ്ട് പരിഹരിക്കപ്പെടുകയില്ലെന്നവര്‍ക്കും ബോധ്യമുണ്ട്. അതിനാലായിരിക്കണം ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതിന്‍റെ സ്വരങ്ങളുയരുന്നത്.മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്താസമ്മേളനത്തിന്‍റെ വീഡിയോ കണ്ടപ്പോള്‍ ഓര്‍ത്തത് പ്രദീപ്‌ പാമ്പിരികുന്നെഴുതിയ ‘എരി’യിലെ വരികളാണ്. “പരാജയപ്പെട്ട മനുഷ്യരുടെ എണ്ണമറ്റ കണ്ണീര്‍ത്തുള്ളികളില്‍നിന്നാണ് യഥാര്‍ത്ഥ ചരിത്രം തുടങ്ങുന്നത്...” സിറ്റിസണ്‍ഷിപ്പ് പരീക്ഷക്കായി പഠിക്കുന്ന കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല കനേഡിയന്‍ ചരിത്രം. മറ്റെന്ത് കുറവുകളുണ്ടെങ്കിലും വ്യക്തിസ്വാതന്ത്ര്യവും, സമാധാനവും സ്വസ്ഥതയും ഇവിടെയുണ്ടെന്ന് അഭിമാനപൂര്‍വ്വം ഓരോ കുടിയേറ്റകാരനും സമ്മതിക്കുന്ന കാര്യമാണ്. അടുത്ത 150 വര്‍ഷത്തിനുള്ളില്‍ കാനഡയില്‍ സ്വീകാര്യമായ മാറ്റങ്ങള്‍ക്ക് കൂട്ടായ ശ്രമങ്ങള്‍ നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം പ്രത്യാശാപൂര്‍വ്വം ഉറ്റുനോക്കുന്ന വാഗ്‌ദാനങ്ങള്‍ നടപ്പിലാകട്ടെ. പ്രതീക്ഷകളോടെ ‘Happy Canada 150…ആശംസകള്‍!!!


Hope & Dreams...


***Ilira- the mix of apprehension and fear that causes a suppression of opinion and voice.        

23 അഭിപ്രായങ്ങൾ:

  1. "മറ്റെന്ത് കുറവുകളുണ്ടെങ്കിലും വ്യക്തിസ്വാതന്ത്ര്യവും, സമാധാനവും സ്വസ്ഥതയും ഇവിടെയുണ്ടെന്ന് അഭിമാനപൂര്‍വ്വം ഓരോ കുടിയേറ്റകാരനും സമ്മതിക്കുന്ന കാര്യമാണ്." നമുക്ക് ഇല്ലാതായിക്കൊണ്ടിരിക്കുന്നതും ഈ മൂന്നു കാര്യങ്ങളാണ്.നല്ലത് വരുമെന്നു പ്രതീക്ഷിക്കാം.
    നിങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രതീക്ഷ മാത്രം ബാക്കിയാവോ വെട്ടത്താൻ ചേട്ടാ? കാര്യങ്ങൾ ദിനംപ്രതി വഷളാവുകയാണല്ലോ...

      ഇല്ലാതാക്കൂ
  2. സന്തോഷം.

    കാനഡയുടെ ദേശീയഗീതമോ ഗാനമോ ഒക്കെ പാടിനടക്കുന്നത്‌ കൊള്ളാം നമ്മുടെ ജനഗണമനയോ,വന്ദേമാതരമോ മറന്നേക്കരുത്‌.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാനും ദിവ്യയും കൂടെ പട്ടാമ്പിക്കൊരു ഗാനം ഉണ്ടാക്കിയാലോന്നാ ആലോചിക്കണേ... സമ്മതിക്കോ?

      ഇല്ലാതാക്കൂ
  3. നാനാത്വത്തില്‍ഏകത്വം
    ടീപീ പ്രശ്നമായി തലയുയര്‍ത്തുകയില്ലല്ലോ!
    ‘Happy Canada 150…’ ആശംസകള്‍!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ടീപീ അതവിടെ തന്നെ നിലനിർത്തി കൊണ്ടായിരുന്നു ആഘോഷങ്ങളൊക്കെ തങ്കപ്പൻ ചേട്ടാ...

      ഇല്ലാതാക്കൂ
  4. നല്ല വിജ്ഞാനങ്ങൾ ...
    വെറും ഒന്നര നൂറ്റാണ്ടിന്റെ ചരിത്രം മാത്രമുള്ള ഈ ലോകസുന്ദരിയുടെ
    നാട്ടിൽ തന്നെയാണ് ഇനി ലോകത്തിൽ ഇന്ന് മുട്ടയിട്ട് നിൽക്കുന്ന വ്യക്തിസ്വാതന്ത്ര്യവും,
    സമാധാനവും സ്വസ്ഥതയുമൊക്കെയെന്നത് വാസ്തവമാണ് . ലോകത്തിലെ എല്ലാ കുടിയേറ്റകാരും
    ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഒരു രാജ്യം കൂടിയാണിത് ...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആഘോഷങ്ങൾക്ക് ബിലാത്തിയിൽ നിന്ന് വിരുന്നുകാരൊക്കെ എത്തിയിരുന്നുട്ടോ മുരളിയേട്ടാ..

      ഇല്ലാതാക്കൂ
  5. വിജ്ഞാന പ്രദം ...ഫോട്ടോസ് സൂപ്പർ ..കുറെ ആയി ഈ വഴി വന്നിട്ട് ..എന്തായാലും ഹാപ്പി കാനഡ 150 ..ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇപ്പോൾ കുറച്ചു പേരെ ഈ വഴി വരാറുള്ളൂ. സന്തോഷം പ്രവീ...


      ഇല്ലാതാക്കൂ
  6. പറഞ്ഞ് കൊതിപ്പിച്ച് കാനഡ ഒരു ഹരമായി മാറിയിരിക്കുന്നു ഇപ്പോൾ... പക്ഷേ... എന്നെങ്കിലുമൊരിക്കൽ അവിടെയൊക്കെ സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടാകുമോ ആവോ... ആർക്കറിയാം...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പിന്നല്ലാതെ... ഇങ്ങള് ആ കഥകളൊക്കെയെടുത്ത് ഇങ്ങട് പോരീം.

      ഇല്ലാതാക്കൂ
    2. നാട്ടിൽ എന്നാണ് വരുന്നതെന്ന് പറയൂ... ഞങ്ങൾ പട്ടാമ്പീൽ വരാം... ഇനി ഞങ്ങൾ നാട്ടിൽ തന്നെയുണ്ടാവും ട്ടോ...

      ഇല്ലാതാക്കൂ
    3. നാട്ടില്‍ സ്ഥിരായോ വിനുവേട്ടാ? ഞാന്‍ പറയാട്ടോ

      ഇല്ലാതാക്കൂ
    4. അതെ... ആ‍ഗസ്റ്റ് ഒന്ന് മുതൽ നാട്ടിൽ സ്ഥിരമാകുകയാണ്...

      ഇല്ലാതാക്കൂ
  7. പറഞ്ഞ് കൊതിപ്പിച്ച് കാനഡ ഒരു ഹരമായി മാറിയിരിക്കുന്നു ഇപ്പോൾ... പക്ഷേ... എന്നെങ്കിലുമൊരിക്കൽ അവിടെയൊക്കെ സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടാകുമോ ആവോ... ആർക്കറിയാം...!

    അതങ്നെയാണ് എനിക്കും ഉള്ള സംശയം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദൂരം കുറഞ്ഞു കുറഞ്ഞു വരികയല്ലേ ശ്രീ? വരൂ ഒരവധിക്കാലം ഇവിടെയാക്കാം..

      ഇല്ലാതാക്കൂ
  8. ഒരിക്കല്‍ കാനഡയില്‍ വരണമെന്ന് എനിക്കും ആഗ്രഹം. എവിടെ നടക്കാന്‍?

    മറുപടിഇല്ലാതാക്കൂ
  9. ഹാവൂ...ആഘോഷങ്ങളിലെല്ലാം പങ്കെടുത്ത് ഞാൻ ക്ഷീണിച്ചല്ലോ...കണ്ട അതെ പോലെ ഫീൽ ചെയ്ത് ട്ടൊ...എന്തൊരു രസം

    മറുപടിഇല്ലാതാക്കൂ
  10. മുബീ ,
    വിവരണങ്ങൾ ഹൃദ്യമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളാൽ വായനയും, എഴുത്തും അല്പം മാന്ദ്യത്തിലായിപ്പോകുന്നു.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ