Saturday, August 26, 2017

പുസ്തകമല്ലാത്ത പുസ്തകം!

2016 ജൂണിലാണ് ആമസോണിൽ നിന്ന് റാണാ അയ്യൂബിന്‍റെ 'ഗുജറാത്ത് ഫയല്‍സ്(Gujarat Files-Anatomy of a Cover Up)‘ എന്ന പുസ്തകം വാങ്ങുന്നത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ പുസ്തകം CreateSpace Independent Publishing Platform വഴിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൈഥിലി ത്യാഗിയെന്ന അമേരിക്കന്‍ സിനിമാസംവിധായികയായി ഗുജറാത്തില്‍ എട്ട് മാസത്തോളം നടത്തിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്‍റെ കണ്ടെത്തലുകളാണ് റാണയുടെ പുസ്തകത്തിലുള്ളത്. 2002ലെ ഗുജറാത്ത്‌ കലാപത്തിന് ശേഷം 2010ല്‍ രഹസ്യമായി അവിടെ നടത്തിയ തന്‍റെ അന്വേഷണങ്ങളും കണ്ടെത്തലുകളും വെറും കെട്ടുകഥകളല്ലെന്ന് ഉറപ്പിക്കുന്നതിനായി ഉന്നതാധികാരികളുടെ അഭിമുഖങ്ങളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനാലാവും പല പ്രസാധകരും റാണയുമായി സഹകരിക്കാതിരുന്നതും. സ്വന്തം തട്ടകത്തില്‍ നിന്ന് തന്നെ അവര്‍ക്ക് വളരെയധികം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നുവെന്നും റാണ പറയുന്നുണ്ട്. ധീരവും സത്യസന്ധവുമായ പത്രപ്രവര്‍ത്തനത്തിന്‍റെ ഉദാഹരണമായി പലരും ചൂണ്ടിക്കാട്ടിയ ഗുജറാത്ത് ഫയല്‍സ് ഉള്‍ക്കിടിലത്തോടെയാണ് വായിച്ചവസാനിപ്പിച്ചത്. 

"While one may not be in a position to validate all that is narrated in this book, one cannot but admire the courage and passion displayed by the author in her attempts to unmask what she believes to be the truth." (Foreword by Justice B.N. Srikrishna, Gujarat Files)
  
2017 ഓഗസ്റ്റ്‌ 19ന് റാണാ അയ്യൂബിനെ Bramptonല്‍ വെച്ചാണ് കണ്ടത്. പുസ്തകത്തിന്‍റെ പ്രചാരണാര്‍ഥം വടക്കേ അമേരിക്കയില്‍ പലയിടത്തും വരുന്ന വിവരമവരുടെ സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ വഴിയാണ് അറിഞ്ഞത്. Bramptonലെ പരിപാടിയില്‍ ഞങ്ങളും പങ്കെടുത്തു. മുഖ്യ സംഘാടകര്‍ വടക്കേ ഇന്ത്യക്കാരായതിനാലാണാവോ മറ്റാരെയും അവിടെ കണ്ടില്ല. നമ്മള്‍ക്ക് നമ്മളെ തന്നെ പിടിക്കില്ല പിന്നയല്ലേ മറ്റുള്ളവരെ... Unity in Diversity!!! ടോറോന്റോയില്‍ ഒരീച്ച പാറിയാല്‍ വരെ സോഷ്യല്‍ മീഡിയയില്‍ നീളന്‍ പോസ്റ്റിടുന്ന ഓണ്‍ലൈന്‍ മാധ്യമവൃത്തങ്ങളൊന്നും സംഭവമറിഞ്ഞില്ലെന്ന് തോന്നുന്നു. ഞാനും ഹുസൈനുമൊഴിച്ച് മറ്റെല്ലാ ശ്രോതാക്കളും വടക്കേ ഇന്ത്യക്കാരായതിനാല്‍ റാണയുടെ പ്രസംഗം ഹിന്ദിയിലായിരുന്നു. ഒറ്റയാള്‍ പോരാട്ടത്തിന്‍റെ വീറും വാശിയും ഒട്ടും കുറഞ്ഞിട്ടില്ല റാണയില്‍. പ്രസംഗം കഴിഞ്ഞതിന് ശേഷം അവര്‍ ആളുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. പുസ്തകത്തിന്‍റെ പഞ്ചാബിയിലും ഹിന്ദിയിലുമുള്ള കോപ്പികളുടെ വില്‍പ്പനയും നടന്നിരുന്നു.  ഗുജറാത്തി, മറാത്തി, തെലുങ്കു, ഉറുദു, മലയാളം, കന്നഡ, തമിഴ് തുടങ്ങിയ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലേക്ക് ഗുജറാത്ത് ഫയല്‍സിന്‍റെ മൊഴിമാറ്റം നടക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഫ്രെഞ്ചിലും അടുത്ത് തന്നെ ഇറങ്ങും. ഒരിക്കലും പുസ്തകമാകുമെന്ന് വിചാരിക്കാത്ത പുസ്തകത്തിന്‍റെ പിറവിയും അതിന്‍റെ വളര്‍ച്ചയും... എന്‍റെ കൈവശമുണ്ടായിരുന്ന കോപ്പി വായിക്കാന്‍ പോയിട്ട് മടങ്ങി വരാത്തതിനാല്‍ പുതിയ ഒരെണ്ണത്തില്‍ റാണയുടെ കയ്യൊപ്പും വാങ്ങി ഞങ്ങള്‍ സുഹൃത്തും പഞ്ചാബി എഴുത്തുകാരനുമായ ജസ്വീലിനെയും കണ്ട് സംസാരിച്ച്‌ ശനിയാഴ്ച തിരക്കുകളിലേക്ക് മടങ്ങി... 


8 comments:

 1. അധികാരം നിലനിര്‍ത്താന്‍ ഒരാള്‍ ,അല്ലെങ്കില്‍ അയാളുടെ ചുറ്റുമുള്ളവര്‍ ,ഏതറ്റം വരെ പോകാം എന്നതിന്‍റെ നേര്‍ സാക്ഷ്യം ആണ് ഗുജറാത്ത് സംഭവങ്ങള്‍. കേള്‍ക്കുന്നത് മുഴുവന്‍ ശരിയാകണം എന്നില്ല.പക്ഷെ പുറത്ത് വരുന്നവയില്‍ ഏറെ സത്യം ഉണ്ട്. ഭീകര സത്യങ്ങള്‍......

  ReplyDelete
  Replies
  1. സത്യത്തിന്‍റെ മുഖം വികൃതമാണ് :(

   Delete
 2. ഒരിക്കലും പുസ്തകമാകുമെന്ന് വിചാരിക്കാത്ത
  പുസ്തകത്തിന്‍റെ പിറവിയും അതിന്‍റെ വളര്‍ച്ചയും... !

  ReplyDelete
  Replies
  1. ഡോക്യുമെന്‍റെഷനല്ലേ കഥയും നോവലൊന്നുമല്ലല്ലോ മുരളിയേട്ടാ...

   Delete
 3. കുറച്ചൊക്കെ സത്യങ്ങളും ഉണ്ടായേക്കാം.

  ReplyDelete
 4. നമ്മൾക്ക് നമ്മെത്തന്നെ പിടിക്കില്ല പിന്നേയല്ലേ മറ്റുള്ളവരെ.......
  ആശംസകൾ

  ReplyDelete
  Replies
  1. പ്രവാസത്തിൽ പോലും അങ്ങിനെയാണ്. :(

   Delete