Friday, September 1, 2017

യാത്രാനുഭവങ്ങളുടെ പാസ്‌വേഡ്‌

സെന്റ്‌ ജേക്കബ്സ് ഫാര്‍മേര്‍സ് മാര്‍ക്കറ്റില്‍ ശനിയാഴ്ചയുടെ തിരക്ക് തുടങ്ങിയിട്ടില്ല. നേരിയ തണുപ്പിലേക്ക് ഇറങ്ങിവരാന്‍ സൂര്യന് മടിയുള്ളത് പോലെ. സൂര്യന്‍റെ ആലസ്യമൊന്നും ചന്തയിലെ കച്ചവടക്കാര്‍ക്കില്ല. അവരെല്ലാം വില്‍ക്കാനുള്ള സാധനങ്ങള്‍ അതാത് സ്ഥലങ്ങളില്‍ തിടുക്കപ്പെട്ട് നിരത്തുകയാണ്. പല നിറത്തിലുള്ള കുട്ടകള്‍ തൂക്കിയിട്ട കടയില്‍, ഞാനവയുടെ സൗന്ദര്യവും ആസ്വദിച്ച് നില്‍ക്കുകയാണ്. കുട്ടകള്‍ അടുക്കിവെച്ചുകൊണ്ടിരുന്ന കടക്കാരന്‍ ‘Keep smiling always..’ന്നും പറഞ്ഞ് കടയും കുട്ടകളും എന്നെ ഏല്‍പ്പിച്ച് നടന്നു പോയി. കച്ചവടത്തിന്‍റെ ബാലപാഠങ്ങളൊന്നും വശമില്ലെങ്കിലും അയാള്‍ കാപ്പി വാങ്ങി വരുന്നതുവരെ ഞാനവിടെ നിന്നു. കുട്ടകളെ തൊട്ടും തലോടിയും നില്‍ക്കുമ്പോഴാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വായിച്ച വി. മുസഫര്‍ അഹമ്മദിന്‍റെ ‘മരിച്ചവരുടെ നോട്ടുപുസ്തകത്തിലെ’ ഒരദ്ധ്യായം ഓര്‍മ്മ വന്നത്. ‘ചന്തകള്‍ സന്ദര്‍ശിക്കുമ്പോഴാണ്‌ ഒരു നാട് എങ്ങിനെയെന്ന് മനസ്സിലാകൂ...’ പണ്ട് പലപ്പോഴായി സെന്റ്‌ ജേക്കബ്‌സില്‍ വന്നിട്ടുണ്ടെങ്കിലും ഇന്നാണ് ചന്ത പുതിയൊരു ലോകമായെനിക്ക് തോന്നിയത്. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമിടയിലെ നിമിഷ സൗഹൃദങ്ങള്‍, അദൃശ്യമായ സ്നേഹസംവാദങ്ങള്‍ എന്നിവക്കിടയില്‍ നിന്നാണ് യാത്രകളുടെ നീണ്ട പാതകള്‍ സഞ്ചരിക്കുവാനുള്ള പാസ്‌വേഡുകള്‍ ലഭ്യമാകുന്നതെന്ന് പറഞ്ഞാണ് മുസഫര്‍ ചന്തകളെയും തന്‍റെ യാത്രകളെയും ബന്ധപ്പെടുത്തിയിരിക്കുന്നത്.




‘മഴ തിന്നുക’യെന്ന പ്രയോഗം കേള്‍ക്കാനായി നഫൂദ് മരുഭൂമിവരെ യാത്ര ചെയ്യേണ്ടിവന്ന അനുഭവത്തെ പറ്റി ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അതുപോലെയൊരു 'ചിരി ഉപദേശ'ത്തിനായി മിസ്സിസ്സാഗയില്‍ നിന്ന് നൂറ് കി.മി. അകലെയുള്ള ചന്തയിലെത്തേണ്ടി വന്നു. എന്‍റെ ചിരി അയാളെ സന്തോഷിപ്പിച്ചിരിക്കാം അല്ലെങ്കില്‍ പരിചയമുള്ള ആരെയെങ്കിലും ഓര്‍ക്കാന്‍ ഇടയാക്കിയിരിക്കാം. വ്യക്തമായി ഒന്നും പറയാതെ എപ്പോഴും ചിരിക്കാന്‍ പറഞ്ഞ സുഹൃത്തിനെ ഞാനും മറക്കാനിടയില്ല. കാപ്പിയുമായി അയാള്‍ മടങ്ങിയെത്തിയപ്പോള്‍ കടയും കുട്ടകളും തിരിച്ചേല്‍പ്പിച്ച് ഞങ്ങളും ചന്തയുടെ തിരക്കിലേക്ക് ഊളിയിട്ടു. തിരക്കില്‍ നിന്ന് മാറി ചന്തയുടെ ഒരറ്റത്ത് പ്രായമായ ദമ്പതികള്‍ മേപ്പിള്‍ സിറപ്പ് വില്‍ക്കാറുണ്ട്. മറ്റേത് കടകളില്‍ കയറിയാലും ഒടുവില്‍ ഞാനിവിടെ തന്നെയെത്തും. അവരില്‍ നിന്നാണ് ഞാന്‍ മേപ്പിള്‍ സിറപ്പ് വാങ്ങാറുള്ളത്. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് മേശപ്പുറത്തു മേപ്പിള്‍ സിറപ്പുകളുടെ കുപ്പികള്‍ നിരത്തുകയാണ്. എനിക്ക് വേണ്ടതെടുത്ത്, കുശലാന്വേഷണങ്ങള്‍ ചോദിച്ചും പറഞ്ഞും പൈസയും കൊടുത്ത് ഞാന്‍ തിരിഞ്ഞപ്പോള്‍, ‘ഇത് നോക്കൂ നിനക്ക് വേണ്ടി ഇന്നത്തെ ആദ്യത്തെ കച്ചവടം ഞാന്‍ ചെയ്തു...’വെന്ന് കൂട്ടുകാരനോടുള്ള സ്നേഹകലമ്പല്‍ പിന്നിലുയരുന്നുണ്ടായിരുന്നു. 

മാതൃഭൂമിയിലും മറ്റ് ആനുകാലികങ്ങളിലും വന്ന ലേഖനങ്ങളും മുസഫറിന്‍റെ ‘ചെന്നായ അടക്ക്’ എന്ന ചെറുകഥയും ചേര്‍ത്ത് ഡി.സിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഥയേക്കാള്‍ എനിക്കിഷ്ടമായത് മുസഫറിന്‍റെ കുറിപ്പുകളാണ്. യാത്രയും ജീവിതവും മരണവുമായി ഓരോ കുറിപ്പും ഒറ്റ വായനയുടെ വഴിയില്‍ നിന്ന് വായനക്കാരനെ പലയിടങ്ങളിലേക്ക് അവരറിയാതെ കൊണ്ടെത്തിക്കും. ചില യാത്രകളില്‍ പുസ്തകം വഴികാട്ടിയാവും അതിലെ വരികള്‍ ഓര്‍മ്മയില്‍ തികട്ടി വരും... അല്ലെങ്കില്‍ ആ വരികളിലേക്ക് ഞാന്‍ എത്തിപ്പെടുന്നത് പോലെ. അത്രമേല്‍ യാത്രകള്‍ ജീവിതവുമായി ബന്ധപ്പെടുത്തി മുസഫര്‍ വാക്കുകളിലൂടെ വരച്ചുവെക്കും!

പറുദീസയിലെ മഴയില്‍, മരിച്ചവരുടെ നോട്ടുപുസ്തകങ്ങള്‍, ഇന്ത്യന്‍ പിക്കാസോ ചിത്രമെഴുതിത്തന്ന പെരുന്നാള്‍ രാവ് എന്നീ കുറിപ്പുകളില്‍ നിശബ്ദതമായി കടന്നു വരുന്ന മരണത്തിന്‍റെ നേര്‍ത്ത ഗന്ധങ്ങളാണ്. മരിച്ചു പോയ വല്ല്യുമ്മയുടെ കാല്‍പ്പെട്ടിയിലെ പുത്തന്‍തുണിയുടെ മണം മരണത്തിന് തോല്‍പ്പിക്കാനാവാത്ത വാത്സല്യമായി മാറുന്നു. ഒരു ദീര്‍ഘയാത്രക്കിടയിലാണ് ഞാന്‍ “കൊളാറ്ററല്‍ ബ്യുട്ടി’യെന്ന സിനിമ കാണുന്നത്. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തില്‍ മനംനൊന്ത് ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുമാറി പ്രപഞ്ചത്തോട് സ്നേഹം/സമയം/ മരണം എന്നതിനെയെല്ലാം കത്തുകളിലൂടെ ചോദ്യം ചെയ്യുന്നൊരു കഥാപാത്രത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമമാണ് കഥ. മനുഷ്യന്‍റെയും പ്രകൃതിയുടെയും ജീവിതസന്ദര്‍ഭങ്ങളുടെ വാതിലില്‍ മുട്ടിവിളിക്കുന്ന കലയുടെ ഘടനയും രൂപവുമാണ് സിനിമകളെന്ന് മുസഫര്‍ ലേഖനങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. സൗദിയില്‍ രാഷ്ട്രീയ വിപ്രവാസം നയിച്ചിരുന്ന ഏകാധിപതികളുടെ ജീവിതവും, നഷ്ടപ്പെട്ട സിനിമാജീവിതം തിരിച്ചു പിടിക്കുന്നതിന്‍റെ വ്യഗ്രതകളും, മരണത്തിന്‍റെ ചതുരംഗ കളിയും സൗദി സിനിമാ ഡയറീസെന്ന വലിയ തിരക്കഥയിലെ ചില ഏടുകള്‍ മാത്രമാണ്. സിനിമകളെ സ്നേഹിക്കുന്ന എഴുത്തുകാരനെ ഇതില്‍ നമുക്ക് കാണാം. 




"ചില പുസ്തകങ്ങള്‍ മറിക്കുമ്പോള്‍ കിട്ടുന്ന പേജില്‍ ആ രചനയുടെ ഹൃദയം പതിഞ്ഞു കിടക്കുന്നുണ്ടാകും..." ലക്ഷ്മണ്‍ ഗായക് വാഡയുടെ ഉചല്യ(മലയാള വിവര്‍ത്തനം കാളിയത്ത് ദാമോദരന്‍)യെയാണ് മുസഫര്‍ 'കുറ്റം, കുറ്റവാളി, നാടോടികളുടെ ജീവിത'മെന്ന കുറിപ്പിലൂടെ പരിചയപ്പെടുത്തുന്നത്. ലക്ഷ്മണ്‍ ഗായക് വാഡയെ സന്ദര്‍ശിച്ച മുസഫര്‍ അടങ്ങുന്ന സംഘത്തോട് ഇന്ത്യയിലെ ജാതിവ്യവസ്ഥയും, ഭക്ഷണവും ചര്‍ച്ചാവിഷയമായപ്പോള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.കാരണം സമൂഹത്തിന്‍റെ മനസ്ഥിതിയില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നുള്ളതാണ്. വടക്കേ അമേരിക്കയില്‍ പഠിപ്പും ജോലിയുമായി കഴിയുന്ന രണ്ടുപേരുടെ കല്യാണാലോചന മുന്നോട്ട് പോകാഞ്ഞത് ജാതി പ്രശ്നം കൊണ്ടായിരുന്നുവെന്ന് കേട്ടപ്പോള്‍ അസ്വസ്ഥമായെന്‍റെ മനസ്സിന് ഉചല്യ വായിക്കാനുള്ള കരുത്തുണ്ടാവണമെന്നില്ല. സ്വാതന്ത്ര്യം നേടി പതിനാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യയിലെ ഒരു വിഭാഗം ജനത്തിന് തുറന്ന ജയിലില്‍ നിന്ന് മോചനം ലഭിച്ചത്. നമ്മുടെ നാട്ടിലെ ജാതി വ്യവസ്ഥയുടെ, ഗ്രാമീണ-സാമൂഹിക അവസ്ഥകളുടെ ജീര്‍ണ്ണിച്ച ചിത്രങ്ങളുടെ പ്രതിഫലനങ്ങള്‍! "ഞങ്ങളുടെ ജീവിതത്തോട് കരുണ കാണിച്ചിട്ടുള്ളത് മനുഷ്യരല്ല, നിരവധി മൃഗങ്ങളാണെന്ന" ലക്ഷ്മണ്‍ ഗായക് വാഡയുടെ വാക്കുകളില്‍ അറുപത് വര്‍ഷത്തെ കനലെരിയുന്നുണ്ട്.

പുസ്തകത്തില്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന “ആ ബദാംമരം ഞങ്ങളിലേക്ക് വായനാശാലകളെ തുറന്നിട്ടു” എന്ന ലേഖനത്തില്‍ വായനയും പുസ്തകങ്ങളും, ലൈബ്രറികളുമാണ് മുഖ്യകഥാപാത്രങ്ങളായി നമുക്ക് മുന്നിലെത്തുന്നത്. തന്നെ വായനയിലേക്ക് കൈപിടിച്ചു നടത്തിയ ചാക്കോ മാഷിനെയും, പെരിന്തല്‍മണ്ണ എല്‍.എല്‍.എ വായനാശാലയിലെ രാമകുമാരേട്ടനെയും കുറിച്ചുള്ള ഓര്‍മ്മകള്‍ അവസാനിപ്പിക്കുന്നത്, ‘ആരാണ് വലുത്, എഴുത്തുകാരന്‍, വായനക്കാരന്‍, ലൈബ്രേറിയന്‍?’ എന്ന ചോദ്യത്തോട് കൂടിയാണ്. 1971 ഫെബ്രുവരി 28 ലക്കം മാതൃഭൂമിയില്‍ വന്ന സക്കറിയയുടെ ‘യേശുപുരം പബ്ലിക് ലൈബ്രറിയെപ്പറ്റി ഒരു പരാതി’ എന്ന കഥയും, പി.പി. രാമചന്ദ്രന്‍റെ ‘ലൈബ്രേറിയന്‍ മരിച്ചതില്‍ പിന്നെ’യെന്ന കവിതയും, ഈ ലേഖനത്തിലൂടെ മുസഫര്‍ പരിചയപ്പെടുത്തുന്നുണ്ട്. അതില്‍ തന്നെ പേജ് 159ലെ ‘ആലിയ രക്ഷപ്പെടുത്തിയ പുസ്തകങ്ങളെ’ന്ന കുറിപ്പിലെ ആലിയ എന്നെ വിട്ടു പോയില്ല.

യുദ്ധം താണ്ഡവമാടിയ ഇറാഖിലെ ബസറയില്‍ നിന്ന് മൂവായിരത്തോളം ലൈബ്രറി പുസ്തകങ്ങള്‍ ജീവന്‍ പണയം വെച്ച് രക്ഷിച്ച ആലിയ ഹുസൈന്‍ ബക്കര്‍! വായനക്കായി പലരോടൊപ്പം പുറപ്പെട്ട് പോകുന്ന പുസ്തകങ്ങള്‍ തിരിച്ചു കിട്ടുമ്പോഴാണ് ഞാനേറെ ആഹ്ളാദിക്കുന്നത്. ഇടയ്ക്കൊക്കെ പുസ്തകങ്ങളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനും മറക്കാറില്ല. വളരെ കുറച്ച് പുസ്തകങ്ങള്‍ മാത്രം കൈവശമുള്ള എന്‍റെ അവസ്ഥയാണിത്. എത്രമാത്രം ആലിയ പുസ്തകങ്ങളെ സ്നേഹിച്ചിട്ടുണ്ടാകും! ആലിയക്കും പുസ്തകങ്ങള്‍ക്കും എന്ത് സംഭവിച്ചുവെന്നറിയില്ലാന്നാണ് കുറിപ്പിലുള്ളത്. അപ്രതീക്ഷിതമായിട്ടായിരുന്നു എന്‍റെ തിങ്കളാഴ്ച തിരക്കുകളിലേക്ക് ഇറാക്കിയായ ബുഷറ കയറി വന്നത്. ബാഗ്‌ദാദിലെ അല്‍-മുസ്താന്‍സിരിയ യൂണിവേര്‍സിറ്റിയിലെ അദ്ധ്യാപികയായിരുന്നു. പിന്നീട് കുറേക്കാലം ജോര്‍ദാനില്‍ ജോലി ചെയ്തു. ഇപ്പോള്‍ ഒരുവര്‍ഷമായി കാനഡയിലാണ്. 

പുറത്തെ മരച്ചുവട്ടിലിരുന്ന് ബുഷറ നാടിനെയും അവിടുത്തെ സ്ഥിതിഗതികളെ പറ്റിയും നിര്‍ത്താതെ പറഞ്ഞു കൊണ്ടിരുന്നു. ഞങ്ങള്‍ തമ്മില്‍ പെട്ടെന്നാണ് സൗഹൃദത്തിലായത്. അവരെ പറയാന്‍ അനുവദിച്ചുകൊണ്ട് ഞാന്‍ കേള്‍വിക്കാരിയായി. ‘പാലായനം’മെന്ന വാക്കു പോലുമെന്നെ ഭയപ്പെടുത്തുന്നുണ്ട്. അത്രയേറെ അതിന്‍റെ ആഘാതങ്ങള്‍ കണ്ടുംകേട്ടും കഴിഞ്ഞിരിക്കുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അവര്‍ക്ക് മകളുടെ ഫോണ്‍ വന്നത്. ലൈബ്രറിയില്‍ നിന്നാണ് കുട്ടി വിളിക്കുന്നതെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ അവരോടു ബസറയിലെ ആലിയയെ അറിയുമോന്ന് ചോദിച്ചത്. നിറഞ്ഞ കണ്ണുകളോടെ ‘നിനക്കെങ്ങിനെ അവരെയറിയാമെന്ന്’ ചോദിച്ച് ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് വന്നു അവരെന്നെ കെട്ടിപ്പിടിച്ചു.

ഞങ്ങളുടെ ഭാഷയില്‍ എഴുതിയ ഒരു പുസ്തകം വായിച്ചതില്‍ നിന്നാണ് ഞാന്‍ ആലിയയെ കുറിച്ചറിഞ്ഞതെന്ന് അവരോടു പറഞ്ഞു കൊടുത്തു. പിന്നെ സംസാരം ഇറാക്കിലെ ലൈബ്രറികളിലേക്കും അവിടെയുള്ള പുസ്തകശേഖരണത്തിലേക്കും വഴി മാറി. യുദ്ധം മുറുകുമെന്നായപ്പോള്‍ പുസ്തകങ്ങളെ രക്ഷിക്കാന്‍ ആലിയ ഗവര്‍ണറോടും, അതുപോലെതന്നെ അവിടെ തമ്പടിച്ചിരുന്ന ബ്രിട്ടീഷ് സൈന്യത്തോടും ആവശ്യപ്പെട്ടുവെത്രേ. ഇരുകൂട്ടരും അവഗണിച്ചതില്‍ വേദനിച്ചു കൊണ്ട് ആലിയ അല്‍-ബസറ സെന്‍ട്രല്‍ ലൈബ്രറിയുടെ അടുത്തുള്ള ഹോട്ടലിലെ ഉടമയോട് തന്‍റെ ആവശ്യമറിയിക്കുകയായിരുന്നു. 'എത്ര വിലപ്പെട്ടതായിരുന്നു അവിടെയുള്ള പുസ്തകങ്ങള്‍, ലോകത്തൊരാള്‍ക്കും അതറിയില്ല...' ബുഷറയുടെ തൊണ്ടയിടറി. പുസ്തകങ്ങള്‍ രക്ഷിക്കാന്‍ അക്ഷരാഭ്യാസമില്ലാത്തവരായിരുന്നു ആലിയയുടെയൊപ്പം നിന്നത്. ലൈബ്രറിയിലെ ജാലകവിരികളില്‍ പുസ്തകങ്ങള്‍ പൊതിഞ്ഞുകെട്ടി അവര്‍ ഹോട്ടലിലെ പിന്‍വശത്തുള്ള സംഭരണശാലയിലെത്തിച്ചു. അവിടെനിന്ന് ട്രക്കുകളിലും കാറിലുമായി സ്വന്തം വീട്ടിലേക്കും. ഭ്രാന്തിയെന്നും, പുസ്തകങ്ങളല്ലാതെ മറ്റൊന്നും കിട്ടിയില്ലേ കൊള്ളയടിക്കാനെന്നൊക്കെയുള്ള പരിഹാസങ്ങളും ആലിയക്ക് കേള്‍ക്കേണ്ടി വന്നെങ്കിലും അവര്‍ പിന്മാറിയില്ല. വിരലിലെണ്ണാവുന്നവയൊഴിച്ച് മറ്റെല്ലാ പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ആലിയ സുരക്ഷിതമാക്കിയെന്ന് ബുഷറ ഉറപ്പിച്ചു പറയുന്നു. ഒരാലിംഗനത്തില്‍ ആലിയക്കുള്ള എന്‍റെ സ്നേഹവും ആദരവും ബുഷറക്ക് നല്‍കി ഞങ്ങള്‍ പിരിഞ്ഞു.

വായന വഴി നടത്തിയയിടങ്ങളെയോര്‍ത്തു കൊണ്ടായിരുന്നു അന്നത്തെ ദിവസം അവസാനിച്ചത്‌. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്... വായനയില്‍ നിന്ന് വീണു കിട്ടുന്ന പാസ്‌വേഡുകളുമായി ഞാനും ഓരോ വഴികള്‍ തുറക്കുകയാണ്.

    

22 comments:

  1. എല്ലാവര്‍ക്കും പെരുന്നാള്‍-ഓണാശംസകള്‍...

    ReplyDelete
  2. അനേകം വഴികൾ ഒന്നിച്ചുചേരുന്നൊരു പുസ്തകം. അനേകം വഴികളിലേക്ക് വായനക്കാരെ തുറന്നു വിടുന്നൊരു പുസ്തകം. പല വഴികൾ ചേരുന്നൊരു കുറിപ്പും. സന്തോഷം മുബി

    ReplyDelete
    Replies
    1. ഒന്നില്‍ ഇന്നും മറ്റൊന്നിലേക്ക് നമ്മള്‍ യാത്ര ചെയ്തോണ്ടിരിക്കും വായന അവസാനിക്കും വരെ... സ്നേഹം :)

      Delete
  3. മലയാളം ന്യൂസിൽ ലേഖനങ്ങൾ എഴുതാറുള്ള ജിദ്ദയിലെ മുസാഫർ അല്ലേ ഈ മുസാഫർ?

    ഒട്ടേറെ പുതിയ അറിവുകൾ പകർന്നു ഈ പോസ്റ്റ്...

    ReplyDelete
    Replies
    1. മലയാളം ന്യൂസില്‍ മുസഫര്‍ ഉണ്ടായിരുന്നു വിനുവേട്ടാ. ഇപ്പോള്‍ നാട്ടിലാണ്. മാധ്യമത്തില്‍ ജോലി ചെയ്യുന്നു.

      Delete
    2. അപ്പോൾ എന്നെപ്പോലെ പ്രവാസം അവസാനിപ്പിച്ചു... :)

      Delete
    3. അതെ വിനുവേട്ടാ :) :)

      Delete
  4. കുറേക്കാലായി പാത്തൂ , തിരിച്ചു വായനയിലേക്ക് തള്ളിവിട്ടതിനു പെരുത്ത് സതോഷം , ഒപ്പം വൈകിയ പെരുന്നാകളാശംസകൾ

    ReplyDelete
    Replies
    1. ഇടയ്ക്കു മുരടിച്ചും, വീണ്ടും തളിര്‍ത്തും അമ്മിണിയെ വായനാമരം വളരട്ടെ...

      Delete
  5. നീ വല്ല യാത്രയെ കുറിച്ചുമാണ് എഴുതിയത് എന്നുകരുതിയാണ് ഞാനിത് വായിക്കാതെ രണ്ടു ദിവസം വെച്ചത് . കാരണം ഞാനിപ്പോൾ യാത്രാവിവരണങ്ങൾ വായിക്കാറില്ല . വായിച്ചാൽ പിന്നെ സമാധാനം കിട്ടില്ല . അതുകൊണ്ടാണ് .

    മുബീ ..ഈ പോസ്റ്റ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു . ഒന്നാമത് നമ്മുടെ രണ്ടാളുടെയും ഇഷ്ടമായ മുസഫർ അഹമ്മദിന്റെ പുതിയ ബുക്കിനെ പറ്റി പറഞ്ഞതോണ്ട് . പിന്നെ ഇതെഴുതി തുടങ്ങിയ രീതി വളരെ നന്നായി .

    ചില അസാധ്യ പ്രയോഗങ്ങളിലൂടെ മുസഫർ നമ്മളെ ഞെട്ടിക്കും . "വറ്റ് മുളപ്പിച്ചവരുടെ വിരുന്നുകാലങ്ങൾ" എന്ന് പറയുന്നുണ്ട് മയിലുകൾ സവാരിക്കിറങ്ങിയ ചെരിവിലൂടെ എന്ന പുസ്തകത്തിൽ . "റണ്‍വേ നനഞ്ഞു കിടന്നു. ആ നനവിലേക്ക് ഒരുപിടി വിത്തെറിയാന്‍ മോഹിച്ചു" എഴുതിയതും ആ പുസ്തകത്തിൽ തന്നെ . ഇങ്ങിനെ എഴുതാണേൽ കുറെ ഉണ്ടാവും .

    ഈ കുറിപ്പെന്നെ വീണ്ടും വായനയിലേക്ക് ക്ഷണിക്കുന്നു , യാത്ര ചെയ്യാൻ മോഹിപ്പിക്കുന്നു , സ്നേഹം ചങ്ങായീ.. നല്ല വായനക്ക്

    ReplyDelete
    Replies
    1. അതെനിക്ക് മനസ്സിലായി... യാത്രാന്ന് കേട്ടാല്‍ നിയാവഴിക്ക് വരൂലാന്ന്. അതോണ്ടാ വിളിച്ചു വരുത്തിയത്. 'മയിലുകള്‍ സവാരിക്കിറങ്ങിയ..' അതെനിക്കും ഏറെ പ്രിയപ്പെട്ട പുസ്തകമാണ്. നന്ദി മന്‍സൂര്‍ :)

      Delete
  6. ഇങ്ങോട്ട് വന്നില്ലെങ്കിൽ നഷ്ടമായേനെ. പുസ്തകാസ്വാദനം ഇങ്ങനെ മനോഹരമായും എഴുതാം. മുസഫർ അഹമ്മദിന്റെ മരുമരങ്ങൾ വല്ലാതെ ഇഷ്ടപ്പെട്ടൊരു പുസ്തകം ആണ്

    ReplyDelete
  7. നന്ദി നജീബ്...

    ReplyDelete
  8. മുസഫർ അഹമ്മദിന്റെ പുതിയ വിത്തെടുത്ത് (ബുക്കെടുത്ത് )
    മുബി വായന വയലിൽ വിതച്ചുകൊണ്ട് ആയതിന്റെ ഗുണഗണങ്ങൾ
    വർണ്ണിച്ചത് ഇഷ്ട്ടപ്പെട്ടു കേട്ടോ വായന വയലൽ വഴി ഒന്നില്‍ നിന്ന്
    മറ്റൊന്നിലേക്ക്... അങ്ങിനെ വീണു കിട്ടുന്ന അനേകം വഴികള്‍ തുറക്കുകയാണ്.

    ReplyDelete
    Replies
    1. നന്ദി... സന്തോഷം മുരളിയേട്ടാ :)

      Delete
  9. ആഹാ...വാങ്ങാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് നീണ്ട് നീണ്ട് വരുന്നല്ലോ.സന്തോഷം, ഈ പരിചയപ്പെടുത്തലിന്.(കമറുദ്ദീന്റെ ചതുപ്പ് വായിക്കാന്‍ പറഞ്ഞത് മറന്നിട്ടില്ലട്ടോ)

    ReplyDelete
    Replies
    1. മറക്കാതെ വായിച്ചോളൂ മാഷേ..

      Delete
  10. ഈ യാത്രാനുഭവങ്ങളിലൂടെ എന്തോരം എന്തോരം കാര്യങ്ങൾ മുബി വായനക്കാർക്കു മുൻപിൽ കാഴ്ച വച്ചു. ഹൃദ്യമായ ഈ എഴുത്തിന് നൂറുനൂറാശംസകൾ.

    ReplyDelete
  11. ഈ പോസ്റ്റ്‌ കറന്റ് ബുക്സ് ബുള്ളറ്റിനില്‍ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു... നന്ദി സന്തോഷം :)

    ReplyDelete
  12. 40 വർഷത്തോളം ലൈബ്രറിഭാരവാഹിയായി തുടരാൻ കഴിയുന്നതിൽ എനിക്കഭിമാനം...
    ആശംസകൾ

    ReplyDelete
  13. അതിനോളം വലിയ ഭാഗ്യമെന്തുണ്ട് തങ്കപ്പൻ ചേട്ടാ... പുസ്തകങ്ങൾക്കിടയിൽ സ്വയം മറന്ന്... :)

    ReplyDelete