ഭാഷാക്ലാസ്സുകളിലെ പിരിച്ചെഴുത്ത് പരീക്ഷിച്ചു തോറ്റത്
‘നൂയി ബ്ലാന്ഷ് (Nuit Blanche)’ എന്ന ഫ്രഞ്ച് ശൈലിയുടെ മുന്നിലാണ്. ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍
Nuit രാത്രിയും Blanche വെളുപ്പുമാണ്. എന്നാല്‍
ഒന്നിച്ചെഴുതിയാല്‍ ഗൂഗിള്‍ സംഗതി ‘ഉറക്കമില്ലാത്ത രാത്രികളെ'ന്നാക്കി എന്‍റെ അപാരമായ ഫ്രഞ്ച് വിജ്ഞാനത്തെ കളിയാക്കും. ഗൂഗിളിനോട് പരിഭവിച്ചും, ലുസിയാനോ പാവറോട്ടി (Luciano Pavarotti) അനശ്വരമാക്കിയ 'നെസ്സുന്‍ ദോര്‍മ'(Nessun Dorma)യിലെ വരികളോര്‍ത്തും, എവെര്‍ലി ബ്രദര്‍സിലെ ‘Sleepless Nights’ കേട്ടും കഥയെന്തെന്നറിയാതെ എന്‍റെ രാത്രികള്‍ ഇരുണ്ടു വെളുത്തു.
പലതും വായിച്ച് ഭൂമിയുടെ വടക്കേക്കരയിലെത്തിയപ്പോഴേക്കും സംഗതി പിടികിട്ടി. റഷ്യയിലെ
സെന്റ്. പീറ്റര്‍സ്ബെര്‍ഗില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 2വരെ സൂര്യന്‍ പിന്‍വാങ്ങാതെ
ചക്രവാളത്തില്‍ തലയുയര്‍ത്തിയങ്ങിനെ നിലയുറപ്പിക്കും. പകല്‍ പോലെ വെയിലാറാത്ത രാത്രികളാണ് ഈ ദിവസങ്ങളുടെ പ്രത്യേകത. കാനഡയിലും മറ്റിടങ്ങളിലുമിതു പോലെ വേനലില്‍ നീണ്ട പകലാണെങ്കിലും സെന്റ്. പീറ്റര്‍സ്ബെര്‍ഗിന്‍റെ
ഉയര്‍ന്ന അക്ഷാംശരേഖ കൊണ്ടാണത്രേ സൂര്യന്‍ സ്ഥാനം
മാറാതെ നില്‍ക്കുന്നത്. പാട്ടും, ഡാന്‍സുമൊക്കെയായി ഈ ദിവസങ്ങളില്‍ പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ആളുകള്‍ ആഘോഷിക്കും. ഇപ്പോഴാകട്ടെ “White Night Festival St.Petersburg”നോടനുബന്ധിച്ച് അന്തരാഷ്ട്ര
ആര്‍ട്ട് ഫെസ്റ്റിവലുകളും സൂര്യനസ്തമിക്കാത്ത ദിവസങ്ങളില്‍ അരങ്ങേറുന്നുണ്ട്. അവിടെന്ന് കടമെടുത്തതാവാം ഫ്രഞ്ചിലെ നൂയി ബ്ലാന്ഷ് പ്രയോഗം.
സെപ്റ്റംബര്‍
30ന് ടോറോന്റോയില്‍ നടന്ന നൂയി ബ്ലാന്ഷ് 2017നോട് ചുവടുപിടിച്ച് അഗാഖാന്‍ മ്യുസിയം അധികൃതര്‍ ഒരുക്കിയ നൂയി ബ്ലാന്ഷില്‍ പങ്കെടുക്കേണ്ടതിനാലാണ് എനിക്ക് റഷ്യവരെ പേരിന്‍റെ പൊരുളറിയാന്‍
യാത്ര ചെയ്യേണ്ടി വന്നത്. രാത്രി എട്ട് മണിമുതല്‍ ഞായറാഴ്ച രാവിലെ ആറു മണിവരെ
നീണ്ടുനില്‍ക്കുന്ന കലാപരിപാടികളാണ്. അന്നേ ദിവസം ടോറോന്റോയിലെ തെരുവുകളില്‍ നടക്കുന്ന രാത്രിയുത്സവം പിന്തള്ളിയാണ് അഗാഖാന്‍ മ്യുസിയത്തിന് ഞങ്ങളുടെ നറുക്കുവീണത്. പേര്‍ഷ്യന്‍ മിസ്റ്റിക് കവിയായ ജലാലുദ്ദിന്‍ റൂമിയുടെ എണ്ണൂറ്റി പത്താം പിറന്നാള്‍ വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി അവതിരിപ്പിക്കുന്ന സൂഫി സംഗീതവും അതിനൊപ്പം തിരിയുന്ന ദര്‍വിഷുകളുമുണ്ടെന്നതിനാലാണ് ഞങ്ങള്‍ മ്യുസിയത്തിലേക്ക് പുറപ്പെട്ടത്. വിശാലമായ അഗാഖാന്‍ മ്യുസിയമുറ്റത്തെ
കുളക്കരയില്‍ താല്‍ക്കാലികമായി കെട്ടിയ രണ്ട് മംഗോളിയന്‍ കൂടാരങ്ങളിലും അകത്തെ വേദികളിലുമായാണ് വിവിധയിനം സംഗീത പരിപാടികള്‍ നടക്കുന്നത്.
Gong Music by Kat Estacio |
പതിനേഴാം
നൂറ്റാണ്ടില്‍ നുസ്രത്തി രചിച്ച ‘ഗുല്‍ഷന്‍-ഇ–ഇഷ്ക്കെന്ന കവിതയെ ആസ്പദമാക്കി
പാക്കിസ്ഥാന്‍ കലാകാരിയായ ഷാസിയ സിക്കന്ദറിന്‍റെ ആനിമേഷന്‍
ചിത്രീകരണത്തോടെയായിരുന്നു ഉറക്കമില്ലാത്ത ആ രാത്രിയുണര്‍ന്നത്. ഗാലറിയിലെ പ്രദര്‍ശനം
കാണാനകത്ത് കയറാതെ ഞങ്ങള്‍ നേരെ ഒന്നാം നമ്പര്‍ കൂടാരത്തിലേക്ക് കയറി. അവിടെ കറ്റ്
എസ്ടാസിയോയും(Kat
Estacio) കൂട്ടുകാരും അവതരിപ്പിക്കുന്ന ഗോങ്ങ്(gong) സംഗീത പരിപാടിയാണ്. നാട്ടില്‍ പണ്ട് കണ്ടിരുന്ന വലിയ ചെമ്പ്
തളികകളെ ഓര്‍മ്മപ്പെടുത്തി അവിടെ കണ്ട സംഗീതോപകരണങ്ങള്‍. കുലിംഗ്ടാന്ഗ്(Kulingtang) അഥവാ ചേങ്ങില താളം വേറെ ചില ഇലക്ട്രോണിക് ഉപകരണങ്ങളുമായി ചേര്‍ത്ത്
അവതരിപ്പിക്കുന്ന പരമ്പരാഗത ഫിലിപ്പിനോ മെഡിറ്റേഷന്‍ സംഗീതമാണ് ഗോങ്ങ്. അടുത്തിരിക്കുന്നവര്‍ക്ക്
പോലും കേള്‍ക്കാന്‍ കഴിയാത്ത രീതിയില്‍ പതിഞ്ഞ ശബ്ദത്തില്‍ തുടങ്ങി മനസ്സിനെ സുഖപ്പെടുത്തുന്ന തലത്തിലേക്ക് നയിക്കുന്നതാണിതിന്‍റെ രീതി.
Harpist - Kathryn Merriam |
കാതറിന്‍ പാട്ട്
നിര്‍ത്തി പോയെങ്കിലും ഞങ്ങള്‍ കൂടാരത്തില്‍ തന്നെയിരുന്നു. അടുത്ത പ്രകടനം
ഡൂംസ്ക്വാഡ് ബാന്ഡിന്‍റെ വകയാണ്. കൂടപ്പിറപ്പുകളായ ട്രെവൊറും, ജാക് ലിനും, ആലി
ബ്ലുമാസും ചേര്‍ന്ന് സ്ഥാപിച്ച ബാന്‍ഡിന് കാനഡക്ക് അകത്തും പുറത്തും ആരാധകരുണ്ട്.
ഇവരുടെ ആദ്യകാല ഉപകരണങ്ങള്‍ അടുക്കളയിലെ ഒഴിഞ്ഞ പാട്ടകളും, സ്പൂണും, ചീസ് ഗ്രേറ്ററും, ശബ്ദം
അടഞ്ഞുപോയൊരു പിയാനോയുമായിരുന്നുവെത്രേ. മൂന്നുപേരും
ചേര്‍ന്ന് ഇലക്ട്രോണിക് ബീറ്റുകളുടെ അകമ്പടിയോടെ ആടിക്കുഴഞ്ഞു പാടുന്നത് മെലഡിയായും, ചിലപ്പോള്‍ മന്ത്രോച്ചാരണങ്ങളായുമാണ് കാതുകളിലെത്തുന്നത്. വീര്യവും ആനന്ദവും
ഒരേയളവിലാണെന്നാണ് അവരോടൊപ്പം ആടാനും പാടാനുമായി സദസ്സ് എഴുന്നേറ്റപ്പോള്‍ കേട്ട
കമന്റ്. ഞങ്ങള്‍ക്കിത് ആദ്യത്തെയനുഭവമായതിനാല്‍ സംഗീതംപോലെ കൂടാരത്തിലെ കാഴ്ചകളും വര്‍ത്തമാനങ്ങളും ആസ്വാദ്യകരമായി.
പന്ത്രണ്ട്
മണിയായപ്പോള്‍ ഇസ്മായിലി സെന്‍ററിന് മുന്നില്‍ ഞങ്ങളെത്തി. മ്യുസിയം പലപ്പോഴായി സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇസ്മായിലി സെന്‍ററില്‍ കയറിയിട്ടില്ലായിരുന്നു. പുറത്തെ കുഞ്ഞു കൂടാരത്തില്‍
നടക്കേണ്ടിയിരുന്ന സൂഫി സംഗീത പരിപാടി തിരക്ക് കാരണം അവിടെന്ന് മാറ്റിയതാണ്. സെന്‍ററിനകത്തെ
വിശാലമായ ഹാളിനു നടുവില്‍ നിലത്തു ആളുകള്‍ വട്ടത്തില്‍ കൂടിയിരിക്കുന്നുണ്ട്. സൂഫി സംഘത്തിന്‍റെ ലീഡര്‍ അന്നവിടെ നടക്കുന്ന കാര്യങ്ങള്‍
വിശദീകരിച്ചു. ‘സെമ ചടങ്ങുകള്‍' ആരംഭിക്കുക പ്രവാചക
സ്തുതിയോടെയാണ്. തല ഇരുവശത്തേക്കും തിരിച്ച് ‘യാ...അല്ലാഹ്...ഹു’ എന്ന് പ്രത്യേക
ശബ്ദത്തില്‍ ചൊല്ലുന്നത് കേട്ടപ്പോള്‍ പണ്ടെങ്ങോ കണ്ട റാത്തീബാണ് ഓര്‍മ്മവന്നത്.
ഭക്തിയെക്കാള്‍ പേടിയാണ് അന്ന് തോന്നിയ വികാരം. കണ്ണുകളടച്ച് നെഞ്ചത്ത് കൈവെച്ച്
തലയാട്ടി ചൊല്ലുന്ന സ്തുതികള്‍ പതിനേഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടവയാണ്. ഇതിനു
അകമ്പടിയായി ഫ്ലുട്ടും, കെറ്റില്‍ഡ്രമും, വാദ്യോപകരണങ്ങളുടെ സുല്‍ത്താനായ ഊദുമുണ്ട്. ചൊല്ലുന്നവരുടെ കൂട്ടത്തില്‍ ദര്‍വിഷുകള്‍
കറുത്ത മേല്‍ക്കുപ്പായവുമണിഞ്ഞ്
ഇരിക്കുന്നുണ്ട്. ആ കറുത്ത കുപ്പായം ശ്‌മശാനത്തെയും തലയിലെ തൊപ്പി(Sikke) മീസാന്‍
കല്ലിനെയുമാണത്രേ പ്രതിനിധാനം ചെയ്യുന്നത്. ഇരിക്കുമ്പോള്‍ ദര്‍വിഷുകളെ മരണപ്പെട്ടവരെ പോലെയാണ് കണക്കാക്കുക.
ഫാത്തിഹ
സൂറത്തും ദിക്ക്റുകളും അവസാനിച്ചപ്പോള്‍ ദര്‍വിഷുകള്‍ ഇരുന്നിടത്തുനിന്നും
എഴുന്നേറ്റ് അവരുടെ കറുത്ത മേലങ്കി ഊരിവെച്ചു. മേലങ്കി ഊരുന്നതോടെ ദര്‍വിഷുകള്‍ ഇഹലോകവാസത്തില്‍
നിന്ന് മുക്തിനേടുകയാണെന്ന് സങ്കല്‍പം. കഥയറിയാതെ ആട്ടം കാണാന്‍ പറ്റില്ലല്ലോ.
നെറ്റ്ഫ്ലിക്സിലെ Sufi
Soul: The mystic music of Islam ഡോക്യുമെന്‍റിയും, ഇ.എം ഹാഷിമിന്‍റെ സൂഫിസത്തിന്‍റെ ഹൃദയമെന്ന
പുസ്തകവും, 30 വര്‍ഷമായി റൂമി കവിതകളില്‍ പഠനം നടത്തുന്ന ശഹ്റാം ശിവയുടെ Rumi’s Untold Storyയെന്ന കുറിപ്പുകളും, അതിലേറെ ഇറാനിയന്‍ സുഹൃത്തിന്‍റെ വിവരണങ്ങളും സഹായകമായി. സെമ ചടങ്ങില്‍ (Mevlevi Sema Ceremony) ‘സലാ’മിലാണ് ദര്‍വിഷുകളുടെ ചുറ്റല്‍ (The Whirling Dervish)തുടങ്ങുക. നാല് ഭാഗമുള്ള സലാം തുടങ്ങുന്നതോടെ ദൈവീക സാന്നിധ്യത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ദര്‍വിഷുകള്‍. വെളുത്ത വസ്ത്രധാരികളായ മൂന്നു ദര്‍വിഷുകളായിരുന്നു
അന്നുണ്ടായിരുന്നത്. തൊപ്പിവെച്ചയാള്‍ മുന്നിലും മറ്റു രണ്ടുപേര്‍ പിന്നിലുമായി
നെഞ്ചത്ത് കൈകള്‍ പിണച്ചു വെച്ച് തലതാഴ്ത്തി ഹാളിന്‍റെ നടുവിലേക്ക് പതുക്കെ നടന്നു
കയറി.
പ്രധാന
ഉസ്താദിനെ തലകുനിച്ച് വണങ്ങിയശേഷം അവര്‍ മൂവരും ചുറ്റാന്‍ തുടങ്ങി. അവരോടൊപ്പം വേറെ കറുത്ത കുപ്പായമിട്ടവരുമുണ്ടായിരുന്നു. തിരിയുമ്പോള്‍ വലത്തേ കൈ
മുകളിലേക്ക് ഉയര്‍ത്തിയും ഇടത്തെ കൈ താഴ്ത്തിയിടുന്നത്, ഉയര്‍ന്ന കൈയിലൂടെ
ദൈവാനുഗ്രഹങ്ങള്‍ സ്വീകരിച്ച് മറ്റേ കൈയിലൂടെ ഭൂമിയിലെ സര്‍വ്വരിലേക്കുമെത്തിക്കാനാണത്രേ. സ്പീഡ് കൂടുമ്പോള്‍ ദര്‍വിഷുകളണിഞ്ഞിരിക്കുന്ന പാവാടയും ഉയര്‍ന്ന് തിരിയും. ഹൃദയത്തിന് ചുറ്റുമാണ് കറങ്ങുന്നതെന്നാണ് വിശ്വാസം. വലത്തുവശത്തു നിന്ന് ഇടത്തേക്ക്... ഹൃദയത്തില്‍ കാരുണ്യവും സ്നേഹവും നിറച്ച് ഭൂമിയിലുള്ള സകലതിലേക്കും അത് പകരുകയെന്ന സൂഫി ധര്‍മ്മം. എല്ലാവരെയും ചേര്‍ത്ത് പിടിക്കാന്‍ ആഹ്വാനം ചെയ്യുന്ന റൂമിയുടെ വരികളിങ്ങിനെ,
“Come, Come again, whoever you are, come!Heathen, fire worshipper or idolatrous, come!Come even if you broke your penitence a hundred times,Ours is the portal of hope, come as you are.”
സെപ്റ്റംബര്‍
ഇരുപ്പത്തിയഞ്ചാം തിയതി ഇറക്കിലെ കുര്‍ദുകള്‍ സ്വതന്ത്ര കുര്‍ദിസ്ഥാന്‍ റെഫറെന്‍ഡത്തിന്
അനുകൂലമായി വോട്ടു ചെയ്തു. ലോകമെമ്പാടും ചിതറി തെറിച്ചു പോയ കുര്‍ദുകളില്‍
കുറച്ചെങ്കിലും ആശ്വാസവും പ്രതീക്ഷയും ഈ വോട്ടെടുപ്പ് നല്കിയിട്ടുണ്ടാകും. അവരുടെ
സന്തോഷത്തിന്‍റെ ആഴമറിഞ്ഞത് ഇറാന്‍-ഇറാക്ക്-തുര്‍ക്കി എന്നിവടങ്ങളില്‍ നിന്നുള്ള
നിഷ്ടിമാന്‍ അംഗങ്ങളുടെ സംഗീതത്തിന് സാക്ഷിയായപ്പോഴാണ്. അതിര്‍ത്തികളും,
പിടിച്ചടക്കലുകളും, വാശിയും വിദ്വേഷവും, വെറുപ്പും ഇല്ലാത്ത വിശാലമായ
സംഗീതലോകത്ത് കുര്‍ദിസ്ഥാനെന്ന സ്വതന്ത്ര രാജ്യമെന്നോ നിലവില്‍വന്നിരിക്കുന്നു. കുര്‍ദ്ദിഷ്
നാടന്‍ പാട്ടുകളുടെ ശീലുകളാണ് ദഫിലും, ഫ്ലൂട്ടിലും, സന്തൂറിലും മൂവരും ചേര്‍ന്ന്
വായിച്ചത്. സന്തോഷം നിമിഷങ്ങൾക്കുള്ളിൽ നൃത്തചുവടുകളായി.. രണ്ടുദിവസത്തെ തുടര്‍ച്ചയായ പരിപാടികള്‍ ആ
കലാകാരന്‍മാരെ തളര്‍ത്തിയിരുന്നെങ്കിലും കാണികളുടെ ആവേശം അവരെ വീണ്ടും ഊര്‍ജസ്വലരാക്കി. ഇരിപ്പിടങ്ങള്‍ വിട്ട് കാഴ്ചക്കാരുടെ ഇടയിലേക്കിറങ്ങി വീണ്ടും വീണ്ടും വാദ്യോപകരണങ്ങളില്‍ ഗാനങ്ങളുതിര്‍ത്തു....
എല്ലാ നഷ്ടങ്ങള്‍ക്കും വേദനകള്‍ക്കും സാന്ത്വനമായി കാലദേശങ്ങളെ ചേര്‍ത്തു പിടിക്കുകയായിരുന്നു അപ്പോഴവിടെ സംഗീതം. സ്വന്തം ഭാഷ സംസാരിക്കാനോ, സംഗീതമാസ്വദിക്കാനോ കഴിയാത്തൊരു പറ്റം ജനത, ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ജന്മദേശം വിട്ടലയുകയാണ്. സ്വപ്നങ്ങള്‍ ഇന്നലെങ്കില്‍ നാളെ സാക്ഷാല്‍കരിക്കുമെന്ന പ്രതീക്ഷയില്‍ ഓടി നടന്ന് അവരെയെല്ലാം അണച്ച് പിടിച്ച് ശക്തിയും ഊര്‍ജ്ജം പകരുന്ന കുറെ കലാകാരന്മാരും.... പാട്ടിന്‍റെ പൗര്‍ണ്ണമിരാവില്‍ എല്ലാവരും ചേര്‍ന്ന് സ്നേഹത്തിന്‍റെയും പ്രതീക്ഷയുടെയും സംഗീതമനുഭവിക്കുകയായിരുന്നു!
എല്ലാ നഷ്ടങ്ങള്‍ക്കും വേദനകള്‍ക്കും സാന്ത്വനമായി കാലദേശങ്ങളെ ചേര്‍ത്തു പിടിക്കുകയായിരുന്നു അപ്പോഴവിടെ സംഗീതം. സ്വന്തം ഭാഷ സംസാരിക്കാനോ, സംഗീതമാസ്വദിക്കാനോ കഴിയാത്തൊരു പറ്റം ജനത, ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ജന്മദേശം വിട്ടലയുകയാണ്. സ്വപ്നങ്ങള്‍ ഇന്നലെങ്കില്‍ നാളെ സാക്ഷാല്‍കരിക്കുമെന്ന പ്രതീക്ഷയില്‍ ഓടി നടന്ന് അവരെയെല്ലാം അണച്ച് പിടിച്ച് ശക്തിയും ഊര്‍ജ്ജം പകരുന്ന കുറെ കലാകാരന്മാരും.... പാട്ടിന്‍റെ പൗര്‍ണ്ണമിരാവില്‍ എല്ലാവരും ചേര്‍ന്ന് സ്നേഹത്തിന്‍റെയും പ്രതീക്ഷയുടെയും സംഗീതമനുഭവിക്കുകയായിരുന്നു!
'Nobody shall sleep!...
Nobody shall sleep!
Even you, oh Princess,
in your cold room,
watch the stars,
that tremble with love and with hope...' (Nessun Dorma Lyrics, Eng Trans)
ഞാൻ വിചാരിച്ചു സെന്റ് പീറ്റേഴ്സ് ബർഗിലും എത്തിയെന്ന്... വ്യത്യസ്ഥമായ അനുഭവങ്ങൾ അല്ലേ...
ReplyDeleteഇല്ല വിനുവേട്ടാ അങ്ങോട്ട് പോയില്ല. വായിച്ചപ്പോള്‍ ഒന്ന് പോയി കണ്ടാല്‍ കൊള്ളാമെന്നുണ്ട്...
Deleteമനോഹരം
ReplyDeleteനന്ദി നജീബ്... ബ്ലോഗില്‍ വീണ്ടും കാണുന്നതില്‍ സന്തോഷം :)
Deleteമനോഹരം ഈ ഈണങ്ങൾ
ReplyDeleteനന്ദി... സ്നേഹം.
Deleteമനുഷ്യന്റെ എല്ലാ ദുഖങ്ങൾക്കും ,
ReplyDeleteനഷ്ടങ്ങള്‍ക്കും , വേദനകള്‍ക്കും സാന്ത്വനമായി
എന്നും നിലനിന്നിട്ടുള്ളത് സംഗീതമാണ് ...
സംഗീതത്തിന് മുന്നിൽ കാല ദേശ ഭാഷകളൊന്നും ഇല്ല ...
ആയത് തന്നെയാണ് അന്നവിടെ സംഭവിച്ചതും .കാല ദേശ ഭാഷകളെയൊക്കെ
അങ്ങിനെ ചേര്‍ത്തു പിടിച്ചുകൊണ്ടുള്ള ഒരു സംഗീത മാമാങ്കം ...
സ്വന്തം ഭാഷ സംസാരിക്കാനോ, സംഗീതമാസ്വദിക്കാനോ കഴിയാത്തൊരു പറ്റം ജനത,
ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ജന്മദേശം വിട്ടലയുകയാണ്. സ്വപ്നങ്ങള്‍ ഇന്നലെങ്കില്‍
നാളെ സാക്ഷാല്‍കരിക്കുമെന്ന പ്രതീക്ഷയില്‍ ഓടി നടന്ന് അവരെയെല്ലാം അണച്ച് പിടിച്ച്
ശക്തിയും ഊര്‍ജ്ജം പകരുന്ന കുറെ കലാകാരന്മാരും.... പാട്ടിന്‍റെ പൗര്‍ണ്ണമി രാവില്‍ എല്ലാവരും ചേര്‍ന്ന് സ്നേഹത്തിന്‍റെയും പ്രതീക്ഷയുടെയും സംഗീതമനുഭവിക്കുകയായിരുന്നു ...!
അതിൽ പങ്കെടുക്കുവാൻ സാധിച്ച മലയാളത്തിന്റെ
മുത്തുകളായ എഴുത്തുകാരികളും ....,ഭാഗ്യവതികൾ ..!
നന്ദി മുരളിയേട്ടാ... ചില യാത്രകള്‍ ഭാഗ്യം പോലെ ഒത്തു വരുന്നതാണ്.
Deleteമനോഹരം
ReplyDeleteസന്തോഷം പ്രീത..
Delete